ശബാബ് മുഖാമുഖം 2013_augest_2

  • Posted by Sanveer Ittoli
  • at 12:55 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_augest_2


റമദാനില്‍ അവസാന പത്തിലല്ലാതെ ഇഅ്‌തികാഫിരിക്കാമോ? ഇഅ്‌തികാഫിന്‌ ഒരു ഇമാമുണ്ടാകാമോ?
അബ്‌ദുല്‍ഹമീദ്‌ തലശ്ശേരി

ഉ:നബി(സ) പതിവായി റമദ്വാനിലാണ്‌ ഇഅ്‌തികാഫ്‌ നിര്‍വഹിച്ചിരുന്നത്‌. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു വര്‍ഷം അദ്ദേഹം ശവ്വാല്‍ മാസത്തിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഇഅ്‌തികാഫ്‌ ചെയ്‌തതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇഅ്‌തികാഫ്‌ എന്നാല്‍ നമസ്‌കാരം പോലെ നിശ്ചിത ക്രമമുള്ള ഒരു അനുഷ്‌ഠാനമല്ല. അത്യാവശ്യത്തിനല്ലാതെ പുറത്തുപോകാതെ പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടുക എന്നാണ്‌ ഇഅ്‌തികാഫ്‌ കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. പള്ളിയില്‍ കഴിച്ചുകൂട്ടുമ്പോള്‍ ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന, അല്ലാഹുവെ പ്രകീര്‍ത്തിക്കല്‍, സുന്നത്ത്‌ നമസ്‌കാരങ്ങള്‍ തുടങ്ങി ഏത്‌ സല്‍കര്‍മവും ചെയ്യാം. അതിനാല്‍ അതിന്‌ ഒരു ഇമാമിന്റെ ആവശ്യമില്ല. ഒരു ഇമാമിനെ അനുകരിച്ച്‌ എല്ലാവരും ഒരു കര്‍മത്തിലേര്‍പ്പെടുക എന്ന അവസ്ഥയല്ല ഇഅ്‌തികാഫിനുള്ളത്‌.....

ആണും മുഖം മറയ്‌ക്കേണ്ടതല്ലേ?
സത്യവിശ്വാസികളായ പുരുഷന്മാരോട്‌ കണ്ണ്‌ താഴ്‌ത്താന്‍ പറഞ്ഞതുപോലെ പെണ്ണിനോടും ഖുര്‍ആന്‍ അങ്ങനെ പറഞ്ഞിരിക്കുന്നുവല്ലോ. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീ മുഖം മറയ്‌ക്കണമെന്ന്‌ നിര്‍ദേശിക്കുന്നതെന്ന്‌ ഈയിടെ ഒരു പ്രഭാഷണത്തില്‍ കേട്ടു. അങ്ങനെയെങ്കില്‍ പുരുഷനും ഈ നിയമം ബാധകമാവില്ലേ?
പി ശംസുദ്ദീന്‍ പാലക്കാട്‌

ഉ:സ്‌ത്രീ മുഖം മറയ്‌ക്കണം എന്ന്‌ നേര്‍ക്കുനേരെ പറയാന്‍ അറിയാത്തവരല്ല അല്ലാഹുവും റസൂലും(സ). എന്നാല്‍ ഖുര്‍ആനിലോ പ്രമാണികമായ ഹദീസിലോ സ്‌ത്രീ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമാണ്‌ എന്നൊരു പ്രസ്‌താവമില്ല. അല്ലാഹുവും റസൂലും(സ) കല്‌പിക്കാത്ത കാര്യം നീക്കുപോക്കില്ലാത്ത മതവിധിയായി വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ ഇസ്‌ലാമിലില്ലാത്ത കാര്‍ക്കശ്യം അതിന്റെ മേല്‍ കെട്ടി വെക്കുകയാണ്‌ ചെയ്യുന്നത്‌. ദൃഷ്‌ടി താഴ്‌ത്താനുള്ള അല്ലാഹുവിന്റെ കല്‌പന സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമത്രെ. ദൃഷ്‌ടി താഴാന്‍ മുഖം മറയേണ്ട യാതൊരാവശ്യവുമില്ല. കണ്ണടക്കം മുഖം മറച്ചാല്‍ സ്‌ത്രീക്ക്‌ യാതൊന്നും കാണാനോ നടക്കാനോ കഴിയില്ല. കണ്ണിന്‌ വിടവിട്ടുകൊണ്ട്‌ മുഖം മറച്ചാലോ പുരുഷന്മാരുടെ ആകാര ഭംഗി കണ്ട്‌ ആസ്വദിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ പ്രയാസം നേരിടുകയുമില്ല. അതിനാല്‍ ദൃഷ്‌ടി താഴ്‌ത്തണമെന്ന കല്‌പനയില്‍ നിന്ന്‌ മുഖം മറയ്‌ക്കണമെന്ന്‌ മനസ്സിലാക്കാന്‍ യാതൊരു ന്യായവുമില്ല.

സ്‌ത്രീകള്‍ക്ക്‌ ഇഅ്‌തികാഫ്‌ ഉത്തമം വീട്ടിലല്ലേ?
റസൂലിന്റെ(സ) കാലത്ത്‌ സ്‌ത്രീകള്‍ പള്ളിയില്‍ ഇഅ്‌തികാഫ്‌ നിര്‍വഹിച്ചിരുന്നോ? ഇത്‌ സ്‌ത്രീകള്‍ക്ക്‌ വീട്ടിലല്ലേ ഉത്തമം? രാവും പകലുമൊക്കെ നീളുന്ന ഒരാരാധന പള്ളിയിലായാലും പെണ്ണിന്റെ സുരക്ഷിതത്വത്തെ ബാധിക്കില്ലേ?
എം ഫദ്വീല ഫാറൂഖ്‌ കോളെജ്‌

ഉ:നബി(സ)യോടൊപ്പം ഭാര്യമാരിലൊരാള്‍ ഇഅ്‌തികാഫ്‌ നിര്‍വഹിച്ചതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, അബൂദാവൂദ്‌, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ പള്ളിയിലായിരുന്നു എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. നബി(സ)യുടെ കാലശേഷം അവിടുത്തെ പത്‌നിമാര്‍ ഇഅ്‌തികാഫ്‌ നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നബി(സ)യുടെ കാലത്ത്‌ പള്ളിയിലല്ലാതെ പുരുഷന്മാരോ സ്‌ത്രീകളോ ഇഅ്‌തികാഫ്‌ നിര്‍വഹിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. വിശുദ്ധ ഖുര്‍ആനില്‍ ഇഅ്‌തികാഫിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ച സൂക്തത്തില്‍ (അല്‍ബഖറ 187) `പള്ളികളില്‍' എന്ന്‌ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്‌. പ്രവാചക പത്‌നി ആഇശ(റ)യില്‍ നിന്ന്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ `ജുമുഅയോ ജമാഅത്തോ നടക്കുന്ന പള്ളിയിലല്ലാതെ ഇഅ്‌തികാഫ്‌ നിര്‍വഹിക്കാവുന്നതല്ല'എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
പള്ളിയിലായിരിക്കുക എന്നത്‌ ഇഅ്‌തികാഫിന്റെ നിബന്ധനയാണെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന്‌ ഫത്‌ഹുല്‍ ബാരിയില്‍ ഇബ്‌നുഹജര്‍ അസ്‌ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു. സ്‌ത്രീക്ക്‌ തന്റെ വീട്ടിലെ മസ്‌ജിദില്‍ (നമസ്‌കാര സ്ഥലത്ത്‌) ഇഅ്‌തികാഫ്‌ അനുവദനീയമാണെന്ന്‌ ഹനഫി മദ്‌ഹബുകാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ ഇഅ്‌തികാഫിന്‌ പള്ളിയേക്കാള്‍ ഉത്തമം വീടാണെന്ന്‌ നബി(സ)യോ പ്രാമാണികരായ പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല. ഇഅ്‌തികാഫ്‌ ഒരു നിര്‍ബന്ധ അനുഷ്‌ഠാനമല്ല. ഒരു പള്ളിയില്‍ സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പില്ലെങ്കില്‍ അവര്‍ അവിടെ ഇഅ്‌തികാഫ്‌ ഇരിക്കാവുന്നതല്ല. എന്നാല്‍ പരിശുദ്ധ ഹറമുകള്‍ ഉള്‍പ്പെടെ പള്ളികളൊന്നും തന്നെ സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമല്ല എന്ന ധാരണ അടിസ്ഥാനരഹിതമാകുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: