അഫ്‌സല്‍ഗുരു ബാക്കിവെച്ച ചോദ്യങ്ങള്‍

  • Posted by Sanveer Ittoli
  • at 8:52 AM -
  • 0 comments
അഫ്‌സല്‍ഗുരു ബാക്കിവെച്ച ചോദ്യങ്ങള്‍
2001 ഡിസംബര്‍ 13ന്‌ രാജ്യത്തെ നടുക്കിയ പാര്‍ലമെന്റാക്രമണത്തില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയിരിക്കുന്നു. 2002 ഡിസംബര്‍ 18നു തന്നെ വധശിക്ഷ വിധിച്ചിരുന്നു. ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട്‌ ഈ വിധി ശരിവെക്കുകയും 2006 ഒക്‌ടോബര്‍ 20ന്‌ തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവാകുകയും ചെയ്‌തു.
എന്നാല്‍ അഫ്‌സല്‍ ഗുരു രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ്‌ വധശിക്ഷ 2013 ഫെബ്രുവരി 9വരെ നീട്ടിവെച്ചത്‌.
2001 ഡിസംബര്‍ 13ന്‌ പാര്‍ലമെന്റ്‌ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ്‌ ആക്രമണമുണ്ടായത്‌. ജയ്‌ശെ മുഹമ്മദിന്റെയും ലശ്‌കറെ ത്വയ്‌ബയുടെയും തീവ്രവാദികളാണ്‌ ആക്രമണത്തിനു പിന്നില്‍ എന്നാണ്‌ ദല്‍ഹി പൊലീസ്‌ വെളിപ്പെടുത്തിയത്‌. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ 2001 ഡിസംബര്‍ 13ന്‌ തന്നെ അറസ്റ്റുചെയ്‌തു. ദല്‍ഹിയിലെ ഇയാളുടെ ഒളിത്താവളത്തില്‍ നിന്ന്‌ സ്‌ഫോടന വസ്‌തുക്കളും പത്തുലക്ഷം രൂപയും കണ്ടെടുത്തെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നുമാണ്‌ പൊലീസ്‌ മൊഴി നല്‍കിയത്‌.
സംഭവത്തില്‍ ദല്‍ഹി പൊലീസിലെ നാലു പേരും സി ആര്‍ പി എഫ്‌, പാര്‍ലമെന്റ്‌ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ എന്നിവയിലെ ഓരോ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. സംഭവസമയത്ത്‌ അന്നത്തെ ആഭ്യന്തര മന്ത്രിയായ എല്‍ കെ അദ്വാനിയും സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയും പാര്‍ലമെന്റിനകത്ത്‌ ഉണ്ടായിരുന്നു. ആക്രമിച്ചു കയറിയ തീവ്രവാദികളില്‍ നിന്ന്‌ സുരക്ഷാസേനയാണ്‌ അവരെ രക്ഷിച്ചത്‌.
തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്‌ ആക്രമണത്തില്‍ നേരിട്ട്‌ പങ്കുണ്ടെന്ന്‌ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചിരുന്നില്ല. ഇയാള്‍ക്ക്‌ ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നതിന്‌ തെളിവില്ലെന്നും എന്നാല്‍ വധശിക്ഷ നല്‍കിയില്ലെങ്കില്‍ അത്‌ പൊതുജനാഭിപ്രായത്തെ തൃപ്‌തിപ്പെടുത്തുകയില്ലെന്നും വിധി പ്രസ്‌താവത്തില്‍ പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍കലാമിന്‌ നല്‍കിയ നിവേദനത്തില്‍ അഫ്‌സലിനോട്‌ യാതൊരു ദയയും കാട്ടരുതെന്ന്‌ അഭ്യര്‍ഥിച്ചതും ശിക്ഷാവിധി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട സുരക്ഷാഭടന്മാരുടെ ബന്ധുക്കള്‍ അവര്‍ക്കു ലഭിച്ച ധീരതയ്‌ക്കുള്ള അവാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചതും വധശിക്ഷ നടപ്പാക്കുന്നതിന്‌ സമ്മര്‍ദമായി തീര്‍ന്നിട്ടുണ്ട്‌.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ വിവിധ കോണുകളില്‍ വിലയിരുത്തപ്പെടുകയുണ്ടായി. അഫ്‌സലിനെ തൂക്കിലേറ്റണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടു വരുന്ന ബി ജെ പി നടപടിയെ സ്വാഗതം ചെയ്യുകയും ഭീകരതയെ രാജ്യം പൊറുപ്പിക്കുകയില്ലെന്ന സന്ദേശമാണിതിലൂടെ നല്‍കപ്പെട്ടിരിക്കുന്നതെന്ന്‌ വിലയിരുത്തുകയും ചെയ്‌തു. ശിക്ഷാവിധി നടപ്പാക്കുക വഴി തങ്ങള്‍ രാജ്യസുരക്ഷയെ ഉയര്‍ത്തിപ്പിടിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്സ്‌ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമം അതിന്റെ സ്വാഭാവിക വഴിയിലൂടെ നീങ്ങുകയാണെന്നാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രതികരിച്ചത്‌.
അഫ്‌സലിനെ തൂക്കിലേറ്റിയതിനെ എതിര്‍ത്തുകൊണ്ടും പലരും മുന്നോട്ടുവന്നു. കശ്‌മീര്‍ ജനതയുടെ വികാരം ഒട്ടും കണക്കിലെടുക്കാതെയാണ്‌ വധശിക്ഷ നടപ്പാക്കിയതെന്ന്‌ കശ്‌മീരിലെ പി ഡി പി കുറ്റപ്പെടുത്തുകയുണ്ടായി. നടപടിയെ എതിര്‍ത്ത ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത്‌ കോണ്‍ഫറന്‍സ്‌ കശ്‌മീരില്‍ നാലു ദിവസത്തെ ദുഖാചരണത്തിനും ആഹ്വാനം ചെയ്യുകയുണ്ടായി. വധശിക്ഷ മനുഷ്യാവകാശ ലംഘനമാണെന്ന്‌ വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും അഫ്‌സലിനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ചു. ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍, കോണ്‍ഗ്രസ്‌ എം പി കൂടിയായ മണിശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ ഉദാഹരണം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തുകയും രാജ്യസുരക്ഷ അപകടത്തില്‍ പെടുത്തുകയും ചെയ്യുന്ന കാപാലികര്‍ക്ക്‌ പരമാവധി ശിക്ഷ നല്‌കുക തന്നെ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യസുരക്ഷ മൊത്തത്തില്‍ അവതാളത്തിലാക്കുകയും നിയമവാഴ്‌ചയെ അട്ടിമറിക്കുകയും ചെയ്യുന്നവരെ മനുഷ്യാവകാശത്തിന്റെ ലൂപ്പ്‌ഹോളില്‍ രക്ഷപ്പെടാന്‍ അനുവദിക്കരുത്‌.
എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ ദുരൂഹതകള്‍ ബാക്കി നില്‌ക്കുന്നുണ്ടെന്ന സത്യത്തിനു നേരെ കണ്ണടയ്‌ക്കാനാകില്ല. കാല്‍ നൂറ്റാണ്ട്‌ പഴക്കമുള്ള രാജീവ്‌ ഗാന്ധി വധത്തിലെ പ്രതികളെ ഇനിയും ശിക്ഷിച്ചിട്ടില്ല. എന്നാല്‍, അഫ്‌സല്‍ ഗുരുവിനെ ഇപ്പോള്‍ തൂക്കിലേറ്റിയതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ താല്‌പര്യങ്ങളുണ്ടെന്നതാണ്‌ പ്രധാന ആരോപണം. സംഘപരിവാര്‍ രാജ്യത്ത്‌ നടത്തുന്ന ഭീകരത തുറന്നുപറയാന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ നിര്‍ബന്ധിതമായത്‌ അടുത്തിടെയാണ്‌. അതിന്റെ മറവില്‍, കോണ്‍ഗ്രസ്‌ മുസ്‌ലിം പ്രീണനം നടത്തുകയാണെന്നും `യഥാര്‍ഥ ഭീകരത'ക്ക്‌ വെള്ളപൂശുകയാണെന്നും ബി ജെ പി പ്രചാരണം നടത്തിവരുകയാണ്‌. മാത്രമല്ല, `തീവ്ര ഹിന്ദുത്വ' നേതാവായ നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനും ബി ജെ പി കരുനീക്കം ആരംഭിച്ചുകഴിഞ്ഞ സാഹചര്യമാണിത്‌. അതുകൊണ്ടുതന്നെ, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുക വഴി ബി ജെ പിയുടെ വിമര്‍ശത്തിന്റെ മുനയൊടിച്ചിരിക്കുന്നു കോണ്‍ഗ്രസ്‌. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റി രണ്ടര മാസമാകുമ്പോഴേക്കും മറ്റൊരു ഭീകരനെ കൂടി കഴുമരത്തിലേറ്റുക വഴി, ആഗോളതലത്തിലും ദേശീയതലത്തിലും `ഭീകരവിരുദ്ധ' പോരാട്ടത്തിന്റെ ചാമ്പ്യനാകാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു.
പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മറ്റൊരു പ്രതിയായ ഷൗക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കുകയും അത്‌ പത്ത്‌ വര്‍ഷ കഠിനതടവായി ചുരുക്കുകയും ചെയ്‌തിരുന്നു. വിചാരണക്കോടതി വധശിക്ഷ വിധിച്ച മറ്റൊരു പ്രതി എസ്‌ എ ആര്‍ ഗീലാനിയെ സുപ്രീംകോടതി വെറുതെ വിടുകയാണ്‌ ചെയ്‌തത്‌. ഈ അനുഭവങ്ങളും, ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്ത്‌ ഒട്ടേറെ ഭീകരകൃത്യങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയിട്ടുണ്ടെന്ന വസ്‌തുതയും, കള്ളക്കേസ്‌ ചുമത്തുന്നതിലും വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംഘടിപ്പിക്കുന്നതിലും ദല്‍ഹി പോലീസിനുള്ള വൈഭവവുമെല്ലാം ചേര്‍ത്തുവെച്ച്‌ ചിന്തിക്കുമ്പോള്‍ അഫ്‌സല്‍ ഗുരു ആക്രമണത്തില്‍ നേരിട്ടു പങ്കാളിയായതിനു തെളിവില്ലെങ്കിലും `ജനഹിതം' മാനിച്ച്‌ വധശിക്ഷ നല്‌കിയ കോടതിവിധിയില്‍ പലരും അസംതൃപ്‌തി രേഖപ്പെടുത്തിയതില്‍ തെറ്റില്ലെന്നു തോന്നും.
പ്രശസ്‌ത പൗരാവകാശ പ്രവര്‍ത്തകയായ അരുന്ധതി റോയ്‌ എഡിറ്റ്‌ ചെയ്‌ത പുസ്‌തകം പാര്‍ലമെന്റ്‌ ആക്രമണത്തെക്കുറിച്ച്‌ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. അതില്‍ ഏറ്റവും പ്രധാനം, മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തുമെന്ന്‌ ഭരണകൂടവും പോലീസും മുന്നറിയിപ്പു നല്‌കുകയും സംഭവത്തിനു തലേന്ന്‌ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ആ മുന്നറിയിപ്പ്‌ ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു എന്നതാണ്‌. മുന്‍കൂട്ടി അറിവു കിട്ടിയിട്ടും സ്‌ഫോടനവസ്‌തുക്കള്‍ നിറച്ച കാര്‍ എങ്ങനെ പാര്‍ലമെന്റ്‌ വളപ്പില്‍ കടന്നു? ആക്രമണം നടത്തിയത്‌ ജയ്‌ശെ മുഹമ്മദും ലശ്‌കറുമാണെന്ന്‌ ദല്‍ഹി പോലീസിന്റെ വാദം ഇന്നും കോടതിയില്‍ തെളിയിക്കാനായിട്ടില്ല. ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവിയില്‍ റിക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്റില്‍ കാണിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ ആവശ്യപ്പെടുകയും ചെയ്‌തിരുന്നതാണ്‌.
കാറില്‍ നിന്ന്‌ ആറു പേര്‍ ഇറങ്ങിയത്‌ താന്‍ കണ്ടുവെന്നും അതില്‍ അഞ്ചുപേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നും ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടി വി ദൃശ്യങ്ങളിലും ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷി തുറന്നുപറഞ്ഞിട്ടുണ്ട്‌. എങ്കില്‍ ആ ആറാമാന്‍ ആരായിരുന്നു? അയാള്‍ എവിടെ പോയി? ആ ടി വി ദൃശ്യങ്ങള്‍ എന്തിനു പൂഴ്‌ത്തിവെച്ചു? ചോദ്യങ്ങള്‍ നീണ്ടുപോകുന്നു.
അഫ്‌സല്‍ ഗുരു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. അയാള്‍ അതര്‍ഹിക്കുന്നുവെങ്കില്‍, ആ വധശിക്ഷയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുക തന്നെ ചെയ്യും. എന്നാല്‍, വധശിക്ഷയെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‌കാന്‍ ഭരണകൂടത്തിന്‌ കഴിയുന്നില്ലെങ്കില്‍, അത്‌ സൃഷ്‌ടിക്കുന്ന മുറിവ്‌ വളരെ വലുതായിരിക്കുകയും ചെയ്യും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: