അബ്‌ദുര്‍റഹ്‌മാന്‍ ആദൃശ്ശേരി
കേരളവും അറേബ്യയും തമ്മില്‍ അതിപുരാതനമായ വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നത് ചരിത്രവസ്‌തുതയാണ്. എന്നാല്‍ ഇസ്‌ലാമിന്റെ കടന്നുവരവോടെയാണ് ഈ ബന്ധം സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിഫലിച്ചുതുടങ്ങിയത്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുമ്പ് മലബാര്‍ തീരത്തെ കച്ചവട മേധാവിത്തം അറബി വ്യാപാരികളുടെ കരങ്ങളിലായിരുന്നു.
മലബാര്‍ തീരത്ത് ഇസ്‌ലാം മതം ആവിര്‍ഭവിച്ചതിനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകള്‍ ലഭ്യമല്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന് ശേഷമായിരിക്കാം അത് സംഭവിച്ചിരിക്കുകയെന്നാണ് ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ പറയുന്നത്.
എന്നാല്‍ ചേരമാന്‍ പൊരുമാള്‍മാരുടെ കാലനിര്‍ണയം നടത്തിയ ഡോ. എം ജി എസ് നാരായണന്‍ പറയുന്നത്, അതിനും ശേഷം പല നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കും ഇസ്‌ലാമിന്റെ ആഗമനമെന്നാണ്. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചുവെന്ന ഐതിഹ്യം തലമുറകളായി വിശ്വസിക്കപ്പെടുന്നതാണെങ്കിലും ചരിത്രപരമായി തെളിയിക്കപ്പെട്ടതല്ലെന്നര്‍ഥം.
കേരളത്തില്‍ അറബി ഭാഷ എപ്പോള്‍ പ്രചരിച്ചുവെന്ന് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. ലഭ്യമായ തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍, അറബി ഭാഷാ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഒമ്പതാം നൂറ്റാണ്ടിലെ തരിസാ പള്ളി ശാസനങ്ങളിലാണ്.
ചേര രാജാവായ സ്ഥാണുരവി കുലശേഖരന്റെ കാലത്ത് (849) കൊല്ലത്ത് നിര്‍മ്മിച്ച തരിസാ പള്ളിക്ക് നല്‍കിയ പ്രദേശത്തിന്റെ ചെമ്പ് പട്ടയങ്ങളാണ് പ്രസ്‌തുത ശാസനം. അതില്‍ സാക്ഷികളായി അന്നത്തെ കൊല്ലം തീരത്തെ അറബി വ്യാപാരികളും കൂഫി ലിപിയില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നതായി കാണാം. കേരളത്തിലെ അറബി ഭാഷാ സാന്നിധ്യം തെളിയിക്കുന്ന പ്രഥമ ചരിത്രരേഖ ഇതായിരിക്കാം.
കണ്ണൂര്‍ ജില്ലയിലെ ചില പ്രാചീന ശ്‌മശാനങ്ങളില്‍ കാണുന്ന സ്‌മാരക ശിലകളില്‍ കണ്ടെത്തിയ അറബി ലിപികളുടെ കാലനിര്‍ണയത്തെക്കുറിച്ച് ഇതുവരെയായി പഠനങ്ങള്‍ നടന്നതായി അറിയില്ല.
പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്‌നു ബത്തൂത്ത മലബാറില്‍ അങ്ങിങ്ങായി നിലനിന്നിരുന്ന അറബി സാന്നിധ്യത്തെ ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ലഭ്യമായ തെളിവുകള്‍ വെച്ച് മലബാറുകാരന്‍ രചിച്ച പ്രഥമ അറബി ഗ്രന്ഥം ധര്‍മ്മടത്തുകാരനായ ഹുസൈന്‍ ബിന്‍ വാസാന്‍ എന്നയാളുടെ അല്‍ ഖൈദുല്‍ ജാമിഅ് എന്ന കര്‍മ്മശാസ്‌ത്ര ഗ്രന്ഥമാണെന്ന് പരേതനായ മങ്കട അബ്‌ദുല്‍ അസീസ് മൗലവി നിരീക്ഷിച്ചിട്ടുണ്ട്.
ഹിജ്‌റ 885-ല്‍ നിര്യാതനായ കോഴിക്കോട് ഖാസി അബൂബക്കര്‍ റമദാന്‍ ശാലിയാത്തി സുന്ദരമായ അറബി കവിതകളുടെ രചയിതാവാണ്. ഒരു മലയാളി രചിച്ച ഏറ്റവും ആദ്യത്തെ അറബി
കവിത ഇദ്ദേഹത്തിന്റേതാണെന്ന് ഡോ. വീരാന്‍ മുഹ്‌യുദ്ദീന്‍ തന്റെ കേരളത്തിലെ അറബി കവിതകളുടെ ചരിത്രം എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കവിത ഇദ്ദേഹത്തിന്റേതാണെന്ന് ഡോ. വീരാന്‍ മുഹ്‌യുദ്ദീന്‍ തന്റെ കേരളത്തിലെ അറബി കവിതകളുടെ ചരിത്രം എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനിയില്‍ മഖ്‌ദൂമുമാര്‍ രംഗപ്രവേശം ചെയ്‌തതോടെയാണ് അറബി ഭാഷ ഇവിടെ സജീവ സാന്നിധ്യമറിയിച്ചത്. കൊറോമണ്ഡല്‍ തീരത്ത് നിന്ന് കൊച്ചിയിലെത്തിയ അലി ബിന്‍ അഹമ്മദ് എന്നയാളാണ് കേരളത്തിലെത്തിയ പ്രഥമ മഖ്‌ദൂം. പൊന്നാനിയില്‍ മഖ്‌ദൂമുമാര്‍ സ്ഥാപിച്ച വിജ്ഞാന കേന്ദ്രം നിലവില്‍ വന്നതോടെയാണ് മത വൈജ്ഞാനിക സാഹിത്യരംഗത്ത് നവോത്ഥാനം ഉടലെടുക്കുന്നത്. ശൈഖ് സൈനുദ്ദീന്‍ ബിന്‍ അലിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ ഇവിടെ പഠനം നടത്തിയിരുന്നു. കേരളീയ പണ്ഡിതന്മാരില്‍ വിപുലമായ തോതില്‍ അറബിയില്‍ ആദ്യമായി സാഹിത്യരചന നടത്തിയത് ശൈഖ് സൈനുദ്ദീന്‍ ഒന്നാമനായിരുന്നു. നിയമശാസ്‌ത്രം, ആധ്യാത്മശാസ്‌ത്രം എന്നീ മേഖലകളിലായിരുന്നു കൂടുതല്‍ രചനകള്‍. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട് അദ്ദേഹം രചിച്ച തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ഹാദി അബദത്തി സ്സുല്‍ബാന്‍ എന്ന കാവ്യം എടുത്തുപറയേണ്ടതാണ്. 1498-ല്‍ വാസ്‌കോ ഡ ഗാമ മലബാര്‍ തീരത്ത് കപ്പലിറങ്ങിയതു മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ വര്‍ണനാതീതമായിരുന്നു. മുസ്‌ലിംകളെ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്കെതിരെ സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച ഈ കാവ്യം 150 വരികളിലായി പ്രസ്‌തുത ചരിത്രസന്ധിയെ വിശകലനം ചെയ്‌തിരിക്കുന്നു.
പോര്‍ച്ചുഗീസുകാരുടെ കിരാതവാഴ്‌ചകള്‍ ഇതില്‍ ഹൃദയ സ്‌പര്‍ശിയായി വിവരിച്ചിരിക്കുന്നത് കാണാം. സുന്ദരമായ സാരോപദേശങ്ങളും തത്വോക്തികളും അടങ്ങിയ കാവ്യഗ്രന്ഥമാണ് അദ്‌കിയ എന്ന പേരില്‍ അദ്ദേഹം രചിച്ച ആധ്യാത്മിക ശാസ്‌ത്ര ഗ്രന്ഥം. ഹൃദയ ശുദ്ധി, ഭക്തി, ജീവിത വിരക്തി, യഥാര്‍ഥ പണ്ഡിതന്മാരുടെ അടയാളങ്ങള്‍ തുടങ്ങിയ ധാരാളം വിഷയങ്ങള്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു. ഇതിനു പുറമേ വേറെയും ധാരാളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്.
സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനാണ് കേരളീയ പണ്ഡിതന്മാരില്‍ ലോകപ്രശസ്‌തനായ അറബി ഭാഷാ പണ്ഡിതന്‍. വിശുദ്ധ മക്കയിലെ ഉന്നത പണ്ഡിതന്മാരില്‍ നിന്ന് ഉപരി പഠനം നടത്തിയ ഇദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയ ശേഷം കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക പുരോഗതിക്കായി തന്റെ ശിഷ്‌ട ജീവിതം ഉഴിഞ്ഞുവെച്ചു. കേരളത്തില്‍ ഒരു ഇസ്‌ലാമിക പാഠ്യക്രമം ആവിഷ്‌കരിച്ചു നടപ്പാക്കിയത് ഇദ്ദേഹമാണ്. ഒരു കേരളീയന്‍ രചിച്ച പ്രഥമ കേരള ചരിത്രം ഇദ്ദേഹത്തിന്റെ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം, പോര്‍ച്ചുഗീസ് ആഗമനം, ഹൈന്ദവരുടെ ആചാരങ്ങള്‍, യുദ്ധാഹ്വാനം തുടങ്ങിയ വിഷയങ്ങളാണ്. ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് റോളണ്ട്‌സണ്‍ 1832-ല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പിന്നീട് മദ്രാസ് സര്‍വ്വകലാശാലയിലെ ഹുസൈന്‍ നൈനാറും ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കുകയുണ്ടായി. വിവിധ ഭാരതീയ, യൂറോപ്യന്‍ ഭാഷകളിലായി ധാരാളം പരിഭാഷകള്‍ പുറത്തിറങ്ങിയത് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കര്‍മ്മശാസ്‌ത്ര ഗ്രന്ഥമായ ഫത്‌ഹുല്‍ മുഈന്‍ ഇദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന മറ്റൊരു രചനയാണ്. അറബിയില്‍ ഇതിന് ധാരാളം വ്യാഖ്യാനങ്ങളും ടിപ്പണികളും രചിക്കപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ പത്തോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ മലബാര്‍തീരം അറബികള്‍ക്കിടയില്‍ പുകള്‍പെറ്റത് ഈ പണ്ഡിതന്റെ വൈജ്ഞാനിക സംഭാവനകളിലൂടെയായിരുന്നു.
പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് ജീവിച്ച മറ്റൊരു കേരളീയ അറബി പണ്ഡിതനാണ് 1577-ല്‍ കോഴിക്കോട് ജനിച്ച ഖാളി മുഹമ്മദ്. മഖ്‌ദൂം അബ്‌ദുല്‍ അസീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മതവൈജ്ഞാനിക മേഖലകളില്‍ വ്യുല്‍പത്തി നേടി. ഭക്ത കവികളുടെ കാലഘട്ടത്തില്‍ ജീവിച്ച ഇദ്ദേഹത്തിന്റെ പല കവിതകളിലും ജ്ഞാനപ്പാനയുടെ ആശയ പ്രപഞ്ചം ദര്‍ശിക്കാനാവും. ഇലാ കം അയ്യുഹല്‍ ഇന്‍സാന്‍ എന്ന അറബി കാവ്യവും മുഹ്‌യുദ്ദീന്‍ മാല എന്ന അറബി മലയാള കാവ്യം ഇതിന്റെ ഉത്തമ നിദര്‍ശനമത്രെ. ഇദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ കാവ്യസൃഷ്‌ടിയാണ് അല്‍ഫത്‌ഹുല്‍ മുബീന്‍ എന്ന അധിനിവേശ വിരുദ്ധ കാവ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കിരാതചിത്രങ്ങള്‍ ഇതില്‍ അനാവണം ചെയ്‌തിരിക്കുന്നു. സാമൂതിരിയുടെ കീഴില്‍ ഉറച്ചുനിന്ന് വൈദേശിക ശക്തികള്‍ക്കെതിരില്‍ പോരാടാന്‍ മുസ്‌ലിംകളെ ആഹ്വനം ചെയ്യുകയാണ് ഈ ഗ്രന്ഥം. മുസ്‌ലിം രാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാരോട് യുദ്ധത്തിന് അറച്ചു നിന്നപ്പോള്‍ അവര്‍ക്കെതിരെ പോരാടാന്‍ ധൈര്യം കാണിച്ച സാമൂതിരിയെ കവി ഇതില്‍ വാനോളം പുകഴ്‌ത്തുന്നുണ്ട്. അക്കാലത്തെ കേരളീയ സാമൂഹ്യ ജീവിതത്തിന്റെ ഒരു പരിച്ഛേദമായി നമുക്കീ ഗ്രന്ഥത്തെ കണക്കാക്കാവുന്നതാണ്. പോര്‍ച്ചുഗീസുകാരില്‍ നിന്ന് ചാലിയം കോട്ട പിടിച്ചടക്കിയ സാമൂതിരിയുടെ യുദ്ധവിജയമാണ് ഇതിന്റെ പ്രധാന ഇതിവൃത്തം. പോര്‍ച്ചുഗീസുകാരുടെ കൊടുംക്രൂരതകള്‍ കവി ഇതില്‍ ഹൃദയ സ്‌പര്‍ശിയായി വിവരിച്ചിരിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ കോട്ട പിടിച്ചടക്കാന്‍ 1571-ല്‍ നടന്ന പോരാട്ടത്തില്‍ പങ്കെടുത്ത മുസ്‌ലിംകളെ സമരസജ്ജരാക്കാന്‍ ഖാദി മുഹമ്മദ് രചിച്ച ഒരു അറബി പ്രസംഗം അല്‍ ഖുതുബത്തുല്‍ ജിഹാദിയ്യ എന്ന പേരില്‍ ഈ ലേഖകന്‍ കണ്ടെത്തുകയുണ്ടായി. ഭാഷാഭംഗിയും ആശയഗാംഭീര്യവും തുളുമ്പുന്ന ഒരു സാഹിത്യ രചനയാണിത്. ഇതിനു പുറമേ ഇരുപതില്‍ പരം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്.
അറബി ഭാഷ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍
പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ അറബി ഭാഷാ രംഗത്ത് സജീവമായ ചലനങ്ങള്‍ നടന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇക്കാലത്ത് അറബി ഭാഷക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ദേശീയ സ്വാതന്ത്ര്യ സമര പോരാളിയായ വെളിയങ്കോട് ഉമര്‍ ഖാസി. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനായ ഇദ്ദേഹം ചെറുപ്പത്തിലേ സാഹിത്യ തല്‍പ്പരനായിരുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്നതിനാല്‍ 1819-ല്‍ ജയിലിലടക്കപ്പെട്ടു. ഈ സംഭവം ഹൃദയസ്‌പൃക്കായ ശൈലിയില്‍ തന്റെ ആചാര്യന്‍ മമ്പുറം തങ്ങള്‍ക്ക് അദ്ദേഹം കവിതാരൂപത്തില്‍ കത്തെഴുതി അറിയിച്ചു. മഖാസിദുന്നികാഹ്, സ്വല്ലല്‍ ഇലാഹ്, നഫാഇസു ദുറൂര്‍ തുടങ്ങിയ ദീര്‍ഘ കാവ്യങ്ങള്‍ അദ്ദേഹത്തിന്റെ കാവ്യമികവ് വിളിച്ചോതുന്ന രചനകളാണ്. പരേതനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സമാഹരിച്ച അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വെളിയങ്കോട് മഹല്ല് കമ്മറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയ്യിദ് ജിഫ്രിയുടെ കന്‍സുല്‍ ബറാഹീന്‍, മമ്പുറം തങ്ങള്‍ രചിച്ച അസ്സൈഫുല്‍ ബത്താര്‍, സയ്യിദ് ഫസലിന്റെ ഉദ്ദത്തുല്‍ ഹുക്കാം തുടങ്ങിയ രചനകള്‍ പരാമര്‍ശമര്‍ഹിക്കുന്നതാണ്. മലയാളികള്‍ വിസ്‌മരിച്ച സയ്യിദ് ഫസലിന്റെ സംഭാവനകളെ ക്കുറിച്ച് കാനഡയിലെ സര്‍വ്വകലാശാലയില്‍ ഗവേഷണ പഠനം നടക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ അറബി ഭാഷാ രംഗം സജീവമായത് പരേതനായ ചാലിലകത്ത് കുഞ്ഞഹമ്മദാജി വാഴക്കാട് ആരംഭിച്ച തന്‍മിയത്തുല്‍ ഉലൂം മദ്‌റസയുടെ ആവിര്‍ഭാവത്തോടെയായിരുന്നു. പരമ്പരാഗതമായ പള്ളി ദര്‍സ് സമ്പ്രദായങ്ങളില്‍ നിന്നുള്ള ഒരു തിരിച്ചുനടത്തമായിരുന്നു അത്. പലതരം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയെങ്കിലും 1909-ല്‍ മൗലാന വാഴക്കാട് സ്ഥാപിച്ച ദാറുല്‍ ഉലൂം ആധുനിക കേരള ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. കേരളത്തിലെ അറബി വിദ്യഭ്യാസത്തിന്റെ അലകും പിടിയും മാറ്റിയത് മൗലാനയുടെ ഈ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു. 1912 -ല്‍ തിരുവിതാംകൂറിലെ ചില സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വക്കം മൗലവിയുടെ ശ്രമഫലമായി അറബി ഭാഷാപഠനം ആരംഭിച്ചതും സ്‌മരണീയമാണ്.
1942-ല്‍ മൗലാനാ അബുസ്സബാഹ് അഹ്‌മദലി ഫറോക്കില്‍ സ്ഥാപിച്ച റൗദത്തുല്‍ ഉലൂം അറബിക് കോളേജാണ് അറബി ഭാഷാ സാഹിത്യ രംഗത്തെ നൂതന പ്രവണതകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. കാരണം, ഈജിപ്‌തിലെ അല്‍അസ്‌ഹറില്‍ പഠനം നടത്തിയ അദ്ദേഹം ആ നാട്ടിലെ സാമൂഹിക സാഹിത്യ ചലനങ്ങള്‍ ശരിയായി നിരീക്ഷിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്‌ത ശേഷമായിരുന്നു റൗദത്തുല്‍ ഉലൂം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. സാമൂഹിക പരിഷ്‌കരണ യജ്ഞങ്ങളില്‍ നിരതനായതിനാല്‍ മൗലാനാ അബുസ്സബാഹില്‍ നിന്ന് സാഹിത്യ സംഭാവനകള്‍ ഒന്നും ലഭിച്ചില്ലെന്നത് ദുഃഖത്തോടെ മാത്രമേ സ്‌മരിക്കാനാവൂ. സാഹിത്യ സമ്പുഷ്‌ടമായ അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ അക്കാലത്ത് അല്‍ മുര്‍ശിദ്, അല്‍ ഇത്തിഹാദ് തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരേതനായ കെ എം മൗലവി, ഇസ്സുദ്ദീന്‍ മൗലവി തുടങ്ങിയവരും അയത്‌ന ലളിതമായ അറബി ഭാഷാ ശൈലിയുടെ ഉടമകളായിരുന്നു. വക്കം മൗലവിയുടെ കത്തുകളും കൊച്ചു ലേഖനങ്ങളും റശീദ് രിദായുടെ അല്‍മനാറില്‍ പ്രസിദ്ധീകരിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അബുസ്സബാഹ് മൗലവിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്‌ടനായ മുഹ്‌യുദ്ദീന്‍ ആലുവായി സ്വപരിശ്രമത്താല്‍ ഈജിപ്‌തിലെ അല്‍ അസ്‌ഹറില്‍ പഠിച്ച് അറബ് ലോകത്ത് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിത്വമാണ്. അല്‍അസ്‌ഹര്‍ മാഗസിന്റെ ഇംഗ്ലീഷ് വിഭാഗം എഡിറ്റര്‍, അസ്‌ഹറിലെ വനിതാ കോളേജ് അധ്യാപകന്‍, ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരുന്ന അറബി മാസികയുടെ പത്രാധിപര്‍ തുടങ്ങി പല സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചു. തുടര്‍ന്ന് മദീന ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ അദ്ദേഹം അല്‍മദീന പത്രത്തില്‍ തുടര്‍ച്ചയായി ലേഖനങ്ങളെഴുതിയിരുന്നു. പിന്നീട് ദീര്‍ഘ കാലം ഖത്തറിലെ അശ്ശര്‍ഖ് പത്രത്തിലെ മതകാര്യവിഭാഗം എഡിറ്ററായി ജോലി നോക്കി. അല്‍ബീറൂനിയുടെ കിതാബുല്‍ ഹിന്ദിന്റെ പരിഭാഷ അല്‍ബിറൂനി കണ്ട ഇന്ത്യ, തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ അറബി പരിഭാഷ, ആധുനിക ഇന്ത്യന്‍ സാഹിത്യ ചരിത്രത്തെ കുറിച്ച് അറബിയിലെഴുതിയ അല്‍ അദബുല്‍ ഹിന്ദി അല്‍ മുആസിര്‍, തന്റെ ഗവേഷണ പ്രബന്ധമായ അദ്ദഅ്‌വത്തുല്‍ ഇസ്‌ലാമിയ്യ വ തത്വവ്വുറുഹാ ഫി ശിബ്‌ഹില്‍ ഖാറത്തുല്‍ ഹിന്ദിയ്യ എന്നിവ അദ്ദേഹത്തിന്റെ മഹത്തായ രചനകളാണ്.
ഇക്കാലയളവില്‍ തന്നെ അല്‍ അസ്‌ഹറില്‍ പഠനം പൂര്‍ത്തിയാക്കിയ മറ്റൊരു കേരളീയ പണ്ഡിതനാണ് സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ അസ്‌ഹരി തങ്ങള്‍. വെല്ലൂരില്‍ നിന്നും ദയൂബന്ദില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അല്‍ അസ്‌ഹറിലെ ഉസൂലുദ്ദീന്‍ കോളേജില്‍ നിന്ന് ഉപരിപഠനം നടത്തിയ ശേഷം ലിബിയയില്‍ അറബി ഭാഷാധ്യാപകനായി ജോലി ചെയ്‌തു. പിന്നീട് സുഊദിയിലെ ട്രെയ്‌നിംഗ് കേളേജില്‍ അധ്യാപകനായി. അദ്ദേഹത്തിന്റെ അല്‍ അറേബ്യ വല്‍ അറബിയ്യ എന്ന ബൃഹത്തായ ഭാഷാ ശാസ്‌ത്ര ഗ്രന്ഥത്തില്‍ അറബി സമൂഹത്തിന്റെ ഭാഷാ ചരിത്ര സവിശേഷതകളെക്കുറിച്ചുള്ള കനപ്പെട്ട പഠനങ്ങള്‍ അടങ്ങിയിട്ടുണ്ട്. മറ്റൊരു രചനയായ മിന്‍ നവാബിഗി മലൈബാര്‍ എന്ന ഗ്രന്ഥം പരേതനായ കൈപറ്റ ബീരാന്‍ മുസ്‌ലിയാരുടെ ജീവചരിത്രമാണ്. കെ എം മൗലവിയുടെ ശിഷ്യനായിരുന്ന കൈപ്പറ്റ പുകള്‍പെറ്റ സാഹിത്യവിശാരദനായിരുന്നു. അറബി ഭാഷയില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന അദ്ദേഹം അല്‍വറഖാത്ത്, മാദാ വളീഫത്തുല്‍ ഫുഖഹാഅ്, രിസാലത്തുതന്‍ബീഹ്, അല്‍ബറാഹീന്‍, അല്‍ ഫവാഇദുഗ്ഗത്താ തുടങ്ങിയ പല കനപ്പെട്ട കൃതികളും അറബിയില്‍ രചിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രഥമ അറബി പത്രമായ അല്‍ ബുശ്‌റയുടെ പത്രാധിപരും പണ്ഡിതരുമായിരുന്നു കെ പി മുഹമ്മദ് മൗലവി, കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങള്‍, കെ മൊയ്‌തു മൗലവി, അലാ ഹാമിശിത്താഫാസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പാനൂര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ ഇരുപതാം നൂറ്റാണ്ടിലെ അറബി എഴുത്തുകാരില്‍ പ്രമുഖരാണ്.
സമകാലിക അറബി ഗ്രന്ഥകാരന്മാരില്‍ പൗരാണിക രചനാ ശൈലിയില്‍ പഴയ ഗ്രന്ഥങ്ങളെ ഉപജീവിച്ച് ധാരാളം രചനകള്‍ നടത്തിയവരാണ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ എന്നിവര്‍. അവരുടെ കൃതികള്‍ മൗലിക രചനകളോ ആധുനിക ഭാഷാ ശൈലിയില്‍
രചിക്കപ്പെട്ടതോ അല്ലെങ്കിലും അവരുടെ ശ്രമങ്ങളെ വിലമതിക്കേണ്ടതുണ്ട്. അറബി രാഷ്‌ട്രങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളില്‍ മികവുറ്റ ഭാഷാ ശൈലിയില്‍ അറബിയില്‍ എഴുതുന്നവരാണ് ഡോ. ഇ കെ അഹ്‌മദ് കുട്ടി, വി എ കബീര്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. അബൂബക്കര്‍ വടക്കാങ്ങര, ഷാജഹാന്‍ മാടമ്പാട്ട് തുടങ്ങിയവര്‍. മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു പണ്ഡിതനും എഴുത്തുകാരനുമാണ് ഇപ്പോള്‍ ദുബയ് കോളേജ് ഒഫ് അറബിക് ആന്റ് ഇസ്‌്‌ലാമിക് സ്റ്റഡീസിലെ ഹദീസ് വിഭാഗം മേധാവി ഡോ. ഹംസ അബ്ദുല്ല മലയ്‌ബാരി. അല്‍ അസ്‌ഹര്‍, മദീന യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിച്ച ഇദ്ദേഹം ജോര്‍ദാന്‍, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യത്യസ്‌ത യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനും വിസിറ്റിംഗ് പ്രൊഫസറും ഗവേഷണ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം നടത്തുന്ന പണ്ഡിതനുമാണ്. ഹദീസില്‍ ഒട്ടേറെ മൗലിക പഠനങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. നളറാത്തുന്‍ ജദീദ ഫീ ഉലൂമില്‍ ഹദീസ്, അല്‍ മുവാസന ബൈനല്‍ മുതഖദ്ദിമീന്‍ വല്‍ മുതഅഖിരീന്‍ ഫീ തസ്‌ഹീഹില്‍ ആഹാദീസി വ തള്‌ഈഫിഹാ, ഉലൂമുല്‍ ഹദീസ് ഫീ ദൗഇ തതബീഖാത്തുല്‍ മുഹദ്ദിസീന്‍ തുടങ്ങിയ രചനകള്‍ ഇസ്‌ലാമിക ലോകത്തിന്റെ മതിപ്പ് പിടിച്ചു പറ്റിയ മൗലിക രചനകളാണ്.
രചിക്കപ്പെട്ടതോ അല്ലെങ്കിലും അവരുടെ ശ്രമങ്ങളെ വിലമതിക്കേണ്ടതുണ്ട്. അറബി രാഷ്‌ട്രങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളില്‍ മികവുറ്റ ഭാഷാ ശൈലിയില്‍ അറബിയില്‍ എഴുതുന്നവരാണ് ഡോ. ഇ കെ അഹ്‌മദ് കുട്ടി, വി എ കബീര്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. അബൂബക്കര്‍ വടക്കാങ്ങര, ഷാജഹാന്‍ മാടമ്പാട്ട് തുടങ്ങിയവര്‍. മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു പണ്ഡിതനും എഴുത്തുകാരനുമാണ് ഇപ്പോള്‍ ദുബയ് കോളേജ് ഒഫ് അറബിക് ആന്റ് ഇസ്‌്‌ലാമിക് സ്റ്റഡീസിലെ ഹദീസ് വിഭാഗം മേധാവി ഡോ. ഹംസ അബ്ദുല്ല മലയ്‌ബാരി. അല്‍ അസ്‌ഹര്‍, മദീന യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിച്ച ഇദ്ദേഹം ജോര്‍ദാന്‍, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യത്യസ്‌ത യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനും വിസിറ്റിംഗ് പ്രൊഫസറും ഗവേഷണ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം നടത്തുന്ന പണ്ഡിതനുമാണ്. ഹദീസില്‍ ഒട്ടേറെ മൗലിക പഠനങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. നളറാത്തുന്‍ ജദീദ ഫീ ഉലൂമില്‍ ഹദീസ്, അല്‍ മുവാസന ബൈനല്‍ മുതഖദ്ദിമീന്‍ വല്‍ മുതഅഖിരീന്‍ ഫീ തസ്‌ഹീഹില്‍ ആഹാദീസി വ തള്‌ഈഫിഹാ, ഉലൂമുല്‍ ഹദീസ് ഫീ ദൗഇ തതബീഖാത്തുല്‍ മുഹദ്ദിസീന്‍ തുടങ്ങിയ രചനകള്‍ ഇസ്‌ലാമിക ലോകത്തിന്റെ മതിപ്പ് പിടിച്ചു പറ്റിയ മൗലിക രചനകളാണ്.
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അറബി ഭാഷാപഠന രംഗത്ത് വലിയ കുതിപ്പുകളുണ്ടായി. ഗള്‍ഫ് പണത്തിന്റെ പിന്‍ബലത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ സ്ഥാപനങ്ങള്‍ കൂണു പോലെ മുളച്ചു പൊന്തി. പതിനയ്യായിരത്തില്‍ പരം പ്രാഥമിക മദ്‌റസകള്‍, പ്രാഥമിക തലത്തില്‍ പൊതു വിദ്യാലയങ്ങള്‍, അഞ്ഞൂറിലധികം സമാന്തര അറബി കോളേജുകള്‍, അമ്പതോളം അംഗീകൃത അറബിക് കോളേജുകള്‍, അഞ്ച് യൂണിവേഴ്‌സിറ്റികള്‍, സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള അറബി ഭാഷാ വിഭാഗങ്ങളുടെ അന്‍പതോളം കോളേജുകള്‍ ഇവിടെയെല്ലാം അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച് പഠനം നടത്തുകയാണെങ്കില്‍ കടുത്ത നിരാശയായിരിക്കും ഫലം.
ലോക സാഹിത്യത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന അറബി സാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇവിടെയുള്ള അറബി പണ്ഡിതന്മാരായിരുന്നില്ല, പ്രത്യുത അവയെല്ലാം ഇംഗ്ലീഷില്‍ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ഡോ. എം എം ബഷീര്‍ പരിഭാഷപ്പെടുത്തിയ ഖലീല്‍ ജിബ്രാന്റെ ഒടിഞ്ഞ ചിറകുകള്‍ എന്ന നോവല്‍, തൗഫീഖുല്‍ ഹകീമിന്റെ നാടകങ്ങളായ പാറ്റയുടെ വിധി, കഴുതച്ചന്ത, സുല്‍ത്താന്റെ ധര്‍മ്മ സങ്കടം, മരം കേറി, ബി എം സുഹ്‌റ ഭാഷാന്തരം നടത്തിയ സുഡാന്‍ എഴുത്തുകാരന്‍ ത്വയ്യിബ് സ്വാലിഹിന്റെ സൈനിന്റെ കല്യാണം, നജീബ് മഹ്‌ഫൂസിന്റെ കൊട്ടാരത്തെരുവ്, എസ് എ ഖുദ്‌സി പരിഭാഷപ്പെടുത്തിയ അള്‍ജീരിയന്‍ നോവലിസ്‌റ്റ് യാസ്‌മീന്‍ ഖദ്‌റയുടെ ദൈവനാമത്തില്‍, നവാല്‍ സഅദാവിയുടെ ഗതിമുട്ടിയ സ്‌ത്രീ, ദൈവം നദിക്കരയില്‍ മരിക്കുന്നു ലബനീസ് എഴുത്തുകാരി വീനസ് ഖൂരിയുടെ കണ്ണീര്‍ തുമ്പത്ത് ഒരു വീട് എന്നീ നോവലുകള്‍ക്കു പുറമെ അറബി പെണ്‍കഥകള്‍, ജിന്ന് തുടങ്ങിയ കഥകളും ഖുദ്‌സി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഫലസ്‌തീന്‍ നോവലിസ്‌റ്റ് ഗസാന്‍ കന്‍ഫാനി, യു എ ഇ എഴുത്തുകാരന്‍ നാസിര്‍ ദാഹിരി, സഊദി സാഹിത്യകാരന്‍ തുര്‍ക്കി അല്‍ അസരി, ശുക്രി (മൊറോക്കോ), യഹ്‌യ ബിന്‍ സ്വലിഹ് അല്‍ മുന്‍ദിരി (ഒമാന്‍), മുഹമ്മദ് അബ്ദുല്‍ വലി (യമന്‍) തുടങ്ങിയ ധാരാളം എഴുത്തുകാരുടെ രചനകള്‍ ഖുദ്‌സി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇവിടുത്തെ അറബി ഭാഷാ തമ്പുരാക്കന്മാര്‍ അറിഞ്ഞ മട്ടില്ല.
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഭാഷപ്പെടുത്തിയ ത്വാഹാ ഹുസൈന്റെ പാതിരാക്കുയിലിന്റെ രാഗം എന്ന രചന വിസ്‌മരിക്കുന്നില്ല. മലയാള സാഹിത്യം അറബിയിലേക്ക് മൊഴി മാറ്റുന്നതിലും മലയാളികളുടെ സംഭാവന ശൂന്യമാണ്. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ചെമ്മീന്‍ പരിഭാഷയും അബൂബക്കര്‍ നന്മണ്ടയുടെ വീണപൂവും മൊയ്‌തു മൗലവിയുടെ യാ അല്ലാഹ് വും ചില ഒറ്റപ്പെട്ട ശ്രമങ്ങളത്രെ. അണിയറയില്‍ ഒരുങ്ങുന്ന ആട് ജീവിതത്തിന്റെ പരിഭാഷയും പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ കമലാ സുറയ്യയുടെ കവിതകളുടെ പരിഭാഷ റനീനു സുറയ്യ, കേരളീയ കവിതകളുടെ അറബി പരിഭാഷയായ ഖസാഇദുല്‍ കൈരലാ എന്നീ ഗ്രന്ഥങ്ങള്‍, യു എ ഇ സാഹിത്യകാരന്‍ ശിഹാബ് ഗാനിം ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം ചെയ്‌ത മലയാള സാഹിത്യ കൃതികളാണ്. പെരുമ്പടവം ശ്രീധരന്റൈ പ്രസിദ്ധ നോവല്‍ ഒരു സങ്കീര്‍ത്തനം പോലെ എസ് എ ഖുദ്‌സിയുടെ ശ്രമഫലമായി ഈജിപ്‌ഷ്യന്‍ കവി മുഹമ്മദ് ഈദ് ഇബ്‌റാഹിം ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം നടത്തി. ഡോ. ശശി തരൂരിന്റെ നെഹ്‌റു ജീവചരിത്രമായ invention of india എന്ന കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്‌തത് ദല്‍ഹി ജാമിഅ മില്ലിയ്യയിലെ പ്രൊഫസര്‍ ഹബീബുല്ലാഹ് ഖാന്‍ ആണ്. മുരീദ് ബര്‍ഗൂസിയുടെ ഞാന്‍ കണ്ട രാമല്ല ഇംഗ്ലീഷില്‍ നിന്നാണ് മൊഴിമാറ്റം ചെയ്‌തത്.
ഇതുവരെ പറഞ്ഞതില്‍ നിന്നും മലയാളികളുടെ അറബിപ്പെരുമ മിക്കവാറും വാചക കസര്‍ത്തില്‍ ഒതുങ്ങുന്നതാണെന്ന് കാണാം. അറബ് ധൈഷണിക ലോകത്തെ കനപ്പെട്ട ഗ്രന്ഥങ്ങളൊന്നും തന്നെ ഇതുവരെയായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അല്‍പമെങ്കിലും എടുത്ത് പറയാവുന്നതാകട്ടെ ഐ പി എച്ചിന്റെ സംഭാവനകളാണ്. അതാകട്ടെ കാലഹരണപ്പെട്ട ഇഖ്‌വാന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. വഴിയടയാളങ്ങള്‍ പോലുള്ള പലതും തിരശ്ശീലക്ക് പിന്നില്‍ മറയുകയും ചെയ്‌തു. അറബ് ലോകത്തെ ഉന്നത ശീര്‍ഷരായ ചിന്തകന്മാരായ മാലിക് ബിന്നബി, മുഹമ്മദ് അറകൂന്‍, മുഹമ്മദ് ആബിദുല്‍ ജാബിരി, ഫുആദ് സകരിയ്യ, പണ്ഡിന്മാരായ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ കവാകിബി, മുഹമ്മദ് ത്വാഹിര്‍ ആശൂര്‍, ഹസന്‍ തുറാബി, ജമാല്‍ ബന്ന, മുഹമ്മദ് ഇമാറ, ജാസിര്‍ ഔദ, അഹമ്മദ് റൈസൂനി, ജാബിറുല്‍ ഉല്‍വാനി, അബ്‌ദുല്‍ കരീം ബക്കാര്‍ തുടങ്ങിയവരുടെ രചനകളൊന്നും മലയാളത്തില്‍ വെളിച്ചം കണ്ടിട്ടില്ല. വി എ കബീര്‍, കെ പി കമാലുദ്ദീന്‍, അബ്‌ദുര്‍റഹ്‌മാന്‍ മുന്നുര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ പരിഭാഷാ സംരംഭങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. പരമ്പരാഗത അറബി കോളേജുകളുടെ മരണമണി മുഴങ്ങിക്കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും അധികൃതര്‍ പൊങ്ങച്ചം പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവ അതിന്റെ സ്വാഭാവിക ചരിത്ര ഗതി പ്രാപിക്കാന്‍ ഇനി ഏറെ കാലം വേണ്ടി വരില്ലെന്നാണ് സമകാലിക യാഥാര്‍ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇടക്കാലത്ത് ഉയര്‍ന്നു വന്ന സമന്വയ വിദ്യഭ്യസ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ ഭാവിയില്‍ എന്തെങ്കിലും പ്രതീക്ഷിക്കാനാവൂ.
0 comments: