മാമലകളെ സ്‌നേഹിച്ച പ്രവാചകന്‍

  • Posted by Sanveer Ittoli
  • at 9:27 PM -
  • 0 comments
മാമലകളെ സ്‌നേഹിച്ച പ്രവാചകന്‍

ഇബ്‌റാഹീം ശംനാട്‌
നാം വസിക്കുന്ന പ്രപഞ്ചത്തിലെ മഹാപ്രതിഭാസങ്ങളില്‍ ഒന്നാണ്‌ പര്‍വതങ്ങള്‍. എല്ലാ ഭൂഖണ്ഡങ്ങളിലും പ്രാപഞ്ചിക സംവിധാനത്തിന്റെ ഭാഗമായി അല്ലാഹു പര്‍വതങ്ങളെ സൃഷ്‌ടിച്ചിരിക്കുന്നു. സമുദ്രനിരപ്പിനെ അടിസ്ഥാനമാക്കിയാണ്‌ അവയുടെ ഉയരം കണക്കാക്കുന്നത്‌. ഭൂമിയുടെ അഞ്ചില്‍ ഒരുഭാഗം പര്‍വതങ്ങള്‍ കവരുന്നുണ്ട്‌. നാം കാണുന്ന ഒരു പര്‍വതത്തിന്റെ അത്രതന്നെ പകുതിഭാഗം ഭൂമിക്കടിയിലുണ്ടെന്നാണ്‌ ശാസ്‌ത്രം പഠിപ്പിക്കുന്നത്‌. കരയില്‍ മാത്രമല്ല, കടലിലും വമ്പന്‍ പര്‍വതങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ലോകജനസംഖ്യയുടെ പത്തിലൊന്ന്‌ പര്‍വതവാസികളാണ്‌. നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെ നല്ലൊരു ശതമാനം പര്‍വത പ്രദേശങ്ങളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌.ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും അംബരചുംബികളായ പര്‍വതനിരകളും പ്രാപഞ്ചിക ഘടനയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കാണ്‌ വഹിച്ചുകൊണ്ടിരിക്കുന്നത്‌. പര്‍വത ശാസ്‌ത്ര പ്രകാരം അവയെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. മടക്കുകളുള്ള പര്‍വതങ്ങള്‍, താഴികക്കുടം പോലുള്ള പര്‍വതങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, പീഠഭൂമി പര്‍വതങ്ങള്‍, ബ്ലോക്ക്‌ പര്‍വതങ്ങള്‍ എന്നിവയാണവ.
പ്രവാചകന്മാരും മുനിമാരും ഋഷിമാരും ഏകാന്തപഥികരായി മല ശിബിരങ്ങളിലും വനാന്തരങ്ങളിലും കഴിഞ്ഞിരുന്നത്‌ ഈ മഹാദൃഷ്‌ടാന്തത്തിന്റെ ഉള്ളറകളെക്കുറിച്ച്‌ ആലോചിക്കാനായിരിക്കുമോ? ഏതായിരുന്നാലും മുഹമ്മദ്‌ നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരു പഠനം നടത്തുമ്പോള്‍ ചുരുങ്ങിയത്‌ പത്ത്‌ മലകളെങ്കിലും അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായ ബന്ധം പുലര്‍ത്തിയതായി കാണാം.
സഫാ മലയില്‍ നിന്ന്‌ ആരംഭിച്ച തന്റെ പ്രബോധന ജൈത്രയാത്ര കാരുണ്യത്തിന്റെ മലയെന്ന പേരില്‍ വിശ്രുതമായ അറഫയിലെ ജബലുര്‍റഹ്‌മയുടെ താഴ്‌വാരത്തില്‍ നിര്‍വഹിച്ച വിടവാങ്ങല്‍ പ്രസംഗം വരെയും തുടര്‍ന്ന്‌ കൊണ്ടേയിരുന്നു. ഈ രണ്ട്‌ മലനിരകള്‍ക്ക്‌ പുറമെ, തനിക്ക്‌ എത്തിപ്പെടാവുന്ന അറേബ്യയിലെ മറ്റനേകം മലകളെ സ്‌നേഹിച്ചും തലോടിയും നീണ്ട 23 വര്‍ഷക്കാലം പ്രവാചകന്‍(സ) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
എവിടെ ചെന്നെത്തിയാലും ഉയര്‍ന്ന സ്ഥലമായിരുന്നു നബി(സ) ഇഷ്‌ടപ്പെട്ടിരുന്നത്‌. ഉയര്‍ന്ന്‌ പറക്കാന്‍ വെമ്പല്‍ കൊള്ളുന്ന, ഇഖ്‌ബാല്‍ കവിതയിലെ രാജാളി പക്ഷിയെപ്പോലെ. പ്രവാചകത്വ പദവി ലഭിക്കുന്നതിന്‌ മുമ്പു തന്നെ ഏകാന്തവാസം കൊതിച്ചിരുന്ന മുഹമ്മദ്‌ നബി(സ) പ്രകാശത്തിന്റെ പര്‍വതമെന്ന പേരില്‍ വിശ്രുതമായ ജബലുന്നൂറിലെ ഹിറാഗുഹയില്‍ ധ്യാന നിമഗ്‌നനായി ഇരിക്കുക പതിവായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 761 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മക്കയിലെ വന്‍മലകളില്‍ ഒന്നാണിത്‌.
വിശുദ്ധ ഹറമിനടുത്തുള്ള തന്റെ വാസസ്ഥലത്ത്‌ നിന്നും രണ്ട്‌ മൈല്‍ ദൂരത്തുള്ള ഈ മലയിലേക്ക്‌ ഏകാന്തതയുടെ സുഗന്ധ ചെപ്പിലേക്കൊതുങ്ങാന്‍ ഒരാള്‍ നടന്ന്‌ പോവുമ്പോള്‍ അതിനോടുള്ള അദ്ദേഹത്തിന്റെ അനുരാഗാത്മകത നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. മഹത്തായൊരു ദൗത്യത്തിന്റെ വാഹകനാകാനും ഭൂമുഖം പരിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു അത്‌. പ്രവാചകത്വം ലഭിക്കുന്നതിന്റെ മുന്ന്‌ വര്‍ഷം മുമ്പേ ഈ ഏകാന്തവാസം അദ്ദേഹം ആരംഭിച്ചിരുന്നു. മാനവരാശിയെ ദൈവിക പ്രഭയിലേക്ക്‌ നയിച്ച വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിക്കുന്നതിനുള്ള സൗഭാഗ്യം ലഭിച്ചതും ജബലുന്നൂറിന്‌ തന്നെയായിരുന്നുവെന്നത്‌ യാദൃച്ഛികമല്ല.
നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രംഗവേദിയാകുന്ന മറ്റൊരു മലയാണ്‌ വിശുദ്ധ കഅ്‌ബക്ക്‌ അടുത്തുള്ള സ്വഫാ മലയിടുക്ക്‌. പരസ്യപ്രബോധനത്തിനുള്ള ആദ്യകല്‌പന ശുഅറാഅ്‌ അധ്യായത്തിലെ `നിന്റെ അടുത്ത ബന്ധുക്കള്‍ക്ക്‌ നീ താക്കീത്‌ നല്‍കുകയും ചെയ്യുക' (26:214) എന്ന സൂക്തം അവതരിച്ചപ്പോള്‍, സ്വഫാ മലയിടുക്കിന്റെ നെറുകയില്‍ കയറി അദ്ദേഹം ഇങ്ങനെ ചോദിച്ചു: ഈ താഴ്‌വരയില്‍ അശ്വാരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്‍ക്കുന്നുവെന്ന്‌ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
അവരുടെ ഏകസ്വരത്തിലുള്ള പ്രതികരണം: നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്ക്‌ അറിയില്ല.
പ്രവാചകന്‍: നിങ്ങള്‍ക്ക്‌ വരാനിരിക്കുന്ന കഠിന ശിക്ഷയെക്കുറിച്ച്‌ താക്കീത്‌ നല്‍കുന്ന ദൈവദൂതനാണ്‌ ഞാന്‍.
കോപാന്ധകാരനായ അബൂലഹബ്‌ കലിതുള്ളി: ങ്‌ഉം! ഇതിനാണോ നീ ഞങ്ങളെ വിളിച്ച്‌ ചേര്‍ത്തത്‌? നാശം.
സ്വഫാ കൂടാതെ പ്രവാചകന്റെ ബാല്യ-യൗവനത്തിന്‌ സാക്ഷ്യം വഹിച്ച മാമലകള്‍ മക്കയില്‍ വേറെയുമുണ്ട്‌. വിശുദ്ധ കഅ്‌ബാ മന്ദിരത്തിന്റെ കിഴക്ക്‌ വശത്തായി സ്ഥിതിചെയ്യുന്ന 420 മീറ്റര്‍ ഉയരമുള്ള ജബല്‍ ഖുബൈസ്‌ അവയിലൊന്നാണ്‌. ഇത്‌ കൂടാതെ ജബല്‍ മര്‍വ, ജബല്‍ കഅ്‌ബ, ജബല്‍ ഉമര്‍ തുടങ്ങിയ അനേകം മലനിരകളാല്‍ വലയം ചെയ്യപ്പെട്ട സ്ഥലത്താണ്‌ വിശുദ്ധ കഅ്‌ബാലയം തന്നെ സ്ഥിതി ചെയ്യുന്നത്‌.
നബി(സ)യുടെ ജീവിതത്തിലെ നിര്‍ണായക സംഭവത്തിന്‌ രംഗവേദിയായ മറ്റൊരു മലയാണ്‌ സൗര്‍. മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പലായനം ചെയ്‌തപ്പോള്‍ ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഒളിത്താവളമായി നബി (സ) അഭയം തേടിയിരുന്നത്‌ ഈ മലയിലെ ഒരു ഗുഹയിലായിരുന്നു. വിശുദ്ധ ഗേഹത്തില്‍ നിന്ന്‌ അഞ്ച്‌ മൈലോളം അകലത്തിലുള്ള സൗര്‍ മലയിലേക്ക്‌ അബൂബക്കര്‍(റ) വിനോടൊപ്പം വളരെ സാഹസികമായാണ്‌ അവിടുന്ന്‌ യാത്ര ചെയ്‌തിരുന്നത്‌.
മക്കയില്‍ നിന്ന്‌ പലായനം ചെയ്‌ത്‌ മദീനയിലെത്തിയപ്പോഴും മാമലകളോടുള്ള അവിടുത്തെ ഹൃദയവായ്‌പ്പിന്‌ കുറവൊന്നുമുണ്ടായില്ല. മസ്‌ജിദുന്നബവിയില്‍ നിന്ന്‌ വിളിപ്പാടകലെയുള്ള ഉഹ്‌ദ്‌ മലയുമായി നബി(സ)ക്ക്‌ പ്രത്യേകമായ വൈകാരിക ബന്ധം തന്നെയുണ്ടായിരുന്നു. ഉഹ്‌ദിന്റെ താഴ്‌വരയില്‍ സ്വര്‍ഗത്തിന്റെ പരിമളം അനുഭവപ്പെടുന്നതായി പ്രവാചകന്‍ അനുസ്‌മരിച്ചിരുന്നു: `ഉഹ്‌ദ്‌ മല നമ്മെ സ്‌നേഹിക്കുന്നു. നാം അതിനെയും.'
ഉഹ്‌ദ്‌ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സന്ദര്‍ഭം. ഏതാനും ശത്രു സൈനികര്‍ മലയുടെ ഉച്ചിയില്‍ ധാര്‍ഷ്‌ട്യത്തോടെ ഇരിക്കുന്നു. ഇത്‌ കണ്ട പ്രവാചകന്‍ അനുചരന്മാരോട്‌: അവര്‍ അങ്ങനെ മലയുടെ ഉച്ചിയില്‍ ഇരിക്കേണ്ടവരല്ല. നാമാണ്‌ ഉയരത്തില്‍ ഇരിക്കാന്‍ ഏറ്റവും അര്‍ഹര്‍.
ഉഹ്‌ദ്‌ മലക്കടുത്തുള്ള ശത്രു സൈന്യത്തിന്‌ നേരെ പ്രവാചകനും അനുയായികളും അമ്പ്‌ എയ്‌തിരുന്ന ചെറുകുന്നായിരുന്നു ജബലുര്‍റുമാത്‌. ഹജ്ജ്‌ കര്‍മത്തിന്‌ പോവുമ്പോള്‍ മീനായിലെ താമസം അതിലെ പ്രധാന കര്‍മങ്ങളിലൊന്നാണ്‌. ഖൈഫ്‌ മസ്‌ജിദിനടുത്തുള്ള ഉയര്‍ന്ന കുന്നിന്‍ ചെരുവിലായിരുന്നു നബി(സ) തമ്പടിച്ചിരുന്നത്‌. മിനായിലെ ഏറ്റവും ഉയരംകൂടിയ സ്ഥലവും ഇതുതന്നെയാണ്‌.
ഹജ്ജ്‌ കര്‍മത്തിലെ മറ്റൊരു സുപ്രധാന കര്‍മമാണ്‌ അറഫയിലെ നിറുത്തം. നബി(സ) അറഫയിലായിരുന്നപ്പോള്‍ ജബലുര്‍റഹ്‌മയുടെ ചെരുവില്‍ നിന്നുകൊണ്ടായിരുന്നു പ്രാര്‍ഥനയില്‍ മുഴുകിയിരുന്നത്‌. വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചതും ഇതേ മലയിടുക്കുകളില്‍ വെച്ചായിരുന്നു. മനുഷ്യാവകാശത്തിന്റെ മാഗ്‌നാകാര്‍ട്ടയുടെ ആദ്യപ്രഖ്യാപനം നടന്നത്‌ ഈ മലഞ്ചെരുവുകളിലായിരുന്നു.
ഉപമകളായി മലകളും
ആധുനിക സാഹിത്യസങ്കേതങ്ങളില്‍ ഉപയോഗിക്കുന്നതു പോലെ, ജീവിതത്തില്‍ പരിചിതമായ വസ്‌തുക്കളെ ഉപമകളാക്കുന്ന രീതി പ്രവാചകാധ്യാപനങ്ങളില്‍ നിന്നും കടം കൊണ്ടതാണെന്ന്‌ പറയുന്നതില്‍ തെറ്റൊന്നുമില്ല. അത്രയേറെ ഉപമകളും ഉപമാനങ്ങളും അദ്ദേഹത്തിന്റെ തിരുമൊഴികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. വലുപ്പത്തിന്റെ പ്രതീകത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉഹ്‌ദ്‌ മലയോട്‌ ഉപമിക്കുന്ന ധാരാളം തിരുവചനങ്ങള്‍ കാണാം.
പര്‍വതങ്ങളും മലകളും ഉന്മൂലനത്തിന്റെ കടുത്ത ഭീഷണി നേരിടുകയാണ്‌. ഭൂമികുലുക്കുന്ന ഒച്ചയില്‍ മലനിരകളെ ഇടിച്ച്‌ നിരപ്പാക്കി കൊണ്ടിരിക്കുന്നു. പ്രവാചകനെ അനുധാവനം ചെയ്യുന്നവര്‍ അദ്ദേഹം ഏറെ സ്‌നേഹിച്ച മാമലകളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്‌. മലകള്‍ നിരപ്പാക്കുന്നതിന്‌ യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മൂന്നാം ലോകരാജ്യങ്ങളില്‍ പ്രകൃതിദത്ത പാറക്കൂട്ടങ്ങള്‍ക്കും കുന്നുകള്‍ക്കും മരണമണി മുഴങ്ങുകയാണ്‌. ഇത്‌ ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായി വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. മഹാ പര്‍വതങ്ങള്‍ നീക്കംചെയ്‌ത്‌ ഭൂമിയുടെ നിലനില്‍പ്പ്‌ അവതാളത്തിലായിരിക്കുന്നു. വര്‍ഷക്കാലത്ത്‌ ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാവുന്നതിനുള്ള കാരണവും മറ്റൊന്നല്ല. പ്രകൃതി വിഭവങ്ങളെ ഒരു ഡ്രാക്കുളയുടെ രൂപത്തില്‍ വിഴുങ്ങാനുള്ള ആര്‍ത്തി മനുഷ്യനെ മത്ത്‌ പിടിപ്പിച്ചിരിക്കുന്നു. ദുരമൂത്ത മുതലാളിത്ത മനോഭാവമാണ്‌ ഇതിന്‌ വളംവെച്ചു കൊടുക്കുന്നത്‌.
വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം: പര്‍വതങ്ങളെ നാം കുറ്റികളാക്കി (78:7).
നിങ്ങളെയും കൊണ്ടുലഞ്ഞ്‌ പോവാതിരിക്കാന്‍ ഭൂമിയില്‍ പര്‍വതങ്ങളെ ഉറപ്പിച്ചിരിക്കുന്നു. (31:10)
ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിര്‍മ നല്‍കുന്ന മാമലകള്‍ നിലനില്‍ക്കേണ്ടത്‌ നമ്മുടെ ആവാസവ്യവസ്ഥയുടെ അനിവാര്യതയാണെന്ന്‌ നാം മനസ്സിലാക്കുമോ? നമ്മുടെ പ്രവാചകന്‍ സ്‌നേഹിച്ച മാമലകളെ നമുക്കും സ്‌നേഹിക്കാന്‍ കഴിയുമോ? എങ്കില്‍ ഭൂമിയുടെ സന്തുലിതത്വം നമുക്ക്‌ കാത്തുസൂക്ഷിക്കാന്‍ കഴിയും. പ്രകൃതിയെ സംരക്ഷിക്കാനും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: