നവോത്ഥാനത്തിന്‌ കരുത്തുപകര്‍ന്ന്‌ സംഘടിത സകാത്ത്‌

  • Posted by Sanveer Ittoli
  • at 12:47 AM -
  • 0 comments

നവോത്ഥാനത്തിന്‌ കരുത്തുപകര്‍ന്ന്‌ സംഘടിത സകാത്ത്‌

സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍


സംഘടിത സകാത്ത്‌ ഒരു നവോത്ഥാനമാണ്‌. സമുദായത്തിലെ അംഗങ്ങളെ ആത്മാഭിമാനമുള്ളവരാക്കി മാറ്റിയതില്‍ സംഘടിത സകാത്തിനും ചെറുതല്ലാത്ത പങ്കുണ്ട്‌. പണക്കാരുടെ വീട്ടുപടിക്കല്‍ ചെന്ന്‌ `ഇരന്നു' വാങ്ങുന്നതിനു പകരം,
അവകാശം `ചോദിച്ചു' വാങ്ങാന്‍ സകാത്ത്‌ കമ്മിറ്റികള്‍ പ്രേരണയായി. സകാത്ത്‌ ഔദാര്യമല്ല, ദരിദ്രരുടെ അവകാശമാണ്‌ എന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. ആ അവകാശത്തെ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയത്‌ ഇസ്വ്‌ലാഹി പ്രസ്ഥാനമാണ്‌. ജീവിക്കുന്ന സമൂഹത്തോടും മതത്തോടും ആദരവുണ്ടായിരിക്കുക എന്നത്‌ നിലനില്‌പിന്റെ പ്രശ്‌നമാണ്‌. തങ്ങള്‍ എന്നെന്നും ദാനം വാങ്ങേണ്ടവരാണെന്ന ബോധത്തില്‍ നിന്നുടലെടുക്കുന്ന അപകര്‍ഷത സമുദായത്തിന്റെ അഭിമാനകരമായ നിലനില്‌പിന്‌ ഭൂഷണമല്ല. ഞങ്ങള്‍ എന്നും കൊടുക്കുന്നവരാണെന്ന ധാര്‍ഷ്‌ട്യവും, സംഘടിത സകാത്തിന്റെ അഭാവം രൂപപ്പെടുത്തുന്ന ഒന്നാണ്‌.
നാട്ടില്‍ ഇസ്‌ലാമിക ഭരണമില്ല എന്നത്‌ സംഘടിത സകാത്തിനെ മാറ്റിനിര്‍ത്താനുള്ള ന്യായമാകുന്നില്ല. ഭരണമില്ലാതെ തന്നെ മഹല്ല്‌, ഖാദീ സംവിധാനങ്ങള്‍ രൂപപ്പെടുത്തി സമുദായത്തിന്റെ നിലനില്‌പ്‌ നാം ഭദ്രമാക്കുന്നില്ലേ? ധനികരില്‍ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌, അവകാശം ദരിദ്രരിലെത്തിക്കേണ്ടവരാണ്‌ മഹല്ല്‌ നേതൃത്വം. സകാത്ത്‌ സംഘടിതമായി നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കേണ്ടവരാണ്‌ മതപണ്ഡിതര്‍. ധനാഢ്യരുടെ ഇംഗിതങ്ങള്‍ക്കൊത്ത്‌ നിലപാടുകളെടുക്കുന്നവര്‍ സത്യം തുറന്നുപറയാനുള്ള ആര്‍ജവം നഷ്‌ടപ്പെടുത്തുകയാണ്‌. അന്ധവിശ്വാസാനാചരങ്ങളുടെ ഉച്ചാടനത്തിലൂടെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെയും നേടിയെടുത്ത നവോത്ഥാനം പൂര്‍ണതയിലെത്താന്‍ സകാത്തിനെ മഹല്ലടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌. മൃദുല നിലപാടുകളുടെ പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച അബൂബക്കര്‍(റ), ഖലീഫയായിരിക്കെ സകാത്ത്‌ നിഷേധിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടെടുത്തത്‌ നമുക്ക്‌ പാഠമാകേണ്ടതുണ്ട്‌. സകാത്ത്‌ വിതരണം സാമൂഹ്യ ബാധ്യതയാണ്‌. പ്രവാചകന്റെ കാലത്ത്‌ മസ്‌ജിദുന്നബവി കേന്ദ്രീകരിച്ച്‌ `ബൈതുല്‍മാല്‍' പ്രവര്‍ത്തനത്തിലൂടെയാണ്‌ സകാത്ത്‌ നിര്‍വഹിക്കപ്പെട്ടിരുന്നത്‌. യമനിലേക്ക്‌ മുആദ്‌(റ)വിനെ അയക്കുമ്പോള്‍, ഇസ്‌ലാമിക ഭരണം സ്ഥാപിച്ചതിനു ശേഷം നീ അവരില്‍ നിന്ന്‌ സകാത്ത്‌ പിരിച്ചെടുക്കുക എന്നായിരുന്നില്ല നിര്‍ദേശം. തൗഹീദും നമസ്‌കാരവും അംഗീകരിക്കുന്നവരില്‍ നിന്ന്‌ സകാത്ത്‌ സ്വീകരിച്ച്‌ അവകാശികള്‍ക്ക്‌ എത്തിക്കേണ്ടത്‌ സമൂഹ നേതൃത്വത്തിന്റെ ബാധ്യതയാണ്‌, ഇസ്‌ലാമിക ഭരണം നിലനില്‌ക്കുന്നുവെങ്കിലും ഇല്ലെങ്കിലും.
ദാനധര്‍മങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കുത്തക ഇല്ലാതാക്കുന്നതും സംഘടിത സകാത്താണ്‌. ധര്‍മം ലഭിക്കുന്നതിനുവേണ്ടി ധനാഢ്യ കുടുംബത്തോട്‌ പ്രത്യേക ബന്ധം പുലര്‍ത്തുന്ന പലരെയും നമുക്ക്‌ കാണാം. പ്രസ്‌തുത കുടുംബത്തില്‍ നിന്ന്‌ സകാത്ത്‌ നല്‌കുമ്പോള്‍ ആദ്യമായി പരിഗണിക്കപ്പെടുന്നതും അവര്‍ തന്നെയായിരിക്കും. ഇത്‌, തങ്ങള്‍ ആ കുടംബത്തില്‍ നിന്ന്‌ സകാത്ത്‌ വാങ്ങേണ്ടവരാണെന്ന പാരമ്പര്യാവകാശം ക്രമേണ ഉണ്ടാക്കുന്നു. പലപ്പോഴും അത്തരം ആളുകള്‍ യഥാര്‍ഥത്തില്‍ സകാത്തിന്‌ അര്‍ഹരുമായിരിക്കില്ല. ഈ അവകാശത്തെക്കുറിച്ചുള്ള കുത്തക ബോധത്തെ തകര്‍ത്തുകൊണ്ട്‌, യഥാര്‍ഥ അര്‍ഹര്‍ക്ക്‌ സകാത്ത്‌ എത്തിക്കുവാന്‍ കമ്മിറ്റികള്‍ക്ക്‌ സാധിക്കുന്നുണ്ട്‌. പണ്ഡിത, പുരോഹിതരില്‍ നിന്നൊരു വിഭാഗം ഇങ്ങനെ ജനങ്ങളുടെ സ്വത്ത്‌ വസുലാക്കുന്നവരാണെന്ന്‌ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌ (9:64). പ്രവാചക കുടുംബത്തിന്‌ ദാനധര്‍മങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന്‌ പ്രഖ്യാപിക്കപ്പെട്ടതും, ഇത്തരത്തില്‍ ജനങ്ങളുടെ സ്വത്തിലുള്ള കുത്തകസ്വഭാവം ഇല്ലാതാക്കാനാവാം. കാരണം സാമാന്യ ജനങ്ങള്‍ സകാത്ത്‌ പോലുള്ളത്‌ നല്‌കാന്‍ ആഗ്രഹിക്കുക അവര്‍ക്കായിരിക്കുമല്ലോ?
കേരളത്തില്‍ മഹല്ലടിസ്ഥാനത്തില്‍ സകാത്ത്‌ കമ്മിറ്റികള്‍ വ്യാപിപ്പിക്കുന്നതില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്‌ വലിയ പങ്കുണ്ട്‌. 1987ല്‍ കുറ്റിപ്പുറത്ത്‌ നടന്ന മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്‌ സംസ്ഥാനത്തുടനീളം `സകാത്ത്‌ സെല്‍' രൂപീകരിക്കുക എന്നായിരുന്നു. സംഘടനയുടെ നിര്‍ദേശമനുസരിച്ച്‌ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയെപ്പോലുള്ള നേതാക്കള്‍ അതിനുവേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്‌. തൊണ്ണൂറുകളോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സകാത്ത്‌ സെല്ലുകള്‍ വ്യാപകമായി എന്നതാണ്‌ പിന്നീടുള്ള ചരിത്രം. ഇന്ന്‌ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിക്ക സകാത്ത്‌ സെല്ലുകളും കുറ്റിപ്പുറം സമ്മേളനത്തിനു ശേഷം രൂപീകരിക്കപ്പെട്ടവയാണ്‌. എന്നാല്‍ പല മഹല്ലുകളിലും സ്ഥലങ്ങളിലും അതിനുമുമ്പേ സംഘടിത സകാത്ത്‌ സംവിധാനം നിലവിലുണ്ടായിരുന്നു.

സംഘടിത സകാത്ത്‌ ആഗോളാടിസ്ഥാനത്തില്‍

ഇന്ന്‌ ആഗോളാടിസ്ഥാനത്തില്‍ നിരവധി സകാത്ത്‌ ഫൗണ്ടേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ത്രേലിയ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്‌തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായ സകാത്ത്‌ ശേഖരണ വിതരണ സംവിധാനം നിലവിലുണ്ട്‌. അറബ്‌ രാഷ്‌ട്രങ്ങളില്‍ ഭരണകൂടത്തിന്റെ ഭാഗമായി തന്നെ സകാത്ത്‌ സംവിധാനവും പ്രവര്‍ത്തിക്കുന്നു. സോമാലിയ പോലുള്ള ദരിദ്ര രാഷ്‌ട്രങ്ങളും, അധിനിവിഷ്‌ട രാജ്യങ്ങളിലെ പീഡിത ജനതയും ഇത്തരം സകാത്ത്‌ ഫൗണ്ടേഷനുകളുടെ മുഖ്യ ഗുണഭോക്താക്കളാണ്‌. ബ്രിട്ടനില്‍ ദാനധര്‍മ രംഗത്ത്‌ മുസ്‌ലിംകളാണ്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഓരോ ബ്രിട്ടീഷ്‌ മുസ്‌ലിമും ശരാശരി 371 യൂറോ (29,000 രൂപ) ദാനം ചെയ്യുന്നുണ്ട്‌. ഇവിടെ 70 ശതമാനം മുസ്‌ലിംകളെങ്കിലും സകാത്ത്‌ അടക്കമുള്ള ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവരാണ്‌.
അമേരിക്കയിലെ ഏറ്റവും വലിയ സകാത്ത്‌ ശേഖരണ വിതരണ സംവിധാനമാണ്‌ `സകാത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ അമേരിക്ക'. 2001 ലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. ദുരിതാശ്വാസം, ആതുരസേവനം, അനാഥ സംരക്ഷണം തുടങ്ങിയവയാണ്‌ പ്രവര്‍ത്തന മേഖലകള്‍. ബംഗ്ലാദേശിലെ ദരിദ്ര കൂടുംബങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താനായി റിക്ഷ വണ്ടി നല്‌കുന്ന പദ്ധതിയാണ്‌ ഇവര്‍ ഈ റമദാനില്‍ നിര്‍വഹിക്കുന്നത്‌. അമേരിക്കയില്‍ മതപ്രബോധനം നടത്തുന്നതിനും വിവിധ പള്ളികളില്‍ നോമ്പുതുറ സംഘടിപ്പിക്കുന്നതിനും ഫൗണ്ടേഷന്‍ പണം നല്‌കാറുണ്ട്‌.
കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ 1600 മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പഠനത്തിനും, അനാഥ സംരക്ഷണത്തിനും ഫൗണ്ടേഷന്‍ സഹായം നല്‌കിയിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ നാഷണല്‍ സകാത്ത്‌ ഫൗണ്ടേഷന്‍ ആറ്‌ കോടി രൂപയാണ്‌ കഴിഞ്ഞ റമദാനില്‍ സ്വരൂപിച്ചത്‌. 607 അപേക്ഷകരില്‍ നിന്ന്‌ അര്‍ഹരെന്ന്‌ കണ്ടെത്തിയ 72 അപേക്ഷകര്‍ക്കാണ്‌ സഹായം നല്‌കിയത്‌. ഈ വര്‍ഷത്തെ വരുമാനം ഒമ്പതു കോടി കവിയുമെന്നാണ്‌ സൂചന. വീട്‌ നിര്‍മാണം, വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നീ ഇനങ്ങളിലാണ്‌ കൂടുതലും ചെലവഴിച്ചത്‌. സമീപ ഭാവിയില്‍ ബ്രിട്ടനില്‍ വീടില്ലാത്ത ഒരു മുസ്‌ലിം കുടുബം പോലുമുണ്ടാവരുതെന്നാണ്‌ നാഷണല്‍ സകാത്ത്‌ ഫൗണ്ടേഷന്റെ ലക്ഷ്യം. മലേഷ്യയിലെ വേള്‍ഡ്‌ സകാത്ത്‌ ഫണ്ടും യുനൈറ്റഡ്‌ മുസ്‌ലിംസ്‌ ഓഫ്‌ ആസ്‌ത്രേലിയയുടെ സകാത്ത്‌ കമ്മിറ്റിയും ആഗോളാടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെക്കുന്ന സകാത്ത്‌ സംവിധാനങ്ങളില്‍ ചിലതാണ്‌. ഓണ്‍ലൈനായി സകാത്ത്‌ ശേഖരിക്കുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നുവെന്നതാണ്‌ പൊതു സ്വഭാവം. മിക്ക വെബ്‌ സൈറ്റുകളിലും സകാത്ത്‌ വിഹിതം കണക്കാക്കാനുള്ള `സകാത്ത്‌ കാല്‍ക്കുലേറ്റര്‍' ലഭ്യമാണ്‌. സകാത്ത്‌ സംവിധാനമുണ്ടാക്കിയ വിപ്ലവങ്ങളും വിജയഗാഥകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌.
അതേസമയം, ഭരണകൂടത്തിന്റെ ഭാഗമായി അറബ്‌-ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ നിലവിലുള്ള സംഘടിത സകാത്ത്‌ സംവിധാനം നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. ലോകത്ത്‌ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിലും ഇത്തരം സംവിധാനങ്ങള്‍ വലിയ പങ്കുവഹിക്കുന്നു.
ഇന്ത്യയില്‍, കേരളത്തിനു പുറത്തും വിപുലമായ സകാത്ത്‌ സംവിധാനങ്ങള്‍ നിലവിലുണ്ട്‌. കേരളത്തിലേതു പോലെ അത്ര വ്യാപകമല്ല എന്നു മാത്രം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി അലയന്‍സും, സകാത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും ഉദാഹരണങ്ങളാണ്‌. ഹൈദരാബാദ്‌ സകാത്ത്‌ ആന്റ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റ്‌ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ വിപ്ലവം സൃഷ്‌ടിച്ച ഒരു സകാത്ത്‌ കമ്മറ്റിയാണ്‌. 1992 ല്‍ സ്ഥാപിതമായ ഇതിന്റെ കഴിഞ്ഞ വര്‍ഷത്തെ വരവ്‌ ഏഴുകോടി രൂപയാണ്‌. അരലക്ഷം വിദ്യാര്‍ഥികളുടെ പഠനച്ചെലവ്‌ വഹിക്കാന്‍ ഇതിനകം കമ്മിറ്റിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസം നേടി കുഞ്ചിക സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പലരും ഇന്ന്‌ സകാത്ത്‌ ദാതാക്കളാണെന്ന്‌ മുഖ്യ രക്ഷാധികാരികൂടിയായ ഗിയാസുദ്ദീന്‍ ബാബുഖാന്‍ സാക്ഷ്യപ്പെടുത്തുന്നു. 
പ്രവാസികള്‍ അടക്കമുള്ള ആന്ധ്രപ്രദേശിലെ മുസ്‌ലിംകള്‍ കൃത്യമായി സകാത്ത്‌ നല്‌കാന്‍ തയ്യാറായാല്‍ ആയിരം കോടിയിലധികം വരുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. സകാത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനം നിരവധി സിവില്‍ സര്‍വീസുകാരെ മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ വളര്‍ത്തിയെടുക്കാന്‍ കാരണമായിട്ടുണ്ട്‌. ചികിത്സ, വിദ്യാഭ്യാസം, വീടുനിര്‍മാണം എന്നിവയാണ്‌ ദേശീയാടിസ്ഥാനത്തിലുള്ള സകാത്ത്‌ കമ്മിറ്റികള്‍ ഊന്നല്‍ നല്‌കുന്ന പ്രധാന മേഖലകള്‍. ഖുര്‍ആന്‍ സകാത്തിന്റെ അവകാശികള്‍ എന്ന നിലയില്‍ പരിചയപ്പെടുത്തിയ ഫീ സബീലില്ലാഹി (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) എന്നതിന്റെ വിശാലാര്‍ഥം പരിഗണിച്ചതുകൊണ്ട്‌ മാത്രമാണ്‌ രാജ്യത്തെ പല മതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിന്നു പോകുന്നത്‌.

സംഘടിത സകാത്ത്‌ കേരളത്തില്‍

വിശാലമായ പ്രവര്‍ത്തന പരിധിയുള്ളതാണ്‌ കേരളത്തിനു പുറത്തുള്ള മിക്ക സകാത്ത്‌ കമ്മിറ്റികളും. രാജ്യവ്യാപകമായും സംസ്ഥാന തലത്തിലും ശേഖരണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നവയാണവ. എന്നാല്‍ കേരളത്തിലെ സാഹചര്യം തീര്‍ത്തും വിഭിന്നമാണ്‌. സുശക്തമായ മഹല്ല്‌ സംവിധാനം നിലവിലുള്ളതുകൊണ്ട്‌ സകാത്ത്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്‌ പ്രാദേശികാടിസ്ഥാനത്തിലാണ്‌. മഹല്ലുതലത്തില്‍ ശേഖരണവും വിതരണവും നിര്‍വഹിച്ച്‌ പ്രാദേശികമായി സമുദായത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം സകാത്ത്‌ സെല്ലുകള്‍ക്ക്‌ നിര്‍ണായക പങ്കുണ്ട്‌. അതോടൊപ്പം ജില്ല, സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്മിറ്റികളും ഇന്ന്‌ കേരളത്തിലുണ്ട്‌.
എറണാകുളം ജില്ലയിലെ പുല്ലേപ്പടി സലഫി മസ്‌ജിദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സകാത്ത്‌സെല്‍, കേരളത്തില്‍ വിപുലമായ തോതില്‍ മുന്നോട്ട്‌ പോകുന്ന കമ്മിറ്റികളിലൊന്നാണ്‌. ഏതാണ്ട്‌ ഇരുപത്‌ വര്‍ഷമായി പ്രവര്‍ത്തനപഥത്തിലുള്ള ഈ സകാത്ത്‌ സെല്ലിന്‌ ഇന്ന്‌ രണ്ട്‌ കോടിയോളം വാര്‍ഷിക വരുമാനമുണ്ട്‌. പുല്ലേപ്പടി മഹല്ലാണ്‌ പ്രവര്‍ത്തനകേന്ദ്രമെങ്കിലും എറണാകുളം ജില്ലയില്‍ നിന്ന്‌ മുഴുവന്‍ അപേക്ഷകള്‍ സ്വീകരിക്കാറുണ്ട്‌. വ്യവസ്ഥാപിത പ്രവര്‍ത്തനഫലമായി പള്ളിയുടെ പരിസരപ്രദേശങ്ങളില്‍ നിന്ന്‌ അപേക്ഷകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ പ്രവര്‍ത്തകര്‍ സാക്ഷ്യപെടുത്തുന്നു. വീട്‌ നിര്‍മാണം, ചികിത്സ, പെന്‍ഷന്‍, സ്വയം തൊഴില്‍, വിദ്യാഭ്യാസം എന്നീ ഇനങ്ങളിലാണ്‌ കൂടുതലും ചെലവഴിക്കപ്പെടുന്നത്‌. നിര്‍ധന രോഗികള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന മരുന്നുകള്‍ക്കുള്ള പണം മെഡിക്കല്‍ഷോപ്പില്‍ നല്‍കി, അവിടെനിന്ന്‌ മരുന്ന്‌ സൗജന്യമായി ലഭ്യമാക്കുന്ന സംവിധാനമുണ്ട്‌.
കൊച്ചി, പള്ളുരുത്തി ഭാഗങ്ങളില്‍ അമ്പതിലധികം വീടുകള്‍ ഉള്‍ക്കൊള്ളുന്ന കോളനികള്‍ സകാത്ത്‌ സെല്‍ മുഖേന നിര്‍മിച്ചിട്ടുണ്ട്‌. വ്യക്തിഗതമായോ ഗ്രൂപ്പ്‌ അടിസ്ഥാനത്തിലോ സ്വയം തൊഴില്‍ പദ്ധതി സമര്‍പ്പിച്ചാല്‍ അത്‌ പ്രാവര്‍ത്തികമാക്കാന്‍ കമ്മിറ്റി ശ്രമിക്കാറുണ്ട്‌. വര്‍ഷം മുഴുവന്‍ സകാത്ത്‌ സ്വീകരിക്കാന്‍ ഓഫീസും രണ്ട്‌ ഉദ്യോഗസ്ഥരുമുണ്ട്‌. വിദ്യാഭ്യാസ ആവശ്യത്തിന്‌ സകാത്ത്‌ നല്‍കുകയും ഉദ്യോഗം നേടിയതിനുശേഷം സകാത്ത്‌ ദാതാക്കളായി മാറുകയും ചെയ്‌തവര്‍ അവിടെയുണ്ട്‌. കുടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു വരുന്നു. എന്നാല്‍ 160-300 ആളുകളാണ്‌ സകാത്ത്‌ നല്‍കുന്നവരായി പ്രദേശത്തുള്ളത്‌. ഇത്ര ചുരങ്ങിയ ആളുകളുടെ സകാത്ത്‌ വിഹിതം ഉപയോഗിച്ച്‌ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുവെന്നത്‌ നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. പ്രദേശത്തെ സകാത്ത്‌ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ മുഴുവന്‍ സംഘടിത സകാത്ത്‌ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാല്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും. പുല്ലേപ്പടി സലഫി മസ്‌ജിദിന്റെ സകാത്ത്‌ പ്രവര്‍ത്തനത്തില്‍ നിന്ന്‌ ആവേശമുള്‍ക്കൊണ്ട്‌ നിരവധി സകാത്ത്‌ കമ്മിറ്റികള്‍ പിന്നീടുണ്ടായിട്ടുണ്ട്‌. എറണാകുളം സെന്‍ട്രല്‍ ജുമാമസ്‌ജിദിന്റെ കീഴില്‍ 2 വര്‍ഷം മുമ്പാണ്‌ സംഘടിത സകാത്ത്‌ നിലവില്‍ വന്നത്‌. യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈ ഉള്ള പള്ളികള്‍ പോലും ഈ രംഗത്തേക്ക്‌ കടന്നുവരുന്നത്‌ ശുഭ സൂചനയാണ്‌.
കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സകാത്ത്‌ ആന്റ്‌ വെല്‍ഫയര്‍ കമ്മിറ്റി ഈ രംഗത്ത്‌ ഏറെ ശ്രദ്ധേയമാകുന്നു. `ഭവനമൊരു ഭാഗ്യം' എന്ന പുനരധിവാസ പദ്ധതി കമ്മിറ്റിയുടെ പ്രധാന പദ്ധതികളിലൊന്നാണ്‌. മൂന്ന്‌ ലക്ഷം രൂപയായിരുന്നു പ്രഥമ വര്‍ഷം സകാത്തായി ലഭിച്ചത്‌. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടാവുകയും കഴിഞ്ഞ വര്‍ഷം ഇരുപത്‌ ലക്ഷത്തോളം സ്വരൂപിക്കുകയുമുണ്ടായി. ഈ വര്‍ഷം 100 ശതമാനം വര്‍ധനവ്‌ തന്നെ കമ്മിറ്റി പ്രതീക്ഷിക്കുന്നുണ്ട്‌. പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 20 വീടുകള്‍, പള്ളി, മദ്‌റസഎന്നിവ നിര്‍മിച്ചു നല്‌കി. അര്‍ഹരായവരെ കണ്ടെത്തി അവിടെ താമസിപ്പിക്കുകയും ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ 40 വീടുകളാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. വീടുകള്‍ക്ക്‌ സമീപം തന്നെ പള്ളിയും മദ്‌റസയും കൂടി സജ്ജീകരിക്കുമ്പോള്‍ ഇസ്‌ലാമികാധിഷ്‌ഠിതമായ ജീവിത സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 138 വ്യക്തികളില്‍ നിന്നാണ്‌ ഈ വലിയ സംഖ്യ സ്വരൂപിച്ചതെന്നത്‌ സംഘടിത സകാത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്‌ ബീജാവാപം നല്‌കിയ കൊടുങ്ങല്ലൂരില്‍ നിന്നുള്ള പുതിയ പാഠങ്ങള്‍ നമുക്ക്‌ പ്രചോദനം നല്‌കേണ്ടതുണ്ട്‌. ഒരൊറ്റ ദിവസം കൊണ്ട്‌ സഫലമാകുന്നതല്ല ഇത്തരം പദ്ധതികള്‍. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും പ്രയത്‌നവും അനിവാര്യമാണ്‌.
ഈ റമദാനില്‍, മഞ്ചേരി പരിസരത്ത്‌ പ്രവര്‍ത്തിക്കുന്ന വിവിധ സകാത്ത്‌ കമ്മിറ്റികള്‍, ഏകോപിച്ച്‌ പ്രവര്‍ത്തിക്കാന്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്‌. കെ എന്‍ എം, സെന്‍ട്രല്‍ ജുമാമസ്‌ജിദ്‌, റഹ്‌മ സകാത്ത്‌ ഫൗണ്ടേഷന്‍, ഇസ്വ്‌ലാഹി കാമ്പസ്‌, പാലക്കുളം സുന്നി മഹല്ല്‌ തുടങ്ങിയവക്ക്‌ കീഴിലുള്ള സകാത്ത്‌ സംവിധാനങ്ങളാണ്‌ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. ശേഖരണം വെവ്വേറെ നിര്‍വഹിക്കുകയും, ഒറ്റക്ക്‌ നിര്‍വഹിക്കാനാവാത്ത പദ്ധതികള്‍ സംയുക്തമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം. മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്‌ജിദിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത്‌ കമ്മിറ്റിയില്‍ സംഘടിത സകാത്തിനെ വിമര്‍ശിക്കുന്ന വിഭാഗങ്ങള്‍ വരെ സഹകരിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌. സംഘടന അഫിലിയേഷനൊന്നുമില്ലാത്ത റഹ്‌മ സകാത്ത്‌ ഫൗണ്ടേഷന്‍ എടുത്തു പറയേണ്ട മറ്റൊരു സംരംഭമാണ്‌. ഒന്നര ലക്ഷത്തില്‍ തുടങ്ങിയ സകാത്ത്‌ ശേഖരണം ഇപ്പോള്‍ 28 ലക്ഷം കവിഞ്ഞിരിക്കുന്നു. മഞ്ചേരി പരിസരത്ത്‌ ഭവന രഹിതരായ ആളുകള്‍ ഇല്ലാതാക്കുക എന്നതാണ്‌ മുഖ്യലക്ഷ്യം. 106 പേരില്‍ നിന്നാണ്‌ കഴിഞ്ഞ വര്‍ഷം സകാത്ത്‌ സ്വീകരിച്ചത്‌.
ധാരാളം ആവശ്യക്കാരിലേക്ക്‌ എത്തിക്കുക എന്നതിനേക്കാള്‍ ഏറ്റവും അര്‍ഹരായവരുടെ മുഴുവന്‍ ആവശ്യവും പരിഗണിക്കുക എന്നതാണ്‌ കമ്മിറ്റി സ്വീകരിക്കുന്ന നയം. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ ഗുണഭോക്താക്കള്‍ പത്തൊമ്പത്‌ പേര്‍ മാത്രമാണ്‌. എന്നാല്‍ ഇങ്ങനെ സകാത്ത്‌ ലഭിക്കുന്ന പലരും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ദാതാക്കളായി മാറുന്നുവെന്നതാണ്‌ അനുഭവം. 
നിര്‍ധനരായ സ്‌ത്രീകള്‍ക്കുവേണ്ടി `അകത്തളം സൂപ്പര്‍ മാര്‍ക്കറ്റ്‌' എന്ന പേരില്‍ സ്വയം തൊഴില്‍ പദ്ധിതിയും നടപ്പാക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഴുവന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചു മുന്നോട്ടു പോവുമ്പോള്‍, സ്‌ത്രീകള്‍ക്ക്‌ കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ ഗൃഹകേന്ദ്രീകൃതമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവതരിപ്പിക്കുകയാണ്‌. വനിതാ പ്രാതിനിധ്യമുള്ള അപൂര്‍വം സകാത്ത്‌ കമ്മിറ്റികളിലൊന്നുകൂടിയാണിത്‌. പ്രവര്‍ത്തന സൗകര്യത്തിനുവേണ്ടി എക്‌സിക്യൂട്ടീവ്‌, ഇംപ്ലിമെന്റ്‌, ആക്ഷന്‍ എന്നിങ്ങനെ ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌.
കോഴിക്കോട്‌ സിറ്റിയിലും പരിസര പ്രദേശങ്ങളിലും സജീവമായ സകാത്ത്‌ സംവിധാനങ്ങള്‍ നിലവിലുണ്ട്‌. പാളയം മുഹ്‌യുദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി എന്നിവ കേന്ദ്രീകരിച്ച്‌ വിപുലമായ തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നടക്കാവ്‌ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്ന സകാത്ത്‌ സെല്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന ഒന്നാണ്‌. 20 പേര്‍ക്ക്‌ താമസിക്കാവുന്ന ഫ്‌ളാറ്റ്‌ നിര്‍മിച്ചു നല്‌കാന്‍ കമ്മിറ്റിക്ക്‌ സാധിച്ചിട്ടുണ്ട്‌. 100 പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപയാണ്‌ കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്തത്‌. പ്രൊഫഷണല്‍, സയന്‍സ്‌ മേഖലകളില്‍ നല്‌കിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ വലിയ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. അല്‍മനാര്‍ മസ്‌ജിദ്‌, എം എസ്‌ എസ്‌ തുടങ്ങിയവയുടെ കീഴിലും സകാത്ത്‌ സംവിധാനങ്ങള്‍ നിലനില്‌ക്കുന്നു. 
മര്‍കസുദ്ദഅ്‌വ ആസ്ഥാനമാക്കി കെ എന്‍ എമ്മിന്റെ സംസ്ഥാന സകാത്ത്‌ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ശാഖാ സകാത്ത്‌ സെല്ലുകളില്‍ നിന്ന്‌ അഞ്ചു ശതമാനം വിഹിതം സ്വീകരിച്ചും അല്ലാതെയും സ്വരൂപിക്കുന്ന സംഖ്യ, സംസ്ഥാന തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ബൈതുസകാത്ത്‌ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സകാത്ത്‌ സംവിധാനമാണ്‌. 2000-ത്തിലാണ്‌ രൂപീകരിക്കപെടുന്നത്‌. പതിമൂന്നു വര്‍ഷത്തിനുള്ളില്‍ വരുമാനത്തില്‍ വിസ്‌മയകരമായ വളര്‍ച്ചയാണ്‌ ഉണ്ടായിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം മൂന്ന്‌ കോടി രൂപ സ്വരൂപിച്ചു. ഇരുനൂറിലധികം വീടുകള്‍, ആയിരത്തോളം ഉന്നത വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്‌, സ്വയം തൊഴില്‍ പദ്ധതികള്‍, കട ബാധ്യത തീര്‍ക്കാനും ചികിത്സക്കുമായി മൂവായിരത്തോളം പേര്‍ക്ക്‌ സഹായം എന്നിങ്ങനെയാണ്‌ പതിമൂന്നു വര്‍ഷത്തിനിടെ ചെലവഴിച്ച ഇനങ്ങള്‍. കഴിഞ്ഞ വര്‍ഷം 2095 സകാത്ത്‌ ദാതാക്കളുടെ വിഹിതത്തില്‍ നിന്ന്‌ 985 ഗുണഭോക്താക്കള്‍ക്കാണ്‌ സഹായം നല്‍കിയത്‌. 
സംസ്ഥാന വ്യാപകമായി തന്നെ ശേഖരണവും വിതരണവും നടത്തുന്നു. ഈ വര്‍ഷം മുതല്‍ പ്രാദേശിക സകാത്ത്‌ കമ്മിറ്റികളുമായി സഹകരിച്ച്‌ സഹായം കൂടുതല്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. സകാത്ത്‌ വിനിയോഗത്തെകുറിച്ച്‌ പരിശീലന പരിപാടികള്‍, പ്രാദേശിക സകാത്ത്‌ കമ്മിറ്റികള്‍ക്കു വേണ്ടി പദ്ധതി തയ്യാറാക്കല്‍, സര്‍വേ തുടങ്ങിയവയും ബൈതുസകാത്ത്‌ നിര്‍വഹിക്കുന്നുണ്ട്‌. 
കോട്ടക്കല്‍, അരീക്കോട്‌, എടവണ്ണ, പെരിന്തല്‍മണ്ണ പോലുള്ള പ്രദേശങ്ങളില്‍ മാസം തോറും സകാത്ത്‌ ശേഖരിക്കാനും അര്‍ഹര്‍ക്ക്‌ എത്തിച്ചുകൊടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‌ക്കുന്നുവെന്നത്‌ പരാമര്‍ശമര്‍ഹിക്കുന്നു. റമദാനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സകാത്ത്‌ കമ്മിറ്റികളായി മാറാതിരിക്കാന്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഇസ്വ്‌ലാഹി നേതാക്കള്‍ തുടങ്ങിവെച്ച സംരംഭത്തെ കാലത്തിന്റെ ആവശ്യങ്ങളറിഞ്ഞു മുന്നോട്ട്‌ നയിക്കാനുള്ള ബാധ്യത വിസ്‌മരിക്കരുത്‌.

സംഘടിത സകാത്തിന്റെ സാധ്യതകള്‍

കേരളത്തില്‍ വിപുലമായ തോതില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത്‌ കമ്മിറ്റികളെ പരിശോധനക്ക്‌ വിധേയമാക്കിയാല്‍ വ്യക്തമാകുന്ന ഒരു കാര്യം ദാതാക്കളുടെ എണ്ണക്കുറവാണ്‌. എന്നാല്‍ ചുരുങ്ങിയ ദാതാക്കളില്‍ നിന്നുപോലും വലിയ വലിയ പദ്ധതികള്‍ രൂപപ്പെടുത്താവുന്ന വരുമാനമുണ്ടാവുന്നുവെന്നത്‌ നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടിയിരിക്കുന്നു.
സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം 78 ലക്ഷത്തിലധികമാണ്‌ കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. നാല്‌ ലക്ഷത്തിലധികം വരുന്ന ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥരില്‍ 10 ശതമാനം മുസ്‌ലിംകളാണ്‌, അതായത്‌ ഏകദേശം നാല്‌പതിനായിരം മുസ്‌ലിംകള്‍ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥരാണ്‌. ഇവരില്‍ എത്ര പേര്‍ സകാത്ത്‌ നല്‌കുന്നുണ്ടാവും?
വിദേശത്തുനിന്ന്‌ കേരളത്തിലേക്ക്‌ ഒരു വര്‍ഷം അമ്പതിനായിരം കോടിയിലധികം വരുന്നുണ്ടെന്നാണ്‌ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിനു വേണ്ടി സകറിയ കെ സി, ഹൃദയരാജന്‍ എന്നിവര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പറയുന്നത്‌. പ്രസ്‌തുത വരുമാനത്തിന്റെ 46.5 ശതമാനം അഥവാ 23,000 കോടിയലധികം രൂപ മുസ്‌ലിം കുടുംബങ്ങളിലാണെത്തുന്നത്‌. ഒരു മുസ്‌ലിം കുടുംബം വര്‍ഷം ശരാശരി 135,111 രൂപ വിദേശത്തുനിന്ന്‌ സ്വീകരിക്കുന്നുണ്ട്‌. ഈ സംഖ്യകള്‍ക്കൊക്കെ കൃത്യമായി സകാത്ത്‌ നല്‌കിയാല്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രതിച്ഛായ മാറ്റാന്‍ അധികം യത്‌നിക്കേണ്ടി വരില്ല. 23,000 കോടിയുടെ 2.5 ശതമാനം എന്നു പറയുന്നത്‌ 575 കോടിയാണ്‌. ഇത്‌ യഥോചിതം സമാഹരിച്ച്‌ സേവനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ അതൊരു വിപ്ലവമാകും.
മുംബൈ സര്‍വകാലശാലയിലെ സാമ്പത്തിക വിഭാഗം പ്രൊഫസറും മൂവ്‌മെന്റ്‌ ഓഫ്‌ സകാത്ത്‌ ഫൗണ്ടേഷന്റെ മുന്‍നിര പ്രവര്‍ത്തകനുമായ ഡോ. റഹ്‌മത്തുല്ലയുടെ അഭിപ്രായം, 15,000 കോടിയിലധികം ഇന്ത്യയില്‍ സകാത്ത്‌ ഇനത്തില്‍ ലഭിക്കേണ്ടതുണ്ടെന്നാണ്‌. ഗവണ്‍മെന്റ്‌ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടുകള്‍ പഠനവിധേയമാക്കിയാണ്‌ അദ്ദേഹം ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്‌. മുസ്‌ലിം ഭൂരിപക്ഷമുള്ള 300 ജില്ലകളിലെ വരുമാനസ്രോതസ്സുകള്‍ അദ്ദേഹം പരിശോധിക്കുന്നുണ്ട്‌.
സര്‍ക്കാറുകള്‍ പഞ്ചവത്സര പദ്ധതികളും ബഡ്‌ജറ്റും ആസൂത്രണം ചെയ്യുന്നതുപോലെ ദീര്‍ഘകാലാടിസ്ഥാനത്തിലും അല്ലാതെയും ബഡ്‌ജറ്റുകള്‍ രൂപപ്പെടുത്താന്‍ സകാത്ത്‌ കമ്മിറ്റിക്ക്‌ സാധിക്കണം. പ്രവാചകന്‍ സകാത്ത്‌ ഇനത്തില്‍ വാങ്ങുന്ന ഒട്ടകങ്ങള്‍ക്ക്‌ അടയാളം വെക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. ശേഖരിച്ച ഉടനെ വിതരണം ചെയ്യാനായിരുന്നുവെങ്കില്‍ അടയാളം വെക്കേണ്ടതില്ലല്ലോ. സകാത്തിന്റെ അര്‍ഹര്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായ തോതില്‍ നിറവേറ്റാവുന്ന വിധത്തില്‍ വിഹിതം നല്‌കണം. ആവര്‍ത്തിത അപേക്ഷകരുടെയും ആവശ്യക്കാരുടെയും എണ്ണം കുറയ്‌ക്കുക എന്നതാണ്‌ സകാത്ത്‌ കമ്മിറ്റിയുടെ വിജയം. ദീര്‍ഘകാലമായി ഒരാള്‍ സകാത്ത്‌ വാങ്ങുന്നുവെങ്കില്‍ പ്രസ്‌തുത സംവിധാനത്തിന്‌ എന്തോ അപാകതയുണ്ട്‌. 
ഉമര്‍ ബിന്‍ അബുല്‍ അസീസിന്റെ കാലത്ത്‌ സകാത്ത്‌ തിരിച്ചയച്ചു എന്നു പറയുന്നത്‌ എല്ലാവരും ധനികരായി എന്നര്‍ഥത്തിലല്ല. ഞങ്ങള്‍ സകാത്ത്‌ നല്‌കാന്‍ പ്രാപ്‌തരായി എന്ന മാനസിക ഐശ്വര്യമാണ്‌ അത്തരമൊരു വിജയത്തിന്റെ നിദാനം. ഭക്ഷണം എന്ന അടിസ്ഥാന ആവശ്യം പരിഹരിക്കപ്പെടാത്ത ആരും മഹല്ലില്‍ ഉണ്ടാവരുത്‌ എന്ന്‌ ഉറപ്പുവരുത്താന്‍ നിശ്ചയമായും സകാത്ത്‌ കമ്മിറ്റികള്‍ക്ക്‌ സാധിക്കും. അങ്ങനെ പ്രഖ്യാപിച്ച മഹല്ലു കമ്മിറ്റികള്‍ കേരളത്തിലുണ്ട്‌ എന്നത്‌ നമുക്ക്‌ പ്രചോദനമാകട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: