സാമ്പത്തിക വിശുദ്ധി
ഈ ലോകത്ത് ലഭിച്ച ആയുഷ്‌ക്കാലം വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് പരലോക ജീവിതത്തിലും സൗഖ്യമായിരിക്കും ഫലം. ഇതാണ് മതം അഥവാ ഇസ്‌ലാം. ജീവിത വിശുദ്ധിക്കാവശ്യമായ കല്‌പനാ നിരോധങ്ങളും നിയമനിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലുമുള്ളത്.
ജീവിത വിശുദ്ധി എന്നത് വ്യക്തി-കുടുംബ-സമൂഹ ജീവിതത്തെ മുഴുവന്‍ ചൂഴ്‌ന്നുനില്‌ക്കുന്ന സര്‍വതല സ്‌പര്‍ശിയായ സൂക്ഷ്‌മതയാണ്. അതിനാണ് തഖ്‌വാ എന്ന് പറയുന്നത്. ദൈവദോഷം കലരാത്ത, ശിര്‍ക്ക് വരാത്ത വിശ്വാസം, മനുഷ്യബന്ധങ്ങളിലെ സൂക്ഷ്‌മത, സദാചാരബോധം എന്നിത്യാദികളെപ്പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സാമ്പത്തിക വിശുദ്ധി. സാമ്പത്തിക സമ്പാദന വിനിമയ വിതരണരംഗങ്ങള്‍ മുഴുവന്‍ സുതാര്യവും ചൂഷണമുക്തവും പരോപകാരപ്രദവും ആയിത്തീരുക എന്നതാണ് സാമ്പത്തിക വിശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മറ്റേത് കാര്യങ്ങളിലെന്നപോലെത്തന്നെ ഇസ്‌ലാം കാണിച്ചുതരുന്ന സാമ്പത്തിക സരണി കുറ്റമറ്റതും മനുഷ്യന് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ പ്രയാസമില്ലാത്തതുമാണ്.
ജീവിത വിഭവങ്ങള്‍ തേടുക എന്നത് ജന്തുസഹജമായ ഒരു പ്രക്രിയയാണ്. `അന്നന്നത്തെ അപ്പം' എന്ന മിനിമം കാര്യത്തില്‍ ഒതുങ്ങിനില്‌ക്കുന്നു ജന്തുക്കളുടെ അധ്വാനം. എന്നാല്‍ മനുഷ്യന്‍ തനിക്കും കുടുംബത്തിനും വേണ്ടി അധ്വാനിക്കുക മാത്രമല്ല, അതില്‍ നിന്ന് കിട്ടുന്നത് സൂക്ഷിച്ചുവയ്‌ക്കുകയും ചെയ്യുന്നു. തനിക്കു തന്നെയും തന്റെ ശേഷം പിന്‍മുറക്കാര്‍ക്കും ആ സമ്പാദ്യം പ്രയോജനം ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങള്‍ക്കാണല്ലോ നാം സമ്പത്ത് എന്ന് പറയുന്നത്. അതിന്റെ രൂപത്തിലും മൂല്യത്തിലും ഉപയോഗരീതിയിലുമൊക്കെ വ്യത്യാസം കാണും. സമ്പത്ത് മനുഷ്യജീവിതത്തിന്റെ നിലനില്‌പിന്നാധാരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (4:5) പറഞ്ഞിട്ടുണ്ട്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ നിരവധി നിഅ്‌മത്തുകളുടെ കൂട്ടത്തില്‍ ഒരെണ്ണമാണ് സമ്പത്തും സമൃദ്ധിയും. സമ്പത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച പര്യായപദങ്ങള്‍ ഫദ്‌ല്‍ (ഔദാര്യം), ഖൈര്‍ (നന്മ) എന്നൊക്കെയാണ്. അല്ലാഹുവിന്റെ ഔദാര്യമായ സമ്പത്ത് തേടിയിറങ്ങിക്കൊള്ളൂ(62:10) എന്ന ഖുര്‍ആനിന്റെ നിര്‍ദേശം സമ്പാദനത്തിനുള്ള അനുവാദവും ആഹ്വാനവുമാണ്. മാത്രമല്ല, സമ്പാദിച്ചതെല്ലാം ചെലവഴിച്ചുകളഞ്ഞ് പിന്‍തലമുറയെ ദരിദ്രരാക്കി വിട്ടേക്കരുതെന്നും ഖുര്‍ആന്‍ പറയുന്നു. (4:9)
ഇങ്ങനെ മനുഷ്യന്‍ സമ്പാദിക്കുന്നതിനോ സൂക്ഷിച്ചുവയ്‌ക്കുന്നതിനോ യാതൊരു പരിധിയും ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല. അനുവദനീയമായ മാര്‍ഗത്തിലൂടെ മാത്രമേ സമ്പത്ത് തേടാവൂ എന്നുമാത്രം. എന്നാല്‍ സമ്പത്ത് ഒരിടത്ത് കെട്ടിക്കിടക്കേണ്ടതല്ല. മറ്റാര്‍ക്കും ഉപകാരപ്പെടാതെ കെട്ടിപ്പൂട്ടി വയ്‌ക്കുന്നത് ഇഹത്തില്‍ നഷ്‌ടവും പരലോകത്ത് ശിക്ഷയും ലഭിക്കുന്ന കാര്യങ്ങളാണ് (9:34). സമ്പദ് സമൃദ്ധിയില്‍ മതിമറക്കുന്നവനും സമനില തെറ്റാവുന്നവനുമാണ് മനുഷ്യന്‍. `പത്തുകിട്ടിയാല്‍ നൂറുമതിയെന്ന്' ആശിക്കുന്നത് മനുഷ്യപ്രകൃതിയാണ്. ആശയ്‌ക്കും ആഗ്രഹത്തിനും തെറ്റില്ലതാനും. ആ ആഗ്രഹമാണ് സാമ്പത്തിക വളര്‍ച്ചയുടെ നിദാനം. ജന്തുക്കള്‍ക്ക് സമ്പത്ത് എന്ന സങ്കല്‌പമേ ഇല്ലല്ലോ. വിവേകമതിയായ മനുഷ്യനോട് സമ്പത്തിന്റെ ദാതാവായ അല്ലാഹു ഇങ്ങനെ ഉണര്‍ത്തുന്നു. സമ്പത്തും സന്താനങ്ങളും ഐഹികവിഭവങ്ങളാണ് (18:46). അവ രണ്ടും മനുഷ്യര്‍ക്ക് പരീക്ഷണമായും വര്‍ത്തിക്കുന്നു. (8:28). ഇത്രയും പറഞ്ഞതില്‍ നിന്ന് ഇസ്‌ലാം സമ്പത്തിനെ എങ്ങനെ കാണുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
ഭൗതികനേട്ടവും സമ്പദ്‌സമൃദ്ധിയും ആത്മീയതയ്‌ക്ക് വിരുദ്ധമായി കാണുന്ന കാഴ്‌ചപ്പാടകുള്‍ നിലവിലുണ്ട്. സമ്പന്നന്‍ സ്വര്‍ഗത്തില്‍ കടക്കുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോവുന്നതുപോലെ അസംഭവ്യമാണെന്ന് സിദ്ധാന്തിക്കുന്നവരുമുണ്ട്. ഭൗതിക സുഖസൗകര്യങ്ങള്‍ ശവമാണെന്നും അവ തേടുന്നവര്‍ പട്ടികളാണെന്നുമുള്ള ഒരുതരം സൂഫിചിന്തകള്‍ ചില മുസ്‌ലിംകള്‍ക്കിടയിലും ഉണ്ട്. സ്വകാര്യ സ്വത്ത് പാടില്ല അഥവാ വ്യക്തികള്‍ സമ്പാദിക്കാന്‍ പാടില്ല, അധ്വാനം വ്യക്തിക്കും ഫലം സ്റ്റെയിറ്റിനും എന്നിത്യാദി സോഷ്യലിസ്റ്റ് കാഴ്‌ചപ്പാട് ഒരുകാലത്ത് ബുദ്ധിമാന്മാരുടെ സിദ്ധാന്തമായി കണ്ടിരുന്നുവെങ്കില്‍ ഇന്ന് അത് കാലഹരണപ്പെട്ട ഒരു വരട്ടുതത്വം മാത്രം. ഇതിന്റെ നേര്‍വിപരീതമായ മുതലാളിത്തവും നിലവിലുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമാണ് ഇസ്‌ലാം മുന്നോട്ടുവയ്‌ക്കുന്ന സാമ്പത്തികദര്‍ശനം. അതില്‍ മിതത്വവും സന്തുലിതത്വവും കാണാം. പ്രായോഗികതയും കാലികപ്രസക്തിയും ഉണ്ട്. ആര്‍ക്കും എത്രയും സമ്പാദിക്കാം, സ്വകാര്യ സ്വത്തിന് യാതൊരു വിരോധനവും ഇല്ല എന്ന് പറഞ്ഞ ഇസ്‌ലാം ഈ രംഗത്ത് വ്യക്തികള്‍ക്ക് എന്തുമാവാം എന്ന നിലപാട് കൈക്കൊണ്ടിട്ടില്ല.
സമ്പത്ത് ദൈവത്തിന്റെ വരദാനമാണ് എന്ന ഓര്‍മ വേണം. സമ്പത്ത് ഈ ലോകത്ത് എല്ലാവര്‍ക്കും `ഒന്നുപോലെ'യല്ല നല്‌കപ്പെട്ടത്. ദിവ്യാനുഗ്രഹം ലഭിച്ചവന്‍ ഇല്ലാത്തവര്‍ക്ക് പങ്കുവയ്‌ക്കാന്‍ തയ്യാറാകണം. അത് ബാധ്യതയാണ്. സത്യവിശ്വാസിയുടെ നിലപാട് ഖുര്‍ആനില്‍ വിശദീകരിക്കുന്നു. ആവശ്യക്കാരനും സാമ്പത്തിക ഭദ്രത ഇല്ലാത്തവനും തന്റെ സ്വത്തില്‍ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നവനാണ് ഭക്തന്‍ (70:24-25). ഈ അവകാശമാണ് സകാത്ത്. അത് നിര്‍വഹിക്കുന്നവര്‍ മാത്രമേ വിശ്വാസികളുടെ ഗണത്തില്‍ ഉള്‍പ്പെടൂ (23:4) എന്നാണ് ഇസ്‌ലാമിന്റെ നയം. ദാനധര്‍മങ്ങള്‍ എല്ലാ മതങ്ങളിലും പുണ്യമാണ്; ഇസ്‌ലാമിലും. എന്നാല്‍ മേല്‍പറഞ്ഞ അവകാശം അതല്ല. നിശ്ചിത പരിധിയിലേറെ സ്വത്തുള്ളവര്‍ അതില്‍ നിന്ന് നിര്‍ണിതമായ ഒരോഹരി മാറ്റിവയ്‌ക്കണം. അതവര്‍ക്ക് ഉപയോഗിച്ചുകൂടാ. അതിന്നാണ് സകാത്ത് എന്നു പറയുന്നത്. സമ്പത്തുള്ളവന്‍ തന്റെ സമ്പത്തിന്റെ നിശ്ചിത വിഹിതം സമ്പത്തില്ലാത്ത ദരിദ്രര്‍ക്കുവേണ്ടി നല്‌കുന്ന സംവിധാനത്തിന് അല്ലാഹു നല്‌കിയ പേര് ധനവുമായി യാതൊരു ബന്ധവുമില്ലാത്ത `സകാത്ത്' എന്നാണ്. വിശുദ്ധി എന്നാണ് അതിനര്‍ഥം. ദൈവം തനിക്ക് നല്‌കിയത് സമസൃഷ്‌ടികള്‍ക്ക് പങ്കുവയ്‌ക്കുവാനുള്ള സന്മനസ്സ് അഥവാ സാമ്പത്തിക വിശുദ്ധി ഇസ്‌ലാമിലെ അടിസ്ഥാനപരമായ അനുഷ്‌ഠാനങ്ങളില്‍ പെട്ടതാണ്.
സമ്പത്തിനുള്ള സകാത്ത് കൊടുക്കുന്നതോടെ സാമ്പത്തിക വിശുദ്ധി കൈവരിച്ചു എന്നു പറയാന്‍ പറ്റില്ല. സകാത്ത് നല്‌കിയാല്‍ പിന്നെന്തുമാവാമെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യന് സമ്പത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ് (100:8). ധനത്തോട് അതിയായ മോഹമുള്ളതോടുകൂടിത്തന്നെ അനാഥകള്‍ക്കും അഗതികള്‍ക്കും ബന്ദികള്‍ക്കും ആഹാരം നല്‌കാന്‍ സന്മനസ്സ് കാണിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം (76:8). ധനമോഹം നിമിത്തം പിശുക്ക് കാണിക്കുക എന്നതും മനുഷ്യന്റെ സഹജ സ്വഭാവമാണ്. കൊടുക്കാതിരിക്കുക എന്ന സ്വഭാവം നമസ്‌കരിക്കുന്ന വിശ്വാസിക്ക് ഭൂഷണല്ല (70:21). യഥാര്‍ഥ വിശ്വസികള്‍ ധനം ചെലവഴിക്കുമ്പോള്‍ പിശുക്കു കാണിക്കുകയോ ധൂര്‍ത്തടിക്കുകയോ ഇല്ല. മിതവ്യയശീലം വിശ്വാസിയുടെ മുഖമുദ്രയാണ് (25:67). ഒരാള്‍ സമ്പാദിച്ചുവെച്ച ധനം മോഷണം നടത്തുക എന്നത് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദിഷ്‌ട ശിക്ഷ (ഹദ്ദ്) നിശ്ചയിച്ച വലിയ കുറ്റമായി ഇസ്‌ലാം കാണുന്നു (5:38). അനാഥരുടെ ധനം അന്യായമായി ഭുജിക്കുന്ന രീതി തീ തിന്നുന്നതിനു തുല്യമാണ് (4:10). സാമ്പത്തിക ഞെരുക്കവും ജീവിതാവശ്യങ്ങളും ഒത്തുവരുമ്പോഴുള്ള മനുഷ്യന്റെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്‌തുകൊണ്ടുള്ള പണക്കാരന്റെ കൗശലമാണ് പലിശ എന്നാണ് ഇസ്‌ലാം പറയുന്നത് (2:275). പലിശയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കര്‍ശനമായി വിലക്കിയിട്ടുണ്ട് (2:276). ഏതു കാലത്തും പണക്കാരുടെ തോന്നിവാസങ്ങളില്‍ പെട്ട ഒരു വിനോദമാണ് ചൂതാട്ടം. ചൂതാട്ടത്തിന്റെ ഏതിനമാണെങ്കിലും അത് പൈശാചികമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട് (5:90)
സമ്പത്ത് എന്ന അനുഗ്രഹം സുതാര്യവും ചൂഷണരഹിതവും ജനോപകാരപ്രദവും ആയിരിക്കണമെന്ന് ഇത്ര കണിശമായി നിഷ്‌കര്‍ഷിച്ചുകൊണ്ട് യഥേഷ്‌ടം സമ്പാദിക്കാനും വിനിയോഗിക്കാനും അനുവദിച്ച ഒരു മതമോ പ്രസ്ഥാനമോ തത്വസംഹിതയോ ഇസ്‌ലാമല്ലാതെ വേറെയില്ല. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പലിശരഹിതമായ ഇസ്‌ലാമിക സാമ്പത്തിക ക്രമം നടപ്പിലാക്കുകയാണ് പോംവഴി എന്ന് ലോക പ്രശസ്‌ത സാമ്പത്തിക വിശാരദന്മാര്‍ പോലും അഭിപ്രായപ്പെട്ടത് ഈ അടുത്ത കാലത്താണ്. ധനദാതാവിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്, ഇതര മനുഷ്യരെ ചൂഷണം ചെയ്യാതെ സമ്പത്ത് വിനിയോഗിക്കുമ്പോള്‍ ലഭിക്കുന്ന സുസ്ഥിതിയാണിത് കാണിക്കുന്നത്. ഇതിന്റെ ചാലക ശക്തി ഭരണമോ അധികാരമോ അല്ല; ഉയിര്‍ത്തെഴുന്നേല്‌പുനാളില്‍ താന്‍ വിനിയോഗിച്ച ഓരോ പൈസയ്‌ക്കും താന്‍ കണക്കു പറയേണ്ടിവരുമെന്ന ബോധ്യമാണ് മനുഷ്യരെ സാമ്പത്തിക വിശുദ്ധിയുള്ളവരാക്കിത്തീര്‍ക്കുന്നത്. എത്ര ഓഡിറ്റര്‍മാരെ സ്വാധീനിക്കാന്‍ സാധിച്ചാലും അല്ലാഹുവിന്റെ ഓഡിറ്റിനെ മറികടക്കാന്‍ കഴിയില്ലെന്ന വിശ്വസമാണ് മനുഷ്യനെ സാമ്പത്തിക വിശുദ്ധിക്ക് പ്രേരിപ്പിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്ത് സാമൂഹിക ജീര്‍ണതയായി നിലനില്‌ക്കുന്ന കാര്യങ്ങളില്‍ പ്രധാനമായ ഒന്ന് സാമ്പത്തികമല്ലേ? ഇസ്‌ലാം നിഷ്‌കര്‍ശിച്ച മൂല്യങ്ങള്‍ ഓരോന്നും കാറ്റില്‍ പറത്തുമ്പോള്‍ അവിടെ ചൂഷണവും തിന്മയും ജീര്‍ണതയും കടന്നുവരുന്നു. സമകാലിക കേരളം നാറിക്കൊണ്ടിരിക്കുന്ന സോളാര്‍ വിവാദവും കത്തിയമരുന്ന ടോട്ടല്‍ ഫോര്‍യു വിവാദവും ഓരോ പട്ടണവും കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന ഡസന്‍ കണക്കിന് നിക്ഷേപത്തട്ടിപ്പുകളും കൊലപാതകങ്ങള്‍ പോലും പണത്തിന്റെ അത്യാര്‍ത്തിയുടെ പരിണതിയാണെന്ന് കാണാം.
കള്ളും പെണ്ണും അവയുടെ രാസത്വരകമായും വര്‍ത്തിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ അനുയായികളായി അറിയപ്പെടുന്നവരും വന്‍ സാമ്പത്തിക ക്രമക്കേടുകളില്‍ കക്ഷികളായി കാണുന്നു! അല്ലാഹുവിന്റെ കല്‌പനകള്‍ അവഗണിക്കുന്നവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയും പരലോകത്ത് കഠിനമായ ശിക്ഷയും അനുഭവിക്കേണ്ടിവരും. പ്രവാചകന്റെ ഒരു താക്കീത് നമ്മുടെ ശ്രദ്ധയില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. `നാലു കാര്യങ്ങളെപ്പറ്റി ചോദ്യം ചെയ്യപ്പെടാതെ ഉയിര്‍ത്തെഴുന്നേല്‌പു നാളില്‍ ഒരാള്‍ക്കും ഒരടി മുന്നോട്ടു നീങ്ങാന്‍ കഴിയില്ല. (അവയിലൊന്ന്) തന്റെ ധനത്തെപ്പറ്റിയാണ്. എവിടെ നിന്ന് സമ്പാദിച്ചു, ഏതു വഴിക്ക് ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടാതിരിക്കില്ല.'' അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ സാമ്പത്തിക വിശുദ്ധി ഉള്‍പ്പെടെ ജീവിതം സംശുദ്ധമാക്കാന്‍ ശ്രമിക്കുക.
0 comments: