`സംസ്‌കാരം തകര്‍ന്നാല്‍ ലോകം തകര്‍ന്നു'
എം ബി രാജേഷ് എം പി
ഒരു സമൂഹത്തിന്റെ പ്രതിരോധകവചമാണ് സംസ്‌കാരം. ഓരോ വ്യക്തിയുടെ ശരീരത്തിനും ആന്തരികമായി ഒരു പ്രതിരോധശേഷിയുണ്ട്. അതാണ് രോഗങ്ങള്‍ക്കെതിരെ പൊരുതാന്‍ നമ്മുടെ ശരീരത്തെ പ്രാപ്‌തമാക്കുന്നത്. സഹജമായ പ്രതിരോധശക്തി. ഏതു രോഗത്തെയും നേരിടാന്‍ ഓരോ മനുഷ്യന്റെയും ശരീരത്തിന് കഴിവുണ്ട്. അതുപോലെ ഒരു ജനതയുടെ പ്രതിരോധശക്തിയാവണം സംസ്‌കാരം. അപചയത്തില്‍ പെടാതെ കാത്തുസൂക്ഷിക്കുന്ന ഉള്‍പ്രേരണയും കരുത്തും ശക്തിയുമാണത്. ഒരു സമൂഹം എത്രമേല്‍ മനുഷ്യത്വമുള്ളതായിരിക്കുന്നു എന്നതിന്റെ അളവുകോലാണ് സംസ്‌കാരം. ചരിത്രത്തില്‍ നിന്ന് വിച്ഛേദിക്കുന്നതിന് എതിരായ ചെറുത്തുനില്‌പാണ് സംസ്‌കാരം.
ഒരു സമൂഹത്തെയോ ജനതയെയോ കീഴ്‌പ്പെടുത്താന്‍, ആയുധങ്ങളെക്കാള്‍ എളുപ്പത്തില്‍ കഴിയുക, ആ സമൂഹത്തിന്റെ പ്രതിരോധ ശക്തി ഇല്ലാതാക്കുമ്പോഴാണ്. അവരെ നല്ല സംസ്‌കാരത്തില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോഴാണ്. തോക്കുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തത് സംസ്‌കാരത്തെ പിന്മാറ്റുമ്പോള്‍ സാധ്യമാവും. ഈ തന്ത്രം ലോകത്ത് നിരവധി ഭരണാധികാരികളും രാഷ്‌ട്രങ്ങളും നടപ്പില്‍ വരുത്തിയിട്ടുണ്ട്.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്റെ ശുത്രരാജ്യങ്ങളില്‍ പയറ്റിയ തന്ത്രം ലൈബ്രറികളും ധിഷണാഗ്രന്ഥങ്ങളും ചുട്ടെരിച്ച് പകരം പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. ഒരു ജനതയുടെ സ്വത്വബോധത്തെ നശിപ്പിക്കാന്‍ ഈ നടപടിക്കു സാധിക്കും.
ഇറാഖ് ആക്രമിച്ചപ്പള്‍ ബുഷ് നല്‍കിയ നിര്‍ദശം ബഗ്‌ദാദിലെ ചരിത്രമ്യൂസിയങ്ങള്‍ തീയിട്ട് നശിപ്പിക്കാനായിരുന്നു. ഇറാഖ് പഴയ മെസപ്പെട്ടോമിയയാണ്. പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലം. മനുഷ്യ നാഗരികതയ്‌ക്ക് ഈടുറ്റ സംഭാവന നല്‍കിയ പ്രദേശം. ആദ്യമായി നിയമസംഹിത സമ്മാനിച്ചത് മെസപ്പെട്ടോമിയന്‍ സംസ്‌കാരമാണ്. ലോകത്ത് എല്ലായിടത്തം അധിനിവേശ ശക്തികള്‍ ഈ രീതിയില്‍ ചരിത്രത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ജനതയെ പിന്മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.
0 comments: