മുടിപ്പള്ളിയും സര്‍ക്കാര്‍ സത്യവാങ്‌മൂലവും

  • Posted by Sanveer Ittoli
  • at 9:18 PM -
  • 0 comments
മുടിപ്പള്ളിയും സര്‍ക്കാര്‍ സത്യവാങ്‌മൂലവും

രാജ്യം ഭരിക്കുന്നത്‌ രാജാവാണെങ്കിലും സ്വേച്ഛാധിപതിയായ ചക്രവര്‍ത്തിയാണെങ്കിലും ആ വ്യക്തിക്ക്‌ വ്യക്തമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും ഉണ്ടായിരിക്കും. ഒരുപക്ഷേ അത്‌ അപക്വമോ സമൂഹവിരുദ്ധമോ ആയി എന്നുവരാം. മാതൃകാപരവും പ്രായോഗികപവുമായി എന്നും വരാം. അതേസമയം ജനാധിപത്യ ക്രമത്തില്‍ സര്‍ക്കാറിനു മുഖമില്ല.നിയമനിര്‍മാണവും നയനിലപാടു രൂപീകരണവും ജനാധിപത്യക്രമത്തില്‍ ചര്‍ച്ച ചെയ്‌ത്‌ നടപ്പിലാക്കുന്നു എന്നാണ്‌ വയ്‌പ്‌. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും ഓരോരുത്തര്‍ പറയുന്നത്‌ നാടിന്റെ -സര്‍ക്കാറിന്റെ- നിലപാടായി പുറത്തുവരുന്നു എന്നതാണ്‌ സമകാലിക യാഥാര്‍ഥ്യം. മുഖ്യമന്ത്രി, ചിലപ്പോള്‍ ഏതെങ്കിലും മന്ത്രി, ഡി ജി പി, അറ്റോണി ജനറല്‍, ചീഫ്‌ സെക്രട്ടറി എന്നിങ്ങനെ ഓരോരുത്തര്‍ ബന്ധപ്പെട്ട വേദികളില്‍ അവരുടെ നിലപാടുകള്‍ നിയമമായി വരുന്നു എന്നതാണ്‌ അനുഭവം. അടുത്ത കാലത്ത്‌ സര്‍ക്കാര്‍ പ്രതിനിധികളെന്നു പറയുന്നവര്‍ നല്‌കിയ പല നിലപാടുകളും വിവാദമാവുകയും തിരുത്തപ്പെടുകയും ചെയ്‌തത്‌ ശ്രദ്ധേയമാണ്‌. ഈയടുത്ത ദിവസം കോഴിക്കോട്‌ ജില്ലയിലെവിടെയോ നിര്‍മിക്കാന്‍ പോകുന്നു എന്നു പറയപ്പെട്ട മുടിപ്പള്ളി കോലാഹലത്തില്‍ കേരള ഗവണ്‍മെന്റ്‌ കോടതിയില്‍ നല്‌കിയ അഫ്‌ഡവിറ്റ്‌ മേല്‌പറഞ്ഞ കാര്യത്തിന്‌ മികച്ച ഉദാഹരണമാണ്‌.
`ശഅ്‌റെ മുബാറക്‌ മസ്‌ജിദ്‌ (വിശുദ്ധ കേശപ്പള്ളി) നിര്‍മിക്കാന്‍ നാല്‌പത്‌ കോടി സ്വരൂപിക്കുന്നു; പങ്കാളികളാവുക' എന്നു പറഞ്ഞ്‌ കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലും കവലകളിലും തെരുവോരങ്ങളിലും പട്ടണ പ്രദേശങ്ങളിലും പതിനായിരക്കണക്കിന്‌ കൂറ്റന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ തൂങ്ങിയത്‌ `കണ്ണില്ലാത്തവര്‍' പോലും കണ്ടതാണ്‌. ഈ ചൂഷണപ്പിരിവിനെതിരെ ശക്തമായ ജനരോഷമുയര്‍ന്നപ്പോള്‍ എ പി അബൂബക്കര്‍ മുസ്‌ല്യാരും അദ്ദേഹത്തിന്റെ ഗ്രൂപ്പും ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞത്‌, `താല്‌പര്യമുള്ളവര്‍ മാത്രം കൊടുത്താല്‍ മതി' എന്നായിരുന്നു. എന്നാല്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പോലും സംഭാവന നല്‌കിയിട്ടുണ്ട്‌ എന്ന്‌ `തെളിവ്‌' സഹിതം തെല്ലുറക്കെ പറഞ്ഞതും കേരളം സാക്ഷ്യംവഹിച്ചതാണ്‌. എന്നാല്‍ മുടിപ്പള്ളി നിര്‍മാണവും അനുബന്ധ പണപ്പിരിവും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ കേരള സര്‍ക്കാര്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ച സത്യവങ്‌മൂലത്തില്‍ പറഞ്ഞത്‌ അങ്ങനെ ഒരു പിരിവ്‌ കേരളത്തില്‍ നടന്നിട്ടില്ല എന്നാണ്‌.
ഇത്‌ `കള്ളവാങ്‌മൂലമാണ്‌' എന്നു പറഞ്ഞ്‌ കേസില്‍ കക്ഷിചേരാന്‍ ഒരുങ്ങുകയാണ്‌ ഇ കെ ഗ്രൂപ്പ്‌ സമസ്‌ത. ഉമ്മന്‍ചാണ്ടി നേതൃത്വംനല്‌കുന്ന ഗവണ്‍മെന്റ്‌
ആവശ്യമായ അന്വേഷണം നടത്തിയിട്ടാണോ ഈ അഫ്‌ഡവിറ്റ്‌ സമര്‍പ്പിച്ചത്‌? അതോ ആര്‍ക്കോവേണ്ടി വരാനിരിക്കുന്ന രാഷ്‌ട്രീയ ദുഷ്‌ടലാക്കില്‍ കണ്ണുനട്ട്‌ അങ്ങനെ ചെയ്‌തതോ?
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക്‌ `വ്യാജമുടി' നല്‌കി എന്നു പറയുന്ന അഹ്‌മദ്‌ ഖസ്‌റജി അബൂദബിയിലെ മന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്‌മൂലത്തില്‍ ഉണ്ടത്രെ! ഒരു രാജ്യത്തെ മന്ത്രിയെയോ മുന്‍മന്ത്രിയെയോ അന്വേഷിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്‌ കഴിയാതെ പോയോ?
അതോ സ്ഥാപിത താല്‌പര്യസംരക്ഷണ ത്വരയില്‍ വിവേകം നഷ്‌ടപ്പെട്ടു പോയോ? സമൂഹ ജീവിതത്തിന്റെ നിഖില മേഖലകളും മാഫിയ പിടിമുറുക്കിയ പ്രബുദ്ധ കേരളത്തിന്റെ സര്‍ക്കാര്‍ നിലനില്‌ക്കുന്നതുപോലും മാഫിയ കൊണ്ടാണെന്ന്‌ ആരോപണം ഉന്നയിക്കപ്പെടുന്നു. എന്നാല്‍ ആത്മീയ മാഫിയക്കു മുന്നില്‍ കീഴൊതുങ്ങുന്ന അത്യന്തം ദയനീയമായ രംഗമാണ്‌ ഈ മുടിപ്പള്ളി സത്യവാങ്‌മൂലത്തിലൂടെ കേരള സര്‍ക്കാര്‍ കാഴ്‌ചവച്ചിരിക്കുന്നത്‌.
അന്ധവിശ്വാസങ്ങള്‍ തടയാന്‍ ഗവണ്‍മെന്റിനാകില്ല എന്നത്‌ നേര്‌. എന്നാല്‍ വിശ്വാസ ചൂഷണമാണെന്ന്‌ എല്ലാവര്‍ക്കും ബോധ്യമുള്ള ഇക്കാര്യത്തെ താങ്ങിനിര്‍ത്താതിരിക്കാന്‍ സര്‍ക്കാറിനു കഴിയുമല്ലോ. ആത്യന്തികമായി ഇതൊരു മുസ്‌ലിം പ്രശ്‌നമാണല്ലോ. മുസ്‌ലിംസമൂഹത്തിലെ ഒരു ന്യൂനപക്ഷമാണ്‌ ഈ ആത്മീയചൂഷണത്തിന്‌ കളമൊരുക്കിയത്‌. കേരളം ഭരിക്കുന്നവര്‍ക്ക്‌ ഇതറിയാതിരിക്കാന്‍ വഴിയില്ല. യു ഡി എഫിനെ അധികാരത്തിലെത്തിക്കാന്‍ സഹകരിച്ച മുസ്‌ലിം മതസംഘടനകളെല്ലാം മുടിപ്പള്ളിക്കെതിരെ രംഗത്തുവന്നവരാണ്‌. ആ നിലയില്‍ സത്യവാങ്‌മൂലത്തിലെ പരാമര്‍ശങ്ങള്‍ അബദ്ധത്തില്‍ വന്നതോ കൈപ്പിഴയോ ആവാന്‍ തരമില്ല. ബോധപൂര്‍വം മെനഞ്ഞെടുത്തത്‌ തന്നെ ആവാനാണ്‌ സാധ്യത. 
രാഷ്‌ട്രീയ ഇടനാഴിയില്‍ നിന്നു ലഭിക്കുന്ന അപസ്വരങ്ങളും അശുഭവര്‍ത്തകളും ഇതു ശരിവയ്‌ക്കുന്നു. `ലീഗ്‌ വിരോധികളായ കോണ്‍ഗ്രസ്സുകാരാണ്‌ എ പി സുന്നികള്‍' എന്ന കരവര്‍ത്തമാനം സാമാന്യവത്‌കരിക്കുന്നില്ലെങ്കിലും ചില സംഗതികള്‍ ഓര്‍ക്കാപ്പുറത്ത്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. ഏത്‌ ആദര്‍ശധീരനും അധികാരം ഒരു ദൗര്‍ബല്യം തന്നെയാണല്ലോ. ഇക്കഴിഞ്ഞ ദിവസം പത്മഭൂഷന്‍ പോലുള്ള അതിവിശിഷ്‌ട സ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കേണ്ട ലിസ്റ്റ്‌ സമിതി ചര്‍ച്ച ചെയ്‌ത്‌ യഥോചിതം യഥാസമയം നല്‌കാതെ മന്ത്രിമാര്‍ തട്ടിക്കൂ ട്ടിയുണ്ടാക്കിയ ഒരു ലിസ്റ്റ്‌ തല്‌ക്കാലം വച്ച്‌ കൊടുക്കുകയും സിനിമാനടന്‍ മധു മാത്രം പുരസ്‌കാരത്തിന്‌ തെരഞ്ഞടുക്കപ്പെടുകയും ചെയ്‌ത സാഹചര്യം ഒരു മലയാള ചാനല്‍ വിശദമാക്കിയിരുന്നു. ഇത്തരം നിരുത്തരവാദപരമായ ഉറക്കംതൂങ്ങി നയത്തില്‍ നിന്നുടലെടുത്തതാണ്‌ മേല്‍ സത്യവാങ്‌മൂലമെങ്കില്‍ ഉടനെ ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ അത്‌ തിരുത്തണം. അതല്ല, ദുഷ്‌ടലാക്ക്‌ പിന്നിലുണ്ടെങ്കില്‍ അതിന്റെ ദുരന്തം അനുഭവിക്കുകയും ചെയ്യും. ശഅ്‌റെ മുബാറക്‌ മാറ്റി മസ്‌ജിദ്‌ ആസാറും അനുബന്ധ ടൗണ്‍ഷിപ്പും നിര്‍മാണത്തിന്‌ അധികൃത സ്ഥാനങ്ങളില്‍ നിന്ന്‌ വലിയ സഹായം ലഭിച്ചിട്ടുണ്ട്‌ എന്നാണറിവ്‌. ഏതായിരുന്നാലും പ്രബുദ്ധ കേരളം അംഗീകരിക്കാത്ത അഫ്‌ഡവിറ്റ്‌ സര്‍ക്കാര്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ യാഥാര്‍ഥ്യ ബോധത്തോടെ തിരുത്തണം.
കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്നു കാണുന്ന പുരോഗതി കൈവരിച്ചത്‌ ആത്മീയ വ്യവസായത്തിലെ ലാഭം കൊണ്ടല്ല. ജാറപ്പൂജാരികളുടെ അജ്ഞതയുടെ കോട്ടകൊത്തളങ്ങള്‍ തരിപ്പണമാക്കിയ നവോത്ഥാനത്തിലൂടെയാണ്‌. ആത്മീയവും ഭൗതികവുമായ വിജ്ഞാന സമ്പ്രദായത്തിലൂടെ ലഭിച്ച ഉള്‍ക്കാഴ്‌ച മുഖേനയാണ്‌. സാമൂഹികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സ്വത്വം നിലനിര്‍ത്തി ഇടപെട്ടതുകൊണ്ടാണ്‌.
പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത ഈ പുരോഗതിക്ക്‌ ഇന്ന്‌ പിതൃത്വം അവകാശപ്പെടുന്നവര്‍ ഏറെയാണെന്നറിയാം. എങ്കിലും സമുദായം നേടിയെടുത്ത രാഷ്‌ട്രീയ പ്രബുദ്ധതയെ വിറ്റു കാശാക്കാന്‍ മുതലാളിമാര്‍ മത്സരിക്കുന്നത്‌ അല്‌പം കടന്ന കൈയാണ്‌. പിന്നിട്ട പാത വിസ്‌മരിക്കുന്നത്‌ ആര്‍ക്കും ഭൂഷണമല്ല!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: