ചാര്‍മിനാര്‍: ബാബരി മസ്‌ജിദ്‌ ആവര്‍ത്തിക്കുമോ?

  • Posted by Sanveer Ittoli
  • at 11:47 PM -
  • 0 comments
ചാര്‍മിനാര്‍: ബാബരി മസ്‌ജിദ്‌ ആവര്‍ത്തിക്കുമോ?

സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍
നവംബര്‍ ആദ്യവാരത്തോടെ വാര്‍ത്താ കോളങ്ങളില്‍ ചൂടുപിടിച്ച ഹൈദരാബാദിലെ ചാര്‍മിനാര്‍ വിവാദം ചരിത്രപൈതൃകങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റത്തിന്റെ ആദ്യത്തെ സംഭവമല്ല, എന്നാല്‍ അത്‌ ചരിത്രത്തിന്റെ ആവര്‍ത്തനവുമല്ല. 1591ല്‍ നഗരത്തില്‍ നിന്ന്‌ പ്ലേഗ്‌ തുടച്ച്‌ മാറ്റപ്പെട്ടതിന്റെ സ്‌മരണക്കായി ഖുതുബ്‌ ഷാഹി രാജവംശത്തിലെ അഞ്ചാമന്‍ സുല്‍ത്താന്‍ മുഹമ്മദ്‌ ഖുലി നിര്‍മിച്ചതാണിത്‌. 
ഹൈദാരാബാദിന്റെ ശില്‍പി എന്നാണ്‌ ചരിത്രം മുഹമ്മദ്‌ ഷായെ വിലയിരുത്തുന്നത്‌. പ്രഥമ ഉര്‍ദു കവിതാ സമാഹാരത്തിന്റെ കര്‍ത്താവ്‌ കൂടിയായ അദ്ദേഹം തെലുങ്ക്‌, പേര്‍ഷ്യന്‍ ഭാഷകളിലും നിപുണനായിരുന്നു. സാഗരത്തില്‍ മത്സ്യങ്ങളെ നിറച്ചപോലെ വ്യത്യസ്‌ത ജനങ്ങളെ കൊണ്ട്‌ ഈ നഗരം നിറക്കേണമേ എന്ന്‌ മനോഹരമായി ഉറുദുവില്‍ പാടിയിരുന്ന സുല്‍ത്താന്റെ രാജസദസ്സില്‍ നിരവധി ഉര്‍ദു, തെലുങ്ക്‌ പണ്ഡിതന്മാരുണ്ടായിരുന്നു. കഞ്ചേല രാമദാസ്‌ എന്ന തെലുങ്ക്‌ കവി ഭരണകൂടത്തെ പുകഴ്‌ത്തി നിരവധി കവിതകളെഴുതിയിട്ടുണ്ട്‌. മതസഹിഷ്‌ണുതക്കും ജനസേവനത്തിനും പേരുകേട്ട രാജവംശമായിരുന്നു അത്‌. അതുകൊണ്ടാണ്‌ ജനജീവിതം ദുസ്സഹമാക്കിയ ഇപ്പോഴത്തെ സംഭവങ്ങളെല്ലാം തന്നെ?`ചരിത്രത്തിന്റെ ആവര്‍ത്തനമല്ല'?എന്ന വായനക്ക്‌ പ്രസക്തിയേറുന്നത്‌.
ഹൈദരാബാദിനെ `സുന്ദര'നഗരമാക്കി മാറ്റിയതില്‍ മുഖ്യ പങ്ക്‌ സുല്‍ത്താന്‍ മുഹമ്മദ്‌ ഖുലി ഷാക്ക്‌ (1580-1611) തന്നെയാണ്‌. 18ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ സ്വാതന്ത്ര്യലബ്‌ധി വരെ നിസാമികളാണ്‌ ഭരണം കയ്യാളിയിരുന്നത്‌. സ്വന്തമായി പതാക, കറന്‍സി, പോസ്‌റ്റല്‍ സംവിധാനം, റെയില്‍വേ, റേഡിയോ തുടങ്ങിയവ ഉണ്ടായിരുന്നുവെന്നത്‌ ഹൈദരാബാദിന്റെ പ്രത്യേകതയാണ്‌. ബ്രിട്ടീഷ്‌ ഭരണത്തില്‍ നിലനിന്നിരുന്ന ജുഡീഷ്യറിയെക്കാളും കുറ്റമറ്റ സംവിധാനം അവര്‍ക്കുണ്ടായിരുന്നു. ശില്‍പകലയെയും കാലിഗ്രഫിയെയും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. മക്കാ മസ്‌ജിദിന്റെ കവാടത്തില്‍ ഒന്നാന്തരം പേര്‍ഷ്യന്‍ കാലിഗ്രഫി ഇന്നും നമുക്ക്‌ കാണാവുന്നതാണ്‌.
പ്രസിദ്ധമായ മക്കാ മസ്‌ജിദിനോട്‌ ചേര്‍ന്നുകിടക്കുന്ന ഈ നാല്‌ മിനാരങ്ങള്‍ക്ക്‌ മുകളില്‍ കയറി മുമ്പ്‌ ബാങ്ക്‌ വിളിച്ചിരുന്നു. ഏറെക്കാലം അവിടെ ജുമുഅ നടത്തുകയും ചെയ്‌തിരുന്നു. നമസ്‌കാരം സംഘടിപ്പിച്ചിരുന്ന പടിഞ്ഞാറ്‌ ഭാഗം മുമ്പ്‌ സ്‌കൂളായി ഉപയോഗിച്ചിരുന്നുവെന്നാണ്‌ ഹാറൂന്‍ ഷെര്‍വാണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പക്ഷം. എന്നാല്‍ അത്‌ രാജകൊട്ടാരത്തിന്റെ മുകള്‍ ഭാഗത്തേക്ക്‌ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനമാണെന്നാണ്‌ 1652ല്‍ ഇവിടം സന്ദര്‍ശിച്ച ഫ്രഞ്ച്‌ യാത്രികന്‍ ബാപ്‌റ്റിസ്‌റ്റെ ടാവര്‍നീര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
1951ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ (എ എസ്‌ ഐ) അതിന്റെ സംരക്ഷണമേെറ്റടുത്തു. ഹൈദരാബാദിന്റെ മുസ്‌്‌ലിം പൈതൃകം വിസ്‌മരിക്കപ്പെടുന്നതിലും ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ക്കും അടിസ്ഥാന കാരണം എ എസ്‌ ഐയുടെ അനാസ്ഥയും നിലപാടുകളുമാണെന്ന്‌ നാട്ടുകാരും മാധ്യമങ്ങളും ഉറച്ചുവിശ്വസിക്കുന്നു. എ എസ്‌ ഐയുടെ സംരക്ഷണത്തിലുള്ള ചരിത്ര സ്‌മാരകങ്ങളുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല. എന്നാല്‍ ചാര്‍മിനാറിനോട്‌ ചേര്‍ന്ന്‌ പുതുതായി രൂപംകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷി ക്ഷേത്രത്തെക്കുറിച്ച്‌ എ എസ്‌ ഐ മൗനംപാലിക്കുകയാണ്‌.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ അസ്‌ഗറലി എഞ്ചിനീയര്‍, ഇപ്പോള്‍ വിവാദമായിരിക്കുന്ന ഭാഗ്യലക്ഷ്‌മി ക്ഷേത്രത്തെക്കുറിച്ച്‌ വിശദീകരിക്കുന്നുണ്ട്‌. ചാര്‍മിനാറിന്റെ നാല്‌ ഭാഗത്ത്‌ കൂടിയും കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന്‌ അതിനെ സുരക്ഷിതമാക്കാന്‍ എ എസ്‌ ഐ ചുറ്റുമതില്‍ നിര്‍മ്മിക്കുകയുണ്ടായി. 1965ല്‍ അതിലെ ഒരു കല്ലിന്‌ കുങ്കുമനിറം പൂശുകയും ഒരു വൃദ്ധസ്‌ത്രീ അതിനു മുന്നിലിരുന്ന്‌ കാശ്‌ പിരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. 1970ല്‍ ഒരു മുസ്‌ലിം ഡ്രൈവര്‍ ഓടിച്ചിരുന്ന ആന്ധ്ര സര്‍ക്കാര്‍ബസ്‌ അതില്‍ തട്ടിയതിനെ തുടര്‍ന്നു കല്ല്‌ തകര്‍ന്നു പോയി. തുടര്‍ന്ന്‌ അതിനെ ഒരു സ്ഥിരംപ്രതിഷഠയായി പുനര്‍നിര്‍മിക്കുകയാണുണ്ടായത്‌. മുമ്പ്‌ ഫോട്ടോ വെച്ചാണ്‌ ആരാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്‌മി ദേവതയുടെ പ്രതിമയാണ്‌ തല്‍സ്ഥാനത്തുള്ളത്‌. ക്ഷേത്രത്തിന്‌ ചാര്‍മിനാറോളം, ഒരുവേള അതിനെക്കാള്‍, പഴക്കമുണ്ടെന്നാണ്‌ ഹിന്ദു വര്‍ഗീയ വാദികളുടെ പക്ഷം. എന്നാല്‍ അതിനെ സാധൂകരിക്കുന്ന ചരിത്രപ്രമാണങ്ങള്‍ അവര്‍ക്കില്ല. പ്രമുഖ മതേതര ചരിത്രകാരന്മാരടക്കം എല്ലാവരും ചാര്‍മിനാറിന്റെ പഴക്കം ശാസ്‌ത്രീയമായി തെളിയിക്കുകയും ക്ഷേത്രത്തിന്റെ പുതുമ ചൂണ്ടിക്കാണിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഉയര്‍ത്തി ചരിത്ര സ്‌മാരകത്തെ `മറക്കാനുള്ള' ഹിന്ദു വര്‍ഗീയ വാദികളുടെ ബോധപൂര്‍വമായ ശ്രമങ്ങളാണ്‌ വീണ്ടും വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുന്നത്‌. മുമ്പ്‌ ഗണേശോത്സവത്തെ തെരുവിലിറക്കിയത്‌ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. ലോകസഭ അംഗം അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌്‌ലിമീന്‍ (എം ഐ എം) പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്‌. 1979ലെയും 1983ലെയും സംഘര്‍ഷങ്ങള്‍ക്ക്‌ പിന്നില്‍ മജ്‌ലിസിന്റെയും ബി ജെ പിയുടെയും വോട്ടുബാങ്ക്‌ രാഷ്‌ട്രീയം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ അസ്‌ഗറലി എഞ്ചിനീയര്‍ നിരീക്ഷിക്കുന്നു. വിവാദത്തെ തുടര്‍ന്ന്‌ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ചാര്‍മിനാര്‍ പരിസരത്ത്‌ പാടില്ലെന്ന്‌ ആന്ധ്ര ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്‌.
ചാര്‍മിനാറോളം പഴക്കമുണ്ട്‌ ഭാഗ്യലക്ഷ്‌മി ക്ഷേത്രത്തിനെന്ന വാദത്തിനെതിരെ നിരവധി തെളിവുകള്‍ ഹാജരാക്കപ്പെടുന്നുണ്ട്‌. നേരത്തെ സൂചിപ്പിച്ച ടാവര്‍നീറിന്റെ രേഖകളിലോ മറ്റു ആധികാരിക ചരിത്രരേഖകളിലോ ക്ഷേത്രത്തെക്കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉര്‍ദുപത്രമായ ഇഅ്‌തിമാദ്‌ 1957, 92, 94, 97 എന്നീ വര്‍ഷങ്ങളിലെടുത്ത ചിത്രങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. അവയിലൊന്നും തന്നെ ക്ഷേത്രത്തിന്റെ എടുപ്പുകള്‍ കാണാന്‍ സാധിക്കുന്നതല്ല. ദേശീയ ദിനപത്രമായ ദ ഹിന്ദു ചാര്‍മിനാറിന്റെ പഴയതും പുതിയതുമായ ചിത്രം പ്രസിദ്ധീകരിച്ചത്‌ ചൂടേറിയ ചര്‍ച്ചക്ക്‌ വഴിയൊരുക്കി. ഹിന്ദു പ്രസിദ്ധീകരിച്ച പഴയ ഫോട്ടോയില്‍ കാണുന്ന കാറിന്റെ കാലപ്പഴക്കമനുസരിച്ച്‌ അറുപതുകളിലെടുത്ത ചിത്രമാണതെന്ന്‌ അനുമാനിക്കപ്പെടുന്നു. ഇതിനെതിരെ ആന്ധ്രാപ്രേദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി ജനറല്‍ സെക്രട്ടറി ജി നിരഞ്‌ജന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ഇതിനും ഒരാഴ്‌ച മുമ്പാണ്‌ കോണ്‍ഗ്രസിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ച്‌ മജ്‌ലിസ്‌ പിന്തുണ പിന്‍വലിച്ചത്‌. ദ?ഹിന്ദു?ദിനപത്രത്തിന്‌ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മതേതര മുഖം പൊളിഞ്ഞു വീഴുകയാണ്‌ ഇതിലൂടെ. ചാര്‍മിനാറിന്റെ രണ്ടാമത്തെ നിലയില്‍ പൂട്ടികിടക്കുന്ന പള്ളി നമസ്‌കാരത്തിനായി തുറന്നുതരണമെന്ന്‌ വര്‍ഷങ്ങളായി മുസ്‌്‌ലിംകള്‍ ആവശ്യം ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ അതിനെതിരെ നിസ്സംഗത പാലിക്കുന്ന ഭരണകൂടം ക്ഷേത്രത്തില്‍ ആരാധനകള്‍ നടത്തുന്നതിനും വികസനത്തിനും മൗനസമ്മതം നല്‍കുകയാണ്‌. തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഹൈക്കോടതി വിധിയെ സര്‍ക്കാറും എ എസ്‌ ഐയും അവഗണിക്കുകയും ചെയ്യുന്നു.
പൈതൃക സ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്‌ ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിച്ച രണ്ടാമത്തെ നഗരമാണ്‌ ഹൈദരാബാദ്‌. എന്നാല്‍ അവ നടപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്‌. ഇവ സംരക്ഷിക്കുന്നതിനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി സര്‍ക്കാറിന്‌ നഷ്‌ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ചാര്‍മിനാര്‍ സംഭവമെന്ന്‌ ഹൈദരാബാദ്‌ പൈതൃക സംരക്ഷണ സമിതി (എച്ച്‌ സി സി) പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
യാതൊരു ചരിത്ര പിന്‍ബലവുമില്ലാതെ എങ്ങനെ ഒരു സമുദായത്തിന്റെ പൈതൃകത്തെ `മറപ്പിക്കാം' എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്‌ ചാര്‍മിനാര്‍ വിവാദം. അതേസമയം ബീഹാറിലെ സീതാമറി ജില്ലയിലെ ക്ഷേത്ര നിര്‍മാണത്തിന്‌ മുസ്‌ലിങ്ങള്‍ എല്ലാവിധത്തിലും സഹകരിക്കുന്നുവെന്ന വാര്‍ത്ത ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. കേവലം ഇരുപത്‌ മീറ്റര്‍ ഉയര്‍ത്തപ്പെട്ട എടുപ്പുകളല്ല ചാര്‍മിനാര്‍, ഒരു പ്രദേശത്തെ സുന്ദരനഗരമാക്കി മാറ്റിയ ഭരണനൈപുണ്യത്തിന്റെയും ഒരു സമുദായത്തിന്റെ മഹത്തായ പൈതൃകത്തിന്റെയും ജീവിക്കുന്ന തെളിവുകളാണവ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: