ദഅ്‌നീ വ ശഅ്‌നീ... കവിയെ പാട്ടിനു വിട്ടേക്കൂ!

  • Posted by Sanveer Ittoli
  • at 8:55 AM -
  • 0 comments
ദഅ്‌നീ വ ശഅ്‌നീ... കവിയെ പാട്ടിനു വിട്ടേക്കൂ!

മൂസാ മൗലവി അയിരൂര്‍ / സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍
1934 ഒക്‌ടോബറില്‍ ജനനം. ഉപ്പയുടെ അമ്മാവനായ നെല്ലിക്കാപ്പറമ്പില്‍ മുഹമ്മദ്‌ മുസ്‌ലിയാരും ഉമ്മയുടെ അമ്മാവനായ മലയംകുളത്ത്‌ മരക്കാര്‍ മുസ്‌ലിയാരും നല്ല കവികളായിരുന്നു. ഇ മൊയ്‌തു മൗലവിയുടെ പിതാവ്‌ കൂടിയായ മലയംകുളത്ത്‌ മരക്കാര്‍ മുസ്‌ലിയാരുടെ `ദുരാചാര മര്‍ദനം' 
എന്ന അറബി മലയാള കവിത ജീവിതത്തിന്റെ ഒരു വഴിവെട്ടമായിരുന്നു. പിതാവ്‌ സൈനുദ്ദീനില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യസം നേടി. മാതാവ്‌ മലയംകുളത്ത്‌ തറവാട്ടിലെ ചേക്കുമ്മ അക്കാലത്തു തന്നെ സാമാന്യം വിദ്യാഭ്യസം നേടിയിരുന്നു. പിതാവ്‌ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. ചെറുപ്പത്തില്‍ നടന്നുതീര്‍ത്ത പാടവരമ്പുകളും ഗ്രാമസൗഭാഗ്യങ്ങളും മൗലവിയുടെ കാവ്യലോകത്തിന്‌ ഊടുംപാവും പകര്‍ന്നു.
അയിരൂരില്‍ തന്നെയുള്ള പ്രൈമറി സ്‌കൂളിലെ പഠനശേഷം പ്രഗത്ഭനായ കരക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന്‌ പഠിച്ചു. അറബി ഭാഷാനിയമങ്ങളും വ്യാകരണങ്ങളും സ്വായത്തമാക്കുന്നത്‌ അവിടെ നിന്നാണ്‌. കരക്കാട്ട്‌ മുസ്‌ലിയാരുടെ പ്രിയ ശിഷ്യരില്‍ പെട്ട മൗലവി, മുസ്‌ലിയാരുടെ കവിതകള്‍ പകര്‍ത്തിയെഴുതാന്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. പള്ളി ദര്‍സുകളിലെ കിതാബുകളില്‍ പേര്‌ എഴുതുന്നതിന്‌ സ്വതസിദ്ധമായ ശൈലിയായിരുന്നു മൗലവിക്കുണ്ടായിരുന്നത്‌. ഇതിന്റെ ഉടമസ്ഥന്‍ ഇന്ന ആളാണെന്ന്‌ പരുക്കന്‍ ശൈലിയില്‍ പറയുന്നതിന്‌ പകരം താളവും ഭാവനയും കൂട്ടിക്കലര്‍ത്തിയ കാവ്യാത്മക ശൈലി പരീക്ഷിച്ചു. സുഹൃത്തുക്കള്‍ക്ക്‌ നര്‍മ്മം നിറഞ്ഞ ശൈലിയില്‍ മൗലവി കത്തുകളയക്കുമായിരുന്നു. അതില്‍ സ്വാഭാവികമായി തന്നെ അറബി കവിതകള്‍ ഉണ്ടാകും. അറബി അധ്യാപകനും സുഹൃത്തുമായിരുന്ന ഉമര്‍ വെട്ടിക്കാട്ട്‌ വിദേശത്ത്‌ നിന്ന്‌ ആധുനിക കവിതകളും മറ്റും അയച്ചു കൊടുത്തത്‌ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ സഹായകമായി.
മാപ്പിളപ്പാട്ടിനെ ആധികാരികമായി പരിചയിച്ചതിനു പിന്നില്‍ പിതാവിന്റെ നിത്യസന്ദര്‍ശകനായിരുന്ന സെയ്‌ദ്‌ മുസ്‌ലിയാരുടെ പരിശീലനങ്ങളാണ്‌. മാപ്പിളപ്പാട്ടിലെ കമ്പിയും വാല്‍ക്കമ്പിയും സെയ്‌ദ്‌ മുസ്‌ലിയാര്‍ വിശദീകരിച്ചു കൊടുത്തു. ദീര്‍ഘകാലത്തെ ദര്‍സ്‌ ജീവിതത്തിനു ശേഷമാണ്‌ അഫ്‌ദലുല്‍ ഉലമ കോഴ്‌സിനു വേണ്ടി റൗദത്തുല്‍ ഉലൂമില്‍ എത്തുന്നത്‌.
ഇസ്‌ലാഹിന്റെ വഴിയില്‍
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായിരുന്ന എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവി അയിരൂര്‍ പ്രദേശത്തുകാരനാണ്‌. എ കെ ലത്തീഫ്‌ മൗലവി, കാരക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മകനും റൗദത്തുല്‍ ഉലൂം അറബിക്കോളെജിലെ അധ്യാപകനുമായിരുന്ന ബാപ്പു മൗലവി, പി കെ മൂസാ മൗലവിയുടെ മരുമകന്‍ കൂടിയായ ഹുസൈന്‍ മൗലവി തുടങ്ങിയവരുടെ ക്ലാസുകളും പ്രഭാഷണങ്ങളും ഏറെ സജീവമായിരുന്നു അക്കാലത്ത്‌. അവരെ `ഒഹാബികള്‍' എന്നാണ്‌ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി തന്നിരുന്നത്‌ -മൂസാ മൗലവി ഓര്‍ക്കുന്നു. 1952-ല്‍ മങ്കട അബ്‌ദുല്‍ അസീസ്‌ മൗലവിഅയിരൂരില്‍ നടത്തിയ റമദാന്‍ പ്രഭാഷണത്തിനു ശേഷം അദ്ദേഹം പഠിച്ച കോളെജില്‍ പോയി ചേരണമെന്ന്‌ ഞാനാഗ്രഹിച്ചു. അങ്ങനെ 1956-ല്‍ റൗദത്തുല്‍ ഉലൂമില്‍ ഞാനുമെത്തി. ഇസ്‌ലാഹി പ്രസ്ഥാനത്തെ കൂടുതല്‍ അറിയാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും തുടങ്ങിയതും അതുമുതലാണ്‌. കെ എം മൗലവിയെ പോലുള്ളവരുടെ ഖുത്വ്‌ബകള്‍ അന്ന്‌ ഏറെ സ്വാധീനിച്ചിരുന്നു. പഠനകാലത്ത്‌ അദ്ദേഹത്തെ നേരില്‍ പോയി കാണുകയും ചെയ്‌തിട്ടുണ്ട്‌. അന്നത്തെ അല്‍മനാര്‍ മാസികയും അല്‍മുര്‍ശിദ്‌, അന്‍സാരി, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും മൗലവിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. അല്‍മനാര്‍ മാസികയില്‍ ഹദീസിലൂടെ കര്‍മ്മശാസ്‌ത്രം പഠിപ്പിക്കുന്ന എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവിയുടെ ഫിഖ്‌ഹുസ്സുന്ന ക്ലാസ്സുകള്‍ ഇന്നും ഓര്‍മയില്‍ തിളങ്ങുന്നു.
റൗദത്തുല്‍ ഉലൂമില്‍
1961 വരെയുള്ള റൗദത്തിലെ പഠനകാലം ജീവിതത്തിലെ ഏറ്റവും സജീവമായ അഞ്ച്‌ വര്‍ഷങ്ങളാണ്‌. റൗദത്തുല്‍ ഉലൂമിലെ സാഹിത്യ സമാജങ്ങളില്‍ കവിത അവതരിപ്പിക്കല്‍ നിര്‍ബന്ധമായിരുന്നു. ഓരോരുത്തരുടെയും ഊഴമനുസരിച്ച്‌ എല്ലാവരും കവിതകള്‍ എഴുതി തയ്യാറാക്കി വരും. (ഊഴം തെറ്റിച്ചാല്‍ അന്ന്‌ ഭക്ഷണം നല്‍കരുതെന്നാണ്‌ അബുസ്സബാഹ്‌ മൗലവിയുടെ നിര്‍ദേശം). ഇത്തരം അവസരങ്ങളും പ്രോത്സാഹനങ്ങളുമാണ്‌ കവിതയെഴുത്തിനെ സജീവമാക്കി നിലനിര്‍ത്താന്‍ സാധിച്ചത്‌.
മുഹമ്മദ്‌ കുട്ടശ്ശേരിയുടെ സീനിയറും എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ ജൂനിയറുമായിരുന്നു ഞാന്‍. കവിത എഴുതി മത്സരിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു കുട്ടശ്ശേരി. അന്ന്‌ സാഹിത്യസമാജങ്ങളില്‍ കടവത്തൂര്‍കാരനായ സി എച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ അവതരിപ്പിക്കുന്ന കവിതകള്‍ക്ക്‌ അപ്പോള്‍ തന്നെ മറുപടി പറയുന്ന ശീലമുണ്ടായിരുന്നു എനിക്ക്‌, സമാജിക അവസരം അതിനുവേണ്ടി വിനിയോഗിക്കുമായിരുന്നു. സി പി അബൂബക്കര്‍ മൗലവി, അബുസ്സലാഹ്‌ മൗലവി, ബാപ്പു മൗലവി, മൊയ്‌തീന്‍ കുട്ടി മൗലവി, കെ എം ജമാലുദ്ദീന്‍ മൗലവി തുടങ്ങിയവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കവിതയെഴുത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ തന്നെ കെട്ടിലും മട്ടിലും ഏറെ സ്വാധീനിച്ചിട്ടുണ്ട്‌.
ഒരിക്കല്‍ കെ എം ജമാലുദ്ദീന്‍ മൗലവി എന്നെ വിളിച്ചു ചോദിച്ചു:
``നീയെന്റെ സൈനബാനെ കണ്ടിട്ടുണ്ടോ?''
``ഇല്ല സര്‍, കുഞ്ഞബ്‌ദുല്ലാനെ കണ്ട്‌ക്ക്‌'' -ഞാന്‍ പറഞ്ഞു.
കുഞ്ഞബ്‌ദുല്ല ജമാലുദ്ദീന്‍ മൗലവിയുടെ മകനും എന്റെ സഹപാഠിയുമാണ്‌. ജമാലുദ്ദീന്‍ മൗലവി തന്റെ അറബി മലയാളത്തിലുള്ള സൈനബ എന്ന നോവലിനെയാണ്‌ ഉദ്ദേശിച്ചിരുന്നതെന്ന്‌ എനിക്കറിയാമായിരുന്നു. ആ നോവല്‍ ഇസ്‌ലാഹിന്റെ പ്രബോധന വഴികളിലെ സര്‍ഗാത്മക മേഖലകളില്‍ ഏറെ തിളങ്ങി നില്‍ക്കുന്നതാണ്‌. എന്റെ കുടുംബത്തില്‍ പോലും അത്‌ വായിച്ചതിന്റെ സ്വാധീനമുണ്ടായിരുന്നു.
കുട്ടശ്ശേരി മൗലവിയുടെ കവിതയെഴുത്ത്‌ റൗദത്തിലെ നിറമുള്ള ഓര്‍മ്മകളില്‍ പെട്ടതാണ്‌, മൂസാ മൗലവി അത്‌ വീണ്ടും ചൊല്ലി:
മൂന്നാലു വര്‍ഷങ്ങള്‍ ഈ മലര്‍വാടിയില്‍
ഒന്നിച്ചു പൂക്കളറുത്തു നമ്മള്‍
മാറ്റങ്ങളെന്തൊക്കെയാകിലും നാമെന്നും
മാനസവാടിയില്‍ തോഴരല്ലേ....
വായന
കവിതക്കും സംഗീതത്തിനും ഏറെ പ്രോത്സാഹനം ലഭിച്ചിരുന്ന കാലമാണ്‌ മുമ്പുണ്ടായിരുന്നത്‌. മൗലികമായ കവിതകള്‍ ആലപിക്കുന്ന മുശാഅറ കള്‍ അന്ന്‌ സജീവമായിരുന്നു. അറബി വ്യാകരണവും സ്വര്‍ഫും ശീലിക്കുന്നതിന്‌ നിരവധി അറബി കവിതകള്‍ വായിക്കുമായിരുന്നു. പള്ളി ദര്‍സുകളില്‍ നിന്ന്‌ നിരവധി കവിതകള്‍ കേട്ടിരുന്നു, പലതും അപൂര്‍വങ്ങളായ പദങ്ങളും ശൈലികളും വിശദീകരിക്കാന്‍ വേണ്ടി ഉദ്ധരിച്ചിരുന്നതാണ്‌. റൗദത്തുല്‍ ഉലൂമില്‍ എത്തിയപ്പോള്‍ വിശാലമായ ലൈബ്രറി എന്തുകൊണ്ടും അനുയോജ്യമായിരുന്നു. നിരവധി അറബി കവിതാ സമാഹാരങ്ങള്‍ അവിടെ നിന്ന്‌ വായിച്ചു തീര്‍ത്തിട്ടുണ്ട്‌. ഉമര്‍ ബിന്‍ അബീ റബീഅ, മുത്തുനബ്ബി, ഹസാനുബ്‌നു സാബിത്‌, ശൗകിയാത്ത്‌, ഇല്‍യാ അബൂമാദീ തുടങ്ങിയ പലതും അന്ന്‌ വായനാലോകത്ത്‌ നിറഞ്ഞു നിന്നിരുന്നവയാണ്‌. അബുസ്സബാഹ്‌ മൗലവിയായിരുന്നു അന്ന്‌ ഉമര്‍ ബിന്‍ അബീറബീഅയുടെ കവിതാ സമാഹാരം പഠിപ്പിച്ചിരുന്നത്‌. അശ്ലീലകരമായ നിരവധി സന്ദര്‍ഭങ്ങള്‍ കടന്നുവരുന്ന ബിന്‍ അബീ റബീഅയുടെ ശൃംഗാര കാവ്യങ്ങളെ സാഹിത്യമൂല്യം ചോരാതെ അവതരിപ്പിക്കുന്നതില്‍ ശൈഖുന നിപുണനായിരുന്നു. ഖുര്‍ആന്‍ വിവരണം പഠിപ്പിക്കുന്നതില്‍ പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്‌, ഒരു ആയത്തിന്‌ ഒട്ടുമിക്ക തഫ്‌സീറുകളും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചിന്ത ഉപയോഗിക്കാന്‍ ഞങ്ങളെ ഉപദേശിക്കുകയും ചെയ്‌തിരുന്നു.
പള്ളി ദര്‍സിന്റെ കാലം തൊട്ടേ ചന്ദ്രിക, മാതൃഭൂമി പോലുള്ള ആനുകാലികങ്ങള്‍ വായിക്കാറുണ്ടായിരുന്നു. അന്നത്തെ മലയാള സാഹിത്യ ലോകത്ത്‌ നിറഞ്ഞു നിന്നിരുന്ന കയര്‍, ഉമ്മാച്ചു, ചെമ്മീന്‍ പോലുള്ള നോവലുകള്‍ വായനാ ജീവിതത്തിന്റെ വസന്തങ്ങളില്‍ പെട്ടതാണ്‌. പരിപോഷിപ്പിക്കാനുതകുന്ന പരന്ന വായന ശീലമാക്കുക എന്നാണ്‌ ഈ തലമുറയോട്‌ പറയാനുള്ളത്‌. സര്‍ഗാത്മകയില്‍ താല്‍പര്യമില്ലാത്തവര്‍ ആ ഭാഗത്തേക്ക്‌ തന്നെ ശ്രദ്ധിക്കരുതെന്നാണ്‌ വിനീതമായ അഭിപ്രായം.
കവിതാ ലോകം
മൂസാ മൗലവിയുടെ കവിതകള്‍ ആശ്ചര്യമുളവാക്കുന്നവയാണ്‌. രചയിതാവിനെ അറിയാത്ത ഒരാള്‍ ഇത്‌ വായിച്ചാല്‍ അറബി സാഹിത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഏതെങ്കിലും കവിയുടേതാണീ വാക്കുകള്‍ എന്നു തോന്നിപോകും.
ഇന്തോ അറബ്‌ സാഹിത്യത്തിലെ പ്രത്യേകതകളില്‍ ഇന്ത്യയിലെ അറബി കവികളുടെ വിഷയാനുകരണത്തെ ഡോ. അഹ്‌മദ്‌ ഇദ്‌രീസ്‌ തന്റെ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌. പ്രവാചക പ്രകീര്‍ത്തനങ്ങള്‍, ഖലീഫമാരെയും നേതാക്കളെയും പുകഴ്‌ത്തല്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടിലുള്ള അനുശോചനം, നേതാക്കളുടെ നിര്യാണത്തിലുള്ള വിലാപം, ഭൗതിക വിരക്തി തുടങ്ങിയവയാണ്‌ ഇന്ത്യയിലെ അറബി കവികളില്‍ ഭൂരിപക്ഷവും കൈകാര്യം ചെയ്‌തിരുന്ന മേഖലകള്‍. കേരളത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ആനുകാലിക സംഭവങ്ങളെ അനുസ്‌മരിച്ചു കൊണ്ടുള്ള ആഖ്യാന രചനകളാണ്‌ കേരളത്തിലെ അറബി സാഹിത്യത്തില്‍ കൂടുതലായി കാണുന്നത്‌.
എന്നാല്‍ പരമ്പരാഗതമായ ഈ ശൈലിയില്‍ നിന്ന്‌ മാറി നടക്കുന്നുവെന്നതാണ്‌ മൂസാ മൗലവിയുടെ പ്രത്യേകത. സ്വന്തം വൈകാരികലോകത്തെ നിമിഷവേഗത്തില്‍ കവിതയാക്കുന്നതിലാണ്‌ മൂസാ മൗലവിയുടെ മിടുക്ക്‌. പിന്നീട്‌ ഒരു തിരുത്തല്‍ ആവശ്യമില്ലാത്ത വിധം താളവൃത്തകാവ്യ നിബദ്ധമായിരിക്കും അവ. മൗലവി അറബി കാവ്യശാസ്‌ത്രം പഠിക്കുന്നത്‌ തൊണ്ണൂറുകളിലാണ്‌. എന്‍ കെ അഹ്‌മദ്‌ മൗലവിയാണ്‌ തദ്വിഷയത്തില്‍ ഗുരു. എന്നാല്‍ അതിനു മുമ്പ്‌ തന്നെ താളവും പ്രാസവും തെറ്റാതെ കവിതകളെഴുതുമായിരുന്നു. കാവ്യശാസ്‌ത്രം പഠിച്ചതിനു ശേഷം ചുരുക്കം കവിതകളേ എഴുതിയിട്ടുള്ളൂ എന്നത്‌ മൗലവിയുടെ കവിത വായിക്കുന്ന ആരെയും വിസ്‌മയിപ്പിക്കും.
സ്വാനുഭവങ്ങളിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മനോഹരമായി ആവിഷ്‌കരിക്കുന്ന കവിയാണ്‌ ആസാദ്‌ ബല്‍ഗറാമി. ഭാഷാസമരവും മൊറാര്‍ജി ദേശായിയുടെ രാഷ്‌ട്രീയ പ്രതിസന്ധികളും സ്വന്തം വികാരങ്ങളിലേക്ക്‌ ചൂണ്ടുപലക കാണിച്ച്‌ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞൊഴുകുന്ന അദ്ദേഹത്തിന്റെ കവിതകളില്‍ വിലാപവും അനുശോചനവും കാണാന്‍ സാധ്യമല്ല, കാരണം അദ്ദേഹത്തിന്റെ രചനകള്‍ സ്വന്തത്തെക്കുറിച്ചു തന്നെയാണ്‌, അതിലൂടെ ലോകത്തെ നോക്കി കാണുന്ന രചനകളാണ്‌. ചെമ്പു പാത്രം മെനയുന്ന രീതിയാണ്‌ എന്‍ കെ മൗലവിയുടേതെങ്കില്‍, മൂശയില്‍ ഓട്ടു പാത്രം വാര്‍ക്കുന്ന രീതിയാണ്‌ തന്റേതെന്ന്‌ മൗലവി സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ എന്റെ കവിതകള്‍ക്ക്‌ പൊതുവെ നല്‍കിയിരിക്കുന്ന പേര്‌ ദഅ്‌നീ വ ശഅ്‌നീ എന്നാണ്‌. എന്റെ കവിതയെയും എന്റെ കാര്യത്തെയും വിട്ടേക്കൂ എന്നാണ്‌ ആസ്വാദകരോട്‌ എനിക്ക്‌ പറയാനുള്ളത്‌. പേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ സ്വന്തം ജീവിത പരിസരത്തു നിന്നാണ്‌ മൗലവിയുടെ കവിതകള്‍ ജന്മം കൊള്ളുന്നത്‌, അവിടെ കവിത മനപ്പൂര്‍വ്വം സൃഷ്‌ടിക്കുന്നില്ല, അതങ്ങനെ സംഭവിക്കുകയാണ്‌.
അമേരിക്ക തൊടുത്തു വിട്ട സ്‌കൈലാബ്‌ എന്ന ഉപഗ്രഹം വഴിതെറ്റിയതിന്റെ ആശങ്കയും മൊറാര്‍ജി-ചരണ്‍സിംഗ്‌ രാഷ്‌ട്രീയ വടംവലിയും കൊണ്ട്‌ പ്രക്ഷുബ്‌ധമായ അന്തരീക്ഷത്തിലാണ്‌ `ഇന്ത്യക്കാര്‍ക്ക്‌ ലജ്ജിക്കാന്‍ പോലും വഴിയില്ല' (മാ ലില്‍ ഹുനൂദി ഇലല്‍ ഹയാഇ സബീലു) എന്ന തലക്കെട്ടില്‍ കവിതയെഴുതുന്നത്‌. ഇത്‌ അക്കാലത്ത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൊറാര്‍ജിയുടെ അഭിപ്രായങ്ങള്‍ മൂത്രത്തിന്റെ ലഹരിയില്‍ മുങ്ങിപ്പോയിരിക്കുന്നുവെന്ന വരി കരഘോഷത്തോടെയാണ്‌ കെ എ ടി എഫ്‌ സമ്മേളനവേദി സ്വീകരിച്ചത്‌. മുജാഹിദ്‌ പ്രസ്ഥാനത്തില്‍ 2002-ലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ നടന്ന ഉലമാ കോണ്‍ഫറന്‍സില്‍ പിശാച്‌ വരുന്നു എന്ന കവിത അദ്ദേഹം അവതരിപ്പിച്ചു. 1968-ല്‍ മുസ്‌ലിംലീഗും എം ഇ എസ്സും തമ്മിലുള്ള കലഹ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആ കവിത 2002-ലും കാലികമായിരുന്നു.
ഖസീദ എന്നു വിളിക്കാവുന്ന കവിതകള്‍, മാപ്പിളപ്പാട്ടിന്റെ രീതിയനുസരിച്ച്‌ ചിട്ടപ്പെടുത്തിയ കവിതകള്‍, കുട്ടികള്‍ക്കു വേണ്ടി രചിച്ച സദുപദേശപരമായ നശീദകള്‍ എന്നിങ്ങനെ മൗലവിയുടെ കവിതകളെ തരംതിരിക്കാം. ചിന്നും വെണ്‍ താരത്തില്‍ ആനന്ദ വേള എന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ ഇന്നീ ഇത്തഹംത്തു നസീഹുല്‍ ബലായാ എന്ന കവിതയും 1980-ലെ ഭാഷാസമര പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മുഖമ്മസ്‌ (പഞ്ചഭുജ കവിതകള്‍) കവിതയും ഏറെ ശ്രദ്ധേയമാണ്‌.
കരക്കാട്‌ എ എം എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ദീര്‍ഘ കാലം സേവനമനുഷ്‌ഠിച്ച മൗലവി പാഠപുസ്‌തക രചനാസമിതി അംഗവുമായിരുന്നു. കരുവള്ളി മുഹമ്മദ്‌ മൗലവി, എന്‍ കെ അഹ്‌മദ്‌ മൗലവി, പ്രൊഫ. വി മുഹമ്മദ്‌ തുടങ്ങിയവരുള്‍പ്പെടുന്ന പാഠപുസ്‌തക സമിതിയിലെ യുവപ്രതിഭയായിരുന്നു മൂസാ മൗലവി. ജീവിതാനുഭവങ്ങളെ വര്‍ണനകള്‍ ചാലിച്ച്‌ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന മൂസ മൗലവി കേരളീയ അറബി കവികളില്‍ ഏറെ വ്യതിരിക്തനാണ്‌. എന്നെന്നും ഓര്‍മിക്കാവുന്ന ഒരുപറ്റം കവിതകള്‍ അദ്ദേഹത്തിന്റേതായുണ്ട്‌. ഇനിയും, നവഭാവുകത്വത്തിന്റെ പുതിയ വര്‍ണങ്ങള്‍ വിരിയിച്ചെടുക്കട്ടെ എന്ന്‌ നമുക്ക്‌ ആശംസിക്കാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: