ശബാബ് കത്തുകള്‍ 2013_aug_30
സൗഹൃദസംഭാഷണങ്ങള്‍ വേണം
ഡോ. ഹുസൈന്‍ മടവൂരും ഫാദര്‍ ഡോ. തോമസ് പനയ്‌ക്കലും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണം (ശബാബ് ലക്കം 03) ഏറെ ശ്രദ്ധേയമായി. പ്രബോധന വഴിയില്‍ ചരിക്കുന്നവര്‍ക്ക് ഒരു മാതൃകയാണിത്. ജയിക്കാനും തോല്‌പിക്കാനും വേണ്ടി നാടൊട്ടുക്ക് നടത്തുന്ന കോലാഹലങ്ങളെക്കാള്‍ എന്തുകൊണ്ടും മെച്ചം ഇതുപോലുള്ള സൗഹൃദ ഭാഷണങ്ങള്‍ തന്നെ. മതപ്രബോധനം എളുപ്പമാക്കാനായി ഇത്തരം ഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കണം നമ്മുടെ ആലോചന. വി എച്ച് നിഷാദിന്റെ കഥ `ഇഫ്‌ത്വാര്‍' നല്ലൊരു ഇഫ്‌ത്വാര്‍ വിരുന്നിന്റെ അനുഭവം തന്നു. ആദമിന്റെ സങ്കടം പറച്ചില്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.
കണിയാപുരം നാസറുദ്ദീന്‍
സിറിയയും ഈജിപ്‌തും നമ്മെ അസ്വസ്ഥമാക്കണം
മനുഷ്യമനസ്സ് മരവിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും ആണ് ദിനംപ്രതി നമ്മുടെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും ആകുമ്പോള്‍ ഒരു മുസല്‍മാന്‍ എന്ന നിലക്ക് വളരെയധികം മാനസിക വിഷമം തോന്നാറുണ്ട്. നീതിക്കോ ധര്‍മ്മത്തിനോ യാതൊരു സ്ഥാനവും കല്‍പ്പിക്കാത്ത, ആരാണ് ശരി ആരാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലാണ് കാര്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മിസ്‌റില്‍ ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നത് തുടരുമ്പോള്‍, തല്‍ക്കാലം ഒന്ന് അമര്‍ന്നു എന്ന് ചിന്തിച്ചു സമാധാനിക്കുമ്പോള്‍ സിറിയയില്‍ ഇതാ പിഞ്ചു മക്കളെ വരെ ശ്വാസം മുട്ടിച്ച് കൊന്ന് മയ്യിത്ത് നിരത്തിക്കിടത്തിയിരിക്കുന്നു. ഏതൊരു കാര്യത്തിലും സ്‌ത്രീകള്‍ക്കും പിഞ്ചു മക്കള്‍ക്കും മുന്‍ഗണനയും സുരക്ഷിതത്വവും പരിഗണനയും നല്‍കുമ്പോള്‍ അധികാരത്തിന്റെ ചെങ്കോലുപയോഗിച്ച് ആദ്യം കുത്തി കൊല്ലുന്നതും അടിച്ചമര്‍ത്തുന്നതും പരമാവധി സ്‌ത്രീകളെയും പിഞ്ചു മക്കളെയുമാണ്. ഒരു തരത്തില്‍ ഇത് വളര്‍ന്നു വരുന്ന തലമുറയെ പോലും ഉന്മൂലനം ചെയ്യുകയാണ് എന്ന് തോന്നിപ്പോവുന്നു.
ഇത്തരത്തില്‍ വളര്‍ന്നു വരുന്ന ഇളം തലമുറയെപ്പോലും കൊന്ന് കൊലവിളിച്ച് എന്ത് ഭരണ നേട്ടമാണ് ഇവരൊക്കെ ഉണ്ടാക്കുന്നത് എന്ന് ഇനിയെങ്കിലും ഒന്ന് മനസ്സു തുറന്ന് ചിന്തിക്കേണ്ടതല്ലേ. സമാധാനത്തിന്റെയും ശാന്തിയുടെയും കാഹളമൂതുന്ന ഇസ്‌ലാമിക ഭരണകൂടത്തിന്‍ കീഴില്‍ ജീവിക്കുന്നവര്‍ക്ക് പോലും സമാധാനമായി ഒന്നുറങ്ങാന്‍ സാധിക്കുന്നില്ല എന്ന് കാണുമ്പോള്‍ ഈ ഭരണകൂടങ്ങളോ അതിന്റെ നേതാക്കന്മാരോ ഒരു തരത്തിലുള്ള ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്നു തന്നെ വേണം പറയാന്‍. അവിടത്തെ കുഞ്ഞുമക്കള്‍ രാവിലെ എവുന്നേറ്റ് വരുന്നത് ബോംബു പൊട്ടുന്ന ശബ്ദം കേട്ടിട്ടാണ്. പിതാവിനെ കുനിച്ചു നിര്‍ത്തി സൈനികര്‍ തോക്കു കൊണ്ട് അടിക്കുന്നതും വെടിവെച്ച് കൊല്ലുന്നതുമാണ് അവര്‍ കാണുന്നത്.
ഒരു സിറിയക്കാരനോട് അദ്ദേഹത്തിന്റെ നാട്ടിലെ വിശേഷം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഞാനെന്റെ ഭാര്യയെ വിളിച്ചിട്ട് മാസങ്ങളായി. അവള്‍ എവിടെയാണ് എന്ന് പോലും ഇപ്പോള്‍ എനിക്കറിയില്ല. നാട്ടിലേക്കുള്ള ഫോണ്‍ ബന്ധംപോലും നഷ്‌ടപ്പെട്ടിരിക്കുന്നു. സങ്കടകരമായ ഇത്തരം വാര്‍ത്തകളും വര്‍ത്തമാനങ്ങളും കേള്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും മനസ്സ് പാകപ്പെടുന്നു. അവര്‍ക്ക് വേണ്ടി നമ്മുടെ മഹല്ലുകളിലും കുടുംബ സദസ്സുകളിലും നമസ്‌കാരത്തിന്റെ വേളകളിലും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉയരട്ടെ.
മശ്‌ഹൂദ് പുളിക്കല്‍ അബൂദബി
അന്ത്യം ഇരുട്ടറയിലോ?
രാജ്യസുരക്ഷയും പൊതുനന്മയും ലക്ഷ്യം വച്ചുള്ള നിയമനിര്‍മാണം അനിവാര്യമാണ്. സദുദ്ദേശ്യപരമായ നിയമനിര്‍മാണം സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍ രാജ്യനന്മക്ക് എന്ന പേരില്‍ പാര്‍ലമെന്റും നിയമസഭയും ജനവിരുദ്ധവും ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കുകയാണ്. സദുദ്ദേശ്യം പറഞ്ഞ് പൊതുസമൂഹത്തില്‍ കൊണ്ടുവന്ന പല നിയമങ്ങളും കുറേക്കാലത്തെ അതിക്രമങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചതാണ് യാഥാര്‍ഥ്യം.
രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും തുല്യനീതിയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കേണ്ട ഭരണാധികാരികള്‍ അനീതിപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഇത്തരം സംഭവങ്ങള്‍ക്ക് സമകാലിക കാലത്തുള്ള മികച്ച ഉദാഹരണമാണ് അബ്‌ദുന്നാസര്‍ മഅ്‌ദനിയുടേത്. നിഷ്‌പക്ഷ മുസ്‌ലിം മനസ്സാക്ഷിയെ പോലും പ്രകോപിപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യുന്ന ഈ അവസരം വധശിക്ഷകളുടെയും ക്രൂരതയില്‍ ഒട്ടും കുറയാത്ത വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിലാണ് ദുരൂഹതകള്‍ ഏറെയുള്ള കോയമ്പത്തൂര്‍ കേസില്‍ കുടുക്കി മനുഷ്യത്വപരമായ സമീപനം കൂടാതെ തടവിലിട്ട് ശിക്ഷിച്ച് അവസാനം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്‌ചയും സമ്പൂര്‍ണമായും അസ്‌തമിക്കാറായി. എന്നിട്ടും രാജ്യത്തെ ഭരണാധികാരികള്‍ നോക്കുകുത്തികളായി നില്‌ക്കുന്നതില്‍ ഏറെ ഖേദകരമുണ്ട്.
സര്‍ക്കാറുകള്‍ മാറി മാറി ഭരിച്ചിട്ടും അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല? ബി ജെ പി സര്‍ക്കാറിന്റെ കാലം കഴിഞ്ഞ് പുതിയതായി ഭരണത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാറും ഇദ്ദേഹത്തിന്റെ വിഷയത്തില്‍ തത്തുല്യ പ്രവര്‍ത്തനമാണ് കാണിക്കുന്നത്. ബാബരി മസ്‌ജിദിന്റെ ധ്വംസനത്തോടെ രാജ്യത്ത് രൂപപ്പെട്ട അരക്ഷിതാവസ്ഥയില്‍ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു എന്നത് സത്യം. പക്ഷേ, ഇതിന് അദ്ദേഹത്തിന് ഫാഷിസ്റ്റ് ശക്തികള്‍ നല്‌കിയ ശിക്ഷ കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ ജയിലലടയ്‌ക്കുകയായിരുന്നു. സംശയത്തിന്റെ പേരിലായാലും നിരപരാധികളെ കേസില്‍പ്പെടുത്തി ദീര്‍ഘകാലം വിചാരണ കൂടാതെ തടവിലിട്ട് പീഡിപ്പിക്കാന്‍ ഭരണഘടനയും നാട്ടിലെ ക്രിമിനല്‍ നിയമങ്ങളും ആര്‍ക്കും അധികാരം നല്‌കുന്നില്ല.
എന്നാല്‍ അനീതിയും അധര്‍മവും വര്‍ഗീയതയും കൊലപാതകങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്നവര്‍ രാജ്യത്ത് വിലസുന്ന ഖേദകരമായ കാഴ്‌ചയാണ് നമ്മുടെ ഇന്ത്യയില്‍ കാണാന്‍ കഴിയുന്നത്. നരേന്ദ്രമോഡി എന്ന നരഭോജി ഗുജറാത്തിന്റെ മണ്ണില്‍ ചെയ്‌തുകൂട്ടിയ കോലാഹലങ്ങള്‍ കണ്ടാല്‍ നിസ്സാരമായി നോക്കി നില്‌ക്കാനേ നമ്മുടെ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. 2002 ല്‍ ഗുജറാത്തില്‍ എത്ര പേരെയാണ് കൊന്നൊടുക്കിയത്. ``ഞാന്‍ കൊന്നിട്ടുണ്ട്'' എന്ന് തീര്‍ത്ത് പറഞ്ഞിട്ടും എന്തുകൊണ്ട് നമ്മുടെ ഭരണാധികാരികള്‍ നീതി നടപ്പിലാക്കുന്നില്ല. തുല്യനീതി നടപ്പിലാക്കേണ്ട സ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കുന്ന ഒരുതരം വൃത്തികെട്ട നിയമമാണ് ചിലപ്പോഴൊക്കെ കണ്ടുവരുന്നത്. രാജ്യത്തെ നിയമസംവിധാനത്തെ സംരക്ഷിക്കേണ്ടവര്‍ അതിന്റെ കൊലയാളികളാവുന്നത് ഒരിക്കലും അംഗീകരിക്കാനായില്ല.
രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ നീതിയില്ലാതെ അലയുന്ന വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളും ദലിതരും എന്തിന് വേണ്ടിയാണ് അനന്തമായ ജയില്‍ വാസം അനുഭവിക്കുന്നുണ്ട്. തൊലിയുടെ നിറവും, മതവും, വംശവും നോക്കിയാണ് ഇന്ത്യയില്‍ നീതി നടപ്പിലാക്കുന്നത്. ഗാന്ധിജിയുടെ വാക്കുകള്‍ നാം സ്‌മരിക്കേണ്ടതുണ്ട്: `ഞാന്‍ ആഗ്രഹിക്കുന്ന ഭരണം ഉമറിന്റെ ഭരണമാണ്.' ആ ഭരണത്തില്‍ യഥാര്‍ഥമായ നീതി ലഭിച്ചിരുന്നു. എന്നാല്‍ ഈ മഹാത്മാവിന്റെ മാര്‍ഗം പിന്തുടരുന്നവര്‍ ഇന്ത്യയില്‍ മാറി മാറി ഭരിച്ചിട്ടും തുല്യനീതി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.
കെ പി ലത്തീഫ് മാമാങ്കര
ശബാബും ഞാനും: വായനക്കാര്‍ക്ക് എഴുതാം
സപ്‌തംബര്‍ 1 മുതല്‍ ശബാബ് കാമ്പയ്‌ന്‍ കാലമാണ്. ഇസ്‌ലാമിക വായനയുടെ യുവസാക്ഷ്യമായ ശബാബ് കേരളത്തിലെ ഇസ്‌ലാമിക ആനുകാലികങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. ശബാബിന്റെ ഒന്നാംലക്കം മുതല്‍ മുടങ്ങാതെ വായിച്ചുപോരുന്ന ആയിരക്കണക്കിനാളുകള്‍ വായനക്കാരിലുണ്ട്. സമീപകാലത്ത് പരിചയപ്പെട്ടതുമുതല്‍ സ്ഥിരവായനക്കാരായവരുമുണ്ട്. ശബാബ് ഗുരുവും വഴികാട്ടിയുമാണ് ചിലര്‍ക്ക്. മറ്റു ചിലര്‍ക്ക് വിശ്വസ്‌തനായ ചങ്ങാതിയും.
വായനക്കാരുടെ ഓര്‍മകളും അനുഭവങ്ങളും പങ്കിടാന്‍ ശബാബ് ആഗ്രഹിക്കുന്നു. അനുഭവക്കുറിപ്പുകള്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതി അയക്കുക. ഇ-മെയിലായും അയക്കാം.
എഡിറ്റര്‍
തിരുത്ത്
കഴിഞ്ഞ ലക്കം ശബാബ് എഡിറ്റോറിയല്‍ (പേജ് 6) അവസാന ഖണ്ഡികയില്‍ `എന്നാല്‍ വകതിരിവുപോലുമെത്താത്ത പ്രായത്തില്‍-എട്ടുവയസ്സ്- എന്ന വാക്യത്തില്‍ ഏഴു വയസ്സ് എന്ന് തിരുത്തിവായിക്കാനപേക്ഷ.
-പത്രാധിപര്‍
0 comments: