വായന ഒരു ആത്മീയ അനുഭവമാണ്‌

  • Posted by Sanveer Ittoli
  • at 9:41 AM -
  • 0 comments
വായന ഒരു ആത്മീയ അനുഭവമാണ്‌
ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍

അത്ഭുതങ്ങളുടെ കലവറയാണ്‌ മനുഷ്യമസ്‌തിഷ്‌കം. ഒരു ഇലക്‌ട്രോണിക്‌ കടയില്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതുപോലെ മസ്‌തിഷ്‌കവും സജ്ജീകരിച്ചിരിക്കപ്പെട്ടിരിക്കുന്നു. ആ കടയിലെ കമ്പ്യൂട്ടറും ടി വിയും ലൈറ്റും ഫാനുമെല്ലാം സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ മൂലക്കിരിക്കുന്ന ഓഡിയോ ടെയ്‌പ്പ്‌ റെക്കോര്‍ഡറും റേഡിയോയും ചെറു ബാറ്ററികളുപയോഗിക്കുന്ന
ടോര്‍ച്ചുകളും പ്രവര്‍ത്തനക്ഷമമല്ല. അവ ദീര്‍ഘകാലം ഉപയോഗിച്ചതുകൊണ്ട്‌ പ്രവര്‍ത്തനക്ഷമത നഷ്‌ടപ്പെട്ടതല്ല. അവയുടെ കവര്‍ പൊളിച്ചിട്ടുപോലുമില്ല. അവ ഇതുവരെ ഉപയോഗിക്കാത്തതുകൊണ്ടാണ്‌ പ്രവര്‍ത്തന രഹിതമായിത്തീര്‍ന്നത്‌. ഇതുപോലെയാണ്‌ മനുഷ്യ മസ്‌തിഷ്‌കവും.
അത്‌ വിവിധ തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍ അല്ലാഹു സജ്ജീകരിച്ചിട്ടുണ്ട്‌. കണക്കു കൂട്ടാനും ഭാഷകള്‍ പഠിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാനും ശാസ്‌ത്രീയ ഗവേഷണങ്ങള്‍ നടത്താനും രാഷ്‌ട്രതന്ത്രജ്ഞതയ്‌ക്കും വിനോദങ്ങളിലഭിരമിക്കാനും എന്നുവേണ്ട സകല വിദ്യകള്‍ക്കുമുപയോഗിക്കാന്‍ അതു പറ്റും. ഏതു കാര്യത്തിലാണോ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്‌, അപ്പോള്‍ മസ്‌തിഷ്‌കത്തിലെ അതുമായി ബന്ധപ്പെട്ട ഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കണക്കില്‍ നിരന്തരം ശ്രദ്ധിക്കുന്ന ആള്‍ക്ക്‌ കമ്പ്യൂട്ടറിനെക്കാള്‍ വേഗത്തില്‍ ഗണിത പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയും. ഭാഷാ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നആളുടെ ഭാഷാശേഷി വര്‍ധിക്കുകയും ബഹുഭാഷാ പണ്ഡിതനായി മാറുകയും ചെയ്യും. എന്നാല്‍ അദ്ദേഹം ശാസ്‌ത്രീയ കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെങ്കില്‍ അയാളുടെ മസ്‌തിഷ്‌കത്തിലെ കണ്ടുപിടുത്തങ്ങള്‍ക്കു വേണ്ടി സജ്ജീകരിച്ച ഭാഗം ഇലക്‌ട്രോണിക്‌ കടയിലെ റേഡിയോ പോലെ പൊടിപിടിച്ച്‌ പ്രവര്‍ത്തനരഹിതമായിത്തീരും.
മനുഷ്യ മസ്‌തിഷ്‌കത്തെ ഉദ്ദീപിപ്പിച്ചു നിര്‍ത്താനുള്ള പോഷണമാണ്‌ വായനയിലൂടെ ഒരാള്‍ക്ക്‌ ലഭിക്കുന്നത്‌. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കുമെങ്കില്‍ മസ്‌തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷണം മുഖ്യമായും ലഭിക്കുന്നത്‌ വായനയിലൂടെയാണ്‌. വായന ശീലമാക്കുന്ന വ്യക്തി സമൂഹത്തില്‍ ജീവല്‍സാന്നിധ്യമായി നിലനില്‌ക്കും. വായനയ്‌ക്ക്‌ ഒട്ടും താല്‌പര്യമില്ലാത്തവര്‍ സമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന്‌ അകന്നു കഴിയുന്നവരും ഒതുങ്ങിക്കൂടുന്നുവരുമായിരിക്കും. അതുകൊണ്ടാണ്‌ വായനയ്‌ക്ക്‌ ഇസ്‌ലാം പ്രാധാന്യം നല്‌കിയിരിക്കുന്നത്‌. നിരക്ഷരനായ പ്രവോചകനോട്‌ ഖുര്‍ആനിന്റെ ആദ്യകല്‌പന `വായിക്കുക' എന്ന ആഹ്വാനമായിരുന്നു.
ഇഖ്‌റഅ്‌
`ഇഖ്‌റഅ്‌' എന്നാല്‍ നീ വായിക്കുക എന്നാണര്‍ഥം. വായന എന്ന വാക്ക്‌ കേള്‍വിക്കാരനിലുണ്ടാക്കുന്ന ഒരര്‍ഥ കല്‌പനയുണ്ട്‌. അക്ഷരലോകത്തെ പുസ്‌തക വായനയിലൊതുങ്ങുന്നതാണത്‌. പേന-എഴുത്ത്‌-വായന എന്ന പരിമിത സങ്കല്‌പമല്ല ഇസ്‌ലാമിക വീക്ഷണത്തില്‍ വായനകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന വായനയുടെ ലോകം വ്യാപ്‌തവും വിപുലവുമാണ്‌. നിരക്ഷരനായ പ്രവാചകനോട്‌ `വായിക്കുക' എന്ന കല്‌പനയുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം `എനിക്ക്‌ വായിക്കാനറിയില്ല' എന്നായിരുന്നു. ഈ മറുപടി അക്ഷരം കൂട്ടിച്ചേര്‍ത്തുള്ള വായനയെ കുറിച്ചുള്ള സങ്കല്‌പത്തില്‍ നിന്നുമുണ്ടായതാണ്‌. എന്നാല്‍ വായിക്കാന്‍ വേണ്ടി അല്ലാഹു കല്‌പിക്കുന്ന വിഷയം പരിഗണിക്കുമ്പോഴാണ്‌ ഖുര്‍ആനില്‍ പ്രസ്‌താവിച്ച വായനയുടെ ആഴം വ്യക്തമാകുന്നത്‌. ``ഭ്രൂണത്തില്‍ നിന്നും നിന്നെ സൃഷ്‌ടിച്ചവന്റെ നാമത്തില്‍ നീ വായിക്കുക'' (96:2) എന്ന വചനമാണ്‌ ഹിറാ ഗുഹയില്‍ രണ്ടാമത്തെ വചനമായി മുഴങ്ങിയത്‌. ഗര്‍ഭാശയലോകത്തെ ബീജസങ്കലനം, ഭ്രൂണം, സിക്താണ്ഡം എന്നീ പരിണാമ ഘട്ടങ്ങളെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞത്‌ ആധുനിക ലോകത്തുള്ളവര്‍ക്കാണ്‌. ആറാംനൂറ്റാണ്ടിലെ പ്രവാചകനോ മറ്റാര്‍ക്കെങ്കിലുമോ അതിനെക്കുറിച്ച്‌ വൈജ്ഞാനിക അറിവ്‌ ലഭിച്ചിരുന്നില്ല. എന്നിട്ടും വായിക്കാന്‍ വേണ്ടി അല്ലാഹു നിര്‍ദേശിച്ച വിഷയം മനുഷ്യന്റെ ഭ്രൂണാവസ്ഥയെക്കുറിച്ചാണെങ്കില്‍ അല്ലാഹു നിര്‍ദേശിക്കുന്ന വായന അക്ഷരക്കൂട്ടങ്ങള്‍ വായിച്ചെടുക്കലില്‍ പരിമിതമല്ല എന്നാണ്‌ വ്യക്തമാകുന്നത്‌. സ്വന്തത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചും വായിക്കാനാണ്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്‌. ഇതിന്‌ അക്ഷരക്കൂട്ടങ്ങള്‍ അനിവാര്യമല്ല. നിരക്ഷരനും അക്ഷരം കാണാന്‍ കഴിയാത്ത അന്ധനും (ബ്രെയിലി ലിപി വരുന്നതിന്‌ മുമ്പ്‌) ഒരുപോലെ സാധ്യമാവുന്നതാണ്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന വായന.
പ്രമുഖ ചിന്തകനായ ഇമാം ഗസ്സാലി(റ) പ്രപഞ്ചത്തിലെ ഓരോ വസ്‌തുവിനെയും ഓരോ അക്ഷരങ്ങളായി നിരീക്ഷിക്കുന്നുണ്ട്‌. അക്ഷരങ്ങള്‍ ചേര്‍ന്ന്‌ അര്‍ഥമുണ്ടാകുന്നു. അതുപോലെ പ്രപഞ്ചത്തിലെ കോടിക്കണക്കിന്‌ അക്ഷരങ്ങള്‍ (ദൃഷ്‌ടാന്തങ്ങള്‍) ചേര്‍ത്തു വായിക്കുമ്പോള്‍ മഹത്തായ അര്‍ഥം ലഭിക്കുന്നു. ആ അര്‍ഥം ദൃശ്യാദൃശ്യ പ്രപഞ്ചത്തെയും മറികടന്ന്‌ ആത്മനിഷ്‌ഠമായ അറിവും അനുഭവവുമായി മനുഷ്യഹൃദയങ്ങളിലേക്ക്‌ തിരിച്ചുവരും. പ്രപഞ്ച പുസ്‌തകത്തിന്റെ അത്ഭുതകരമായ ലിപി വിന്യാസം ഗ്രഹിക്കുന്നതിനുള്ള ശ്രമമാണ്‌ യഥാര്‍ഥത്തില്‍ വായന.
ഒരായിരം പേനകള്‍ കുത്തിക്കുറിച്ച പുസ്‌തക കൂമ്പാരങ്ങളില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനത്തേക്കാളുപരി ലക്ഷക്കണക്കിന്‌ പേനകള്‍ പോലെ വര്‍ത്തിക്കുന്ന പ്രാപഞ്ചിക വസ്‌തുക്കളില്‍ നിന്നും ലഭിക്കും. അവയെ വായിച്ചെടുക്കണമെന്നു മാത്രം. ഖുര്‍ആന്‍ വായനയുടെ അടിസ്ഥാനോദ്ദേശ്യമായി കാണുന്നത്‌ സ്രഷ്‌ടാവിനെ മനസ്സിലാക്കുകയും മരണാനന്തരം സ്വര്‍ഗജീവിതം കരസ്ഥമാക്കുകയുമാണ്‌. ഇവയ്‌ക്ക്‌ ആരെങ്കിലും കുറിച്ചിട്ട പുസ്‌തകങ്ങള്‍ വായിച്ചു പഠിക്കണമെന്ന്‌ പറയുന്നത്‌ അപ്രായോഗികമാണ്‌. നിരക്ഷര്‍ക്കും സ്വര്‍ഗം ലഭിക്കണമല്ലോ? സ്രഷ്‌ടാവിനെക്കുറിച്ച്‌ മനസ്സിലാക്കാന്‍ സൃഷ്‌ടികളെക്കുറിച്ച്‌ പഠിക്കുന്നതാണ്‌ ഏറ്റവും കരണീയമായി ഖുര്‍ആന്‍ കാണുന്നത്‌. ഈ വായനയാണ്‌ ഇഖ്‌റഇന്റെ പൊരുളും. പേപ്പറില്ലാത്ത ലോകത്തേക്ക്‌ കുതിക്കുകയാണിന്ന്‌ ലോകം. പേപ്പറും പേനയുമില്ലാത്ത ലോകം സങ്കല്‌പാതീതമാണെങ്കിലും വിവരസാങ്കേതിക വിദ്യയുടെ അഭൂതവളര്‍ച്ച ലോകത്തെ കൊണ്ടുപോകുന്നതവിടേക്കാണ്‌. ആ നാളുകളിലും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന ഇഖ്‌റഇന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടാന്‍ കഴിയുകയില്ല.
വായന എങ്ങനെ?
മനുഷ്യന്‍ ഇന്ദ്രിയങ്ങളുപയോഗിച്ചുകൊണ്ടാണ്‌ അറിവ്‌ ആര്‍ജിക്കുന്നത്‌. അറിവിന്റെ ആദ്യാക്ഷരമായ വായനയ്‌ക്കും നാം ഇന്ദ്രിയങ്ങളുപയോഗിക്കുന്നുണ്ട്‌. വായനയ്‌ക്കുപയോഗിക്കേണ്ട ഇന്ദ്രിയങ്ങളേതൊക്കെയെന്ന്‌ നിര്‍ദേശിക്കുന്നത്‌ കാണാം. കേള്‍വിയും കാഴ്‌ചയും ചിന്താശേഷിയുമുപയോഗിച്ചുകൊണ്ടുള്ള ഗൗരവ വായനയാണ്‌ മതം ആവശ്യപ്പെടുന്നത്‌. പരലോകത്തു വെച്ച്‌ ഈ മൂന്ന്‌ ശേഷികളും വിചാരണയ്‌ക്കു വിധേയമാക്കുമെന്ന്‌ ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌: `നിനക്കറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ നീ പോകരുത്‌. തീര്‍ച്ച; കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവയെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌'' (17:36). മനസ്സാന്നിധ്യമില്ലാത്ത, കാര്യഗ്രഹണത്തിനു കഴിയാത്ത ഉപരിപ്ലവ വായനയില്‍ മുഴുകുന്നവരും കുറ്റകരമായ സമീപനമാണ്‌ പുലര്‍ത്തുന്നതെന്ന്‌ ഈ വിശുദ്ധ വചനങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും.
സംഅ്‌ (കേള്‍വി), ബസ്വറ്‌ (കാഴ്‌ച), ഫുആദ്‌ (ചിന്ത) എന്നീ മൂന്നു പദങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിച്ചത്‌ കേവല കേള്‍വിയും കാഴ്‌ചയും ചിന്താശേഷിയും ഉദ്ദേശിച്ചല്ല. കൂടുതല്‍ ആഴത്തിലുള്ള അര്‍ഥതലങ്ങളാണിതിനുള്ളത്‌. സംഅ്‌ എന്നത്‌ മറ്റുള്ളവര്‍ ആര്‍ജിച്ച അറിവുകളും വിവരങ്ങളും ശേഖരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനും ബസ്വറ്‌ എന്നാല്‍ നിരീക്ഷണത്തിലൂടെ സ്വയം വിജ്ഞാനമാര്‍ജിക്കുകയും, നേടിയ അറിവുകളില്‍ നിന്നും ഫലങ്ങള്‍ നിര്‍ധാരണം ചെയ്യുകയുമാണെന്ന്‌ നിരീക്ഷിച്ച ആധുനിക പഠനങ്ങളുണ്ട്‌. ഈ മൂന്ന്‌ പ്രക്രിയകളും ഒരുമിച്ച്‌ ചേരുമ്പോഴാകുന്നു വായന പൂര്‍ണമാകുന്നത്‌. ഇത്തരം വായനയിലൂടെ ആര്‍ജിച്ചെടുക്കുന്ന വിജ്ഞാനമാണ്‌ മതം വിഭാവന ചെയ്യുന്ന വിജ്ഞാനം. അതുകൊണ്ടാണ്‌ `അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാവുകയില്ല'' (39:9), ``സത്യവിശ്വാസം ഉള്‍ക്കൊണ്ടവരെയും വിജ്ഞാനം നല്‌കപ്പെട്ടവരെയും അല്ലാഹു ഉന്നത പദങ്ങളിലുയര്‍ത്തും'' (58:11) എന്നെല്ലാം ഖുര്‍ആന്‍ പ്രഖ്യാപിച്ചത്‌. ``അറിവില്ലാത്തവനെക്കാള്‍ അറിവുള്ളവന്റെ ശ്രേഷ്‌ഠത പൗര്‍ണമി രാവിലെ ചന്ദ്രന്‌ മറ്റെല്ലാ ആകാശഗോളങ്ങളേക്കാളുമുള്ള ശ്രേഷ്‌ഠത പോലെയാണ്‌'' എന്ന്‌ പ്രവാചകന്‍(സ) പറഞ്ഞതും പ്രസ്‌താവ്യമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ``വിജ്ഞാനാന്വേഷണം ഓരോ മുസ്‌ലിം പുരുഷന്റെയും മുസ്‌ലിം സ്‌ത്രീകളുടെയും നിര്‍ബന്ധ കടമയാണ്‌'' എന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചതും.
വായനയും ഖുര്‍ആന്‍ വായനയും
സംഉം ബസറും ഫുആദുമടങ്ങിയ ശക്തിത്രയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നടത്തുന്ന വായനയ്‌ക്ക്‌ `തദബുര്‍' `തദക്കുര്‍' എന്നീ പ്രയോഗങ്ങളാണ്‌ ഖുര്‍ആന്‍ നല്‌കിയിരിക്കുന്നത്‌. ഈ രണ്ടു പ്രയോഗവും മനസ്സാന്നിധ്യമുള്ളതും ആഴമേറിയതുമായ ഗൗരവ വായനയാണ്‌ ആവശ്യപ്പെടുന്നത്‌. ഖുര്‍ആന്‍ ഈ രീതിയില്‍ പഠിക്കാന്‍ തയ്യാറുണ്ടോ? (അഫലാ യതദബറൂനല്‍ ഖുര്‍ആന്‍ -47:24) എന്നാണ്‌ ഖുര്‍ആനിന്റെ ചോദ്യം. ഈ ചോദ്യത്തിലൂടെ ഖുര്‍ആന്‍ വായനയുടെ രീതിശാസ്‌ത്രം കൂടിയാണ്‌ ഖുര്‍ആന്‍ ഉന്നയിക്കുന്നത്‌. ഖുര്‍ആന്‍ വായിക്കുന്നില്ലേ? എന്ന ചോദ്യം കേള്‍വിക്കാരനിലുണ്ടാക്കുന്ന പ്രതിധ്വനിയെക്കാള്‍ ശക്തവും ഗാഢവുമാണ്‌ തദബുര്‍ എന്ന വാക്ക്‌ സൃഷ്‌ടിക്കുന്നത്‌. വായനയുടെ ഏറ്റവും മൂര്‍ത്തമായ അനുഭവത്തെയാണ്‌ ഈ പ്രയോഗം കുറിക്കുന്നത്‌. അറിവോ ആസ്വാദനമോ സാധ്യമാക്കുക എന്നതിലുപരി തിരിച്ചറിവ്‌ നേടുന്നതായിരിക്കണം ഖുര്‍ആന്‍ വായന. പ്രപഞ്ചത്തിലെ ഓരോ വസ്‌തുവും ദൈവത്തെ കണ്ടെത്താനുതകുന്ന ആയത്തുകള്‍ (ദൃഷ്‌ടാന്തങ്ങള്‍) ആകുന്നു. ഖുര്‍ആനിലെ ഓരോ വചനത്തിനും ആയത്തുകള്‍ എന്നുതന്നെയാണ്‌ ഖുര്‍ആനിന്റെ പ്രയോഗം. പ്രാപഞ്ചിക ദൃഷ്‌ടാന്തങ്ങളെക്കുറിച്ച്‌ എങ്ങനെ പഠിച്ചാലാണോ അവ ആയത്തുകളാണെന്ന്‌ ബോധ്യപ്പെടുക അതേരീതിയില്‍ ഖുര്‍ആനിന്റെ ഓരോ വചനങ്ങളും പഠനവിധേയമാക്കുമ്പോഴാണ്‌ അതും ആയത്തുകളായി അനുഭവപ്പെടുകയുള്ളൂ.
പണ്ഡിതന്മാര്‍ക്കുപോലും ഖുര്‍ആന്‍ വായനയില്‍ ബസറും ഫുആദും നഷ്‌ടപ്പെട്ടതിന്റെ നേര്‍ക്കാഴ്‌ചകള്‍ ഇന്ന്‌ മുസ്‌ലിം ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഈണവും സ്വരമാധുരിയും നിലനിര്‍ത്തിക്കൊണ്ട്‌ ഖുര്‍ആന്‍ വായനയെ ഓത്തില്‍ ഒതുക്കുന്നവരാണ്‌ ഒരു വിഭാഗം പണ്ഡിതന്മാര്‍. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന വായനയുടെ ഓരത്തുപോലും ഇവരെത്തുന്നില്ല. മറ്റൊരു വിഭാഗമാകട്ടെ, അവരുടെ ഖുര്‍ആന്‍ വായനയെ സംഇല്‍ മാത്രമൊതുക്കുകയാണ്‌. പൗരാണിക ഖുര്‍ആന്‍ പണ്ഡിതന്മാരുടെ ഏതാനും തഫ്‌സീറുകള്‍ വായിച്ചുകഴിഞ്ഞാല്‍ ഖുര്‍ആന്‍ വായനയും പഠനവും പൂര്‍ണമായെന്നു കരുതുന്നവരാണിവര്‍. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന കര്‍മശാസ്‌ത്രതലങ്ങള്‍ മനസ്സിലാക്കാന്‍ ഇതുകൊണ്ട്‌ കഴിയുമെങ്കിലും ആയത്തുകള്‍ക്കു പിന്നിലെ യുക്തിതലവും ശാസ്‌ത്രീയ മാനവും വായിച്ചെടുക്കല്‍ അവര്‍ക്ക്‌ അസാധ്യമായിത്തീരുന്നു. ഇമാം റാസി, റശീദ്‌ രിദ്വാ തുടങ്ങിയ ഖുര്‍ആന്‍ പണ്ഡിതര്‍ വ്യത്യസ്‌തരാകുന്നതും അവരുടെ ഖുര്‍ആന്‍ വായനയില്‍ സംഉം ബസറും ഉള്‍ച്ചേരുന്നതുകൊണ്ടാകുന്നു. ഖുര്‍ആന്‍ ഉദ്ധരിക്കുന്ന സാമൂഹിക-ചരിത്ര-ശാസ്‌ത്രീയ പരാമര്‍ശങ്ങളടങ്ങിയ വചനങ്ങള്‍ ആധുനിക വിജ്ഞാന സങ്കേതങ്ങളുപയോഗിച്ച്‌ വായിക്കാന്‍ സാധ്യമായാല്‍ മാത്രമേ ഖുര്‍ആന്‍ വായന ഉന്നത നിലവാരം കൈവരിക്കുകയുള്ളൂ. ഇതിന്‌ ഖുര്‍ആനിക-ഭൗതിക വിജ്ഞാനങ്ങളില്‍ അവഗാഹം കൂടിയേ തീരൂ.
വായന എന്തിന്‌?
വായനയ്‌ക്ക്‌ പ്രധാനമായും രണ്ട്‌ അടിസ്ഥാനങ്ങളാണുള്ളത്‌. ഒന്ന്‌: പ്രവാചകന്‍ മുഖേന അല്ലാഹു നല്‌കുന്ന വഹ്‌യ്‌ (ദിവ്യബോധനം). വേദഗ്രന്ഥങ്ങളും പ്രവാചകോപദേശങ്ങളും മനുഷ്യാരംഭം മുതല്‍ തന്നെ മനുഷ്യലോകത്തിന്‌ അല്ലാഹു നല്‌കിയിട്ടുണ്ട്‌. ലോകത്തിനു നല്‌കിയ വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ഖുര്‍ആനാണ്‌ ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്‌ വഹ്‌യായി അവശേഷിപ്പിക്കുന്നത്‌. രണ്ട്‌: അക്ഷരലോകവും പ്രപഞ്ചവായനയും.
പദാര്‍ഥലോകത്തെ വായനാ സാമഗ്രികള്‍ ബുദ്ധിശക്തിയുപയോഗിച്ച്‌ വായിച്ചുതീര്‍ത്താലും ബുദ്ധിക്ക്‌ പിടികിട്ടാത്ത ചില സമസ്യകളുണ്ട്‌. അവയ്‌ക്ക്‌ പരിഹാരം വേണമെന്നാണാവശ്യപ്പെടുന്നത്‌ മനുഷ്യബുദ്ധി തന്നെയാണ്‌. പ്രപഞ്ചോല്‌പത്തി, മനുഷ്യോല്‌പത്തി, മരണം, മരണാനന്തരം തുടങ്ങിയ ഒട്ടേറെ സമസ്യകള്‍ മനുഷ്യബുദ്ധിക്ക്‌ അപ്രാപ്യമായി തുടരുകയാണ്‌. ഈ ബൗദ്ധിക പ്രതിസന്ധിക്ക്‌ പരിഹാരമാണ്‌ വായന. ഭൗതിക പ്രപഞ്ചവും വഹ്‌യും ഒരുമിച്ച്‌ വായനയ്‌ക്ക്‌ വിധേയമാക്കുന്നവര്‍ക്ക്‌ ബൗദ്ധിക പ്രതിസന്ധി അനുഭവിക്കേണ്ടി വരികയില്ല. ബൗദ്ധിക-ആത്മീയ സംതൃപ്‌തി കൈവരിക്കാന്‍ അവര്‍ക്ക്‌ കഴിയും. കേവലം പദാര്‍ഥ ലോകത്തെ മാത്രം രാപ്പകല്‍ വായിച്ചെടുത്താലും സംതൃപ്‌തി ലഭിക്കുകയില്ല. അതുകൊണ്ടാണ്‌ ഉന്നത ശാസ്‌ത്രജ്ഞന്മാരും മറ്റും ആത്മഹത്യയിലഭയം തേടുന്നത്‌.
പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം ഇരുന്നൂറ്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മുസ്‌ലിംലോകം പുതിയ കണ്ടെത്തലുകളുടെയും ആശയങ്ങളുടെയും മേഖലയില്‍ മുന്നേ നടക്കുന്നവരായിത്തീര്‍ന്നിരുന്നു. ശാസ്‌ത്രത്തിന്റെയും ഗണിതശാസ്‌ത്രത്തിന്റെയും മേഖലയിലും അവരുടെ ഗവേഷണങ്ങളും പഠനങ്ങളും പുതിയ അറിവുകള്‍ ലോകത്തിനു നല്‌കി. ജന്തുശാസ്‌ത്രത്തിലും വൈദ്യശാസ്‌ത്രത്തിലും ഊര്‍ജതന്ത്രത്തിലും മുസ്‌ലിംകള്‍ അതുല്യമായ നേട്ടങ്ങള്‍ക്കുടമകളായിത്തീര്‍ന്നു. എന്തുകൊണ്ടാണ്‌ ശാസ്‌ത്രമേഖലയില്‍ യാതൊരു പാരമ്പര്യവുമില്ലാത്ത, പുതുതായി ഉയര്‍ന്നുവരുന്ന ഒരു മതസമൂഹം (ഇസ്‌ലാമിക സമൂഹം) നാഗരികതയുടെയും ശാസ്‌ത്രത്തിന്റെയും പ്രകാശഗോപുരങ്ങളായത്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌. മനുഷ്യനെയും അവന്റെ ശരീരഘടനയെയും പരിസ്ഥിതിയെയും ലോകത്തെയും അറിയാനുള്ള ഖുര്‍ആനിന്റെ ആഹ്വാനം വായിച്ചെടുത്തതാണ്‌ അവര്‍ക്ക്‌ ഊര്‍ജമായി വര്‍ത്തിച്ചതെന്ന്‌ തീര്‍ത്തുപറയാം.
അല്‍ബീറൂനിക്കും ഇബ്‌നുഹൈതമിക്കും റാസിയ്‌ക്കും ഇബ്‌നുസീനയ്‌ക്കും ഇബ്‌നു റുശ്‌ദിനും ഉമര്‍ ഖയ്യാമിനും വെളിച്ചമായത്‌ വഹ്‌യ്‌ വായനയായിരുന്നു. വായന എന്തിന്‌ എന്നതിനുള്ള ഒരു ഉത്തരം കൂടിയാണ്‌ പ്രോജ്ജ്വലിച്ചു നില്‌ക്കുന്ന ഈ പണ്ഡിതലോകം. ആധുനിക ലോകത്തെ മുസ്‌ലിംകള്‍ എന്തുകൊണ്ട്‌ ഈ മേഖലയില്‍ നിന്ന്‌ പിന്നാക്കം പോയി എന്ന ചോദ്യവും പ്രസക്തമാണ്‌. വഹ്‌യ്‌ വായനയിലൂടെ ഊര്‍ജമാര്‍ജിക്കുന്നതിനു പകരം പാശ്ചാത്യ വിജ്ഞാനങ്ങള്‍ വാരിപ്പുണരാനുള്ള വെമ്പലാണ്‌ നിലവിലെ പിന്നാക്കത്തിന്‌ നിമിത്തമായ പ്രധാന ഘടകങ്ങളിലൊന്ന്‌ എന്നതൊരു വസ്‌തുതയാണ്‌. അതിലൂടെ അവരുടെ അടുത്തെത്താന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ വെളിപ്പെടുത്തിയ ശാസ്‌ത്രീയ സത്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും കഴിയുന്നില്ല എന്ന ദുരവസ്ഥയാണുള്ളത്‌.
വായനയിലൂടെ തള്ളേണ്ടതും കൊള്ളേണ്ടതും തിരിച്ചറിവിലൂടെ ബോധ്യപ്പെടുത്താനാകുന്നു ഇസ്‌ലാം പ്രേരിപ്പിക്കുന്നത്‌. വിജ്ഞാന കൂമ്പാരങ്ങളേറ്റി നടക്കുന്ന തലച്ചോറിനു പകരം ആത്മീയോന്നതിയിലേക്കെത്തിക്കുന്ന ജ്ഞാനമാര്‍ജിക്കുന്നതിനു വേണ്ടിയാകണം വായന. ഖുര്‍ആനിന്റെ പ്രഖ്യാപനം ഇങ്ങനെ വായിക്കാം: ``അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്‌പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുത്തുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്‌മരിക്കുന്നതിനായി വിനീതമാകുകയും ചെയ്യുന്നു'' (39:23). ഐഹിക ജീവിതാഭിവൃദ്ധിക്കൊപ്പം പാരത്രിക ജീവിതസുരക്ഷ കൂടി ഉറപ്പുവരുത്താന്‍ വായന കൂടിയേ തീരൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: