കേശഗോപുരം പണിതുയര്‍ത്താന്‍ നവബുജികള്‍ വക കര്‍സേവ!

  • Posted by Sanveer Ittoli
  • at 8:54 AM -
  • 0 comments
കേശഗോപുരം പണിതുയര്‍ത്താന്‍ നവബുജികള്‍ വക കര്‍സേവ!വിമര്‍ശം -
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ഇരുപതാം നൂറ്റാണ്ട്‌ ഇന്ത്യയെ സംബന്ധിച്ചേടത്തോളം പൊതുവിലും കേരളത്തില്‍ വിശേഷിച്ചും നവോത്ഥാന കാലഘട്ടമായിരുന്നു. കേരളത്തില്‍ ജാതിവ്യവസ്ഥയുടെ കരാളഹസ്‌തത്തില്‍ പെട്ട്‌ ഹൈന്ദവസമൂഹവും അജ്ഞതയുടെ കരിമ്പടക്കെട്ടിനുള്ളിലൊതുങ്ങി മുസ്‌ലിം സമൂഹവും അധസ്ഥിതിയിലായിരുന്നു എന്നു പറയാം. ഹൈന്ദവസമൂഹത്തിലെ ന്യൂനപക്ഷമായ സവര്‍ണ വിഭാഗവും ക്രൈസ്‌തവ വിഭാഗങ്ങളും സാമൂഹികമായും വിദ്യാഭ്യാസപരമായും ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. 
ഈ രണ്ടവസ്ഥയ്‌ക്കും ചരിത്രപരമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. (അത്‌ ഇവിടെ വിശകലനം ചെയ്യുന്നില്ല). അധസ്ഥിത സമൂഹങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ടും പുരോഗതിയിലേക്കാനയിച്ചുകൊണ്ടും ഒറ്റപ്പെട്ടതും സംഘടിതരൂപത്തിലുമുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അങ്ങിങ്ങായി ആരംഭിച്ചു. മുസ്‌ലിം ജനസമൂഹത്തിനിടയില്‍ നടന്നുവന്ന നവോത്ഥാന സംരംഭങ്ങളാണ്‌ പൊതുവില്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ എന്നറിയപ്പെടുന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തുടങ്ങിവച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വളര്‍ച്ചയും തുടര്‍ച്ചയും ചിലപ്പോഴൊക്കെ തളര്‍ച്ചയും നേരിട്ടിട്ടുണ്ട്‌. എന്നിരുന്നാലും ആ നവോത്ഥാന ചലനങ്ങളുടെ ഫലമാസ്വദിക്കുന്നവരാണ്‌ ഇന്നത്തെ കേരള മുസ്‌ലിം തലമുറ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഭാഗ്യവശാല്‍ നവോത്ഥാനത്തോട്‌ പുറംതിരിഞ്ഞുനിന്നവര്‍, കാലക്രമത്തില്‍ അതിന്റെ കൂടെ എത്തിച്ചേരുകയും ചില മേഖലകളിലെങ്കിലും മുന്‍കടക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തങ്ങളുടെ മുന്‍ഗാമികള്‍ നവോത്ഥാനത്തിന്റെ ശത്രുക്കളായിരുന്നു എന്ന ചരിത്രയാഥാര്‍ഥ്യം ഓര്‍ക്കാന്‍ പോലും തയ്യാറില്ലാത്തവരാണ്‌ യാഥാസ്ഥിതികതയുടെ പിന്‍മുറക്കാര്‍. അതേസമയം മുസ്‌ലിം സമൂഹത്തിന്റെ ജാഗരണം ഒരു യാഥാര്‍ഥ്യമായി മുന്നില്‍വന്നു നിന്നപ്പോള്‍ നവോത്ഥാനത്തെ പുനര്‍വായനയ്‌ക്കും പിന്‍വായനയ്‌ക്കും വിധേയമാക്കാന്‍ യാഥാസ്ഥിതികത്വത്തിന്റെ സൈദ്ധാന്തികന്മാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതാണ്‌ ഇന്നത്തെ കൗതുകം. എന്നുമാത്രമല്ല, നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെട്ടുകൊണ്ടിരിക്കുകയും ആദ്യകാലങ്ങളില്‍ തങ്ങള്‍ കാഫിറാക്കി തള്ളിയിരുന്ന നവോത്ഥാന നായകരെ വെടക്കാക്കി തനിക്കാക്കുകയും അവരുടെ ജീവിതത്തിന്റെ ചുരുളുകള്‍ ചികഞ്ഞ്‌ അരുക്കാക്കുകയും ചെയ്യുന്ന പ്രവണതയും മാധ്യമലോകത്ത്‌ നടന്നുവരുന്നു. ആത്യന്തിക യാഥാസ്ഥിതികരുടെ പ്രസിദ്ധീകരണങ്ങള്‍ ഈദൃശ രചനകള്‍ കൊണ്ട്‌ നിറഞ്ഞുകിടക്കുന്നു.
ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളും എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന, പച്ചക്കുതിര മാസിക ഈയിടെയായി കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തെ വല്ലാതെ പിന്‍തുടരുകയാണ്‌. മാസികയുടെ 2012 ഡിസംബര്‍ ലക്കത്തില്‍ ഉമ്മര്‍ ടി കെ നവോത്ഥാന പ്രസ്ഥാനങ്ങളെ വിലയിരുത്തി എഴുതിയ `തകര്‍ത്ത പള്ളിയും ഉയരുന്ന ചിഹ്നഗോപുരങ്ങളും' എന്ന ലേഖനം കാന്തപുരം ഗ്രൂപ്പ്‌ സുന്നികളുടെ ഏതെങ്കിലും മാസികയ്‌ക്കു വേണ്ടി തയ്യാറാക്കിയതാവാമെന്ന്‌ സംശയിച്ചുപോവുകയാണ്‌. പതിനൊന്ന്‌ പേജ്‌ വരുന്ന സുദീര്‍ഘമായ ലേഖനത്തില്‍ ലേഖകന്‍ തൊടാത്ത ഒരു മേഖലയുമില്ല. ബാബരിപ്പള്ളി മുതല്‍ മുടിപ്പള്ളി വരെ. കേരളത്തിന്റെ രാഷ്‌ട്രീയ നഭോമണ്ഡലത്തില്‍ മുസ്‌ലിംലീഗ്‌ എന്ന ഒരസ്‌തിത്വം ഒരിക്കലും ദഹിക്കാത്ത തരത്തിലാണ്‌ ലേഖനത്തിന്റെ ഊടുംപാവും. സേട്ടുവും പി ഡി പിയും മഅ്‌ദനിയും പോപ്പുലര്‍ ഫ്രണ്ടും എല്ലാം പരാമര്‍ശിച്ചശേഷം കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന മുസ്‌ലിം സമൂഹത്തിലെ നവോത്ഥാനത്തിന്റെയും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെയും മേല്‍ കുതിരകയറാനാണ്‌ ലേഖകന്‍ ശ്രമിച്ചത്‌.
മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന സലഫീ പ്രസ്ഥാനങ്ങളും എല്ലാംകൂടി കൂട്ടിക്കുഴച്ച്‌ ചരിത്രത്തെ വക്രീകരിച്ചു അര്‍ധസത്യങ്ങളും അസത്യങ്ങളും കൂട്ടി ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ ചവിട്ടിമെതിച്ചു കടന്നുപോയ ലേഖകന്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തുണ്ടായ മുസ്‌ലിം ജാഗരണത്തിലെ ശുഭവാര്‍ത്തകള്‍ കൂടി ചിലതൊക്കെ പറയാതെപോയത്‌ ഏതായാലും അതിരുകവിഞ്ഞുപോയി. ഇസ്‌ലാം എന്തെന്നറിയാത്ത നിരക്ഷരമുസ്‌ലിം ഉമ്മത്തിനെ വിശുദ്ധ ഖുര്‍ആനിന്റെ പാതയിലേക്കും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്കും രാഷ്‌ട്രപുനര്‍നിര്‍മാണ പ്രക്രിയയിലേക്കുമെല്ലാം നയിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെയും (മുജാഹിദ്‌ പ്രസ്ഥാനത്തെ) ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി (ഖലീഫ) മനുഷ്യന്‍ ഭരണം നടത്തിയെങ്കിലേ ഇസ്‌ലാം സംപൂര്‍ണമാകൂ എന്നും രാഷ്‌ട്ര സംസ്ഥാപനമാണ്‌ ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും സിദ്ധാന്തിച്ച്‌ മതരാഷ്‌ട്രവാദം ആദര്‍ശമായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമിയെയും ഒന്നിച്ച്‌ ഒരേ നുകത്തില്‍ കെട്ടിയത്‌ ലേഖകന്റെ വിവരക്കേടാകാന്‍ വഴിയില്ല. ഏതുപ്രസ്ഥാനത്തെയും അതിന്റെ ആശയതലത്തിലോ പ്രായോഗികതലത്തിലോ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നതിനു നാം എതിരല്ല. ഇസ്വ്‌ലാഹീ പ്രസ്ഥാനവും വിമര്‍ശനത്തിന്നതീതമല്ല. എന്നാല്‍ ഒരു നൂറ്റാണ്ടുകാലം ഒരു സമൂഹത്തെ പടിപടിയായി പുരോഗതിയിലേക്ക്‌ നയിച്ച പ്രസ്ഥാനത്തെ ഇകഴ്‌ത്തിക്കാണിക്കാനും മറ്റാരെയോ വെള്ളപൂശാനും കച്ചകെട്ടിയിറങ്ങിയവര്‍ക്ക്‌ ഇതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല.
കാക്ക കാരണവന്മാരുടെ മതപാരമ്പര്യത്തില്‍ ജീവിച്ചുപോന്ന കേരള മുസ്‌ലിംകള്‍ നിരാക്ഷേപം ചെയ്‌തുപോന്ന ചന്ദനക്കുടം, ഉറൂസ്‌, ചാവടിയന്തിരം, ഖബര്‍ കേന്ദ്രീകൃത നേര്‍ച്ചപ്പൂരങ്ങള്‍ തുടങ്ങിയവയെ അനിസ്‌ലാമികമെന്ന്‌ പറഞ്ഞ്‌ എതിര്‍ത്ത മുജാഹിദുകള്‍ നാട്ടില്‍ നിലനിന്നിരുന്ന മുസ്‌ലിം പാരമ്പര്യവും സമുദായ ഐക്യവും തകര്‍ത്ത പുത്തന്‍വാദികളാണെന്ന യാഥാസ്ഥിതികരുടെ മുനതേഞ്ഞ വാദഗതികളെ നല്ല ഭാഷയില്‍ പുതിയ കുപ്പിയില്‍ അവതരിപ്പിക്കുക മാത്രമാണ്‌ പച്ചക്കുതിര ലേഖകന്‍ ചെയ്‌തിരിക്കുന്നത്‌. ലേഖകന്‍ പരിഹസിക്കുന്നത്‌ നോക്കൂ: ``ഈയൊരു ഹൈന്ദവ ഏകീകരണ ശ്രമത്തിനു സമാന്തരമായി മുസ്‌ലിംകള്‍ ആഗോള മുസ്‌ലിമിലേക്ക്‌ പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു... കേരളീയമായ സംസ്‌കാര ഘടകങ്ങളില്‍ പലതും ഉപേക്ഷിക്കുന്നതും സംസ്‌കാരത്തിന്റെ ബഹുതലങ്ങള്‍ക്കപ്പുറം വിശ്വാസത്തിന്റെ ഏകതലത്തിന്‌ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതും ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌'' (പേജ്‌ 22).
ഇസ്‌ലാം ഒരു ആഗോളമതവും ആദര്‍ശപ്രധാന പ്രത്യയശാസ്‌ത്രവും ആണെന്ന വസ്‌തുതയെ കൊഞ്ഞനംകാട്ടി കേവലമൊരു `പ്രാദേശിക സാമുദായിക'ത്തിന്റെ തറനിലവാരത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയും അതുവഴി താനിച്ഛിച്ച കാര്യങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യുകയാണിവിടെ ലേഖകന്‍ ചെയ്യുന്നത്‌.
ഇസ്‌ലാം മതവിശ്വാസികളാണെന്നു പറയുന്ന മുസ്‌ലിം ജനലക്ഷങ്ങള്‍ തങ്ങളുടെ പ്രമാണം വിശുദ്ധ ഖുര്‍ആനാണെന്നു പോലും തിരിച്ചറിയാത്ത പതിതാവസ്ഥയില്‍ നിന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവതയിലേക്ക്‌ അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയും യഥാര്‍ഥ ഇസ്‌ലാം തങ്ങളുടെ ഭൗതികജീവിത പുരോഗതിയെയോ സാമൂഹിക ജീവിതത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്നവരെ പഠിപ്പിക്കുകയും ചെയ്‌ത നവോത്ഥാന പ്രസ്ഥാനം ഈ സമൂഹത്തെ ആത്മീയമായും ഭൗതികമായും സാമൂഹികമായും അക്ഷരാര്‍ഥത്തില്‍ പിടിച്ചുയര്‍ത്തുകയായിരുന്നുവെന്ന്‌ ലേഖകന്‌ അറിയാഞ്ഞിട്ടല്ല; അജ്ഞത നടിക്കുകയാണ്‌. അദ്ദേഹം എഴുതുന്നു: ഹിന്ദുസമൂഹത്തെപ്പോലെത്തന്നെ മുസ്‌ലിംകള്‍ക്കും ഇന്ത്യയില്‍ ഏകശിലാരൂപമായ ഒരു ഘടനയല്ല ഉള്ളത്‌. പാരമ്പര്യവാദികള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സുന്നി സമൂഹങ്ങളില്‍ ഭൂരിഭാഗവും കേരളത്തിന്റെ സവിശേഷമായ ആചാരരീതികള്‍ പിന്‍തുടര്‍ന്നവരാണ്‌. എന്നാല്‍ മുജാഹിദ്‌, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവ എണ്ണത്തില്‍ പത്തുശതമാനത്തില്‍ താഴെയാണെങ്കിലും തന്ത്രപൂര്‍വമായ സംഘടിത ശ്രമങ്ങളിലൂടെ ആശയതലത്തിലുള്ള മേല്‍ക്കൈ സമുദായത്തിനു മേല്‍ നേടിയിട്ടുണ്ട്‌. സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ കേരളീയ സമൂഹത്തില്‍ അതുണ്ടാക്കിയ സ്വീധീനം തീര്‍ത്തും പ്രതിലോമപരമായിരുന്നു എന്ന്‌ കാണാന്‍പറ്റു'' (അതേലേഖനം). കണ്ണ്‌ എത്ര മുറുക്കിയടച്ചുകൊണ്ടാണ്‌ ലേഖകന്‍ ഇരുട്ടെന്ന്‌ വിളിച്ചുപറയുന്നത്‌?!
കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം അഥവാ മുജാഹിദുകള്‍ വരുത്തിവെച്ച പ്രതിലോമപരമായ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന്‌ ലേഖകന്‍ പറഞ്ഞുതരേണ്ടിയിരുന്നു. അതുണ്ടായില്ല. നമുക്ക്‌ പരിശോധിക്കാം. ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന വിശ്വാസങ്ങള്‍ ഉണ്ടാവും. ഏകദൈവാരാധനയാണ്‌ ഇസ്‌ലാമിന്റെ മൗലികവിശ്വാസവും അടിത്തറയും. മുപ്പത്തിമുക്കോടി ദൈവങ്ങളെ പൂവിട്ടു പൂജിച്ചാരാധിക്കുന്ന ഹൈന്ദവസഹോദരങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരേയൊരു ദൈവത്തെ മാത്രം ആരാധിക്കുകയും അവനോട്‌ മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുകയും അതുപറയുകയും വഴി ഏത്‌ പ്രതിലോമ പ്രവര്‍ത്തനമാണിവിടെ നടന്നത്‌. ഹൈന്ദവ സുഹൃത്തുക്കള്‍ സന്ധ്യാനേരത്ത്‌ നിലവിളക്ക്‌ കൊളുത്തി സന്ധ്യാകീര്‍ത്തനങ്ങള്‍ പാടിയിരുന്ന പോലെ മുസ്‌ലിംവീടുകളില്‍ മുഹ്‌യിദ്ദീന്‍ മൂല മുതലായ കീര്‍ത്തന കാവ്യങ്ങള്‍ ഭക്ത്യാദരപുരസ്സരം നിത്യപാരായണം ചെയ്‌തിരുന്നു. `അത്‌ ഇസ്‌ലാമികമല്ല; വിശുദ്ധ ഖുര്‍ആന്‍ മാത്രമേ പുണ്യത്തിനു വേണ്ടി പാരായണം ചെയ്യാവൂ' എന്ന്‌ പറഞ്ഞത്‌ പ്രതിലോമപരമായിരുന്നോ? അതോ മുസ്‌ലിമിന്റെ പ്രാഥമിക ബാധ്യത പഠിപ്പിച്ചതോ?
അറബി മലയാള ലിപിയില്‍ ഏതാനും അനുഷ്‌ഠാനമുറകളും കുറെ കീര്‍ത്തനകാവ്യങ്ങളും മനപ്പാഠമാക്കുക എന്നതിലപ്പുറം വിദ്യാഭ്യാസത്തെപ്പറ്റി മുസ്‌ലിംസമുദായം ചിന്തിച്ചിരുന്നില്ല. എന്നു മാത്രമല്ല ആര്യനെഴുത്തും (മലയാളം) നരകത്തിലെ ഭാഷയും (ഇംഗ്ലീഷ്‌) പഠിക്കല്‍ മതവിരുദ്ധമാണെന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ആ തലമുറയോട്‌ `സഹോദരങ്ങളേ, നമ്മുടെ മാതൃഭാഷയായ മലയാളവും ലോകഭാഷയായ ഇംഗ്ലീഷും വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായ അറബിയും പഠിക്കുകയും അത്മീയവും ഭൗതികവുമായ വിദ്യ അഭ്യസിക്കുകയും ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണ്‌' എന്ന്‌ പറഞ്ഞതും അതിനുവേണ്ടി കഠിനാധ്വാനം ചെയ്‌തതും പ്രതിലോമപരമായിരുന്നുവെങ്കില്‍ ഇന്ന്‌ `ടി കെ ഉമ്മറുമാര്‍' ജനിക്കുമായിരുന്നോ?! 
വിടുവായത്തം എഴുതി വിടുമ്പോള്‍ സാമാന്യബോധമെങ്കിലും ആവശ്യമില്ലേ?! പെണ്‍കുട്ടികള്‍ക്ക്‌ ഒരു വിദ്യാഭ്യാസവും നല്‍കാന്‍ പാടില്ലെന്ന്‌ പ്രമേയം പാസാക്കുകയും കാലമേറെക്കഴിഞ്ഞിട്ടും മദ്‌റസകള്‍ തുടങ്ങിയിട്ടും പെണ്‍കുട്ടികളെ പരീക്ഷ എഴുതിക്കാതെ ഉസ്‌താദ്‌ ഇന്റര്‍വ്യൂ നടത്തിയിരുന്ന പാരമ്പര്യവാദികളുടെ കേരളത്തനിമയെ മുക്തകണ്‌ഠം പ്രശംസിക്കുകയും സമുദായത്തിന്റെ അര്‍ധഭാഗമായ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസമുള്‍പ്പെടെ മതാചരണത്തിലും സാമൂഹിക ജീവിതതലങ്ങളിലും ഇസ്‌ലാം അനുവദിച്ച സ്വാതന്ത്ര്യം നല്‍കണമെന്ന്‌ പഠിപ്പിക്കുകയും അത്‌ ഒട്ടൊക്കെ പ്രായോഗികമായി ലോകസമക്ഷം സമര്‍പ്പിക്കുകയും ചെയ്‌ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രതിലോമപരമായിരുന്നു എന്നു പറയാന്‍ യാഥാസ്ഥിതികതയ്‌ക്ക്‌ വക്കാലത്ത്‌ പിടിക്കുന്ന ബുജികള്‍ക്കു കഴിയുമോ?
വീണ്ടും എഴുതുന്നു: ``പാരമ്പര്യവാദികള്‍ എന്നു വിളിക്കപ്പെട്ടിരുന്ന കേരളത്തിലെ സുന്നി മുസ്‌ലിംകള്‍ മറ്റു മതസ്ഥരുമായി വളരെ ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്നു. കൂട്ടുകച്ചവടങ്ങളും സര്‍വസാധാരണമായിരുന്നു. കേരളത്തിന്റെ സവിശേഷ പാരമ്പര്യങ്ങളെ പിന്‍തുടരുന്ന അവരുടെ ബന്ധങ്ങള്‍ ദൃഢവും നൈരന്തര്യമുള്ളതുമായിരുന്നു. എന്നാല്‍ മുജാഹിദ്‌ ജമാഅത്ത്‌ തുടങ്ങിയ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ (?) മുഖ്യമായും ശ്രമിച്ചത്‌ ഈ സാംസ്‌കാരിക മുദ്രകളെ മായ്‌ച്ചുകളയാനാണ്‌.'' (പേജ്‌ 23)
എന്തുമാത്രം പ്രതിലോമപരമാണ്‌ ഈ പരാമര്‍ശം?! ഇതര മതസ്ഥരോടുള്ള ബന്ധവും കൂട്ടുകച്ചവടവും സൗഹാര്‍ദ പൂര്‍ണമായ ജീവിത നൈരന്ത്യര്യങ്ങളും പണ്ടുള്ളതില്‍ നിന്ന്‌ എന്തു മാറ്റമാണ്‌ ഇന്നു വന്നത്‌. പലരും പറയാറുള്ള `സാമുദായിക ധ്രുവീകരണ പ്രവണത' കേരളത്തില്‍ ദൃശ്യമായിട്ടുണ്ടെങ്കില്‍ അതില്‍ കേരളത്തിലെ മുജാഹിദു പ്രസ്ഥാനത്തിന്‌ യാതൊരു പങ്കുമില്ല. മുസ്‌ലിം പരിപാടികളിലും -പള്ളികളില്‍ പോലും- അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക്‌ പ്രവേശനം അനുവദിച്ചവരാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം. എന്നാല്‍ ആചാരാനുഷ്‌ഠാനങ്ങളില്‍ പങ്കുചേരുകയോ ചേര്‍ക്കുകയോ ചെയ്യാറില്ല. ഓരോ മതവിഭാഗങ്ങളും സ്വതന്ത്രമായ സ്വത്വം സംരക്ഷിച്ചുകൊണ്ടുതന്നെ പരസ്‌പരം സഹകരിക്കുന്നതിനെയാണ്‌ സൗഹാര്‍ദമെന്നു പറയുന്നത്‌. ആശയങ്ങളുടെ കുഴമറിച്ചിലുകളോ ആദര്‍ശാധിനിവേശമോ അല്ല. നേര്‍ച്ചപ്പാടത്തും പൂരപ്പറമ്പിലും ജാറമുറ്റത്തും കോമരത്തിന്റെ തറയിലും കാണുന്ന അന്തമില്ലാത്തവരുടെ സമന്വയമല്ല മതസൗഹാര്‍ദം. നോക്കൂ, വിദ്യാലയ മുറ്റത്തേക്ക്‌. ഫുള്‍ സ്‌ലീവ്‌ ഷര്‍ട്ടും മുഖമക്കനയും ധരിച്ച മുസ്‌ലിം പെണ്‍കുട്ടികളും കൈയില്‍ രക്ഷാബന്ധനും നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തിയ ഹിന്ദു പെണ്‍കുട്ടികളും ഒത്തൊരുമിച്ച്‌ സ്‌കുളിലേക്കും വീട്ടിലേക്കും പോകുന്നത്‌ ഇന്നും മലബാറിലെ കണ്‍കുളിര്‍ക്കുന്ന നിത്യക്കാഴ്‌ചയാണ്‌. ഇവര്‍ വിശേഷ ദിവസങ്ങളും വിവാഹ-സത്‌കാരങ്ങളും പരസ്‌പരം ക്ഷണിക്കാതെ കഴിയാറില്ല. ഇത്‌ സ്‌കൂളില്‍ മാത്രമല്ല, കൂട്ടുകച്ചവടത്തിലും ഫുട്‌ബോള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ്‌ പിച്ചിലും അങ്ങാടികളിലും ഒരുവേള അരുതായ്‌മകളില്‍ പോലും കാണുന്നു.
സൗഹാര്‍ദത്തിനു കോട്ടംതട്ടിക്കാവുന്ന ചില തീവ്രവാദ പ്രവണതകള്‍ മറ്റു സമൂഹങ്ങളിലേതു പോലെ ഒറ്റപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയിലും പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ആ മനസ്ഥിതിയെ ഇസ്‌ലാമിക സങ്കേതങ്ങള്‍ സൈദ്ധാന്തികമായി അവതരിപ്പിച്ച്‌ നേരിട്ടതും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ കര്‍മകാണ്ഡമായ ഐ എസ്‌ എം ആയിരുന്നു എന്നത്‌ ലേഖകനറിയാത്ത കഥയല്ല, കഴിഞ്ഞ പതിറ്റാണ്ടിലെ യാഥാര്‍ഥ്യമാണ്‌. മുജാഹിദു പ്രസ്ഥാനം ആദ്യം പാരമ്പര്യസമൂഹത്തിന്റെ ഐക്യം തകര്‍ത്തു എന്നും പിന്നെ `സലഫീ തീവ്രവാദം' സമൂഹത്തില്‍ പ്രചരിപ്പിച്ചു എന്നും സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നത്‌ തികഞ്ഞ മൗഢ്യമാണ്‌; ചരിത്രത്തോടും യാഥാര്‍ഥ്യത്തോടുമുള്ള വെല്ലുവിളിയാണ്‌. ഏതായാലും ടി കെ ഉമ്മറെന്ന `ലേഖകന്‍' മനസ്സിലാക്കിയതല്ല യാഥാര്‍ഥ്യം. ലേഖനം തുടരുന്നു:
``തൊണ്ണൂറുകളുടെ മധ്യം വരെ അയവുള്ള ഒരു വിശ്വാസരീതികളാണ്‌ മുസ്‌ലിം സമൂഹം പ്രത്യേകിച്ചും സുന്നികള്‍ പുലര്‍ത്തിവന്നിരുന്നത്‌. പലപ്പോഴും വെള്ളിയാഴ്‌ചയിലെ പ്രാര്‍ഥനയിലൊതുങ്ങും പലരുടെയും മതചര്യ.'' ഇതാണ്‌ മനസ്സിലിരിപ്പ്‌. ആ പഴയ പരമസാധുക്കളായ, ആര്‍ക്കും ചൂഷണം ചെയ്യാവുന്ന, മിനിമം മതാചാരവുമായി കഴിയുന്ന നുറ്റാണ്ടു പിന്നിലെ അവസ്ഥയില്‍ കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു മുസ്‌ലിംകള്‍. അവര്‍ക്കിടയില്‍ നവോത്ഥാനവും നവജാഗരണവും അനാവശ്യമായിരുന്നു എന്ന്‌ പറയാതെ പറയുന്ന `ഇന്‍ഡയറക്‌റ്റ്‌ മെസ്സേജ്‌' തിരിച്ചറിയാന്‍ മാത്രമെങ്കിലും മുസ്‌ലിംസമൂഹം വളര്‍ന്നിരിക്കുന്നു എന്ന്‌ ഓര്‍മപ്പെടുത്തട്ടെ.
അബദ്ധജഡിലമായ ഒരുപാട്‌ വങ്കത്തങ്ങള്‍ മുസ്‌ലിം സമുദായത്തെപ്പറ്റി മേല്‍പറഞ്ഞ ലേഖനത്തില്‍ എഴുന്നള്ളിക്കുന്നുണ്ടെങ്കിലും ഒരു സൂചകത്തെപ്പറ്റി പരാമര്‍ശിക്കാതെ ഈ കുറിപ്പവസാനിപ്പിക്കുന്നത്‌ ശരിയാകില്ല. ഉമ്മര്‍ എഴുതുന്നു: ``സുന്നികളുടെ സാമ്പത്തിക സ്രോതസ്സ്‌ വിദേശങ്ങളിലെ സമ്പന്ന വ്യക്തികളാണ്‌. അത്തരം വ്യക്തികളെ കണ്ടെത്തി പണം സ്വരൂപിക്കുക എന്നത്‌ ഒരു കലയായി രൂപപ്പെടുത്തിയ ചില സുന്നി ഗ്രൂപ്പുകളുണ്ട്‌.'' `മുടിപ്പള്ളി പണ സമാഹരണം ഈ കലയുടെ ഭാഗമായിരുന്നു' എന്ന ഒരു വാക്യം മാത്രമേ ഇനി എഴുതാന്‍ ബാക്കിയുള്ളൂ. ജേര്‍ണലിസത്തിന്റെ ഈ വകഭേദവും മറ്റുള്ളവര്‍ തിരിച്ചറിയുന്നുണ്ട്‌ എന്നു മാത്രം പറഞ്ഞുനിര്‍ത്തട്ടെ. 
പാന്‍ഇസ്‌ലാമിസം, വഹ്‌ഹാബിസം, ഈജിപ്‌ഷ്യന്‍ നവോത്ഥാനം, ഗള്‍ഫ്‌ സലഫികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അര്‍ധസത്യങ്ങള്‍ കൂട്ടിക്കെട്ടി പതിനൊന്നു പേജ്‌ നീണ്ട ഒരു പ്രതിലോമ പ്രതികരണം പ്രസിദ്ധീകരിക്കുക വഴി പച്ചക്കുതിരയുടെ നിലവാരം കുറയുകയോ അതോ ഈ സാംസ്‌കാരിക പ്രസിദ്ധീകരണം, യാഥാസ്ഥിതിക പക്ഷത്തിന്റെ ഉപകരണമായി അധപ്പതിക്കുകയോ ചെയ്‌തതെന്ന്‌ ബന്ധപ്പെട്ടവര്‍ ആലോചിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: