ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

  • Posted by Sanveer Ittoli
  • at 8:56 AM -
  • 0 comments
ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

``സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടം വിജയം വരിച്ചു എന്ന്‌ കണ്ടപ്പോള്‍ ഉടന്‍ ശരീഅത്ത്‌ ഭരണവാദവുമായി ചാടിവന്നവരാണ്‌ സലഫികള്‍. ബിന്‍ലാദിനും സലഫിയായിരുന്നു. സലഫി തീവ്രവാദമാണ്‌ ഇന്ന്‌ മുസ്‌ലിം സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്ന്‌.'' -2012 ഒക്‌ടോബര്‍ 27-ലെ പ്രബോധനം ചോദ്യോത്തരത്തില്‍ നിന്ന്‌. ഉസാമ ബിന്‍ലാദിന്‍ സലഫി ആദര്‍ശക്കാരനായിരുന്നോ?
സനാവുല്ല വണ്ടൂര്‍
ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ബ്രദര്‍ഹുഡ്‌ എന്നിവയെപ്പോലെ ഒരു മതരാഷ്‌ട്രീയ സംഘടനയുടെ പേരല്ല സലഫി. സലഫ്‌ എന്ന പദം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചുവരുന്നത്‌ സച്ചരിതരായ മുന്‍ഗാമികള്‍ എന്ന അര്‍ഥത്തിലാണ്‌. വിശുദ്ധ ഖുര്‍ആനിലെ 9:100 സൂക്തത്തില്‍ ഈ മുന്‍ഗാമികളെ പ്രശംസിച്ചിട്ടുണ്ട്‌. വിശ്വാസ-കര്‍മങ്ങളില്‍ ആ മുന്‍ഗാമികളുടെ ജീവിതസരണി പിന്തുടരുമെന്ന്‌ പ്രതിബദ്ധതയേറ്റവരും ആ സരണിയിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്നവരുമാണ്‌ സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.
സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള സലഫുകള്‍ക്ക്‌ ചില വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു; വിശിഷ്യാ ഭരണ സംബന്ധമായ കാര്യങ്ങളില്‍. അവരില്‍ നിന്ന്‌ തന്നെയാണ്‌ രാഷ്‌ട്രീയമായി തീവ്ര നിലപാടുകാരായ ഖവാരിജുകള്‍ ഉരുത്തിരിഞ്ഞുവന്നത്‌. `ഇനില്‍ ഹുക്‌മു ഇല്ലാലില്ലാഹ്‌' (വിധികര്‍തൃത്വം അല്ലാഹുവല്ലാത്തവര്‍ക്കില്ല) എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ്‌ മൗദൂദിയും പ്രമുഖ ഇഖ്‌വാന്‍ നേതാവ്‌ സയ്യിദ്‌ ഖുത്വ്‌ബും അവരുടെ ഗ്രന്ഥങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചത്‌ ഇതേ ആശയമായിരുന്നു.
ശരീഅത്ത്‌ ഭരണമെന്നാല്‍ അല്ലാഹുവിന്റെ നിയമമനുസരിച്ചുള്ള ഭരണമാണല്ലോ. നിയമനിര്‍മാണാധികാരം അല്ലാഹുവിന്‌ മാത്രം എന്ന്‌ എക്കാലത്തും ഊന്നിപ്പറഞ്ഞ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ ശരീഅത്ത്‌ ഭരണവാദത്തോട്‌ പ്രത്യേക വിരോധം തോന്നാന്‍ എന്താണ്‌ കാരണമെന്ന്‌ `മുസ്‌ലിമി'ന്‌ മനസ്സിലാകുന്നില്ല.
കറുത്ത പര്‍ദയും സൗന്ദര്യവും
അല്ലാഹു സുന്ദരനാണെന്നും അവന്‍ സൗന്ദര്യത്തെ ഇഷ്‌ടപ്പെടുന്നു വെന്നും നബി(സ) പഠിപ്പിച്ചിട്ടും കാണാന്‍ ഇമ്പമില്ലാത്ത വെറും കറുപ്പ്‌ പര്‍ദകള്‍ തന്നെ മുസ്‌ലിം സ്‌ത്രീകള്‍ ധരിച്ചു കാണുന്നു. കറുപ്പുനിറമുള്ള കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന പര്‍ദയും മഫ്‌തയുമാകട്ടെ അതും കറുപ്പ്‌ തന്നെ!
മുസ്‌ലിംസ്‌ത്രീകള്‍ കറുത്ത പര്‍ദ ധരിക്കണമെന്നും പുരുഷന്മാര്‍ വെളുത്ത വസ്‌ത്രം അണിയണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ?മേല്‌പറഞ്ഞ ഹദീസ്‌ പുരുഷന്മാര്‍ക്ക്‌ മാത്രം ബാധകമാണോ? അതുമല്ലെങ്കില്‍ പുരുഷന്മാര്‍ കണ്ടാസ്വദിക്കാന്‍ കറുത്ത പര്‍ദയാണ്‌ ഉചിതമെന്ന്‌ വന്‍കിട വ്യാപാരികള്‍ തീരുമാനിച്ചതാകുമോ?
കെ കെ സുഹ്‌റ കോഴിക്കോട്‌
കറുത്ത പര്‍ദയണിയാന്‍ പുരുഷന്മാര്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടാണ്‌ സ്‌ത്രീകളെല്ലാം അത്‌ ധരിക്കുന്നതെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. പര്‍ദ ധരിക്കുന്ന സ്‌ത്രീകള്‍ മാക്‌സി വാങ്ങുമ്പോള്‍ ബഹുവര്‍ണ ഇനങ്ങള്‍ തന്നെയാണല്ലോ തെരഞ്ഞെടുക്കുന്നത്‌. ആ കാര്യത്തിലും പുരുഷന്മാരുടെ സമ്മര്‍ദമല്ല സ്വാധീനിക്കുന്നത്‌. കറുപ്പല്ലാത്ത നിറങ്ങളിലും പര്‍ദകള്‍ കുറച്ചൊക്കെ ലഭ്യമായിട്ടും അധിക സ്‌ത്രീകളും അതൊന്നും തെരഞ്ഞെടുക്കാത്തത്‌ അവരുടെ മനസ്സില്‍ കറുപ്പ്‌ പര്‍ദയോടുള്ള അഭിനിവേശം കൊണ്ടാകാനേ തരമുള്ളൂ.
`വിപരീതങ്ങള്‍ മൂലമാണ്‌ വസ്‌തുക്കള്‍ക്ക്‌ വ്യക്തത വരുന്നത്‌' എന്നര്‍ഥമുള്ള ഒരു ആപ്‌തവാക്യമുണ്ട്‌ അറബിയില്‍. കറുപ്പ്‌ ഇമ്പമുള്ള നിറമല്ലെങ്കിലും കറുത്ത പര്‍ദയും മഫ്‌തയും അണിയുമ്പോള്‍ മുഖവും കൈപ്പടവും തെളിഞ്ഞതായി കണ്ണാടിയില്‍ നോക്കുമ്പോള്‍ തോന്നും എന്നത്‌ ചില സ്‌ത്രീകള്‍ക്കെങ്കിലും ആകര്‍ഷകമായി അനുഭപ്പെടുന്നുണ്ടായിരിക്കാം. എന്നാല്‍ അധിക സ്‌ത്രീകളും പര്‍ദ ധരിക്കുമ്പോള്‍ കരുതുന്നത്‌ പുരുഷന്മാരുടെ ശ്രദ്ധ ക്ഷണിക്കുന്ന വേഷം വേണ്ടെന്ന്‌ തന്നെയായിരിക്കും.
സ്‌ത്രീകളൊക്കെ കറുത്ത വസ്‌ത്രവും പുരുഷന്മാരൊക്കെ വെളുത്ത വസ്‌ത്രവും ധരിക്കണമെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ കല്‌പനയില്ല. എന്നാല്‍ നബി(സ) വെള്ളവസ്‌ത്രം ഇഷ്‌ടപ്പെട്ടിരുന്നുവെന്ന്‌ ഹദീസില്‍ നിന്ന്‌ വ്യക്തമാണ്‌. ഉപഭോക്താക്കള്‍ക്ക്‌ ഇഷ്‌ടമില്ലാത്തത്‌ അടിച്ചേല്‌പിക്കാന്‍ വ്യാപാരികള്‍ക്ക്‌ സാധിക്കുമെന്ന്‌ തോന്നുന്നില്ല.
ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളിലും കണ്ണുവെക്കുന്നുവോ?
പ്രബോധനം വാരികയുടെ കഴിഞ്ഞ ലക്കങ്ങളില്‍ മുജാഹിദ്‌ സംഘടനാ നേതാക്കളുടെ നീണ്ട വരികളും കോഴിക്കോട്‌-പാലക്കാട്‌ സമ്മേളന റിപ്പോര്‍ട്ടും വിലയിരുത്തലുമെല്ലാം വായിക്കാനിടയായി. ഞങ്ങള്‍ ജമാഅത്തുകാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണെന്നും അതുകൊണ്ട്‌ നിങ്ങള്‍ മുജാഹിദ്‌ വിഭാഗങ്ങള്‍ ഏതായാലും ഞങ്ങള്‍ക്ക്‌ വോട്ട്‌ തന്നാല്‍ വളരെ നന്നായിരുന്നു എന്നുമുള്ളതിന്റെ ഒരു വിളിച്ചുപറയലല്ലേ ഇത്‌?
വി പി ബദ്‌റുദ്ദീന്‍ കൊച്ചി
ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്രീയ സംഘടനയ്‌ക്ക്‌ അതിന്റേതായ പോളിസിയും പ്രോഗ്രാമും ഉണ്ടാകും. അതിന്‌ പുറമെ അവര്‍ രൂപീകരിച്ചിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടി എന്ന മതേതര രാഷ്‌ട്രീയ കക്ഷിക്ക്‌ വ്യത്യസ്‌തമായ മറ്റൊരു പോളിസിയും പ്രോഗ്രാമും ഉണ്ടാകും. അതില്‍ മറ്റു മതസ്ഥരെയും ഉള്‍ക്കൊള്ളിക്കേണ്ടതാണല്ലോ. വിവിധ മുസ്‌ലിം സംഘടനകളുടെ വോട്ട്‌ ലഭിക്കാനുള്ള സാധ്യത നഷ്‌ടപ്പെടുത്താതിരിക്കുക എന്നത്‌ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പോളിസിയില്‍ ഉണ്ടാവുക സ്വാഭാവികമാണ്‌.
ജമാഅത്തെ ഇസ്‌ലാമിയുടെ മുജാഹിദുകളോടുള്ള പോളിസി ഇതുവരെ കാണാന്‍ കഴിഞ്ഞേടത്തോളം മരിച്ചുപോയ മുജാഹിദ്‌ പണ്ഡിതന്മാരെ നവോത്ഥാന സാരഥികള്‍ എന്ന നിലയില്‍ വാഴ്‌ത്തുകയും ജീവിക്കുന്ന പണ്ഡിതന്മാരെ ലോകംതിരിയാത്തവരോ ദുഷ്‌ടലാക്കുകാരോ ആയി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ്‌.
`ഹുവ' എന്ന പദപ്രയോഗം പുരുഷപക്ഷ ചായ്‌വല്ലേ?
ഖുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയിടത്തൊക്കെ `ഹുവ' (അവന്‍) എന്ന പ്രയോഗമാണ്‌ കാണുന്നത്‌. ഇത്‌ ഖുര്‍ആന്‍ പുരുഷപക്ഷമാണെന്നല്ലേ സൂചിപ്പിക്കുന്നത്‌?
ബിന്‍തു അസ്‌ലം നിലമ്പൂര്‍
അറബി ഭാഷയില്‍ പുല്ലിംഗത്തെ കുറിക്കാന്‍ മാത്രമല്ല, ലിംഗഭേദത്തിന്‌ അതീതമായ വസ്‌തുക്കളെ കുറിക്കാനും ഹുവ എന്ന സര്‍വനാമം തന്നെയാണ്‌ പ്രയോഗിക്കാറുള്ളത്‌. ഉദാ: ഖലം (പേന) ഖൗല്‍ (വാക്ക്‌) ഇവയില്‍ ഓരോന്നിനെ സംബന്ധിച്ചും അത്‌ എന്നു പറയുമ്പോള്‍ ഹുവ എന്ന സര്‍വനാമമാണ്‌ പ്രയോഗിക്കാറുള്ളത്‌.
ഐക്യത്തിലും ബുദ്ധിശൂന്യതയോ?
``കുടുംബ അനൈക്യങ്ങള്‍ക്കു പരിഹാരം പ്രതിവചിക്കാന്‍ ഉയിര്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ നവോത്ഥാനം കെട്ടിപ്പടുത്തതെന്ന വാദം ബുദ്ധിശൂന്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.'' (സുന്നി അഫ്‌കാര്‍, പേജ്‌ 8,9, 2012 ഡിസംബര്‍ 19)
മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയെന്നത്‌ മതപരമായി തെറ്റായ കാര്യമാണോ? അല്ലെങ്കില്‍ മതപണ്ഡിതന്മാര്‍ക്ക്‌ ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൂടെന്നുണ്ടോ?
മുസ്‌അബ്‌ തിരൂര്‍
സത്യവിശ്വാസികള്‍ക്കിടയില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട സാഹോദര്യബന്ധത്തിന്‌ ഭംഗം നേരിട്ടാല്‍ അവര്‍ക്കിടയില്‍ ഇസ്വ്‌ലാഹ്‌ (ഐക്യമുണ്ടാക്കല്‍ /അനുരഞ്‌ജനം) നിര്‍വഹിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 49-ാം അധ്യായമായ സൂറത്തുല്‍ ഹുജുറാത്തില്‍ മൂന്ന്‌ പ്രാവശ്യം കല്‌പിച്ചിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ അധ:പതന കാരണങ്ങളിലൊന്ന്‌ ഭിന്നിപ്പാണ്‌. അത്‌ പരിഹരിച്ച്‌ സമൂഹത്തെ ഒന്നിച്ച്‌ മുന്നോട്ടു നയിക്കുന്നത്‌ നവോത്ഥാനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്‌. കേരള മുസ്‌ലിം ഐക്യസംഘം അത്‌ മാത്രമല്ല ചെയ്‌തത്‌.
മതപരവും ലൗകികവുമായ വിദ്യാഭ്യാസരംഗത്ത്‌ മുന്നേറാന്‍ ആ നവോത്ഥാന സാരഥികള്‍ സമൂഹത്തില്‍ ശക്തിയായ പ്രേരണ ചെലുത്തുകയും അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ സമൂഹത്തെ മോചിപ്പിക്കാന്‍ വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും സാംസ്‌കാരിക വികാസത്തിന്‌ അടിത്തറ പാകുകയും ചെയ്‌തു. ജനങ്ങളെ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഐക്യസംഘത്തെ ഏത്‌ വിധേനയും തേജോവധം ചെയ്യാന്‍ ശ്രമിക്കുക സ്വാഭാവികമാകുന്നു. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: