കുടുംബജീവിതം ഇസ്‌ലാമില്‍

  • Posted by Sanveer Ittoli
  • at 12:40 AM -
  • 0 comments
കുടുംബജീവിതം ഇസ്‌ലാമില്‍

അബ്‌ദുര്‍റഹ്‌മാന്‍ മഹ്‌ദി
`സ്വന്ത'ത്തെ മാത്രം പരിഗണിക്കാതെ `ഇതരരെ' കൂടി പരിഗണിക്കാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ നന്മ പുറത്തുള്ളവര്‍ക്ക്‌ പോലും ബോധ്യമായിട്ടുള്ളതാണ്‌. അമുസ്‌ലിമും ബ്രിട്ടീഷ്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമജ്ഞനുമായ ക്ലിവ്‌ സ്റ്റാഫോര്‍ഡ്‌ സ്‌മിത്ത്‌ പറയുന്നു: ``വ്യക്തികേന്ദ്രീകൃതമായ പാശ്ചാത്യരീതിയില്‍ നിന്നും ഭിന്നമായി കൂട്ടായ്‌മയില്‍ ഊന്നുന്ന ഇസ്‌ലാമിന്റെ സ്വഭാവം ഞാനിഷ്‌ടപ്പെടുന്നു.''
സാമൂഹ്യ ബന്ധങ്ങളില്‍ ഏറ്റവും ശക്തമായത്‌ കുടുംബബന്ധമാണ്‌. ഏതൊരു മനുഷ്യസമൂഹത്തിന്റെയും അടിസ്ഥാനം കുടുംബമാണ്‌. 
പ്രത്യേകിച്ചും മുസ്‌ലിം സമൂഹത്തിന്റെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ ശരിയാണ്‌. ഇസ്‌ലാമിലേക്ക്‌ പലരെയും, പ്രത്യേകിച്ച്‌ സ്‌ത്രീകളെ കൂടുതലായി ആകര്‍ഷിക്കുന്നത്‌ കുടുംബജീവിതത്തിന്‌ ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ്‌.
``ആരോഗ്യകരമായ കുടുംബസംവിധാനവും സമുദായ സംവിധാനവും സൃഷ്‌ടിച്ചെടുക്കുന്നതിന്‌ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ ഇസ്‌ലാം പ്രദാനംചെയ്യുന്നു. ജനകീയമായ മതേതര സംവിധാനങ്ങള്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി സമൂഹത്തിലും കുടുംബത്തിലും ചെലുത്തിയ തെറ്റായ സ്വാധീനങ്ങള്‍ ഇസ്‌ലാം ഇല്ലാതാക്കുന്നു. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ വിഭാഗം പ്രൊഫസറും ഇസ്‌ലാമാശ്ലേഷിച്ച അമേരിക്കന്‍ വനിതയുമായ മാര്‍ഷിയ ഹെര്‍മാന്‍സെന്നിന്റെ അഭിപ്രായത്തില്‍ കുടുംബജീവിതത്തിന്‌ ഇസ്‌ലാമിലുള്ള പ്രാധാന്യം കാരണം ഛിദ്രമായ കുടുംബങ്ങളിലെ വനിതകളാണ്‌ കൂടുതലായി ഇസ്‌ലാം ആശ്ലേഷിക്കുന്നത്‌. പാരമ്പര്യ കുടുംബമൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്ന ലാറ്റിനമേരിക്കക്കാര്‍ ധാരാളമായി ഇസ്‌ലാം സ്വീകരിക്കുന്നുണ്ട്‌. ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു മുസ്‌ലിം ഇങ്ങനെ നിരീക്ഷിക്കുന്നു: ``ലാറ്റിനമേരിക്കക്കാരില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ നിരക്ക്‌ കൂടുതലാണ്‌. സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്ന അമേരിക്കക്കാര്‍ കുടുംബമൂല്യങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം നല്‌കുന്നവരാണ്‌. ഇസ്‌ലാം മതത്തിലും കുടുംബമൂല്യങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.''
പലരെയും ആകര്‍ഷിക്കുന്ന ഇസ്‌ലാമിക ജീവിതത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന്‌ വിശകലനം ചെയ്യാം. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഇസ്‌ലാമിക്‌ പ്രോഗ്രാമില്‍ സൗത്തമേരിക്കയിലെ ഇക്വഡോറില്‍ നിന്നുള്ള ഹെര്‍മന്‍ ഗ്വാഡാലുപെ മുസ്‌ലിംകളും സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്ന അമേരിക്കക്കാരും (Hispanics) തമ്മിലുള്ള സാംസ്‌കാരിക സമാനതകളെക്കുറിച്ചും കുടുംബമൂല്യങ്ങളുടെ സാമ്യതകളെക്കുറിച്ചും സംസാരിച്ചു. മുസ്‌ലിം വീടുകളിലേതു പോലെ സ്‌പാനിഷ്‌ സംസാരിക്കുന്ന അമേരിക്കക്കാരുടെ വീടുകളിലും മക്കള്‍ അച്ചടക്കത്തോടെ വളരുന്നു. സുദൃഢമായ കുടുംബ ബന്ധങ്ങള്‍ നിലനില്‌ക്കുന്നു.
ഈയടുത്ത്‌ ഒരു ന്യൂസ്‌പേപ്പറിലെ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു: ``മുസ്‌ലിം സമുദായത്തിന്റെ രൂപീകരണത്തില്‍ കുടുംബമൂല്യങ്ങള്‍ അതിപ്രധാന പങ്കുവഹിക്കുന്നുണ്ട്‌. സ്‌പാനിഷ്‌ സംസാരിക്കുന്ന അമേരിക്കക്കാരിലും അങ്ങനെത്തന്നെയാണ്‌. മുതിര്‍ന്നവരെ ബഹുമാനിക്കല്‍, വൈവാഹിക ജീവിതം, സന്താന പരിപാലനം എന്നിവ മുസ്‌ലിംകളിലും ഹിസ്‌പാനിക്‌സിലും പൊതുവായുള്ള രീതികളാണ്‌.
ഇസ്‌ലാം സ്വീകരിച്ച ഒരു സ്‌ത്രീയുടെ മാതാവ്‌ കരോള്‍ എല്‍ആന്‍വി തയ്യാറാക്കിയ Daughters of another path എന്ന പുസ്‌തകത്തില്‍ സ്വജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച്‌ ഇസ്‌ലാമാശ്ലേഷിച്ച ഏതാനും അമേരിക്കന്‍ സ്‌ത്രീകളുടെ അഭിപ്രായങ്ങളുണ്ട്‌. ഇസ്‌ലാമാശ്ലേഷിച്ച ശേഷം കുടുംബജീവിതത്തോടും വൈവാഹിക ജീവിതത്തോടുമുള്ള തന്റെ സമീപനം മാറിയതിനെക്കുറിച്ച്‌ ഒരു സ്‌ത്രീ ആ പുസ്‌തകത്തില്‍ പറയുന്നതിങ്ങനെ: ``മതത്തിലേക്ക്‌ കൂടുതല്‍ അടുക്കുന്തോറും ഞാന്‍ കൂടുതല്‍ വൃത്തിയുള്ളവളും സമാധാനമനുഭവിക്കുന്നവളും വളരെ ചിട്ടയുള്ളവളുമായിത്തീര്‍ന്നു. മുസ്‌ലിമാകുന്നതിന്നു മുമ്പ്‌ എനിക്ക്‌ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നു. മുസ്‌ലിമായ ഉടനെ ഞാന്‍ വിവാഹിതയാവുകയും ശേഷം ഉമ്മയാവുകയും ചെയ്‌തു. എന്നില്‍ മുമ്പേ ഉണ്ടായിരുന്ന സ്‌നേഹം, കാരുണ്യം, വിനയം എന്നീ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ട ഒരു ചട്ടക്കൂട്‌ ഇസ്‌ലാം നല്‌കി. വിവാഹിതയാവുകയും രണ്ടു മക്കളുടെ മാതാവാകുകയും ചെയ്യുക വഴി സന്തോഷത്തിലേക്ക്‌ ഇസ്‌ലാം എന്നെ നയിച്ചു. ഇസ്‌ലാമേശ്ലേഷിക്കുന്നതിനു മുമ്പ്‌ സ്വന്തം കുടുംബമുണ്ടാകുന്നതിനെക്കുറിച്ച്‌ എനിക്ക്‌ ആശയേ ഇല്ലായിരുന്നു. കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച ചിന്തപോലും ഞാന്‍ വെറുത്തിരുന്നു.''
വലിയൊരു കുടുംബത്തില്‍ താന്‍ സ്വീകാര്യയായതെങ്ങനെയെന്ന്‌ മറ്റൊരു സ്‌ത്രീ അതേ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌: ``ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നുള്ള നിരവധി പേരെ വിമാനത്താവളത്തില്‍ വെച്ച്‌ കണ്ടുമുട്ടിയ ആ ഹൃദയസ്‌പൃക്കായ നിമിഷത്തെ ഞാനൊരിക്കലും മറക്കില്ല. അമ്മായിയമ്മ ഒരു മാലാഖയെപ്പോലെയാണ്‌. ഇവിടത്തെ ദൃശ്യം സന്തോഷത്താല്‍ ദീര്‍ഘനേരം എന്റെ കണ്ണുകളെ ഈറനണിയിച്ചു. വാക്കുകള്‍ കൊണ്ട്‌ വിവരിക്കാനാവുന്നതിനും അപ്പുറമാണ്‌ കുടുംബജീവിതത്തിലെ അടുപ്പം.''
ഇതേ പുസ്‌തകത്തില്‍ 35 വയസ്സുകാരിയായ ഇസ്‌ലാമാശ്ലേഷിച്ച ഒരമേരിക്കന്‍ വനിത തന്റെ ഭര്‍ത്താവിന്റെ കുടുംബത്തെയും അമേരിക്കന്‍ മൂല്യങ്ങളെയും താരതമ്യപ്പെടുത്തുന്നതിങ്ങനെ: ``എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാവരെയും അദ്ദേഹത്തിന്റെ മറ്റു ചില ബന്ധുമിത്രാദികളെയും ഞാന്‍ കണ്ടു. അവരില്‍ നിന്ന്‌ വളരെയേറെ ഞാന്‍ പഠിച്ചു. മക്കളുമായി ബന്ധപ്പെട്ടവരെ ആദരിക്കുകയും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്ന അമ്മായിയമ്മയുടെയും മറ്റും വിസ്‌മയകരമായ രീതികള്‍ എന്നെ ആകര്‍ഷിച്ചു. മക്കളെ പരിഗണിക്കുന്ന മതവുമായി ബന്ധപ്പെട്ട സംസ്‌കാരം എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കാണാന്‍ ചന്തമുണ്ട്‌. എന്റെ അമേരിക്കന്‍ സാംസ്‌കാരിക വ്യക്തിത്വവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ ഭര്‍ത്താവിന്റെ മാതാവും പിതാവും വലിയ മതിപ്പോടെയാണ്‌ കണ്ടത്‌. മധ്യമമാര്‍ഗമാണ്‌ ശരിയായ പാതയെന്ന ഇസ്‌ലാമിന്റെ നിലപാട്‌ സത്യത്തില്‍ ശരിയാണെന്ന്‌ എനിക്ക്‌ ബോധ്യമായി.''
ഒരു അമുസ്‌ലിം ബുദ്ധിജീവിയില്‍ നിന്നും ചില റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും ഇസ്‌ലാമാശ്ലേഷിച്ച ചില സാധാരണക്കാരായ അമേരിക്കന്‍ വനിതകളില്‍ നിന്നുള്ള ഈ ഉദ്ധരണികളില്‍ നിന്നും ഇസ്‌ലാമിന്റെ വലിയൊരാകര്‍ഷണം അതിന്റെ കുടുംബമൂല്യങ്ങളാണെന്ന്‌ കാണാന്‍ കഴിയും. ദൈവത്തില്‍ നിന്നും ദൈവിക സന്മാര്‍ഗത്തില്‍ നിന്നും ഖുര്‍ആന്‍ മുഖേനയും പ്രവാചകന്റെ(സ) മൊഴികളില്‍ നിന്നുമാണ്‌ ഈ മൂല്യങ്ങള്‍ ലഭിക്കുന്നത്‌. കുടുംബം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം താഴെപ്പറയുന്ന ഒരു നബിവചനം ഊന്നിപ്പറയുന്നുണ്ട്‌: ``വിവാഹം കഴിച്ചവന്‍ തന്റെ പാതി ദീന്‍ പൂര്‍ത്തിയാക്കി. അതിനാല്‍ ബാക്കിയുള്ള പാതിയില്‍ അവന്‍ ദൈവത്തെ സൂക്ഷിച്ചുകൊള്ളട്ടെ.'' (ബൈഹഖി)
വിവാഹം
``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (വി.ഖു 30:21)
ഏറ്റവും പുരാതനമായ സാമൂഹ്യാചാരമാണ്‌ വിവാഹം. ആദ്യപുരുഷന്റെയും സ്‌ത്രീയുടെയും -ആദം ഹവ്വ- സൃഷ്‌ടിപ്പിനോടനുബന്ധിച്ചു തന്നെ വിവാഹവും നിലവില്‍ വന്നു. അന്നു മുതലുള്ള എല്ലാ പ്രവാചകന്മാരും അവരവരുടെ സമൂഹങ്ങളിലേക്ക്‌ മാതൃകകളായാണ്‌ അയയ്‌ക്കപ്പെട്ടത്‌. ആണും പെണ്ണും ഒന്നിച്ചുള്ള ജീവിതത്തിന്‌ വിവാഹം ദൈവം അനുവദിച്ച മാര്‍ഗമാണ്‌. ആദ്യ പ്രവാചകന്‍ മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ളവര്‍ വിവാഹസമ്പ്രദായം ദൈവം അനുവദിച്ച രീതിയായി കണ്ടിരുന്നു. `എന്റെ കാമുകി' എന്നോ `എന്റെ പങ്കാളി' എന്നോ പരിചയപ്പെടുത്തുന്നതിനെക്കാള്‍ `എന്റെ ഭാര്യ' എന്നോ `എന്റെ ഭര്‍ത്താവ്‌' എന്നോ പരിചയപ്പെടുത്തുന്നതാണ്‌ ഇന്നും കൂടുതല്‍ ശരിയായി ആളുകള്‍ കരുതുന്നത്‌. സ്‌നേഹം, സൗഹൃദം, വിശ്വാസ്യത തുടങ്ങിയ മാനുഷിക ചോദനകളും ശാരീരികാവാശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നത്‌ സ്‌ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലൂടെയാണ്‌. ``അവര്‍ നിങ്ങള്‍ക്കൊരു വസ്‌ത്രവുമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്‌ത്രമാകുന്നു.''(വി.ഖു 2:187)
കാലം കടന്നുപോയപ്പോള്‍ ചില വിഭാഗം ആളുകള്‍ ലൈംഗികതയെക്കുറിച്ചും എതിര്‍ ലിംഗത്തില്‍ പെട്ടവരെക്കുറിച്ചും ആത്യന്തിക വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താന്‍ തുടങ്ങി. സ്‌ത്രീകളെ തിന്മയായി കാണുകയും അവരുമായുള്ള ബന്ധം വളരെ ഏറെ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നത്‌ മതനിഷ്‌ഠയുള്ള പല പുരുഷന്മാരുടെയും രീതിയായി. അങ്ങനെ കൂടുതല്‍ ദൈവികമായ ജീവിതത്തിനായി വിവാഹമൊഴിവാക്കി ജീവിതകാലം മുഴുവന്‍ അവര്‍ സന്യാസം ആചരിച്ചു.
``പിന്നീട്‌ അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിനു നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്‌തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന്‌ (വേണ്ടി അവരത്‌ ചെയ്‌തു) എന്നല്ലാതെ, നാം അവര്‍ക്കത്‌ നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട്‌ അവരത്‌ പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ അവരുടെ പ്രതിഫലം നാം നല്‌കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു.'' (വി.ഖു 57:27)
സന്യാസിമാര്‍ക്ക്‌ പരിചയമുള്ള ഏക കുടുംബം മഠത്തില്‍, ആശ്രമത്തില്‍ ഒപ്പം താമസിക്കുന്ന മറ്റു സന്യാസിമാരായിരിക്കും. ക്രിസ്‌തുമതത്തിലാകട്ടെ, സ്‌ത്രീകളും ഉയര്‍ന്ന മതഭക്തരാവുന്നത്‌ കന്യാസ്‌ത്രീകള്‍ അഥവാ `യേശുവിന്റെ വധുക്കള്‍' ആകുന്നത്‌ വഴിയാണ്‌. പ്രകൃതി വിരുദ്ധമായ ഇത്തരം അവസ്ഥകള്‍ ബാലപീഡനം, സ്വവര്‍ഗരതി പോലുള്ള വലിയ തിന്മകളുടെ വ്യാപനത്തിലേക്ക്‌ നയിക്കുന്നു. ദൈവത്തിങ്കലേക്കടുക്കുന്നതിന്‌ പ്രവാചകന്മാരുടെ മാര്‍ഗം പിന്തുടരുന്നതിനു പകരം അനിസ്‌ലാമിക മാര്‍ഗമായ സന്യാസം സ്വീകരിക്കുന്ന മുസ്‌ലിംകളും ഇത്തരം തിന്മകളിലേക്ക്‌ നയിക്കപ്പെടുന്നു.
ദൈവത്തിങ്കലേക്കെടുക്കുന്നതിന്‌ വിവാഹം തടസ്സമാണെന്ന അഭിപ്രായത്തോട്‌ തന്റെ ജീവിതകാലത്തു തന്നെ പ്രവാചകന്‍(സ) വിയോജിച്ചിരുന്നു. ഒരിക്കല്‍ പ്രവാചകന്റെ(സ) അടുക്കല്‍ വെച്ച്‌ ഒരാള്‍ താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ പ്രതിജ്ഞ ചെയ്‌തു. ഇതിനോട്‌ പ്രവാചകന്‍(സ) ഇങ്ങനെ പ്രതികരിച്ചു: ``അല്ലാഹുവാണെ, നിങ്ങളില്‍ ദൈവത്തെ ഏറ്റവും ഭയപ്പെടുന്നത്‌ ഞാനാണ്‌. എന്നിട്ടും ഞാന്‍ വിവാഹം കഴിക്കുന്നു! എന്റെ ചര്യയില്‍ നിന്നും തിരിഞ്ഞുകളയുന്നവനാരോ അവന്‍ എന്നില്‍ പെട്ടനവല്ല.''
``നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (വി.ഖു 3:31)
ഒരാളുടെ വിശ്വാസത്തിന്‌ അഥവാ ഈമാനിന്‌ വിവാഹം ദോഷകരമല്ലെന്ന്‌ മാത്രമല്ല, തങ്ങളുടെ മതകീയ ജീവിതത്തിന്‌ വിവാഹം അനിവാര്യഘടകമായാണ്‌ മുസ്‌ലിംകള്‍ കരുതുന്നത്‌. മുമ്പ്‌ പ്രസ്‌താവിച്ചതു പോലെ വിവാഹം മതത്തിന്റെ പകുതിയാണെന്നാണ്‌ പ്രവാചകന്‍(സ) വ്യക്തമായി പറഞ്ഞിരിക്കുന്നത്‌. വിശ്വാസ്യത, പാതിവ്രത്യം, ഉദാരത, സഹിഷ്‌ണുത, വിനയം, പരിശ്രമശീലം, ക്ഷമ, സ്‌നേഹം, ധീരത, കാരുണ്യം, വിട്ടുവീഴ്‌ച തുടങ്ങിയ പ്രകൃതിപരമായ സ്വഭാവങ്ങള്‍ ദാമ്പത്യജീവിതത്തിലാണ്‌ പ്രകടമാവുക.
ഇസ്‌ലാമിക വീക്ഷണത്തില്‍ ദൈവഭക്തിയും സല്‍സ്വഭാവവുമാണ്‌ വിവാഹിതരാവാനാഗ്രഹിക്കുന്നവര്‍ പ്രതിശ്രുത വരനില്‍/വധുവില്‍ പ്രത്യേകമായി അന്വേഷിക്കേണ്ടത്‌. പ്രവാചകന്‍(സ) പറഞ്ഞു: ``നാലു കാര്യങ്ങളിലേതെങ്കിലും ഒന്നിനു വേണ്ടിയാണ്‌ സ്‌ത്രീകള്‍ വിവാഹം ചെയ്യപ്പെടാറ്‌. സ്വത്ത്‌, തറവാട്‌, സൗന്ദര്യം, മതനിഷ്‌ഠ. മതനിഷ്‌ഠയുള്ളവളെ വിവാഹം ചെയ്‌ത്‌ നീ വിജയിച്ചുകൊള്ളുക.'' (ബുഖാരി)
മുസ്‌ലിംകളുടെതല്ലാത്ത ലോകത്ത്‌ വ്യാപകമായ ചില സാമൂഹ്യതിന്മകള്‍ മുസ്‌ലിം ലോകത്തിന്റെ ചില ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്‌. എന്നിരുന്നാലും വഴിവിട്ട ലൈംഗികബന്ധങ്ങള്‍, വ്യഭിചാരം എന്നിവ നിസ്സാരമായ തിന്മകളോ അബദ്ധങ്ങളോ ആയിക്കാണാതെ, വലിയ തിന്മകളായിക്കണ്ട്‌ അപലപിക്കുകയാണ്‌ മുസ്‌ലിം സമൂഹങ്ങളെല്ലാം ചെയ്യുന്നത്‌. വിവാഹത്തിനു മുമ്പോ വിവാഹശേഷമോ ഉള്ള അവിഹിത ലൈംഗികബന്ധങ്ങള്‍ കൊടിയ തിന്മകളായാണ്‌ ഇക്കാലത്തും മുസ്‌ലിംകള്‍ പരിഗണിക്കുന്നത്‌. ചാരിത്ര്യവതികളായ സ്‌ത്രീകളെക്കുറിച്ച്‌ നടത്തുന്ന കേവല കുറ്റാരോപണങ്ങള്‍ പോലും ഇഹലോകത്തും പരലോകത്തും കഠിനമായ ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്നാണ്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌: ``ചാരിത്ര്യവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട്‌ നാല്‌ സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത്‌ അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍.'' (വി.ഖു 24:4)
``പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുണ്ട്‌.'' (വി.ഖു 24:23)
വിരോധാഭാസമെന്ന്‌ പറയട്ടെ, അവിഹിത ലൈംഗികബന്ധങ്ങള്‍ കാരണമായുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക്‌ കൂടുതല്‍ വിധേയരാകുന്നത്‌ അവിവാഹിതരായ സ്‌ത്രീകളായിരുന്നിട്ടും വിവാഹസമ്പ്രദായം തന്നെ നിറുത്തല്‍ ചെയ്യണമെന്നാണ്‌ ചില തീവ്ര ഫെമിനിസ്റ്റുകളുടെ വാദം. പാശ്ചാത്യലോകത്തെ തകരുന്ന ദാമ്പത്യബന്ധങ്ങളില്‍ നിന്നും ലൈംഗികരോഗങ്ങള്‍ പിടിപെടുന്നതില്‍ നിന്നും മറ്റു പീഡനങ്ങളില്‍ നിന്നും സ്‌ത്രീകളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന NOW എന്ന ഫെമിനിസ്റ്റ്‌ സംഘടനയുടെ പ്രതിനിധിയായ ഷീല ക്രോണിന്റെ അഭിപ്രായത്തില്‍ ``സ്‌ത്രീകളുടെ അടിമത്തമാണ്‌ വിവാഹത്തില്‍ സംഭവിക്കുന്നത്‌ എന്നതിനാല്‍ വിവാഹസമ്പ്രാദയത്തിനെതിരിലാണ്‌ സ്‌ത്രീ മൂവ്‌മെന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടത്‌. വിവാഹം ഇല്ലാതാക്കാതെ സ്‌ത്രീക്ക്‌ സ്വാതന്ത്ര്യം നേടാനാവില്ല.''
എന്നാല്‍ സ്‌ത്രീ സ്വാതന്ത്ര്യം നേടാനുള്ള ഒരു വഴി തന്നെയാണ്‌ ഇസ്‌ലാമിക വീക്ഷണത്തില്‍ വിവാഹം. ഒരു പൂര്‍ണ ഇസ്‌ലാമിക ദാമ്പത്യം എങ്ങനെയായിരിക്കണമെന്നതിന്‌ പ്രവാചകന്റെ(സ) ജീവിതം തന്നെയാണ്‌ മാതൃക. പ്രവാചകന്‍(സ) തന്റെ അനുയായികളോട്‌ പറഞ്ഞു: ``നിങ്ങളുടെ സ്‌ത്രീകളോട്‌ ഏറ്റവും നന്നായി പെരുമാറുന്നവനാണ്‌ നിങ്ങളില്‍ ഏറ്റവും ഉത്തമന്‍. എന്റെ സ്‌ത്രീകളോട്‌ ഞാന്‍ ഏറ്റവും നന്നായി പെരുമാറുന്നു.'' പ്രവാചകപത്‌നി ആഇശ(റ)ക്ക്‌ തന്റെ ഭര്‍ത്താവില്‍ നിന്നും ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തിന്‌ താഴെപ്പറയുന്ന വചനം തെളിവാണ്‌: ``അദ്ദേഹം സാധാരണയായി വീട്ടുജോലികളില്‍ പങ്കാളിയാവുകയും തന്റെ വസ്‌ത്രങ്ങള്‍ കഴുകുകയും തന്റെ ചെരിപ്പുകള്‍ തുന്നുകയും മുറികള്‍ അടിച്ച്‌ വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. തന്റെ മൃഗങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുകയും അവയെ സംരക്ഷിക്കുകയും പാല്‍ കറന്നെടുക്കുകയും മറ്റു വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു'' (ബുഖാരി). ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക്‌.'' (വി.ഖു 33:21)
പേരന്റിംഗ്‌
ഒരു മാതൃകാ ഇസ്‌ലാമിക കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ റോളുകള്‍ കൃത്യമായറിയം. പ്രവാചകന്‍(സ) പറഞ്ഞു: ``നിങ്ങളോരോരുത്തരും ഇടയന്മാരാണ്‌. നിങ്ങളുടെ കീഴിലുള്ളവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്‌.'' (ബുഖാരി, മുസ്‌ലിം)
കുടുംബത്തിന്‌ സംരക്ഷണം നല്‍കേണ്ടതും അവരുടെ ചെലവുകള്‍ വഹിക്കേണ്ടതും അവര്‍ക്ക്‌ മാതൃകയാവേണ്ടതും കുടുംബനാഥനെന്ന നിലയില്‍ കുടുംബത്തെ നയിക്കേണ്ടതും പിതാവാണ്‌. സ്‌നേഹവും സന്തോഷവും നിറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം കുടുംബത്തില്‍ നിലനിര്‍ത്തേണ്ടത്‌ മാതാവിന്റെ ബാധ്യതയാണ്‌. കുട്ടികള്‍ക്കു വേണ്ട ഉപദേശങ്ങള്‍ നല്‍കേണ്ടതും അറിവ്‌ നല്‍കേണ്ടതും പ്രാഥമികമായി മാതാവിന്റെ ചുമതലയാണ്‌. ഒരു നേതൃത്വത്തിനു കീഴിലല്ലാത്ത ഏതൊരു സംഘടനയിലും സംഭവിക്കുന്നതു പോലെ കുടുംബനാഥന്റെ കീഴിലല്ലാത്ത ഏതൊരു കുടുംബത്തിലും അഭിപ്രായഭിന്നതകളും സംഘര്‍ഷവും കുടുംബഛിദ്രതയും അനിവാര്യമായുണ്ടാവും.
``അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്‌പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ്‌ അവന്റെ യജമാനന്മാര്‍. ഒരു യജമാനന്‌ മാത്രം കീഴ്‌പ്പെടേണ്ടവനായ മറ്റൊരാളെയും (എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന്‌ സ്‌തുതി. പക്ഷേ അവരില്‍ അധികപേരും അറിയുന്നില്ല.'' (വി.ഖു 39:29)
മാതാപിതാക്കളില്‍ വൈകാരികമായും ശാരീരികമായും പ്രകൃതിപരമായും കൂടുതല്‍ കരുത്തുള്ളയാള്‍ അഥവാ പുരുഷന്‍ കുടുംബനാഥനാവുക എന്നത്‌ തികച്ചും യുക്തിപരമാണ്‌. ``സ്‌ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ അവരേക്കാളുപരി ഒരു പദവിയുണ്ട്‌.'' (വി.ഖു 2:228)
മക്കള്‍ക്ക്‌ എല്ലാ രംഗത്തുമുള്ള ധാര്‍മിക ശിക്ഷണങ്ങള്‍ നല്‍കല്‍ മക്കളെ സ്‌നേഹിക്കുന്ന രക്ഷിതാക്കളുടെ ബാധ്യതയും മാതാപിതാക്കളോട്‌ വേണ്ട കടപ്പാടുകള്‍ നിര്‍വഹിക്കല്‍ മക്കളുടെ ചുമതലയുമാണ്‌. ``തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവോരട്‌ നീ `ഛെ' എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക്‌ നീ അവര്‍ക്ക്‌ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.'' (വി.ഖു 17:23,24)
കൊച്ചുപ്രായം മുതലേ കുട്ടികളെ ദൈവഭക്തരായി വളര്‍ത്തിയില്ലെങ്കില്‍ മുതിര്‍ന്നവരാകുമ്പോള്‍ അവരില്‍ നിന്ന്‌ ശരിയായ സമീപനം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട്‌ അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ദൈവികശിക്ഷയെക്കുറിച്ച്‌ പറയുന്നു: ``സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക'' (വി.ഖു 66:6). ശരിയായ രീതിയില്‍ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയാണെങ്കില്‍ മഹത്തായ നേട്ടമായിരിക്കും അത്‌. പ്രവാചകന്‍(സ) പറയുന്നു: ``ആദം സന്തതി മരിക്കുന്നതോടെ, അവന്റെ എല്ലാ കര്‍മങ്ങളും പ്രവര്‍ത്തനങ്ങളും അവസാനിക്കുന്നു; മൂന്നു കാര്യങ്ങളൊഴികെ. നിലനില്‍ക്കുന്ന സ്വദഖ, പ്രയോജനപ്പെടുന്ന വിജ്ഞാനം, തന്റെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സ്വഭാവിയായ സന്താനം.'' (ബുഖാരി, മുസ്‌ലിം)
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയത്‌ മതനിഷ്‌ഠയോടെയാണെങ്കിലും അല്ലെങ്കിലും സ്രഷ്‌ടാവായ ദൈവത്തെക്കഴിഞ്ഞാല്‍ മുസ്‌ലിമായ മകനും മകളും ഏറ്റവുമധികം ആദരവും അനുസരണവും കാണിക്കേണ്ടത്‌ തങ്ങളുടെ മാതാപിതാക്കളോടാണ്‌. അല്ലാഹു ഓര്‍മിപ്പിക്കുന്നു: ``അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം. ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം, പ്രാര്‍ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്‌റാഈല്യരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)'' (വി.ഖു. 2:83)
മക്കള്‍ മുസ്‌ലിംകളായി മാറിയതിനു ശേഷം ലഭിച്ച കൂടുതല്‍ ശ്രദ്ധയോടെയുള്ള പരിചരണവും ഉത്തരവാദിത്വ നിര്‍വഹണവും കാരണമായി ഇസ്‌ലാമാശ്ലേഷിച്ച പല വൃദ്ധന്മാരെയും വൃദ്ധകളെയും കുറിച്ച്‌ കേട്ടിട്ടുണ്ട്‌. ``(നബിയേ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞുകേള്‍പ്പിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌.'' (വി.ഖു. 6:51)
മാതാവിനെയും പിതാവിനെയും അനുസരിക്കല്‍ മക്കളുടെ ബാധ്യതയാണെങ്കിലും കൂടുതല്‍ സ്‌നേഹവും കാരുണ്യവും കടപ്പാടും ഉണ്ടാവേണ്ടത്‌ മാതാവിനോടാണ്‌. പ്രവാചകനോട്‌(സ) ഒരാള്‍ ചോദിച്ചു: ഞാന്‍ ഏറ്റവും നന്നായി സഹവസിക്കേണ്ടത്‌ ആരോടാണ്‌ ദൈവദൂതരേ? അദ്ദേഹം പറഞ്ഞു: നിന്റെ മാതാവിനോട്‌. അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്‌? പ്രവാചകന്‍(സ) പറഞ്ഞു: നിന്റെ മാതാവിനോട്‌. അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്‌? പ്രവാചകന്‍(സ) പറഞ്ഞു: നിന്റെ മാതാവിനോട്‌. വീണ്ടുമയാള്‍ ചോദിച്ചു: പിന്നെ ആരോടാണ്‌? അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: തന്റെ പിതാവിനോട്‌.
``തന്റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യരോട്‌ അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്‌തു. അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത്‌ വയസ്സിലെത്തുകയും ചെയ്‌താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്‌തുതന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദി കാണിക്കാനും നീ തൃപ്‌തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നിന്ന്‌ നീ എനിക്ക്‌ നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.'' (വി.ഖു 46:15)
ഉപസംഹാരം
ഒരാള്‍ക്ക്‌ ഗുണകരമായിട്ടുള്ളത്‌ മറ്റൊരാള്‍ക്കും ഗുണകരമായിരിക്കുമെന്ന ഒരു പൊതുതത്വം ഇസ്‌ലാമിലുണ്ട്‌. അഥവാ പ്രവാചകന്റെ വാക്കുകളില്‍ ``നിനക്കു വേണ്ടി നീ എന്തിഷ്‌ടപ്പെടുന്നുവോ അത്‌ നിന്റെ (വിശ്വാസിയായ) സഹോദരനു വേണ്ടിയും ഇഷ്‌ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും യഥാര്‍ഥ വിശ്വാസിയാവുകയില്ല.'' (ബുഖാരി, മുസ്‌ലിം)
ഇസ്‌ലാമിക സമൂഹത്തിന്റെ ന്യൂക്ലിയസ്‌ ആയ മുസ്‌ലിം കുടുംബത്തിലാണ്‌ ഈ തത്വത്തിന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരിക്കേണ്ടത്‌. എന്നിരുന്നാലും മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കുന്നതിനോടൊപ്പം തന്നെ സമുദായത്തിലെ മുതിര്‍ന്നവരോടെല്ലാം കുട്ടികള്‍ ആദരവ്‌ കാണിക്കണം.
സ്വന്തം മക്കളോട്‌ തോന്നുന്ന കാരുണ്യം സമൂഹത്തിലെ മറ്റു കുട്ടികളോടും മുതിര്‍ന്നവര്‍ കാണിക്കണം. ഇത്തരം കാര്യങ്ങളില്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ പക്ഷപാതം കാണിക്കരുത്‌. പ്രവാചകന്‍(സ) പറഞ്ഞു: ``ചെറിയവരോട്‌ കരുണ കാണിക്കാത്തവരും മുതിര്‍ന്നവരെ ആദരിക്കാത്തവരും നമ്മില്‍ പെട്ടവനല്ല'' (അബൂദാവൂദ്‌, തിര്‍മിദി)
അമുസ്‌ലിംകളായി വളര്‍ന്ന പലരും തങ്ങളന്വേഷിക്കുന്ന നന്മയും സത്യവും ഇസ്‌ലാമില്‍ കണ്ടെത്തുന്നതില്‍ അതിശയിക്കാനുണ്ടോ? സ്‌നേഹമുള്ള കുടുംബത്തിലെ അംഗമെന്നോണം ഹൃദയപൂര്‍വം സ്വാഗതം ചെയ്യപ്പെടുന്ന ഒരു മതത്തിലേക്ക്‌ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ല.
``നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും കരാറിലേര്‍പ്പെട്ടാല്‍ അത്‌ നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്‌തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ദൈവഭക്തന്മാര്‍'' (വി.ഖു 2:177)
വിവസിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: