കോട്ടൂര്‍ കവിതയുടെ ഗരിമ
അലവിക്കുട്ടി മൗലവി കോട്ടൂര്‍ / മുഹ്‌സിന്‍ കോട്ടക്കല്‍
എന്നും അത്ഭുതങ്ങളുടെയും അവിചാരിതങ്ങളുടെയും പുത്തന്‍ വഴികള്‍ കാത്തുവെക്കാറുണ്ട് യുവജനോത്സവങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരം ഒരു യുവജനോത്സവ വേദിയില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ മധുരതരമായ അറബിക്കവിത ചൊല്ലി, ഒരു പെണ്‍കുട്ടി. മറ്റു പലരെയുംപോലെ ആ ഈണത്തില്‍ ലയിച്ചിരിക്കുകയായിരുന്നു ഒരു അറബി മാഷ്.
അധ്യാപനത്തോടൊപ്പം കവിതയെ നെഞ്ചേറ്റിയ അദ്ദേഹം ആ മിടുക്കിയുടെ വിലാസം തേടിപ്പിടിച്ചു. തന്റെ സര്‍ഗസപര്യയില്‍ വിരിഞ്ഞ കുറച്ചു അറബിക്കവിതകള്‍ പേരു പോലുമെഴുതാതെ ആ കുട്ടിക്കയച്ചുകൊടുത്തു.
അടുത്ത തവണ, അജ്ഞാതന്‍ തനിക്ക് സമ്മാനിച്ച കവിതകളിലൊന്നുമായി വന്ന കുട്ടി വേദി കീഴടക്കി. കവിത ചൊല്ലി വന്ന പ്രതിഭയുടെ മുന്നിലേക്ക് ഒട്ടും നാടകീയതയില്ലാതെ ആ കവി കടന്നുചെന്നു. ഇന്ന്, അറബി കവിതാ മത്സരവേദികള്‍ കീഴടക്കിയ അലവിക്കുട്ടി മൗലവി കോട്ടൂര്‍ തന്നെയായിരുന്നു അത്. രചന-മോയിന്‍ കുട്ടി വൈദ്യര്‍ എന്ന് മാപ്പിളപ്പാട്ടു വേദിയില്‍ മുഴങ്ങാറുള്ളതുപോലെ, അറബിക്കവിതാ മത്സര വേദികളില്‍ `രചന- അലവിക്കുട്ടി മൗലവി കോട്ടൂര്‍' എന്നത് ഒരു സ്ഥിരം പ്രതീക്ഷിത ശബ്‌ദമായി മാറുന്ന ഉത്തമ മുഹൂര്‍ത്തമായിരുന്നു അത്.
കവിതയും ഈണവും സാമൂഹ്യ വിമര്‍ശനവും നിറഞ്ഞ തന്റെ കലാജീവിതത്തിന്റെ ഓര്‍മകള്‍ ശബാബുമായി പങ്കുവെക്കുകയാണ് അലവിക്കുട്ടി മൗലവി കോട്ടൂര്‍.
ജനനം, കുടുംബ പശ്ചാത്തലം
കോട്ടക്കലിനടുത്ത കോട്ടൂര്‍ പ്രദേശത്ത് 1943-ലാണ് ജനനം. ഉപ്പ കറുത്തേടത്ത് കമ്മു. ഉമ്മ കടക്കാടന്‍ കുഞ്ഞുബിരിയം. ഉപ്പയുടേത് ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നു. ഉമ്മയുടെ വീട്ടുകാര്‍ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ രംഗങ്ങളിലൊക്കെ ഉന്നത സ്ഥാനങ്ങളിലെത്തിയവരുമായിരുന്നു. ഉമ്മയാണ് മതപഠന രംഗത്തേക്ക് വഴി കാണിച്ചു തന്നത്.
പഠനം
ഭൗതിക വിദ്യാഭ്യാസം അഞ്ചാം ക്ലാസില്‍ അവസാനിച്ചു. അതേ സമയം തന്നെ നാട്ടിലെ ദര്‍സില്‍ ചേര്‍ന്നുപഠിച്ചു. 1956 ല്‍ തേനു മുസ്‌ല്യാരുടെ മകന്‍ അബ്‌ദുല്ലഹാജി മലപ്പുറത്ത് നടത്തിയിരുന്ന ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് ആല്‍പറ്റക്കുളമ്പിലും വാളക്കുളത്തും മുല്ലപ്പള്ളി മൊയ്‌തീന്‍ മുസ്‌ലിയാര്‍ ദര്‍സിലും ചാലിയം ഒ കെ മുസ്‌ലിയാര്‍ ദര്‍സിലും പഠിച്ചു. ഇതിനിടയില്‍ ചെറുശ്ശോല മൊയ്‌തുട്ടി മുസ്‌ലിയാര്‍ ദര്‍സിലും അല്‌പകാലം പഠിച്ചു. 1963 ല്‍ ദര്‍സ് പഠനം മതിയാക്കി മദ്‌റസാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചാലിയം, പരപ്പനങ്ങാടി, ആട്ടീരി, ചാപ്പനങ്ങാടി എന്നിവിടങ്ങളില്‍ മദ്‌റസാധ്യാപകനായി ജോലി ചെയ്‌തു. അതിനിടക്ക്, സ്‌കൂള്‍ അധ്യാപകനാകുന്നതിനുവേണ്ടി ഏഴാം ക്ലാസ് പ്രൈവറ്റായി എഴുതിയെടുത്തു. 1969 ല്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൂത്തുപറമ്പ് സബ്‌ജില്ലയില്‍ മാനന്തേരി മാപ്പിള എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ ശമ്പളം ജാഇസാവുകയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ അധ്യാപനരംഗത്ത് വരുന്നത്. 1972 ല്‍ പി എസ് സി വഴി കോട്ടക്കല്‍ ഗവ. യു പി സ്‌കൂളിലേക്ക് മാറി.
രചനയിലേക്കുള്ള വരവ്, പ്രചോദനം
ദര്‍സ് പഠനമാണ് കവിതാ രചനയോട് താല്‌പര്യമുണ്ടാക്കിയത്. ഉമ്മയുടെ നിര്‍ബന്ധമായിരുന്നു ദര്‍സ് പഠനത്തിന് പ്രേരണ. ഉമ്മ അക്കാലത്ത് തന്നെ മതപഠനം നേടിയിരുന്നു. സ്‌ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് സജീവമല്ലാതിരുന്ന ഒരു കാലമായിരുന്നിട്ടും ഉമ്മയുടെ ഉപ്പ കടക്കാടന്‍ അവറാന്‍കുട്ടി ഹാജി ഉമ്മയ്‌ക്ക് മതപഠനം നല്‌കുന്നതില്‍ ശ്രദ്ധിച്ചു. അക്കാലത്തു തന്നെ സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമുദായത്തിനകത്തെ യാഥാസ്ഥിതികതകളെ ചോദ്യം ചെയ്‌തുകൊണ്ട് പുരോഗമനപരമായ കാഴ്‌ചപ്പാട് പുലര്‍ത്തിയ ആളായിരുന്നു തേനു മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ഉമ്മ. ഒരര്‍ഥത്തില്‍ ഉമ്മ തന്നെയായിരുന്നു എന്റെ ആദ്യത്തെ ദര്‍സും.
കവിത എഴുതുന്നതിന് ഏറെ പ്രോത്സാഹനം തന്നത് മുല്ലപ്പള്ളി മൊയ്‌തീന്‍ മുസ്‌ലിയാരാണ്. ദര്‍സ് പഠനത്തിനിടെ മോഡേണ്‍ അറബിക് പഠിക്കാന്‍ അദ്ദേഹം ഏറെ പ്രേരിപ്പിച്ചു.
പള്ളിദര്‍സിലെ സുഹൃത്തുക്കള്‍ പരസ്‌പരം അയച്ചിരുന്ന മുറാസലാത്ത് (എഴുത്തുകുത്തുകള്‍) വഴിയാണ് എഴുതി പരിശീലിക്കുന്നത്. കത്തില്‍ കവിത ചേര്‍ത്ത് പരസ്‌പരം എഴുതി. കൂട്ടുകാര്‍ പ്രമുഖരുടെ വരികള്‍ ചേര്‍ത്തപ്പോള്‍ ഞാന്‍ സ്വന്തമായി വരികള്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. സുഹൃത്തുക്കളുടെ വിവാഹത്തിനും മറ്റും മംഗളാശംസകള്‍ അയക്കാറുണ്ടായിരുന്നു. ഇരുമ്പുഴി യൂസുഫ് മുസ്‌ലിയാരുടെ വിവാഹത്തിന് മംഗളാശംസകളയച്ചുകൊടുത്തു. അദ്ദേഹത്തിനത് ഏറെ ഇഷ്‌ടപ്പെട്ടു. അറൂള (കാവ്യശാസ്‌ത്രം) പഠിക്കാത്ത താങ്കളെങ്ങനെ മനോഹരമായ കവിതകളെഴുതുന്നു എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. കാവ്യശാസ്‌ത്രം പഠിക്കാന്‍ പ്രേരണ നല്‌കിയത് അദ്ദേഹമാണ്. മത്‌നുല്‍ കാഫിയുടെ കയ്യെഴുത്തു പ്രതി തരികയും ചെയ്‌തു.
കവിതാരംഗത്ത് സജീവമാകുന്നത്
അധ്യാപന രംഗത്ത് പ്രവേശിച്ചതില്‍ പിന്നെ കവിതാ രചനയില്‍ ശ്രദ്ധചെലുത്താനായില്ല. അതിനിടെ 1980 ലെ ഭാഷാസമരമാണ് കവിതാ രചനയില്‍ സജീവമാകുന്നതിന് നിമിത്തമായത്.
ഭാഷാസമരത്തിന്റെ വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്നുണ്ട്. നോമ്പാണ്. സ്‌കൂളവധിയാണ്. ശമ്പളം വാങ്ങാനായി വന്ന് ഹെഡ്‌ടീച്ചറെ കാത്തിരുന്ന് സ്‌കൂളില്‍ ഉറങ്ങിപ്പോയി. പിറ്റേന്ന് പത്രത്തില്‍ വായിച്ചറിഞ്ഞു, നൂറടിപ്പാലം പൊളിച്ച കേസിലും ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് കയ്യേറിയ കേസിലും ഞാന്‍ പ്രതിയാണ്. ഞാന്‍ മാത്രമല്ല, കോട്ടൂരില്‍ നിന്ന് പല ചെറുപ്പക്കാരും പ്രതിയാണ്. ആരും മലപ്പുറത്ത് പോയവരല്ല. ഇതിനെതിരെ കവിതെഴുതിയേ തീരൂ എന്ന് തോന്നി. ഭാഷാ സമരാനന്തരം കെ എ ടി എഫ് കൊല്ലത്ത് സംഘടിപ്പിച്ച സമ്മേളനത്തിലെ മത്സര വിഭാഗത്തില്‍ എന്റെ കവിതക്ക് ഒന്നാം സ്ഥാനം കിട്ടി. അയിരൂര്‍ മൂസ മൗലവിക്കായിരുന്നു രണ്ടാം സ്ഥാനം. മൂസ മൗലവിയുടെ കവിതയേക്കാള്‍ മികച്ചതായതിനാലല്ല എന്റെ കവിതക്ക് ഒന്നാം സ്ഥാനം കിട്ടിയത് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. എന്റെ കവിത ഭാഷാസമരവുമായി ബന്ധപ്പെട്ടതാണ്. അറബി അധ്യാപകരുടെ വികാരമായിരുന്നല്ലോ ഭാഷാസമരം. വിഷയത്തിന്റെ കാലികപ്രസക്തിയാണ് എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്നത്.
ഒന്നാം സ്ഥാനം കിട്ടിയ കവിത വേദിയില്‍ ചൊല്ലണം. ഞാന്‍ കവിത ചൊല്ലാന്‍ തുടങ്ങി. കൊല്ലം സലാമത്ത് ഹാളില്‍ നിറഞ്ഞ സദസ്സ്, ഓരോ വരിക്കും അര വരിക്കും കൈയ്യടിയും ചൂളം വിളിയുമായി ആവേശഭരിതരായി. അതെനിക്ക് വലിയ പ്രചോദനമായി. കാലിക പ്രസക്തമായ വിഷയങ്ങള്‍ സ്വീകരിക്കാന്‍ ആളുകളുണ്ടെന്ന ആത്മവിശ്വാസം എഴുത്ത് തുടരാനുള്ള വഴിതുറന്നു. തുടര്‍ന്ന് സ്‌ത്രീധനത്തിന്റെ രോദനത്തില്‍ തുടങ്ങി നിരവധി കാലിക വിഷയങ്ങളില്‍ കവിതകളെഴുതി.
രചനയിലെ വിഷയ വൈവിധ്യം
ആനുകാലിക പ്രധാനമായ കവിതകളാണ് ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത്. അതിന്റെ പ്രധാന കാരണം യുവജനോത്സവ മത്സര വേദികളില്‍ ഏറ്റവും പുതിയ വിഷയങ്ങള്‍ വേണമെന്ന മത്സരാര്‍ഥികളുടെ പിടിവാശിയാണ്. ഫലസ്‌തീനിന്റെ രോദനം, ഗുജറാത്ത് കലാപം, സദ്ദാമിന്റെ മരണം, ഇസ്‌റാഈല്‍ അധിനിവേശം, സുനാമി, എന്‍ഡോസള്‍ഫാന്‍ തുടങ്ങി നിരവധി ആനുകാലിക വിഷയങ്ങളില്‍ കവിതകളെഴുതി. ഡല്‍ഹി പീഡനം, അസം കലാപം എന്നിവയെക്കുറിച്ചാണ് ഏറ്റവും പുതിയ കവിതകള്‍.
ഫഹദ് രാജാവ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കമല സുരയ്യ, എന്‍ കെ അഹ്‌മദ് മൗലവി, മങ്കട അബ്‌ദുല്‍ അസീസ് മൗലവി തുടങ്ങി പ്രമുഖരുടെ റസാഉകളും മര്‍ഫിയത്തുകളുമാണ് ആനുകാലികങ്ങള്‍ക്ക് പുറമേ കൂടുതലായെഴുതിയത്. നസ്വീഹ, വഅദ്, മദ്‌ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന കവിതകളും എഴുതിയിട്ടുണ്ട്.
നാനൂറോളം കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. കെ എ ടി എഫ് പ്രസിദ്ധീകരണങ്ങളിലും മറ്റും അച്ചടിച്ചു വന്നിട്ടുണ്ട് ചിലത്. ഫഹദ് രാജാവിന്റെ അനുസ്‌മരണം എഴുതി, ഡല്‍ഹിയിലെ സുഊദി എംബസി വഴി അയച്ചിരുന്നു. അതിന് വലിയ പുസ്‌തക ശേഖരം പാരിതോഷികമായി അയച്ചുതന്നു. കൂട്ടത്തില്‍ ഒരു കത്തും. താങ്കളുടെ സൃഷ്‌ടി ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് അയച്ചിട്ടുണ്ട് എന്ന് കത്തില്‍ അറിയിച്ചു. പക്ഷേ, അത് പ്രസിദ്ധീകരിച്ചുവോ എന്ന് പിന്നീട് വിവരം ലഭിച്ചില്ല. കവിതകള്‍ സമാഹരിച്ചു വച്ചിട്ടുണ്ട്. പുസ്‌തമാക്കി പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത കാരണം മടിച്ചിരിക്കുകയാണ്.
വായന
ആനുകാലിക സംഭവങ്ങളെ അവലംബിച്ചുള്ള കവിതാ രചനക്ക് പത്രവാര്‍ത്തകള്‍ തന്നെയാണ് ആശ്രയിക്കാറുള്ളത്. അധ്യാപന കാലത്ത് കൂടുതലായി വായിച്ചിരുന്നു. പൊതുവില്‍ അധ്യാപകര്‍ വായനാശീലമില്ലാത്തവരായിരുന്നു. കരുവള്ളി മുഹമ്മദ് മൗലവി ഐ എം ഇ ആയിരുന്ന കാലത്ത് എല്ലാ യോഗങ്ങളിലും കണിശമായി ഉണര്‍ത്താറുണ്ടായിരുന്ന ഒന്നായിരുന്നു ഒരറബി ആനുകാലികമെങ്കിലും കൃത്യമായി വായിക്കണമെന്നത്. അധ്യാപന ജീവിതത്തില്‍ നീണ്ട പതിനഞ്ച് വര്‍ഷക്കാലം മുസ്‌ലിം വേള്‍ഡ് ലീഗീന്റെ അഖ്‌ബാറുല്‍ ആലമില്‍ ഇസ്‌ലാമി വായിക്കാറുണ്ടായിരുന്നു. പിന്നീടതിന്റെ വരി നിന്നു. കക്കാട് അബ്‌ദുല്ല മൗലവി എഴുതിയ ബസീതുല്‍ ഖത്വ് അറബി അധ്യാപകര്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഒരു പുസ്‌തകമാണ്. ലിപിശാസ്‌ത്രവും ഭാഷാചരിത്രവുമൊക്കെ വൃത്തിയില്‍ മനസ്സിലാക്കാന്‍ ഈ പുസ്‌തകം സഹായകമാണ്.
പുതിയ കവിതകള്‍
പൊതുവില്‍ മലയാളത്തില്‍ അറബി കവിതകളെഴുതിയവര്‍ കുറവാണ്. ഇന്നത് വളരെ ശുഷ്‌കിച്ചിട്ടുണ്ട്. പള്ളിദര്‍സ് സംവിധാനത്തില്‍ നിന്ന് വ്യവസ്ഥാപിത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വന്നപ്പോള്‍ നഷ്‌ടമായ ചിലതുകളില്‍ ഒന്നാണ് സര്‍ഗബോധം. മാര്‍ക്കിനുവേണ്ടി മാത്രമായി സിലബസുകള്‍ ചുരുങ്ങിയപ്പോള്‍ കവിതയും ഈണവുമൊക്കെ കുറഞ്ഞു. മത്സര വേദികളില്‍ കവിതാ രചനയില്‍ താല്‌പര്യമുള്ള കുട്ടികള്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ വരാറുണ്ട്. അവരില്‍ ചിലര്‍ പ്രതിഭ ഉള്ളവരാണ്.
പുതിയ കവികളില്‍ ശ്രദ്ധേയനാണ് ഫലക്കി മൗലവിയുടെ മകന്‍ ജാബിര്‍ ബിന്‍ ഫലക്കി. വളരെക്കുറച്ച് കവിതകളേ എഴുതിയിട്ടുള്ളുവെങ്കിലും എഴുതിയവ തനിമയുള്ളവയും മികച്ചവയുമാണ്. ഡോ. മുജീബ് നെല്ലിക്കുത്ത്, തിക്കോടി സ്വദേശി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങി ചിലര്‍ കവിതാ പഠനാവശ്യാര്‍ഥം സമീപിക്കാറുണ്ട്. 2012 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച `പ്രവാചക കീര്‍ത്തനം, അന്താരാഷ്‌ട്ര കവിയരങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. കേരളത്തില്‍ നിന്നുള്ള അറബിക്കവികള്‍ വളരെ കുറവായിരുന്നു.
കലോത്സവ അനുഭവങ്ങള്‍
സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ എന്റെ ഒരുപാട് കവിതകള്‍ കുട്ടികള്‍ ചൊല്ലിയിട്ടുണ്ട്. എടവണ്ണയിലെ ഫര്‍ഹ, എം ഐ നജ, എം ഐ നുഹ, അസ്‌ന സലീം തുടങ്ങിയവര്‍ തുടര്‍ച്ചയായി എന്റെ കവിതകള്‍ ചൊല്ലി സമ്മാനാര്‍ഹരായവരാണ്. അതേ സമയം അറബിക് രചനാ മത്സരങ്ങളുടെ വിധികര്‍ത്താവായും കുറേ വര്‍ഷങ്ങള്‍ യുവജനോത്സവത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞു.
മലപ്പുറത്ത് ഇപ്രാവശ്യം നടന്ന സംസ്ഥാന യുവജനോത്സവ വിധിനിര്‍ണയത്തിലെ അപാകതകള്‍ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാന്വല്‍ പ്രകാരം അറബി പദ്യം ചൊല്ലലിലെ മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നത് നാല് കാര്യങ്ങളാണ്. അക്ഷര സ്‌ഫുടത, മനപ്പാഠം, ശൈലീ ഭംഗി, മിതമായ ഭാവപ്രകടനം എന്നിവ. എന്നാല്‍ അറബി കാവ്യ സാഹിത്യത്തില്‍ വളരെ പ്രധാനമായ വികാരം, ഭാവന, വിചിന്തനം, വൃത്ത പ്രാസ നിബദ്ധമായ സംഗീതം എന്നിവയൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. പദ്യം ചൊല്ലല്‍ ഗാനാലാപനത്തിലേക്ക് വഴുതുന്ന ദുര്യോഗം മത്സരവേദികളെ കീഴടക്കുന്നുണ്ട്. ഗാനഭംഗിയില്‍ മറ്റെല്ലാ ഘടകങ്ങളും വിസ്‌മരിക്കുന്ന പ്രവണത അംഗീകരിക്കാവതല്ല. സമൂലമായ പരിഷ്‌കരണം അറബി സാഹിത്യോത്സവ മാന്വലുകളില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.























.jpg)
.jpg)



.jpg)








0 comments: