ദൈവം ഒരു വിളിപ്പാടകലെ!
പിതാവ് മരണമടഞ്ഞ രണ്ട് യുവ സഹോദരങ്ങളുടെ അടുത്ത് അനുശോചനം അറിയിക്കാന്‍ ചെന്നതായിരുന്നു ഞാന്‍. ന്യൂഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ ഇവരെ തനിച്ചാക്കി ഇവരുടെ അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞു. സ്വാഭാവികമായും രണ്ടുപേരും വളരെ ദുഖിതരായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു കുടുംബസുഹൃത്ത് അവരെ സമാധാനിപ്പിക്കാന്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ``വിഷമിക്കാതിരിക്കൂ, ഞാനിവിടെ ഒരു വിളിപ്പാടകലെത്തന്നെ ഉണ്ട്.''പെട്ടെന്ന് ചില ചിന്തകള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു: ഏതൊരു സ്‌ത്രീക്കും പുരുഷനും അടുത്ത് ഒരു വിളിപ്പാടകലെ മാത്രമാണല്ലോ സര്‍വശക്തന്‍. പ്രസക്തമായ ഒരു സൂക്തമുണ്ട് ഖുര്‍ആനില്‍: ``നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്‌ക്ക് ഉത്തരം നല്‍കുന്നതാണ്.'' (2:186)
സ്രഷ്‌ടാവ് മനുഷ്യനെ സൃഷ്‌ടിച്ചിരിക്കുന്നത് അവനും അവര്‍ക്കും തമ്മില്‍ ദൂരവ്യത്യാസമില്ലാതെയാണ്. സ്രഷ്‌ടാവും സൃഷ്‌ടിയും പരസ്‌പരം വളരെ അടുത്താണുള്ളത്. ദൈവത്തെ ഏതു നിമിഷവും ബന്ധപ്പെടാന്‍ മനുഷ്യന് സാധ്യമാണ് അവന്‍ എവിടെയായിരുന്നാലും. ഈ കാഴ്‌ചപ്പാട് ഓരോ സ്‌ത്രീക്കും പുരുഷനും അചഞ്ചലമായ മനസ്ഥൈര്യം നല്‍കുന്നുണ്ട്; അവള്‍ക്കും അവനും ഏതവസ്ഥയിലും സഹായത്തിന്റെ ഒരു ഉറവിടം തന്നെ അത് പ്രദാനം ചെയ്യുന്നു.
വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ പോക്കറ്റില്‍ മൊബൈലുണ്ടെങ്കില്‍ കുടുംബത്തില്‍ നിന്നും നാം അധികം അകലെയല്ല എന്ന ഒരു ആത്മവിശ്വാസം നമുക്കുണ്ടാകാറില്ലേ? ലോകത്തിന്റെ ഏതു കോണിലിരുന്നും കുടുംബവുമായി തല്‍സമയ ബന്ധം സ്ഥാപിക്കാമെന്ന ആത്മവിശ്വാസമാണത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും ശരിയാണിത്.
ദൈവത്തിന്റെ അജയ്യതയില്‍ ശക്തമായ വിശ്വാസമുള്ള ഒരാളാണ് ഞാന്‍. നിസ്സഹായാവസ്ഥയില്‍ അകപ്പെട്ടുപോയ ജീവിതത്തിലെ എത്രയോ നിമിഷങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാനാകും. അപ്പോഴൊക്കെ ഞാന്‍ അവനോട് സഹായത്തിനായി പ്രാര്‍ഥിക്കും. എല്ലായ്‌പ്പോഴും സര്‍വശക്തനായ ദൈവം എന്റെ കൂടെയായിരുന്നെന്നു എനിക്ക് മനസ്സിലായി. എന്റെ പ്രശ്‌നങ്ങള്‍ അവന്‍ പരിഹരിച്ചു തരികയും സാഹചര്യങ്ങള്‍ എനിക്കനുകൂലമായി ഒരുക്കിത്തരികയും ചെയ്‌തു! ഈ വിശ്വാസമാണ് എനിക്ക് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും തരുന്നത്.
എല്ലാവരും അത്തരം നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ഉറവിടം തേടുന്നുണ്ട് എന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. ദൈനംദിന ജീവിതത്തില്‍ നാമോരോരുത്തരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം നമ്മുടെ വരുതിയിലുള്ള വിഭവങ്ങള്‍ കൊണ്ട് മാത്രം നേരിടാവുന്നവയല്ല. അതുകൊണ്ട് തന്നെ അഭൗതികമായ ഒരു സഹായത്തിന്റെ ഉറവിടത്തില്‍ നാം വിശ്വസിച്ചേ തീരൂ. ഈ വിശ്വാസം നമ്മുടെ മനസ്സിനെ ഊര്‍ജസ്വലമാക്കുകയാണ് ചെയ്യുക. ഇനിയും ചെയ്‌തു തീര്‍ക്കേണ്ട ഒരു ജോലിയുമായി തുടര്‍ന്ന് പോകാനുള്ള ധൈര്യം നമുക്കത് നല്‍കുന്നു. അളക്കാവുന്നതിലധികം പ്രതീക്ഷ നമ്മുടെ യത്‌നങ്ങള്‍ക്ക് ലഭിക്കുന്നു എന്നതിനാല്‍ തന്നെ ഈ വിശ്വാസം ജീവിതത്തില്‍ വന്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. നമ്മില്‍ ഒളിഞ്ഞുകിടക്കുന്ന ഊര്‍ജം വീണ്ടെടുക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
പ്രശ്‌നകലുഷിതമാണല്ലോ ജീവിതം. അപരിചിതമായ ഒരുപാടു സാഹചര്യങ്ങളോട് നാം പലപ്പോഴും മുഖാമുഖം കാണാറുണ്ട്. അവയൊക്കെ നേരിടാന്‍ മനനവും പ്ലാനിങ്ങും ആവശ്യവുമാണ്. ചിലപ്പോള്‍ ഭാവി പ്രവര്‍ത്തനസരണിയിലേക്ക് ചില ചൂണ്ടുപലകകളും ആവശ്യമായിവരും. അത്തരം സാഹചര്യങ്ങളില്‍ ദൈവവിശ്വാസമാണ് വഴിവിളക്കുകളായി വര്‍ത്തിക്കുക. രാത്രികാലത്ത് വഴിയറിയാതെ കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിലെ ഒറ്റയാനായ കപ്പിത്താനപ്പോലെയാണ് നമ്മള്‍. എന്നാല്‍ അങ്ങകലെ കരയിലെ പ്രകാശഗോപുരം കാണുമ്പോള്‍ അതിന്റെ വെളിച്ചം അയാള്‍ക്ക് പുതുപ്രതീക്ഷ നല്‍കുന്നു; അത് കാണിച്ച ദിശയിലൂടെ സഞ്ചരിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. തന്റെ ലക്ഷ്യസ്ഥാനത്തേക്ക് വിജയകരമായി കരയണയുക എന്നതായിരിക്കും ഫലം.
ഒരു മഹാസമുദ്രത്തിനു കുറുകെയുള്ള കപ്പലോട്ടം പോലെയാണ് ജീവിതം. നമ്മുടെ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയിലും നമുക്ക് വെളിച്ചംകാട്ടാന്‍ കരയില്‍ ഒരു സംവിധാനമുണ്ടെന്ന വിശ്വാസമാണ് നമുക്കുണ്ടാവേണ്ടത്. ഓരോ സ്‌ത്രീയുടെയും പുരുഷന്റെയും ജീവിതത്തില്‍ ദൈവത്തിന്റെ റോള്‍ ഇതാണ്. ഒരാളുടെ വിജയത്തിന്റെ ഒരു പാതി പ്രയത്‌നവും മറ്റേപാതി പ്രതീക്ഷയുമാണ്; പ്രതീക്ഷയുടെ ഏറ്റവും വലിയ ഉറവിടം തന്നോടൊപ്പം ദൈവമുണ്ടെന്ന ബോധവും. മനുഷ്യനും ദൈവവും തമ്മില്‍ അകലമേതുമില്ല. അവന്‍ ഒരു വിളിപ്പാടകലെ മാത്രം!
0 comments: