സമര്‍ ഹരന്‍കര്‍
``മുസ്‌ലിംകളായ നാം പാകിസ്‌താനിലേക്ക് ഓടിപ്പോയില്ല. ഈ രാജ്യം നമ്മുടേതായിരുന്നു. ഇത് നമ്മുടേതാണ്. നമ്മുടേതായി നിലനില്‌ക്കും. നാം പോകുന്നെങ്കില്‍ വെറുംകയ്യോടെ പോകില്ല. താജ്‌മഹലും ചെങ്കോട്ടയും ഖുതബ് മീനാറും നാം കൊണ്ടുപോകും. പിന്നീട് എന്താണ് ബാക്കിയുണ്ടാവുക? അയോധ്യയിലെ തകര്‍ന്ന രാമക്ഷേത്രവും, അജന്തയിലെ നഗ്നപ്രതിമകളുമല്ലാതെ... ഹിന്ദുസ്ഥാനില്‍ ഞങ്ങള്‍ ഇരുപത്തഞ്ച് കോടിയുണ്ട്. നിങ്ങള്‍ നൂറു കോടിയും. ശരിയല്ലേ? എങ്കില്‍ പതിനഞ്ച് മിനിറ്റു നേരത്തേക്ക് പോലീസുകാരെ മാറ്റിനിര്‍ത്തൂ. ആര്‍ക്കാണ് കൂടുതല്‍ ധീരതയെന്നും ശക്തിയെന്നും ഞങ്ങള്‍ നിങ്ങളെ കാണിച്ചുതരാം''
-ആന്ധ്രാപ്രദേശിലെ നിര്‍മല്‍ നഗറില്‍ 2011 ഡിസംബര്‍ 22-ന് ഇങ്ങനെ പ്രസംഗിച്ച 43-കാരനായ അക്‌ബറുദ്ദീന്‍ ഉവൈസി ഇപ്പോള്‍ ജയിലിലാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന, മതവികാരം വ്രണപ്പെടുത്തുന്ന, വിദ്വേഷം വമിപ്പിക്കുന്ന ചെയ്‌തികളുടെ പേരില്‍ ഉവൈസി വിചാരണ നേരിടേണ്ടി വരും.
ഇതിനു സമാനമായ ഒരു കേസ്, കാശ്‌മീരിലെ രജൗരി ജില്ലയില്‍ 2011 മാര്‍ച്ച് 6-ന് 56-കാരനായ പ്രവീണ്‍ തൊഗാഡിയ എന്ന വ്യക്തിക്കെതിരെ പോലീസ് രേഖപ്പെടുത്തുകയുണ്ടായി. തൊഗാഡിയ പ്രസംഗിച്ചതിങ്ങനെ: ``ഈ നാട്ടില്‍ ഇന്ന് ആരെങ്കിലും ഒരു പാകിസ്‌താന്‍ വേണമെന്നാവശ്യപ്പെട്ടാല്‍ ലക്ഷക്കണക്കിനു ഗ്രാമങ്ങളില്‍ നിന്നു പ്രതികരണം വരും. ഗോധ്രയെ തുടര്‍ന്ന് നൂറു കണക്കിനു ഗുജറാത്തി ഗ്രാമങ്ങളില്‍ നിന്നും പ്രതികരണം വന്നതുപോലെ... ശ്രീനഗറിലെ ഹിന്ദുക്കളുടെ സുരക്ഷ ശ്രീനഗര്‍ നല്‌കുന്നതല്ല. ഇന്ത്യയിലെ നൂറുകോടി ഹിന്ദുക്കളുടെ ശക്തിയാണത്.''
ഉവൈസിയുടേതു പോലെ, ഓങ്കോളജിസ്റ്റായ പ്രവീണ്‍ തൊഗാഡിയയുടെയും പ്രസംഗം വശ്യമാണ്. മിതമായ ശബ്‌ദത്തില്‍ ആരംഭിക്കുന്ന പ്രസംഗം ക്രമേണ ഉയര്‍ന്ന് ആക്രോശമായി മാറുന്നു. പ്രസംഗത്തിനിടെ ചൂണ്ടുവിരല്‍ ശക്തമായി ഇളക്കുകയും ദേഷ്യംകൊണ്ട് കണ്ണുകള്‍ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു.
ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയ നേതാക്കളെ ആത്മവിശ്വാസമുള്ള ജനാധിപത്യരാജ്യങ്ങള്‍ അവഗണിക്കാറാണ് പതിവ്. അതിവേഗം കലുഷിതമാവുന്ന അരക്ഷിത ഇന്ത്യയില്‍ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ പ്രയോഗിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നു എന്നതാണ് പ്രശ്‌നം. അതുകൊണ്ട് ആന്ധ്രാപ്രദേശിലെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന പാര്‍ട്ടിയുടെ നേതാവും എം എല്‍ എയുമായ ഉവൈസി അറസ്റ്റു ചെയ്യപ്പെട്ടു. വി എച്ച് പിയുടെ അധ്യക്ഷനായ തൊഗാഡിയ അറസ്റ്റു ചെയ്യപ്പെട്ടില്ല. ഉവൈസിയുടെ വിടുവായിത്തത്തിനെതിരെയുള്ള പ്രതികരണമായി ഇക്കഴിഞ്ഞ ജനുവരി 22-ന് മഹാരാഷ്‌ട്രയിലെ നന്ദെദില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് തൊഗാഡിയയുടെ പേരില്‍ മനസ്സില്ലാ മനസ്സോടെ പ്രാദേശിക പോലീസ് കേസെടുത്തു.
മതേതര ഭരണകൂടമെന്ന് കരുതപ്പെടുന്ന കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഭ്രാന്തമായി വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു നേതാവിനെതിരെ നിയമ നടപടികള്‍ എടുക്കുന്നില്ല എന്നത് അസാധാരണമല്ല. ശിവസേനയുടെയും മറ്റു തീവ്രവിഭാഗങ്ങളുടെയും ആക്രമണങ്ങളെ പലവട്ടം അവഗണിച്ച ഭരണകൂടമാണ് അവിടെ നിലവിലുള്ളത്.
മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്ന തീവ്ര ഹിന്ദുത്വര്‍ക്കെതിരെ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം നടപടികളെടുക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളും തുറന്ന ഹിന്ദുത്വത്തിന്റെ വക്താക്കളുമായ ബി ജെ പി-ശിവസേന സഖ്യത്തിന്റെ പിടിയില്‍ നിന്ന് ഭരണം ഒരു കൈപ്പിടി മാത്രം അകെലയാണെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ടു തന്നെ എതിര്‍ക്കുന്നതിനെക്കാള്‍ വിധേയത്വം കാട്ടുന്നതിനാണ് കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം താല്‌പര്യപ്പെടുന്നത്. രണ്ട്, തങ്ങള്‍ ഭരിക്കുന്ന ജനതയും സര്‍ക്കാര്‍ സംവിധാനങ്ങളും ക്രമേണ തീവ്ര ഹിന്ദുത്വത്തിന്റെ പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ശിവസേനക്കെതിരെ ഫെയ്‌സ് ബുക്കിലിട്ട ഒരു കമന്റ് `ലൈക്' ചെയ്‌തതിന് രണ്ട് കോളെജ് വിദ്യാര്‍ഥിനികളെ ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്‌തത്. അതുകൊണ്ടാണ് ധൂലെ നഗരത്തിലുണ്ടായ വര്‍ഗീയ കലാപത്തില്‍ പൊലീസ് മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട് വെടിവെച്ചതും മുസ്‌ലിംകള്‍ മാത്രം കൊല്ലപ്പെട്ടതും. മുസ്‌ലിംകളുടെ കടകളും മറ്റും പൊലീസുകാര്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ പകര്‍ത്തപ്പെട്ടതു കൊണ്ടുമാത്രം കഴിഞ്ഞയാഴ്‌ച ആറു പൊലീസുകാര്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി.
പക്ഷപാതപരമായി നീതി നടപ്പാക്കുന്നതുകൊണ്ട് ഇന്ത്യയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് അറിയാവുന്ന ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒരു മനുഷ്യനെ അയാള്‍ ഒരു പ്രത്യേക മതത്തില്‍പെട്ട ആളായതിനാല്‍ തൂക്കിലേറ്റി. സുപ്രീംകോടതി പറഞ്ഞതുപോലെ, ഇന്ത്യയുടെ `പൊതുബോധത്തെ' തൃപ്‌തിപ്പെടുത്തുന്നതിനുവേണ്ടി മുഹമ്മദ് അഫ്‌സല്‍ ഗുരു വധിക്കപ്പെട്ടു. എന്നാല്‍ മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച തമിഴ് ഹിന്ദു കൊലയാളികളും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെ വധിച്ച സിഖ് കൊലയാളിയും ഈ പൊതുബോധത്തിന്റെ ഇരകളായില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലോ മഹാരാഷ്‌ട്രയിലോ ആസാമിലോ ഡല്‍ഹിയിലോ, ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലോ കര്‍ണാടകയിലോ ആവട്ടെ പോലീസുകാര്‍ കൂടുതലായി വര്‍ഗീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈയടുത്ത് ചെറിയ നഗരങ്ങളിലുണ്ടായ കലാപങ്ങളിലും ഭീകരതയെ അന്വേഷിക്കുന്നതിലും ഉള്‍പ്പെടെ ഒട്ടനവധി കാര്യങ്ങളില്‍ ഹിന്ദുത്വവത്‌കരിക്കപ്പെട്ട പൊലീസുകാര്‍ പക്ഷപാതപരമായി നടപടികളെടുത്തതിന് ഉദാഹരണങ്ങളുണ്ട്.
മുംബൈയില്‍ റോന്തുചുറ്റുന്ന പല പോലീസ് വാഹനങ്ങളിലും ഹിന്ദു ദേവീ/ദേവന്മാരുടെ രൂപങ്ങളുണ്ട്. ബാംഗ്ലൂരില്‍ നെറ്റിയില്‍ സിന്ദൂരവുമായാണ് പതിവായി പോലീസുകാര്‍ ജോലിക്ക് ഹാജരാവുന്നത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്‌കൂള്‍-കോളെജ് സിലബസുകളില്‍ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ ക്രമേണ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുപോലെ, അതീവ രഹസ്യമായി, കര്‍ണാടകയില്‍ പുതിയ സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് ശക്തി പകരുന്നതാണ് ഇന്ത്യയുടെ പൊതുബോധത്തിന്റെ പ്രതികരണവും. മുസ്‌ലിം ഭൂരിപക്ഷ കശ്‌മീരിലെ ജനങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ ആര്‍ക്കും ഉത്‌കണ്‌ഠയില്ല. ഇതെഴുതിക്കൊണ്ടിരിക്കുന്ന, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുശേഷമുള്ള അഞ്ചാമത്തെ ദിവസവും കശ്‌മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. ഡല്‍ഹിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളുള്‍പ്പെടെയുള്ള കശ്‌മീരി വിദ്യാര്‍ഥികളെ പോലീസുകാരുടെ സാന്നിധ്യത്തില്‍വെച്ച് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതൊരു വാര്‍ത്തയായില്ല. ലിബറലുകളെന്ന് കരുതപ്പെട്ടിരുന്നവരുടെ ടെലിവിഷന്‍ ചാനലുകള്‍പോലും സമ്മര്‍ദത്താല്‍ ദേശീയതയുടെ പക്ഷത്ത് നിലകൊണ്ടു. ഒരിക്കല്‍ ഒരു ദേശീയ ചാനലിന്റെ എഡിറ്റര്‍ എന്നോട് പറഞ്ഞതുപോലെ `വാട്ട് റ്റു ഡു ബോസ്, ദിസ് ഈസ് വാട്ട് ദ പബ്ലിക് വാണ്ട്‌സ്' (എന്തു ചെയ്യാനാണ്, ഇതാണ് പൊതുജനത്തിന് വേണ്ടത്)
സമാധാനപരമായ പ്രതിഷേധം സഹിക്കാനാവാത്ത, പൊതുബോധം പക്ഷപാതത്തിനു കൂട്ടുനില്‍ക്കുന്ന ജനാധിപത്യ, മതേതരത്വ രാജ്യത്തിന്റെ അടിത്തറ മാന്താന്‍ കൂടുതല്‍ വിദ്വേഷം പേറുന്ന കൊടുങ്കാറ്റു വരുന്നതിന്റെ സൂചനകളുണ്ട്.
രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദു ഐഡന്റിറ്റിയുടെ അധികരിച്ചുവരുന്ന മുസ്‌ലിം വിരുദ്ധതയുടെ പ്രതിഫലനവും എതിര്‍ദിശയിലുണ്ടായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക നിലയില്‍ ആദിവാസികളോടും ദലിതുകളോടുമൊപ്പമാണ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ സ്ഥാനം. മുസ്‌ലിംകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എന്ന പുതിയ പുസ്‌തകമെഴുതിയ ക്രിസ്റ്റഫര്‍ ജാഫ്‌റെലോട്ട്, ലോറെന്റ് ഗായെര്‍ എന്നിവരുടെ അഭിപ്രായത്തില്‍, `ഇന്ത്യയിലെ മുസ്‌ലിംകള്‍ മുമ്പെങ്ങുമില്ലാത്തവിധം പാര്‍ശ്വവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്'. സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ അവര്‍ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. തീവ്രവാദികളെന്ന് സംശയിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുന്നത് മൂലം-ശരിയായ അന്വേഷണത്തിനൊടുവില്‍ ഈയിടെ പലരും മോചിതരായെങ്കിലും-ഉപരോധിപ്പിക്കപ്പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ മുസ്‌ലിംകളെ ഭരിക്കുന്നു. രോഷാകുലരായ ഏതാനും മുസ്‌ലിം യുവാക്കളോടുള്ള എന്റെ സംഭാഷണത്തിനിടയില്‍ സെക്യുലറിസം അവരെ പരാജയപ്പെടുത്തിയെന്ന് അവര്‍ പരിഹാസത്തോടെ പറഞ്ഞു.
ഹിന്ദുക്കളെപ്പോലെ മുസ്‌ലിംകളും തീവ്ര മതനിലപാടുകള്‍ക്ക് വശംവദരായിപ്പോയേക്കാം. കഴിഞ്ഞ ഓഗസ്റ്റില്‍ മുംബൈയില്‍ ഒരു രക്തസാക്ഷി സ്‌മാരകം തകര്‍ത്തതും വനിതാപോലീസുകാരെ കയ്യേറ്റം ചെയ്‌തതും അത്തരം ജനക്കൂട്ടമാണ്.
നരേന്ദ്രമോഡി അധികാരത്തിലേറിയാല്‍ മതേതര ഇന്ത്യക്കുപകരം മറ്റൊരിന്ത്യയെ രൂപപ്പെടുത്തുമെന്ന് ബി ജെ പിയുടെ എതിരാളികള്‍ ഭയപ്പെടുന്നു. ആ പ്രക്രിയ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
(ഹിന്ദുസ്ഥാന്‍ ടൈംസ്, 15 ഫെബ്രു. 2013)
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
0 comments: