വിശ്വരൂപം ഒരമേരിക്കന്‍ കഥ

  • Posted by Sanveer Ittoli
  • at 8:51 AM -
  • 0 comments
വിശ്വരൂപം ഒരമേരിക്കന്‍ കഥ

ലേഖനം -
മുസമ്മില്‍ ജലീല്‍
വിശ്വരൂപം അമേരിക്കന്‍ സിനിമയാണ്‌. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, തരിശു ഭൂപ്രകൃതിയുള്ള അഫ്‌ഗാനിസ്‌താനിലെ `പ്രാകൃതരായ' മുസ്‌ലിംകളോട്‌ അത്യാധുനിക യുദ്ധോപകരണങ്ങളുപയോഗിച്ച്‌ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തുന്ന യുദ്ധത്തിന്റെ വിവരണങ്ങളുള്‍ക്കൊള്ളുന്ന ഈ സിനിമയ്‌ക്ക്‌ ശക്തമായ അമേരിക്കന്‍ മുദ്രയുണ്ട്‌. ഈ വിവരണങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കില്‍ മതിയായിരുന്നു. എന്നാല്‍ ഇതിലേക്ക്‌ സ്വദേശവുമായി ബന്ധപ്പെട്ട ഒരു ഉപകഥയും കമല്‍ഹാസന്‍ കൊണ്ടുവരുന്നുണ്ട്‌.  ഇത്‌ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനായിരിക്കാമെങ്കിലും യാഥാര്‍ഥ്യത്തോട്‌ കുറച്ചുകൂടി സത്യസന്ധമായ സമീപനം സ്വീകരിക്കാമായിരുന്നു. അമേരിക്കയും, താലിബാന്‍ അല്‍ഖാഇദയും ഏര്‍പ്പെട്ടിരിക്കുന്ന യുദ്ധമുഖം ഭൂമിശാസ്‌ത്രപരമായി ഇന്ത്യയോട്‌ വളരെ അടുത്താണ്‌. അബൊട്ടാബാദും കാബൂളും ന്യൂയോര്‍ക്കിനേക്കാള്‍ ന്യൂഡെല്‍ഹിയോട്‌ അടുത്താണ്‌. എന്നിട്ടും ഇന്ത്യന്‍ മുസ്‌ലിം ജനതയില്‍ നിന്ന്‌, പ്രത്യേകിച്ച്‌ കശ്‌മീരില്‍ നിന്ന്‌ ഏതെങ്കിലും വ്യക്തിയോ സംഘങ്ങളോ താലിബാനിലോ അല്‍ഖാഇദയിലോ ചേര്‍ന്നതിന്‌ തെളിവില്ല. അല്‍ഖാഇദയോ താലിബാനോ ഇന്ത്യയില്‍ ഒരു ബ്രാഞ്ചും തുടങ്ങിയിട്ടുമില്ല. സുരക്ഷാ ഏജന്‍സികള്‍ പറയുന്ന ആകെയുള്ള അവകാശവാദങ്ങള്‍ പാകിസ്‌താന്‍ ആസ്ഥാനമാക്കിയുള്ള ലഷ്‌കറെ ത്വയ്‌ബയുടെയോ ജയ്‌ശെ മുഹമ്മദിന്റെയോ അല്‍ഖാഇദ താലിബാന്‍ ബന്ധങ്ങളാണ്‌.
കമല്‍ ഹാസന്‍, ജോണ്‍ വായ്‌നെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുകയാണോ? അതോ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന റാംബോയുടെ പുതിയ ഇന്ത്യന്‍ രൂപമാണോ അദ്ദേഹം? അമേരിക്കയുടെ യുദ്ധം ഇപ്പോള്‍ ഇന്ത്യയുടെ യുദ്ധമായി മാറിയോ? ഇന്ത്യയുടെ പുതിയ വിദേശനയത്തിന്റെ സിനിമയിലൂടെയുള്ള പ്രതിധ്വനിയാകാം വിശ്വരൂപമെങ്കിലും സോവിയറ്റു യൂണിയനെയും അറബികളെയും മുസ്‌ലിംകളെയും അവമതിക്കുന്ന ഹോളിവുഡ്‌ സിനിമകളുടെ `വാര്‍പ്പുമാതൃക' ഇവിടെയുമുണ്ട്‌. ഹോളിവുഡിലെ ഈ പ്രതിഭാസത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ സുലൈമാന്‍ ആര്‍ട്ടി പറയുന്നു:
``അറബികളെ കഴിഞ്ഞ പതിറ്റാണ്ടില്‍ `ഹാസ്യവില്ലന്മാരായി' അവതരിപ്പിച്ചിരുന്നതില്‍ നിന്നും ഭിന്നമായി `വൈദേശിക പിശാചു'ക്കളായി' ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ മേഖലയിലെ രാഷ്‌ട്രീയ -സാംസ്‌കാരിക താല്‌പര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.'' ലിന ഖാതിബിന്റെ പണ്ഡിതോചിത രചനയായ Filming the Modern Middle East: Politics in the Cinema of Hollywood and the Arab World ഉം 900 സിനിമകള്‍ പരിശോധിച്ച്‌ ജാക്‌ ഷഹീന്‍ തയ്യാറാക്കിയ Reel Bad Arabs ഉം ഇതേ നിഗമനത്തിലാണ്‌ എത്തിയത്‌.
ഹോളിവുഡിലെ യുദ്ധ സിനിമകളെ ബോളിവുഡ്‌ അനുകരിക്കുകയാണ്‌. വിശ്വരൂപത്തിലെ വര്‍ണനകളും ഉപമകളും ഹോളിവുഡ്‌ മാതൃക പകര്‍ത്തിയിരിക്കുന്നു. ഇസ്‌ലാം ഇന്ത്യയിലെത്തിയിട്ട്‌ ആയിരത്തിലേറെ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഇസ്‌ലാമിനെയും അതിന്റെ സിദ്ധാന്തങ്ങളെയും കുറിച്ചുള്ള അജ്ഞത ഇവിടെ നിലനില്‌ക്കുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധവും അതിനെക്കുറിച്ചുള്ള മാധ്യമ വര്‍ണനകളും ഇസ്‌ലാമിനെ ഭീകരതയുമായി തെറ്റായി ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥ നിയമപാലകരില്‍ പോലും ഉണ്ടാക്കിയെടുക്കുന്നു.
കഴിഞ്ഞ വര്‍ഷ്‌ം രാജ്യത്തുണ്ടായ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച്‌ പഠിച്ചപ്പോള്‍ അറബിയിലോ ഉറുദുവിലോ എഴുതിയതെന്തും അത്‌ ഖുര്‍ആന്‍ വചനങ്ങളോ ഇസ്‌ലാമിനെക്കുറിച്ച പുസ്‌തകങ്ങളോ പ്രവാചകന്റെ(സ) ജീവിചരിത്രമോ ഗാലിബിന്റെ കവിതകളോ ആവട്ടെ - `കുറ്റാരോപണം ചുമത്താനുള്ള സാധനം' ആയി പോലീസ്‌ പരിഗണിക്കുന്നു എന്നും തുടര്‍ന്ന്‌ ഈ `തെളിവുകള്‍' മുസ്‌ലിം പുരുഷന്മാരെ ഭീകരവാദികളായി ചിത്രീകരിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്നു എന്ന്‌ എനിക്ക്‌ മനസ്സിലാക്കാനായി. അങ്ങനെ തയ്യാറാക്കിയ ഒരു കുറ്റപത്രത്തില്‍ പ്രവാചക ജീവിതത്തെക്കുറിച്ച്‌ പ്രഭാഷണം ശ്രവിക്കാനുള്ള ഒരു ഒത്തുകൂടലായ `സീറത്ത്‌ പാക്‌ ജല്‍സ'യെ `പാകിസ്‌താന്റെ നന്മ' എന്നാണ്‌ പോലീസ്‌ ഉറുദുവില്‍ നിന്ന്‌ വിവര്‍ത്തനം ചെയ്‌തത്‌. ഒരു `പ്രതി'യില്‍ നിന്നും പിടിച്ച `കുറ്റാരോപണം ചുമത്താനുള്ള സാധനം' ഖുര്‍ആനില്‍ നിന്നുള്ള `പ്രകോപനപരമായ വചനങ്ങളായിരുന്നു'. ഈ വചനങ്ങള്‍ മുസ്‌ലിംകളെ ഇതര മതസ്ഥര്‍ക്കെതിരെ അക്രമത്തിന്‌ പ്രചോദിപ്പിക്കുമത്രെ!
ഈ പരിതസ്ഥിതിയില്‍, ഓരോ ഭീകരാക്രമണത്തിന്‌ മുമ്പും ശേഷവും നമസ്‌കാരം കാണിക്കുകയും പിന്നണിയില്‍ ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അത്‌ മുസ്‌ലിമെന്നാല്‍ ഭീകരതയാണെന്ന കാഴ്‌ചപ്പാടിനെ ബലപ്പെടുത്താനേ ഉതകൂ. വിശ്വരൂപത്തിലെ നായകനും മുസ്‌ലിം റോ ഏജന്റുമായ വ്യക്തി, ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ബോംബു സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പായി നൈജീരിയന്‍ ഭീകരനെ വെടിവെച്ചുകൊല്ലുന്നുണ്ട്‌. ഈ നൈജീരിയന്‍ ഭീകരനും സ്‌ഫോടനം നടത്താന്‍ പുറപ്പെടുന്നതിനു മുമ്പായി നമസ്‌കരിക്കുന്നുണ്ട്‌. ബോംബ്‌ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പുള്ള ഒരു നിര്‍ബന്ധ കര്‍മമായി നമസ്‌കാരം കാണിക്കുന്നുണ്ട്‌.
കശ്‌മീരി ഐഡന്റിറ്റിയെയും ചെറുതായി ബന്ധപ്പെടുത്തുന്നുണ്ട്‌. അഫ്‌ഗാനിസ്‌താനിലെ അല്‍ഖാഇദയില്‍ റോ ഏജന്റ്‌ നുഴഞ്ഞുകയറുന്നത്‌ വിസാം അഹ്‌മദ്‌ കാശ്‌മീരി എന്ന പേരിലാണ്‌. എന്നിട്ട്‌ അദ്ദേഹം എപ്പോഴും ഒരു ഇന്ത്യക്കാരനായിരിക്കും എന്ന്‌ പറയുന്നുണ്ട്‌. ബോളിവുഡ്‌ ചിത്രങ്ങള്‍ മനപ്പൂര്‍വമായി അടിച്ചേല്‌പിക്കാന്‍ ശ്രമിക്കുന്ന കാശ്‌മീരിനെക്കുറിച്ചുള്ള ചിത്രമാണിത്‌. കാശ്‌മീരിനെക്കുറിച്ചുള്ള ഇന്ത്യാരാജ്യത്തിന്റെ കാഴ്‌ചപ്പാടിനെ ഒരിക്കലും ബോളിവുഡ്‌ ചോദ്യം ചെയ്‌തിട്ടില്ല. `കാശ്‌മീരി'യായി അല്‍ഖാഇദയില്‍ നുഴഞ്ഞുകയറുന്നത്‌ പ്രശ്‌നകരമാണ്‌. കാശ്‌മീരിനു പുറത്ത്‌ സജീവമായിരുന്നിട്ടും ഇപ്പോഴും അല്‍ഖാഇദയ്‌ക്ക്‌ കാശ്‌മീരില്‍ പ്രവേശനം ലഭിച്ചിട്ടില്ല. നഗരത്തില്‍ വാടകയ്‌ക്ക്‌ വീടു ലഭിക്കാന്‍ പോലും പ്രയാസപ്പെടുംവിധം ചിത്രവധം ചെയ്യപ്പെട്ടവരാണ്‌ കാശ്‌മീരികള്‍ എന്നിരിക്കെ, ഈ പുതിയ സിനിമാ മാതൃകകള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കും.
ചിത്രം നിരോധിക്കപ്പെടരുത്‌ എന്നതിന്‌ സംശയമില്ല. കമല്‍ ഹാസന്‍ ആഗ്രഹിക്കുന്നതുപോലെ കഥ പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ആദരിക്കണം. പക്ഷെ, കലാകാരന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. നല്ല കഥ യാഥാര്‍ഥ്യവുമായി ഏറെ അടുത്തതായിരിക്കും. വിഷയത്തെക്കുറിച്ച്‌ നന്നായി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ഈ ചിത്രമെടുക്കാനും അനാവശ്യമായി ആളുകളെ പേടിപ്പിക്കുന്ന ചിത്രീകരണങ്ങള്‍ ഒഴിവാക്കാനും കമല്‍ ഹാസന്‌ കഴിയുമായിരുന്നു. കല യാഥാര്‍ഥ്യാ ധിഷ്‌ഠിതമാവണമെന്നില്ല, എങ്കിലും യാഥാര്‍ഥ്യങ്ങള്‍ വക്രീകരിച്ചു കൊണ്ടുള്ളതാകാനും പാടില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: