ഇറാഖ്: അധിനിവേശത്തിന്റെ പത്തുവര്‍ഷങ്ങള്‍
അധികമൊന്നും മാധ്യമ ചര്‍ച്ചകളില്‍ ഇടം പിടിക്കാതെ, മാര്‍ച്ച് 20 ന് ഇറാഖ് അധിനിവേശത്തിന്റെ പത്താം വാര്‍ഷികം കടന്നുപോയി. 2003 മാര്‍ച്ച്-20 നായിരുന്നു, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍, സദ്ദാം ഹുസൈന്‍ കൂട്ട നശീകരണായുധം കൈവശം വെക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെ യുദ്ധം അഴിച്ചുവിട്ടത്. നിയമപരവും ധാര്‍മികവുമായ എല്ലാ അന്തര്‍ദേശീയ തത്വങ്ങളും ചവിട്ടിമെതിച്ചുകൊണ്ടാണ് അമേരിക്ക ഇറാഖിലേക്ക് പട നയിച്ചത്. സദ്ദാമിന്റെ കൈവശം കൂട്ടനശീകരണായുധങ്ങളും ജൈവായുധങ്ങളുമുണ്ടെന്ന വാദം, യുദ്ധം ന്യായീകരിക്കാന്‍ അമേരിക്ക കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നുവെന്ന് ഈ ദശാബ്‌ദത്തിനകം തന്നെ അമേരിക്കക്ക് സമ്മതിക്കേണ്ടിവന്നു. മാത്രമല്ല, സദ്ദാമിന്റെ വധവും ഇറാഖിലെ കൂട്ടക്കൊലയും തങ്ങളുടെ സാമ്രാജ്യത്വപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് അമേരിക്ക ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണെന്നും ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു.
അമേരിക്കന്‍ സൈന്യം തേര്‍വാഴ്‌ച നടത്തിയ ഇറാഖ് ഇന്ന് ഒരു അസ്ഥിക്കൂടം മാത്രമാണ്. ഭൂമിയിലെ നരകമായി ആ രാജ്യം അധപ്പതിച്ചിരിക്കുന്നു. സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കൊണ്ടും സാമ്പത്തിക വിഭവങ്ങള്‍ കൊണ്ടും ലോകത്ത് ഉയര്‍ന്നു നിന്നിരുന്ന ഇറാഖ് ദേശം ഒരു വലിയ ചാരക്കൂമ്പാരം പോലെ നിര്‍ജീവമായിരിക്കുന്നു. 2003 ലെ അധിനിവേശത്തിന്റെ പന്ത്രണ്ട് വര്‍ഷം മുമ്പുതന്നെ അമേരിക്ക ഇറാഖിനോടുള്ള പ്രതികാര നടപടി ആരംഭിച്ചിരുന്നു. നീണ്ട ഉപരോധമേര്‍പ്പെടുത്തിയും യുദ്ധം ചെയ്‌തും നിരന്തരം ബോംബാക്രമണം നടത്തിയും ആ രാജ്യത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒട്ടുമുക്കാലും അന്നുതന്നെ തകര്‍ത്തിരുന്നു. ഗള്‍ഫു യുദ്ധത്തില്‍ രണ്ട് ദശലക്ഷവും ഉപരോധത്തിലും യുദ്ധാനന്തര സാഹചര്യങ്ങളിലും 1.7 ദശലക്ഷവും ഇറാഖികള്‍ കൊല്ലപ്പെട്ടിരുന്നു.
2003 ല്‍ ആരംഭിച്ച അധിനിവേശ യുദ്ധത്തില്‍ അമേരിക്ക 1.5 മില്യന്‍ ഇറാഖികളെയാണ് കൊന്നുതള്ളിയത്. മുറിവേറ്റും രോഗബാധിതരായും മരിച്ചത് 2.7 മില്യന്‍. 1990 മുതല്‍ 2011 വരെ അമേരിക്ക കൊല ചെയ്‌ത ഇറാഖികള്‍ ഏതാണ്ട് 4.6 മില്യന്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറെ ദയനീയമായത്, യുദ്ധം ഒരുവിധം അവസാനിച്ചിട്ടും ദുരിതങ്ങള്‍ക്ക് ഒട്ടും കുറവു വന്നിട്ടില്ലെന്നതാണ്. രാഷ്‌ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു. ശിയാ, സുന്നി വിഭാഗീയത മൂര്‍ച്ഛിച്ച് അത് പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവരും നിത്യരോഗികളായിത്തീര്‍ന്നവരും വിധവകളായി മാറിയവരും ഭവനരഹിതരും തൊഴില്‍ രഹിതരുമായവരും ഗതിയില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇറാഖില്‍ മതിയായ പോഷകാഹാരമോ ഭക്ഷണമോ ലഭിക്കുന്നില്ല, ചികിത്സാ സൗകര്യമോ മരുന്നോ ഡോക്‌ടര്‍മാരോ ഇല്ല. യുദ്ധത്തില്‍ മാരകായുധങ്ങള്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് വിവിധ ജനിതക രോഗങ്ങളും കാന്‍സറും മറ്റും പിടിപെട്ട കുട്ടികള്‍ അടക്കമുള്ള രോഗികള്‍ ചികിത്സ കിട്ടാതെ അനുദിനം മരിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്‌മ 27-60 ശതമാനമാണ്. നാണയപ്പെരുപ്പം 75 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു. എണ്ണ സമ്പത്തില്‍ ലോകത്ത് രണ്ടാമതോ, നാലാമതോ നില്‌ക്കുന്ന ഇറാഖിന്റെ ജി ഡി പി 3400 ഡോളറില്‍ നിന്ന് 800 ഡോളര്‍ ആയി കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഈ ദുരന്തപര്‍വത്തിന് ഉത്തരവാദി അമേരിക്കന്‍ സഖ്യസേന മാത്രമാണ്.
`ഭീകരതയ്‌ക്കെതിരെ' എന്ന ലേബലൊട്ടിച്ച് ഭീകരതാണ്ഡവമാടുന്ന യു എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ അധിനിവേശ ശക്തികള്‍ കഴിഞ്ഞ ഒരു ദശകത്തില്‍ നടത്തിയ മനുഷ്യക്കുരുതികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. അത് ഇപ്രകാരം: ഇറാഖ് (4.6 മില്യന്‍), അഫ്‌ഗാന്‍ (5.6 മില്യന്‍), ഫലസ്‌തീന്‍ (2 മില്യന്‍), സോമാലിയ (2.2 മില്യന്‍), സിറിയ (0.1 മില്യന്‍), ലിബിയ (0.1 മില്യന്‍). ഇതൊക്കെയും മുസ്‌ലിം രാജ്യങ്ങളാണെന്നത് കൂടി ഓര്‍മിക്കണം. ഈ കുരുതി ഇവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. യമനും മാലിയും പാകിസ്‌താനും ഇറാനുമൊക്കെ അടുത്ത ലക്ഷ്യങ്ങളില്‍ പെടുന്നു. യുദ്ധ വെറിയന്മാരായ അമേരിക്കയിലെ നിയോകോണുകള്‍, അമേരിക്കന്‍ ഭരണകൂടത്തെ ഉപദേശിച്ചിട്ടുള്ളത് പത്തു വര്‍ഷത്തില്‍ ഒന്ന് എന്ന നിലയില്‍ `തെമ്മാടികളായ കൊച്ചു രാഷ്‌ട്രങ്ങള്‍' നിലം പരിശാക്കണമെന്നാണ്.
എന്നാല്‍ അമേരിക്കയിലെ സാധാരണ പൗരന്മാര്‍ക്ക് ഈ ചോരക്കളി മടുത്തിട്ടുണ്ടെന്ന് വേണം കരുതാന്‍. ഇറാഖ് യുദ്ധത്തിന് അമേരിക്ക ചെലവിട്ടത് മൂന്നു ട്രില്യന്‍ ഡോളറാണ്. നാലായിരം യു എസ് ഭടന്മാരുടെ ജീവന്‍ കൊടുക്കേണ്ടി വന്നു. രണ്ടായിരത്തോളം ഭടന്മാര്‍ ആത്മഹത്യ ചെയ്‌തു. മാറാരോഗികളും വികലാംഗരുമായവര്‍ ആയിരക്കണക്കാണ്. ഇറാഖ് അധിനിവേശത്തിന്റെ പത്താം വാര്‍ഷികത്തില്‍, ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായ തോമസ് യങ് എന്ന യു എസ് ഭടന്‍, യുദ്ധത്തിന്റെ ആസൂത്രകരായ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും വൈസ് പ്രസിഡന്റ് ഡിക് ചെനിക്കുമെഴുതിയ കത്ത് മനസ്സാക്ഷിയുള്ള ഏതു അമേരിക്കക്കാരനെയും സ്‌പര്‍ശിക്കാതിരിക്കില്ല. ``മിസ്റ്റര്‍ ബുഷ്, താങ്കള്‍ പറയൂ: ക്രൈസ്‌തവനെന്ന് നടിക്കുന്ന താങ്കള്‍ കളവു പറയുന്നതും കൊള്ളയും കൊലയും നടത്തുന്നതും സ്വജനപക്ഷപാതം പിടിക്കുന്നതും പാപമാണെന്ന് കരുതുന്നില്ലേ...? താങ്കള്‍ ചെയ്‌തുകൂട്ടിയ ക്രൂരതകള്‍ക്ക് സമാധാനം പറയാനും ഇറാഖി ജനതയോട് മാപ്പു ചോദിക്കാനും ഒരുനാള്‍ നിങ്ങള്‍ തയ്യാറാകേണ്ടി വരും.''
0 comments: