സിഹ്‌റ്‌ ബാധയും യാഥാര്‍ഥ്യവും

  • Posted by Sanveer Ittoli
  • at 5:33 AM -
  • 0 comments

സിഹ്‌റ്‌ ബാധയും യാഥാര്‍ഥ്യവും


- നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


``വന്‍ പാപങ്ങള്‍ ഉപേക്ഷിക്കാന്‍ നമ്മോട്‌ നബി(സ) കല്‌പിച്ച കൂട്ടത്തില്‍ രണ്ടാമതായി എണ്ണിയത്‌ സിഹ്‌റിനെയാണ്‌. ശിര്‍ക്കിന്‌ തൊട്ടുപിറകെയാണ്‌ സിഹ്‌റിനെ ചൂണ്ടിക്കാട്ടിയത്‌ എന്നത്‌ അതിന്റെ ഗൗരവം കുറിക്കുന്നു. തീര്‍ച്ചയായും സിഹ്‌റിന്‌ യാഥാര്‍ഥ്യമുള്ളതുകൊണ്ടാണല്ലോ ഇത്ര ഗൗരവത്തില്‍ അതിനെ വര്‍ജിക്കാന്‍ കല്‌പിച്ചിട്ടുള്ളത്‌. യാഥാര്‍ഥ്യമില്ലാത്ത ഒന്നിനെ വര്‍ജിക്കാന്‍ കല്‌പിക്കുമോ?'' (കെ കെ സകരിയ്യാ സ്വലാഹി, ജിന്ന്‌, സിഹ്‌ര്‍, കണ്ണേറ്‌, പേജ്‌ 121).
യാഥാര്‍ഥ്യമില്ലാത്തതിനെ വര്‍ജിക്കാന്‍ കല്‌പിക്കുകയില്ല എന്നാണ്‌ ലേഖകന്‍ പറയുന്നത്‌.
അപ്പോള്‍ ശിര്‍ക്കിനും (ബഹുദൈവ വിശ്വാസത്തിനും) യാഥാര്‍ഥ്യമുണ്ടെന്ന്‌ ഇവര്‍ വാദിക്കേണ്ടിവരും. കാരണം ഇസ്‌ലാം ഒന്നാമത്തെ വലിയ പാപമായി കാണുന്നത്‌ ശിര്‍ക്കിനെയാണ്‌. യാഥാര്‍ഥ്യമുള്ളത്‌ ഏകദൈവ വിശ്വാസത്തിന്‌ മാത്രമാണ്‌. ബഹുദൈവ വിശ്വാസത്തിന്‌ യാഥാര്‍ഥ്യമില്ല. കാരണം അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. എങ്കിലും മനുഷ്യന്റെ വികലമായ വിശ്വാസത്തിലും കര്‍മത്തിലും ശിര്‍ക്കുണ്ട്‌. മനുഷ്യന്റെ വികലമായ വിശ്വാസത്തെയും കര്‍മത്തെയും ഇസ്‌ലാം വിരോധിക്കുകയും മഹാപാപമായി പരിഗണിക്കുകയും ചെയ്യും.
ശകുനം നോക്കല്‍ ഇസ്‌ലാം മഹാപാപമായ ശിര്‍ക്കായി കാണുകയും വര്‍ജിക്കാന്‍ കല്‌പിക്കുകയും ചെയ്യുന്നു. ഇതു കാരണം ശകുനത്തിന്‌ യാഥാര്‍ഥ്യമുണ്ടെന്ന്‌ ആരെങ്കിലും ജല്‌പിക്കുമോ? യാഥാര്‍ഥ്യമുള്ളതിനെ വര്‍ജിക്കാന്‍ കല്‌പിക്കുകയും യാഥാര്‍ഥ്യമില്ലാത്തതിനെ അംഗീകരിക്കുകയും ചെയ്യുന്ന മതമാണെന്നാണ്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ ഇവര്‍ തെളിവു നല്‌കുന്നത്‌.
സിഹ്‌ര്‍ എന്ന പേരില്‍ ചില വഞ്ചനയും ചതിയും ഇവിടെ നടക്കുന്നില്ല എന്ന്‌ ആരും വാദിക്കുന്നില്ല. അസ്‌മാഇന്റെയും ത്വല്‍സമാത്തിന്റെയും പേരില്‍ പാമരജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സിഹ്‌റിന്റെ ചതിപ്രയോഗങ്ങള്‍ നടത്തേണ്ടതായ രൂപങ്ങള്‍ വിവരിക്കുന്നുണ്ട്‌. സിഹ്‌റ്‌ ബാധിക്കുകയില്ല എന്ന്‌ നിരുപാധികം ആരും ഇവിടെ വാദിക്കുന്നില്ല. അതില്‍ വിശ്വാസമുള്ളവന്‌ അത്‌ ബാധിച്ചേക്കാം. ഇതു വിശ്വാസത്തിന്റെ ഒരു പ്രശ്‌നമാണ്‌.
വാള്‍, കുന്തം, തോക്ക്‌, വിഷം പോലെയുള്ള യാഥാര്‍ഥ്യമുള്ള വസ്‌തുക്കള്‍ കൊണ്ടു ഉപദ്രവം ചെയ്യാന്‍ സാധിക്കുന്നതുപോലെ സിഹ്‌റുകൊണ്ട്‌ ഉപദ്രവം ചെയ്യാന്‍ സാധ്യമല്ല. വാളിലും കത്തിയിലും വിശ്വാസമില്ലാത്തവനെയും അവ കൊണ്ടു ഉപദ്രവം ചെയ്യാം. എന്നാല്‍ സിഹ്‌ര്‍ കൊണ്ട്‌ അതില്‍ വിശ്വാസമുള്ളവനെ മാത്രമേ ഉപദ്രവിക്കാന്‍ സാധിക്കൂ. ഒരു മന്ത്രവാദിയുടെ വെള്ളം കുടിച്ചാലും രോഗശമനം ലഭിച്ചേക്കും. ഒരു ഡോക്‌ടറുടെ മരുന്നു കുടിച്ചാലും രോഗശമനം ലഭിക്കും. ഇതിനര്‍ഥം രണ്ടും ഒരുപോലെയാണെന്നല്ലല്ലോ. ഇഞ്ചക്‌ഷന്‍ മുഖേന രോഗശമനം ലഭിക്കുന്നതും മന്ത്രിച്ച നൂലുകൊണ്ട്‌ രോഗശമനം ലഭിക്കുന്നതും ഒരുപോലെ യാഥാര്‍ഥ്യമുള്ളതല്ല. ഒന്ന്‌ ഭൗതിക യാഥാര്‍ഥ്യവും മറ്റേത്‌ വിശ്വാസവുമാണ്‌. ഇത്തരം വിശ്വാസം ശരിയല്ല എന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌.
കെ എന്‍ എം പ്രസിദ്ധീകരിച്ച മദ്‌റസാ പാഠപുസ്‌തകത്തില്‍ സിഹ്‌റ്‌ വന്‍ പാപമായി കാണാനുള്ള കാരണം വിവരിക്കുന്നത്‌ കാണുക: ``അന്യരെ ഉപദ്രവിക്കാന്‍ വേണ്ടിയാണ്‌ മിക്ക സിഹ്‌റും നടത്തുന്നതെന്ന്‌ പറഞ്ഞല്ലോ. മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ശ്രമമെന്ന നിലക്ക്‌ അത്തരം സിഹ്‌റുകള്‍ പാപമാണ്‌. അതിനു പുറമെ ഗൂഢവും അജ്ഞാതവുമായ വഴിക്കാണ്‌ സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കുന്നത്‌. അജ്ഞാത ശക്തികളെ ആശ്രയിക്കുന്നത്‌ ശിര്‍ക്കും കുഫ്‌റുമാണ്‌. അതുകൊണ്ടു തന്നെയാണ്‌ മഹാപാപങ്ങളില്‍ രണ്ടാമതായി സിഹ്‌റിനെ എണ്ണിയിട്ടുള്ളത്‌.'' (സ്വഭാവ പാഠങ്ങള്‍, നാലാംതരം, പേജ്‌ 15)
അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: ``യാഥാര്‍ഥ്യമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ്‌ സിഹ്‌റ്‌. ഇസ്‌ലാം വിരോധിച്ചതുകൊണ്ടുമാത്രം അതിന്‌ യാഥാര്‍ഥ്യമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത്‌ ഇസ്‌ലാം കഠിനമായി വിരോധിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെയൊരു പങ്കുകാരാരും യഥാര്‍ഥത്തില്‍ അല്ലാഹുവിനില്ലതാനും.'' (മൂസാ വാണിമേല്‍, അല്‍മനാര്‍ -1982 നവംബര്‍, പേജ്‌ 30).
``സിഹ്‌ര്‍ കുറ്റമാണ്‌. അതിന്‌ യഥാര്‍ഥ ഫലമില്ല. ദുര്‍ബല മനസ്സുകള്‍ക്ക്‌ അതില്‍ ഫലമുണ്ടെന്ന്‌ തോന്നാമെങ്കിലും.'' (അബ്‌ദുല്‍ഹഖ്‌ സുല്ലമി, അല്‍മനാര്‍ -1985 സപ്‌തംബര്‍ പേജ്‌ 13)
സിഹ്‌റ്‌ ചെയ്യുന്ന ഏതൊരു നിഷ്‌പക്ഷ വാദിയും സിഹ്‌റില്‍ ചതിപ്രയോഗവും വഞ്ചനയുമാണെന്ന്‌ സമ്മതിക്കും. വഞ്ചനയും ചതിയും ഖുര്‍ആന്‍ തന്നെ മഹാപാപമായി കണക്കാക്കുന്നു. എല്ലാതരം വഞ്ചനകളും ചതിയും ഇസ്‌ലാം വിരോധിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ്‌ സിഹ്‌റിനെ വന്‍ പാപമായി ഇസ്‌ലാം പരിഗണിക്കുന്നതും വിരോധിക്കുന്നതും. മുന്‍കൂട്ടി അറിവു നല്‌കാത്ത ഒരാള്‍ക്കും മറ്റൊരാളെ സിഹ്‌റ്‌ ചെയ്‌തു ഉപദ്രവിക്കാന്‍ സാധ്യമല്ല. നിരീശ്വര നിര്‍മത വാദികള്‍ക്ക്‌ സിഹ്‌റ്‌ ഫലിക്കുകയുമില്ല. ഫലിച്ച സംഭവവും കാണുകയില്ല. എന്നാല്‍ വാള്‍കൊണ്ടും കുന്തംകൊണ്ടും തോക്കുകൊണ്ടും വിഷം നല്‌കിയും ആരെയും മറ്റുള്ളവര്‍ക്ക്‌ ഉപദ്രവിക്കാന്‍ സാധിക്കുന്നതാണ്‌. അദൃശ്യ ശക്തികളില്‍ നിരീശ്വരവാദികള്‍ക്ക്‌ വിശ്വാസമില്ലാത്തതാണ്‌ ഇതിന്റെ കാരണം. അദൃശ്യ മാര്‍ഗത്തിലും അവര്‍ക്ക്‌ വിശ്വാസമില്ല.
കെ കെ സകരിയ്യ തന്നെ എഴുതുന്നു: ``അഹ്‌ലുസ്സുന്നക്കാരായി അറിയപ്പെടുന്ന അബൂമന്‍സ്വൂര്‍ മാതൂരീതി, ഇബ്‌നുഹസ്‌മ്‌, അബൂജഅ്‌ഫറുല്‍ ഇസ്‌തറാബാദി, അബൂബക്‌റുല്‍ ജസ്സ്വാസ്‌ തുടങ്ങിയ പണ്ഡിതരുടെ ഈ വിഷയത്തിലെ അഭിപ്രായങ്ങളുടെ ആകെത്തുക സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ലെന്നും അതിന്‌ സ്വാധീനങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയില്ലെന്നും അവ വെറും വസ്‌വാസ്‌, തോന്നലുകള്‍ മാത്രമാണെന്നുമാണ്‌.'' (ജിന്ന്‌, സിഹ്‌റ്‌, കണ്ണേറ്‌, പേജ്‌ 124).
മുഅ്‌തസിലുകള്‍ മാത്രമാണ്‌ സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ല എന്ന്‌ പറഞ്ഞിട്ടുള്ളത്‌ എന്ന്‌ അമാനി മൗലവിയുടെ പരിഭാഷ ഉദ്ധരിച്ച്‌ സമര്‍ഥിക്കുകയും അബൂബക്‌ര്‍ ജസ്സ്വാസ്‌ മുഅ്‌തസിലിയാണെന്ന്‌ വാദിക്കുകയും ചെയ്‌തത്‌ ഇയാള്‍ തന്നെയാണ്‌. ഇയാള്‍ ഇതിനെ തന്നെ ഇവിടെ എതിര്‍ക്കുന്നു. മാതൂരിയുടെ അഖീദ സ്വീകരിക്കണമെന്ന്‌ യാഥാസ്ഥിതികര്‍ പോലും പറയുന്നു. പൂര്‍വീകരായ ഒരൊറ്റ പണ്ഡിതനും അബൂബകര്‍ ജസ്സ്വാസ്‌ മുഅ്‌തസിലി ആണെന്ന്‌ അഭിപ്രായപ്പെടുന്നില്ല. അദ്ദേഹം ഹനഫീ മദ്‌ഹബിലെ പ്രസിദ്ധ പണ്ഡിതനാണ്‌. നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചു എന്ന്‌ പറയുന്ന ഹദീസ്‌ വിശുദ്ധ ഖുര്‍ആനിലെ രണ്ടു ആയത്തുകള്‍ക്കും എതിരാണെന്ന്‌ അദ്ദേഹത്തിന്റെ അഹ്‌കാമുല്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്‌.
ഇസ്വ്‌ലാഹീ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പ്‌ കെ കെ സകരിയ്യ പാറാല്‍ എന്ന സ്ഥലത്തുവെച്ച്‌ മുജാഹിദ്‌ പഠനകേമ്പില്‍ പ്രസംഗിച്ചതു കാണുക:
1). മറഞ്ഞ മാര്‍ഗത്തിലൂടെ നന്മ വരുത്താന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. മറഞ്ഞ മാര്‍ഗത്തിലൂടെ തിന്മ വരുത്താന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. ഈ വിശ്വാസത്തില്‍ കുറവ്‌ വരുമ്പോള്‍ സിഹ്‌റില്‍ വിശ്വാസം ഉണ്ടാവും. രോഗമുണ്ടാകുമ്പോള്‍ അയല്‍വാസി പിശാചിനെ വിട്ടു സിഹ്‌റ്‌ ചെയ്‌തതാണെന്ന്‌ പറയും.
2). പിശാച്‌ എന്നത്‌ തിരിച്ചയക്കാനും അയക്കാനും പറ്റുന്ന സാധനമാണെന്നാണ്‌ ഇവരുടെ വിശ്വാസം.
3). ഗൂഢ ശക്തികളെ കീഴ്‌പ്പെടുത്തി തിന്മ ചെയ്യാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കല്‍ നമ്മുടെ ഈമാനില്‍ കളങ്കം വരുത്തലാണ്‌. ഇവരുടെ വാദപ്രകാരം മെഡിക്കല്‍ കോളെജിന്റെയും മറ്റും ആവശ്യമില്ല (മന്ത്രവാദത്തെ പരിഹസിച്ചുകൊണ്ട്‌)
4). നമ്മെ സംബന്ധിച്ച്‌ സിഹ്‌റ്‌ ഫലിക്കുകയില്ല. എത്ര ശൈത്വാന്മാരെയും നിങ്ങള്‍ വിട്ടുകൊള്ളുക. ശേഷം എനിക്ക്‌ സിഹ്‌റ്‌ ചെയ്യുവിന്‍ (വെല്ലുവിളിക്കുന്നു)
5). സിഹ്‌റ്‌ ഫലിക്കുമെങ്കില്‍, പിശാചിനെ വിട്ടു ഉപദ്രവിക്കാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ ഇവിടെ ഈ ക്ലാസ്സിന്‌ എത്തുമായിരുന്നില്ല. ഇസ്‌റാഈല്യരെ ഇവര്‍ക്ക്‌ സിഹ്‌റ്‌ ചെയ്‌തു ഉപദ്രവിച്ചുകൂടേ?
6). പിശാചിന്‌ അപസ്‌മാരം പോലെയുള്ള രോഗം ഉണ്ടാക്കാന്‍ സാധ്യമല്ല. മാരണം ചെയ്‌തതാണെന്ന വിശ്വാസം നമുക്ക്‌ ഉണ്ടാകാന്‍ പാടില്ല.
7). രോഗം ഉണ്ടാക്കുന്നത്‌ അല്ലാഹുവാണ്‌. ഈ വിശ്വാസത്തിന്‌ എതിരാണ്‌ മാരണം ചെയ്‌തു രോഗമുണ്ടാക്കുവാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കല്‍.
8). കണ്ണേറ്‌ ഫലിക്കുകയില്ല. ശൈത്വാന്‍ കൂടുകയില്ല.
ഈ പ്രസംഗത്തിന്റെ ഓഡിയോ കാസറ്റ്‌ ഇന്നും ലഭ്യമാണ്‌. ഇതിനെല്ലാം ഇയാള്‍ക്കുള്ള മറുപടി, ഇദ്ദേഹം എന്റെ (അബ്‌ദുസ്സലാം സുല്ലമിയുടെ) ശിഷ്യനായതുകൊണ്ടാണ്‌ എന്നാണ്‌. (ഇതുകൊണ്ടായിരിക്കാം തീട്ടം ചവിട്ടിയ ചെരിപ്പുകൊണ്ട്‌ സുല്ലമിയുടെ മുഖത്തടിക്കണമെന്ന്‌ പ്രസംഗിച്ചത്‌.)
ഇതെല്ലാം പ്രസംഗിച്ച കാലത്തും യാഥാസ്ഥിതികര്‍ക്ക്‌ തൗഹീദില്‍ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ്‌ അവര്‍ക്കെതിരായി ഇദ്ദേഹം പ്രസംഗിച്ചിരുന്നു. അപ്പോള്‍ തൗഹീദില്‍ സ്വയം വ്യതിയാനം സംഭവിച്ചവനായിരുന്നുവോ? തൗഹീദ്‌ ഗ്രഹിക്കാത്തവനായിരുന്നുവോ സുന്നികള്‍ക്ക്‌ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ അവരെ ആക്ഷേപിച്ചിരുന്നത്‌? തൗഹീദ്‌ മനസ്സിലാക്കുന്നതില്‍ ഇയാള്‍ക്ക്‌ ഇനിയും മാറ്റം സംഭവിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്‌. ജിന്നിന്റെയും മലക്കിന്റെയും കഴിവില്‍ പെടുന്നത്‌ അവരോടു ചോദിക്കല്‍ ശിര്‍ക്കോ പ്രാര്‍ഥനയോ അല്ലെന്ന്‌ പറയുന്ന ഒരു മനുഷ്യനില്‍ എങ്ങനെയാണ്‌ ഇവര്‍ തൗഹീദിന്റെ വിഷയത്തില്‍ വിശ്വാസമര്‍പ്പിക്കുക? 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: