`റമദാന്‍ പാപമോചനത്തിന്റെ മാസം' തലക്കെട്ടില്‍ സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ എഴുതിയ കവര്‍സ്റ്റോറി (ജൂലൈ 12) വായിച്ചു. കര്‍മനൈരന്തര്യത്തിലൂടെ ദൈവപ്രീതിക്കുവേണ്ടി പ്രാര്‍ഥനാനിരതരായി റമദാനിനെ ധന്യമാക്കുന്നവര്‍ക്ക് വിജയമന്ദഹാസത്തിന് അത് അവസരം നല്‌കുന്നു. വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മവിശുദ്ധി ഭാവിജീവിതത്തിലും കാത്തുസൂക്ഷിക്കാന്‍ സാധ്യമാവണം. ആരാധനാകര്‍മങ്ങളുടെ ഉള്‍സാരമറിഞ്ഞ് ആരാധനകള്‍ നിര്‍വഹിച്ച് നന്മയുടെ വാഹകരാവുക എന്നതാണ് റമദാന്‍ നല്‌കുന്ന സന്ദേശം. റമദാനിലൂടെ നേടിയെടുത്ത പാപമോചനവും വിശുദ്ധിയും തുടര്‍ ജീവിതത്തിലും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം. ശവ്വാല്‍ പിറവി കാണുന്നതോടെ അവസാനിക്കുന്ന തഖ്‌വാ ബോധം കൊണ്ട് കാര്യമില്ല. ഒരു നിമിഷം പോലും പാഴാക്കാതെ റമദാനിനെ ഫലപ്രദമാക്കാന്‍ നമുക്ക് സാധിക്കണം.
റഹീം കെ പറവന്നൂര്‍
രാമായണത്തിന് വഴിമാറിയ റമദാന്‍
ആകാശവാണി ഇന്ത്യ ഗവണ്‍മെന്റിന്റെ ഒരു വാര്‍ത്താമാധ്യമ സ്ഥാപനമാണ്. ഇന്ത്യയാണെങ്കില്‍ ഒരു മതേതര രാജ്യവുമാണ്. അതുകൊണ്ടുതന്നെ ആകാശവാണി എല്ലാ മതങ്ങളെയും ഒരു കണ്ണുകൊണ്ട് കാണാന്‍ ബാധ്യസ്ഥവുമാണ്. ആദ്യമാദ്യമെല്ലാം അത് അങ്ങനെ തന്നെയായിരുന്നുതാനും. ഓണവും വിഷുവുമൊക്കെ വന്നാല്‍ ഹൈന്ദവരുടെ ആചാരങ്ങളും അവരുടെ വേദഗ്രന്ഥമായ ഭഗവത്‌ഗീതയും മറ്റുമൊക്കെ പ്രക്ഷേപണം ചെയ്യാന്‍ പ്രത്യേക സമയം നേരത്തെ ആകാശവാണി കണ്ടെത്തിയിരുന്നു. ക്രിസ്‌തുമസ് വന്നാല്‍ ക്രിസ്‌തുമതത്തെയും പ്രത്യേകം പരിഗണിച്ചിരുന്നു. റമദാനും പെരുന്നാളുകളുമൊക്കെ ആഘോഷിക്കുമ്പോള്‍ ഖുര്‍ആന്‍ പ്രക്ഷേപണം ചെയ്യാനും ഇസ്‌ലാമിക പ്രഭാഷണങ്ങള്‍ക്കുമൊക്കെ പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കുന്ന പതിവും ആകാശവാണിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊക്കെ പാടെ മാറിയിരിക്കുന്നു.
ഈ വര്‍ഷം മിഥുനമാസം അവസാന വാരത്തിലാണ് റമദാന്‍ മാസം കടന്നുവന്നത്. എന്നാല്‍ ആകാശവാണിയുടെ കേരള നിലയങ്ങളെല്ലാം തന്നെ റമദാന്‍ മാസം സമാഗതമായ വിവരം അറിയാത്ത ഭാവം നടിക്കുകയാണ്. മിഥുനമാസം അവസാന ആഴ്‌ചയോടെ ആകാശവാണി രാമായണമാസാഘോഷത്തിലാണ്. ഉദാഹരണത്തിന് കോഴിക്കോട് നിലയത്തിന്റെ രാവിലത്തെ വചനാമൃതം തന്നെ എടുക്കാം. വിവിധ മത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ച് മിനുട്ട് നേരത്തെ വചനാമൃതത്തോടെയായിരുന്നു കോഴിക്കോട് നിലയം അതിന്റെ പ്രക്ഷേപണം തുടങ്ങിയിരുന്നത്. അങ്ങനെയുള്ള പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സുഭാഷിതം എന്ന പേരിലായിരുന്നു തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ നിലയങ്ങളും പ്രക്ഷേപണം തുടങ്ങിയിരുന്നത്. എന്നാല്‍ മൂന്നാഴ്‌ചയോളം എല്ലാ നിലയങ്ങളും ഈ പതിവ് തെറ്റിച്ചിരിക്കയാണ്.
നിത്യവും രാമായണ പരസ്യത്തോടും രാമായണ പാരായണത്തോടും കൂടിയാണ് പ്രക്ഷേപണം തുടങ്ങുന്നത്. തുടര്‍ന്നുള്ള പ്രഭാത ഗീതങ്ങളും എല്ലാ മതവിഭാഗങ്ങളുടെയും ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ക്കിടകം പിറന്നതോടെ അത് രാമായാണം അപഹരിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ രാമായണമാസത്തിന് റമദാന്‍ മാസം വഴിമാറിക്കൊടുത്ത അനുഭവമാണിപ്പോള്‍. ഈ വിവേചനം അവസാനിപ്പിച്ചേ തീരൂ.
കെ പി അബൂബക്കര്‍ മുത്തനൂര്‍
ഒരു ഭാഷാ പ്രയോഗവും കുറെ തെറ്റിദ്ധാരണകളും
മതപരമായ സ്റ്റേജുകളിലും പ്രസിദ്ധീകരണങ്ങളിലും ഏറെ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു പദപ്രയോഗമാണ് ശൈത്വാന്‍ എന്നത്. എല്ലാവിധ അധാര്‍മിക കാര്യങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അധാര്‍മിക വസ്‌തുക്കള്‍ക്കും അധാര്‍മിക കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഏത് ജീവികള്‍ക്കും ശൈത്വാന്‍ എന്ന് പ്രയോഗിക്കും.
ഞാന്‍ ജോലി ചെയ്യുന്ന ടൈപ്പിംഗ് ഓഫീസില്‍ ഓഫീസ് അടക്കാന്‍ സമയത്ത് ഒരു അറബി സ്‌ത്രീ ഒരു കടലാസില്‍ ചില കാര്യങ്ങള്‍ എഴുതിക്കൊണ്ട് വന്നിരിക്കുന്നു. അത് ടൈപ്പ് ചെയ്‌ത് കമ്പ്യൂട്ടറില്‍ പ്രിന്റ് എടുത്ത് കൊടുക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ ഓഫീസില്‍ ജോലി ചെയ്യുന്ന മറ്റൊരു സ്റ്റാഫ് ഓഫീസ് അടക്കേണ്ട സമയമായതുകൊണ്ട് വേഗത്തില്‍ ടൈപ്പ് ചെയ്‌ത് പരിശോധിക്കാന്‍ പ്രസ്‌തുത സ്‌ത്രീയുടെ പക്കല്‍ കൊടുത്തപ്പോള്‍ സ്‌ത്രീ ഇത് വായിച്ചുനോക്കി. ശൈത്വാന്‍, ശൈത്വാന്‍ എന്ന് പറയുകയുണ്ടായി. ഇതിന്റെ ഉദ്ദേശം എന്താണെന്ന് നമുക്ക് സന്ദര്‍ഭത്തില്‍നിന്നും മനസ്സിലാക്കാം. ഈ ടൈപ്പ് ചെയ്‌തതില്‍ തെറ്റുണ്ടല്ലോ എന്നാണ് ആ പറഞ്ഞതിന്റെ ഉദ്ദേശം.
യഥാര്‍ഥത്തില്‍ ഖുര്‍ആനിലും ഹദീസിലും ശൈത്വാന്‍ എന്ന പ്രയോഗം പൊതുസമൂഹം തെറ്റിദ്ധരിച്ചതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ പോലെയുള്ള പ്രേതം, ഭൂതം, കുട്ടിച്ചാത്തന്‍, ചേക്കുട്ടിപ്പാപ്പ മുതലായ പേരുകളില്‍ അറിയപ്പെടുന്ന മറ്റു മതസ്ഥരുടെ വിശ്വാസവുമായി ബന്ധമുള്ളതല്ല. ഈ കാര്യം ഗൗരവപൂര്‍വം വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതാണ്.
എം ടി ഇബ്‌റാഹീംകുട്ടി അല്‍ഐന്‍ കല്‌പകഞ്ചേരി
മനുഷ്യത്വത്തിന്റെ മുഖം അപ്രത്യക്ഷമാകുന്നുവോ?
പ്രവാസത്തില്‍ ഭാര്യയേയും മകനേയും കുടുംബത്തേയും വിട്ടു നില്‍ക്കുന്നതിന്റെ കൂടി വേദനയാകാം അടുത്തിടെ പത്രത്തില്‍ വന്നുകൊണ്ടിരിക്കന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു പോകുന്നു. മിക്ക വാര്‍ത്തകളും മുസ്‌ലിം സമുദായത്തില്‍ നിന്നു തന്നെയാകുമ്പോള്‍ എന്താണ് ശരിക്കും നമ്മുടെ സമുദായത്തിന് സംഭവിച്ചത് എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.
കട്ടപ്പനയിലെ ശഫീഖിന്റെ പിതാവ്, മകന്റെ കാല് തല്ലിയൊടിക്കാന്‍ ഉപയോഗിച്ച ഇരുമ്പു ദണ്‌ഢ് നിയമപാലകര്‍ മുഖാന്തിരം എടുത്തു കൊടുക്കുന്ന ചിത്രം മനുഷ്യത്വത്തിന്റെ മുഖം, മൃഗീയതയുടെ പാരമ്യതയിലെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. അതുപോലെ തന്നെ അരീക്കോട് നടന്ന സംഭവവും. നമ്പൂതിരിയും രണ്ടാം ഭാര്യയും കൂടി മക്കളെ മൃഗീയമായി പീഡിപ്പിച്ചതും ശരീഫും രണ്ടാം ഭാര്യയും കൂടി മകനെ പീഡിപ്പിച്ചതും അരീക്കോട് മക്കളേയും ഭാര്യയെയും അതി ദാരുണമായി വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് മുക്കിക്കൊന്നതും പരിശോധിക്കുമ്പോള്‍ ഇതിന്റെയൊക്കെ പിന്നില്‍ ഒരു പെണ്‍ കഥ പറയാനുണ്ട്. കേവലം ശാരീരീകമായ സുഖത്തിനു വേണ്ടി മാത്രമാണ് ഇത്തരം പീഡനങ്ങള്‍. ഇതിന്റെയൊക്കെ പിന്നിലുള്ള പെണ്ണിനെ ഓര്‍ക്കുമ്പോള്‍ വെറുപ്പാണ് തോന്നുന്നത്. സാമുദായിക നേതാക്കന്മാരും സംഘടനാ നേതാക്കന്മാരും രാഷ്‌ട്രീയക്കാരും എന്തുണ്ട് പരിഹാരം എന്ന് ആലോചിക്കുക. വേണമെങ്കില്‍ നിയമം തന്നെ മാറ്റി ഇത്യാദി കാര്യങ്ങള്‍ക്ക് പരമാവധി ശിക്ഷ തന്നെ നടപ്പിലാക്കണം. നമ്മുടെ മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യത്തില്‍ നിലപാടുകള്‍ എടുക്കേണ്ടതുണ്ട്.
മശ്‌ഹൂദ് പുളിക്കല്‍ അബൂദാബി
റമദാനും ഭക്ഷണശീലങ്ങളും
വ്രതം അനു ഷ്‌ഠിക്കുമ്പോള്‍ സ്വാഭാവികമായും ശരീരത്തിന് ഉണ്ടാകുന്ന മേന്മകള്‍ നഷ്ടപ്പെടുന്ന വിധത്തിലാണ് മിക്ക ആളുകളുടെയും ഭക്ഷണ രീതി. നോമ്പ് ആഗതമായി എന്നറിയിക്കാന്‍ ചാനലുകളിലും മറ്റും ഉപയോഗിക്കുന്ന പ്രതീകം പോലും ഭക്ഷണത്തിന്റേതാണ്. വിവിധ രൂപത്തിലുള്ള ഭക്ഷണ ഇനങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ നോമ്പ് എടുക്കാന്‍ കഴിയൂ എന്ന മട്ടിലാണ് പ്രചരണം.
ഭക്ഷണവും വിനിയോഗവും സാധാരണ മാസങ്ങളെക്കാള്‍ കുറഞ്ഞിരിക്കേണ്ട റമദാനില്‍ മുസ്‌ലിം കുടുംബങ്ങളുടെ ബഡ്‌ജറ്റ് അധികരിക്കുന്നുവെന്ന അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചിയുടെ (ലക്കം 01) നിരീക്ഷണം ശ്രദ്ധേയമാണ്. മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന മുസ്‌ലിം കുടുംബങ്ങള്‍ രണ്ടു നേരത്തേക്ക് ചുരുങ്ങിയിട്ടും എന്തുകൊണ്ട് ചെലവ് കുറയുന്നില്ല? ആത്മീയ നേട്ടത്തിന് വേണ്ടി നാം അനുഷ്‌ഠിക്കുന്ന നോമ്പ്, തെറ്റായ ഭക്ഷണ ക്രമം കൊണ്ട്, അതും ലഭിക്കാതെ പോകുന്ന അവസ്ഥയാണുള്ളത്. ശരീരത്തിന്റെ വ്രതനിഷ്‌ഠയ്‌ക്ക് അനുയോജ്യമായ ഭക്ഷണ ശീലങ്ങള്‍ പരിചയപ്പെടുത്തിയ ലേഖനം അവസരോചിതമായി. തങ്ങളുടെ വീട്ടില്‍ റമദാന്‍ മാസമായാല്‍ ചെലവ് കുറയുകയാണോ കൂടുകയാണോ എന്ന് ഓരോ ഗൃഹനാഥകളും ആലോചിക്കുന്നത് നല്ലതാണ്.
ജമീല മറിയം കാസറഗോഡ്
ബദ്‌റും ഇന്നത്തെ യുദ്ധങ്ങളും
ബദ്‌ര്‍ യുദ്ധത്തെക്കുറിച്ചുള്ള പുതിയ വായനകള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തെയും ഏകദൈവ വിശ്വാസം നിലനില്‌ക്കാന്‍ സഹിക്കേണ്ട ത്യാഗത്തെക്കുറിച്ചും ഒര്‍മിപ്പിക്കുന്നതാണ്. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രവും ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധവും വലിയ വ്യത്യാസമുണ്ട്.
മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‌ക്കുന്ന രക്തരൂഷിതമല്ലാത്ത യുദ്ധങ്ങളായിരുന്നു പ്രവാചകന്റെ കാലത്തേത്. വര്‍ഷങ്ങള്‍ നീണ്ടു നില്‌ക്കുകയും കാലങ്ങളോളം കെടുതികള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന യുദ്ധങ്ങളാണ് ഇന്നുള്ളത്. ലോക മഹാ യുദ്ധങ്ങളും ഹിരോഷിമയും എല്ലാം അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. ബദ്‌ര്‍, ഉഹ്‌ദ് പോലുള്ള സംഭവങ്ങളെ ഇന്നത്തേതുമായി തുലനം ചെയ്യുമ്പോള്‍ യുദ്ധം എന്ന് തന്നെ വിളിക്കാന്‍ പറ്റില്ല.
ഫസീഹ് മഞ്ചേരി
സ്വലാത്ത് നഗര്‍ ശീലമാക്കുന്നവര്‍
ഒരു പരിപാടിയിലേക്കുള്ള യാത്രമാധ്യേയാണ് വീണ്ടും ആ പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ടത്. `ലക്ഷങ്ങള്‍ ഒരുമിക്കുന്ന സ്വലാത്ത് നഗര്‍.' വിശുദ്ധ റമദാനിന്റെ അവസാന പത്തിലെ ഒറ്റയിട്ട രാവിന്റെ പോരിശ പറഞ്ഞ് അയാള്‍ ജനങ്ങളെ വീണ്ടും സ്വലാത്ത് വാണിഭത്തിലേക്ക് ക്ഷണിക്കുകയാണ്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവില്‍ പള്ളിയില്‍ ഇഅ്‌തികാഫിരിക്കേണ്ട സവിശേഷ സമയത്ത് പാടത്തേക്ക് നയിക്കുന്നതിന്റെ യുക്തി എത്ര വ്യക്തം! പാമാര ജനങ്ങള്‍ക്ക് കഴിഞ്ഞ മാസത്തില്‍ ചെയ്‌ത പാപങ്ങള്‍ക്കുള്ള കുംഭസാരവും വരും ദിവസങ്ങളിലേക്കുള്ള ആത്മീയ ഊര്‍ജവും സ്വലാത്ത് നഗറില്‍ ഹോള്‍സെയിലായി ലഭിക്കുമത്രെ! പണമടച്ച് പാപമോചനം തേടേണ്ടിവരുന്ന, സുന്നത്ത് വിട്ട് ബിദ്‌അത്തിനെ പുല്‌കുന്ന സമൂഹം സമ്പത്തിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന ഈ ആത്മീയ ചൂഷകരെ തിരിച്ചറിയുക.
സാബിഖ് പുല്ലൂര്‍
0 comments: