മതം എന്തുകൊണ്ട് അതിജീവിച്ചു ഉത്തരാധുനിക നിരീശ്വരചിന്തകരുടെ പ്രതിസന്ധി

  • Posted by Sanveer Ittoli
  • at 8:37 AM -
  • 0 comments
മതം എന്തുകൊണ്ട് അതിജീവിച്ചു ഉത്തരാധുനിക നിരീശ്വരചിന്തകരുടെ പ്രതിസന്ധി

- മറുപുറം -
എന്‍ എം ഹുസൈന്‍
നിരീശ്വരവാദികളായ പാശ്ചാത്യചിന്തകന്മാര്‍ മതത്തിന്റെ അര്‍ഥശൂന്യതയും പ്രയോജനരാഹിത്യവും തുറന്നുകാട്ടാനാണ്‌ ഇക്കാലമത്രയും അധ്വാനിച്ചത്‌. എന്നാല്‍ ഇന്നത്തെ നിരീശ്വരചിന്തകന്മാരെ കുഴക്കുന്ന ഒരു സംശയം ഇതാണ്‌: ഇത്രക്ക്‌ അര്‍ഥശൂന്യവും
അയഥാര്‍ഥവും പ്രയോജനരഹിതവും വിഡ്‌ഢിത്തം നിറഞ്ഞതുമായ ഒരു സാമൂഹിക സ്ഥാപനം ചരിത്രത്തിലുടനീളം ജനങ്ങള്‍ക്കിടയില്‍ അതിജീവിച്ചത്‌ എന്തുകൊണ്ട്‌?
അര്‍ഥശൂന്യവും പ്രയോജനരഹിതവുമായ എന്തും അപ്രത്യക്ഷമാവുകയും അതിജീവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്‌ പരിണാമപരമായ പ്രകൃതി നിയമം എന്നിരിക്കെ മതം എന്തുകൊണ്ട്‌ അതിജീവിച്ചു? ശാസ്‌ത്രീയവും പ്രയോജനകരവുമെന്ന്‌ മതേതര ചിന്തകന്മാര്‍ വിധിയെഴുതിയ നിരീശ്വര-നിര്‍മത വ്യവസ്ഥകള്‍ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അതിജീവിക്കാതെ കടപുഴകി വീണപ്പോള്‍ മതങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇന്നും സജീവ സാന്നിധ്യമായി അതിജീവിക്കുന്നതെന്തുകൊണ്ട്‌? സാമൂഹിക നരവംശ ശാസ്‌ത്രജ്ഞര്‍ക്കിടയിലെ ചൂടേറിയ അന്വേഷണ വിഷയമാണിത്‌. ഇത്തരം പഠനങ്ങളുടെ പശ്ചാത്തലത്തില്‍ നിരീശ്വരവാദിയായ ഒരു മലയാള ശാസ്‌ത്ര സാഹിത്യകാരന്‍ എഴുതിയ ഈ വരികള്‍ നോക്കൂ:
``ഒരു പരിണാമ ശാസ്‌ത്രജ്ഞന്റെ നോട്ടത്തില്‍ മതങ്ങള്‍ക്ക്‌ കുറെ ഗുണങ്ങളുണ്ട്‌. പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ക്രമത്തെക്കുറിച്ച്‌ സാധാരണക്കാരന്‌ ഒരു വിശദീകരണം നല്‌കുന്നു. ജീവിതമെന്ന പ്രഹേളികക്ക്‌ മുന്നില്‍ പകച്ചുനില്‌ക്കുമ്പോള്‍ ഒരു മൃഗതൃഷ്‌ണയുടെ കൗശലംകൊണ്ട്‌ സാന്ത്വനിപ്പിക്കുന്നു. സാമൂഹികക്രമം നിലനില്‌ക്കാന്‍ പാകത്തിന്‌ ഒരു മൂല്യബോധം സൃഷ്‌ടിക്കുന്നു.'' (ജീവന്‍ ജോബ്‌ തോമസ്‌, വിശ്വാസത്തിന്റെ ശരീരശാസ്‌ത്രം, പേജ്‌ 23-24)
ഇക്കാലമത്രയും മതങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവുമില്ലെന്ന്‌ വാദിച്ചിരുന്ന നിരീശ്വരചിന്തകരുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്മുറക്കാര്‍ `മതങ്ങള്‍ക്ക്‌ കുറെ ഗുണങ്ങളുണ്ട്‌' എന്ന്‌ സമ്മതിക്കുമ്പോള്‍ കാഴ്‌ചപ്പാടിലെ അബദ്ധങ്ങള്‍ സ്വയം അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. നിരീശ്വരവാദികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായ മതത്തിലെ ഗുണങ്ങള്‍ എന്തൊക്കെയാണ്‌?
`പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ക്രമത്തെക്കുറിച്ച്‌ സാധാരണക്കാരന്‌ ഒരു വിശദീകരണം നല്‌കുന്നു' എന്നതാണ്‌ മതത്തിന്റെ ഒരു ഗുണം. ഇതേപ്പറ്റി മറ്റൊരു നിരീശ്വരഗ്രന്ഥകാരന്‍ എഴുതിയത്‌ ഇങ്ങനെയാണ്‌: ``നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്‌. ആസൂത്രണം ചെയ്യപ്പെട്ടപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്നു ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക.'' (രവിചന്ദ്രന്‍, നാസ്‌തികനായ ദൈവം, പേജ്‌ 180)
പ്രപഞ്ചത്തിന്‌ വിശദീകരണം നല്‌കുക എന്നത്‌ `മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി' യാണെന്ന്‌ നിരീശ്വരവാദികളും സമ്മതിക്കുന്നു എന്നര്‍ഥം. മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിപരമായ പ്രശ്‌നമാണിതെന്ന്‌ സമ്മതിക്കാന്‍ അവരും നിര്‍ബന്ധിതരായി എന്നാണ്‌ ഇതില്‍ നിന്നും തെളിയുന്നത്‌. എന്നാല്‍ ക്ലാസിക്കല്‍ നിരീശ്വര വാദത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടേയില്ല. അക്കാലത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുമുള്ള നിരീശ്വരവാദ സാഹിത്യങ്ങളില്‍ മതത്തിന്‌ ഇങ്ങനെയൊരു പ്രയോജനമുള്ളതായി പറയുന്നുമില്ല. അവയിലൊക്കെയും കെട്ടുകഥകളുടെയും മിഥ്യാധാരണകളുടെയും സര്‍വോപരി വഞ്ചനയുടെയും സമാഹാരങ്ങളാണ്‌ മതം. ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിനുള്ള വിശദീകരണമാണെന്നും അതാകട്ടെ `മനുഷ്യബുദ്ധി'യുടെ മുന്നിലുള്ള വെല്ലുവിളിയാണെന്നും വാദിക്കുന്നതോടെ മനുഷ്യരാശി നേരിട്ട ധൈഷണികമായ ഏറ്റവും വലിയ പ്രഹേളികക്കുള്ള ബുദ്ധിപരമായ ഉത്തരമാണ്‌ മതം എന്ന നിഗമനത്തിലെത്താതെ നിവൃത്തിയില്ല (മതത്തിന്റെ വിശദീകരണങ്ങള്‍ ആത്യന്തികമായി തെറ്റാണെന്ന്‌ നിരീശ്വരവാദികള്‍ വാദിച്ചാലും ഈ നിഗമനം പ്രബലമായി അവശേഷിക്കും.)
നിരീശ്വരവാദികളുടെ ബുദ്ധിപരമായ സത്യസന്ധതയാണ്‌ ഇങ്ങനെയൊരു നിലപാടു മാറ്റത്തിന്‌ പിന്നിലെന്ന്‌ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉയര്‍ന്നുവന്ന പുതിയ ഗവേഷണഫലങ്ങള്‍ ഇത്തരമൊരു നിലപാടു മാറ്റത്തിന്‌ അവരെ നിര്‍ബന്ധിതരാക്കിയതാണ്‌. അവര്‍ നേരിട്ട ധൈഷണികമായ പ്രഹേളിക പരിശോധിക്കാം.
മേല്‍ സൂചിപ്പിച്ച നിരീശ്വരഗ്രന്ഥകാരന്‍ എഴുതുന്നു: ``മതമാകട്ടെ അങ്ങേയറ്റം ധാരാളിത്തം നിറഞ്ഞതും അനാവശ്യവുമാണ്‌. മനുഷ്യന്‌ അടിസ്ഥാനപരമായി വേണ്ട യാതൊന്നും അതിലില്ല. നേരെ മറിച്ച്‌ അവന്റെ ഊര്‍ജവും സമ്പത്തും സമയവും ധൂര്‍ത്തടിക്കുകയാണത്‌ ചെയ്യുന്നത്‌'' (മേല്‍കൃതി, പേജ്‌ 181). `മനുഷ്യന്‌ അടിസ്ഥാനപരമായി വേണ്ട യാതൊന്നും' ഇല്ലാത്തതും അവന്റെ `ഊര്‍ജവും സമ്പത്തും സമയവും ധൂര്‍ത്തടി'ക്കുന്നതുമായ ഒന്ന്‌ സാമൂഹിക പരിണാമത്തില്‍ അതിജീവിക്കുമോ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌.
ഇതേ ഗ്രന്ഥകാരന്‍ തന്നെ എഴുതിയത്‌ കാണുക: ``മതമില്ലാതെ മനുഷ്യന്‌ തികഞ്ഞ മാനസിക-ശാരീരിക ക്ഷമതയോടു കൂടിയും ആനന്ദത്തോടു കൂടിയും ജീവിച്ചുപോകാന്‍ തടസ്സമില്ല. മതജീവിതമാകട്ടെ പലതും നഷ്‌ടപ്പെടുത്തുകയും ജീവിതത്തിന്റെ നിലവാരം ഇടിക്കുകയും ചെയ്യുന്നു. പ്രകൃതി കണിശക്കാരനായ ഒരു കണക്കെഴുത്തുകാരനാണ്‌. യാതൊരു വിധത്തിലുള്ള ധൂര്‍ത്തും അനാവശ്യചെലവും അതനുവദിക്കില്ല. എക്കാലത്തും നിര്‍ദയമായി പ്രകൃതി ഇതാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഒരുവശത്ത്‌ മോശമായവ തിരസ്‌കരിച്ച്‌, നല്ലതു സ്വീകരിച്ച്‌ ജീവിവര്‍ഗത്തിന്റെ അതിജീവനശേഷിയുടെ മൂര്‍ച്ച കൂട്ടുന്നു. മറുവശത്ത്‌ പ്രകൃതിയുമായി ഇണങ്ങിപ്പോകാന്‍ കഴിയാത്തവയെ കാലക്രമത്തില്‍ നീക്കം ചെയ്യുന്നു. ഒരു വന്യമൃഗം അനാവശ്യമായ ഒരു പ്രവൃത്തിയുമായി മുന്നോട്ടുപോയാല്‍ പ്രകൃതി എന്താണു ചെയ്യുന്നത്‌? സമയവും ഊര്‍ജവും കൂടുതല്‍ ഫലപ്രദമായി ചെലവിടുന്ന എതിരാളി ജീവിവര്‍ഗത്തിന്റെ അതിജീവനത്തിനും പ്രജനനത്തിനും സഹായകരമായ സാഹചര്യമൊരുക്കും. ചുരുക്കത്തില്‍ രൂക്ഷമായ പ്രയോജകവാദമാണ്‌ (utilitarianism) പ്രകൃതി നിര്‍ധാരണത്തിന്റെ കാതല്‍. പിന്നെ എന്തുകൊണ്ട്‌ മതം?'' (പേജ്‌ 182)
എന്നിട്ടും മതം എന്തുകൊണ്ട്‌ അതിജീവിച്ചു എന്ന്‌ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്‌ നിരീശ്വരവാദികളായ ശാസ്‌ത്രഗവേഷകര്‍. പലതരം വിശദീകരണങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമേ സൂചിപ്പിച്ചതു തന്നെയാണ്‌ പൊതുവായ നിഗമനം - ``മതങ്ങള്‍ക്ക്‌ കുറെ ഗുണങ്ങളുണ്ട്‌.'' എന്താകട്ടെ, സമകാലീന നിരീശ്വര ചിന്തകരുടെ ഈ മൗലികമായ ചുവടുമാറ്റം ഒരു തുടക്കം മാത്രമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: