മരണപ്പെട്ടവരോട് സഹായംതേടാന്‍ സൂറതു മാഇദയില്‍ തെളിവുണ്ടോ?
എ അബ്‌ദുസ്സലാം സുല്ലമി
``തീര്‍ച്ചയായും അല്ലാഹുവും അവന്റെ ദൂതനും, താഴ്‌മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍.'' (സൂറതു മാഇദ 55)
അല്ലാഹുവിന്റെ ദൂതനും സത്യവിശ്വാസികളുമാണ് നിങ്ങളുടെ സഹായികള്‍ എന്ന് അല്ലാഹു ഇവിടെ പറയുന്നു. അതിനാല്‍ മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും മരണപ്പെട്ടാലും
ഈ പ്രപഞ്ചത്തിന്റെ ഏത് മൂലയില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ പ്രകടിപ്പിക്കാതെ മനസ്സില്‍ വെച്ച് കൊണ്ടോ വിളിച്ച് സഹായംതേടല്‍ അനുവദനീയമാണെന്ന് ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവരുന്നു.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ കാണുക: ``നിനക്കറിഞ്ഞുകൂടേ അല്ലാഹുവിനു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.'' (അല്‍ബഖറ 107). ``അല്ലാഹു വിശ്വസിച്ചവരുടെ സഹായിയാണ്.'' (അല്‍ബഖറ 251). ``അവനു പുറമെ യാതൊരു സഹായിയും ശുപാര്‍ശകനും അവര്‍ക്കില്ല.'' (അന്‍ആം 51). ``അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.'' (അത്തൗബ 116). ``അവന്‍ എത്ര കേള്‍വിയുള്ളവന്‍. എത്ര കാഴ്‌ചയുള്ളവന്‍. അവന് പുറമെ അവര്‍ക്ക് യാതൊരു സഹായിയുമില്ല.'' (അല്‍കഹ്‌ഫ് 26)
``ഭൂമിയിലാകട്ടെ, ആകാശത്താകട്ടെ നിങ്ങള്‍ക്ക് അവനെ തോല്‌പിക്കാനാവില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയും യാതൊരു സഹായിയുമില്ല'' (അന്‍കബൂത് 22). ``അതല്ല, അവര്‍ അവനു പുറമെ സഹായികളെ സ്വീകരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാണ് സഹായി'' (ശൂറാ 9). ``അവന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും യാതൊരു സഹായിയുമില്ലതാനും'' (ശൂറാ 31). ``പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്‌ടാവായ അല്ലാഹുവിന് പുറമെ ഞാന്‍ സഹായിയായി സ്വീകരിക്കുകയോ?'' (അന്‍ആം 14). ``തങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയുമില്ല'' (അഹ്‌സാബ് 7). ``നീയാണ് ഞങ്ങളുടെ സഹായി.'' (അഅ്‌റാഫ് 155). ``നീയാണ് ഈ ലോകത്തും പരലോകത്തും എന്റെ സഹായി.'' (യൂസുഫ് 101). ``എനിക്ക് പുറമെ എന്റെ ദാസന്മാരെ സഹായികളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിക്കുന്നുവോ?'' (അല്‍കഹ്‌ഫ് 102)
``അല്ലാഹുവിന് പുറമെ വല്ല സഹായികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേതുപോലെയാണ്.'' (അന്‍കബൂത് 41) ``അവനു പുറമെ സഹായികളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിലേക്ക് ഞങ്ങള്‍ക്ക് അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല'' (സുമര്‍ 3). ``അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ സഹായി, അവനാകുന്നു സഹായികളില്‍ ഉത്തമന്‍.'' (ആലുഇംറാന്‍ 150). ``അല്ലാഹുവാണ് നിങ്ങളുടെ സഹായിയെന്ന് നിങ്ങള്‍ മനസ്സിലാക്കുവാന്‍. എത്ര നല്ല രക്ഷാധികാരി. എത്ര നല്ല സഹായി'' (അന്‍ഫാല്‍ 40). ``അവനാണ് നിങ്ങളുടെ സഹായി.''(ഹജ്ജ് 78)
ഇതുപോലെ എത്രയോ സൂക്തങ്ങളില്‍ അല്ലാഹു മാത്രമാണ് സഹായിയെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രസ്‌താവിക്കുന്നു. അല്ലാഹുവിനു പുറമെ നബി(സ)യും സത്യവിശ്വാസികളും സഹായികളാണെന്ന് 5:55ലും പറയുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ല എന്നത് അനിഷേധ്യമാണ്. അപ്പോള്‍ ഈ രണ്ട് ആയത്തുകളുടെ ആശയമെന്താണ്? `സ്വയംകഴിവിന്റെ അടിസ്ഥാനത്തിലുള്ള സഹായി അല്ലാഹു മാത്രമാണെ'ന്നാണ് യാഥാസ്ഥിതികര്‍ വ്യാഖ്യാനിക്കാറുള്ളത്. ഇത് വിശുദ്ധ ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യലാണ്. കാരണം അല്ലാഹുവിന് പുറമെ സ്വയംകഴിവിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ആരാധ്യന്മാര്‍ തങ്ങളെ സഹായിക്കുമെന്ന് മക്കാ മുശ്‌രിക്കുകള്‍ ഒരിക്കലും വാദിച്ചിരുന്നില്ല. അപ്പോള്‍ ഏത് സമയത്ത് ഏത് ഭാഷയില്‍ എവിടെവെച്ച് ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോ മനസ്സില്‍ വിചാരിച്ചുകൊണ്ടോ സഹായംതേടിയാല്‍ പ്രസ്‌തുത സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്ന നിലക്കുള്ള സഹായി അല്ലാഹു മാത്രമാണ് എന്നതാണ് `അല്ലാഹു മാത്രമാണ് അവര്‍ക്ക് സഹായിയായിട്ടുള്ളൂ' എന്ന് പറയുന്ന സൂക്തങ്ങളുടെ ഉദ്ദേശ്യം. അല്ലാഹുവിന് പുറമെ ഇത്തരം സഹായികളെയായിരുന്നു മക്കാ മുശ്‌രിക്കുകള്‍ ഉണ്ടാക്കിവെച്ചിരുന്നത്. ഇതിനെയാണ് അല്ലാഹുവിന് പുറമെ അവര്‍ക്ക് യാതൊരു സഹായിയുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ എതിര്‍ക്കുന്നത്.
സൂറ ആലുഇംറാന്‍ 50-ാം സൂക്തത്തില്‍ `എന്നാല്‍ അല്ലാഹുവാണ് നിങ്ങളുടെ സഹായി' എന്നതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുകസീര്‍ എഴുതുന്നു: ``തവക്കുല്‍ ചെയ്യാന്‍ അവകാശപ്പെട്ട നിലക്കുള്ള സഹായി അല്ലാഹു മാത്രമാണ്. അതിനാല്‍ അവനെ അനുസരിക്കാനും അവനെ രക്ഷാധികാരിയാക്കാനും അവനോട് സഹായംതേടാനും അവനില്‍ ഭരമേല്‌പിക്കാനും കല്‌പിക്കുകയാണ്.'' (ഇബ്‌നുകസീര്‍ 2:78)
മനുഷ്യ കഴിവില്‍പെട്ട സംഗതികളിലും മനുഷ്യകഴിവില്‍ പെടാത്ത സംഗതികള്‍ ഉണ്ടായിരിക്കുന്നതാണ്. മനുഷ്യകഴിവില്‍പെട്ട ഇത്തരം സംഗതികളിലാണ് നാം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യേണ്ടതെന്ന് ഇസ്‌മാഈല്‍ വഫ തന്നെ എഴുതുന്നു. (അല്‍ഇര്‍ഫാദ് മാസിക -2006 ജനുവരി, പേജ് 21,22). അപ്പോള്‍ അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നത് മനുഷ്യകഴിവില്‍ പെടാത്ത സംഗതികളില്‍ അല്ലാഹു മാത്രമാണ് സഹായി എന്നതാണ് വിവക്ഷ എന്ന് ഇബ്‌നുകസീര്‍(റ) വിവരിക്കുന്നു.
രണ്ട്). മരണപ്പെട്ടവര്‍ മുഅ്‌ജിസത്തിലൂടെയും കറാമത്തിലൂടെയുമാണ് വിളികേട്ട് സഹായിക്കുക എന്നാണ് യാഥാസ്ഥിതികരുടെ വാദം. നമസ്‌കരിക്കുകയും ദാനധര്‍മം ചെയ്യുകയും ചെയ്യുന്ന സര്‍വ മുസ്‌ലിംകളുമാണ് നിങ്ങളുടെ സഹായികള്‍ എന്നാണ് ആയത്തിലെ വിവക്ഷ. നമസ്‌കരിക്കാത്തവര്‍ കാഫിറുകളാണെന്ന് വിശുദ്ധഖുര്‍ആനും നബിചര്യയും വ്യക്തമാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``എല്ലാ സത്യവിശ്വാസികളുമാണ് ഉദ്ദേശ്യം.'' ഇമാം ഖുര്‍തുബി(റ) എഴുതുന്നു: ``എല്ലാ സത്യവിശ്വാസികളെയും പൊതുവായി ഉദ്ദേശിക്കുന്നു.'' തഫ്‌സീര്‍ മദാരികിലും ഇപ്രകാരം എഴുതുന്നു. അപ്പോള്‍ ഏത് മുസ്‌ലിം മരണപ്പെട്ടാലും അദ്ദേഹത്തെ വിളിച്ച് തേടാമെന്നാണ് സ്ഥിരപ്പെടുക. ഇത് ഈ ദുര്‍വ്യാഖ്യാനക്കാരുടെ വാദത്തിന് തന്നെ എതിരാണ്. മുഅ്‌ജിസത്തും കറാമത്തും ഉള്ളവരെ മാത്രമേ വിളിച്ച് സഹായംതേടാന്‍ പാടുള്ളൂ എന്നാണ് ഇവര്‍ ജല്‌പിക്കുന്നത്.
മൂന്ന്). ഈ ആയത്തിന് വ്യാഖ്യാനം എഴുതിയ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും ഈ സൂക്തം ഈ പ്രപഞ്ചത്തിന്റെ ഏത് കോണില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കായോ സംഘമായോ വിവിധ ആവശ്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോ മനസ്സില്‍ വിചാരിച്ചുകൊണ്ടോ മരണപ്പെട്ടവനെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്ന ശിര്‍ക്കിന് തെളിവാണെന്ന് എഴുതിയിട്ടില്ല.
നാല്). ഈ സൂക്തത്തിന്റെ നേരെ മുകളില്‍ ``അല്ലയോ സത്യവിശ്വാസികളേ, ജൂതന്മാരെയും ക്രിസ്‌ത്യാനികളെയും നിങ്ങള്‍ സഹായികളാക്കരുതെന്ന് നിര്‍ദേശിക്കുകയാണ്. ഇനിയും വല്ലവനും അപ്രകാരം സഹായിക്കുകയാണെങ്കില്‍ അവന്‍ അവരില്‍ പെട്ടവനാണെന്നും'' അല്ലാഹു ഉണര്‍ത്തുന്നു. മരണപ്പെട്ട ജൂത-ക്രിസ്‌ത്യാനികളെ ഒരു മുസ്‌ലിമും വിളിച്ചു തേടിയിരുന്നില്ല. ഇസ്‌ലാമിന്റെ രഹസ്യങ്ങള്‍ കൈമാറുന്ന നിലക്ക് അവിശ്വാസികളെ സഹായികളും മിത്രങ്ങളുമാക്കി വെക്കരുതെന്ന് അല്ലാഹു കല്‌പിച്ചപ്പോള്‍ ചില മുസ്‌ലിംകള്‍ക്ക് അത് പ്രയാസമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് നിങ്ങളുടെ സഹായിയായിക്കൊണ്ട് അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും നിങ്ങള്‍ക്കുണ്ട് എന്ന് അല്ലാഹു പറയുന്നത്. മരണപ്പെട്ടവരെ വിളിച്ചുതേടുന്ന പ്രശ്‌നം തന്നെ ഇവിടെയില്ല.
കെ വി കൂറ്റനാട് മുസ്‌ലിയാര്‍ എഴുതുന്നു: ``അമുസ്‌ലിംകളുമായി നിശ്ശേഷം ബന്ധവിച്ഛേദനം നടത്തുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യമെന്ന് വിസ്‌മരിച്ചുകൂടാ. അയല്‍ക്കാരും രക്തബന്ധമുള്ളവരും മറ്റുമൊക്കെ അമുസ്‌ലിംകളാണെങ്കില്‍ പോലും അവരുമായി നന്നായി അനുവര്‍ത്തിക്കാന്‍ പഠിപ്പിച്ച മതമാണല്ലോ ഇസ്‌ലാം'' (ഫത്‌ഹുര്‍റഹ്‌മാന്‍ 2:77). അയല്‍വാസികളും രക്തബന്ധമുള്ളവരുമായ അമുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അവരെ വിളിച്ച് സഹായം തേടാന്‍ അനുവദിച്ച മതമാണ് ഇസ്‌ലാം എന്ന് ഇവര്‍ പറയുമോ? ചുരുക്കത്തില്‍ ഏത് സമയത്ത്, എവിടെവെച്ചും ഏത് ഭാഷയില്‍ ഒറ്റക്കായോ സംഘമായോ വിവിധ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോ വിളിച്ച് സഹായംതേടിയാല്‍ ആ സഹായതേട്ടം കേള്‍ക്കുകയും കാണുകയും ചെയ്‌തുകൊണ്ട് നമ്മെ സഹായിക്കാന്‍ സാധിക്കുന്ന നിലക്കുള്ള ഏകസഹായി അല്ലാഹു മാത്രമാണ്.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മാത്രമാണ് സഹായി എന്ന് ധാരാളം സ്ഥലങ്ങളില്‍ പറയുന്നതിന്റെ വിവക്ഷ ഇതാണ്.
മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും സഹായിയാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായം മാത്രമാണ്. മരണപ്പെട്ടവരും മലക്കുകളും ജിന്നുകളും അദൃശ്യരായവരും കാര്യകാരണബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. അവര്‍ കാര്യകാരണ ബന്ധത്തിന് അതീതമായവരാണ്. സൂര്യനും ചന്ദ്രനും മറ്റുള്ള ഗോളങ്ങളും കാറ്റും മഴയും ഇടിമിന്നലും അഗ്നിയും വെള്ളവും എല്ലാം നമ്മുടെ സഹായികളാണ്. ഈ കാരണത്താല്‍ ഇവയെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്. അപ്പോള്‍ ഒരു വസ്‌തുവോ വ്യക്തിയോ നമ്മുടെ സഹായിയാണെന്ന് സ്ഥിരപ്പെട്ടാലും അതിനെ വിളിച്ചുതേടാന്‍ അത് ഒരിക്കലും തെളിവാകുന്നില്ല.
0 comments: