വേറിട്ട വായനയുടെ നാലു പതിറ്റാണ്ട്
വിവരസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവും തത്‌ഫലമായുണ്ടായ ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റവും കാരണമായി അച്ചടി മാധ്യമങ്ങളും പുസ്‌തകലോകവും പുറകോട്ടുപോകുന്നു എന്ന ആശങ്കയും വായന മരിക്കുന്നു എന്ന വിലാപവും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതില്‍ കുറച്ചൊക്കെ വാസ്‌തവം ഉണ്ടുതാനും.
വിദ്യാവിഹീനരായ മഹാഭൂരിപക്ഷത്തെ `സംസ്‌കൃതലോബി' അടക്കി വാണിരുന്ന ഒരു ഇരുണ്ടയുഗം മലയാളിയുടെ ചരിത്രത്തിലുണ്ട്. കടല്‍ കടന്നെത്തിയ വെള്ളക്കാരാണ് ഇമ്മലയാളത്തില്‍ വായനയും പഠനവും വ്യാപകമാക്കിയത് എന്ന് പറഞ്ഞാല്‍ അത് നമുക്ക് കുറച്ചിലാണെങ്കിലും അതിലും വാസ്‌തവമുണ്ട്. അച്ചടിയന്ത്രം കണ്ടുപിടിച്ച യൂറോപ്യര്‍ തന്നെ യൂറോപ്പില്‍ നിന്നച്ചടിച്ചുകൊണ്ടുവന്നതായിരുന്നു മലയാളത്തിലെ ആദ്യ പാരായണ സാമഗ്രികളില്‍ പലതും. ഗുണ്ടര്‍ട്ട് സായിപ്പിന്റെ മലയാള നിഘണ്ടു മറക്കാതിരിക്കുക. മലയാളം പിറന്നത് തിരൂരിലെ തുഞ്ചന്‍ പറമ്പിലല്ലല്ലോ. എന്നിട്ടും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലായാള ഭാഷാപിതാവായതിലും ഈ വായനാവ്യാപനത്തിന്റെ ചരിത്രമുണ്ട്. മൃഷ്‌ടാന്നം ഭുജിച്ച് ജന്മി നമ്പൂതിരി മഠങ്ങളില്‍ വെടിവട്ടം പറഞ്ഞിരിക്കുന്ന സംസ്‌കൃത സദസ്സുകളില്‍ നിന്ന് രാമായണമെന്ന ഇതിഹാസ കാവ്യത്തെ സാധാരണക്കാരന്റെ ഭാഷയില്‍ ആധ്യാത്മരാമായണമായി തുഞ്ചന്റെ പൈങ്കിളി നീട്ടിപ്പാടി. രാമകഥയെ ഉപജീവിച്ചെഴുതപ്പെട്ട `അമ്മച്ചീ ചരിതങ്ങളില്‍' നിന്ന് ഭാഷയെ മോചിപ്പിച്ച് ആധ്യാത്മികതയിലേക്ക് പറിച്ചുനട്ടപ്പോള്‍ അത് കീര്‍ത്തന കാവ്യമായി; ജനങ്ങളിലേക്കിറങ്ങി. എന്നിട്ടും പരിമിത കേന്ദ്രങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന വായനാസംസ്‌കാരത്തെ ജനകീയമാക്കി മാറ്റിയത് `മ വാരിക'കളിലൂടെ പ്രചാരത്തിലെത്തിയ പൈങ്കിളി വായന സംസ്‌കാരമാണ് എന്നത് ആക്ഷേപിക്കപ്പെട്ടതെങ്കിലും വസ്‌തുതയാണ്. ഇങ്ങനെ പ്രവിശാലമായ വായനയുടെ ഭൂമികയില്‍ നിന്നാണ് നവതലമുറ `മുഖപ്പുസ്‌തക'ത്തിന്റെ (facebook) സൈബര്‍ ചുമരുകളിലേക്ക് ചേക്കേറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലം വിസ്‌മരിക്കാതെ വായനയുടെ ഇസ്‌ലാമിക മാനങ്ങള്‍ വിശകലനവിധേയമാക്കുന്നത് നല്ലതാണ്. വിശിഷ്യാ, മലയാള നാട്ടില്‍. ലോകാവസാനം വരെ നിലനില്‌ക്കേണ്ട, മനുഷ്യസമൂഹത്തിനുവേണ്ടിയുള്ള അന്തിമവേദഗ്രന്ഥം അവതരിക്കുന്നത് വായനയെയും പഠന മനനങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. ആറാം നൂറ്റാണ്ടിലെ നിരക്ഷരരായ അറബിസമൂഹത്തില്‍ നിയുക്തനായ അന്തിമപ്രവാചകന്‍ മുഹമ്മദ് നബിക്ക് അല്ലാഹു നല്‌കിയ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് അവതരിക്കുന്ന ആദ്യവാക്യം `നീ വായിക്കുക' എന്നായിരുന്നുവല്ലോ. അന്ധവിശ്വാസങ്ങളിലും സാമൂഹ്യ ജീര്‍ണതകളിലും കഴിഞ്ഞുകൂടിയിരുന്ന ആ ജനതയെ എന്നപോലെ തന്നെ ലോകജനതതിയെ മുഴുവനും ഉണര്‍ത്താനുള്ള വേദഗ്രന്ഥം വായനയ്‌ക്കും പഠനത്തിനും പ്രോത്സാഹനം നല്‍കിയെങ്കില്‍ അത് മാനവകുലത്തിന്റെ ഇഹപര ജീവിത വിജയത്തിന്നാധാരമായിരിക്കണം. ചിന്തയെ ഉണര്‍ത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ തുറന്നുവിട്ട ആദര്‍ശവിപ്ലവമാണ് പ്രവാചകവിയോഗാനന്തരവും സമൂഹത്തില്‍ വിചാരവിപ്ലവത്തിനും വിജ്ഞാനവ്യാപനത്തിനും വഴിമരുന്നിട്ടത്. പില്‌ക്കാലത്ത് കൊര്‍ദോവയും ബഗ്‌ദാദും ദമസ്‌കസും നിറഞ്ഞുനിന്ന വിജ്ഞാന ശേഖരങ്ങള്‍ അതിന്റെ ഫലമായിരുന്നു. ആത്മീയവും ഭൗതികവുമായ വളര്‍ച്ചയാണ് ഇസ്‌ലാം നടപ്പാക്കിയത് എന്നര്‍ഥം.
കാലമേറെ ചെന്നപ്പോള്‍ ഈ രണ്ട് രംഗത്തുനിന്നും മുസ്‌ലിം സമൂഹം പുറകോട്ടുപോയി. ആത്മീയരംഗത്ത് വിശ്വാസ വിശുദ്ധിയുടെ ഉണര്‍വിനുപകരം അന്ധവിശ്വാസത്തിന്റെ ആകുലതകളിലേക്കും പൗരോഹിത്യത്തിലമര്‍ന്ന നിഷ്‌ക്രിയത്വത്തിലേക്കും ഈ സമുദായം നീങ്ങി. ഭൗതിക രംഗത്താകട്ടെ, വിദ്യാവിഹീനതയിലേക്കും ചിന്താശൂന്യതയിലേക്കും തത്‌ഫലമായി പിന്നാക്കത്തിന്റെ പിന്നണിയിലേക്കും തള്ളപ്പെട്ടു. അതിന്റെ പാര്‍ശ്വഫലമെന്നോണം പൊതുസമൂഹത്തില്‍ നിന്ന് പാര്‍ശ്വവത്‌കരിക്കപ്പെട്ട ഒരു ദുസ്ഥിതി മുസ്‌ലിംകള്‍ അനുഭവിച്ചു. ഈ സന്നിഗ്‌ധഘട്ടത്തിലാണ് ഒരു നിയോഗമെന്നോണം ലോകത്ത് ഇസ്‌ലാമിക നവജാഗരണം, നവോത്ഥാനം, ഉണ്ടാകുന്നത്. ആറാം നൂറ്റാണ്ടിലെ ജനതയെ വിശ്വാസവും വിജ്ഞാനവുംകൊണ്ട് പ്രവാചകന്‍ ഊതിക്കാച്ചിയെടുത്തെങ്കില്‍ പില്‌ക്കാലത്ത് ഉടലെടുത്ത നവോത്ഥാനനായകര്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വിശ്വാസവും വിജ്ഞാനവും പകര്‍ന്നുകൊണ്ട് സമുദായത്തെ തൊട്ടുണര്‍ത്തി. പ്രവാചകന്‍(സ) ചെയ്‌തത് സത്യനിഷേധത്തില്‍ നിന്ന് സത്യവിശ്വാസത്തിലേക്ക് നയിക്കുകയായിരുന്നുവെങ്കില്‍ പ്രവാചകപിന്‍ഗാമികളായ പണ്ഡിതന്മാര്‍ വികലമാക്കപ്പെട്ട വിശ്വാസരംഗം സ്‌ഫുടം ചെയ്‌തെടുക്കുകയും ആധുനിക വിജ്ഞാനം പകര്‍ന്നുനല്‌കിക്കൊണ്ട് സമൂഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനുവേണ്ടി അവര്‍ ഉപയോഗിച്ച പ്രധാനമീഡിയം വായനയും എഴുത്തും ആയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉടലെടുത്ത നവോത്ഥാനത്തിന്റെ നേര്‍പ്പകര്‍പ്പല്ലെങ്കിലും ഏതാണ്ട് അതുതന്നെ മലയാള നാട്ടിലും നടന്നു. ചരിത്രത്തിന്റെ ദശാസന്ധികളിലെവിടെയോ വച്ച് മുസ്‌ലിം സമുദായം വിശ്വാസപരമായും വൈജ്ഞാനികമായും ഇരുളിന്റെ ആഴങ്ങളില്‍ ആപതിച്ചു. അവരെ ആ അന്ധകാരങ്ങളില്‍ നിന്ന് കരകയറ്റാന്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചവും ഇഖ്‌റഇന്റെ സന്ദേശമായ വിജ്ഞാനവും ഒരുമിച്ച് നല്‌കിക്കൊണ്ടാണ് ഇവിടെ നവോത്ഥാനത്തിന് നാന്ദികുറിച്ചത്. വക്കംമൗലവി തൊടുത്തുവിട്ട സ്വദേശാഭിമാനിയുടെയും ദീപിക, മുസ്‌ലിം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും അപ്രതിഹതമായ കുത്തൊഴുക്കില്‍ അന്ധവിശ്വാസത്തിന്റെയെന്ന പോലെ അജ്ഞതയുടെയും കോട്ടകൊത്തളങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. സമുദായത്തിന്റെ വിവരക്കേടും സഹകരണക്കുറവും മൂലം പലപ്പോഴും ഇടമുറിഞ്ഞ് ഒഴുക്കുനിന്ന വേനല്‍പ്പുഴ പോലെയായിരുന്നു മുസ്‌ലിം സമൂഹത്തിലെ വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍. അര്‍ഹമല്ലാത്ത കൈകളില്‍ അധികാരം എത്തിപ്പെട്ടതുപോലെ ഇസ്‌ലാമിക സാഹിത്യത്തിന്റെ മൊത്തവ്യാപാരം ഏറ്റെടുത്തവരാകട്ടെ, രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആയിരക്കണക്കിന് പേജുകള്‍ മഷിപുരട്ടി. ഫലത്തില്‍ സാക്ഷരതയും സമുദായത്തിന് നഷ്‌ടക്കച്ചവടമായി.
ഈയൊരു പരിതസ്ഥിതിയിലാണ്, കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം, നവോത്ഥാന പ്രസ്ഥാനം അക്ഷരവെളിച്ചത്തിന്റെ മുറിഞ്ഞുപോയ കൈത്തിരി വീണ്ടും കൈകളിലേന്തിയത്. ഇസ്‌ലാഹീ പ്രസ്ഥാനം അതിന്റെ യുവഘടകം രൂപീകരിച്ച് കര്‍മരംഗത്ത് സജീവമായതിന്റെ ഭാഗമായിട്ടാണ് ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ മലയാളി വായനക്കാരിലേക്കെത്തിക്കുവാനായി `ശബാബ്' പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഏറെത്താമസിയാതെ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ മുഖപത്രമായ ശബാബ് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ജിഹ്വയും മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയും ആയി രംഗത്ത് സജീവമായിത്തീര്‍ന്നു. സത്യത്തിന്റയും ധര്‍മത്തിന്റെയും പാതയില്‍ ഹിറാഗുഹയില്‍ നിന്ന് `ഇഖ്‌റഅ്' തൊടുത്തുവിട്ട സന്ദേശം ഉള്‍ക്കൊണ്ട് നാലുപതിറ്റാണ്ടിനോടടുക്കുകയാണ് ശബാബ്. ഇസ്‌ലാമികാദര്‍ശ പ്രചാരണവും ഇസ്‌ലാമിനെതിരില്‍ വരുന്ന ആക്ഷേപശരങ്ങള്‍ക്ക് മറുപടിയും മുസ്‌ലിം സമൂഹത്തിനകത്ത് പ്രചരിച്ചുപോയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വെല്ലുവിളിയും ആയിക്കൊണ്ട് മുന്നേറുന്ന ഇസ്‌ലാമിക സാഹിത്യരംഗത്തുനിന്ന് `വായന' ഒരിക്കലും തിരസ്‌കരിക്കപ്പെട്ടുകൂടാ.
കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ശബാബിന്റെ കോളങ്ങള്‍ ധന്യമാക്കിയ നിരവധി മഹാരഥന്മാരും പണ്ഡിതവര്യരും സാഹിത്യപടുക്കളും ഭൗതികവിജ്ഞരും കാലയവനികക്കു പിന്നില്‍ മറഞ്ഞുപോയി. സര്‍ഗാത്മകത കൊണ്ടനുഗൃഹീതരായ നിരവധി നിസ്വാര്‍ഥ സേവകര്‍ അര്‍പ്പണ ബോധത്തോടെ തങ്ങളുടെ കഴിവുകള്‍ ദീനീസേവനത്തിനായി വിനിയോഗിക്കാന്‍ ശബാബ് ഒരു മാധ്യമമായി കണ്ടെത്തി. മലയാളികള്‍ വയാനക്കാരായിത്തീരുമ്പോള്‍ തന്നെ ഗൗരവവായനാ സംസ്‌കാരത്തിലേക്ക് ശബാബ് കേരള മുസ്‌ലിംകളെ നയിക്കുകയായിരുന്നു.
വിവരസാങ്കേതികതയുടെ കുത്തൊഴുക്കില്‍ വായന വഴിമാറിയൊഴുകാന്‍ സാധ്യതയുണ്ട്. കാരണം ആശയഗ്രഹണത്തിനും വിജ്ഞാന സമ്പാദനത്തിനും സാമ്പ്രദായിക വായന അനിവാര്യമല്ലാതായിത്തീരുന്ന സാമൂഹിക പശ്ചാത്തലമാണ് മുന്നില്‍ കാണുന്നത്. എന്നാല്‍ വിവിധ തലത്തിലുള്ള അഭിരുചികളെ സമന്വയിപ്പിച്ചുകൊണ്ടും ആശയ സ്വീകാര്യതയുടെ ആസ്വാദ്യ തലങ്ങളിലേക്കുയരുന്ന അനുഭൂതി നല്‍കിക്കൊണ്ടുമുള്ള വായനക്ക് പകരംവയ്‌ക്കാന്‍ വായന മാത്രമേയുള്ളൂ. ആയതിനാല്‍ കൂടുതല്‍ കരങ്ങളിലേക്ക് ശബാബിന്റെ താളുകള്‍ എത്തിക്കാനും കൂടുതല്‍ മനസ്സുകളിലേക്ക് ഈ വെളിച്ചം പകരുവാനും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.
സമുദായത്തിനകത്തുള്ള ചിത്രം നാം കാണാതിരുന്നുകൂടാ. ഒരുതരം അക്ഷരവൈരം സംസ്‌കാരമായി കാത്തുസൂക്ഷിക്കാന്‍ പാടുപെട്ട പൗരോഹിത്യത്തിന്റെ പുറംതോട് പൊട്ടിച്ച് സമൂഹം പുറത്തുവന്നപ്പോള്‍, അവര്‍ നേടിയ സാക്ഷരതയെ തന്നെ നിഷേധാത്മകമായി വിനിയോഗിക്കാന്‍ പൗരോഹിത്യം ശക്തി നേടുകയായിരുന്നു.
സകലമാന അന്ധവിശ്വാസങ്ങളും വടിവൊത്ത ഭാഷയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹത്തിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോള്‍, ശരിയായ ഇസ്‌ലാമിക വായനയുടെ ആവശ്യകത തിരിച്ചറിയുകയും അതിനുവേണ്ടി രംഗത്തിറങ്ങുകയും ചെയ്യാന്‍ ഈ പ്രചാരണകാലഘട്ടം നാം ഉപയോഗപ്പെടുത്തുക. മാത്രമല്ല, നവോത്ഥാന ശബ്‌ദങ്ങള്‍ക്കിടയില്‍ അപസ്വരം സൃഷ്‌ടിച്ച് കടന്നുവരുന്ന നവയാഥാസ്ഥിതികതയും നാം കാണാതിരുന്നുകൂടാ. അന്ധവിശ്വാസങ്ങള്‍ വിപാടനം ചെയ്യാന്‍ കയ്യിലേന്തിയ തൂലികതന്നെ തിരിച്ചുപിടിച്ച് നവോത്ഥാനത്തെ കൊഞ്ഞനം കുത്തുന്ന സാഹചര്യത്തില്‍ യഥാര്‍ഥ വായനയുടെ പ്രസക്തി വീണ്ടും വര്‍ധിക്കുകയാണ്.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭം വായനക്കുള്ള ആഹ്വാനമായി അല്ലാഹു തെരഞ്ഞെടുത്തത് വെറുതെയാവില്ലല്ലോ. സമൂഹത്തിന്റെ വളര്‍ച്ചയുടെ കവാടങ്ങളില്‍ പ്രധാനം എഴുത്തും വായനയും പഠനവും മനനവും തന്നെ. `പേനകൊണ്ട് പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരന്‍' (96:3,4) എന്ന ഖുര്‍ആനിന്റെ ആദ്യപാഠങ്ങളും ചിന്താര്‍ഹമാണ്. ആശയങ്ങളുടെ ലേഖനാവിഷ്‌കാരം ദൈവികസിദ്ധിയാണെന്നാണതിനര്‍ഥം. വിശ്വാസി തന്റെ ഏത് തരത്തിലുള്ള കഴിവുകളും ദീനിന് പ്രയോജനപ്പെടുമാറ് വിനിയോഗിക്കാന്‍ ബാധ്യസ്ഥനാണല്ലോ. ഇസ്‌ലാമിക സാഹിത്യരംഗത്തേക്ക് കടന്നുവരുവാന്‍ ഇത് നമ്മെ പ്രേരിപ്പിക്കട്ടെ.
0 comments: