മാവോയിസ്റ്റ് തീവ്രവാദം: ഭരണകൂടം നിസ്സംഗമാവുന്നതെന്തുകൊണ്ട്?
കെ പി ഖാലിദ്
കായികബലവും ആയുധബലവുമുള്ള സുസജ്ജരായ പതിനായിരക്കണക്കിന് പോരാളികള്‍. അവര്‍ക്കുള്ള പരിശീലനക്കളരികള്‍! സൈനിക ദളങ്ങളെ ബുദ്ധിപൂര്‍വം ഗറില്ലാ രീതിയില്‍ നയിക്കുന്ന കമാണ്ടര്‍മാര്‍. സ്വന്തം നികുതിസംഭരണ രീതികള്‍; വേതന വിതരണ ശൃംഖലകള്‍; രാഷ്‌ട്രീയ പഠനസമിതികള്‍, ചികിത്സാ സൗകര്യങ്ങള്‍! പതിനായിരം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ വനമേഖലയില്‍ ഭരണകൂടത്തിന്റെ ഒരു സൈനിക വിഭാഗവും എത്തിനോക്കാന്‍ പോലും ഭയപ്പെടുന്ന 170-തില്‍ പരം ജില്ലകള്‍. ഈ മാവോയിസ്റ്റ് ഭൂപടമേഖലയില്‍ വിഹരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെക്കുറിച്ച് അറിയണമെങ്കില്‍ ഇനിയുമുണ്ട് വിശേഷങ്ങളേറെ!
ലോകത്തിലെ അഞ്ചാം സാമ്പത്തിക ശേഷി എന്ന വിശേഷണത്തിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപം നടത്തപ്പെട്ടിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ (special economic zone -SEZ) പലതും ഈ മാവോയിസ്റ്റ് ഭൂപടത്തിനകത്താണ്. ആശങ്കയുടെ മുള്‍മുനയില്‍ ഒരു സാമ്പത്തിക ഘടന കിടന്ന് ഞെരിപിരി കൊള്ളുമ്പോഴും ദില്ലിയില മേലാളന്മാര്‍ക്ക് കുലുക്കമില്ല. പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റും മകനുമടക്കം കഴിഞ്ഞ മെയ് 25-ന് ദണ്ഡകാരണ്യ വനത്തിലെ ദര്‍ഭാമേഖലയില്‍ മറ്റ് 23 പേര്‍ക്കൊപ്പം മുയലുകളെപ്പോലെ വേട്ടയാടപ്പെട്ടിട്ടും സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിനു പോലും കുലുക്കമില്ല.
എന്തുകൊണ്ടാണിങ്ങനെ? ശ്രീലങ്കയിലെ കിള്ളിനോച്ചിയിലും ജാഫ്‌നയിലുമൊക്കെ വേലുപ്പിള്ള പ്രഭാകരന്‍ സ്വന്തം കറന്‍സിയും പാസ്‌പോര്‍ട്ടും അടിച്ചിറക്കി വിലസിയ കാലത്ത് ശ്രീലങ്കയിലെ ഭരണാധികാരികള്‍ കാണിച്ച അതേ നിസ്സംഗത. അതാണ് രാജ്യതന്ത്രമെന്നു പറയുന്ന രാഷ്‌ട്രീയം. ഇന്ത്യക്കാരനെയും ശ്രീലങ്കക്കാരനെയുമൊക്കെ രാജ്യതന്ത്രം പഠിപ്പിച്ചത് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിനും ജോര്‍ജ് വാഷിംഗ്‌ടണുമൊന്നുമല്ല. മറിച്ച് കൗടില്യനാണ്. ചാരത്തില്‍ നിന്നും ചന്ദ്രഗുപ്‌ത മൗര്യനെ ചക്രവര്‍ത്തിയാക്കിയ വിഖ്യാതനായ ചാണക്യന്‍. അതുകൊണ്ടു തന്നെ ചിലപ്പോള്‍ ശത്രുവിന്റെ ശത്രു നമുക്ക് മിത്രമാവും. മാവോയിസ്റ്റുകള്‍ക്കും അതുപോലെ തന്നെ. ഇതു മനസ്സിലാകണമെങ്കില്‍ മാവോയിസ്റ്റ് ആചാര്യനായ കോട്ടേശ്വര റാവു എന്ന കിഷന്‍ജി ഇസ്‌ലാമിക തീവ്രവാദത്തെ നിര്‍വചിച്ചതെങ്ങനെ എന്നറിഞ്ഞാല്‍ മതി: ``ആഗോളതലത്തില്‍ അഫ്‌ഗാനിസ്ഥാനിലും കശ്‌മീരിലുമുള്‍പ്പെടെ ഉയര്‍ന്നുവരുന്ന ഇസ്‌ലാമിക ജാഗരണം നമുക്കെതിരല്ല. അതു വളരണമെന്ന് നാം ആഗ്രഹിക്കുന്നു. കാരണം അത് നടത്തുന്നത് നവകൊളോണിയല്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ്.''
എന്താണ് നക്‌സല്‍ബാരി?
1967 മെയില്‍ പശ്ചിമബംഗാളിലെ നക്‌സല്‍ ബാരി എന്ന ഗ്രാമത്തിലെ കര്‍ഷകരും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണകൂടത്തിനെതിരെ സായുധ സമരം ആരംഭിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ വറവുചട്ടികളില്‍ വേവുന്ന നാളുകളില്‍ മാവോ സേതൂങ് ആരാണെന്നറിഞ്ഞില്ലെങ്കിലും ജീവിക്കണമെന്ന് കൊതി തോന്നിയ തീരെച്ചെറിയ മനുഷ്യര്‍ ചാരു മജൂംദാര്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വാക്കുകള്‍ കേട്ടിറങ്ങിയത് ഭൂമിയിലെ സ്വര്‍ഗം നേടിയെടുക്കാനായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ബയണറ്റുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന അനേകം ജീവനുകള്‍ തത്വദീക്ഷ കുറഞ്ഞ ഒരു പ്രത്യയശാസ്‌ത്രത്തിന്റെ പ്രത്യക്ഷ രക്തസാക്ഷികളായി മാറി. എന്നാല്‍ ചാരു മജൂംദാറും നക്‌സല്‍ബാരികളും ബാക്കിവന്ന നെരിപ്പോടുകളുമായി ഊരുകളിലേക്കിറങ്ങി. എന്നാല്‍ വിപ്ലവം തോക്കിന്‍കുഴലിലൂടെ എന്നാര്‍ത്തുവിളിച്ച കുറേ മനുഷ്യര്‍ തോക്കിന്‍ കുഴലിലവസാനിച്ചു. ഏതോ പൊലീസ് ലോക്കപ്പില്‍ ചാരുമജൂംദാറിന്റെ ജീവനുമൊടുങ്ങി.
ഛിന്നഭിന്നമായ നക്‌സല്‍ബാരികള്‍ എന്നറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റുകാര്‍ പതുക്കെപ്പതുക്കെ വീണ്ടും വളരുകയായിരുന്നു. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആന്ധ്രാപ്രദേശിലും ബീഹാറിലും വ്യത്യസ്‌തങ്ങളായ ഗ്രൂപ്പുകളായി ഇവര്‍ വളര്‍ന്നു. ചൈനയുടെ സഹായത്തോടെ നേപ്പാളില്‍ വളര്‍ന്ന മാവോയിസ്റ്റുകള്‍ ആശയപരമായും സായുധമായും ഇവരെ സഹായിച്ചു. ജമീന്ദാര്‍മാരും നേതാക്കളും കര്‍ഷകരെയും ഗോത്രവര്‍ഗക്കാരെയും ആദിവാസികളെയും കടുത്ത അക്രമത്തിനും പീഡനത്തിനും വിധേയരാക്കുകയും കൃഷിഭൂമി തട്ടിയെടുക്കുകയും ചെയ്‌തിരുന്ന അശാന്തമായ വന-കാര്‍ഷിക മേഖലകള്‍ മാവോയിസ്റ്റുകള്‍ക്ക് വളക്കൂറുള്ള മണ്ണായിത്തീര്‍ന്നു. നേപ്പാള്‍ മുതല്‍ ആന്ധ്രയിലെ വാറങ്കല്‍ വരെ നക്‌സല്‍ കോറിഡോര്‍ തന്നെ രൂപപ്പെട്ടു.
1947-ല്‍ ഇന്ത്യക്കു കിട്ടിയത് സ്വാതന്ത്ര്യമല്ലെന്നും ഇംഗ്ലീഷുകാരില്‍ നിന്നും ഇന്ത്യയിലെ ധനികരിലേക്കും മേലാളന്മാരിലേക്കുമുള്ള അധികാരക്കൈമാറ്റം മാത്രമാണെന്നുമാണ് മാവോയിസ്റ്റുകള്‍ വിശ്വസിക്കുന്നതും അനുയായികളെ പഠിപ്പിക്കുന്നതും. പൂര്‍ണ അര്‍ഥത്തിലുള്ള ഒരു ജനകീയ സോഷ്യലിസ്റ്റ് വിപ്ലവമാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സേതൂങ് പഠിപ്പിച്ച ആശയങ്ങളെയാണ് താത്വികമായ ബലത്തിനായി മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകള്‍ ആശ്രയിക്കുന്നത്. ആന്ധ്രയില്‍ ഇവര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പായും ബീഹാര്‍ ഝാര്‍ഖണ്ഡില്‍ ഇത് മാവോയിസ്റ്റ് കണ്യൂണിസ്റ്റ് സെന്ററുമായും പ്രവര്‍ത്തിച്ചുവരവെ 2004 സപ്‌തംബര്‍ 21-ന് ഈ രണ്ടു പ്രബല ഗ്രൂപ്പുകളും ലയിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ (മാവോയിസ്റ്റ്) രൂപീകരിക്കുകയും ചെയ്‌തു.
മാവോയിസ്റ്റുകളുടെ ലക്ഷ്യം
ലയനത്തിനു ശേഷമുള്ള നക്‌സലുകള്‍ വളരെ ശക്തരും ആക്രമണകാരികളുമായിരുന്നു. നിരവധി ഓപ്പറേഷനുകള്‍ വിജയകരമായി ഇവര്‍ നടത്തി. ട്രെയിന്‍ അട്ടിമറി മുതല്‍ ജയില്‍ തകര്‍ക്കല്‍ വരെ നീളുന്ന കൊടിയ അക്രമങ്ങളില്‍ ജീവന്‍ പൊലിഞ്ഞ കേന്ദ്ര റിസര്‍വ് പൊലീസുകാരുടെ എണ്ണം നിരവധി! 2008-ല്‍ ഒറീസയിലെ നിര്‍മാണത്തിലിരുന്ന ജയിലുള്‍പ്പെടെ ബീഹാറിലെ ബേയൂര്‍, സാസാര മോതിഹാരി എന്നീ ജയിലുകളും ഇവര്‍ തകര്‍ത്തു.
ത്രിതല മൂര്‍ച്ചയുള്ള പദ്ധതിയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. 1). മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ്, മാവോയിസ്റ്റ് പ്രത്യയശാസ്‌ത്രത്തിലൂന്നിയ ശക്തമായ ഒരു വിപ്ലവസംഘടന. 2). അച്ചടക്കമുള്ള ശക്തവും സുസജ്ജവുമായ ഒരു പീപ്പിള്‍സ് ആര്‍മി. കൃഷിഭൂമി നഷ്‌ടപ്പെട്ട കര്‍ഷകരും ജീവിക്കാന്‍ പാടുപെടുന്ന ദരിദ്രതൊഴിലാളികളും ചേര്‍ന്ന ജനകീയവിപ്ലവ പരിപാടിയിലൂടെ ഇത് രൂപപ്പെടും. 3). മേല്‍പ്പറഞ്ഞ വിഭാഗങ്ങളെയൊക്കെ ചേര്‍ത്ത് നടത്തുന്ന രാഷ്‌ട്രീയ മുന്നേറ്റത്തിലൂടെ ഭരണാധികാരം കൊയ്‌തെടുക്കുക എന്ന പ്രക്രിയ.
ഇന്ത്യയെന്ന ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനോടുള്ള യുദ്ധപ്രഖ്യാപനമാണ് സത്യത്തില്‍ ഈ പ്രഖ്യാപനത്തിലൂടെ മാവോയിസ്റ്റുകള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ വിദേശനിക്ഷേപങ്ങളും സാമ്രാജ്യത്വത്തിന്റെ പുതിയ കൊളോണിയല്‍ അധിനിവേശമായാണ് മാവോയിസ്റ്റുകള്‍ കാണുന്നത്. മാവോയുടെ നാടായ ചൈനയിലാകട്ടെ, വിദേശനിക്ഷേപം കമ്യൂണിസത്തിന്റെ ജീവവായുവാണിന്ന് എന്നതു വേറെ കാര്യം!
ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റമായിരുന്ന പ്രത്യേക സാമ്പത്തിക മേഖലകളെ (സെസ്സ്) വിദേശ ബൂര്‍ഷ്വാസിയുടെ ഏറ്റവും വലിയ അധിനിവേശ വിജയമായാണ് മാവോയിസ്റ്റ് പ്രസ്ഥാനം കാണുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം മേഖലകളധികവും നക്‌സല്‍ നിയന്ത്രിത പ്രദേശങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു.
അന്ധമായ വികസനസ്വപ്‌നങ്ങളും ലക്ഷ്യബോധമില്ലാത്ത കൃഷിഭൂമിയുടെ ഏറ്റെടുക്കലും മുഖേന പതിനായിരക്കണക്കിന് കര്‍ഷകരാണ് സെസ്സിലൂടെ തൊഴില്‍ രഹിതരായത്. സി പി എം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നന്ദിഗ്രാം പോലുള്ള പ്രദേശങ്ങളിലെ കര്‍ഷകരെ ചവിട്ടിമെതിച്ചപ്പോള്‍ പച്ചപിടിച്ചത് മാവോയിസ്റ്റ് ചുവപ്പ് തത്വങ്ങളായിരുന്നു. നിരാലംബര്‍ക്കു വേണ്ടി വാദിക്കുന്ന തോക്കേന്തിയവര്‍ പാവങ്ങള്‍ക്ക് രക്ഷകരായി ഭവിക്കാന്‍ വലിയ നേരം വേണ്ടിവന്നില്ല.
മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ്സുകള്‍
ഹിന്ദുസ്ഥാന്‍ ടൈംസ് ഒരിക്കല്‍ ഇന്ത്യന്‍ ഡിഫന്‍സ് ബുക്കിലെ ഒരു കണക്ക് ഉദ്ധരിക്കുകയുണ്ടായി. ഝാര്‍ഖണ്ഡില്‍ മാത്രം മാവോയിസ്‌റ്റുകള്‍ക്ക് 320 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുണ്ട് എന്നതായിരുന്നു അത്! ഇന്ത്യയില്‍ ഭീമന്‍ ഇരുമ്പയിര് ഉത്‌പാദനകേന്ദ്രങ്ങള്‍ മാവോയിസ്റ്റുകളുടെ പൊന്‍മുട്ടയിടുന്ന താറാവുകളാണ്. ഈ കമ്പനികളില്‍ നിന്ന് തോക്കിന്‍മുനയിലൂടെ ഇവര്‍ നികുതി പിരിക്കുന്നു. കച്ചവടം, ട്രാന്‍സ്‌പോര്‍ട്ട്, കോണ്‍ട്രാക്‌ട് -എല്ലായിടത്തും കൃത്യമായ റവന്യൂ വരുമാനമാര്‍ഗങ്ങള്‍! `പട്ടാള'ക്കാര്‍ക്കുള്ള ശമ്പളം! 170 ജില്ലകളില്‍ ഇവര്‍ പടുത്തുയര്‍ത്തിയിട്ടുള്ളത് സമാന്തരരാജ്യമാണ്. കറന്‍സിയും പാസ്‌പോര്‍ട്ടുമില്ലാത്ത രാജ്യം!
ഒരിക്കല്‍ ഖനികളില്‍ നിന്നും നികുതിപ്പണം നിര്‍ത്തിവെക്കപ്പെട്ടു. ഭരണകൂട സമ്മര്‍ദം മൂലം നടന്ന ഈ ചെറുത്തുനില്‌പിന് മാവോയിസ്റ്റുകള്‍ മറുപടി നല്‌കിയത് ബസാത്താര്‍ മേഖലയിലെ ഹൈടെന്‍ഷന്‍ വൈദ്യുതി വിതരണം തകര്‍ത്തുകൊണ്ടാണ്. ആറു ജില്ലകളില്‍ പതിനൊന്ന് ദിവസത്തേക്കാണ് വൈദ്യുതി മുടങ്ങിയത്. ദേശീയ ഖനന വികസന കോര്‍പ്പറേഷനു മാത്രം പ്രതിദിനം ഒമ്പത് കോടിയോളം നഷ്‌ടമാണ് സംഭവിച്ചത്! നികുതിപ്പണം നല്‌കുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ വ്യവസായ-വ്യാപാര മേഖലകളെ വിറങ്ങലിപ്പിച്ചുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കുന്നതിലും മാവോയിസ്റ്റുകള്‍ അഗ്രഗണ്യരാണ്. വര്‍ധിപ്പിച്ച നികുതിപ്പണമായ ഒരു ലക്ഷം രൂപ നല്‌കാത്തതിന് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ എയര്‍ടെല്ലിന്റെ ബീഹാറിലെ ധോട്ടാവാ മേഖലയിലെ സിഗ്‌നല്‍ ടവറാണ് 2008-ല്‍ ഇവര്‍ തകര്‍ത്തത്.
സാല്‍വാജൂദും
മാവോയിസ്റ്റുകള്‍ക്കെതിരെ സായുധ ആക്രമണത്തിന് ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ പിന്തുണയുള്ള മറ്റൊരു ഗോത്രവര്‍ഗ തീവ്രവാദ സംഘടനയുടെ രൂപീകരണമാണ് 2005-ല്‍ നിലവില്‍ വന്ന സാല്‍വാ ജൂദൂമിലൂടെ ഉണ്ടായത്. ഗോണ്ടി ഭാഷയില്‍ `ശുദ്ധിക്കുവേണ്ടിയുള്ള പോരാട്ടം' എന്നാണിതിനര്‍ഥം. ഗോത്രവര്‍ഗക്കാരെയും മുന്നോക്കക്കാരെയും സര്‍ക്കാര്‍ തോക്കണിയിച്ചു. ഇതിന്റെ സുത്രധാരനായിരുന്നു പിന്നീട് കോണ്‍ഗ്രസ് നേതാവായിരുന്ന മഹേന്ദ്ര കര്‍മ. ഇദ്ദേഹമാണ് മെയ് 25-ന് പി സി സി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേലിനോടൊപ്പം മാവോയിസ്റ്റാക്രമണത്തില്‍ മരിച്ചത്. അനൗദ്യോഗിക കണക്ക് പ്രകാരം സാല്‍വാജൂദൂമിന്റെ വകതിരിവില്ലാത്ത മാവോവിരോധത്തിനു പാത്രമായത് ആദിവാസികളും പാവങ്ങളുമായിരുന്നു. രണ്ടു ലക്ഷത്തോളം പേരാണത്രെ ഈ ആക്രമണങ്ങളില്‍ ഭവനരഹിതരായത്! 2011-ല്‍ സാല്‍വാജൂദൂം ഒരു സര്‍ക്കാര്‍ പ്രായോജിത തീവ്രവാദ സംഘടനയാണെന്നും ഈ വിഭാഗത്തെ ഉടന്‍ നിരായുധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഈ നിരോധനം വരെ നടന്നത് ഇരുപതിനായിരത്തോളം ജീവഹത്യകള്‍!
മാവോയിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റ്
മാവോയിസ്റ്റുകള്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍: 1). വിശാഖ പട്ടണത്തുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ബോക്‌സൈറ്റ് പദ്ധതി, 2). ഛത്തീസ്‌ഗഡിലെ ടാറ്റ, എസ്സാര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റുകള്‍. 3). പോലാവരം ജലസേചന പദ്ധതി. 4). കേന്ദ്ര ഗവണ്‍മെന്റിന്റെ റെയില്‍വേ പദ്ധതികളായ രാജ്‌ഹാര-റായ്‌ഘട്ട്- ജഗ്‌ദല്‍പൂര്‍ സെക്‌ടര്‍. 5). നിര്‍മാണത്തിലുള്ള പോസ്‌കോ സ്റ്റീല്‍ പ്ലാന്റ്. 6). റിലയന്‍സിന്റെ ഉത്തര്‍പ്രദേശിലെ വൈദ്യുതോര്‍ജ പദ്ധതികള്‍. 7). വടക്കന്‍ ബീഹാറിലെ കോസി ജലസേചന പദ്ധതികള്‍
ഇവയില്‍ ചിലത് ജനജീവിതത്തിന്റെ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന വാദം ന്യായമാണെന്നു വന്നാല്‍ പോലും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന യുദ്ധപ്രഖ്യാപനമാണ് എതിര്‍പ്പുള്ളവയെ തകര്‍ക്കുക എന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (UAPA)
മാവോയിസ്റ്റുകള്‍ക്കെതിരെയും യു പി എ സര്‍ക്കാരിന്റെ കുപ്രസിദ്ധ മനുഷ്യാവകാശ ലംഘന നിയമം പ്രയോഗിക്കുന്നുണ്ട് എന്നത് നേരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ നിരപരാധികളുടെ ജീവിതം നരകതുല്യമാക്കിയ ഈ നിയമം എന്തുകൊണ്ടാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ കാല്‍ക്കാശിനു പ്രഹരമേല്‌പിക്കാത്തത്? ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്ന ആയിരക്കണക്കിനു നിരപരാധര്‍ക്കു മാത്രം എന്തേ ഇതു ബാധകമാവുന്നു?
ഇവിടെയാണ് നേരത്തെ പറഞ്ഞ ഇന്ത്യയുടെ കൗടില്യരാഷ്‌ട്രീയം പ്രതിക്കൂട്ടിലാവുന്നത്! 1947-ലെ രാജ്യത്തിന്റെ മതപരമായ വിഭജനം ഗോള്‍വാള്‍ക്കറിന്റെ സ്വയം സേവക ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ജനിച്ച മണ്ണ് വിട്ടുപോകാന്‍ താല്‌പര്യമില്ലാതിരുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാജ്യത്തോടുള്ള പ്രതിബദ്ധത ഗോള്‍വാള്‍ക്കറിന്റെ കാലത്തും മോഹന്‍ഭാഗവതിന്റെ കാലത്തും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്! ഇന്ത്യന്‍ രാഷ്‌ട്രീയചിന്തകളെ എന്നെന്നും 1947-ലെ വിഭജനചിന്തകളില്‍ തളച്ചിടാന്‍ സംഘ് പരിവാറിനു സാധിച്ചു എന്നതാണ് നമുക്കു നേരിട്ട ഏറ്റവും വലിയ ദുരന്തം. അരാജകത്വം മൂലം ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന പാക്കിസ്‌താന്‍ എന്ന രാജ്യമാണ് തട്ടിനുമുട്ടിന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് ഇരച്ചുകയറുന്ന ശക്തരായ ചൈനയെക്കാള്‍ നമ്മുടെ ശത്രുവെന്ന് നമ്മെ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നത് വേറാരുമല്ല, ഇന്ദ്രപ്രസ്ഥത്തിലെ കാവികുടുംബത്തിലെ ബ്യൂറോക്രാറ്റുകളും മീഡിയ മാഫിയകളുമാണ്. ഇന്ത്യയിലെ ഏതെങ്കിലും മുസ്‌ലിം മേഖലകളില്‍ നാല് വാക്കത്തികളും ഇരുമ്പു ദണ്ഡുകളും കണ്ടാല്‍ ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തിലെത്തുന്ന എന്‍ ഐ എ സംഘങ്ങള്‍ എന്തേ ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളിലെ 171 ജില്ലകളില്‍ സമാന്തര ഭരണകൂടം തന്നെ സ്ഥാപിച്ച് രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റുകളെ സൗകര്യപൂര്‍വം മറന്നുകളയുന്നു? എ സി കമ്പാര്‍ട്ടുമെന്റുകളില്‍ കിടുന്നുറങ്ങുന്ന നൂറു `ബൂര്‍ഷ്വാസി'കളെ കൊല്ലാന്‍ ആയിരം പാവങ്ങള്‍ സഞ്ചരിക്കുന്ന ട്രെയിനുകളട്ടിമറിച്ചിട്ടുള്ള മാവോയിസ്റ്റുകളെന്തേ ബോംബുസ്‌ഫോടനങ്ങള്‍ വഴി നിരപരാധികളുടെ ജീവനെടുത്തിട്ടുള്ള മുസ്‌ലിം തീവ്രവാദികളേക്കാള്‍ ചെറുതാവുന്നു? ഇവരോടേറ്റുമുട്ടി ജീവന്‍ ത്യജിച്ച നൂറു കണക്കില്‍ അര്‍ധസൈനികരിലൊരാളുടെ പേരുപോലും നമുക്കെന്തേ ഓര്‍മിച്ചെടുക്കാനാവുന്നില്ല?
മാവോയിസ്റ്റുകളുടെ മൂത്ത സഹോദരങ്ങളാണല്ലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ബി ടി രണദിവെയുടെ കല്‍ക്കത്താ തിസീസിലൂടെ അഗ്നിശുദ്ധി വരുത്തി തികഞ്ഞ ജനാധിപത്യ വാദികളായി മാറിയ ഈ പാര്‍ട്ടികളിലെ ഒരു സാധാരണ പ്രവര്‍ത്തകര്‍ പോലും അബദ്ധത്തില്‍ ഒരു മാവോയിസ്റ്റായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലാകുന്നില്ല. എന്നാല്‍ പ്രതിരോധ വകുപ്പിനുവേണ്ടി ശാസ്‌ത്രഗവേഷണം നടത്തുന്ന കൗമാര പ്രായക്കാരായ മുസ്‌ലിം ചെറുപ്പക്കാര്‍പോലും സംശയത്തിന്റെ പേരില്‍ പിടിയിലാകുന്നത്, അവരും തീവ്രവാദികളും ഒരേ സമുദായത്തിന്റെ പേരിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണ്. സംഘപരിവാറിനും മേലെ ഇവിടത്തെ ജുഡീഷ്യറികള്‍ നീതി പാലിക്കുന്നതു കൊണ്ടു മാത്രമാണ് പലപ്പോഴും ഇത്തരം നിരപരാധികള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും കമ്മ്യണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റും വ്യതിരിക്തമായിക്കൊള്ളണമെന്നില്ല. വ്യത്യസ്‌ത ധ്രുവങ്ങളിലെ ആശയങ്ങളെ പ്രതിനിധീകരിച്ചാലും നമ്മുടെ നാട്ടിലെ പ്രത്യയശാസ്‌ത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നത് സംഘപരിവാരമാണ്. അവരാകട്ടെ നിഴലുകള്‍ക്കുപോലും നിറം കൊടുക്കുന്നതില്‍ ബഹുമിടുക്കരുമാണ്.
ആധുനിക മുസ്‌ലിംലോകം എന്നേ കൈയൊഴിഞ്ഞ ചിന്താശാസ്‌ത്രമാണ് തീവ്രവാദം! അതിന്റെ ജന്മം മുതല്‍ പ്രതിഭാധനരായ മുസ്‌ലിം പണ്ഡിതന്മാര്‍ അതിനെ നിരാകരിച്ചതാണ്. എന്നിട്ടു പോലും ഉസാമാ ബിന്‍ലാദന് ഒരു `മുടിപ്പള്ളി' പണിതുകളയുമോ എന്നു ഭയന്നത് അമേരിക്കയുടെ പോഴത്തം മാത്രം! അമേരിക്കക്കും എത്രയോ മുമ്പേ മുസ്‌ലിം ലോകം തീവ്രവാദ ആശയങ്ങളെ കടലില്‍ കെട്ടിത്താഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകം എന്താകുമായിരുന്നെന്ന് പ്രവചിക്കുക വയ്യ. ഭരണകൂട ഭീകരതയില്‍ കാശ്‌മീരിലെ സൈനിക ആക്രമണങ്ങളെയും മണിപ്പൂരിലെ സൈനിക പരിക്രമങ്ങളെയും ഒരേ അധര്‍മമായാണ് മുസ്‌ലിംകള്‍ കാണുന്നത്. അതിനെതിരെ ആര്‍ ഡി എക്‌സ് വച്ചുകൊണ്ട് നിരപരാധരുടെ ശരീരം ഛിന്നഭിന്നമാക്കുന്നതും അതേ അധര്‍മമാണെന്ന് കരുതുന്ന മുസ്‌ലിം ജനകോടികളുടെ നാടാണ് നമ്മുടെ ഇന്ത്യ!
എന്നാല്‍ നമ്മുടെ നീതിക്ക് കണ്ണും കൈയും വച്ചപ്പോള്‍ സ്വയം തകര്‍ന്നാലും വിവേചനത്തിന്റെ പുകമറയില്‍ തപ്പിത്തടയാനാണ് ഭരണകൂടം അതിന്റെ എക്‌സിക്യൂട്ടീവിനെ പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്തെയും അതിന്റെ സാമ്പത്തിക സാമൂഹിക രാഷ്‌ട്രീയ വ്യവസ്ഥിതിയെയും തകര്‍ക്കുമെന്ന് തുറന്നുപ്രഖ്യാപിച്ചിരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് ഇവിടെ വളരാന്‍ വളമേകുന്നത് ഭരണകൂടം പാവങ്ങളോട് കാട്ടുന്ന അനീതിയാണ്. ആ അനീതി തന്നെയാണ് ജയിലറകളിലെ നിരപരാധികളായ ന്യൂനപക്ഷ സമുദായങ്ങളും നേരിടുന്നതും. ഇവിടെയാണ് 1947-കളില്‍ നിന്നും നമ്മുടെ രാഷ്‌ട്രീയ ചിന്തകള്‍ മുന്നോട്ടു പോകണമെന്ന് നാം പറയുന്നത്. കാര്യങ്ങളെ വാസ്‌തവിക ബോധത്തോടെ കാണാന്‍ എന്നാണ് ഭരണകൂടങ്ങള്‍ക്കു കഴിയുക?
0 comments: