മരണപ്പെട്ടവരെ വിളിച്ചുതേടാന്‍ അല്‍ബഖറയില്‍ തെളിവോ?

  • Posted by Sanveer Ittoli
  • at 9:39 PM -
  • 0 comments
മരണപ്പെട്ടവരെ വിളിച്ചുതേടാന്‍ അല്‍ബഖറയില്‍ തെളിവോ?

നെല്ലുംപതിരും -

  • എ അബ്‌ദുസ്സലാം സുല്ലമി

അല്ലാഹു അല്ലാത്ത പലരെയും വിളിച്ചു പ്രാര്‍ഥിക്കുക എന്ന വ്യക്തമായ ശിര്‍ക്കിലേക്ക്‌ മുസ്‌ലിംസമൂഹത്തെ നയിക്കാനും അവരെ അന്ധവിശ്വാസങ്ങളില്‍ തളച്ചിടാനും വേണ്ടി യാഥാസ്ഥിതിക പണ്ഡിതര്‍ പല കാലങ്ങളില്‍ വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തിയിട്ടുണ്ട്‌. ഇയ്യിടെ കോടമ്പുഴയില്‍ നടന്ന സുന്നി-മുജാഹിദ്‌ സംവാദവേളയില്‍ ശിര്‍ക്കിന്‌ തെളിവായി മുസ്‌ല്യാക്കള്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം(2:104) തന്നെ ഉദാഹരണം. ഇത്‌ വിശകലനവിധേയമാക്കാം:
``ഹേ, സത്യവിശ്വാസികളെ, നിങ്ങള്‍ റാഇനാ എന്ന്‌ പറയരുത്‌. പകരം ഉന്‍ദ്വുര്‍നാ എന്ന്‌ നിങ്ങള്‍ പറയുവിന്‍. നിങ്ങള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും ചെയ്യുവീന്‍. സത്യനിഷേധികള്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.'' (അല്‍ബഖറ 104)
റാഇനാ എന്ന പദം ഉപേക്ഷിച്ച്‌ ഉന്‍ദ്വുര്‍നാ എന്ന പദത്തിലൂടെ നബി(സ)യോട്‌ ഞങ്ങളെ ശ്രദ്ധിക്കണം എന്ന്‌ പറയാന്‍ ഇവിടെ അല്ലാഹു മുസ്‌ലിംകളോട്‌ കല്‌പിക്കുകയാണ്‌. ഇത്‌ നബി(സ)യുടെ മരണശേഷവും അന്ത്യദിനം വരെയുള്ള മുസ്‌ലിംകളോടുള്ള കല്‌പനയാണ്‌. അവരെല്ലാം നബി(സ)യെ വിളിച്ച്‌ പ്രവാചകരേ, നിങ്ങള്‍ ഞങ്ങളെ ശ്രദ്ധിക്കണം. ഞങ്ങളെ സംരക്ഷിക്കണം എന്ന്‌ വളിച്ചുതേടണം. അതിനുള്ള നിര്‍ദേശമാണ്‌ ഈ സൂക്തത്തിലുള്ളത്‌. ഇങ്ങനെയാണ്‌ ദുര്‍വ്യാഖ്യാനം നടത്തിയത്‌.
മറുപടി 1: പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ നബി(സ)യിലേക്ക്‌ മടക്കാനും നബി(സ) കല്‌പിക്കുന്നത്‌ സശ്രദ്ധം കേള്‍ക്കുകയും അതിനെ അംഗീകരിച്ച്‌ ജീവിതത്തില്‍ പകര്‍ത്താനും അല്ലാത്തപക്ഷം അവര്‍ കാഫിറുകളാണെന്നും കാഫിറുകള്‍ക്ക്‌ കഠിനശിക്ഷയുണ്ടെന്നും ഈ സൂക്തത്തില്‍ തുടര്‍ന്നു പറയുന്നു. സൂക്തത്തിന്റെ ആദ്യഭാഗം നബി(സ)യുടെ മരണശേഷവും ബാധകമാണെങ്കില്‍ അവസാനഭാഗവും ബാധകമാകുന്നതാണ്‌. നിങ്ങള്‍ ഉന്‍ദ്വുര്‍നാ എന്ന്‌ പറയുക എന്ന്‌ നിര്‍ദേശിച്ചതിന്റെ ഉടനെയാണ്‌ വസ്‌മഊ (നബി പറയുന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുവിന്‍) എന്ന്‌ പറയുന്നത്‌. ആലോചിക്കുന്ന സമൂഹത്തിനു വേണ്ടി ചില പ്രശ്‌നങ്ങള്‍ അവതരിപ്പിക്കട്ടെ.
സമസ്‌തയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ്‌ ആദ്യം സംസ്ഥാനയില്‍ നിങ്ങള്‍ പിളര്‍ന്നത്‌. ഈ പ്രശ്‌നങ്ങളില്‍ പലതിലും അവര്‍ പരസ്‌പരം സംവാദങ്ങള്‍ സംഘടിപ്പിച്ചു. ഇന്നും ഈ നില തുടരുന്നു. ഇതില്‍ വല്ല പ്രശ്‌നവും ഇവര്‍ നബി(സ)യോട്‌ ചോദിച്ച്‌ നബി(സ) കല്‌പിച്ചതുപോലെ പ്രവര്‍ത്തച്ചിട്ടുണ്ടോ? ശേഷം ഇ കെ വിഭാഗവും എ പിവിഭാഗവുമായി പിളര്‍ന്നു. ഇതിന്‌ പല കാരണങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഈ പ്രശ്‌നം നബി(സ)യിലേക്ക്‌ മടക്കി നബി(സ) കല്‌പിച്ചത്‌ സശ്രദ്ധം കേട്ട്‌ ജീവിതത്തില്‍ പകര്‍ത്തിയോ? പ്രായോഗിക ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മുവഹ്‌ഹിദുകളോട്‌ ഏറ്റുമുട്ടുമ്പോള്‍ ദുര്‍വ്യാഖ്യാനത്തിനുവേണ്ടി മാത്രം ഉന്നയിക്കുന്നത്‌ ബുദ്ധിപരമല്ലല്ലോ.
ഒരു ഉദാഹരണം കൂടി നോക്കൂ. ഒരു മനുഷ്യന്‍ തന്റെ ഭാര്യയോട്‌ മൂന്ന്‌ ത്വലാഖ്‌ പിരിച്ചുവെന്ന്‌ പറയുകയുണ്ടായി. ഈ ത്വലാഖ്‌ പിരിഞ്ഞുവോ എന്ന പ്രശ്‌നം സമസ്‌തക്കാര്‍ക്കിടയില്‍ ഉണ്ടായി. മലപ്പുറത്തുവെച്ച്‌ സംവാദം വരെ നടത്തി. വസ്‌മഊ എന്ന ആയത്തില്‍ പറഞ്ഞതുപോലെ നബി(സ)യിലേക്ക്‌ ഈ പ്രശ്‌നം മടക്കി അവിടുത്തെ കല്‌പന സശ്രദ്ധം കേട്ട്‌ ജീവിതത്തില്‍ പകര്‍ത്താന്‍ നിര്‍ദേശിച്ചുവോ?
ഖുര്‍ആന്‍ പരിഭാഷ അനുവദനീയമാണോ? വെള്ളിയാഴ്‌ച ദിവസം ഖുതുബക്ക്‌ മുമ്പുള്ള പ്രസംഗം അനുവദനീയമാണോ? മൗലിദ്‌ ജാഥകള്‍, കുവൈത്ത്‌ കരാര്‍ മുതലായ ധാരാളം പ്രശ്‌നങ്ങള്‍ സമസ്‌തക്കാര്‍ക്കിടയില്‍ ഉണ്ടാക്കി. ഈ പ്രശ്‌നങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ മേല്‍പറഞ്ഞ ആയത്തില്‍ പറഞ്ഞതുപോലെ നബി(സ)യിലേക്ക്‌ മടക്കി അവിടുത്തെ കല്‌പന നിങ്ങള്‍ ശ്രദ്ധിച്ചുകേട്ടുവോ? അതോ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്കിത്‌ ബാധകമല്ലെന്നുണ്ടോ?
മറുപടി 2: നബി(സ)യുടെ മരണശേഷം നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്നോ അല്ലാതെയോ നബി(സ)യെ വിളിച്ച്‌ ഉന്‍ദ്വുര്‍നാ (താങ്കള്‍ ഞങ്ങളെ ശ്രദ്ധിക്കേണമേ) എന്ന്‌ വിളിച്ചുതേടാന്‍ ആയത്തില്‍ നിര്‍ദേശമുണ്ടെന്ന്‌ മുന്‍കഴിഞ്ഞ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും പ്രസ്‌താവിച്ചിട്ടില്ല. ഒരു സൂക്തം അവതരിപ്പിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടാകുന്നതാണ്‌. ഈ കാരണം ആയത്തിന്റെ വ്യാപകമായ (ആമ്മ്‌ ആയ) അര്‍ഥത്തെ ഇല്ലാതാക്കുന്നില്ല എന്ന്‌ ഇമാംറാസിയും തഫ്‌സീര്‍ മനാറിലും പറഞ്ഞത്‌ ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിലും പറഞ്ഞിട്ടുണ്ടെന്ന്‌ ജല്‍പിക്കുകയാണ്‌ ഖുബൂരികള്‍ ചെയ്‌തത്‌. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഒരൊറ്റ മുഫസ്സിറും ഇപ്രകാരം എഴുതിയിട്ടില്ല.
മറുപടി 3: റാഇനാ എന്ന പദത്തിന്‌ എന്നെ ശ്രദ്ധിക്കണം, സംരക്ഷിക്കണം എന്നീ അര്‍ഥങ്ങളുണ്ട്‌. പുറമെ ആട്ടിടയാ, വിഡ്‌ഢീ മുതലായ അര്‍ഥങ്ങളുമുണ്ട്‌. കൂടാതെ സംബോധകനും സംബോധിതനും ഒരേ പദവിയിലുള്ള സന്ദര്‍ഭത്തിലാണ്‌ എന്നെ ശ്രദ്ധിക്കുക എന്ന്‌ പറയുവാന്‍ ഈ പദം ഉപയോഗിക്കുക. ജൂതന്മാര്‍ നബിയെ അപമാനിക്കാനും പദവി കുറച്ച്‌ കാണിക്കാനും ദ്വയാര്‍ഥമുള്ള ഈ പദമാണ്‌ പ്രയോഗിക്കാറുള്ളത്‌. അതിനാല്‍ ദ്വയാര്‍ഥം ഇല്ലാത്തതും സംബോധിതന്‍ പദവിയില്‍ ഉന്നതനാണെങ്കില്‍ അറബി സാഹിത്യത്തില്‍ സാധാരണയായി ഉപയോഗിക്കാറുളളതുമായ ഉന്‍ദ്വുര്‍നാ എന്ന പദം പ്രയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ്‌. അപമാനിക്കുന്ന സംസാരശൈലി ഉപേക്ഷിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അനുയായികളെ ഉപദേശിക്കുകയാണ്‌. 
നബി(സ) ജീവിച്ചിരുന്ന കാലത്ത്‌ നബി(സ)യോട്‌ സംസാരിക്കുമ്പോള്‍ ശബ്‌ദം ഉയര്‍ത്തരുതെന്ന്‌ നിര്‍ദേശിച്ചതുപോലെ ദ്വയാര്‍ഥമുള്ള പദം ഉപേക്ഷിക്കാന്‍ കല്‌പിക്കുകയാണ്‌ ചെയ്യുന്നത്‌. നബി(സ)യുടെ മരണശേഷം മറ്റുള്ളവരോട്‌ നാം സംസാരിക്കുമ്പോള്‍ ഇത്തരം പദം പ്രയോഗിക്കല്‍ ഉപേക്ഷിക്കണം. ഇതാണ്‌ 2:104 സൂക്തത്തിന്റെ യഥാര്‍ഥ വിവക്ഷ.
മറുപടി 4: മരണശേഷവും നബി(സ)യെ വിളിച്ച്‌ സഹായം തേടാന്‍ ആയത്തില്‍ നിര്‍ദേശമുണ്ടെങ്കില്‍ അത്‌ മനസ്സിലാക്കാന്‍ കേരളത്തിലെ മുസ്‌ല്യാക്കളെക്കാള്‍ സാധിക്കുക സ്വഹാബിമാര്‍ക്കാണല്ലോ. നബി(സ)യുടെ മരണശേഷം വല്ല സ്വഹാബിവര്യനും നബി(സ)യെ വിളിച്ച്‌ സഹായം തേടിയത്‌ തെളിയിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. നിരവധി സ്വഹാബിമാര്‍ മരണപ്പെടുന്ന നിലക്ക്‌ യുദ്ധംപോലും അവര്‍ക്കിടയില്‍ ഉണ്ടായി. എന്നിട്ടും നബി(സ)യുടെ കല്‌പന സശ്രദ്ധം കേട്ടു. അവര്‍ പ്രശ്‌നം പരിഹരിക്കുകയുണ്ടായില്ല. മതപരമായ പല പ്രശ്‌നങ്ങളില്‍ അവര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. ഒരിക്കല്‍ പോലും നബി(സ)യോട്‌ ചോദിച്ച്‌ അവര്‍ പ്രശ്‌നം പരിഹരിക്കുകയുണ്ടായില്ല. കാരണമെന്തായിരിക്കാം? 2:104 സൂക്തത്തിന്‌ പ്രവാചകനെ അദ്ദേഹത്തിന്റെ മരണാനന്തരവും വിളിച്ചുതേടാം എന്നവര്‍ മനസ്സിലാക്കിയിട്ടില്ല.
മറുപടി 5: ഉന്‍ദ്വുര്‍നാ (ഞങ്ങളെ ശ്രദ്ധിക്കണേ) എന്ന്‌ നബി(സ)യോട്‌ നിങ്ങള്‍ പറയുവീന്‍ എന്ന്‌ നിര്‍ദേശിച്ചശേഷം വസ്‌മഊ നിങ്ങള്‍ അദ്ദേഹം പറയുന്നത്‌ സശ്രദ്ധം കേള്‍ക്കുകയും ചെയ്യുവീന്‍ എന്ന അല്ലാഹു പറയുന്നു. ഇതിന്റെ ഉദ്ദേശ്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നത്‌ കാണുക: ഇമാം റാസി(റ) എഴുതുന്നു: ``നിങ്ങളുടെ ചെവികളെ നബി(സ)യിലേക്ക്‌ നിങ്ങള്‍ തിരിക്കുവീന്‍. അങ്ങനെ നബി(സ) നിങ്ങളോട്‌ കല്‌പിക്കുന്നത്‌ നിങ്ങള്‍ കേട്ട്‌ അനുസരിക്കുവീന്‍.'' (റാസി 2-244).
ഇമാം ഖുര്‍തുബി(റ) എഴുതുന്നു: ``നബി(സ) വിരോധിച്ചതും നബി(സ) കല്‌പിച്ചതും നിങ്ങള്‍ ശ്രദ്ധിക്കുവിന്‍. നബി(സ)യുടെ കല്‌പനയ്‌ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവന്‌ ശിക്ഷയുണ്ടെന്നും വ്യക്തമാക്കുന്നു.'' (ഖുര്‍തുബി 2-60)
ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``നബി(സ) നിങ്ങളോട്‌ പറയുന്നത്‌ നിങ്ങള്‍ ശ്രദ്ധിക്കുവീന്‍. നിങ്ങള്‍ അദ്ദേഹം പറയുന്നത്‌ ഗ്രഹിക്കുവീന്‍. അതിനെ കൂത്തുസൂക്ഷിക്കുവീന്‍.'' (ഇബ്‌നുജരീര്‍ 1-557)
``നബി(സ) നിങ്ങളോട്‌ കല്‌പിച്ചതും നബി(സ) നിങ്ങളോട്‌ വിരോധിച്ചതും നിങ്ങള്‍ ശ്രദ്ധിക്കുവീന്‍.'' (റൂഹുല്‍ മആനി 2-475)
ചുരുക്കത്തില്‍ നബി(സ) സംസാരിക്കുന്നത്‌ കേള്‍ക്കാന്‍ സാധിക്കുന്ന മനുഷ്യന്മാരോട്‌ നബി(സ)യോട്‌ സംസാരിക്കുമ്പോള്‍ പാലിക്കേണ്ടതായ മര്യാദയാണത്‌. റാഇനാ എന്നതിന്റെ സ്ഥാനത്ത്‌ ഉന്‍ദ്വുര്‍നാ എന്ന്‌ പ്രയോഗിക്കാനുള്ള നിര്‍ദേശം വല്ല സദസ്സില്‍ നിന്നും എഴുന്നേറ്റ്‌ പോകുമ്പോള്‍ നബി (സ)യോട്‌ സമ്മതം ചോദിക്കാന്‍ ഖുര്‍ആന്‍ കല്‌പിച്ചത്‌ ഇന്ന്‌ നബി(സ)യോട്‌ ചോദിക്കുന്നതുമായി ബന്ധപ്പെടുന്നില്ല. നേതാവിനോട്‌ സമ്മതം ചോദിക്കുക എന്ന നിലക്ക്‌ മാത്രമാണ്‌ ബന്ധപ്പെടുന്നത്‌. 
ഉന്‍ദ്വുര്‍നാ എന്ന്‌ പറയാന്‍ കല്‌പിച്ച അല്‍ബഖറ 104 സൂക്തത്തില്‍ മരണപ്പെട്ടവരെ വിളിച്ചുതേടാന്‍ തെളിവുണ്ടെന്ന്‌ കേരളത്തിലെ മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‍പനമാണ്‌. മുസ്‌ലിം ലോകത്ത്‌ ഒരൊറ്റ പണ്ഡിതനും ഇപ്രകാരം പറഞ്ഞിട്ടില്ല. മുഖല്ലിദ്‌ മുജ്‌തഹിദ്‌ മുത്വ്‌ലഖ്‌ ആകുകയാണിവിടെ; ഇജ്‌തിഹാദിന്റെ വ്യവസ്ഥകള്‍ പോലും ലംഘിച്ചുകൊണ്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: