ഫേസ്ബുക്ക് അറസ്റ്റ്: എസ് പി അടക്കം രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഫേസ്ബുക്ക് അറസ്റ്റ്: എസ് പി അടക്കം രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: താക്കറെയുടെ മരണത്തെ തുടര്‍ന്നുണ്ടായ മുംബൈ ബന്ദിനെ ഫേസ് ബുക്കില്‍ വിമര്‍ശിച്ച രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എസ് പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. താനെ റൂറല്‍ എസ് പി രവീന്ദ്ര സെന്‍ഗാവോങ്കര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് പിംഗ്‌ളെ എന്നിവരെ സസ്‌പെന്റ് ചെയ്തതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അറിയിച്ചു. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് താനെക്കു സമീപം പല്‍ഗാര്‍ സ്വദേശികളായ പെണ്‍കുട്ടികളെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു ശിവസേനയുടെ വിശദീകരണം.
തെറ്റായ വകുപ്പുകളുപയോഗിച്ച് പെണ്‍കുട്ടികളുടെ മേല്‍ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പെണ്‍കുട്ടികളെ ജയിലിലടയ്ക്കുകയും പിന്നീട് ജാമ്യം നല്കുകയും ചെയ്ത മജിസ്‌ട്രേറ്റിനെ മുംബൈ ഹൈക്കോടതി സ്ഥലംമാറ്റി.
 ആഭ്യന്തര മന്ത്രാലയവുമായി ഹൈക്കോടതി റജിസ്ട്രാര്‍ കൂടിയാലോചിച്ച ശേഷം തിങ്കളാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ജി ബഗഡെയെ ജല്‍ഗോണിലേക്കാണ് സ്ഥലംമാറ്റിയത്.
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ സംസ്‌കാരത്തോടനുബന്ധിച്ച് നവംബര്‍ 18നായിരുന്നു മുംബൈ നിശ്ചലമായത്. മുംബൈ നിശ്ചലമായത് താക്കറെയോടുള്ള ബഹുമാനം കൊണ്ടല്ലെന്നും ഭീതി കൊണ്ടാണെന്നുമായിരുന്നു ഒരു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു പെണ്‍കുട്ടി ഇതിനോടു യോജിപ്പു (ലൈക്ക് ചെയ്ത) രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ ധൃതിപിടിച്ച് മുംബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രാദേശിക ശിവസേനാ നേതാക്കളുടെ പരാതിയനുസരിച്ച് നവംബര്‍ 19നാണ് ഷഹീന്‍ ദാദ, രേണു ശ്രീനിവാസന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ദാദയുടെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശിവസേനക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഐ പി സി 295 (എ) വകുപ്പനുസരിച്ചാണ് (മത വികാരം വ്രണപ്പെടുത്തല്‍, മത്തെയും മതവിശ്വാസത്തെയും അപമാനിക്കല്‍) 502 സി (പരസ്പര വിദ്ധ്വേഷം വളര്‍ത്തല്‍), ഐ ടി ആക്ട് എന്നിവയനുസരിച്ചാണ് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തത്ത്. തുടര്‍ന്ന് ഇരുവരെയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകതയും പിന്നീട് 15,000 രൂപയുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമാകുകയും രാജ്യത്തിന് നാണക്കേടാവുകയും ചെയ്തിരുന്നു. കൊങ്കണ്‍ മേഖല ഐ ജി സുഖ്‌വീന്ദര്‍ സിംഗിനെ സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പൊലീസ് നടപടി അനവസരത്തിലായെന്നും ഡി ജി പി സഞ്ചീവ് ദയാല്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

0 comments:

നക്ഷത്രങ്ങള്‍ കണ്ണടയ്ക്കുന്നതെന്ത്

നക്ഷത്രങ്ങള്‍ കണ്ണടയ്ക്കുന്നതെന്ത്

കഥ / ശശിധരന്‍ ഫറോക്ക്

സ്‌കൂള്‍ ബസ് വരാന്‍ സമയമായിട്ടും നന്ദുമോന്‍ എന്നെ ചുറ്റിപ്പറ്റാന്‍ തുടങ്ങിയിട്ടു കുറച്ചുനേരമായി. പത്രത്തില്‍ കണ്ണുപൂഴ്ത്തിയിരുന്ന എന്റെ ശ്രദ്ധ ക്ഷണിക്കാന്‍ അവന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. ക്ഷമകെട്ട് അവന്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു:
'അച്ഛാച്ചാ'
'എന്താടാ?' ഞാന്‍ സൗമ്യമായി ചോദിച്ചു.
'സ്‌കൂളില്ലാത്ത ഏതെങ്കിലും രാജ്യമുണ്ടോ?'
ഒന്നാം ക്ലാസുകാരനായ അവന്റെ വെടിയുണ്ടപോലത്തെ ചോദ്യം തറച്ചു ഞാനൊന്നു പുളഞ്ഞു.
'എന്താ ഇന്ന് ക്വിസ് മത്സരമുണ്ടോ കുട്ടാ?' രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഗൂഢമായൊരു പുഞ്ചിരിയോടെ ഞാന്‍ അലക്ഷ്യമായൊരു മറുചോദ്യമുന്നയിച്ചു.
'ക്വിസ്സും ചെസ്സുമല്ല. അച്ഛാച്ചന്‍ പറഞ്ഞു താ' നന്ദുമോന് ചെറിയ വാശി. ഞാന്‍ അവന്റെയടുത്തേക്ക് കുറച്ചുകൂടി പറ്റിനിന്നു.
'അതിപ്പോ അറിഞ്ഞിട്ടു മോനെന്തു കാര്യം' തപ്പിത്തടഞ്ഞുകൊണ്ട് അവനെ അനുനയിപ്പിക്കാനൊരു വിഫലശ്രമം നടത്തിനോക്കി.
'അമേരിക്കയിലൊക്കെ സ്‌കൂളുണ്ടോ?' കോടീശ്വരന്‍ ക്വിസിലെ അമരക്കാരന്റെ കൗശലത്തോടെ അവന്‍ വിടാന്‍ ഭാവമില്ല.
'എന്താണ് മോനിന്നിങ്ങനെയൊക്കെ ചോദിക്കുന്നത്' ഒന്ന് തലോടി, കെട്ടിയ ടൈ നേരെയാക്കാന്‍ ശ്രമിക്കുമ്പോഴും അവന്റെ മുഖത്തെ നീരസവും ശരീരഭാഷയും എന്നെ ഏറെ അസ്വസ്ഥനാക്കി.
'എനിക്കങ്ങോട്ടോടിപ്പോവാന്‍...' വളച്ചുകെട്ടില്ലാത്ത മറുപടിയിലൂടെ അവന്‍ ആശയുടെ മത്താപ്പു കത്തിച്ചു.
ഞാന്‍ ഉറക്കെയുറക്കെ ചിരിച്ചു. ആ  ചിരിക്കിടയിലും  ചില അശുഭചിന്തകള്‍ മനസില്‍ മാറാല കെട്ടാന്‍ തുടങ്ങി.
'അമേരിക്കയിലെന്നല്ല ലോകത്തിലെ എല്ലാ രാജ്യത്തും സ്‌കൂളുണ്ടാവുമല്ലോ...' വാത്സല്യപൂര്‍വം തലോടാനോങ്ങിയ എന്റെ കൈ ഊക്കോടെ തട്ടിമാറ്റി അവന്‍ മ്ലാനവദനനായി.
പിന്നെ അവനൊരക്ഷരം മിണ്ടിയില്ല. അപ്പോഴേക്കും  എത്തിപ്പെട്ട ഡാഡിയുടെ പിറകില്‍, മുതുകില്‍ പുസ്തകച്ചുമടുമായി അനുസരണയുളള കുട്ടിയായി അവന്‍ നടന്നകലുന്നതുകാണാന്‍ ഒട്ടും രസം തോന്നിയില്ല.


0 comments:

ഗസ്സയില്‍ മലാക എന്നൊരു അനാഥ പെണ്‍കുട്ടിയുണ്ട്

ഗസ്സയില്‍ മലാക എന്നൊരു അനാഥ പെണ്‍കുട്ടിയുണ്ട്

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

മലാല യൂസുഫ് സായിയെ അറിയാത്തവര്‍ ഇന്ന് ലോകത്താരുമുണ്ടാവില്ല. പാകിസ്താനിലെ സ്വാത്ത് താഴ്‌വരയില്‍, താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി. പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാനും പഠിക്കാനും താലിബാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന സത്യം തന്റെ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതായിരുന്നു മലാല ചെയ്ത കുറ്റം.
മതതീവ്രവാദികള്‍ സ്ത്രീകളോടും കുട്ടികളോടും ചെയ്യുന്ന കൊടൂരതകള്‍ക്കെതിരെ ധീരമായി പൊരുതിയ മലാലക്ക് ലോകം ഒന്നാകെ പിന്തുണ നല്‍കി; അവള്‍ക്കു വേണ്ടി പ്രാര്‍ഥനകള്‍ നടന്നു. മലാല ദിനം ആചരിക്കപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ മലാലയെ അഭിനന്ദിക്കുകയും തന്റെ രാജ്യത്തിന്റെ സര്‍വവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. മനുഷ്യ സ്‌നേഹത്തില്‍, വിശ്വസിക്കുന്ന എല്ലാവരുടെയും കാരുണ്യം തീര്‍ച്ചയായും മലാല അര്‍ഹിക്കുന്നുണ്ട്.
മലാക എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുണ്ട് ഗസ്സയില്‍. ഒമ്പത് വയസ് മാത്രം പ്രായമുള്ള ഒരു അനാഥ പെണ്‍കുട്ടി. മതതീവ്രവാദമാണ് മലാല എന്ന ശലഭത്തിന്റെ ചിറകരിഞ്ഞതെങ്കില്‍, ഇസ്രായീല്‍ ഭീകരത സ്വപ്നങ്ങള്‍ കരിച്ചുകളഞ്ഞ ആയിരക്കണക്കായ കുഞ്ഞുങ്ങളില്‍ ഒരുവളാണ് മലാക. മലാക മനുഷ്യസ്‌നേഹികളുടെ കാരുണ്യമര്‍ഹിക്കുന്നില്ലേ? ഉണ്ടായിരിക്കാം. പക്ഷെ, അമേരിക്കയും പാശ്ചാത്യലോകവും മലാലയ്ക്കു നല്‍കിയ പ്രസിദ്ധിയും പരിഗണനയും മലാകയ്ക്കു നല്‍കുമെന്ന് കരുതുന്നത് വ്യാമോഹമാണ്. കാരണം അമേരിക്കക്ക് അവരുടെ ശത്രുവായ താലിബാനെ ലോകത്തിനുമുന്നില്‍ ഇകഴ്ത്താന്‍ മലാലയെ വേണമായിരുന്നു. എന്നാല്‍, ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായീലിനെ പാലൂട്ടുന്നത് അമേരിക്കയാണ്. അതുകൊണ്ട്, മലാക ബി ബി സി യിലോ സി എന്‍ എന്നിലോ പാശ്ചാത്യ ന്യൂസ് ഏജന്‍സികളിലോ വാര്‍ത്തയാകില്ല.
മലാക അനാഥയായ അന്നു മുതലായിരുന്നു ഗസ്സയില്‍ ഇസ്രായീലിന്റെ ബോംബ് മഴ ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ ഇസ്രായീല്‍ ഗസ്സയില്‍ തൊടുത്ത ഭീകരതാണ്ഡവത്തിന് തുടക്കമായത് ഹമാസ് സൈനികവിഭാഗത്തിന്റെ തലവന്‍ അഹ്മദ് ജഅ്ബരിയെ ഇസ്രായീല്‍ കൊലപ്പെടുത്തിയതുകൊണ്ടായിരുന്നുവല്ലോ. ജഅ്ബരിയുടെ മകളാണ് മലാക. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മലാക അലമുറയിട്ടില്ല. മകളുടെ കണ്ണുതുടച്ച് ഉമ്മ, ഉമ്മുമുഹമ്മദ് അവളെ ആശ്വസിപ്പിച്ചു. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വീരരക്തസാക്ഷ്യം പ്രാപിച്ച ഉപ്പ സുബര്‍ക്കത്തിലേക്ക് പറന്നുപോയതാണെന്ന് വിതുമ്പല്‍ ഒതുക്കി ആ മാതാവ് പറഞ്ഞുകൊടുത്തിരിക്കണം.
'ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സ്' എന്നു പേരിട്ട് ഇത്തവണയും ഇസ്രായീല്‍ ഗസ്സയില്‍ നടത്തിയത് ലക്ഷണമൊത്ത  നരഹത്യ തന്നെയായിരുന്നു. സര്‍വായുധ സജ്ജമായ ഒരു രാഷ്ട്രം, പാവപ്പെട്ട ഒരു ജനതയ്ക്കു നേരെ നടത്തുന്ന കുരുതിയെ യുദ്ധമെന്ന് എങ്ങനെ വിളിക്കും? പതിവുപോലെ ഇസ്രായീല്‍ റോക്കറ്റുകള്‍ക്ക് ഉന്നം പിഴച്ചില്ല. തുടരെത്തുടരെയുള്ള ഷെല്‍വര്‍ഷം ചെന്നുപതിച്ചത് ആവാസ കേന്ദ്രങ്ങളില്‍ തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളും സിവിലിയന്മാരുമടക്കം നൂറ്റമ്പതിലേറെ ഫലസ്തീനികളെ കൊന്നുതള്ളി. അവരുടെ  വീടുകളും കൃഷിയിടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും ചാമ്പലാക്കി. ഭാവിയെക്കുറിച്ചുള്ള ഫലസ്തീനികളുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി.
ക്രൂരത താണ്ഡവമാടിയ ഗസ്സ ഇപ്പോള്‍ ഒരു മരണഭൂമിയാണ്. കണ്ണീരുപോലും തോര്‍ന്നുപോയിരിക്കുന്നു, അവിടുത്തെ നിവാസികളില്‍. മനുഷ്യരും മൃഗങ്ങളും കത്തിയമര്‍ന്ന തെരുവുകള്‍. ഗുരുതരമായി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ആശുപത്രികള്‍. ആഴ്ച നീണ്ട ബോംബുവര്‍ഷം. വീട്ടില്‍ ബന്ദികളാക്കിയ കുടുംബങ്ങള്‍, കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും പാചക വാതകവുമില്ലാതെ ദുരിതം തിന്നുകഴിയുന്നു. ടെലിഫോണും വൈദ്യുതിയും ഭാഗികമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും സമയമെടുത്തേക്കും.
***
ഇസ്രായീല്‍ ബോംബുവര്‍ഷം തുടങ്ങിയപ്പോള്‍, ഭയന്നോടിയെത്തിയ ദല്ലൂല്‍ കുടുംബം വടക്കുകിഴക്കന്‍ ഗസ്സയിലെ സൈത്തൂന്‍ സെറ്റില്‍മെന്റിലാണിപ്പോഴുള്ളത്. രാത്രി ഘോരശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ആകാശത്ത് നിന്ന് തീഗോളങ്ങള്‍ പതിക്കുന്നതാണ് കണ്ടതെന്ന് എഴുപതുകാരിയായ ഉമ്മുഫതി ഓര്‍ക്കുന്നു. അവര്‍ക്കിത് പുത്തരിയല്ല, ഇസ്രായീല്‍ രാജ്യം പിറന്ന അന്നുമുതല്‍ ഈ ദുരന്തവര്‍ഷത്തിന് സാക്ഷിയാണവര്‍. ബീര്‍ശേബയില്‍ ജനിച്ച അവര്‍ പിന്നീട് തെണ്ടിത്തിരിഞ്ഞ് ഇവിടെ എത്തുകയായിരുന്നു. ഉമ്മുഫതിയും മകളും അവളുടെ ഭര്‍ത്താവും ഏഴു മക്കളുമടങ്ങുന്ന ദല്ലൂല്‍ കുടുംബം ഒരാഴ്ചയായി ആഹാരമോ കുടിവെള്ളമോ കിട്ടാതെ നരകിക്കുന്നു. സമീപ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ബോംബ് പൊട്ടിച്ചിതറുന്നത് കാണാം. ഓരോ പതിനഞ്ചു മിനിട്ടിലും ആകാശത്തുനിന്ന് ഘോരശബ്ദത്തോടെ റോക്കറ്റുകള്‍ പതിക്കുന്നു.
നാലു വയസുകാരി തലഅ പേടിച്ചരണ്ടു പോയിരിക്കുന്നു. ഇരുകൈകള്‍ കൊണ്ട് ചെവി പൊത്തി അവള്‍ മാതാവിന്റെ മടിയില്‍ മുഖമമര്‍ത്തിയിരിക്കും. കളിപ്പാട്ടങ്ങള്‍ എങ്ങോ കളഞ്ഞുപോയിരിക്കുന്നു. അവള്‍ക്ക് കിന്നരിക്കാന്‍ മുറ്റത്ത് ചെടികളോ പൂക്കളോ ഇല്ല. കരിഞ്ഞ മരങ്ങള്‍ക്കു കീഴെ കത്തിയൊടുങ്ങിയ കിളികളും ജീവികളും അവളുടെ കുഞ്ഞു മനസിനു താങ്ങാനാവുമോ? തലഅയുടെ ചേട്ടന്‍ വിസാമിന് പ്രായം ഒമ്പത്. അവനും കളികള്‍ മറന്നുപോയിരിക്കുന്നു. കളിക്കൂട്ടുകാര്‍ നഷ്ടപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും ടെലിവിഷന്‍ തുറക്കുമ്പോള്‍, ബോംബ് പതിച്ച്  ചിതറിത്തെറിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ട് അവന്റെ മനസ് കല്ലിച്ചുപോയിരിക്കുന്നു.
കുടുംബനാഥനായ യഹിയ, ഒരു ടാക്‌സിഡ്രൈവറാണ്. കുട്ടികള്‍ക്കും കുടുംബത്തിനും രണ്ടു നേരമെങ്കിലും ആഹാരം കൊടുക്കാന്‍ കഴിയണമെങ്കില്‍ അയാളുടെ ടാക്‌സി ഓടണം. ദിനങ്ങളായി കവലകള്‍ വിജനമാണ്. ആളുകള്‍ വീടുകളില്‍ ഒളിച്ചു കഴിയുമ്പോള്‍ തനിക്ക് പുറത്തിറങ്ങി എങ്ങനെ തൊഴില്‍ ചെയ്യാനാകും? കുടുംബത്തെ പോറ്റാന്‍ കഴിയും?
ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള അധിവാസ കേന്ദ്രങ്ങള്‍ ഇസ്രായീലിന്റെ കണക്കില്‍ നിയമവിരുദ്ധമാണ്. ഫലസ്തീന്‍ മണ്ണില്‍ പിറന്നു വളര്‍ന്നവര്‍ അവിടെ അനധികൃത കുടിയേറ്റക്കാര്‍! അധിനിവേശം സ്ഥാപിച്ച ഇസ്രായീലാകട്ടെ, നിയമാനുസൃത പാര്‍പ്പുകാര്‍!! കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ആയിരക്കണക്കായ ഫലസ്തീന്‍ കുടുംബങ്ങളില്‍ ഒന്നുമാത്രമാണ് ദല്ലൂല്‍.
             $
യുദ്ധസന്ദര്‍ഭങ്ങളില്‍ പോലും കുഞ്ഞുങ്ങളോടും സ്ത്രീകളോടും വൃദ്ധരോടും അക്രമം കാട്ടരുതെന്ന് മനുഷ്യാവകാശ നിയമങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായീല്‍ പട്ടാളത്തിന്റെ ടാര്‍ഗറ്റ്, മിക്കപ്പോഴും കുട്ടികളും യുവാക്കളുമാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി 1,500 ലേറെ കുട്ടികളെ ഇസ്രായീല്‍ കൊന്നൊടുക്കിയിട്ടുണ്ട്. 13നും 17നും വയസിനിടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. ഗുരുതരമായ അപകടങ്ങളേറ്റ് ജീവച്ഛവങ്ങളായി മാറിയവരും അംഗവൈകല്യം സംഭവിച്ചവരും അതിന്റെ എത്രയോ മടങ്ങു വരും. നാലു മില്യനിലധികം ജനസംഖ്യയുള്ള ഗസ്സയില്‍ 45 ശതമാനം കുട്ടികളാണ്. അതില്‍ പകുതിയും 'പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ്സ്' എന്ന മനോരോഗത്തിന്റെ ഇരകളാണ്. നിരന്തരമായ സംഘര്‍ഷവും ഭീതിയും ഒരു തലമുറയുടെ മനോനില തകര്‍ത്തിരിക്കുന്നു. ഫലസ്തീനില്‍ അയ്യായിരം കുട്ടികള്‍ സ്‌കൂളിന്റെ കവാടം കണ്ടിട്ടേയില്ല. കടുത്ത ദാരിദ്ര്യം, ചെറുപ്പത്തിലേ പണിയെടുക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ഇസ്രായീല്‍ ആക്രമണങ്ങളില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളും അനാഥരായ കുട്ടികളും ഗുരുതരമായ സാമൂഹ്യപ്രശ്‌നമാണ്. പക്ഷെ, അതേക്കുറിച്ച് ആലോചിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കെവിടെ ധൈര്യം?
അധിനിവിഷ്ട ഗസ്സയിലും വെസ്റ്റ് ബേങ്കിലും കുട്ടികള്‍ക്കു നേരെ ഇസ്രായീല്‍ അധികൃതര്‍ കാട്ടുന്ന ക്രൂരത ലോകമാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ശരാശരി 12 വയസുമാത്രമുള്ള 7500 കുട്ടികളാണ് ഇവിടെ കഴിഞ്ഞ 11 വര്‍ഷത്തിനിടെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയത്. അവരില്‍ പലരും വിചാരണത്തടവുകാരാണ്. പ്രതിവര്‍ഷം 500-700, പ്രതിദിനം രണ്ട് എന്ന തോതില്‍ ഫലസ്തീന്‍ കുട്ടികള്‍ ജയിലിലടക്കപ്പെടുന്നു. വീട്ടില്‍ കയറി, കുടുംബങ്ങളെ തള്ളിമാറ്റി, ഇസ്രായീല്‍ സുരക്ഷാസേന കുട്ടികളെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതായി ഫലസ്തീന്‍ കുടുംബങ്ങള്‍ പരാതിപ്പെടുന്നു. ഭടന്മാരെ കല്ലെറിഞ്ഞു എന്നും മറ്റും ആരോപിച്ച് കുട്ടികളെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുന്നു.
ഇസ്രായീല്‍ പൊലീസിന്റെ കൊടിയ പീഡനത്തിന് ഇരയായ പതിനഞ്ചു വയസുകാരന്‍ യഹ്‌യയുടെ ദയനീയമായ അനുഭവം ഈയിടെ, ഒരു ഫലസ്തീന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായീല്‍ അധീനപ്രദേശമായ സുഫീനില്‍ അന്യായമായി കുടിയേറി എന്ന കുറ്റം ചുമത്തിയാണ് അവനെ അറസ്റ്റ് ചെയ്തത്. അവനോടൊപ്പം രണ്ടു കൂട്ടുകാരുമുണ്ടായിരുന്നുവത്രേ. ആയുധമേന്തിയ സുരക്ഷാ പൊലീസ് അവനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. രണ്ടു കൈകളും പിറകില്‍ കെട്ടുകയും കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്തു. ചോദ്യംചെയ്യലിന്റെ ഭാഗമായി കാല്‍മുട്ടില്‍ മണിക്കൂറുകളോളം വെയിലത്തു നിര്‍ത്തി. ചുമരില്‍ തലയിടിക്കുകയും കഠിനമായി മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ ശരീരത്തില്‍ ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചു.
ഇസ്രായീല്‍ ഭീകരതയുടെ ബലിയാടുകളായ ആയിരക്കണക്കിന് കുട്ടികളില്‍ ഒരുവന്‍ മാത്രമാണ് യഹ്‌യ. യഹ്‌യയുടെ അനുഭവം പക്ഷെ ലോകത്തെ അലട്ടുന്നില്ല. ഒരു ഫലസ്തീന്‍ പെണ്‍കുട്ടി ഗസ്സയുടെ ദിനങ്ങളിലൊന്നില്‍ തന്റെ ബ്ലോഗിലെഴുതിയ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
'എനിക്ക് പ്രണയത്തെക്കുറിച്ച് ഒരു കവിത എഴുതണമായിരുന്നു, നിറക്കൂട്ടില്‍ മാരിവില്ലും ചിത്രശലഭങ്ങളും വരയ്ക്കണമായിരുന്നു, റോസാദളം മൊത്തി മണക്കണമായിരുന്നു, നീലക്കിളിയുടെ കൂജനത്തിന് ചുവടുവെച്ച് നൃത്തം ചെയ്യണമായിരുന്നു.
പക്ഷെ, എങ്ങനെ ഞാന്‍?......'


0 comments:

താക്കറെയും മഅ്ദനിയും പിന്നെ കസബും

താക്കറെയും മഅ്ദനിയും പിന്നെ കസബും

താക്കറെയും മഅ്ദനിയും പിന്നെ കസബും


പ്രഫ. എ പി സുബൈര്‍
ശിവസേനാ നേതാവ് ബല്‍രാജ് താക്കറെയുടെ ശവസംസ്‌കാര വേളയില്‍ ദേശീയപതാക പുതപ്പിച്ചതും ദേശീയ ബഹുമതി നല്‍കിയതും ഇന്ത്യയിലെ ജനാധിപത്യത്തിന് ഏറ്റവും വലിയ അപമാനമാണ്. മഹാരാഷ്ട്രയില്‍, വിശേഷിച്ച് മുംബൈയില്‍ ബല്‍രാജ് താക്കറെയും അദ്ദേഹത്തിന്റെ ശിവസേനയും വലിയ ശക്തികളാണെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ അവരുടേത് ഒരു വിധ്വംസക ശക്തിയാണ്. തെമ്മാടിത്തത്തിലൂടെയും ഭീകര പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അവര്‍ ശക്തി പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന് പോറലേല്‍പ്പിക്കുന്ന നടപടികളാണ് അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
താക്കറെയുടെ അച്ഛന്‍ താക്കറെയായിരുന്നു മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം നടത്തിയത്. പഴയ ബോംബെ സംസ്ഥാനത്തെ വിഭജിക്കാന്‍ നെഹ്‌റുവിന് വിസമ്മതമുണ്ടായിരുന്നു. ഒരു ഭാഷാ സംസ്ഥാനമായി കേരളം രൂപീകൃതമാകുന്നതിനെ കൃഷ്ണമേനോനും എതിര്‍ത്തിരുന്നു. അവരുടെയെല്ലാം എതിര്‍പ്പ് ഭാഷാ സംസ്ഥാനങ്ങള്‍ സങ്കുചിത വിഭാഗീയ വികാരങ്ങള്‍ സൃഷ്ടിക്കുമെന്നതായിരുന്നു. മഹാരാഷ്ട്രയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ബല്‍രാജ് താക്കറെയെ പോലെയൊരാള്‍ക്ക് അവിടത്തെ രാഷ്ട്രീയം ഹൈജാക്ക് ചെയ്യാനവസരം നല്‍കി.
 മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനാ ഭരണത്തിലാണെന്ന ധാര്‍ഷ്ട്യത്തിലായിരുന്നുവോ അദ്ദേഹത്തിന്റെ ശവശരീരത്തെ ദേശീയപതാക പുതപ്പിച്ചത് എന്നറിയില്ല. ജനാധിപത്യവാദികള്‍ക്ക് അത് ഏറ്റവും വലിയ അശ്ലീല കാഴ്ചയായാണനുഭവപ്പെട്ടത്. പാര്‍ല്ലമെന്റും താക്കറേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും സുപ്രിംകോടതി മുന്‍ റിട്ട.ജഡ്ജുമായ ജസ്റ്റിസ് കട്ജു മാത്രമാണ് അതിന് ഒരു അപവാദമായത്. താന്‍ താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കുകയില്ല എന്നദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
അധോലോക രാഷ്ട്രീയത്തിന് ജനാധിപത്യം വഴിമാറിക്കൊടുക്കുന്ന കാഴ്ച അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ധ്വംസിക്കപ്പെടുകയും അധോലോകത്തിന്റെ വിധ്വംസക തെമ്മാടിത്തങ്ങള്‍ കൊടി കുത്തി വാഴുന്നതും ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാണ്.
ഇതേ അവസരത്തിലാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ബംഗളുരു കോടതി നിരസിച്ചത്. വിചാരണ തടവുകാരനായാണ് മഅ്ദനി ബംഗളൂരിലെ ജയിലില്‍ കഴിയുന്നത്. വര്‍ഷങ്ങളോളം കോയമ്പത്തൂരിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞതിനു ശേഷമായിരുന്നു ഇടക്കാലത്ത് മോചനം ലഭിച്ചത്. മഅ്ദനി നിരപരാധിയാണെന്ന കോടതിവിധിയുടെ മഷിയുണങ്ങും മുമ്പേ ചില കേന്ദ്രങ്ങള്‍ അസ്വസ്ഥരായി. തുടര്‍ന്നാണ് കര്‍ണാടക പൊലീസ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരു പറഞ്ഞ് മഅ്ദനിയെ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. മഅ്ദനിയുടെ രാഷ്ട്രീയമോഹങ്ങളും അതിനായി അദ്ദേഹം അനുവര്‍ത്തിച്ച സത്യസന്ധമല്ലാത്ത വഴികളുമാണ് അദ്ദേഹത്തെ വിഷമങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. അങ്ങനെ മഅ്ദനിയെ അനുകൂലിക്കാനാവാത്ത അനേകം ഘടകങ്ങളുണ്ടെങ്കിലും, അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന ജയില്‍വാസം നീതിക്ക് നിരക്കുന്നതല്ല എന്ന കാരണം കൊണ്ടുതന്നെയാണ് അതിന്നെതിരായ നിലപാടെടുക്കേണ്ടി വരുന്നത്. വികലാംഗനും പ്രമേഹരോഗംകൊണ്ട് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആളുമെന്ന നിലയില്‍ അദ്ദേഹത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കാവുന്നതാണ്. അല്ലെങ്കില്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാവുന്നതാണ്. സുപ്രീംകോടതിയടക്കം അദ്ദേഹത്തിന്റെ അപ്പീലുകള്‍ ഒരു മുന്‍വിധിയോടെയാണ് കേള്‍ക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അന്ധമായി സ്വീകരിക്കപ്പെടുന്നതായാണ് കാണുന്നത്. ഒരിക്കല്‍ ജസ്റ്റിസ് കാട്ജു മാത്രമായിരുന്നു മഅ്ദനിക്ക് ജാമ്യമനുവദിക്കാമെന്നഭിപ്രായപ്പെട്ടത്. ബെഞ്ചിലെ മറ്റ് ജസ്റ്റിസുകള്‍ എതിരായതിനാല്‍ അത് നടപ്പില്‍ വന്നുമില്ല.
കസബിനെ തൂക്കിക്കൊന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വലിയ വാര്‍ത്ത. അജ്മല്‍ അമീര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. കസബ് എന്നത് ജാതിപ്പേരായിരുന്നു. ഇറച്ചിവെട്ടുകാരന്‍ എന്നര്‍ഥം. പാകിസ്താനില്‍ (ഇന്ത്യയിലെ യു പിയിലും മറ്റും) അവര്‍ താഴ്ന്ന ജാതിക്കാരാണ്. പലരും ഇറച്ചിവെട്ട് തൊഴിലില്ലെങ്കില്‍ പോലും. ഇസ്‌ലാമില്‍ ജാതിയില്ല എന്നു പറയുന്നുണ്ടെങ്കിലും മണ്ഡല്‍ കമ്മിഷന്റെ വിസ്തൃതമായ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഇന്ത്യയിലെ മുസ്‌ലിംകളുടെ ജാതി തിരിച്ചുള്ള വിശദ വിവരങ്ങളറിയാന്‍ കഴിയും. ദാരിദ്ര്യം കൊണ്ട് വീടുവിട്ടു അലയേണ്ടിവന്ന അജ്മലിനെ പോലുള്ളവര്‍ ഭീകര സംഘടനകളുടെ പണിയാളുകളായി തീരുന്നതിന്റെ തെളിവാണ് കസബിന്റെ സംഭവം തെളിയിക്കുന്നത്.
കസബിന്റെ വധശിക്ഷ വളരെ രഹസ്യമായി നടത്തിയതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ നടത്തിയ അവകാശവാദങ്ങള്‍ അദ്ദേഹത്തിന്റെ അല്‍പത്തരത്തെയാണ് വെളിവാക്കിയത്. താനൊരു പൊലീസുകാരനായിരുന്നു, അതിന്റെ അച്ചടക്കമാണ് ഇതില്‍ പ്രകടമായതെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രധാനമന്ത്രിയെയും സോണിയാഗാന്ധിയെയും പോലും അറിയിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അദ്ദേഹം വീരവാദം നടത്തി. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പ്രസിഡന്റിന്റെ ദയാഹര്‍ജിപോലും പരിഗണിക്കപ്പെടാതെ പോകുന്ന ആള്‍ക്ക് അവസാനമായി ഒരു ജുഡീഷ്യല്‍ റിവ്യൂവിന് അപേക്ഷ നല്‍കാനുള്ള അവസരം കസബിന് നല്‍കപ്പെട്ടില്ല എന്നത് ഒരു കളങ്കമായി അവശേഷിക്കുന്നു. മനുഷ്യാവകാശ പ്രകരണത്തില്‍ ഇന്ത്യക്കെതിരായ ഒരഭിപ്രായ പ്രകടനം ഇതിലൂടെ സംഭവിക്കുന്നതാണ്.
കസബ് വധിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ കസബിനെ പോലുള്ളവര്‍ വെറുമൊരു ഉപകരണം മാത്രമാണ്. ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇത്തരം ശിക്ഷകള്‍ കൊണ്ട് കഴിയില്ല. ഒരുപാട് ആളുകളെ കൊല്ലാന്‍ ഇടയാക്കിയവനെ കൊന്ന് പ്രതികാരം ചെയ്തതിന്റെ ഒരു തൃപ്തി മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. 

0 comments:

മുഹര്‍റം ആദരണീയ മാസം

മുഹര്‍റം ആദരണീയ മാസം

മുഹര്‍റം ആദരണീയ മാസം

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്‌. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത്‌ പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്‌. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ്‌ എന്ന്‌ അല്ലാഹു നമ്മെ അറിയിക്കുന്നു.
അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്‌) എന്നാണ്‌ മുഹര്‍റത്തിന്‌ നബി(സ) നല്‌കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത്‌ നിഷിദ്ധമാണ്‌.
നാലു മാസങ്ങള്‍ ഏതൊക്കെയെന്ന്‌ നബി(സ) വിശദീകരിച്ചുതന്നു. ഹജ്ജും അതിന്നു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്‌ദഃ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ്‌ എന്ന മറ്റൊരു മാസവുമാണ്‌ ഈ പവിത്രമാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന്‌ മുമ്പുണ്ടായിരുന്ന, അജ്ഞാനകാല(ജാഹിലിയ്യ)ത്തെ അറബികളും. അല്ലാഹു ആദരിച്ച `ചിഹ്നങ്ങളെ' ആദരിക്കുന്നത്‌ ഭക്തിയുടെ ഭാഗമാണ്‌ എന്ന്‌ (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
മുഹര്‍റം മാസത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌. ഈ മാസം പത്താം ദിനം `ആശൂറാഅ്‌' എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. `അജ്ഞാനകാല'(ജാഹിലിയ്യ)ത്ത്‌ ഖുറൈശികള്‍ ആശൂറാഅ്‌ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ്‌ വ്രതം നിര്‍ബന്ധ കര്‍മമായി അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി)
ഫറോവയുടെ മര്‍ദനങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത്‌ മുഹര്‍റം പത്തിനായിരുന്നു എന്ന്‌ ഹദീസില്‍ കാണാം. മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ്‌ അനുഷ്‌ഠിക്കുമെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്രയും കാര്യങ്ങള്‍ മുഹര്‍റവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്‌.
എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ `മുഹര്‍റം' സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തവും പ്രമാണവിരുദ്ധവുമാണ്‌. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ്‌ കാണുന്നത്‌. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം `നഹ്‌സ്‌' അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കുള്ള കാല്‍വെയ്‌പ്‌ ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെയ്‌ക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭമുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു!
ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്‌. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? അരുത്‌. ഏട്ടിലുള്ളത്‌ എന്താണെന്നറിയാത്ത എത്രയെത്ര നാട്ടുനടപ്പുകള്‍! ഇസ്‌ലാമില്‍ ജാഹിലിയ്യത്തിനു സ്ഥാനമില്ല.
ഒരു കാര്യം കൂടി ഓര്‍ക്കുക. മുഹമ്മദ്‌ നബിയുടെ പ്രവാചകത്വത്തിനു മുമ്പ്‌ ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന്‌ ആശൂറാഅ്‌ നോമ്പുതന്നെ മതിയല്ലോ. ഹജ്ജ്‌ ഖുറൈശികള്‍ ചെയ്‌തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും `നഗ്നത്വവാഫ്‌' പോലുള്ള തോന്നിവാസങ്ങളും `ഇഫാദത്തി'ലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.
ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന്‌ നഹ്‌സ്‌ കല്‌പിക്കലും മറ്റും അതില്‍പെട്ടതാണ്‌. നബി(സ) അക്കാര്യം അര്‍ഥശങ്കയ്‌ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: `ലക്ഷണംനോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.'' ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത്‌ സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്‌ക്കാലത്ത്‌ മറ്റു പലരില്‍നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്‌ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്‌തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇങ്ങനെയാണ്‌ ബിദ്‌അത്തുകള്‍ കടന്നുവന്നത്‌.
പ്രവാചകനുശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഃഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിപ്പിക്കപ്പെട്ട ശീഅ വിഭാഗത്തിന്‌ ഇതില്‍ വലിയ പങ്കുണ്ട്‌. ശീഅ എന്ന ഒരു വിഭാഗം ഉടലെടുക്കാന്‍ കാരണക്കാരായ അമവി ഭരണാധികാരികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുന ചിന്തയുമായി ഇതിനെന്തുബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌.
മൂന്നാം ഖലീഫ ഉസ്‌മാനി(റ)ന്റെ ഭരണകാലത്ത്‌ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്‌ട്രീയധ്രുവീകരണം, ഖലീഫവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്‌, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട്‌ അരുതായ്‌മകള്‍ ഒന്നാം നൂറ്റാണ്ടില്‍തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം മദീനയില്‍നിന്ന്‌ ഡമാസ്‌കസിലേക്കു മാറ്റി. മുആവിയയ്‌ക്ക്‌ ശേഷം മകന്‍ യസീദ്‌ അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ) പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്‌പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടുക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍വെച്ച്‌ ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത്‌ ഒരു മുഹര്‍റം പത്തിനായിരുന്നു. ഹിജ്‌റവര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്‌.
ഇപ്പറഞ്ഞത്‌ ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോെടയാണ്‌ യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്‌. ഹുസൈന്‍(റ) വധിക്കപ്പെട്ട ദിവസം അവര്‍ `കരിദിന'മായി കണക്കാക്കിയെങ്കില്‍ അത്‌ സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത്‌ ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത്‌ `രക്തപങ്കില'മായിട്ടാണ്‌.
`സ്വയംപീഡനം' നടത്തി കോമരംപോലെ ദേഹത്തുനിന്ന്‌ ചോരയൊലിപ്പിക്കുന്നത്‌ ഇസ്‌ലാമികമല്ല. ശീആക്കളുടെ ആ ദുഃഖാചരണമായിരിക്കാം പ്രസ്‌തുത പത്തുദിവസം ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളില്‍ ചിലരും ഇതൊരു ആചാരമായി കാണുന്നു! കതിരേത്‌, പതിരേത്‌ എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താത്‌പര്യത്തിനനുസരിച്ച്‌ മേയ്‌ക്കുന്ന പൗരോഹിത്യവും മുസ്‌ലിം സമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു! `നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്‌ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.'' (16:103, 104) ഖുര്‍ആനിന്റെ മുന്നറിയിപ്പ്‌ മറക്കാതിരിക്കുക.
ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുനവീക്ഷണം ശീഅ അടിത്തറയോടുകൂടി കടന്നുവന്നിട്ട്‌ നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത്‌ മുസ്‌ലിം സമുദായത്തില്‍! ഇതെത്രമാത്രം വേദനാജനകമാണ്‌! മുഹര്‍റം നഹ്‌സ്‌ (ദുശ്ശകുനം) ആണെന്ന അന്ധവിശ്വാസത്തെ പതിറ്റാണ്ടുകളായി ഇസ്വ്‌ലാഹീ പ്രസ്ഥാനം എതിര്‍ത്തുകൊണ്ടിരിക്കുന്നു. ആശാവഹമായ ചില ശബ്‌ദങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു, അല്‍ഹംദുലില്ലാഹ്‌. അതായത്‌ മുഹര്‍ത്തിലെ പത്തു ദിനങ്ങള്‍ നഹ്‌സാണെന്ന വിശ്വാസം തെറ്റാണെന്ന്‌ ചില മുസ്‌ലിം സംഘടനകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. എങ്കിലും സമൂഹം അതില്‍ നിന്ന്‌ മോചിതമാവാന്‍ സമയമെടുക്കും. ബോധവല്‌ക്കരണം തുടര്‍ന്നുകൊണ്ടിരിക്കുക. ഹിജ്‌റ വര്‍ഷം 1434ന്റെ പിറവിയോടൊപ്പം സാന്ദര്‍ഭികമായി ഇക്കാര്യം ഉണര്‍ത്തകയാ

0 comments:

ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

അഭിമുഖം -
ആര്‍ ബി ശ്രീകുമാര്‍ / കെ മുജീബുര്‍റഹ്‌മാന്‍

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ തലവേദനയായ ഏതാനും വ്യക്തികളില്‍ ഒരാളാണ്‌ മലയാളിയായ ആര്‍ ബി ശ്രീകുമാര്‍. ഗുജറാത്ത്‌ ഡി ജി പിയായി വിരമിച്ച അദ്ദേഹം ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ ഇതിനകം ഒന്‍പത്‌ 
അഫിഡവിറ്റുകളാണ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. 663 പേജുകളുള്ള ഈ അഫിഡവിറ്റുകള്‍ മോഡി സര്‍ക്കാറിന്‌ വന്‍ പ്രയാസങ്ങളാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. 2002ല്‍ ഗുജറാത്ത്‌ കലാപം അരങ്ങേറുമ്പോള്‍ ആംഡ്‌ ബറ്റാലിയന്‍ അഡീഷണല്‍ ഡി ജി പിയായും പിന്നീട്‌ ഇന്റലിജന്റ്‌സ്‌ ഡി ജി പിയായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരത്തിയ തെളിവുകളിലൂടെയാണ്‌ ഗുജറാത്ത്‌ കലാപത്തിന്റെ കാണാവഴികള്‍ ലോകം മനസ്സിലാക്കിയത്‌. ആര്‍ ബി ശ്രീകുമാര്‍ ശബാബുമായി സംസാരിക്കുന്നു.
പുതിയകാല ഇന്ത്യയെ ഗുജറാത്ത്‌ കലാപത്തിന്‌ മുമ്പും പിമ്പും എന്ന്‌ വേര്‍തിരിച്ച്‌ വിളിക്കാനാവുമോ?
അങ്ങനെതന്നെ പറയാനാവും. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം വര്‍ഗീയ പാര്‍ട്ടികള്‍ക്ക്‌ കിട്ടിയ ഉത്തേജനമായിരുന്നു ഗോധ്ര സംഭവങ്ങളും ഗുജറാത്ത്‌ കലാപവും. അടിയന്തരാവസ്ഥയില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ആര്‍ എസ്‌ എസ്‌, ജമാഅത്തെ ഇസ്‌ലാമി, കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയെല്ലാം ഒരേ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ തങ്ങള്‍ ഇരകളാണെന്ന്‌ അത്തരക്കാര്‍ക്ക്‌ തോന്നിയിരുന്നു. അടിയന്തരാവസ്ഥാ പീഡിതര്‍ എന്ന ഒരു പ്രതിഛായ ലഭിച്ചു. അതേ തുടര്‍ന്ന്‌ ഭാരതീയ ജനസംഘത്തിന്‌ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ പ്രസ്ഥാനത്തിന്‌ ബഹുമാന്യ സ്ഥാനം നേടിക്കൊടുത്തു എന്നതാണ്‌ അടിയന്തരാവസ്ഥയുടെ ഒരു ഫലം. അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ്‌ സമൂഹത്തില്‍ ആര്‍ എസ്‌ എസ്സിന്റെ സ്വാധീനം വര്‍ധിച്ചത്‌. നേരത്തെ ഹിന്ദുക്കള്‍, കുറ്റവാളികളോട്‌ ബന്ധം പുലര്‍ത്തുന്നതു പോലെയാണ്‌ ആര്‍ എസ്‌ എസ്സുമായുള്ള ബന്ധത്തെ കണ്ടിരുന്നത്‌.
ജനസംഘത്തിന്‌ അധികാരം ലഭിച്ച കാലത്താണ്‌ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകരെ തിരുകിക്കയറ്റിയത്‌. ഒരു ജനാധിപത്യ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തകരുടെ മനസ്സ്‌ നിയന്ത്രിക്കാനും പ്രവര്‍ത്തകരെ പ്രധാന കേന്ദ്രങ്ങളില്‍ തിരുകിക്കയറ്റാനും പ്രയാസമുണ്ട്‌. എന്നാല്‍ കേഡര്‍ പാര്‍ട്ടിയായ സി പി എമ്മിനോ അതിനെക്കാള്‍ കേഡറായ ആര്‍ എസ്‌ എസ്സിനോ തങ്ങളുടെ പ്രവര്‍ത്തകരെ ആവശ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രയാസമില്ല. ഇക്കാര്യത്തില്‍ ആര്‍ എസ്‌ എസ്സാണ്‌ സി പി എമ്മിനേക്കാള്‍ മുന്നില്‍. 
അടിയന്തരാവസ്ഥാ കാലം വരെ നെഹ്‌റുവിസം എല്ലാ പാര്‍ട്ടികളും പരോക്ഷമായി അംഗീകരിച്ചിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷം സ്ഥിതിഗതികള്‍ക്ക്‌ മാറ്റംവന്നു. നെഹ്‌റുവിനെ പോലെ ജനാധിപത്യ വ്യവസ്ഥയിലൂടെ മുന്നോട്ട്‌ പോകാനല്ല ഇന്ദിരാഗാന്ധി ശ്രമിച്ചത്‌. തനിക്കെതിരെ വിധി വന്നപ്പോള്‍ ഇന്ദിരാഗാന്ധി സ്ഥാനം രാജിവെച്ച്‌ കോണ്‍ഗ്രസ്സിലെ മറ്റാര്‍ക്കെങ്കിലും നേതൃസ്ഥാനം ഏല്‍പ്പിച്ചുകൊടുത്തിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ഈ ഗതി വരില്ലായിരുന്നു. ഇന്ത്യാചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക്‌ കാരണമായത്‌ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ്‌. 
ഗുജറാത്ത്‌ കലാപത്തിന്‌ അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങള്‍ ഇന്ത്യയിലെ ഹിന്ദു- മുസ്‌ലിം മനസ്സുകളില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്‌. മോഡിക്ക്‌ അനുകൂലമായ മനസ്സ്‌ കേരളത്തിലെ ഹിന്ദുക്കളില്‍ പോലും സൃഷ്‌ടിക്കപ്പെട്ടു. അത്‌ മോഡിയുടെ വിജയമാണ്‌. ഗുജറാത്ത്‌ കലാപത്തോടെ നരേന്ദ്ര മോഡിക്ക്‌ ഇന്ത്യ മുഴുവന്‍ താന്‍ ഉദ്ദേശിച്ച വിധത്തിലുള്ള മാനസികാവസ്ഥയുള്ളവരുടെ കൂട്ടായ്‌മ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയിലെ മുസ്‌ലിംകളെ ഒന്നിപ്പിച്ച്‌ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന്‌ വരുത്തിവെച്ചതോടെ ആര്‍ എസ്‌ എസ്സിന്റെ ശക്തി വര്‍ധിച്ചു. ആര്‍ എസ്‌ എസ്‌ മോഡിയുടെ മക്കളാണെങ്കില്‍ മുസ്‌ലിം തീവ്രവാദികള്‍ മോഡിയുടെ അനന്തരവന്മാരായി മാറി. 
തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച്‌ കേരളത്തില്‍ വര്‍ഗീയ പ്രവണതകള്‍ വളര്‍ന്നുവരുന്നതായി തോന്നിയിട്ടുണ്ടോ?
ഇന്ത്യ മുഴുവന്‍ വര്‍ഗീയത വളരുന്നതിന്റെ ഒരു ഭാഗമായി കേരളത്തിലും ഈ പ്രവണത ഉണ്ടാകുന്നുണ്ട്‌. ഗുജറാത്ത്‌ കലാപത്തില്‍, കണ്‍മുമ്പില്‍ സഹോദരി ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണേണ്ടിവന്നിട്ടും തീവ്രവാദ ചിന്താഗതിയുമായി കശ്‌മീര്‍ അതിര്‍ത്തിയില്‍ വെടിയേറ്റ്‌ മരിച്ചവരുടെ കൂട്ടത്തില്‍ ഗുജറാത്തിലെ മുസ്‌ലിം യുവാക്കള്‍ ഉണ്ടായില്ലെന്നത്‌ ശ്രദ്ധേയമാണ്‌. എന്നാല്‍ കേരളത്തിലെ നാല്‌ യുവാക്കള്‍ കശ്‌മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ദരിദ്രരായ മുസ്‌ലിംകള്‍ എന്നെയും ടീസ്റ്റ സെറ്റല്‍വാദിനെയും പോലുള്ള അമുസ്‌ലിംകളില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്‌. മോഡിയോടൊപ്പം ചേര്‍ന്നെന്ന്‌ താന്‍ പറഞ്ഞാല്‍ പോലും ഗുജറാത്തിലെ മുസ്‌ലിംകള്‍ വിശ്വസിക്കില്ലെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാധാരണയില്‍ കവിഞ്ഞ പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ വര്‍ഗീയവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ യാതൊരു ആവശ്യവുമില്ല. അബ്‌ദുന്നാസര്‍ മഅ്‌ദനിയോട്‌ എനിക്ക്‌ വ്യക്തിപരമായി വിദ്വേഷമില്ല. എന്നാല്‍ തടിയന്റവിട നസീറിന്റെ രാഷ്‌ട്രീയ പിതാവാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി. കേരളത്തില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാകുമ്പോള്‍ അതില്‍ കൂടുതല്‍ സന്തോഷിക്കുക ആര്‍ എസ്‌ എസ്സാണ്‌. തീവ്രവാദം പറയുന്നവര്‍ ആരായാലും അവര്‍ വിഷം ശരീരത്തില്‍ വഹിക്കുന്നവരാണ്‌.
ഭിന്ദ്രന്‍വാലയും ഖലിസ്ഥാന്‍ പ്രസ്ഥാനവുമൊക്കെ പഞ്ചാബിനോടും സിക്കുകാരോടും ചെയ്‌തതിന്‌ തുല്യമായ പാതകമാണ്‌ പോപ്പുലര്‍ ഫ്രണ്ടും പി ഡി പിയും എന്‍ ഡി എഫുമൊക്കെ കേരളത്തില്‍ മുസ്‌ലിംകളോട്‌ ചെയ്യുന്നത്‌. അധികാരകേന്ദ്രങ്ങളിലും ഉന്നതങ്ങളിലുമെല്ലാം സിക്കുകാര്‍ ഉണ്ടായിട്ടും അവരെ അസംതൃപ്‌തരാക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക്‌ കഴിഞ്ഞു. കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാള്‍ വ്യത്യസ്‌തമാണ്‌. ഭരണത്തിലും അധികാരത്തിലുമെല്ലാം മുസ്‌ലിംകള്‍ക്ക്‌ പങ്കാളിത്തമുണ്ട്‌. എങ്കിലും മുസ്‌ലിംകളില്‍ അസംതൃപ്‌തി വളര്‍ത്തി അത്‌ മുതലെടുക്കാനാണ്‌ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്‌.
വര്‍ഗീയത ഇത്രയേറെ വ്യാപിക്കാന്‍ കാരണം?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭരണാധികാരിയെന്ന വിശേഷണവുമായാണ്‌ രാജീവ്‌ഗാന്ധി അധികാരത്തില്‍ വന്നത്‌. എന്നിട്ടും അദ്ദേഹത്തിന്‌ ചില പിഴവുകള്‍ സംഭവിച്ചു. ശാബാനു കേസില്‍ അദ്ദേഹം മുസ്‌ലിം അനുകൂല നിലപാടുകള്‍ സ്വീകരിച്ചുവെന്ന്‌ ഹിന്ദുക്കളില്‍ പ്രകോപനമുണ്ടാക്കാന്‍ ആര്‍ എസ്‌ എസ്സിനു സാധിച്ചു. സത്യത്തില്‍ ശാബാനു കേസില്‍ ഇടപെടേണ്ട ആവശ്യം കോണ്‍ഗ്രസ്‌ സര്‍ക്കാറിനുണ്ടായിരുന്നില്ല. മുസ്‌ലിം പ്രീണനം നടത്തി എന്ന ചിന്താഗതി വേരുപിടിച്ചതോടെ ബാബരി മസ്‌ജിദ്‌ പൂജയ്‌ക്കായി തുറന്നുകൊടുക്കേണ്ടി വന്നു. അതോടെ മുസ്‌ലിം മനസ്സുകളിലും പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. സത്യത്തില്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഗാന്ധിജി പറഞ്ഞ നയത്തിന്‌ വിരുദ്ധമായിരുന്നു ബാബരി മസ്‌ജിദ്‌ തുറന്നുകൊടുത്തത്‌.
1947 ആഗസ്‌ത്‌ 15ന്‌ ഉണ്ടായിരുന്ന അവസ്ഥയിലായിരിക്കണം എല്ലാമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. അതോടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‌ തുടക്കമാവുകയും ചെയ്‌തു. പിന്നീടുണ്ടായ നടപടികളെല്ലാം ഹിന്ദു വര്‍ഗീയതയ്‌ക്ക്‌ അനുകൂലമായ നടപടികളായിരുന്നു. അദ്വാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും രഥയാത്ര ആരംഭിച്ചു. രാമനും സോമനാഥ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അവിടെ നിന്നാണ്‌ അദ്വാനി രഥയാത്ര ആരംഭിച്ചത്‌. ശരിക്കും പറഞ്ഞാല്‍ രാമേശ്വരത്തു നിന്നായിരുന്നു യാത്ര ആരംഭിക്കേണ്ടിയിരുന്നത്‌. എന്നാല്‍ നിരവധി തവണ മുസ്‌ലിം ഭരണാധികാരികള്‍ ആക്രമിച്ച്‌ കൊള്ളയടിച്ചുവെന്ന്‌ പഠിപ്പിച്ചുവെച്ചിട്ടുള്ള സോമനാഥ ക്ഷേത്രം ഹിന്ദു ഐക്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കുകയായിരുന്നു. പല തവണ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടുവെങ്കില്‍ അതിനു കാരണം അവിടത്തുകാര്‍ തന്നെയാണെന്ന കാര്യം ചരിത്രം വളച്ചൊടിച്ചവര്‍ മറക്കുകയാണ്‌.
കശ്‌മീരില്‍ നിന്നും ഹിന്ദു പണ്ഡിറ്റുകള്‍ക്ക്‌ പലായനം ചെയ്യേണ്ടി വന്ന അവസ്ഥയും വര്‍ഗീയതയ്‌ക്ക്‌ ആക്കംകൂട്ടി. അഞ്ച്‌ ലക്ഷത്തോളം പണ്ഡിറ്റുകളാണ്‌ കശ്‌മീരില്‍ നിന്നും പലായനം ചെയ്‌തത്‌. 1946-47 കാലത്തെ വിഭജന പലായനങ്ങള്‍ക്ക്‌ ശേഷം ഏറ്റവും കൂടുതല്‍ പേരുടെ പലായനമായിരുന്നു കശ്‌മീര്‍ പണ്ഡിറ്റുകളുടേത്‌. ഈ അവസ്ഥ വി എച്ച്‌ പിയെ പോലുള്ളവര്‍ മുതലെടുത്തു. സത്യം പറഞ്ഞാല്‍ കശ്‌മീരിലെ പണ്ഡിറ്റുകള്‍ സാധാരണ ഹിന്ദു പ്രബല വിഭാഗങ്ങളെ പോലെ സസ്യഭുക്കുകളല്ല. അവര്‍ക്ക്‌ കശ്‌മീരി മുസ്‌ലിംകളുമായി പറയത്തക്ക വ്യത്യാസങ്ങളൊന്നും ഭക്ഷണകാര്യങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.
കശ്‌മീരില്‍ അനുഭവിച്ച ദുഃഖത്തിന്‌ ഗുജറാത്തില്‍ മറുപടി കൊടുക്കുമെന്നാണ്‌ തൊഗാഡിയ പറഞ്ഞത്‌. ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ 24 മണിക്കൂറും വര്‍ഗീയവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മതത്തില്‍ വര്‍ഗീയതയില്ലെന്നാണ്‌ എന്റെ അനുഭവത്തില്‍ മനസ്സിലായിട്ടുള്ളത്‌. ഞാന്‍ നല്ലൊരു ഹിന്ദുമത വിശ്വാസിയാണ്‌.
വികസനത്തിന്റെ വലിയ മാതൃകയായാണല്ലോ ഗുജറാത്തിനെ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ മികച്ച വികസനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന്‌ ഗുജറാത്താണോ?
ഗുജറാത്തില്‍ മികച്ച റോഡുകളുണ്ട്‌. പുറത്തു നിന്നും വരുന്നവര്‍ ഈ റോഡുകള്‍ കാണുമ്പോള്‍ തന്നെ അവിടെ വന്‍ വികസനമാണുള്ളതെന്ന്‌ ധരിക്കും. സത്യത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അഴിമതി വര്‍ധിച്ചതുകൊണ്ട്‌ അതിനു മറയിടാനാണ്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പത്ത്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ അവിടെ പതിനഞ്ച്‌ കോടി രൂപ ഖജനാവില്‍ നിന്നും ഒഴുകും. ഒരു വ്യത്യാസമുള്ളത്‌, കേരളത്തില്‍ ഒരു പദ്ധതിക്ക്‌ പത്ത്‌ കോടി രൂപ പാസ്സാക്കിയാല്‍ അഞ്ച്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി ബാക്കി അഞ്ച്‌ കോടി പല പോക്കറ്റുകളില്‍ പോവുകയാണ്‌ ചെയ്യുക. എന്നാല്‍ ഗുജറാത്തില്‍ പത്ത്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി പതിനഞ്ച്‌ കോടി രൂപ പാസ്സാക്കുകയും പ്രവൃത്തിയുടെ പണം അതുപോലെ ഉപയോഗപ്പെടുത്തുകയും ബാക്കി തുക അഴിമതിയാവുകയും ചെയ്യും എന്നുള്ളതാണ്‌. അതുകൊണ്ട്‌ നടക്കേണ്ട പ്രവൃത്തി കൃത്യമായി നടക്കും!
ഗുജറാത്തില്‍ `വിസിബിള്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍' വികസനം ഉണ്ട്‌. എന്നാല്‍, അതുപോലും നരേന്ദ്ര മോഡിയുടെ സംഭാവനയല്ല. സാധാരണ ഗതിയില്‍ തന്നെ ഗുജറാത്തിന്റെ വളര്‍ച്ചാനിരക്ക്‌ 15-20 ശതമാനമാണ്‌. ഗുജറാത്തിന്റെ ആദ്യ മുഖ്യമന്ത്രി ജീവരാജ്‌ മെഹ്‌തയുടെ കാലം മുതല്‍ ഗുജറാത്ത്‌ അടിസ്ഥാന വികസനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ്‌ അവിടെ ധാരാളം വ്യവസായങ്ങള്‍ വന്നത്‌. എന്നാല്‍ ദുഃഖകരമായ വസ്‌തുത ഗുജറാത്തില്‍ വികസനം സമ്പന്നരും കോര്‍പറേറ്റുകളും ചേര്‍ന്നുള്ളതും അവരെ ചുറ്റിപ്പറ്റിയുള്ളതുമാണ്‌ എന്നതാണ്‌.
കേശുഭായ്‌ പട്ടേല്‍ സര്‍ക്കാര്‍ അഴിമതിയുടെ തലതൊട്ടപ്പനായിരുന്നു. സംസ്ഥാനത്ത്‌ അധികാരമുണ്ടായിരുന്നിട്ടും അക്കാലത്തെ എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക്‌ കൂട്ടത്തോല്‍വിയായിരുന്നു സംഭവിച്ചിരുന്നത്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ വരട്ടെ, ബി ജെ പിയെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്‌ എന്ന്‌ ജനങ്ങള്‍ പറഞ്ഞു തുടങ്ങിയ സമയത്താണ്‌ കലാപമുണ്ടായത്‌. അതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു.
ശരിക്കും ഗുജറാത്തില്‍ എന്താണ്‌ സംഭവിച്ചത്‌?
ഗോധ്രയിലെ സബര്‍മതി എക്‌സ്‌പ്രസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും ദുരൂഹതയുണ്ട്‌. തീവണ്ടിയില്‍ യാത്ര ചെയ്‌തിരുന്നവര്‍ ഗോധ്രയ്‌ക്കു മുമ്പുള്ള നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനും അതേ തുടര്‍ന്ന്‌ പൊലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തതിനും രേഖകളുണ്ട്‌. അതുകൊണ്ടു തന്നെ തീവണ്ടി കത്തിക്കലിന്റെയും ആളുകള്‍ മരിച്ചതിന്റെയും പിറകിലെ സംഭവങ്ങള്‍ ശരിയായ രീതിയില്‍ പുറത്തുവന്നിട്ടില്ല. അത്‌ ഒരുവശത്ത്‌ നില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത്‌, ഗോധ്രയിലെ കച്ചി മുസ്‌ലിംകളില്‍ ഭൂരിപക്ഷം കച്ചവടക്കാരും അത്യാവശ്യം പ്രശ്‌നക്കാരുമായിരുന്നു. ഗോധ്രയിലെ കച്ചവടക്കാര്‍ കച്ചി മുസ്‌ലിംകളായിരുന്നു. തീവണ്ടി യാത്രക്കാരുമായി അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാനും സംഘര്‍ഷം ഉടലെടുക്കാനും സാധ്യതകളുണ്ട്‌. രണ്ട്‌ സംഭവങ്ങളായാലും ഗോധ്ര തീവണ്ടി കത്തിക്കലില്‍ ദുരൂഹതയുണ്ട്‌.
രാവിലെ ഏഴര മണിയോടെയാണ്‌ തീവണ്ടി കത്തിക്കല്‍ സംഭവം നടന്നത്‌. 11 മണിയാവുമ്പോഴേക്കും മുഖ്യമന്ത്രി നരേന്ദ്രമോഡിയും വൈകുന്നേരത്തോടെ ദല്‍ഹിയില്‍ അദ്വാനിയും പ്രസ്‌താവന നടത്തിയത്‌ ഗോധ്ര തീവണ്ടി കത്തിക്കലിന്‌ പിറകില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്നാണ്‌. മുഖ്യമന്ത്രി എന്ന നിയലില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നരേന്ദ്രമോഡിക്ക്‌ അത്തരമൊരു ഉത്തരവാദിത്വമില്ലാത്ത പ്രസ്‌താവന നടത്താനാവില്ല. കാരണം, പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ ലഭിക്കാതെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ഈ കാര്യം പറയാന്‍ അധികാരമില്ല. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ശരിയായ അന്വേഷണത്തില്‍ ലഭിച്ചവയായിരിക്കണം. എന്നാല്‍ ഗോധ്ര സംഭവത്തിന്‌ ശേഷം ആദ്യത്തെ 20 ദിവസത്തെ ഗുജറാത്ത്‌ പൊലീസിന്റെ കേസ്‌ ഡയറിയില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്ന കാര്യം പറയുന്നേയില്ല. അങ്ങനെയാണെങ്കില്‍ നരേന്ദ്ര മോഡിക്ക്‌ എങ്ങനെയാണ്‌ ഇത്തരമൊരു പ്രസ്‌താവന നടത്താന്‍ സാധിക്കുക? ഗുജറാത്ത്‌ കലാപത്തിന്‌ പിറകില്‍ ഇത്തരത്തിലുള്ള നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്‌.
1990കളില്‍ താത്‌ക്കാലിക ലാഭത്തിന്‌ വേണ്ടി ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ മുസ്‌ലിം അധോലോകത്തെ സഹായിച്ചുവെന്ന വസ്‌തുത കൂടി ഇതിന്റെ കൂടെ ചേര്‍ത്ത്‌ വായിക്കണം. ലത്തീഫ്‌ എന്ന അധോലോക നേതാവിന്‌ സര്‍ക്കാര്‍തലത്തില്‍ തന്നെ വന്‍ സഹായമാണ്‌ നല്‌കിയിരുന്നത്‌. അത്‌ അവിടെയുള്ള ഹിന്ദുക്കള്‍ക്ക്‌ പ്രശ്‌നമായിരുന്നു. ദരിദ്രരായ മുസ്‌ലിംകളെ അധോലോക നേതാവായ ലത്തീഫ്‌ ഏറെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു മുസ്‌ലിം ജനവിഭാഗം ലത്തീഫ്‌ പറയുന്നത്‌ അനുസരിച്ചിരുന്നു. ഈ വോട്ട്‌ ബാങ്കിനെയാണ്‌ കോണ്‍ഗ്രസ്‌ മുതലെടുക്കാന്‍ ശ്രമിച്ചത്‌. ചെറുപ്പത്തില്‍ മദ്യം കടത്തിയാണ്‌ ലത്തീഫ്‌ ധനികനായത്‌. പണക്കാരനായപ്പോള്‍ ദരിദ്ര മുസ്‌ലിംകളെ ഏറെ സഹായിച്ചു. സക്കാത്ത്‌ ഫണ്ടുകള്‍ വഴിയും മറ്റുമായി ദരിദ്രരെ സഹായിക്കാന്‍ ഗുജറാത്തിലെ പള്ളികളും സമ്പന്നരും കമ്മിറ്റിക്കാരും ശ്രമിക്കാതിരുന്നതാണ്‌ ലത്തീഫിനെ പോലുള്ളവര്‍ക്ക്‌ വളമായത്‌.
പഞ്ചായത്ത്‌- മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ലത്തീഫ്‌ മത്സരിച്ച നാല്‌ വാര്‍ഡുകളില്‍ വിജയിച്ചത്‌ ജയിലില്‍ കിടന്നാണ്‌. ഗുജറാത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ലത്തീഫിന്‌ അത്രത്തോളം സ്വാധീനമുണ്ടായിരുന്നു. സര്‍ക്കാരുമായുള്ള അവിഹിതമായ ഇടപെടലുകള്‍ക്കൊടുവില്‍ സര്‍ക്കാറിന്റെ ചില രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന്‌ ലത്തീഫ്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ മറവില്‍ ശങ്കര്‍ സിംഗ്‌ വഗേല ഗവണ്‍മെന്റ്‌ ലത്തീഫിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. 
ഗുജറാത്തില്‍ പൊലീസിന്റെ 30 യൂണിറ്റുകളാണുള്ളത്‌. അതില്‍ നാലെണ്ണം കമ്മീഷണറേറ്റുകളാണ്‌. ഒരെണ്ണം റയില്‍വേ ഡിസ്‌ട്രിക്‌ട്‌ ആയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബാക്കിയുള്ളവയില്‍ 11 ഡിസ്‌ട്രിക്‌ടുകളില്‍ ഗുജറാത്ത്‌ കലാപം ഏശിയിട്ടില്ല. അവിടെ കൊലപാതകങ്ങളോ സംഘര്‍ഷങ്ങളോ നടന്നിട്ടില്ല. ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ പൊലീസിനെ കുറ്റപ്പെടുത്തുന്നവര്‍ ഈ വസ്‌തുത കാണാറില്ല. ഒരു ഭാഗത്ത്‌ കലാപത്തെ പൊലീസ്‌ സഹായിച്ചപ്പോള്‍ മറുഭാഗത്ത്‌ കലാപത്തിന്‌ എതിരായി ശക്തമായ നടപടികളും ഗുജറാത്ത്‌ പൊലീസ്‌ കൈക്കൊണ്ടിട്ടുണ്ട്‌. പൊലീസിന്റെ സഹായമില്ലെങ്കില്‍ ഒരു കലാപത്തിനും രണ്ടു മണിക്കൂറില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. 
ഗുജറാത്ത്‌ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ?
കേസുകളില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സാക്ഷികളെ പലരെയും ഭരണാധികാരികളും മറ്റും സ്വാധീനിച്ചിട്ടുണ്ട്‌. മൊഴി മാറ്റിപ്പറയാന്‍ 25 ലക്ഷത്തിലേറെ രൂപ നല്‌കിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്‌. ഗുജറാത്തില്‍ വോറ മുസ്‌ലിംകള്‍, കച്ചി മുസ്‌ലിംകള്‍ (വാണിയന്മാര്‍) എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്‌. ഹിന്ദുക്കളിലെ ബനിയകളെ പോലുള്ളവരാണ്‌ വോറകള്‍. പട്ടേല്‍മാര്‍ മുസ്‌ലിംകളിലും ഹിന്ദുക്കളിലുമുണ്ട്‌. വോറകള്‍ സമ്പന്നന്മാരാണ്‌. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും വോറകള്‍ പിന്മാറിയെന്ന ദുഃഖകരമായ വസ്‌തുതയുണ്ട്‌. പട്ടിണിപ്പാവങ്ങളായ കച്ചി മുസ്‌ലിംകളാണ്‌ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട്‌ ഞങ്ങളുടെ കൂടെ നില്‍ക്കുന്നത്‌. അവര്‍ ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ വീട്ടില്‍ പട്ടിണിയായിരിക്കും. അത്തരം ആളുകള്‍ ഇതുവരെയും ആര്‍ എസ്‌ എസ്സിന്റെയും മോഡിയുടെയും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയിട്ടില്ല. ലക്ഷങ്ങള്‍ നല്‌കാമെന്ന്‌ പറഞ്ഞിട്ടും അവര്‍ കേസുമായി മുമ്പോട്ട്‌ പോകുകയാണ്‌. ഭരണ സ്വാധീനവും സമ്മര്‍ദ്ദവും ഉപയോഗിച്ച്‌ രണ്ടായിരം കേസുകളാണ്‌ പിന്‍വലിക്കപ്പെട്ടത്‌ എന്നുകൂടി ഇതിന്റെ കൂടെ ചേര്‍ത്ത്‌ വായിക്കണം.
നരോദപാട്യ കൂട്ടക്കൊലക്കേസില്‍ നരേന്ദ്രമോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോ. മായാബെന്‍ കൊദ്‌നാനിക്ക്‌ 28 വര്‍ഷം തടവുശിക്ഷയാണ്‌ കോടതി വിധിച്ചത്‌. ബജ്‌റംഗ്‌ദള്‍ നേതാവായ ബാബു ബജ്‌റംഗിക്ക്‌ മരണംവരെ തടവുശിക്ഷയും വിധിക്കപ്പെട്ടു. ഒന്‍പത്‌ അഫിഡവിറ്റുകള്‍ ഞാന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അതിന്റെ പേരില്‍ നരേന്ദ്രമോഡി സര്‍ക്കാറിന്‌ എനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചിട്ടില്ല. നമ്മള്‍ സത്യസന്ധരാണെങ്കില്‍ ദൈവം നമ്മെ സഹായിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിധികളിലൊന്നാണ്‌ നരോദപാട്യ കേസില്‍ ഉണ്ടായത്‌.
ദുഃഖകരമായ വസ്‌തുത ഗുജറാത്ത്‌ കലാപത്തെ കുറിച്ചും മറ്റും മുസ്‌ലിംകള്‍ വാതോരാതെ സംസാരിക്കുമെങ്കിലും കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അവര്‍ സഹായിച്ചിട്ടില്ല. മുസ്‌ലിംകളല്ലാത്ത ഞാനും ടീസ്റ്റയും മറ്റുമൊക്കെയാണ്‌ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌. മുസ്‌ലിം സമ്പന്നരും രാഷ്‌ട്രീയക്കാരുമൊക്കെ ഇതൊന്നും തങ്ങളുടെ കാര്യമല്ലെന്ന മട്ടിലാണ്‌ പെരുമാറുന്നത്‌.
ഗുജറാത്തിലെ ഹിന്ദു-മുസ്‌ലിം ബന്ധം ഇപ്പോള്‍ എങ്ങനെയാണ്‌?
സംസ്ഥാനത്ത്‌ പലയിടങ്ങളിലും ഹിന്ദു-മുസ്‌ലിം ബന്ധം സാധാരണ പോലെയാണ്‌. എന്നാല്‍ വി എച്ച്‌ പി- ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി തന്നെയാണ്‌ കാണുന്നതും പരിഗണിക്കുന്നതും.
കലാപക്കേസുകളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ താങ്കള്‍ക്കെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായോ?
നിരവധി ഭീഷണിക്കത്തുകളും ടെലിഫോണ്‍ കോളുകളും വന്നിരുന്നു. നേരിട്ട്‌ ആരും അക്രമിക്കാന്‍ മുതിര്‍ന്നിട്ടില്ല. പെന്‍ഷന്‍ തടഞ്ഞുവെക്കപ്പെട്ടു. പക്ഷേ, കോടതി വിധി എനിക്ക്‌ അനുകൂലമായിരുന്നു. പെന്‍ഷന്‍ തടഞ്ഞുവെച്ച കേസില്‍ നിന്നും ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുകയാണ്‌ ചെയ്‌തത്‌.
ബി ജെ പിയുടെ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെയാണ്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌?
നരേന്ദ്രമോഡിക്ക്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. മതേതരത്വമാണ്‌ ഇന്ത്യയുടെ പാരമ്പര്യം. മൃദുഹിന്ദുത്വത്തിന്റെ മുഖമുള്ളതുകൊണ്ടാണ്‌ എ ബി വാജ്‌പെയിക്ക്‌ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്‌. നരേന്ദ്ര മോഡിയുടെ പ്രതിഛായ അത്തരത്തിലുള്ളതല്ല. നരേന്ദ്ര മോഡിയെന്നത്‌ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്‌.
തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം സ്വദേശിയാണ്‌ ആര്‍ ബി ശ്രീകുമാര്‍. 1971ലെ ഗുജറാത്ത്‌ കേഡര്‍ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍. എം എ ഹിസ്റ്ററിയില്‍ ഫസ്റ്റ്‌ക്ലാസ്‌ ഫസ്റ്റ്‌ റാങ്ക്‌ നേടിയ അദ്ദേഹം രണ്ട്‌ വര്‍ഷക്കാലം യു സി കോളെജില്‍ അധ്യാപകനായിരുന്നു. പിന്നീട്‌ ഐ പി എസ്സിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. സര്‍വീസിലിരിക്കെ ഗാന്ധിയന്‍ ചിന്തകളില്‍ എം എ ഫസ്റ്റ്‌ ക്ലാസ്‌, ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ എം എ സെക്കന്റ്‌ ക്ലാസ്‌, എല്‍ എല്‍ എം ക്രിമിനോളജിയില്‍ സെക്കന്റ്‌ ക്ലാസ്‌ എന്നിവ കരസ്ഥമാക്കി. ഗുജറാത്തി, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം.
1990, 98 വര്‍ഷങ്ങളില്‍ പ്രസിഡന്റിന്റെ പൊലീസ്‌ മെഡലിന്‌ അര്‍ഹനായി. മികച്ച പൊലീസ്‌ ഓഫിസര്‍ക്കള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്റ്റ്‌ അവാര്‍ഡ്‌ 2008, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ്‌ മുസ്‌ലിംസ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ യു എസ്‌ എ ആന്റ്‌ കാനഡ- അവാര്‍ഡ്‌ 2008, മുംബൈ ഹാര്‍മണി ഫൗണ്ടേഷന്റെ മദര്‍ തെരേസ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്‌ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌ 2008, കാലിക്കറ്റ്‌ സെക്യുലര്‍ സൊസൈറ്റിയുടെ കര്‍മധീരന്‍ അവാര്‍ഡ്‌ 2009, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ മുസ്‌ലിം അസോസിയേഷന്‍ കുവൈത്തിന്റെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2009, മുസ്‌ലിം എഡുക്കേഷന്‍ സൊസൈറ്റിയുടെ കമ്മ്യൂണല്‍ ഹാര്‍മണി പുരസ്‌ക്കാരം 2012 എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.
`ഗുജറാത്ത്‌ ഇരകള്‍ക്ക്‌ വേണ്ടി ഒരു പോരാട്ടം' എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാള മനോരമ, ഭാഷാപോഷിണി, മാധ്യമം, ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ, പ്രവാസി വര്‍ത്തമാനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഗുജറാത്ത്‌ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രാജലക്ഷ്‌മിയാണ്‌ ഭാര്യ. മകള്‍ ദീപ.

0 comments:

Ente chillu jalakam: കരുതിക്കൊള്‍ക

Ente chillu jalakam: കരുതിക്കൊള്‍ക

0 comments: