അവര്‍ എന്നെ ഹദീസ് നിഷേധിയാക്കി!
- പ്രതികരണം -
അബ്‌ദുര്‍റഹ്‌മാന്‍ ഇരിവേറ്റി
അച്ചടക്ക നടപടിയുടെ ഭാഗമായി എന്നെ സംഘടനയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്‌തിരിക്കുകയാണ്. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചെടുക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എന്നെ സസ്‌പെന്‍ഡ് ചെയ്‌തതോര്‍ത്ത് ചിലരെല്ലാം ദു:ഖവും സഹതാപവും മറ്റു ചിലര്‍ സന്തോഷവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. സംഘടനയില്‍ നില്‌ക്കാന്‍ കണക്കറ്റ് മോഹിച്ചിട്ടും അത് സാധ്യമാകാതെ പുറത്തുപോകേണ്ടിവന്നതാണെന്ന വിചാരമാണ് ഇത്തരത്തിലുള്ള വികാരപ്രകടനത്തിന് കാരണം. എന്റെ കാര്യം വളരെ സുതാര്യമാണ്. പലരും ചെയ്യുന്നതുപോലെ വേട്ടനായയോടൊപ്പം വേട്ടയാടുകയും ഉരുവിനൊപ്പം ഓടുകയും ചെയ്യാന്‍ സന്നദ്ധമായിരുന്നെങ്കില്‍ എനിക്ക് സംഘടനയില്‍ തന്നെ നില്‌ക്കാമായിരുന്നു. സത്യം തുറന്നുപറഞ്ഞ് നടപടിക്ക് വിധേയമാവുകയാണ് ഞാന്‍ ചെയ്‌തത്.
ഖുര്‍ആനെതിരെ വരുന്ന ഹദീസുകള്‍ ബുഖാരിയല്ല ആര് പറഞ്ഞാലും സ്വീകരിക്കുകയില്ല എന്നതാണ് എന്റെ നിലപാട്. ഈ നിലപാട് സ്വീകരിക്കുന്ന മുജാഹിദ് വിഭാഗത്തിലെ ആദ്യ വ്യക്തിയല്ല ഞാന്‍. എ അലവി മൗലവിയാണ് മലബാറില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വേരു പിടിപ്പിച്ചത്. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ് സ്വീകാര്യമല്ലെന്ന് അദ്ദേഹം എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന എം കെ അലി അക്‌ബര്‍ മൗലവി ഈ ഹദീസിനെ മിമ്പറില്‍ വെച്ചും പൊതുസ്റ്റേജുകളില്‍ വെച്ചും അതിരൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന എ പി അബ്‌ദുല്‍ഖാദിര്‍ മൗലവിക്ക് ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. അലവി മൗലവി മിതനിലപാട് സ്വീകരിച്ചു. ഈ രണ്ട് മഹാവ്യക്തികളോടും സംഘടന ഒരു വിശദീകരണവും ചോദിച്ചില്ല. ഒരു നടപടിയും എടുത്തിട്ടുമില്ല.
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന ബുഖാരിയിലെ ഹദീസ് ഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ക്ക് വിരുദ്ധമാണ്. അതില്‍ കടുത്ത പ്രവാചകനിന്ദയുണ്ട്. സാഹിറിന് (മാരണക്കാരന്‍) എങ്ങനെ വന്നാലും വിജയമുണ്ടാവുകയില്ല എന്ന് ഖുര്‍ആന്‍ (സൂറതുത്വാഹ) പറയുമ്പോള്‍ ലബീദെന്ന മാരണക്കാരന്‍ നൂറ്റിയൊന്ന് ശതമാനം വിജയിച്ചുവെന്ന് ബുഖാരിയിലെ ഹദീസ് പറയുന്നു! നബി(സ) ലബീദിനെ ഭയപ്പെട്ടു. ക്ഷുദ്രവസ്‌തുക്കള്‍ ദര്‍വാന്‍ കിണറ്റില്‍ നിന്നും എടുക്കാനുള്ള നിര്‍ദേശം നല്‌കാനായി അല്ലാഹു രണ്ട് മലക്കുകളെ അയച്ചിട്ടും ഫലമുണ്ടായില്ല! കിണറ്റിനടുത്തേക്ക് പോയ നബി(സ) അവിടത്തെ ഈത്തപ്പനകളുടെ തല കണ്ടപ്പോള്‍ തന്നെ പേടിച്ചു! ക്ഷുദ്രവസ്‌തുക്കളെടുക്കാതെ മടങ്ങിപ്പോന്നു. (അല്ലാഹുവിന്റെ ദൗത്യവും പരാജയപ്പെട്ടു!) `ആ വസ്‌തുക്കളിനി എടുക്കുന്ന പക്ഷം മനുഷ്യര്‍ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍ ഭയാനകമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു'വെന്ന് നബി(സ) പറയുമ്പോള്‍ അല്ലാഹുവിലുള്ള `തവക്കുല്‍' പോലും അദ്ദേഹത്തിന് നഷ്‌ടപ്പെട്ടുവെന്ന് ഈ ഹദീസ് പറയുന്നു! (നഊദുബില്ലാഹ്)
നബി(സ)ക്ക് ഭ്രാന്തിന്റെ ആദ്യലക്ഷണമായ സ്ഥല-കാല-ജല ഭ്രംശം സംഭവിച്ചുവെന്ന് ഈ ഹദീസിലുണ്ട്. ക്ഷുദ്രവസ്‌തുക്കളെടുക്കാന്‍ മറ്റാര്‍ക്കും ധൈര്യമില്ലാത്തതിനാലാവാം ആ കിണര്‍ പിന്നീട് മൂടിക്കളഞ്ഞു എന്നാണ് ഹദീസിലുള്ളത്. സാഹചര്യത്തെളിവുകളും പാരമ്പര്യത്തെളിവുകളും ഈ ഹദീസിനെതിരാണ്.
മദീനാ പള്ളിയിലെ ഇമാം കൂടിയായ നബി(സ)ക്ക് ഏതാനും ദിവസങ്ങളില്‍ സംഭവിച്ച ഈ ഭ്രാന്തമായ അവസ്ഥ (വിഭ്രാന്തി) സന്തത സഹചാരിയായ അബൂബക്കര്‍(റ) പോലും അറിഞ്ഞില്ല! ആഇശ(റ) അല്ലാത്ത ഒരു ഭാര്യയും അറിഞ്ഞില്ല! കിണര്‍ മൂടിക്കളഞ്ഞത്രെ! ആരാണാവോ ആ കിണര്‍ മൂടിക്കളഞ്ഞത്? നബി(സ) നട്ടപ്പാതിരാക്ക് ഒറ്റയ്‌ക്ക് പോയി മൂടിയതാവുമോ?
ഇത്തരം ഒരു ദുര്‍ഘടാവസ്ഥയെ കുറിച്ച് ഖുര്‍ആനില്‍ ഒരു വിദൂര സൂചന പോലുമില്ല! മുന്‍കാല പ്രവാചകര്‍ക്കൊന്നും ഇത്തരം ഒരവസ്ഥയുണ്ടായിട്ടില്ല. അവരുടെ കാലത്തും ശത്രുക്കളോടൊപ്പം മാരണക്കാരുണ്ടായിരുന്നു. ലോകചരിത്രത്തില്‍ തന്നെ ഒരു മഹാനും, ഉന്നത വ്യക്തിക്കുമെതിരെ ഈ ആയുധം ഉപയോഗിച്ചിട്ടില്ല. ഇന്നും ഉപയോഗിച്ച് കാണിക്കാന്‍ സാധ്യവുമല്ല.
മുജാഹിദ് പ്രസ്ഥാനത്തിന്റെ `സിഹ്‌റിന് യാഥാര്‍ഥ്യമില്ല' എന്ന 2011-നു മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‌ക്കുന്ന എന്നോട്, നബി(സ)ക്ക് സിഹ്‌ര്‍ ബാധിച്ചു എന്ന വാറോലയില്‍ ഒപ്പിട്ടാല്‍ നടപടി ഒഴിവാക്കാമെന്നാണ് ഏഴു പേരടങ്ങിയ ഉന്നത നേതൃത്വം പറഞ്ഞത്. ഞാനത് നിരസിക്കുകയാണ് ചെയ്‌തത്.
ഹിഡന്‍ അജണ്ട
എനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ചില ഒളിയജണ്ടകള്‍ കൂടിയുണ്ട്. `സിഹ്‌റിന് യാഥാര്‍ഥ്യമുണ്ട്' എന്ന വാദം ഉന്നയിച്ചതിന്റെ പിന്നിലും `റുഖ്‌യഃ ശറഇയ്യഃ' എന്ന അപൂര്‍വ വസ്‌തുവിനെ 2011-ല്‍ ആകാശത്ത് നിന്നും നൂലിന്മേല്‍ ഇറക്കിയതിലും ഉള്ള ഒളിയജണ്ടയുടെ ബാക്കിപത്രമാണീ സസ്‌പെന്‍ഷന്‍. സകരിയ്യ സ്വലാഹിയെയും അദ്ദേഹത്തിന്റെ ഭക്തജനങ്ങളെയും സിഹ്‌റിന്റെയും റുഖിയ്യഃ ശറഇയ്യഃയുടെയും അപ്പക്കഷ്‌ണങ്ങള്‍ കൊടുത്ത് തൃപ്‌തിപ്പെടുത്തി സംഘടനയെ രക്ഷിക്കുക എന്നതായിരുന്നു ആ ഒളിയജണ്ട. ആ കൂട്ടത്തില്‍ ജിന്നിന്റെ സര്‍വശക്തി, ജിന്നിന്റെ സര്‍വവ്യാപ്‌തി, കണ്ണേറിന്റെ ഫലപ്രാപ്‌തി, ശകുനത്തിന്റെ (കറുത്ത നായ, കറുത്ത പൂച്ച) പ്രാധാന്യം, ഒറ്റയടിക്കുള്ള പല്ലിവധത്തിന്റെ പ്രാധാന്യം തുടങ്ങിയവക്ക് നേരെ കണ്ണുചിമ്മാനും തീരുമാനിച്ചിരുന്നു. പക്ഷെ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ജിന്ന്-പിശാചിന്റെ ശക്തിയും `രോഗമുണ്ടാക്കാനുള്ള കഴിവും' പ്രബോധനം ചെയ്‌ത് വെള്ളത്തിലും എണ്ണയിലും മന്ത്രിച്ചൂതിയും, മാരകമായി അടിച്ചും ചികിത്സിച്ച് പലവിധ ചൂഷണങ്ങള്‍ക്ക് പ്ലാനിട്ടവര്‍ ലക്ഷ്യബോധത്തോടെ മുമ്പോട്ട് തന്നെ പോവുകയാണ് ചെയ്‌തത്.
അപ്പോഴാണ് സകരിയ്യ സ്വലാഹിയെ ആദ്യമായി എതിര്‍ക്കാന്‍ തുടങ്ങിയ ഈ ലേഖകനെതിരെ നടപടിയെടുത്താല്‍ സകരിയ്യ പക്ഷത്തിന് ഒരു `തണുപ്പു'ണ്ടാകുമെന്ന കണ്ടെത്തല്‍ നടന്നത്. എന്നെ സംഘടനയില്‍ നിന്നും പുറന്തള്ളാന്‍ മൂന്നുവര്‍ഷം മുമ്പുതന്നെ ശക്തനായ ഒരു സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തുകയും അത് വിജയിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനാല്‍ എനിക്ക് സംഘടനയില്‍ പ്രാഥമിക അംഗത്വമല്ലാത്ത മറ്റു പദവികളൊന്നും ഉണ്ടായിരുന്നില്ല. ആ പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനുള്ള കാരണങ്ങളാണ് കുത്തിച്ചുഴിഞ്ഞ് കണ്ടെത്തിയത്.
അതിനിടെയാണ് അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി എന്നൊരു പുസ്‌തകം തളിപ്പറമ്പിലെ കെ കെ പി അബ്‌ദുല്ല എന്ന ഒരു യുവ പ്രവര്‍ത്തകന്‍ പ്രസിദ്ധീകരിച്ചത്. ആ പുസ്‌തകത്തിന് ഞാനാണ് അവതാരിക എഴുതിയത്. കമ്പും കണയുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ജിന്ന്-പിശാച് `സര്‍വ ശക്തിവാദ'ത്തെയും മറ്റു ക്ഷുദ്രവാദങ്ങളെയും തടയിടുകയെന്നതായിരുന്നു ആ പുസ്‌തകത്തിന്റെ ലക്ഷ്യം. അത് വിജയംകണ്ടു. അന്ധവിശ്വാസപ്രചാരണം വഴിമുട്ടി. അന്ധവിശ്വസ പ്രചാരണങ്ങള്‍ക്ക് നേരെ കണ്ണടച്ചവര്‍ക്കും ശ്വാസംമുട്ടി. ആ പുസ്‌തകത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് അതെയെന്നോ അല്ലെന്നോ പറയാന്‍ കഴിയാതെ ജിന്ന് പിശാച് വാദക്കാര്‍ നട്ടംതിരിഞ്ഞു. ഇതിനെതിരെ അല്‍ ഇസ്വ്‌ലാഹിലൂടെ കുറെ ചീത്ത പദങ്ങള്‍ പ്രയോഗിച്ചാണ് ആശയദാരിദ്ര്യക്കാര്‍ കലി തീര്‍ത്തത്.
എനിക്കെതിരെ നടപടിയെടുത്ത നേതൃത്വത്തിന്റെ ചെയ്‌തികളില്‍ വിഡ്‌ഢിത്തം മാത്രമല്ല, അല്‌പം വിനോദവുമുണ്ട്.
പിഴച്ച വാദക്കാരെ ഏതൊരു സംഘടനയും പുറന്തള്ളുക സാധാരണമാണ്. എന്നാല്‍ ഈ സംഘടന പിഴച്ച വാദത്തെ എതിര്‍ക്കുന്ന ഒരാളെയും പുറന്തള്ളി! ഇത് ലോക സംഘടനാ ചരിത്രത്തില്‍ തന്നെ ഒരു വിസ്‌മയമായിരിക്കും! ഒരാളെ പുറന്തള്ളാന്‍ ധൈര്യം കിട്ടാനാണെങ്കിലും ആ നടപടിക്ക് ന്യായീകരണം കണ്ടെത്താന്‍ സാധ്യമല്ല.
അച്ചടക്ക നടപടിക്കായി ഒരു ദൂതന്‍ മുഖേന അയച്ച വിഡ്‌ഢിത്തങ്ങള്‍ നിറഞ്ഞ കത്തില്‍ പറയുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
``സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന് അവതാരിക എഴുതുകയും ബുഖാരിയെയും സ്വഹീഹായ ഹദീസുകളെയും എതിര്‍ത്തുകൊണ്ട് പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തുകൊണ്ടിരിക്കുന്നതിനാല്‍...'' എന്നിങ്ങനെയാണ് കത്ത് തുടങ്ങുന്നത്.
കത്ത് `വഅദ്വ്' ശൈലിയിലാണ്. വഅദ്വ് വിദഗ്‌ധന്മാര്‍ എഴുതിയതുകൊണ്ടാവാം. ഒരു മെമ്മോ ഇഷ്യൂ ചെയ്യുന്നത് സുവ്യക്തമായും സുദൃഢമായും ചാര്‍ജുകള്‍ കാണിച്ചുകൊണ്ടായിരിക്കണം.
1). ഏത് പുസ്‌തകം എന്ന് പറഞ്ഞിട്ടില്ല.
2). ഈ പുസ്‌തകത്തിനെതിരെ സംഘടന എന്ന്, എന്ത് തീരുമാനമാണ് എടുത്തതെന്ന് പറഞ്ഞിട്ടില്ല.
3). അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ (എടുത്തിട്ടില്ലെന്നത് വ്യക്തം) ആ തീരുമാനം എന്നെയോ പൊതുജനങ്ങളെയോ മുന്‍കൂട്ടി അറിയിച്ചത് എങ്ങനെയാണെന്ന് പറഞ്ഞിട്ടില്ല.
4). ഒരെഴുത്തുകാരന് ഏതെങ്കിലുമൊരു സംഘടനയില്‍ അംഗത്വമുണ്ട് എന്നതുകൊണ്ട് ആ സംഘടനക്ക് അയാളുടെ ഒരു സ്വതന്ത്ര രചനക്കെതിരെ ഇടപെടാന്‍ സാധിക്കുകയില്ല. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മൗലവിമാരുടെ `കിതാബി'ലെ നിയമങ്ങളല്ല ഈ നാട്ടില്‍ നടപ്പാക്കുന്നതെന്ന് ഈ കത്തെഴുതിയവര്‍ ഓര്‍ക്കാതിരിക്കുന്നത് ലജ്ജാകരമാണ്.
5). ഈ കൃതിയില്‍ സംഘടനക്കെതിരെ ഒരു വാക്ക് പോലുമില്ല.
6). സകരിയ്യ സ്വലാഹിയുടെയും കൂട്ടരുടെയും വാദങ്ങള്‍ക്കെതിരെയുള്ള ഖണ്ഡനമാണീ പുസ്‌തകം. ഈ പുസ്‌തകത്തെ എതിര്‍ത്തുകൊണ്ട് സകരിയ്യയെയും കൂട്ടരെയും തൃപ്‌തിപ്പെടുത്താനുള്ള പാഴ്‌വേലയാണ് ഈ വിശദീകരണം ചോദിക്കലിലുള്ളത്.
7). ഏതൊരു വ്യക്തിക്കും തന്റെ ഏതൊരു വീക്ഷണവും എഴുതാനും പ്രസംഗിക്കാനും പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. സംഘടനാവേദി ഉപയോഗിക്കരുതെന്നേയുള്ളൂ.
8). എന്റെ വീട്ടുവിലാസമാണ് പുസ്‌തകത്തില്‍ കൊടുത്തിട്ടുള്ളത്. സംഘടനയുടെ അപ്പോഴുണ്ടായിരുന്ന നേരിയ ബന്ധമോ മുമ്പുണ്ടായിരുന്ന ഉന്നത ബന്ധങ്ങളോ കാണിച്ചിട്ടില്ല.
9). മതവിരുദ്ധ ശിര്‍ക്കന്‍ വാദങ്ങള്‍ക്കുനേരെ കണ്ണടച്ചിരുട്ടാക്കുന്ന സംഘടനാ നേതൃത്വത്തിന് ഈ പുസ്‌തകം ഉദാസീനമായി ഇരിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി എന്നതാവാം അവരെ പ്രകോപിപ്പിച്ചത്.
ഏതായാലും പുസ്‌തകത്തിന്റെ അവതാരികയില്‍ ഏറെ ഊളിയിട്ട് പരതിയിട്ടും ഒരു പുല്‍ക്കൊടി പോലും കിട്ടിയില്ല. നബി(സ)ക്ക് സിഹ്‌ര്‍ ബാധിച്ച് ഭ്രാന്തമായ അവസ്ഥയുണ്ടായിയെന്ന് `ലോക മുസ്‌ലിംകളുടെ കൂട്ടായ അഭിപ്രായത്തെ' ഞാന്‍ എതിര്‍ത്തു എന്നായിരുന്നു ആദ്യം പറഞ്ഞത്. സിഹ്‌ര്‍ ഫലിക്കുകയില്ലെന്നും നബി(സ)ക്ക് സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ് കടുത്ത പ്രവാചക നിന്ദ ഉള്‍ക്കൊള്ളുന്നതാണ് എന്നെല്ലാമാണ് എന്റെ നിലപാടെങ്കിലും അതൊന്നും ആ പുസ്‌തകത്തിന്റെ അവതാരികയില്‍ ഞാന്‍ എഴുതിയിട്ടില്ല. അതില്‍ ഞാനെഴുതിയത് പ്രവാചകന് പോലും സിഹ്‌ര്‍ ബാധിച്ചതില്‍ ഈ കൊച്ചു മൗലവിമാര്‍ക്ക് സന്തോഷമാണ്. നബി(സ)ക്ക് സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ് സ്വഹീഹാക്കിയാല്‍ അതിന്റെ മറവില്‍ സിഹ്‌റിന് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന ദുഷ്‌ടലാക്കാണ് കൊച്ചു മൗലവിമാരെ സന്തോഷിപ്പിച്ചത്! വേറെ ഒരു തെളിവ് ഈ കാര്യത്തിലില്ല.
എന്നെ വിശദീകരണത്തിനായി വിളിച്ച ഏഴ് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ആറ് പേരും പണ്ഡിതന്മാരായിരുന്നു. അവരുടെ മുമ്പില്‍ നബി(സ)ക്ക് സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ് മാത്രമല്ല, വേറെയും കുറെ ഹദീസുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവയില്‍ ഖുര്‍ആന്‍ വിരുദ്ധം, കടുത്ത പ്രവാചക നിന്ദ ഉള്‍ക്കൊള്ളുന്നത്, പ്രകൃതി വിരുദ്ധം, പരസ്‌പര വിരുദ്ധം, അപ്രായോഗികം, ആര്‍ക്കും മനസ്സിലാകാത്തത്, മാതൃനിന്ദ (ഹവ്വ(റ) ഉള്‍ക്കൊള്ളുന്നത്), ഖത്‌മുന്നുബുവ്വത്തില്‍ പോലും സംശയം ജനിപ്പിക്കുന്നത് ഒക്കെയുണ്ട്. എല്ലാറ്റിനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിനും മറുപടിയില്ല. പിന്നെയും ഇല്ല. എന്റെ വിശദീകരണം അവര്‍ക്ക് തൃപ്‌തിയായില്ലത്രേ!
എന്നെ `ഹദീസ് നിഷേധി'യെന്ന് മുദ്രകുത്തി വെടക്കാക്കാനാണ് നേതൃത്വം ഉത്സുകരായത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, എടവണ്ണ എ അലവി മൗലവി, എം കെ അലി അക്‌ബര്‍ മൗലവി, എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി എന്നിവര്‍ ബുഖാരിയിലെ ഹദീസുകള്‍ നിഷേധിച്ച കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊന്നും മറുപടിയില്ല.
0 comments: