പേടിക്കുക, ഉള്ളിലുണ്ടോ അഹങ്കാരം?
അബ്‌ദുല്‍വദൂദ്
ഒരുമിച്ചിരിക്കുന്ന കുറച്ചാളുകളുടെ അരികിലൂടെ തിരുനബി നടന്നുപോകുന്നു. അവരുടെ കൂട്ടത്തിലൊരാള്‍ പൂശിയ വിലകൂടിയ സുഗന്ധം അവിടെയാകെ നിറഞ്ഞിരിക്കുന്നു. എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുന്നു. എന്നാല്‍ തിരുനബി അയാളെ അവഗണിച്ച് മറ്റുള്ളവരെ നോക്കിയാണ് സലാം പറഞ്ഞത്.
``അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ അവഗണിച്ചതെന്തിനാണ്?'' -അയാള്‍ ആശങ്കയോടെ ചോദിച്ചു.
തിരുനബിയുടെ മറുപടി: ``താങ്കളുടെ കണ്ണുകള്‍ക്കിടയില്‍ ഒരു അഗ്‌നിജ്വാല ഞാന്‍ കാണുന്നുണ്ട്.'' (ബുഖാരി, അദബുല്‍ മുഫ്‌റദ് 1020)
നോക്കൂ, അയാളില്‍ അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും അടയാളമുണ്ടായതു കൊണ്ട്, ലാളിത്യത്തിന്റെയും എളിമയുടെയും മഹാദൂതന്‍ അയാളില്‍ നിന്ന് അകന്നുവെന്ന് ചുരുക്കം.
ആരിലും പെട്ടെന്ന് പിടികൂടാവുന്ന ദുഷ്‌ടരോഗമാണ് അഹങ്കാരം. ഓരോരുത്തര്‍ക്കും അതിന് ഓരോ കാരണങ്ങളുണ്ടായേക്കാം. സമ്പത്ത്, അധികാരം, അറിവ്, പ്രതിഭ...
ഏതും അഹങ്കാരത്തിലേക്കും ദുരഭിമാനത്തിലേക്കും നമ്മെയെത്തിച്ചേക്കാം. അഹങ്കാരം ഒരു പ്രവര്‍ത്തനമല്ല, അതൊരു മനോഭാവമാണ്. തമ്മില്‍ കാണുന്നവരോടും കൂടെ ജീവിക്കുന്നവരോടും പുലര്‍ത്തുന്ന ഈ മനോഭാവത്തിലൂടെ, നമ്മുടെ വ്യക്തിത്വം തകരാന്‍ നമ്മള്‍ തന്നെ കാരണക്കാരാകുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. കാഴ്‌ചപ്പാടുകള്‍ നന്നാകാത്തവരുടെ ഹൃദയത്തില്‍ പെട്ടെന്ന് അഹങ്കാരം പ്രവേശിക്കും. വലിയ ചിന്തയോ വായനയോ ജീവിതാനുഭവങ്ങളോ ഇല്ലാതാകുമ്പോള്‍ വിനയവും എളിമയുമൊക്കെ നഷ്‌ടപ്പെടും.
വായനയും ജീവിതാനുഭവങ്ങളും ഉള്ളവരുടെ മനസ്സ് ലോലമാകുമെന്ന് മാത്രമല്ല, അഹങ്കാരികളോട് അവര്‍ക്ക് സഹതാപമേ കാണൂ. ഒരു നേട്ടവും പകരം കിട്ടാത്ത ദുസ്സ്വഭാവമാണ് അഹങ്കാരം. വാക്കുകൊണ്ടോ സമീപനം കൊണ്ടോ നമ്മള്‍ അഹന്ത കാണിക്കാന്‍ തുടങ്ങിയാല്‍ അതോടെ മറ്റുള്ളവരുടെ മനസ്സില്‍ നമ്മെപ്പറ്റിയുള്ള സ്‌നേഹവും അടുപ്പവും നഷ്‌ടപ്പെടുന്നു. ഒരു ആത്മസുഹൃത്ത് പോലുമില്ലാതെ ജീവിതം വരണ്ടുപോകുന്നു.
ഏറ്റവും ചെറിയ അളവിനെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച `അണുമണിത്തൂക്കം' എന്ന വാക്കും, ഏറ്റവും കഠിനമായ വിരോധത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ച `സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല' എന്ന വാക്കും ഉപയോഗിച്ചുകൊണ്ടാണ് അഹങ്കാരത്തെ തിരുനബി വിലക്കുന്നത്: ``അണുമണിത്തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല.''
പദവിയോ നേട്ടമോ അനുഗ്രഹങ്ങളോ കൈവരുമ്പോള്‍ മറ്റുള്ളവരെക്കാള്‍ മികച്ചയാളായും മറ്റുള്ളവരെല്ലാം നിസ്സാരമാണെന്നുമുള്ള തോന്നല്‍ നമ്മെ അഹന്തയുടെ ദുഷ്‌ടവലയത്തിലകപ്പെടുത്തും. എത്ര നേട്ടങ്ങള്‍ കൈവന്നാലും എത്രവലിയ സ്ഥാനത്തെത്തിയാലും എളിമയും ലാളിത്യവും സൂക്ഷിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്കേ കഴിയൂ. പഴങ്ങള്‍ കൂടുംതോറും താഴ്‌ന്നു താഴ്‌ന്നു വരുന്ന മരച്ചില്ലയെ നോക്കൂ, മറ്റു ചില്ലകളെക്കാള്‍ ഫലങ്ങള്‍ കായ്‌ച്ചിട്ടും അവയെക്കാളെല്ലാം താഴ്‌ന്നു നില്‍ക്കുകയാണ് ആ ചില്ല. നമ്മള്‍ അങ്ങനെയാണോ?
ഇത്തരം കേടുകളില്‍ നിന്ന് മനസ്സിനെ രക്ഷിച്ചെടുക്കാന്‍ പെട്ടെന്നു കഴിയില്ല. ഭക്തിയുടെ സ്വാധീനശക്തി ആദ്യം അനുഭവിക്കേണ്ടത് മനസ്സിനകത്താണ്. അഹന്തയും നാട്യവും ആര്‍ഭാടവും അസൂയയുമെല്ലാം മനസ്സിനകത്തെ മഹാരോഗങ്ങളാണ്. ആ രോഗങ്ങളില്‍ നിന്ന് മുക്തരാകുമ്പോള്‍ നമ്മുടെ മനസ്സ് ആരോഗ്യമുള്ളതാകും. മനസ്സ് ആരോഗ്യമുള്ളതായാല്‍ ശരീരവും ആരോഗ്യമുള്ളതാകും. നേരെ മറിച്ച് ശരീരം ആരോഗ്യമുള്ളതായാലും മനസ്സ് രോഗമുള്ളതായാല്‍ ജീവിതത്തില്‍ സന്തോഷം നഷ്‌ടപ്പെടുമെന്നതാണ് അനുഭവം.
അഹങ്കാരമെന്ന രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരവധി മാര്‍ഗങ്ങള്‍ പ്രവാചകഗുരു പഠിപ്പിച്ചു തന്നിട്ടുണ്ട്. പാവങ്ങളോടും രോഗികളോടും സാധാരണ ജനങ്ങളോടും കുട്ടികളോടുമൊപ്പമിരിക്കാന്‍ നമ്മോട് നിര്‍ദ്ദേശിക്കുന്നു. നേട്ടങ്ങളിലൊന്നും മതിമറക്കാതെ ജീവിക്കണമെങ്കില്‍ നേട്ടങ്ങളില്ലാത്ത മനുഷ്യരോടൊപ്പം കഴിയണമെന്ന് പറഞ്ഞുതരുന്നു. രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക് കിട്ടുന്നതിലേറെ സമാധാനവും പാഠങ്ങളും നമുക്കാണല്ലോ കിട്ടുന്നത്.
സ്വഹാബികള്‍ ഒരാളെക്കുറിച്ച് തിരുനബിയോട് പുകഴ്‌ത്തിപ്പറയാറുണ്ട്. ഒരിക്കല്‍ അയാളെ കാണാന്‍ അവസരമുണ്ടായപ്പോള്‍ അയാളിലുള്ള ചില സ്വഭാവങ്ങള്‍ തിരുനബിക്ക് ഇഷ്‌ടമായില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ സ്വകാര്യമായി പറയുകയും ചെയ്‌തു: ``അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ഞാന്‍ താങ്കളോട് ചോദിക്കുകയാണ്, ജനങ്ങളുടെ കൂട്ടത്തില്‍ തന്നെക്കാള്‍ ശ്രേഷ്‌ഠനായി മറ്റാരുമില്ലെന്ന് താങ്കള്‍ വിചാരിക്കാറില്ലേ?'' ഈ ചോദ്യത്തിന്റെ മുന്നില്‍ അയാളുടെ തലകുനിഞ്ഞു. പതുക്കെ ഇങ്ങനെ പറഞ്ഞു: ``അല്ലാഹുവേ! ശരിയാണ് റസൂലേ, ശരിയാണ്.''
വിശ്രുത സ്വഹാബികളായ അബ്‌ദുല്ലാഹിബ്‌നു ഉമറും അബ്‌ദുല്ലാഹിബ്‌നു അംറും മര്‍വാ കുന്നില്‍ കുറേനേരം സംസാരിച്ചിരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഇബ്‌നുഅംറ് എഴുന്നേറ്റുപോയി. ഉടനെ ഇബ്‌നു ഉമര്‍ തേങ്ങിക്കരയുന്നു. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; ``ആരുടെയെങ്കിലും ഹൃദയത്തില്‍ കടുകുമണിത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അല്ലാഹു അയാളെ നരകത്തില്‍ മുഖം കുത്തി വീഴ്‌ത്തുമെന്ന് തിരുറസൂല്‍ പറഞ്ഞിട്ടുണ്ടെന്ന് ഇപ്പോള്‍ ഇബ്‌നുഅംറ് എന്നോട് ഓര്‍മിപ്പിച്ചു. അതാണെന്നെ കരയിച്ചത്.''
ഇബ്‌നു അംറിന്റെ ഈ ഓര്‍മപ്പെടുത്തല്‍ നമ്മുടെ കണ്ണിനെയും നനയിച്ചെങ്കില്‍
0 comments: