കുട്ടികളുടെ വായന വളവിനും വിളവിനും നടുവില്‍
ജമീല്‍ അഹ്മദ്
കുട്ടികള്‍ വായിച്ചാലേ സമൂഹം രക്ഷപ്പെടൂ എന്നത് യുക്തിരഹിതമായ വെറുമൊരു സമാധാനം മാത്രമാണ്. മുതിര്‍ന്നവരുടെ വായന അത്രയും തൃപ്‌തികരമാണെന്ന് ആര്‍ക്കും ഉറപ്പില്ലെന്നിരിക്കെ കുട്ടികളെ മാത്രം വായിപ്പിച്ചു നന്നാക്കിക്കളയാം എന്ന് തീരുമാനിക്കുന്നതില്‍ ശരികേടുകളുണ്ട്. വായന തന്നെ മരിക്കുന്നുവെന്നാണ് പുതുമൊഴി. വായന മാത്രമായി മരിക്കുകയില്ല.
അറിവ് മരിക്കുമ്പോഴാണ് വായന ഇല്ലാതായിപ്പോവുക. അറിവ് രൂപപ്പെടുത്തുന്ന ഒരു സംസ്‌കാരത്തിന്റെ വിവിധ ഉടുപ്പുകളില്‍ ഒന്നാണ് വായന. അറിവിന്റെ മരണശേഷം വായന മാത്രം നിലനില്‌ക്കുന്നതുകൊണ്ടു കാര്യവുമില്ല. ജീവനില്ലാത്ത ശരീരം അതിവേഗം നാറുന്നതുപോലെ അറിവിന്റെ അഭാവത്തിലുള്ള വായന ദുര്‍ഗന്ധവും മാലിന്യവും പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു ജനതയുടെ അറിവ് അന്തരിക്കുമ്പോള്‍ അവര്‍ തങ്ങളുടെ വായന, എഴുത്ത്, ആരാധന, ആശയക്കൈമാറ്റം, വിശ്വാസം തുടങ്ങിയ സാംസ്‌കാരിക വസ്‌ത്രങ്ങളെല്ലാം ഊരിക്കളയേണ്ടിവരുന്നു. ഇങ്ങനെ നഗ്നമായിക്കൊണ്ടിരിക്കുന്ന ദുഷ്‌ടകാലത്താണ് ഇപ്പോള്‍ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇവിടെ ശരീരം ഭോഗത്തിന്റെയും മനസ്സ് അടിമത്തത്തിന്റെയും നുകങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കുട്ടികളെ മാത്രം ഈ വിനാശത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വഴിയില്ല.
കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറും മറ്റു സന്നദ്ധ സംഘങ്ങളും കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. വായനയുടെ വലിയൊരു ഭാഗം ഇന്റര്‍നെറ്റ് കവര്‍ന്നെടുത്തിരിക്കുന്നുവെന്നും ദൃശ്യമാധ്യമങ്ങളുടെ വ്യാപകമായ പ്രചാരമാണ് വായനയെ നശിപ്പിച്ചതെന്നുമാണ് മറ്റൊരു പഴി. ഇപ്പോഴത്തെ കുട്ടികള്‍ ടി വിക്കും കമ്പ്യൂട്ടറിനും മുമ്പില്‍ ചടഞ്ഞിരിക്കുന്നതുകൊണ്ടാണ് വായനാശീലമില്ലാത്തവരായി മാറുന്നത് എന്ന് നാം കുറ്റപ്പെടുത്തുന്നു. വായിക്കുമ്പോള്‍ ടി വിയെക്കാളധികം രസംകിട്ടുന്ന, കമ്പ്യൂട്ടറിനെക്കാളധികം താല്‌പര്യമുണര്‍ത്തുന്ന ഒരക്ഷരം പോലും അവര്‍ക്കു നല്‌കാതെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതിനാല്‍ പുതിയ കുട്ടികളെയും അവരുടെ താല്‌പര്യങ്ങളെയും അറിയാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
വായനയുടെ മൂല്യം
പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ അച്ചടി പ്രചാരത്തിലായതോടെയാണ് വായന വിജ്ഞാനത്തിനുള്ള വ്യാപകമായ ഒരുപാധിയായി മാറിയത്. യൂറോപ്യന്‍ ആധുനികതയുടെ ശാസ്‌ത്രീയ ചിന്തകള്‍ മതത്തെ നിരാകരിച്ച് കേവലമായ വായനയും ഭൗതികമായ വിവരവുമാണ് മനുഷ്യനെ പരിഷ്‌കൃതനാക്കുന്നത് എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്‌തു. അങ്ങനെ വായിക്കാനറിയാത്തവരൊക്കെ കാടന്മാരാണെന്ന മൂഢത്തം പ്രചരിപ്പിക്കാനും ഇംഗ്ലീഷിനെ ഭാഷയുടെ രാജാവായി വാഴിക്കാനും വെള്ളക്കാര്‍ക്ക് എളുപ്പം സാധിച്ചു. അപരിഷ്‌കൃത ജനതയൊഴികെ അറിയപ്പെട്ട എല്ലാ രാഷ്‌ട്രങ്ങളെയും ഭരിക്കുന്നത് പുസ്‌തകങ്ങളാണെന്ന വോള്‍ട്ടയറുടെ പ്രസ്‌താവനയില്‍ ഇപ്പറഞ്ഞ പാശ്ചാത്യ മുന്‍വിധികളെല്ലാമുണ്ട്.
അക്ഷരങ്ങള്‍ കൂട്ടി വായിക്കാനറിയുക എന്നതും പുസ്‌തകങ്ങള്‍ കൂടുതല്‍ വായിക്കുക എന്നതും മാത്രം ഒരാളുടെ അറിവിനെ നിശ്ചയിക്കുന്ന പ്രധാന അളവുകോലുകളല്ല. വായിച്ച് അറിവു നേടിയവരും വായനയിലൂടെ അറിവു വികസിപ്പിച്ചവരും ആധുനിക ലോകത്ത് ധാരാളമുണ്ട് എന്നതുകൊണ്ട് മാത്രം ആ അളവുകള്‍ ശരിയാവണമെന്നില്ല. അറിവ് എന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനനുസരിച്ചാണ് വായന അതിനെ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് നിശ്ചയിക്കേണ്ടത്. ഒരാളുടെ ജീവിത പരിചയവും സമകാലത്തിന്റെ സാംസ്‌കാരിക ബോധവും ഭാവിയെക്കുറിച്ച ധാരണയുമാണ് അറിവ് എങ്കില്‍, എഴുത്തും വായനയും അറിയാവുന്നതുകൊണ്ടുമാത്രം അതുണ്ടാവുന്നില്ല എന്ന് ചരിത്രത്തിന്റെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
എഴുത്തും വായനയും അറിയാത്ത, വായന ഒരു ശീലമായി മാറാത്ത ധാരാളം മഹാന്മാരും ലോകത്തുണ്ടായിട്ടുണ്ട് എന്ന പ്രത്യക്ഷ തെളിവും അതിനുണ്ട്. മാത്രമല്ല, വായനകൊണ്ട് വിസ്‌മയിപ്പിച്ചവരാണ് പലപ്പോഴും വിവരക്കേടും അക്രമവും ലോകത്ത് വിതച്ചുപോയത് എന്നതും വിസ്‌മരിക്കാവതല്ല. അതിനാല്‍ വായന സ്വയമേവ ഒരു മൂല്യമാകുന്നില്ല. എന്തുവായിക്കുന്നു എന്നത് പ്രധാനംതന്നെയാണ്. ഒരു സമൂഹത്തിന്റെ ധൈഷണികചരിത്രം നിര്‍ണയിക്കുന്നത് അവരുടെ ചിന്തകളുടെ വിനിമയരേഖകളാണെങ്കില്‍ നമ്മുടെ കുട്ടികള്‍ എന്തുവായിക്കുന്നു എന്നത് പരിശോധിക്കുകതന്നെ വേണം.
ഒരു കുട്ടി വായിക്കുമ്പോള്‍
അക്ഷരം പഠിച്ചു തുടങ്ങുന്ന ഒരു കുട്ടി എന്തു വായിക്കുന്നു എന്നതു തൊട്ട് ആരംഭിക്കേണ്ടതുണ്ട് അവരുടെ വായനയെ കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങള്‍, സന്ദേഹങ്ങള്‍. അക്ഷരം പഠിച്ചു തുടങ്ങുന്നതിനുമുമ്പേ യഥാര്‍ഥത്തില്‍ കുഞ്ഞിന്റെ വായന ആരംഭിച്ചിട്ടുണ്ട്. അമ്മയാണ് അവരുടെ ആദ്യത്തെ പുസ്‌തകം. അവളുടെ മുലപ്പാലിന്റെ മണവും ശബ്‌ദവുമാണ് അവരുടെ ആദ്യത്തെ വായനാനുഭവം. അച്ഛന്‍, വീട്, പ്രകൃതി, പ്രപഞ്ചം എന്നിവയിലെ ഓരോ അക്ഷരങ്ങളും അവരുടെ ബോധപ്രതലത്തില്‍ ആഞ്ഞ് സ്‌പര്‍ശിക്കുകയും കാലാകാലത്തേക്കുമുള്ള ജീവിത സംസ്‌കാരമായി അവയെ അത് സ്വീകരിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വാക്കുകള്‍, വാക്യരൂപങ്ങള്‍, ധാരണകള്‍, സ്‌മൃതിചിത്രങ്ങള്‍ എന്നിവ അല്‍പകാലംകൊണ്ടേ ആ കുഞ്ഞു തലച്ചോറിന്നൂള്ളില്‍ സേവുചെയ്‌തിരിക്കും എന്നത് ശാസ്‌ത്രജ്ഞന്‍മാരുടെ യുക്തിവിചാരത്തെ കുഴക്കുന്ന യാഥാര്‍ഥ്യമാണ്. മരം കയറുന്നതുപോലെ, നീന്തല്‍ പോലെ, വാഹനമോടിക്കുന്നതുപോലെ പരിശീലിച്ചെടുക്കേണ്ട കഴിവാണ് വായന.
ഭാഷാശേഷിയുടെ വികാസത്തില്‍ ആശയഗ്രഹണമാണ് ആദ്യം സാധിക്കുന്നത്. ഭാഷാചിഹ്നങ്ങളായ ലിപിയെ തിരിച്ചറിയലാണ് കുട്ടിയുടെ വായനയുടെ ആദ്യഘട്ടം. അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ വാക്കുകള്‍ തിരിച്ചറിയാനും വായിക്കാനും കഴിയുന്നതോടെ മതിലുകളും വാതിലുകളും കാണാത്ത ഭാഷയുടെ ലോകത്ത് അകപ്പെട്ടുപോകുന്നു ചിലര്‍. ആവശ്യത്തിനുമാത്രം ആ ലോകത്തേക്ക് കടന്ന് തിരിച്ചുപോരാന്‍ വിരുതുള്ളവരാണ് പലരും. ചിലരാകട്ടെ വായനയുടെ ആ അത്ഭുതലോകത്തേക്ക് പ്രവേശിക്കാന്‍ പോലും വിമുഖരായി ജീവിതം തീര്‍ക്കും. ഈ മൂന്ന് അവസ്ഥകളും ജീവിതവിജയത്തിനോ മരണാനന്തര വിജയത്തിനോ മാനദണ്‌ഡവുമല്ല. വായിക്കാതെ വളരുന്ന കുട്ടിയുടെ ഭാവിയെച്ചൊല്ലി വിലപിക്കുന്നതും വായന ശീലമാക്കിയ കുട്ടിയുടെ ശോഭനഭാവിയെക്കുറിച്ച് ഉറപ്പിക്കുന്നതും യുക്തിസഹമല്ല. എന്നാല്‍ വായന ശീലമാക്കിയ കുട്ടി എന്തു വായിക്കുന്നു എന്നത് നിരന്തരം മൂല്യനിര്‍ണയം ചെയ്യേണ്ടതുണ്ട്. വായിക്കാത്ത കുട്ടിയെക്കുറിച്ചുള്ള ആ ശങ്കയെക്കാള്‍ സാമൂഹികപ്രസക്തിയും അതിനുണ്ട്.
കുട്ടികളുടെ വായന, മുതിര്‍ന്നവരുടെ വായന എന്നിങ്ങനെ വേര്‍തിരിവെന്തിന് എന്ന ചോദ്യം ഉന്നയിക്കപ്പെടാം. കുട്ടികള്‍ എന്തും വായിക്കട്ടെ എന്ന നിലപാടെടുക്കുന്ന ഒരാള്‍ക്ക് അത്തരം വേര്‍തിരിവില്‍ വിശ്വാസമില്ലെന്നും വരാം. എന്തും വായിക്കാം എന്നു പറയുന്നത് എന്തും തിന്നാമെന്നും എന്തും കാണാമെന്നും പറയുന്നതുപോലെ കൊള്ളരുതാത്തതാണ്. എന്തും എഴുതാന്‍ സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്നവന്റെ മതമാണത്. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുവിടുന്നത് വായനക്കാരന്റെ സ്വാതന്ത്ര്യത്തിന്റെ തണുത്ത നിലത്താണ്. കുട്ടികള്‍ക്ക് എന്ത് വായിക്കാന്‍ കൊടുക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ മുന്‍ധാരണയോടു കൂടിയ ആസൂത്രണം അതിനാല്‍ ആവശ്യമാണ്. ഇന്നാകട്ടെ അതിനുള്ള സംവിധാനങ്ങളില്ലെന്നു മാത്രമല്ല, എന്താണോ അവര്‍ വായിക്കേണ്ടാത്തത് എന്ന് ഗുരുനാഥര്‍ ആഗ്രഹിക്കുന്നത്, അതുമാത്രമാണ് പലപ്പോഴും അവര്‍ക്കു വായിക്കാന്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. അങ്ങനെ അരക്ഷിതമായ വായനയുടെ ഒരു ലോകമാണ് വിപണി കുഞ്ഞുങ്ങള്‍ക്ക് ഒരുക്കിവെച്ചിരിക്കുന്നത്. അവര്‍ കഴിക്കുന്ന മിഠായിയെക്കുറിച്ചുള്ളയത്ര ആശങ്കപോലും രക്ഷിതാക്കളില്‍ പലര്‍ക്കും അതിലില്ലതാനും.
വായനയുടെ മായാലോകം
അറിവിനെ സ്‌കൂള്‍ പാഠപുസ്‌തകമായും പാഠപുസ്‌തകത്തെ അറിവായും കണക്കാക്കുന്നതാണ് കുട്ടികളുടെ വായനയെക്കുറിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണ. ഇന്നത്തെ പാഠപുസ്‌തകങ്ങള്‍ അറിവിനെ തൊഴിലുമായി ബന്ധപ്പെടുത്തിയാണ് നിരത്തിവയ്‌ക്കുന്നത്. തൊഴിലാളിയുടെ സല്‍സ്വഭാവത്തെ രൂപപ്പെടുത്താന്‍ അത് പലപപ്പോഴും ഉത്സാഹിക്കുന്നില്ല. അതിനാല്‍ ആധുനിക വിദ്യാഭ്യാസം ചിലപ്പോഴെങ്കിലും മികച്ച തൊഴിലാളിയോടൊപ്പം മോശം മനുഷ്യനെയും സൃഷ്‌ടിക്കുന്നു. ഇന്ന് വിദ്യാഭ്യാസത്തിലെ ഭാഷാഭ്യസന സിദ്ധാന്തങ്ങള്‍ മുഴുവനും തൊഴിലധിഷ്‌ഠിതമായിക്കൊണ്ടിരിക്കുകയാണ്. കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള പഠനമേഖലകള്‍ ഭാഷയുടെ സാംസ്‌കാരികമായ സൗന്ദര്യത്തെയല്ല വ്യവഹാരപരമായ ഉപയോഗത്തെയാണ് ലക്ഷ്യമിടുന്നത്. നേരെമറിച്ച് ക്ലാസ്സിനുപുറത്തുള്ള മറ്റൊരു വായനാലോകം കുട്ടികള്‍ക്ക് നല്‌കേണ്ടതുണ്ട്. അവിടെയാണ് ശരിയായ അറിവിന്റെ വിതരണവും വിശദാംശങ്ങളും ഉള്ളത്. ആ അക്ഷരങ്ങള്‍ കണ്ടെത്തുന്ന കുട്ടി തികച്ചും വ്യത്യസ്‌തവും സ്വതന്ത്രവുമായ ജ്ഞാനമേഖലകളിലേക്ക് എത്തിപ്പെടുന്നു.
സാഹിത്യത്തിന്റെ മനുഷ്യപ്പറ്റുള്ള വായനാലോകത്തേക്ക് പ്രവേശിക്കുന്നതോടെ കുട്ടികള്‍ പാഠപുസ്‌തകത്തിന്റെ കൃത്രിമ ലോകത്തുനിന്ന് സ്വയമേവ രക്ഷപ്പെടുന്നു. സാഹിത്യപുസ്‌തകം പാഠപുസ്‌തകത്തെക്കാളധികം ഈടുറ്റ സാംസ്‌കാരിക വസ്‌തുവാണ്. അതുകൊണ്ടാണ് പത്തിലേക്ക് ജയിച്ചാല്‍ ഒമ്പതിലെ ടെക്‌സ്റ്റ് ബുക്കുകള്‍ നാം പഴയവിലയ്‌ക്ക് വില്‍ക്കുന്നത്. വായിച്ചു തീര്‍ന്ന ഒരു സാഹിത്യപുസ്‌തകം പഴയവിലയ്‌ക്ക് വില്‍ക്കണമെന്നു തോന്നുന്നുവെങ്കില്‍ പാഠപുസ്‌തകം പോലെ കാലികവും പരിമിതവുമാണതെന്ന് ഉറപ്പിക്കാം, അതിന്റെ ഉടമയെ സംബന്ധിച്ചെങ്കിലും. ഇങ്ങനെ, പഴയ പുസ്‌തകങ്ങളുടെ മാര്‍ക്കറ്റില്‍ കുമിഞ്ഞുകൂടുന്ന ശാസ്‌ത്ര സാങ്കേതികവിദ്യയുടെ ടെക്‌സ്റ്റ്‌ബുക്കുകള്‍ ജീവിതത്തിന്റെ അടയാളമില്ലാത്ത വായനയുടെ അവശിഷ്‌ടങ്ങളാണ്.
പരസ്യത്തിലെയും പത്രവാര്‍ത്തകളിലെയും നിറമുള്ള വായനാലോകമാണ് കുട്ടികള്‍ക്കായി ഇന്നത്തെ വിപണി ഒരുക്കിവെച്ചിരിക്കുന്നത്‌്. മായാരൂപികളുടെ കപടലോകം അവിദഗ്‌ധമായി വരച്ചുവെക്കുന്ന ചിത്രകഥകളാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഉള്ളടക്കം. യാഥാര്‍ഥ്യവുമായി അല്‍പവും ബന്ധമില്ലാത്ത ഊഹക്കഥകള്‍ നിരത്തി, ഭാവനപോലും സാധ്യമല്ലാത്ത കൃത്രിമലോകങ്ങളില്‍ കുട്ടികളെ കുരുക്കിയിടുകയാണ് ഹാരിപോര്‍ട്ടര്‍ പോലുള്ള ബെസ്റ്റ് സെല്ലറുകളുടെ വില്‍പനലക്ഷ്യം. നമ്മുടെ നാട്ടിലെ കുട്ടിത്തത്തെയും അതിന്റെ പ്രകൃതിയെയും അട്ടിമറിച്ചുകൊണ്ട് ഹാരിപോര്‍ട്ടര്‍ വായനക്കാരായി കുട്ടികളെ വെള്ളപൂശാന്‍ പുസ്‌തകക്കമ്പനിക്കാരന് എളുപ്പം കഴിഞ്ഞിരിക്കുന്നു. വെള്ളത്തിന്റെയും മിഠായിയുടെയും വിദേശവിപണി പോലെ വായനയ്‌ക്കും വെള്ളക്കാരന്‍ നമ്മുടെ ഗ്രാമങ്ങളില്‍ അങ്ങനെ പെട്ടിക്കട തുറക്കുന്നു. മലയാള ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളെ ചിത്രകഥകളില്‍ കുരുക്കിക്കളയുന്നതിന് ഇതിനുമുമ്പും വിദേശിയുടെ അഭിരുചി കളമൊരുക്കിയിട്ടുണ്ട്. ഫാന്റ്‌റം, സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ കഥാപാത്രങ്ങള്‍ കുട്ടികളുടെ വായനാലോകത്ത് ചിത്രകഥകളിലൂടെയാണ് ആദ്യം അധികാരമുറപ്പിച്ചത്. ചിത്രകഥാവായനയുടെ പ്രധാനപ്രശ്‌നം അത് വായിക്കുന്ന കുട്ടിയുടെ ഭാവനയെ വിലങ്ങിട്ടു നിര്‍ത്തുന്നു എന്നതാണ്. ചിത്രകാരന്റെ പരിമിതഭാവനയുടെ തടവറയില്‍ ചിത്രകഥാവായന പിടഞ്ഞുതീരുന്നു. ഇന്ന് മലയാള ബാലപ്രസിദ്ധീകരണങ്ങളുടെ പകുതി പേജും ചിത്രകഥകള്‍ക്കായി നിര്‍ബന്ധപൂര്‍വ്വം മാറ്റിവെക്കപ്പെട്ടിരിക്കുന്നു.
ബാലസാഹിത്യത്തിന്റെ കാലം
കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി മുതിര്‍ന്നവര്‍ തയ്യാറാക്കുന്ന ആഖ്യാനതന്ത്രങ്ങളാണ് കുട്ടികളുടെ സാഹിത്യത്തിന്റെ ചരിത്രം. വായിച്ചറിഞ്ഞല്ല കേട്ടറിഞ്ഞാണ് അവര്‍ ആദ്യകാലങ്ങളില്‍ സര്‍ഗപ്രപഞ്ചത്തില്‍ വ്യാപരിച്ചത്. കഥ വായിക്കുക എന്നായിരുന്നില്ല കഥ പറയുക എന്നായിരുന്നു ലോകത്തിന്റെ പാരമ്പര്യം. കലീല വ ദിമ്‌ന, ഈസോപ്പ്, രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, അല്‍ഫ് ലൈലാ വലൈല തുടങ്ങി എല്ലാ ലോക ക്ലാസ്സിക്കുകളും പറഞ്ഞുപറഞ്ഞാണ് പ്രചരിച്ചതും വികസിച്ചതും.
പറഞ്ഞു പരന്ന മൂല്യങ്ങളെ കൈമാറിക്കൊണ്ടിരിക്കുന്ന സംവിധാനത്തെ ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പെ നശിപ്പിച്ചത് വായനയുടെ പ്രചാരമാണ്. സാഹിത്യം വായനയിലൂടെ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന് പുസ്‌തകക്കമ്പനിക്കാര്‍ സൃഷ്‌ടിച്ച അബദ്ധധാരണയാണ്. കഥപറയുന്ന മുത്തശ്ശിയെ വൃദ്ധസദനത്തിലേക്കും കഥകളെ പുസ്‌തകത്താളിലേക്കും മാറ്റിവച്ച് കുട്ടികളെ ഈ വിചിത്രലോകത്തിലേക്ക് അശിക്ഷിതരായി കൊണ്ടുപോകുകയായിരുന്നു ആധുനികമനുഷ്യന്‍. ജീവിതപരിചയത്തിന്റെ സായംകാലത്തുനിന്ന് ജീവിതവേദിയുടെ അരങ്ങേറ്റക്കാരിലേക്ക് അതിജീവനരഹസ്യം പകര്‍ന്നുകൊടുക്കുന്ന പാരമ്പര്യം ഇന്നത്തെ അണുകുടുംബ വ്യവസ്ഥ തകര്‍ത്ത പല മൂല്യങ്ങളില്‍ ഒന്നാണ്. അതിനാല്‍, കഥകളിലൂടെ ജീവിതപാഠം പകരുന്ന മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഇല്ലാതാകുന്ന വിടവിലാണ് ഇന്ന് വായനക്ക് ഇടം നല്‌കേണ്ടത്. അതുകൊണ്ടാണ് കുട്ടികളുടെ വായനയെക്കുറിച്ചും ബാലമാസികകളുടെ ഉള്ളടക്കത്തെക്കുറിച്ചും ആശങ്കപ്പെടുന്നതിന് പ്രസക്തി വര്‍ധിക്കുന്നത്. അവ കുട്ടികളില്‍ സൃഷ്‌ടിക്കുന്ന മനുഷ്യവിരുദ്ധമായ ബോധങ്ങളെക്കുറിച്ച് പേടിക്കുന്നത്. കഥാവായനയാണ് കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന പ്രധാന ഇടം. എന്നാല്‍ ഇന്നത്തെ ബാലമാസികകളിലെ കഥാപേജുകളാകട്ടെ വിലകുറഞ്ഞ ഫലിതങ്ങള്‍കൊണ്ട് നിറയ്‌ക്കുകയാണ് പത്രാധിപര്‍.
ഒരു സാഹിത്യരൂപമെന്ന നിലയില്‍ കവിതയാണ് മറ്റൊരു വശത്ത് കുട്ടികളുടെ വായനാവിഭവങ്ങളില്‍ ഇന്നേറെ പരാധീനതയനുഭവിക്കുന്നത്. കുഞ്ഞുണ്ണിമാഷിന്റെ കൂറ്റന്‍ ശ്രമങ്ങളല്ലാതെ അതിനെ വീണ്ടെടുക്കാനുള്ള ആഗ്രഹങ്ങള്‍ കൂടുതലൊന്നും പ്രകടമായിട്ടില്ല. ആ കവിതകളുടെ കുറിയ ആവര്‍ത്തനങ്ങളില്‍ കവിഞ്ഞൊന്നും ഇന്ന് കുട്ടിക്കവിതകളുടെ കാര്യത്തില്‍ മലയാളത്തിലെങ്കിലും സംഭവിക്കുന്നില്ല. കവിത മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ജീവിതത്തെ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ പറ്റും.
താളം, വാക്ക്, അര്‍ഥം, സൂചന, നര്‍മം തുടങ്ങിയ പല പരിശീലനങ്ങളും കവിതാവായനയിലൂടെ കുട്ടിക്കു കിട്ടുന്നുണ്ട്. ബാലപ്രസിദ്ധീകരണങ്ങള്‍ കവിതയെ അവഗണിക്കുന്നു എന്നാണ് ബാലസാഹിത്യകാരുടെ തന്നെ പരാതി. കവിത വായിക്കാന്‍ കുട്ടികള്‍ക്ക് താല്‌പര്യമില്ല എന്നതാണ് പത്രാധിപര്‍ നിരത്തുന്ന കാരണങ്ങളില്‍ പ്രധാനം. അതിനാല്‍ കാവ്യഗുണമുള്ളതും ദീര്‍ഘവുമായ രചനകള്‍ തിരസ്‌കരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു പതിവു ചടങ്ങ് എന്ന നിലയ്‌ക്ക് പേജുകളുടെ ഏണും കോണുമൊപ്പിക്കാന്‍ നാലുവരി കുട്ടിക്കവിതകള്‍ അവര്‍ക്കാവശ്യമുണ്ടുതാനും. അങ്ങനെ പത്രാധിപരാക്ഷസര്‍ നല്ല കവിതയുടെ പൂന്തോട്ടത്തിനുമുമ്പില്‍ കുട്ടികള്‍ക്കു പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച് സഹപത്രാധിപ സകലകലാവല്ലഭര്‍ പടച്ചുവിടുന്ന കാര്‍ട്ടൂണ്‍ രചനകള്‍ കവിതകളെന്ന പേരില്‍ വായിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നു.
ബാലമാസികകള്‍ സ്‌കൂള്‍ പ്രൊജക്‌ടുകള്‍ക്ക് ചിത്രം വെട്ടിയെടുക്കാനുള്ള ജനറല്‍ നോളേജ് ഉരുപ്പടികളാണിപ്പോള്‍. സ്‌കൂളുകളിലെ കരിയര്‍ വിദ്യാഭ്യാസത്തില്‍നിന്ന് അവരെ രക്ഷിച്ചെടുക്കേണ്ട വായന അങ്ങനെ അതേ ജയിലുകളിലേക്ക് അവരെ നയിക്കുന്ന വാതിലുകളായി മാറുന്നു. അതോടൊപ്പം ആഗോളവത്‌കരണത്തിന്റെയും വിപണിവത്‌കരണത്തിന്റെയും കെണിയൊരുക്കാനും ബാലമാസികകള്‍ മത്സരിക്കുന്നു. മുത്തശ്ശിപ്പത്രങ്ങളുടെ കുട്ടിപ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന കൊച്ചുമത്സരങ്ങള്‍ക്ക് സമ്മാനമായി കംപ്യൂട്ടര്‍ ഗെയ് മും സ്‌ക്രാച്ച് കാര്‍ഡുകളും റസ്‌ലിംഗ് ചിത്രങ്ങളും വാരിക്കോരി നല്‍കി ബുദ്ധിപരമായി അല്‍പ്പന്‍മാരാക്കിയ ഒരു തലമുറയെ കവിതയിലേക്കുമാത്രം വീണ്ടെടുക്കാമെന്നു കരുതുന്നത് മൗഢ്യമാണ്.
ജീവിതത്തെ വായിക്കാം
കുട്ടികളുടെ വായനാലോകത്തെ ഇനിയും വിപുലപ്പെടുത്തേണ്ടതുണ്ട്. ദീര്‍ഘമായ വായനയില്‍ അവര്‍ക്ക് പരിശീലനം നല്‌കൂ. മികച്ച നോവലുകളും ജീവചരിത്രങ്ങളും ആത്മകഥകളും ചരിത്രപാഠങ്ങളും അവര്‍ക്ക് നല്‌കൂ. വായനയെ മാത്രം വിശ്വാസത്തിലെടുക്കാതെ ജീവിതത്തെ അക്ഷരങ്ങളില്‍നിന്ന് മുക്തമാക്കി വായിക്കാനുള്ള ശേഷി അവര്‍ക്കുണ്ടാകട്ടെ. വായിക്കാന്‍ കൂട്ടാക്കാത്ത വീട്ടിലെ കുട്ടികള്‍ വായിച്ചുവളരും എന്ന് വ്യാമോഹിക്കരുത്. മികച്ച പുസ്‌തകങ്ങള്‍ വായിക്കാന്‍ കഴിയുന്ന ഒരന്തരീക്ഷം വീട്ടിലുണ്ടാവട്ടെ. കമ്പ്യൂട്ടറും ടീവിയും നിഷേധിച്ചുകൊണ്ടല്ല, അവയെ സര്‍ഗാത്മകമായി ഉപയോഗിക്കാനുള്ള സൂത്രം പഠിപ്പിച്ചുകൊണ്ട് വായനയെ അവര്‍ക്ക് നല്‌കാന്‍ കഴിയണം.
ജീവിതത്തെ ഉള്‍ക്കണ്ണിലൂടെ വായിച്ചെടുക്കാനുള്ള പരിശീലനമാണ് കുട്ടിക്ക് പുസ്‌തകവായനയില്‍ നിന്ന് ലഭിക്കേണ്ടത്. ജീവിതത്തിന്റെ വായനയെ മറന്നുകൊണ്ട് പുസ്‌തകവായനയെ പ്രധാനമായിക്കാണുന്നത്, ഭക്ഷണമാണ് ശരീരത്തെക്കാള്‍ പ്രധാനം എന്നു വാദിക്കുന്നതുപോലെയാണ്. കുട്ടികള്‍ക്കുള്ള എഴുത്തിന്റെ സൗന്ദര്യവും സാക്ഷാത്‌കാരവും, ബാലസാഹിത്യകാരന്‍ എത്രമാത്രം ജീവിതത്തെ സത്യസന്ധമായും പരിവര്‍ത്തനോന്മുഖമായും തന്റെ രചനകളില്‍ ഒരുക്കിവെക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ കൃതിയും കുട്ടികള്‍ സ്വന്തം ജീവിതത്തോട് താരതമ്യപ്പെടുത്തിയാണ് അനുഭവിക്കുന്നത്. അതിനാല്‍ വായിക്കാനുള്ള പരിശീലനവും പ്രോത്സാഹനവും, ജീവിക്കാനും അതിജയിക്കാനുമുള്ള പരിശീലനവും പ്രോത്സാഹനവുമാവുകയാണ് വേണ്ടത്.
0 comments: