നടുറോഡില്‍ പിടഞ്ഞുവീഴുന്ന നിറയൗവനം
ഓരോ ദിവസവും പ്രഭാതത്തില്‍ പുതിയ വര്‍ത്തമാനങ്ങളുമായി പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ പരിഭ്രമത്തോടും ഉദ്വേഗത്തോടും കൂടി മാത്രമേ താളുകള്‍ മറിക്കാനാകൂ. നിത്യവും നടുറോഡില്‍ പൊലിഞ്ഞുപോകുന്ന എത്രയെത്ര വിലപ്പെട്ട ജീവനുകള്‍. ഞെട്ടിപ്പിക്കുന്ന, കരളലിയിക്കുന്ന അപകട വാര്‍ത്തകളില്ലാത്ത ദിവസമില്ല.
റോഡപകടങ്ങളില്‍ തൊണ്ണൂറു ശതമാനവും ഒരു ഭാഗത്ത് ഇരുചക്രവാഹനങ്ങളായിരിക്കും. ബൈക്കപകടങ്ങളില്‍ പിടഞ്ഞുമരിക്കുന്നതാകട്ടെ, രാജ്യത്തിന്റെ തുടിപ്പും ഭാവിയും പ്രതീക്ഷയുമാകേണ്ട നിറയൗവനങ്ങള്‍! പതിനാറിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ള എത്ര ചെറുപ്പക്കാര്‍ നിത്യവും മരിച്ചുവീഴുന്നു! ഈ അപകടമരണങ്ങളുടെ ഗ്രാഫ് ദിനംപ്രതി കുതിച്ചുയരുക തന്നെയാണ്. ഇക്കഴിഞ്ഞ മാസം മുഖ്യധാരാ പത്രങ്ങളില്‍ പലതും റോഡപകടങ്ങളുടെയും വിശിഷ്യാ ബൈക്കപകടങ്ങളുടെയും മാസവും ജില്ലയും തിരിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ അപകടങ്ങളും അതിലേക്ക് നയിക്കുന്ന കാരണങ്ങളും നമ്മുടെ സജീവചിന്തയ്‌ക്ക് വിഷയീഭവിക്കേണ്ടതാണ്.
കേരളത്തിന്റെ നാട്ടിന്‍പുറങ്ങളുള്‍പ്പെടെ ഓരോ പ്രദേശത്തും എത്രയധികം വാഹനങ്ങളാണ് -ബൈക്കുകളും കാറുകളും- ദിനംപ്രതി പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉള്‍നാടന്‍ ഊടുവഴികളെല്ലാം ടാറിട്ട റോഡുകളായി മാറിയതോടെ മിനിബസുകളുടെ ആധിക്യം അനുഭവപ്പെടുന്നു. ടൂറിസ്റ്റ് ബസ്സുകളും ദീര്‍ഘദൂര വോള്‍വോ സര്‍വീസുകളും ആള്‍ ഇന്ത്യാ ലോറി സര്‍വീസും കൂടിയായാല്‍ റെയില്‍വേ പോലെ റോഡ് ഗതാഗതവും ഇരുപത്തിനാല് മണിക്കൂറായിത്തീരുകയാണ്. മുഖ്യയാത്രാ സ്രോതസ്സായ ബസ് സര്‍വീസിന്റെ എണ്ണവും ദിനംപ്രതി കൂടുന്നു. ടിപ്പര്‍, മണല്‍ലോറികളുടെ മരണം വിതയ്‌ക്കുന്ന നെട്ടോട്ടം ഇതിന്നിടയിലാണ്. വാഹന വര്‍ധനവിന് ആനുപാതികമായി റോഡ് വികസനം നടക്കില്ലല്ലോ. ഈ സത്യം എല്ലാവരും വിളിച്ചുപറയുന്നു.
അതേസമയം വാഹനം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ ബോധം ഒട്ടും ഇല്ലതാനും. ഉള്ള സൗകര്യങ്ങളില്‍ നിന്നുകൊണ്ട് ജനജീവിതം പരമാവധി സുഗമമാക്കണമെന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത്. ട്രാഫിക് രംഗത്തും നമ്മുടെ നാട്ടില്‍ നിയമത്തിനും നിയന്ത്രണത്തിനും ഒരു കുറവുമില്ല. റോഡ് നിയമങ്ങള്‍, വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍, ലൈസന്‍സ് നിഷ്‌കര്‍ഷ തുടങ്ങി നിരവധി സംവിധാനങ്ങള്‍. എന്നാല്‍ ഒരു നിയമവും പാലിക്കാന്‍ തയ്യാറില്ല എന്ന `പ്രഖ്യാപന'മാണ് അപകടങ്ങളില്‍ പലതിന്റെയും ഉറവിടം.
ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹനവ്യൂഹങ്ങളില്‍ ഒരു ബിന്ദുവാണ് താനുമെന്ന ബോധമില്ലായ്‌മ, ഇതര വാഹനങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാതിരിക്കുക, അധികൃതരുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ചെവിക്കൊള്ളാതിരിക്കുക, അമിത വേഗത ഫാഷനായി സ്വീകരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കല്‍ തുടങ്ങിയവയെല്ലാം കാരണമായിത്തീരുന്നു. വാഹനത്തിന്റെ ഉപയോഗം കൂടാത്ത ജീവിതം ഇനിയുള്ള കാലം ഊഹിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ വാഹനോപയോഗത്തിന്റെ കുറ്റമറ്റ രീതികള്‍ ആലോചിക്കുക മാത്രമേ വഴിയൂള്ളൂ. ഇന്ന് നടക്കുന്ന വാഹനാപകടങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ യന്ത്രത്തകരാറുകൊണ്ടോ വാഹനത്തിന്റെ പഴക്കംകൊണ്ടോ ഉണ്ടാകുന്നുള്ളൂ. അപകടങ്ങള്‍ വരുന്നത് ഉപയോഗിക്കുന്നവരുടെ തകരാറുകൊണ്ടാണെന്നര്‍ഥം.
നാട്ടിന്‍പുറങ്ങളില്‍ പോലും വീടൊന്നിന് ഒരു വാഹനമെങ്കിലും ശരാശരിയുണ്ട്. കൗമാരക്കാരും യുവാക്കളും ബൈക്കിന്റെ അഡിക്‌റ്റുകളാണ്, ആവശ്യക്കാരല്ല, എന്നതാണ് നേര്. എങ്ങനെയെങ്കിലും ഒരു ബൈക്ക് സംഘടിപ്പിക്കുക എന്നത് ജീവിതാഭിലാഷമാണ് പലര്‍ക്കും. വീട്ടുകാരെ നിര്‍ബന്ധംകൊണ്ട് വീര്‍പ്പുമുട്ടിച്ചും സമ്മര്‍ദംകൊണ്ട് വിഷമിപ്പിച്ചും `കാണംവിറ്റും ബൈക്ക് വാങ്ങണം' എന്ന അവസ്ഥയിലേക്കെത്തിക്കുന്നതാണ് ഇന്നത്തെ കൗമാരത്തിന്റെ സ്വഭാവം. ലൈസന്‍സില്ല, പ്രായമായിട്ടില്ല, ഹെല്‍മെറ്റ് ധരിക്കില്ല, സ്‌പീഡോ മീറ്ററിന്റെ അവാസന ഡിജിറ്റിലേക്ക് സൂചി എത്തുന്നതുവരെ ആക്‌സിലറേറ്റ് ചെയ്യുന്ന മനോഭാവം, ഡ്രൈവിംഗിന്റെ പ്രാഥമിക മര്യാദകള്‍പോലും പാലിക്കില്ല, താന്‍ വാഹനമോടിക്കുന്നത് എന്തിനെന്നറിയില്ല, സൈഡ് മിറര്‍ ഫാഷനു യോജിക്കില്ല.... ഇങ്ങനെ പോകുന്നു ബൈക്ക്‌പ്രേമികളുടെ മനോഭാവം.
സ്വന്തമായൊരു ബൈക്ക് ഉണ്ടാവുക എന്നത് മോശമാണെന്നല്ല ഇപ്പറഞ്ഞതിന്നര്‍ഥം. ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ (പ്രായം 12-15) നിയമപ്രകാരം വാഹനമോടിക്കാന്‍ പാടില്ല. ലൈസന്‍സ് കൊടുക്കാന്‍ പ്രായമായിട്ടില്ല. ഒന്നുരണ്ടു മാസം മുന്‍പ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ബൈക്ക്‌വേട്ടയില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷനിലെത്തിക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി തിരിച്ചേല്‌പിക്കുകയും ചെയ്‌ത സംഭവമുണ്ടായി. അതൊരു പാഠമാണ്. നടുറോഡില്‍ സംഭവിക്കുന്ന ബൈക്കപകടങ്ങളില്‍ വിവേകവും വിവേചനവുമില്ലാത്ത രക്ഷിതാക്കളും പങ്കാളികളാണ്. മക്കള്‍ക്ക് വാഹനങ്ങള്‍ കൊടുക്കാം. ഡ്രൈവിംഗ് പഠിപ്പിക്കാം എന്നാല്‍ ഉപയോഗം ശ്രദ്ധിച്ചുവേണം.
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ നേരംപുലരുമ്പോഴേക്ക് ലൈസന്‍സുള്ള ഒരാള്‍ കുറ്റം ഏറ്റെടുക്കുന്നു. പോലീസും രാഷ്‌ട്രീയക്കാരും സമൂഹവും കുറ്റത്തില്‍ പങ്കുചേരുന്നു! ഇന്നത്തെ റോഡപകടങ്ങളില്‍ ഏറിയകൂറും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഫലമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമപ്രകാരം കുറ്റമാണ്. നിയമം ആരുനോക്കാന്‍! മദ്യലോബിയും പണംമാഫിയയും കേസ് ഒതുക്കിത്തീര്‍ക്കുന്നു. ഗുരുതരമല്ലാത്ത അപകടങ്ങള്‍ പലതും തേഞ്ഞുമാഞ്ഞ് പോകുന്നു, അല്ല ഒതുക്കിത്തീര്‍ക്കുന്നു. കാരണം, വണ്ടിക്ക് ആവശ്യമായ രേഖകളോ ഓടിച്ചവന് ലൈസന്‍സോ കാണില്ല. കൈക്കൂലി യഥാവിധി എത്തിച്ചേര്‍ന്നാല്‍ ഒരു പ്രയാസവും ഒന്നിനുമില്ല. ഇതാണ് നാടിന്റെ അവസ്ഥ.
ഇന്നത്തെ സാധാരണ ബൈക്ക് യാത്രക്കാരെ, പ്രത്യേകിച്ചും യുവാക്കളെ നോക്കൂ. ലൈസന്‍സില്ല; സ്‌പീഡിന് ഒരു നിയന്ത്രണവുമില്ല. അങ്ങാടികള്‍, ആള്‍ക്കൂട്ടം, വളവുതിരിവുകള്‍ തുടങ്ങിയവയില്‍ വേഗം കുറക്കില്ല. ഹോണടിക്കല്‍ സ്റ്റാറ്റസിന് മോശം. ഇരുചെവികളിലും തിരുകിക്കയറ്റിയ ഇയര്‍ഫോണുകള്‍. ഒന്നുകില്‍ പാട്ടുംകൂത്തും, അല്ലെങ്കില്‍ സല്ലാപം. ശ്രദ്ധയില്ലാതെ യാന്ത്രികമായി ബൈക്ക് ഓടിക്കുന്നു. മിക്കതും ചെന്നെത്തുന്നത് ചെറുതും വലുതുമായ അപകടങ്ങളില്‍! ബൈക്കിന്റെ പിറകില്‍ ഒരു സ്‌ത്രീയും രണ്ടും മൂന്നും കുട്ടികളും. അല്ലെങ്കില്‍ സാരിത്തലപ്പുകള്‍ പാറിക്കളിക്കുന്ന പ്രിയതമയായ സ്‌ത്രീ. അമിത വേഗത. ഇത്തരം എത്ര സഹയാത്രികര്‍ അപകടത്തില്‍പെട്ടു!
വലിയ വാഹനങ്ങള്‍ ബൈക്കുമായി മുട്ടിയാല്‍ ബൈക്കുകാരന്റെ നാശമാണ് ഫലം. നടുറോഡില്‍ പിടഞ്ഞുമരിക്കുന്ന നിറയൗവനങ്ങള്‍ ആ നാട്ടുകാരെ ദു:ഖത്തിലാഴ്‌ത്തുന്നു. കുടുംബത്തിന് തീരാനഷ്‌ടം. കുറച്ചുകഴിയുമ്പോള്‍ സഹജമായ മറവിയാല്‍ ആ ദുരന്തം വിസ്‌മൃതിയില്‍ ലയിക്കുന്നു. എന്നാല്‍ ആരും ഓര്‍ക്കാത്ത വലിയ ദുരന്തം അതിനു സമാന്തരമായി ഇവിടെ നിലനില്‌ക്കുന്നു. അപകടത്തില്‍ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിച്ചാല്‍ സമൂഹത്തിന്റെ ബാധ്യത തീര്‍ന്നു. എന്നാല്‍ ആ വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം ബാധ്യതയാവുന്നു. കുടുംബത്തിന് അയാള്‍ ബാധ്യതയാവുന്നു. എത്രയെത്ര യുവാക്കള്‍! പാതിവെച്ച് പഠനം നിര്‍ത്തിയവര്‍, തൊഴിലെടുക്കാന്‍ കഴിയാത്തവര്‍, പുറംലോകം കാണുന്നില്ലെങ്കിലും വൈവാഹിക ജീവിതംപോലും അസാധ്യമായിത്തീര്‍ന്നവര്‍, ജീവപര്യന്തം ശയ്യാവലംബികളായി നടുവൊടിഞ്ഞവര്‍.... അപകടങ്ങളില്‍ മരണപ്പെട്ടവരെക്കാള്‍ പ്രയാസം പേറുന്ന ഈ നിത്യസത്യം പോലും നമുക്ക് പാഠമാകുന്നില്ല!
വലിയ വാഹനങ്ങള്‍ ബൈക്കുമായി മുട്ടിയാല്‍ ബൈക്കുകാരന്റെ നാശമാണ് ഫലം. നടുറോഡില്‍ പിടഞ്ഞുമരിക്കുന്ന നിറയൗവനങ്ങള്‍ ആ നാട്ടുകാരെ ദു:ഖത്തിലാഴ്‌ത്തുന്നു. കുടുംബത്തിന് തീരാനഷ്‌ടം. കുറച്ചുകഴിയുമ്പോള്‍ സഹജമായ മറവിയാല്‍ ആ ദുരന്തം വിസ്‌മൃതിയില്‍ ലയിക്കുന്നു. എന്നാല്‍ ആരും ഓര്‍ക്കാത്ത വലിയ ദുരന്തം അതിനു സമാന്തരമായി ഇവിടെ നിലനില്‌ക്കുന്നു. അപകടത്തില്‍ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിച്ചാല്‍ സമൂഹത്തിന്റെ ബാധ്യത തീര്‍ന്നു. എന്നാല്‍ ആ വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം ബാധ്യതയാവുന്നു. കുടുംബത്തിന് അയാള്‍ ബാധ്യതയാവുന്നു. എത്രയെത്ര യുവാക്കള്‍! പാതിവെച്ച് പഠനം നിര്‍ത്തിയവര്‍, തൊഴിലെടുക്കാന്‍ കഴിയാത്തവര്‍, പുറംലോകം കാണുന്നില്ലെങ്കിലും വൈവാഹിക ജീവിതംപോലും അസാധ്യമായിത്തീര്‍ന്നവര്‍, ജീവപര്യന്തം ശയ്യാവലംബികളായി നടുവൊടിഞ്ഞവര്‍.... അപകടങ്ങളില്‍ മരണപ്പെട്ടവരെക്കാള്‍ പ്രയാസം പേറുന്ന ഈ നിത്യസത്യം പോലും നമുക്ക് പാഠമാകുന്നില്ല!
അപകടം വരുത്തിവയ്‌ക്കുന്നവരും അതിന് തടയിടേണ്ടവരും ചിലപ്പോള്‍ ഒരുപോലെ കുറ്റക്കാരായിത്തീരുന്ന സാഹചര്യങ്ങളുമുണ്ട്. മാര്‍ച്ച് മാസമാണിപ്പോള്‍. കേസിന്റെ ക്വാട്ട തികയ്‌ക്കാന്‍ വേണ്ടി റോഡിലിറങ്ങുന്ന പോലീസുകാര്‍, ശമ്പളം പോരാതെ വരുമ്പോള്‍ എക്‌സ്‌ട്രാ പണമുണ്ടാക്കാന്‍ വാഹനപരിശോധന ശീലമാക്കുന്നവര്‍... എല്ലാം ഇതിന്റെ ഭാഗമാണ്. നിയമത്തെ വെട്ടിച്ച് ചാടിയവനാണ് ഹീറോ എന്ന മനോഭാവവും ചിലപ്പോള്‍ കണ്ടുവരുന്നു. ഈ മനോഭാവങ്ങള്‍ മാറണം. വാഹനം ഓടിക്കുന്നവനും അവരെ പരിശോധിക്കുന്നവരുമെല്ലാം രാഷ്‌ട്രത്തിന്റെ ഭാഗമാണ്, പൊതുസമൂഹത്തിന്റെ ഭാഗമാണ് എന്ന കാഴ്‌ചപ്പാട് വളര്‍ത്തിയെടുക്കണം. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ തിരുവണ്ണൂര്‍ കുറ്റിയില്‍പടി ജംഗ്‌ഷനില്‍ ബൈക്ക് ബസ്സിനിടിച്ച് രണ്ട് യുവാക്കള്‍ മരിക്കാനിടയായി. ചൂടുപിടിച്ച ചര്‍ച്ചയും ഒരു ദിവസം നീണ്ടുനിന്ന തെരുവുയുദ്ധവും പലതരം അഭ്യൂഹങ്ങളും പോലീസിന്റെ തെറ്റായ നീക്കമെന്ന ആക്ഷേപവും... വന്‍ കുതൂഹലമുണ്ടാക്കി. ശാന്തമായി ഒന്നാലോചിക്കൂ. പ്രശ്‌നത്തിന്റെ അടിത്തറയെന്ത്? പോലീസ് പരിശോധനയ്‌ക്കിടെ ബൈക്കിന് കൈ കാണിച്ചു. നിര്‍ത്താതെ അതിവേഗം ഓടിച്ചുപോയ ബൈക്ക് ബസ്സിലിടിച്ച് അപകടം... ആരാണുത്തരവാദി? ഇതിന്റെ പിന്നിലുള്ള മനോഭാവമാണ് കൊലയാളി എന്ന തിരിച്ചറിവ് നമുക്ക് നഷ്‌ടപ്പെടരുത്. അതോടൊപ്പം തെറ്റുകാരൊക്കെ പിടിക്കപ്പെടുകയും വേണം.
നാമെത്ര സൂക്ഷിച്ചാലും അപകടം തലയിലേക്ക് വന്നുവീഴും. അത് നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാല്‍ നമ്മുടെ പിഴവുകള്‍ മൂലം സംഭവിച്ചേക്കാവുന്നവ നമുക്ക് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമല്ലോ. ഒരു സത്യവിശ്വാസി വാഹനം കൈകാര്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളും സൂക്ഷിക്കാനായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. `ഈ സൗകര്യം തനിക്കേര്‍പ്പെടുത്തിത്തന്ന സര്‍വലോക രക്ഷിതാവ് പരിശുദ്ധനാണ്' എന്ന പ്രാര്‍ഥനയോടെയാണ് വാഹനത്തില്‍ കയറേണ്ടത്. ഡ്രൈവറും യാത്രികരും. ഡ്രൈവര്‍ വണ്ടി ഓടിക്കുക എന്ന ഉത്തരവാദിത്തത്തില്‍ ദത്തശ്രദ്ധനായിരിക്കുകയും വേണം. അശ്രദ്ധയോ അവിവേകമോ കൊണ്ട് ``സ്വയം നാശത്തിലേക്ക് കൈ ഇടരുത്'' (2:195) എന്ന ഖുര്‍ആന്‍ വാക്യം എത്ര ശ്രദ്ധേയമാണ്! മാത്രമല്ല, മനപ്പൂര്‍വമല്ലെങ്കിലും തന്റെ പ്രവര്‍ത്തനം മൂലം മറ്റൊരാള്‍ കൊല്ലപ്പെടുന്ന സാഹചര്യം തീരാത്ത വേദനയ്‌ക്കും ഭൗതികവും പാരത്രികവുമായ ശിക്ഷയ്‌ക്കും കാരണമായിത്തീരുമെന്ന ബോധം നമ്മെ ഭരിക്കണം. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഇന്ത്യന്‍ പീനല്‍കോഡ് (ഐപിസി) അനുസരിച്ചും ശിക്ഷാര്‍ഹമാണ്. ഈ വിഷയത്തിലും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം വളരെ ശ്രദ്ധേയമാണ്. ഒരാള്‍ മറ്റൊരു വ്യക്തിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന് നഷ്‌ടപരിഹാരം നല്‍കുകയും വേണം (4:92). വലിയ പാതകങ്ങള്‍ക്ക് പലതിനും അത് ചെയ്‌തവന്റെ മനശ്ശുദ്ധീകരണത്തിനായി ഇസ്‌ലാം നിശ്ചയിച്ച പ്രായശ്ചിത്തമാണ് ഒരു മനുഷ്യനെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ന് അടിമത്തം കാര്യമായി നിലവിലില്ല എന്നത് മറ്റൊരു കാര്യം.
നാം വിവേകത്തോടെയും സദ്‌വിചാരത്തോടെയും വാഹനങ്ങള്‍ കൈകാര്യം ചെയ്‌താല്‍ തീരാനഷ്‌ടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. സ്രഷ്‌ടാവിന്റെ താക്കീതുകള്‍ മുഖവിലക്കെടുക്കുക, ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കുക ഇതാണ് സമൂഹ നന്മയ്‌ക്ക് അനിവാര്യം.
0 comments: