കേരളത്തെ ചാനലുകള്‍ കൊത്തിക്കൊണ്ടുപോകുന്നു

  • Posted by Sanveer Ittoli
  • at 9:06 AM -
  • 0 comments
കേരളത്തെ ചാനലുകള്‍ കൊത്തിക്കൊണ്ടുപോകുന്നു

ബഷീര്‍ വള്ളിക്കുന്ന്‌
മലയാളിയുടെ സാമൂഹികശീലങ്ങളിലും കുടുംബാന്തരീക്ഷത്തിലും സ്‌ഫോടനാത്മകമായ ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്‌. ഒരു സുനാമിത്തിരയുടെ വേഗത്തിലും ശക്തിയിലും ആ മാറ്റങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. നാം സ്വാഗതം ചെയ്‌തിട്ടാണെങ്കിലും അല്ലെങ്കിലും ഈ മാറ്റങ്ങള്‍ നമ്മുടെ വരാന്തയിലേക്കും കടന്നു കയറിത്തുടങ്ങി. അത്‌ നമ്മുടെ വാര്‍ഡ്രോബുകളിലേക്കും തീന്മേശയിലേക്കും കിടപ്പുമുറിയിലേക്കും കാലെടുത്തു വെച്ചിട്ടുണ്ട്‌ എന്ന കാര്യത്തിലും സംശയംവേണ്ട. ഇത്തരമൊരു അത്ഭുതപ്പെടുത്തുന്ന സാംസ്‌കാരിക ഭാവപ്പകര്‍ച്ചയ്‌ക്ക്‌ ഇടയാക്കിയ കാരണങ്ങള്‍ അക്കമിട്ട്‌ നിരത്തുക പ്രയാസമാണെങ്കിലും ഒന്നുറപ്പിച്ചു പറയാം, ഇതിലൊരു വലിയ പങ്ക്‌ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്കുണ്ട്‌. `അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ട'തു പോലെ മലയാളിയുടെ സാംസ്‌കാരികത്തനിമയുടെ നെയ്യപ്പം ചാനല്‍ കാക്കകള്‍ കൊത്തിക്കൊണ്ടു പോയി കടലിലിട്ടുകൊണ്ടിരിക്കുകയാണ്‌.
ആധുനിക വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ ബൈ പ്രൊഡക്‌റ്റുകളിലൊന്നായ ചാനലുകള്‍ ദൃശ്യ ശ്രാവ്യ സാങ്കേതികതയും വിവരവിനിമയ വേഗതയും ഒന്നിച്ചു ചേര്‍ന്നുണ്ടായതാണ്‌. വാര്‍ത്തകളുടെ വിനിമയ സാധ്യതകളെയും അതിന്റെ വ്യാപാര സാധ്യതകളെയും ഒരുപോലെ ഉത്തേജിപ്പിച്ച്‌ നിത്യജീവിതത്തിന്റെ ഒഴിച്ച്‌ കൂടാനാവാത്ത ഭാഗമായി മാറിയ മാധ്യമം. അതുകൊണ്ട്‌ തന്നെ അതെത്രമാത്രം ആഴത്തില്‍ ഒരു തലമുറയുടെ വികാര വിചാരങ്ങളെ സ്വാധീനിക്കുന്നു (ഗുണപരമായോ അല്ലാതെയോ) എന്നതില്‍ അത്ഭുതത്തിന്‌ അവകാശമില്ല. മലയാളികളുടെ ദൃശ്യസംസ്‌കാരത്തിലേക്ക്‌ ആദ്യമായി കടന്നുവന്ന സ്വകാര്യചാനല്‍ ഏഷ്യാനെറ്റാണ്‌. സര്‍ക്കാര്‍ ചാനലുകളുടെ ദൃശ്യസങ്കല്‌പങ്ങളെയും കാഴ്‌ചപ്പാടുകളെയും അടിമുടി തകര്‍ത്തുകൊണ്ടാണ്‌ ഏഷ്യാനെറ്റ്‌ മലയാളികളുടെ സ്വീകരണമുറികളിലേക്ക്‌ പതിയെ കടന്നുവന്നത്‌. ആ കടന്നുവരവ്‌ രാജകീയമായ ഒരു സ്ഥിരതാമസത്തിന്റെ അടയാളങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ വ്യവസായ വിപ്ലവമെന്നും ഹരിതവിപ്ലവമെന്നും പറയുന്ന പോലെ ഒരു ദൃശ്യവിപ്ലവത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുകയായിരുന്നു. സ്വകാര്യ ചാനലുകളുടെ ഒരു പ്രളയം തന്നെ തുടര്‍ന്നുണ്ടായി. വെളിപ്പറമ്പില്‍ ശീമക്കൊന്ന തഴച്ചു വളരുന്ന പോലെ അവയിലോരോന്നും വളര്‍ന്നു തുടങ്ങി.
`അടിച്ചുപൊളി' എന്ന പദത്തിന്റെ ഓള്‍ഡ്‌ ജനറേഷന്‍ അര്‍ത്ഥം `എല്ലാം തകര്‍ത്തു നശിപ്പിക്കുക' എന്നതാണ്‌. എന്നാല്‍ ആ പദത്തിന്റെ ന്യൂ ജനറേഷന്‍ അര്‍ത്ഥം അതിമനോഹരം, അതിഗംഭീരം എന്നൊക്കെയാണ്‌. ഈ രണ്ട്‌ അര്‍ത്ഥ തലങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട്‌ പറഞ്ഞാല്‍ കേരളം കടന്നു പോകുന്നത്‌ ഒരു `അടിച്ചുപൊളി' കാലഘട്ടത്തിലൂടെയാണ്‌. പഴയ തലമുറയുടെ ശീലങ്ങളും കുടുംബാന്തരീക്ഷവും പതിയെ തകര്‍ന്നു കൊണ്ടിരിക്കുന്നു. ആ തകര്‍ച്ചയെ അഥവാ `അടിച്ചുപൊളി'യെ വേദനയോടെ തിരിച്ചറിഞ്ഞ്‌ ചിലരെങ്കിലും ദീര്‍ഘനിശ്വാസമുതിര്‍ക്കുമ്പോള്‍ പുതിയ തലമുറ ആ തകര്‍ച്ചയെ ഒരാഘോഷമാക്കി അഥവാ `അടിച്ചുപൊളി'യാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഒരേ പദത്തിന്‌ രണ്ടര്‍ത്ഥം കൈവന്നിരിക്കുന്നത്‌ പോലെ ഒരേ സാമൂഹികാവസ്ഥയെ രണ്ട്‌ തലമുറകള്‍ രണ്ട്‌ വ്യത്യസ്‌ത തലങ്ങളിലാണ്‌ വായിക്കുന്നത്‌.
ഓരോ വീട്ടിലെയും മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും ഗൃഹനായികമാരാണ്‌. ആ നായികമാരെ തങ്ങളുടെ സ്‌ക്രീനിലേക്ക്‌ ഫെവിക്കോള്‍ കൊണ്ടെന്ന പോലെ ഒട്ടിച്ചു നിര്‍ത്തുന്നതിലാണ്‌ ചാനലുകള്‍ വിജയിച്ചിട്ടുള്ളത്‌. സീരിയലുകളും റിയാലിറ്റി ഷോകളുമായി അവരെ ബിസിയാക്കി നിര്‍ത്തുന്നിടത്ത്‌ ഒരു കുടുംബത്തിന്റെ അഭ്യന്തര ഭരണം ട്രാക്ക്‌ മാറി ഓടുന്നുണ്ട്‌ എന്നത്‌ വലിയ സൂക്ഷ്‌മനിരീക്ഷണം നടത്താതെ തന്നെ തിരിച്ചറിയാന്‍ പറ്റുന്ന ഒന്നാണ്‌. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും തമ്മില്‍ നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങള്‍ക്കും സ്‌നേഹ സ്‌പര്‍ശങ്ങള്‍ക്കും സമയം കണ്ടെത്താന്‍ പ്രയാസപ്പെടും വിധം ചാനലുകളില്‍ നിന്ന്‌ ചാനലുകളിലേക്ക്‌ ടി വി റിമോട്ടിനോടൊപ്പം ഓടുകയാണ്‌ നമ്മള്‍. ഭാര്യക്കും മക്കള്‍ക്കും ഫോണ്‍ വിളിക്കുമ്പോള്‍ അതെത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുന്നതിന്‌ അവര്‍ കാണിക്കുന്ന ധൃതിയെക്കുറിച്ച്‌ ഒരു ഗള്‍ഫ്‌ സുഹൃത്ത്‌ ആകുലപ്പെട്ടത്‌ ഓര്‍ക്കുന്നു. കടലിനക്കരെ തങ്ങള്‍ക്കു വേണ്ടി വിയര്‍പ്പൊഴുക്കുന്ന ഒരു പാവം മനുഷ്യജന്മത്തിന്റെ ആകെയുള്ള ആശ്വാസം ഈ ടെലിഫോണ്‍ ഭാഷണങ്ങള്‍ മാത്രമാണെന്ന്‌ തിരിച്ചറിയാത്തത്‌ കൊണ്ടല്ല, മറിച്ച്‌ ഏതാനും മിനുട്ടുകള്‍ നീണ്ടുനില്‍ക്കുന്ന ആ സംഭാഷണങ്ങള്‍ പോലും ടി വി പരിപാടികളിലെ കൊമേര്‍ഷ്യല്‍ ബ്രേക്കുകള്‍ക്കിടയില്‍ ഒതുക്കിത്തീര്‍ക്കുവാനുള്ള വ്യഗ്രത കൊണ്ടാണ്‌.
നമ്മുടെ ജീവിത ചുറ്റുപാടുകളുടെ ഒരു സ്വഭാവം വെച്ച്‌ മുതിര്‍ന്ന പുരുഷന്മാരെ വീട്ടിനുള്ളില്‍ ചടഞ്ഞു കൂടാന്‍ ലഭിക്കുക ഇത്തിരി പ്രയാസമാണ്‌. അതുകൊണ്ട്‌ തന്നെ ചാനലുകളുടെ മുഖ്യ ഇര സ്‌ത്രീകളും കുട്ടികളുമാണ്‌. സീരിയലുകളുടെയും കണ്ണീര്‍ കഥകളുടെയും പിന്നിലെ സിമ്പിള്‍ മനശ്ശാസ്‌ത്രം അതാണ്‌. കണ്ണീരിനോടുള്ള സ്‌ത്രീകളുടെ വീക്‌നെസില്‍ പിടിച്ച്‌ നായികയെ പരമാവധി കരയിപ്പിക്കുന്നതിനു വേണ്ട സിറ്റുവേഷന്‍ സൃഷ്‌ടിച്ചെടുത്താല്‍ ടാം റേറ്റിംഗിനെ പേടിക്കേണ്ടതില്ല. കരച്ചിലിന്റെ `ഗ്രാവിറ്റി' അനുസരിച്ച്‌ ടാം റേറ്റിംഗിന്റെ ഗ്രാഫ്‌ മുകളിലേക്ക്‌ പോകും.
കരച്ചില്‍ പോലെ തന്നെ സ്‌ത്രീകളുടെ മറ്റൊരു വീക്‌നെസ്‌ സാരിയും ഡിസൈനര്‍ വസ്‌ത്രങ്ങളുമാണ്‌. കണ്ണ്‌ മഞ്ഞളിക്കുന്ന വസ്‌ത്രങ്ങളുടുത്തു ഫാഷന്‍ പരേഡിലെന്ന പോലെ സ്‌ത്രീകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നാല്‍ തന്നെ ഒരുമാതിരി സ്‌ത്രീകളൊന്നും ചാനല്‍ മാറ്റില്ല. കഥയിലോ സിറ്റുവേഷനിലോ ശ്രദ്ധയില്ലെങ്കിലും ആ സാരിയുടെ പളപളപ്പില്‍ അരമണിക്കൂര്‍ പോകുന്നതറിയില്ല. ഇതൊക്കെ കൃത്യമായി കണക്കുകൂട്ടി തന്നെയാണ്‌ ഇത്തരം സീരിയലുകള്‍ അണിയിച്ചൊരുക്കുന്നത്‌. കഥയെക്കാളും കഥാപാത്രങ്ങളുടെ അഭിനയത്തേക്കാളും അവര്‍ ധരിക്കുന്ന വസ്‌ത്രങ്ങളാണ്‌ സ്‌ത്രീകളെ ചാക്കിടാന്‍ ഏറ്റവും നല്ലത്‌ എന്ന്‌ ഏക്താ കപൂറിന്റെ സീരിയലുകളാണ്‌ ഇന്ത്യന്‍ മാധ്യമരംഗത്തെ പഠിപ്പിച്ചത്‌ എന്ന്‌ തോന്നുന്നു. ബോളിവുഡ്‌ ഫാമിലിയില്‍ നിന്നും ചാനല്‍ മേഖലക്ക്‌ ലഭിച്ച `വലിയ സംഭാവന'യായിരുന്നു ഏക്താ കപൂര്‍. അവരുടെ സീരിയലകളുടെ വിജയത്തിന്റെ ഫോര്‍മുല തന്നെയാണ്‌ മലയാള ചാനലുകളും ഇപ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്‌.
കിടക്കയില്‍ നിന്നും കണ്ണ്‌ തിരുമ്മിയെഴുന്നേല്‍ക്കുന്ന നായികയും ധരിക്കുന്നത്‌ ഡിസൈനര്‍ സാരിയാണ്‌. മാത്രമല്ല, മേക്കപ്പും ലിപ്‌സ്റ്റിക്കും ഒരു കട്ടക്ക്‌ പോലും തെറ്റുകയില്ല. സ്വര്‍ണമായാലും വജ്രമായാലും ധരിക്കുന്ന ആഭരണങ്ങളുടെ അളവും ഒരിഞ്ചു കുറയുന്നില്ല. നായിക അടിച്ചുതളിക്കാരിയാണെങ്കില്‍ പോലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ സാരിയേ അവര്‍ ധരിക്കൂ. അടുക്കളയില്‍ മത്തി മുറിക്കുമ്പോഴും കാഞ്ചീപുരം വെട്ടിത്തിളങ്ങുന്നത്‌ കാണാം. തലയ്‌ക്കു വെളിവില്ലാത്ത സംവിധായകര്‍ പടച്ചുവിടുന്ന അസംബന്ധങ്ങളാണ്‌ ഇവയെന്ന്‌ നമ്മള്‍ കരുതിയാല്‍ തെറ്റി. ഉപഭോഗ സംസ്‌കാരത്തിന്റെ കണ്ണഞ്ചിക്കുന്ന പ്രഭയോടും അത്‌ സൃഷ്‌ടിക്കുന്ന ഫാഷന്‍ തരംഗത്തോടുമുള്ള സ്‌ത്രീകളുടെ വീക്ക്‌നെസ്സില്‍ പിടിച്ചുകൊണ്ട്‌ ബോധപൂര്‍വം സൃഷ്‌ടിക്കുന്ന കളിയാണിത്‌. ഇവിടെ രണ്ടു മാര്‍ക്കറ്റിങ്ങാണ്‌ ഒരേ സമയം നടക്കുന്നത്‌. ഒന്ന്‌ സീരിയലിന്റെ ടാം റേറ്റ്‌ മാര്‍ക്കറ്റിങ്‌, മറ്റൊന്ന്‌ സീരിയല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതല്ലെങ്കില്‍ പരസ്യം നല്‌കുന്ന വസ്‌ത്ര വ്യാപാരികള്‍ക്കും ജ്വല്ലറികള്‍ക്കും കോമ്പ്‌ളിമെന്റായി നല്‌കുന്ന `കൊതിപ്പിക്കല്‍ മാര്‍ക്കറ്റിങ്‌.' നായിക ധരിച്ച സാരിക്കും അവളുടെ കാലിലെ ചെരുപ്പിനും വേണ്ടി ഗൃഹനായികമാര്‍ ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ മാര്‍ക്കറ്റിങ്‌ വൃത്തം പൂര്‍ത്തിയാകുന്നു എന്ന്‌ ചുരുക്കം.
ഈ കണ്ണീര്‍/സാരി വിപണന തന്ത്രം എല്ലാ ചാനലുകളും പരീക്ഷിക്കുമ്പോള്‍ ഏത്‌ കാണണമെന്ന കണ്‍ഫ്യൂഷന്‍ സ്വാഭാവികം. ബ്രേക്കിംഗ്‌ ടൈമില്‍ ചാനല്‍ മാറി മാറി കണ്ടുകൊണ്ടിരിക്കാം. മുടിഞ്ഞ ബിസിയാകുമെന്നര്‍ത്ഥം. ഇതിനിടയില്‍ കരയുന്ന കുഞ്ഞോ, സ്‌കൂളില്‍ നിന്നെത്തിയ മകനോ പ്രയോറിറ്റി ലിസ്റ്റില്‍ നിന്ന്‌ പുറംതള്ളപ്പെടുന്നു. ജോലി കഴിഞ്ഞ്‌ തിരിച്ചെത്തിയ ഭര്‍ത്താവിന്റെ കാര്യം പിന്നെ പറയാനുണ്ടോ?
സൗന്ദര്യം ഇഷ്‌ടപ്പെടാത്തവരില്ല, എന്നാല്‍ സൗന്ദര്യത്തോടും സൗന്ദര്യവര്‍ധക വസ്‌തുക്കളോടും ഒരു ഭ്രമാത്മക അനുരാഗം സൃഷ്‌ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. സൗന്ദര്യമില്ലായ്‌മ ഒരു ശാപമാണെന്നും അവര്‍ക്ക്‌ ഈ ഭൂമിയില്‍ വലുതായൊന്നും ചെയ്യാനില്ലെന്നുമുള്ള സന്ദേശമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌. റിയാലിറ്റി ഷോകളോ സീരിയലുകളോ മറ്റു പരിപാടികളോ എന്തോ ആകട്ടെ, തൊലി വെളുപ്പും സൗന്ദര്യവുമില്ലെങ്കില്‍ അവര്‍ പടിക്ക്‌ പുറത്താണ്‌. സ്റ്റാര്‍ സിങ്ങര്‍ പോലുള്ള പരിപാടികളുടെ ഒഡീഷന്‍ റൗണ്ട്‌ തന്നെ പാട്ട്‌ പാടാനുള്ള കഴിവിനപ്പുറം ഇത്തരക്കാരെ തട്ടാനുള്ള ഫില്‍റ്ററിംഗ്‌ റൗണ്ടാണ്‌. മഴവില്‍ മനോരമയില്‍ ഇപ്പോള്‍ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന `മിടുക്കി' ഷോയുടെ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം തന്നെ ഞെട്ടിക്കുന്നതായിരുന്നു. `ആകര്‍ഷകമായ വ്യക്തിത്വവും തിളങ്ങുന്ന സൗന്ദര്യവും ഉള്ള പെണ്‍കുട്ടികള്‍ക്ക്‌ അപേക്ഷിക്കാം.' മനോരമ പത്രത്തിന്റെ ഫസ്റ്റ്‌ പേജിലടക്കം വന്ന പരസ്യമാണിത്‌. വെട്ടിത്തിളങ്ങുന്ന സൗന്ദര്യമില്ലാത്ത പെണ്‍കുട്ടിക്ക്‌ മിടുക്കിയാവാന്‍ പറ്റില്ലെന്നര്‍ത്ഥം. അല്‌പം സൗന്ദര്യം കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ അപകര്‍ഷതാബോധവും അന്തര്‍മുഖത്വവും കുട്ടികളില്‍ രൂപപ്പെടുന്നുവെങ്കില്‍ തിരിച്ചറിയുക അവ സൃഷ്‌ടിക്കുന്നതില്‍ ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കു വലുതാണ്‌.
ചാനലുകളുടെ അമിതമായ സ്വാധീനം കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ അയല്‌പക്ക ബന്ധങ്ങളിലും ചെറിയ തോതിലുള്ള അകല്‍ച്ചകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌ എന്ന്‌ വേണം പറയാന്‍. അയല്‍വീടുകളിലെ സ്‌ത്രീകള്‍ ഒന്നിച്ചൊരിടത്ത്‌ ഒത്തുചേര്‍ന്ന്‌ സൊറ പറഞ്ഞിരുന്നത്‌ പഴയ ഗ്രാമപ്രദേശങ്ങളിലെ ഒരു പതിവ്‌ കാഴ്‌ചയായിരുന്നു. മിക്കപ്പോഴും ഉച്ചയൂണിനു ശേഷമായിരിക്കും ഇതുപോലൊരു ഒത്തുചേരല്‍ നടക്കുക. തലയില്‍ പേന്‍ നോക്കിയും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ദു:ഖങ്ങളും സന്തോഷങ്ങളും പരസ്‌പരം പങ്കുവെച്ചും ഒരു കുടുംബമെന്ന തോന്നല്‍ സൃഷ്‌ടിച്ചിരുന്ന ഒത്തുചേരലുകള്‍. ഇന്നിപ്പോള്‍ അത്തരം കാഴ്‌ചകള്‍ പോയ്‌മറഞ്ഞിരിക്കുന്നു. മിക്ക വീടുകളിലെയും സ്‌ത്രീകള്‍ ടി വി സെറ്റുകള്‍ക്ക്‌ മുമ്പില്‍ ചടഞ്ഞിരിക്കുകയാണ്‌.
ഒഴിവുവേളകളില്‍ പുറത്തിറങ്ങിയും കൂട്ടുകാരൊത്ത്‌ പലവിധ കളികളിലേര്‍പ്പെട്ടും കഴിഞ്ഞിരുന്ന കുട്ടിക്കാലം ഓര്‍ക്കുന്നവരാണ്‌ നമ്മില്‍ ഏറെയും. ആ കാലത്തിന്റെ മധുരിക്കുന്ന ഓര്‍മകളെ നെഞ്ചേറ്റുന്നവര്‍. എന്നാല്‍ ടി വിക്കും ഇന്റര്‍നെറ്റിനും അഡിക്‌റ്റുകളായ നമ്മുടെ കുട്ടികള്‍ക്ക്‌ അത്തരം സൗഹൃദങ്ങളും കളികളും ഇന്ന്‌ അന്യമാണ്‌. ടി വിക്കും കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്കും മുന്നിലെ അരണ്ട വെളിച്ചത്തില്‍ പകലും രാത്രിയും കഴിച്ചുകൂട്ടുന്ന അവധിക്കാലങ്ങളാണ്‌ അവര്‍ക്ക്‌ മുന്നിലുള്ളത്‌. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള മായികമായ വിര്‍ച്വല്‍ സൗഹൃദങ്ങളില്‍ അഭിരമിക്കുമ്പോഴും തൊട്ടപ്പുറത്തെ വീട്ടിലെ സമപ്രായക്കാരന്റെ മനസ്സറിയാത്ത ബാല്യങ്ങള്‍. അയല്‍പക്ക ബന്ധങ്ങളില്‍, സാമൂഹ്യ സൗഹൃദങ്ങളില്‍ വലിയ മതിലുകള്‍ രൂപപ്പെടുന്നത്‌ നാം തിരിച്ചറിയാതെ പോകുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചാനലുകളുടെ മത്സരം മുറുകി ഇപ്പോള്‍ കാര്യങ്ങള്‍ `മലയാളി ഹൗസി'ല്‍ എത്തിനില്‌ക്കുകയാണ്‌. സൂര്യ ടി വിയുടെ പുതിയ പരീക്ഷണമാണിത്‌. പടിഞ്ഞാറന്‍ നാടുകളില്‍ റേറ്റിംഗ്‌ചാര്‍ട്ടുകള്‍ തകര്‍ത്തോടിയ `ബിഗ്‌ ബ്രദര്‍' റിയാലിറ്റി ഷോകളുടെ ഒരു മലയാളി പതിപ്പ്‌. ഏതാനും സെലിബ്രിറ്റികളെ പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിനുള്ളില്‍ അടച്ചിടുന്നു. പിന്നെ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നൂറ്റൊന്നു ക്യാമറ വെച്ച്‌ ഒപ്പിയെടുത്ത്‌ ലൈവായി പ്രേക്ഷകര്‍ക്ക്‌ വിളമ്പുന്നു. ബിഗ്‌ ബ്രദര്‍ ഷോകളുടെ ഒരു ഫോര്‍മാറ്റ്‌ ഇതാണ്‌. സൂര്യ ടി വിയും ഇത്‌ തന്നെയാണ്‌ ചെയ്യുന്നത്‌. ജി എസ്‌ പ്രദീപ്‌, സന്തോഷ്‌ പണ്ഡിറ്റ്‌, രാഹുല്‍ ഈശ്വര്‍, സിന്ധു ജോയി, ചിത്ര അയ്യര്‍, പിന്നെ ഉടുത്തും ഉടുക്കാതെയും ശരീരപ്രദര്‍ശനം നടത്താന്‍ പാകത്തിലുള്ള ഏതാനും തരുണീമണികളും. അവരുടെ ഊണും ഉടുപ്പും കിടപ്പും പാട്ടും കൂത്തും അനുബന്ധ മസാലകളും നേരെ നമ്മുടെ സ്വീകരണ മുറിയിലേക്ക്‌. ആവി പറക്കുന്ന തന്തൂരി റൊട്ടി പോലെ ഓവനില്‍ നിന്ന്‌ നേരിട്ട്‌ തീന്മേശയിലേക്ക്‌. നമ്മുടെ കുട്ടികള്‍, സ്‌ത്രീകള്‍, മുതിര്‍ന്നവര്‍ എല്ലാം െ്രെപംടൈമില്‍ എത്തുന്ന ഈ ആഭാസത്തിന്റെ കാഴ്‌ചക്കാര്‍. ഒരു സംസ്‌കാരം എങ്ങനെയാണ്‌ പടി കടന്നു പോകുന്നത്‌ എന്നും നമുക്കന്യമായിരുന്ന മറ്റൊരു സംസ്‌കാരം എങ്ങനെയാണ്‌ പടികടന്നു വരുന്നത്‌ എന്നും അറിയാന്‍ വലിയ ഗവേഷണങ്ങളുടെയൊന്നും ആവശ്യമില്ല.
കുടുംബചാനലുകള്‍ എന്ന ഗണത്തില്‍ പെടുത്തി സംപ്രേഷണ അനുമതി നേടിയെടുത്തിട്ടുള്ള ഇത്തരം ചാനലുകളില്‍ എന്ത്‌ വരണം, എന്ത്‌ വരരുത്‌ എന്ന്‌ നിശ്ചയിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരവസ്ഥയുണ്ട്‌. സിനിമകളില്‍ പേരിന്‌ ഒരു സെന്‍സര്‍ ബോര്‍ഡെങ്കിലുമുണ്ട്‌. ടി വികളിലാവട്ടെ എന്ത്‌ അസംബന്ധങ്ങള്‍ കുത്തിനിറച്ച പരിപാടികളാണെങ്കിലും യാതൊരു സ്‌ക്രീനിങും കൂടാതെ നേരിട്ട്‌ നമ്മുടെ സ്വീകരണമുറികളിലേക്ക്‌ എത്തുകയാണ്‌. മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന വീട്ടിലെ അംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ടി വി പരിപാടികള്‍ക്ക്‌ വേണ്ട മിനിമം ചട്ടക്കൂട്‌ പോലും അതിലംഘിക്കുന്ന ഇത്തരം ഷോകളെ `നിങ്ങളുടെ കയ്യില്‍ റിമോട്ടില്ലേ' എന്ന ഒറ്റ ചോദ്യത്തിലൂടെ മാത്രം സര്‍ക്കാരുകള്‍ക്ക്‌ നേരിടാന്‍ കഴിയുമോ? ഇത്തരം ഷോകള്‍ ഒരുമിച്ചിരുന്നു കാണുക വഴി മാതാപിതാക്കളും കുട്ടികളും തമ്മിലും സഹോദരീ സഹോദരന്മാര്‍ തമ്മിലും ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പഠന വിധേയമാക്കേണ്ടതല്ലേ?
വര്‍ധിച്ചു വരുന്ന സ്‌ത്രീപീഡനങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും അസ്വസ്ഥപ്പെടുന്നവര്‍ പരോക്ഷമായി അത്തരം സംഭവങ്ങള്‍ക്ക്‌ പ്രചോദനവും സ്വാധീനവും സൃഷ്‌ടിക്കുന്ന മാധ്യമ ഷോകളെക്കുറിച്ച്‌ മൗനികളാകുന്നതു എത്രമാത്രം പരിതാപകരമാണ്‌. ഒരു സ്‌ത്രീ പീഡനം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോള്‍ ഏതാനും മെഴുകുതിരികള്‍ കത്തിക്കുന്നത്‌ മാത്രമാണ്‌ ക്രിയാത്മക പ്രതികരണം എന്ന്‌ കരുതുന്നവരും ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ ശബ്‌ദിക്കുന്നവരെ സദാചാരവാദികള്‍ എന്ന്‌ മുദ്രകുത്തി പരിഹസിക്കുന്നവരും ഒരുപോലെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്‌, ഒരു സാമൂഹ്യതിന്മയും ഒരു രാത്രി കൊണ്ട്‌ ജനിക്കുന്നതല്ല. വളരുന്ന ചുറ്റുപാടുകള്‍, കാണുന്ന കാഴ്‌ചകള്‍, ഇടപഴകുന്ന വ്യക്തികള്‍ ഇവക്കൊക്കെയും ഒരു കുറ്റവാളിയെ സൃഷ്‌ടിക്കുന്നതില്‍ പങ്കുണ്ട്‌. അവ തടയുന്നതില്‍ എല്ലാ തലങ്ങളിലുമുള്ള ബുദ്ധിപരമായ ഇടപെടലുകള്‍ക്കാണ്‌ ഒരു അക്രമം നടന്നതിനു പിറകെ കൂട്ടനിലവിളി ഉയര്‍ത്തുന്നതിനേക്കാള്‍ ക്രിയാത്മകതയുള്ളത്‌.
ചാനലുകള്‍ കാണിക്കുന്ന ഇന്‍ഫോടെയിന്‍മെന്റ്‌ വിഭാഗത്തില്‍ പെട്ട പരിപാടികളെ കണ്ടില്ലെന്നു നടിക്കുന്നില്ല. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലുള്ള ഷോകള്‍ വിനോദത്തോടൊപ്പം ഇത്തിരി വിജ്ഞാനകൗതുകവും കുട്ടികളില്‍ ജനിപ്പിക്കാന്‍ കാരണമാകുന്നു. പക്ഷേ അത്തരം പരിപാടികളുടെ ഗുണപരമായ സ്വാധീനത്തെപ്പോലും ആഭാസപ്രദര്‍ശനങ്ങളും അസംബന്ധ റിയാലിറ്റി ഷോകളും നശിപ്പിച്ചു കളയുന്നു എന്നതാണ്‌ അവസ്ഥ. കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ഡാന്‍സ്‌ പരിപാടികള്‍ പോലും സിനിമയിലെ അരോചകമായ നൃത്തച്ചുവടുകളുടെയും ഫാഷന്‍ വസ്‌ത്രങ്ങളുടെയും ചെറുപതിപ്പായി അവതരിപ്പിക്കുന്നിടത്ത്‌ കലയാണോ അതോ അനുകരണ ഭ്രാന്താണോ വളരുന്നത്‌?
ചാനലുകളെ വീടിന്‌ പുറത്താക്കാന്‍ നമുക്ക്‌ കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടെ ചുറ്റുപാടുകളെ അറിയാനും അറിയിക്കാനും ഇത്തരം മാധ്യമങ്ങള്‍ അനിവാര്യമാണ്‌. പക്ഷേ എന്ത്‌ കാണണമെന്നതിലും എത്ര നേരം കാണണമെന്നതിലും നമുക്ക്‌ ചില തിരിച്ചറിയലുകള്‍ ആവശ്യമുണ്ട്‌. നമ്മുടെ സാമൂഹ്യബോധത്തെയും ബോധ്യങ്ങളെയും കടന്നാക്രമിക്കുന്ന ചാനല്‍ കാഴ്‌ചകളില്‍ നിന്ന്‌ പുറംതിരിഞ്ഞു നില്‍ക്കാനുള്ള വകതിരിവ്‌. അതില്ലായെങ്കില്‍ ചാനലുകള്‍ നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല, നമ്മളെത്തന്നെ കൊത്തിക്കൊണ്ടുപോകും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: