സകാത്ത് ചില പ്രായോഗിക ചിന്തകള്‍
സി മുഹമ്മദ് സലീം സുല്ലമി
ദാതാവും സ്വീകര്‍ത്താവും സമ്പത്തും ഒരുപോലെ സംസ്‌കരണത്തിന് വിധേയമാകുന്ന കാര്യമാണ് സകാത്ത്. സകാത്ത് എന്ന പദവും ഈ ആശയം ധ്വനിപ്പിക്കുന്നു. ഇത്തരം മതകാര്യം സാധിക്കണമെങ്കില്‍ നല്‌കുന്ന വ്യക്തി പരപ്രേരണയൊന്നുമില്ലാതെ, സ്വയം സകാത്ത് നല്‌കണം. ഒരു ഇബാദത്ത് എന്ന നിലക്ക് പരിപൂര്‍ണ ആത്മസംതൃപ്‌തിയോടുകൂടിയും അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ നന്ദി പ്രകടിപ്പിച്ചുകൊണ്ടും നിര്‍വഹിക്കണം. കേവലം യാന്ത്രികമായോ സമൂഹത്തിലെ മാന്യത വിചാരിച്ചോ സംഘടനാബന്ധം ആലോചിച്ചോ നല്‌കുന്നതൊന്നും ഇതില്‍ ഉള്‍പ്പെടുകയില്ലെന്ന് വ്യക്തം. ഒരു സല്‍കര്‍മം ചെയ്യുമ്പോഴുള്ള വിശ്വാസത്തിന്റെ മാധുര്യം ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുഭവിക്കുന്നുണ്ടോ എന്നതും പ്രധാനം തന്നെ.
വ്യക്തിനിഷ്‌ഠമായ ഒരു കാര്യമെന്ന നിലക്ക് ഇതിന്റെ തോത് മറ്റാര്‍ക്കും അളക്കാനാവില്ല. നാം ഓരോരുത്തരും സ്വയം പരിശോധിക്കുക തന്നെ. നബി തിരുമേനിയുടെ ഒരു പ്രസ്‌താവം ശ്രദ്ധിക്കുക: ``പ്രതിഫലം പ്രതീക്ഷിച്ച് ആരെങ്കിലും അത് നല്‌കിയാല്‍ അവന് അതിന്റെ പ്രതിഫലം കിട്ടും.''
റമദാന്‍ സകാത്തിന്റെ മാസമായി ആചരിച്ചുവരുന്നു. ഇത് ലോകാടിസ്ഥാനത്തില്‍ തന്നെ പ്രചാരം സിദ്ധിച്ച കാര്യമാണ്. എല്ലാവരും സകാത്ത് കൊടുക്കാന്‍ റമദാന്‍ കാത്തിരിക്കുന്നു. കിട്ടേണ്ടവരും റമദാന്‍ തന്നെ കാത്തിരിക്കുന്നു. ഇത് പക്ഷേ, തീര്‍ത്തും ശരിയായ ഒരു നിലപാടല്ല. ഓരോ വസ്‌തുവിന്റെയും സകാത്ത് അതാത് കാലത്ത് തന്നെ നിര്‍വഹിക്കുകയാണ് വേണ്ടത്. കച്ചവടക്കാരന്‍ വര്‍ഷം തികയുമ്പോഴാണ് നല്‌കേണ്ടത്. എല്ലാവരും കച്ചവടം തുടങ്ങിയത് - തുടങ്ങുന്നത് - റമദാനിലല്ലല്ലോ? ശമ്പളം വാങ്ങുന്നവരും അങ്ങനെത്തന്നെ. എല്ലാവര്‍ക്കും ശമ്പളം കിട്ടിത്തുടങ്ങിയത് റമദാനിലല്ലല്ലോ. കൃഷിയുടേത് വിളവെടുക്കുന്ന സമയത്തും. സകാത്ത് കൊടുക്കുന്നവര്‍ ഈ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.
സകാത്ത് സെല്‍ ഒരു നല്ല സംവിധാനമാണ്. ഇസ്‌ലാമിക ഭരണമില്ലാത്തതിന്റെ പേരില്‍ സംഘടിത സകാത്ത് നിര്‍വഹിക്കാന്‍ കഴിയാതെ പോകരുതല്ലോ. പകരം സംവിധാനം നാം ഉണ്ടാക്കി. ഇവിടെ ഇത്തരം സെല്ലുകള്‍ റമദാനില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. റമദാന്‍ കഴിഞ്ഞാല്‍ അടുത്ത റമദാന്‍ കാത്തിരിക്കുന്നു. ഇടയ്‌ക്കൊന്നും ജോലിയില്ല. റമദാനില്‍ കിട്ടുന്ന സംഖ്യ ഓഹരി വെക്കുകയെന്നത് മാത്രമാണ് പല സെല്ലുകളുടെയും ഉത്തരവാദിത്തം. ഇതൊരു സ്ഥിരം സംവിധാനം എന്ന നിലക്ക് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടേ? വിവിധയിനങ്ങളിലെ സകാത്ത് കൊണ്ടും കൊടുത്തും ഒരു സ്ഥിരം സംവിധാനം. ഓരോ പ്രദേശത്തെയും - മഹല്ലിലെയും - ആവശ്യക്കാര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നതും സമീപിക്കാവുന്നതുമായ ഒരു കേന്ദ്രം. പ്രദേശവാസികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്ന ഒരു സംവിധാനം. ഇതൊരു നല്ല ആശയവും പ്രസംഗവിഷയവുമാണ്. പക്ഷേ, നമ്മുടെ എത്ര പ്രദേശങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ വന്നു? ഈ ആശയം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച പ്രസ്ഥാനത്തിന്റെ അനുയായികള്‍ക്ക് പോലും ഇതില്‍ ആത്മാര്‍ഥതയില്ലായെന്ന് വരുമോ? നാം പരിശോധിക്കുക തന്നെ വേണം.
സകാത്ത് സെല്ലിനെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വന്തം താല്‌പര്യങ്ങളുണ്ടാകും. ഇസ്‌ലാമിക ഭരണമില്ലാത്തതുകൊണ്ട്, കമ്മിറ്റിയെ ഏല്‌പിച്ചാല്‍ സകാത്ത് വീടില്ല തുടങ്ങി പലതും. പക്ഷേ, ഇസ്‌ലാമിക ഭരണമില്ലാത്തതിന്റെ പേരില്‍, ഭരണകൂടം നടപ്പാക്കിയിരുന്ന പല കാര്യങ്ങളും നാം നടപ്പാക്കുന്നുണ്ട്. ഉദാ: ഖുതുബ നിര്‍വഹണം. ഇത് ഖലീഫമാരായിരുന്നു ആദ്യകാലത്ത് നടത്തിയിരുന്നത്. നമസ്‌കാരത്തിന് നേതൃത്വം. ഇതും ഖലീഫമാര്‍ തന്നെ നിര്‍വഹിച്ചു. ഇതുപക്ഷേ, ഇന്ന് സെല്ലിനെ വിമര്‍ശിക്കുന്നവര്‍ ഏറ്റെടുത്തു നടത്തുന്നു. സകാത്ത് സെല്‍ വഴി വിതരണം നടക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് പരമാവധി അതിന്റെ ഗുണഫലം എത്തിച്ചേരും. എന്നാല്‍, കൈക്ക് കൈ കൊടുക്കുമ്പോള്‍ അത് നടക്കില്ല. അര്‍ഹരും ആവശ്യക്കാരുമല്ലാത്ത പലരിലേക്കും എത്തുന്നു. ചില വ്യക്തികള്‍ക്ക് തന്നെ കണക്കിലധികം ലഭിക്കുന്നു. തീരെ ലഭിക്കാത്തവര്‍ വേറെയുമുണ്ടാകും. വിമര്‍ശിക്കുന്ന `ഉസ്‌താദു'മാര്‍ക്ക് പല വഴിക്കും `സകാത്ത്' കിട്ടുന്നു. പാവങ്ങള്‍ക്ക് തടയപ്പെടുകയും ചെയ്യുന്നു.
ഇത്രയെല്ലാം ശ്രമിച്ചിട്ടും റമദാന്‍ യാചനയുടെ മാസം എന്ന പേരില്‍ നിന്ന് മുക്തിനേടാന്‍ നമുക്ക് കഴിയുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ ഉദാര മനസ്‌കത പലരും പ്രശംസിച്ചതാണ്. ഇതര സമുദായങ്ങള്‍ക്കൊന്നുമില്ലാത്ത സവിശേഷമായ ഗുണം. പക്ഷേ, ഇത്രയൊന്നും ദാനധര്‍മങ്ങള്‍ നടത്താത്ത ഇതര സമുദായങ്ങളില്‍ ചിലത് സേവന രംഗങ്ങളില്‍ പ്രസിദ്ധമാണ്. മീഡിയകളില്‍ അവര്‍ നിറഞ്ഞുനില്‌ക്കുന്നു. സകാത്തിന്റെ വകുപ്പില്‍ മാത്രം - റമദാനില്‍മാത്രം - കോടികളുടെ ദാനം നടത്തുന്ന മുസ്‌ലിം സമുദായത്തിന് യാചനയുടെ മാസമെന്ന പേരുദോഷം ലഭിക്കുന്നു. എവിടെയാണ് പിഴയ്‌ക്കുന്നത്? ആസൂത്രണത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും അഭാവം തന്നെ കാരണം. ഒരു ഏകീകൃത നേതൃത്വത്തിന്റെ കീഴില്‍ വ്യവസ്ഥാപിതമായി ചലിക്കാനുള്ള താല്‌പര്യക്കുറവും. സ്വയം ആളാകുന്ന ഏര്‍പ്പാടുകള്‍ വരുത്തിവെക്കുന്ന വിനകളാണിതെല്ലാം. മതനേതൃത്വത്തിന്റെ ബോധവത്‌കരണത്തിന്റെ അപര്യാപ്‌തതയും ഒരു കാരണം തന്നെ.
കേരള മുസ്‌ലിം സംഘടനകള്‍ പരസ്‌പരം അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിലും തര്‍ക്കങ്ങളുള്ള കാര്യങ്ങളിലും ഇതരരെ പിന്നിലാക്കാന്‍ വേണ്ടി തര്‍ക്കമുള്ള കാര്യങ്ങള്‍ വീഴ്‌ചവരുത്താതെ അനുഷ്‌ഠിക്കുന്നത് കാണാം. താരതമ്യേന പ്രാധാന്യം കുറഞ്ഞവയാണെങ്കില്‍ പോലും. ചിലപ്പോള്‍ ഇത് അവരുടെ `ഐഡന്റിറ്റി'യായിപ്പോലും മാറുകയും ചെയ്യും. നമസ്‌കാരത്തില്‍ മുഷ്‌ടിചുരുട്ടലും അത്തഹിയ്യാത്തിലെ വിരല്‍ ചലിപ്പിക്കലും പുതിയ ഉദാഹരണങ്ങള്‍. എന്നാല്‍, സാമ്പത്തികമായ ബാധ്യതവരുന്ന സകാത്തിന്റെ വിഷയത്തില്‍ ഇങ്ങനെ ഒരു വാശി പ്രകടമായിക്കാണുന്നില്ല. അവിടെ പാരമ്പര്യ സ്വഭാവം തന്നെ തിരുത്താതെ നിലനിര്‍ത്തുന്നു. ഇതില്‍ തര്‍ക്കവും വാശിയും വന്നാല്‍ സാധാരണ ആളുകള്‍ക്ക് അതൊരു ഉപകാരവും ആശ്വാസവുമാകില്ലേയെന്ന് ചിന്തിക്കാറുണ്ട്. പണത്തിന്റെ കാര്യമായതുകൊണ്ടാകാം ഇത്തരം തര്‍ക്കത്തിന് പ്രസക്തിയില്ലാതെ പോയത്.
സ്വത്തിന്റെ ഉടമസ്ഥനാണ് സകാത്ത് നല്‌കേണ്ടത്. ഇതു എല്ലാവര്‍ക്കുമറിയാം. പുരുഷന്മാര്‍ അവരുടെ സ്വത്തിന് സകാത്ത് നല്‌കണം. സ്‌ത്രീകള്‍ അവരുടെ സ്വത്തിനും. പുരുഷന്മാരെപ്പോലെയോ അതിലധികമോ സ്വത്ത് കൈവശമുള്ള ധാരാളം സ്‌ത്രീകളുണ്ട്. അവരില്‍ സകാത്ത് കൊടുക്കുന്നവര്‍ തന്നെ, അത് പുരുഷന്മാരുടെ ബാധ്യതയായി കാണുകയും `അതെല്ലാം മൂപ്പരാണ് കൊടുക്കുന്നത്' എന്ന മട്ടില്‍ അലസത കാണിക്കുകയും ചെയ്യുന്നു. അവനവന്റെ സ്വത്തിന് അവനവന്‍ തന്നെ സകാത്ത് നല്‌കി അതിന്റെ പുണ്യം സമ്പാദിക്കേണ്ടതുണ്ട്. സ്വദഖയും അങ്ങനെത്തന്നെ. സ്‌ത്രീകള്‍ക്ക് അനന്തരാവകാശമായി പുരുഷന്റെ പകുതി സ്വത്തേ ലഭിക്കുകയുള്ളൂ. അത് അവള്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് പുണ്യം സമ്പാദിക്കാനും മറ്റു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാനുമുള്ളതാണ്. പുരുഷന്മാരെപ്പോലെ ചെലവഴിച്ച പുണ്യം അവര്‍ക്കും നേടിയെടുക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തത്തെപ്പറ്റി സ്‌ത്രീകള്‍ ബോധവതികളാകേണ്ടതുണ്ട്.
സ്‌ത്രീകളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ സകാത്ത് ആരാണ് കൊടുക്കേണ്ടത്? സ്‌ത്രീകള്‍ തന്നെയാണോ? സ്വത്തിന്റെ ഉടമസ്‌ഥന്‍ ആരാണ്? തീരുമാനമാക്കാന്‍ പലരും പ്രയാസപ്പെടുന്നു. വിവാഹത്തോടനുബന്ധിച്ച് സ്‌ത്രീകളുടെ കൈവശം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇഷ്‌ടദാനമായി പിതാവ് നല്‌കിയതാണെങ്കില്‍, അതവളുടെ ബാധ്യതയാണ്. പിതാവോ ഭര്‍ത്താവോ അല്ല നല്‌കേണ്ടത്. ആ സ്വത്തില്‍ ഭര്‍ത്താവിനോ പിതാവിനോ അവകാശങ്ങളൊന്നുമില്ല. അതവളുടെ സ്വതന്ത്രമായ സ്വത്താണ്. ഭര്‍ത്താവിനാണ് നല്‌കിയത് എങ്കില്‍ സ്‌ത്രീധനമായിട്ടാണെങ്കില്‍, എന്തു ചെയ്യണം? അതിന്റെ കണക്കുനോക്കി സകാത്ത് കൊടുക്കുകയാണോ ചെയ്യേണ്ടത്? `അവിഹിതമായ സമ്പാദ്യത്തില്‍ നിന്ന് ധര്‍മം സ്വീകരിക്കുകയില്ല' എന്ന നബിവചനമനുസരിച്ച് അതില്‍ നിന്ന് സകാത്ത് കൊടുക്കുന്നതിന് അര്‍ഥമൊന്നുമില്ല. ആ സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ഭര്‍ത്താവ് തന്നെയാണോ?
ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ കണക്കനുസരിച്ച് അതെല്ലാം അവളുടെ വീട്ടുകാര്‍ക്ക് തിരിച്ചുകൊടുക്കേണ്ടി വരുന്നുവെങ്കില്‍ അതിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആരാണ്? അവളുടെ പിതാവാണോ? പല വീടുകളിലും ധാരാളം സ്വത്ത് ഇങ്ങനെ പിതാവിന്റേതോ മകളുടേതോ ഭര്‍ത്താവിന്റേതോ എന്ന് തീരുമാനമാകാതെ `അനാഥ'മായി കിടക്കുന്നു. ഇത്തരം വലിയ സമ്പത്തു തന്നെയുണ്ട്. ചിലര്‍ ഇതിന്റെ സകാത്ത് കണക്കുകൂട്ടി കൊടുത്ത് മാന്യന്മാരാകാറുണ്ട്! യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് ഇത് അവിഹിതമായ സമ്പാദ്യമെന്ന നിലക്ക് അതിന്റെ യഥാര്‍ഥ ഉടമസ്ഥന് ഏല്‌പിച്ചുകൊടുക്കുകയാണ്. അല്ലെങ്കില്‍, അവരുടെയടുക്കല്‍ നിന്ന് പൊരുത്തപ്പെടുവിക്കുക. രണ്ടാലൊന്നല്ലാതെ മാര്‍ഗമൊന്നുമില്ല. അങ്ങനെയായാല്‍ പരലോകത്ത് രക്ഷപ്പെടാം. ഇഹലോകത്ത് അന്തസ്സും അഭിമാനവും കൈവരിക്കാം.
സകാത്ത് സമ്പത്തിനെ ശുദ്ധീകരിക്കാനാണെന്ന് പൊതുവെ മനസ്സിലാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇത് തെറ്റായ അര്‍ഥത്തിലാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. അവിഹിതമായ സമ്പാദ്യങ്ങളെല്ലാം ശുദ്ധീകരിക്കാനുള്ള മാര്‍ഗമാണ് സകാത്ത് എന്ന രണ്ടര ശതമാനമെന്നാണ് ധാരണ. ഇത് വെച്ച് പലരും സകാത്ത് നല്‌കേണ്ടത് ഇങ്ങനെയുള്ള സമ്പാദ്യത്തിനാണെന്ന് വലിയിരുത്തി അതിന് കണക്ക് ചോദിക്കുകയും പഠിക്കുകയും ചെയ്യുന്നു. യഥാര്‍ഥ സമ്പാദ്യം സകാത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു! അവിഹിത സമ്പാദ്യം ഇങ്ങനെ കൊടുക്കുന്നതോടെ ശുദ്ധീകരിക്കപ്പെടുകയും അത് വിഹിതമായി മാറുകയും ചെയ്യുമെന്ന മൂഢധാരണയിലാണ് ഇവരുള്ളത്. മഹാകഷ്‌ടം!
ഓരോ വസ്‌തുവിനും സകാത്ത് നിര്‍ബന്ധമായിത്തുടങ്ങുന്ന കണക്കാണ് അതിന്റെ നിസ്വാബ് എന്ന് പറയുന്നത്. ഓരോ ഇനത്തിനും വ്യത്യസ്‌തമായ നിസ്വാബ് ഇസ്‌ലാം നിശ്ചയിക്കുന്നു. നിസ്വാബ് എത്തിയാല്‍ സകാത്ത് നല്‌കിത്തുടങ്ങണം. എന്നാല്‍, നിസ്വാബ് എത്തിയാല്‍ സകാത്ത് നല്‌കണമെന്ന് പറയുമ്പോള്‍ പലരും മനസ്സിലാക്കുന്നത്, നിസ്വാബിന്റെ മേലെ വരുന്നതിനാണ് - അതിന് മാത്രമാണ് - സകാത്ത് കൊടുക്കേണ്ടത് എന്നാണ്. അങ്ങനെ നിസ്വാബിന്റെ പരിധിക്ക് മുകളിലുള്ളതിന് മാത്രം സകാത്ത് കൊടുക്കുന്നു ചിലര്‍. ഇത് തെറ്റിദ്ധാരണയാണ്. നിസ്വാബ് നിശ്ചയിച്ചത് സകാത്ത് നിര്‍ബന്ധമായിത്തുടങ്ങുന്നതിനുള്ള പരിധി എന്ന നിലക്കാണ്. നിസ്വാബ് എത്തിക്കഴിഞ്ഞാല്‍ മൊത്തം മുതലിനാണ് തോതനുസരിച്ച് സകാത്ത് കൊടുക്കേണ്ടത്. നിസ്വാബിന്റെ പരിധിക്ക് മുകളിലുള്ളതിന് മാത്രമല്ല.
പലരും തങ്ങളുടെ സമ്പത്തിന് നിസ്വാബ് എത്തിയിട്ടുണ്ടെങ്കിലും സകാത്ത് ബാധകമാവുകയില്ലെന്ന് ചിന്തിക്കുന്നു. ഇതിന് അവര്‍ കാണുന്ന ന്യായം, ഞാന്‍ വീടില്ലാത്തതുകൊണ്ട് വീടുണ്ടാക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ്. അത് എന്റെ അടിസ്ഥാന ആവശ്യമാണ്, ന്യായവുമാണ്. അതിനാല്‍ അതിന് സകാത്തുണ്ടാവുകയില്ലെന്നാണ് ലളിതമായ ചിന്ത. ഇത് ശരിയല്ല. എല്ലാവരും ഇതുപോലുള്ള ന്യായമായ ഓരോരോ ആവശ്യങ്ങള്‍ക്കുവേണ്ടി തന്നെയാണ് സമ്പാദിക്കുന്നത്. എന്നാല്‍, നിസ്വാബ് എത്തിയാല്‍ സകാത്ത് ബാധ്യതയായി വരുന്നു. സകാത്ത് കൊടുത്ത് ശുദ്ധീകരിച്ച പണമാണ് ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കേണ്ടത്.
കച്ചവടത്തില്‍ ലാഭമുണ്ടെങ്കിലാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാകുന്നത് എന്ന് ചിലര്‍ വിചാരിക്കുന്നു. ലാഭത്തിന്റെ രണ്ടര ശതമാനമാണ് സകാത്ത് നല്‌കേണ്ടത് എന്നും ധരിക്കുന്നു. കച്ചവടത്തില്‍ ഒരു വര്‍ഷം നഷ്‌ടം സംഭവിച്ചതുകൊണ്ട് സകാത്തില്ല എന്ന സമാധാനത്തില്‍ കഴിയുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തവരാണ്. ലാഭമായാലും നഷ്‌ടമായാലും വര്‍ഷം തികയുമ്പോള്‍ കൈയിലുള്ള ചരക്കിന്റെ മാര്‍ക്കറ്റ് വിലയും കൈയിലിരിക്കുന്ന ബാക്കി സംഖ്യയും ചേര്‍ത്ത് നിസ്വാബ് എത്തിയാല്‍ സകാത്ത് നല്‌കുകയാണ് വേണ്ടത്. ലാഭമായാലും നഷ്‌ടമായാലും നിസ്വാബ് എത്തിയിട്ടില്ലെങ്കില്‍ സകാത്ത് ബാധകമാകുന്നില്ല. പത്ത് ലക്ഷം രൂപക്ക് വാങ്ങിയ ഭൂമി കണക്കുനോക്കുന്ന സമയത്ത് പതിമൂന്ന് ലക്ഷം മാര്‍ക്കറ്റ് വില കിട്ടുമെങ്കില്‍ മൊത്തം പതിമൂന്ന് ലക്ഷത്തിന്റെ ഉടമസ്ഥന്‍ എന്ന നിലക്ക് രണ്ടര ശതമാനമാണ് നല്‌കേണ്ടത്. എട്ട് ലക്ഷമേ വില ലഭിക്കുകയുള്ളൂവെങ്കില്‍ അതിന്റേത് നല്‌കിയാല്‍ മതി. ഭൂമി കച്ചവടത്തില്‍ ഈ നിലപാടാണ് സ്വീരിക്കേണ്ടത്. മറ്റു ചരക്കുകളുടെ കാര്യവും ഇങ്ങനെത്തന്നെ.
കച്ചവടക്കാര്‍ ഏതാണ്ടെല്ലാം ഏതെങ്കിലും തരത്തില്‍ കടം വാങ്ങിയവരായിരിക്കും. ഈ കടം അത്യാവശ്യത്തിനോ അല്ലാതെയോ വാങ്ങുന്നവരുണ്ട്. വേറെ ധാരാളം വരുമാനം ഉള്ളപ്പോള്‍ തന്നെ ഇങ്ങനെ കടംവാങ്ങുന്ന ആളുകള്‍, സകാത്തിന്റെ കാര്യം വരുമ്പോള്‍ കടമുള്ളതുകൊണ്ട് സകാത്തില്ല എന്ന് പറയുന്നു. ബേങ്കുകളില്‍ നിന്നോ മറ്റു സംവിധാനങ്ങളില്‍ നിന്നോ വാങ്ങിയിട്ടുള്ള കടം ഗഡുക്കളായോ സൗകര്യംപോലെയോ അടച്ചുതീര്‍ക്കാവുന്നവയായിരിക്കും.
ഇത് അടച്ചുതീര്‍ക്കാനും അതിലപ്പുറവും മുതല്‍ കൈവശമുള്ള വ്യക്തി കടമുണ്ട് എന്ന് പറഞ്ഞ് സകാത്തിന്റെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നത് ന്യായമല്ല. ഇങ്ങനെ വന്നാല്‍, നമ്മുടെ നാട്ടില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായി വളരെ ചെറിയ ഒരു വിഭാഗം മാത്രമേ ഉണ്ടാവുകയുള്ളൂ. സമ്പന്നരൊക്കെ സകാത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്യും. ചിലര്‍ സകാത്ത് കണക്കു കൂട്ടുമ്പോള്‍ കടത്തിലേക്ക് സംഖ്യ മാറ്റിവെച്ച് ബാക്കി സംഖ്യക്ക് സകാത്ത് കണക്കുകൂട്ടികൊടുക്കുന്നു. എന്നാല്‍, കടത്തിലേക്ക് മാറ്റിവെച്ചത് കണക്കില്‍ മാത്രം വരികയും മേല്‍ കടം അടച്ചുതീര്‍ക്കാതെ അങ്ങനെത്തന്നെ നില്‌ക്കുകയും ചെയ്യും. പിറ്റേ വര്‍ഷവും ഇതേപോലെത്തന്നെ. ഇങ്ങനെ എല്ലാ വര്‍ഷവും കടത്തിലേക്ക് മാറ്റിവെക്കുന്ന കടം അവിടെത്തന്നെ നില്‌ക്കുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ സകാത്തിന്റെ ബാധ്യതയില്‍ നന്ന് രക്ഷപ്പെടാന്‍ മാത്രമാണ് `കടം' എന്ന് പറയുന്നത്.
സകാത്ത് വാങ്ങുന്ന ചിലരെങ്കിലും അതിന് അര്‍ഹരല്ല. സകാത്തിന്റെ അവകാശികളെ ഖുര്‍ആന്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. എട്ട് വിഭാഗം. ഇതില്‍ ഏത് വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നത് എന്ന് പരിശോധിക്കുന്നത് വാങ്ങുന്നവര്‍ക്ക് നല്ലതാണ്. ഈ എട്ടു വിഭാഗത്തിന് മാത്രം എന്ന അര്‍ഥം വരുന്ന `ഇന്നമാ' എന്ന പ്രയോഗത്തിലൂടെയാണ് ഈ ആയത്ത് തുടങ്ങുന്നതുതന്നെ. അപ്പോള്‍ അതിനപ്പുറത്തേക്ക് അത് വികസിക്കുന്നില്ല. ഈ എട്ട് വിഭാഗത്തിലെ `അല്ലാഹുവിന്റെ മാര്‍ഗത്തില്‍' എന്നത് എല്ലാ നല്ല കാര്യങ്ങള്‍ക്കും എന്ന് വ്യാഖ്യനിച്ച് എല്ലാറ്റിനും സകാത്ത് ഫണ്ട് നീക്കിവെക്കുന്നവരുമുണ്ട്. ഇത് ശരിയാകാന്‍ സാധ്യതയില്ല. കാരണം, `ഇന്നമാ' - മാത്രം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ആയത്തില്‍, എല്ലാ ആവശ്യങ്ങള്‍ക്കും നീക്കിവെക്കാന്‍ പറ്റുന്ന ഒരു വകുപ്പ് പറയുകയാണെങ്കില്‍, `മാത്രം' എന്ന് പ്രയോഗിച്ചുകൊണ്ട് ബാക്കി ഏഴു വകുപ്പും കൂടി ചേര്‍ത്ത് പറയുന്നതിന് അര്‍ഥമില്ല. `അല്ലാഹുവിന്റെ മാര്‍ഗത്തില്‍' എന്ന ഒരൊറ്റ വകുപ്പ് മാത്രം മതിയാകും. അതില്‍ ബാക്കി ഏഴും ഉള്‍പ്പെടുമല്ലോ.
കടം കുടുങ്ങിപ്പോയവര്‍ക്ക് സകാത്ത് ഫണ്ടില്‍ വകുപ്പ് നിശ്ചയിച്ചത് അല്ലാഹുവാണ്. കടത്തില്‍ പെട്ടവര്‍ക്ക് സകാത്ത് നല്‌കണമെന്ന് പറയുമ്പോള്‍, `ആരെക്കണ്ടാണ് അവന്‍ കടം വാങ്ങിയത്' എന്ന ധാര്‍ഷ്‌ട്യം നിറഞ്ഞ ചോദ്യം അങ്ങേയറ്റം അലപനീയമാണ്. അത് അല്ലാഹുവെ മറന്നുള്ള ചോദ്യമാണ്. ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി കടത്തില്‍ പെട്ടവനെ സഹായിക്കേണ്ടതും രക്ഷപ്പെടുത്തേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്. സകാത്ത് ഇതിനുള്ള മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. അതവര്‍ക്ക് നല്‌കുക. കടം വീട്ടാന്‍ സകാത്ത് ഫണ്ടില്‍ നിന്ന് കൊടുത്താല്‍ അത് അതിനുവേണ്ടി വിനിയോഗിക്കാതെ മറ്റു കാര്യങ്ങള്‍ക്കുവേണ്ടി അനാവശ്യത്തിനായോ ചെലവഴിക്കുന്നവരുമുണ്ടാകാം. ഇവര്‍ കടക്കാരായി തുടരുന്നതില്‍ പ്രയാസമനുഭവിക്കുന്നവരാണ്. ബാധ്യതയോട് ഉദാസീന നിലപാട് സ്വീകരിക്കുന്നവരുമാണ്. ഇത്തരം ആളുകള്‍ക്ക് പ്രസ്‌തുത വകുപ്പിലുള്ള പണം കൊടുക്കാതെ, ആരോടാണോ ബാധ്യതയുള്ളത് അവരുമായി നേരിട്ട് ബന്ധപ്പെട്ട് ഇടപാട് തീര്‍ക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ കടത്തില്‍ നിന്ന് രക്ഷപ്പെടുത്തുക. ഖുര്‍ആന്‍ 9:60-ലെ `കടബാധ്യതയുടെ വിഷയത്തില്‍' എന്ന പ്രയോഗത്തില്‍ നിന്ന് ഇത് മനസ്സിലാക്കിയെടുക്കാവുന്നതാണ്.
0 comments: