വിലാപങ്ങളില്‍ വിറങ്ങലിച്ച്‌ സിറിയ

  • Posted by Sanveer Ittoli
  • at 4:24 AM -
  • 0 comments

വിലാപങ്ങളില്‍ വിറങ്ങലിച്ച്‌ സിറിയ


എം എസ്‌ ഷൈജു

പ്രൗഢമായ രാഷ്‌ട്രീയ ചരിത്രവും ദീപ്‌തമായ സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ്‌ സിറിയ. നിരവധി ചക്രവര്‍ത്തിമാരും, അവരുടെ പ്രതിപുരുഷന്മാരും സിറിയയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. റോമക്കാരും ഗ്രീക്കുകാരും ക്രൈസ്‌തവരും മുസ്‌ലിംകളുമൊക്കെ കൈയ്യാളിയിട്ടുള്ള സിറിയയുടെ ചരിത്രം മുമ്പുണ്ടായിട്ടില്ലാത്ത വിധം കലുഷിതമാണ്‌ ഇപ്പോള്‍.
പ്രമുഖ സ്വഹാബിയും സൈനിക തന്ത്രജ്ഞനുമായിരുന്ന ഖാലിദ്‌ബ്‌നു വലീദ്‌(റ) നേതൃത്വം നല്‌കിയ `റാശിദൂന്‍ സേനയുടെ' ആഗമനത്തോടെയാണ്‌ സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്‌. ഫലസ്‌തീനും ജോര്‍ദാനമുള്‍പ്പെടുന്നതാണ്‌ പ്രാചീന സിറിയ.
ഓട്ടോമന്‍ തുര്‍ക്കികളുടെ പതനത്തിനുശേഷം ഫ്രഞ്ച്‌ അധീനതയിലായ സിറിയയുടെ ആധുനിക രാഷ്‌ട്രീയ ചരിത്രം തുടങ്ങുന്നത്‌ 1946 ലെ സ്വാതന്ത്ര്യ ലബ്‌ധിയോടെയാണ്‌. സ്വതന്ത്ര സിറിയയുടെ ആദ്യ പത്ത്‌ വര്‍ഷക്കാലം നിരന്തരമായ രാഷ്‌ട്രീയ അസ്ഥിരതകളുടേതായിരുന്നു. ഇക്കാലയളവില്‍ ഇരുപത്‌ മന്ത്രിസഭകളും നാലു ഭരണഘടനകളും രാജ്യത്തെ പരീക്ഷണ വിധേയമാക്കി. ഇക്കാലഘട്ടത്തിലാണ്‌ സിറിയന്‍ രാഷ്‌ട്രത്തിനു മേല്‍ യു എസിന്റെ കണ്ണുകള്‍ പതിയുന്നത്‌. രാഷ്‌ട്രീയ അസ്ഥിരതകള്‍ മുതലെടുത്ത്‌ ഫലസ്‌ത്വീന്‍ പ്രശ്‌നത്തിലും തങ്ങളുടെ എണ്ണ രാഷ്‌ട്രീയത്തിലും സിറിയയെ ഒരു ഉപകരണമാക്കുകയും പട്ടാള അട്ടിമറിക്ക്‌ കളമൊരുക്കുകയുമാണ്‌ യു എസ്‌ ചെയ്‌തത്‌. അറബ്‌ രാഷ്‌ട്രീയത്തിലെ സുപ്രധാനമായ സ്ഥാനം സിറിയക്ക്‌ ലഭിക്കുന്നത്‌ 1970 മുതല്‍ 2000 വരെ ഹാഫിദുല്‍ അസദ്‌ ഭരണം കൈയാളിയ കാലത്താണ്‌
മൂന്ന്‌ ദശകങ്ങള്‍ നീണ്ട സുദീര്‍ഘമായ കാലയളവ്‌കൊണ്ട്‌ ഹാഫിദുല്‍ അസദ്‌ ഭരണ സംവിധാനത്തെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. ഇറാന്‍ ബന്ധമുള്ള അലവി വിഭാഗം ശിയാക്കളില്‍ ഉള്‍പ്പെടുന്നവരാണ്‌ അസദ്‌ കുടുംബം. ന്യൂനപക്ഷമായ അലവികളെ സിറിയന്‍ ഭരണത്തിലും സൈനിക നിരയിലും പ്രതിഷ്‌ഠിച്ചത്‌ ഫ്രഞ്ചുകാരാണ്‌. ഭൂരിപക്ഷം വരുന്ന സുന്നികളെ അടിച്ചമര്‍ത്താനുള്ള ആയുധവും മാധ്യമവുമായി ഫ്രഞ്ചുകാര്‍ അവരെ യഥേഷ്‌ടം ഉപയോഗപ്പെടുത്തി. അന്നു മുതല്‍ അവര്‍ നുകരാന്‍ തുടങ്ങിയ അധികാരത്തിന്റെ മധു നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ്‌ സമകാലിക സിറിയന്‍ രാഷ്‌ട്രീയത്തിലെ കാലുഷ്യങ്ങളുടെ മര്‍മബിന്ദു.
ഹാഫിദുല്‍ അസദിന്റെ മരണശേഷമാണ്‌ ബശ്ശാറുല്‍ അസദ്‌ സിറിയന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്‌. പ്രസിഡന്റ്‌ എന്ന പദം ജനാധിപത്യത്തിന്റെ പദാവലിയില്‍ പെട്ടതാണെങ്കിലും രാജ ഭരണത്തിന്റെ പിന്തുടര്‍ച്ചപോലെയാണ്‌ ബശ്ശാര്‍ അതു പ്രയോഗിച്ചത്‌. അലവികളുടെ സമ്പൂര്‍ണ പിന്തുണ ബശ്ശാര്‍ നേടിയെടുത്തിരുന്നു. ഭൂരിപക്ഷം വരുന്ന സുന്നികളെ ഓരത്തുതള്ളി ബശ്ശാര്‍ ഭരണം ഭദ്രമാക്കി. എതിര്‍ ശബ്‌ദങ്ങളെ അദ്ദേഹം അമര്‍ച്ച ചെയ്‌തു. ഇക്കാലയളവിലാണ്‌ അറേബ്യന്‍ യുവത ജനാധിപത്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നതും അറബ്‌ മേഖലയൊന്നാകെ വിപ്ലവ തരംഗം പടരുന്നതും. അറബ്‌ വസന്തമെന്ന പേരില്‍ പടര്‍ന്നുപിടിച്ച ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സിറിയന്‍ പതിപ്പ്‌ അതിന്റെ പൂര്‍വ മാതൃകകളില്‍ നിന്നും വേറിട്ടതായിരുന്നു. മാറിയ കാലാവസ്ഥയ്‌ക്കനുസരിച്ച്‌ ചലിക്കാനുള്ള മെയ്‌വഴക്കമില്ലാത്തതാണ്‌ ബശ്ശാറിന്റെ നില വഷളാക്കിയത്‌.
ആദ്യഘട്ടത്തില്‍, സുതാര്യമായ ഭരണപുനക്രമീകരണത്തോടെ പരിഹരിക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ബശ്ശാറിന്റെ കടുംപിടുത്തത്തിലൂടെ കൂടുതല്‍ വഷളായി. തോക്കുകളും ബോംബുകളും കൊണ്ടാണ്‌ ബശ്ശാര്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ മറുപടി നല്‌കാന്‍ ശ്രമിച്ചത്‌. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രക്ഷോഭകരുടെ ജനപിന്തുണ കൂടുകയും തുനീഷ്യ, ഈജിപ്‌ത്‌, ലിബിയ എന്നിവിടങ്ങളില്‍ നടന്ന വിപ്ലവങ്ങളില്‍ നിന്ന്‌ ആവേശം നേടിയ പ്രക്ഷോഭകര്‍ `ബശ്ശാര്‍ അധികാരമൊഴിയുക' എന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിലേക്ക്‌ എത്തുകയും ചെയ്‌തു.
ബശ്ശാര്‍ അധികാരമൊഴിയുകയെന്നത്‌ അലവികള്‍ക്ക്‌ അചിന്ത്യമാണ്‌. ബശ്ശാറാനന്തരമുള്ള സിറിയയില്‍ തങ്ങളെയും കാത്തിരിക്കുന്ന `വിധി'യെക്കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ളവരാണവര്‍. വിപ്ലവത്തിന്‌ മുന്നില്‍ നില്‌ക്കുന്നവരും, അതിന്‌ സമ്പൂര്‍ണ പിന്തുണ നല്‌കുന്ന രാഷ്‌ട്രങ്ങളും സുന്നി താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്‌. മറുവശത്ത്‌ ഇറാന്‌ സിറിയന്‍ പ്രശ്‌നത്തില്‍ പ്രത്യേക താല്‌പര്യമുണ്ട്‌. ഇതാണ്‌ രണ്ടും കല്‌പിച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാറിന്‌ എല്ലാ പിന്തുണയും നല്‌കാന്‍ ശീഅകളെ പ്രേരിപ്പിച്ചത്‌. ബശ്ശാറിനെക്കാളും ഇറാന്റെയും സിറിയയിലെ ശിയാക്കളുടെയും ആവശ്യമായി മാറിക്കഴിഞ്ഞു, ഇപ്പോള്‍ ബശ്ശാര്‍ ഭരണം നിലനിര്‍ത്തുകയെന്നത്‌.
സിറിയയില്‍ അസദിനെയും അലവികളെയും നിലനിര്‍ത്താന്‍ ഇറാന്‍ ശ്രമിക്കുന്നത്‌ മേഖലയിലെ തങ്ങളുടെ സവിശേഷ രാഷ്‌ട്രീയ താല്‌പര്യത്തിന്റെ ഭാഗമായാണ്‌. ഇഥ്‌നാ അശ്‌രികളായ ഇറാന്‍ ശിയാക്കളില്‍ നിന്ന്‌ ആശയഗതിയില്‍ ബഹുദൂരം തെറ്റിപ്പിരിഞ്ഞവരാണ്‌ സിറിയന്‍ അലവികള്‍. മതപരമായ കോണിലൂടെ നോക്കിയാല്‍ ഇറാന്‍ ശിയാക്കള്‍ സുന്നി വിഭാഗങ്ങളോടുള്ള അകല്‍ച്ചയോളം തന്നെയുള്ള അകല്‍ച്ച അലവികളോടും പുലര്‍ത്തുന്നവരാണ്‌. ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും നിഷേധിക്കുകയും മതപരമായ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന അലവികള്‍ ഒരു തരം `നിഷേധി' കളാണ്‌. തങ്ങളുടെ രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്‌ ഇറാന്‍ ഇവരെ പിന്തുണയ്‌ക്കുന്നത്‌. ഈ പിന്താങ്ങലിന്റെ വിടവുകളിലൂടെ ഉള്ളില്‍ കയറുവാനാണ്‌ യു എസിന്റെയും ശ്രമം, ഒപ്പം മേഖലയില്‍ നിലനില്‌ക്കുന്ന ധ്രുവീകരണങ്ങളും സംഘര്‍ഷങ്ങളും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുകയും.
2011 മുതലാണ്‌ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക്‌ തുടക്കമാകുന്നത്‌. പ്രക്ഷോഭ കാലയളവില്‍ ഇതുവരെയായി ഒരു ലക്ഷമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവിധ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. അയ്യായിരം ആളുകളെ വീതം ഓരോ മാസവും കൊലപ്പെടുത്തിയിരിക്കുന്നുവെന്നര്‍ഥം!
ജനാധിപത്യത്തിന്റെ അന്തര്‍ധമനികളെപ്പോലും നിശ്ചേഷ്‌ടമാക്കുകയും വിറങ്ങലിപ്പിക്കുകയും ചെയ്യുന്ന ഈ കൊന്നുതള്ളലിന്റെ കണക്കുകളെ പിടിച്ചുനിര്‍ത്താനോ പരിഹരിക്കാനോ യു എന്നോ ആഗോള `പൊലീസാ'യ അമേരിക്കയോ ശ്രമിച്ചില്ലയെന്നത്‌ ദുരുപദിഷ്‌ടമാണ്‌. എന്തുകൊണ്ടാണ്‌ ഇതിനെ ചോദ്യം ചെയ്യാന്‍ അന്താരാഷ്‌ട്ര സംവിധാനങ്ങള്‍ക്കും അറബ്‌ രാഷ്‌ട്രങ്ങള്‍ക്കും സാധിക്കാതെ പോകുന്നതെന്ന ചോദ്യം ശേഷിക്കുന്നുണ്ട്‌. സിറിയന്‍ തെരുവുകള്‍ ചോരച്ചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. ബശ്ശാറുല്‍ അസദും സൈന്യവും കൊലവിളി മുഴക്കിക്കൊണ്ട്‌ സിറിയയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ മനുഷ്യമേധം നടത്തിക്കൊണ്ടിരിക്കുകയാണ്‌. അരിഞ്ഞ്‌ വീഴ്‌ത്തപ്പെടുന്ന കബന്ധങ്ങള്‍ ബുള്‍ഡോസറുകള്‍കൊണ്ട്‌ ചതച്ച്‌ വാരുന്നചിത്രങ്ങള്‍ ലോകമനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്നു.
കൊല ചെയ്യപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സിവിലിയന്മാരാണ്‌. 47 ശതമാനം സിവിലിയന്മാരും 12 ശതമാനം പോരാളികളും 27 ശതമാനം സൈനികരും 7 ശതമാനം സ്‌ത്രീകളും 7 ശതമാനം കുട്ടികളുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു.
സിറിയന്‍ പ്രശ്‌നം ഇത്രമേല്‍ വഷളാകാന്‍ കാത്തിരുന്നത്‌ പോലെയാണ്‌ യു എസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. സിറിയന്‍ പ്രശ്‌നത്തെ അറബ്‌ രാഷ്‌ട്രീയത്തിന്റെ മര്‍മമാക്കി മാറ്റാന്‍ അര്‍ഥഗര്‍ഭമായ ഈ കാത്തിരിപ്പിലൂടെ അമേരിക്കക്ക്‌ സാധിച്ചിട്ടുണ്ട്‌. യു എന്‍, അമേരിക്കന്‍ താല്‌പര്യങ്ങളുടെ അതിര്‍ത്തി രേഖകള്‍ക്കപ്പുറം പറക്കാന്‍ കഴിയാത്ത ചിറകുവെട്ടിയ പക്ഷിമാത്രമാണെന്ന്‌ സ്വയം തെളിയിച്ചു കഴിഞ്ഞു. ഒരു ഭാഗത്ത്‌ സുഊദി കേന്ദ്രീകൃത നിലപാടും മറുവശത്ത്‌ ഇറാന്‍ കേന്ദ്രീകൃത നിലപാടുമായി സിറിയന്‍ പ്രശ്‌നം മാറിയിട്ടുണ്ട്‌. പല രാഷ്‌ട്രങ്ങളും നിലപാട്‌ വ്യക്തമാക്കാന്‍ മടിച്ചുനില്‌ക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ അമേരിക്ക സിറിയയില്‍ സൈനിക ഇടപെടലിലൂടെ മാനവികതയുടെ സംരക്ഷണത്തിനു(!) തുനിഞ്ഞിറങ്ങുന്നത്‌. അമേരിക്ക ഉന്നംവെയ്‌ക്കുന്നത്‌ സിറിയയുടെ ആഭ്യന്തര കലാപത്തിലെ പ്രശ്‌നപരിഹാരമോ സംയമനമോ അല്ലയെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. മറിച്ച്‌, തന്ത്രപരമായി അവസരം ഉപയോഗിക്കുകയാണവര്‍. ഇറാനെതിരായ രാഷ്‌ട്രീയ, സൈനിക നീക്കത്തിന്‌ മുസ്‌ലിം കക്ഷിത്വത്തെ ആയുധമാക്കുകയും അറബ്‌ രാഷ്‌ട്രീയം മറയാക്കി ഇസ്‌റാഈലിന്‌ തണലൊരുക്കുകയുമാണ്‌ അമേരിക്കയുടെ സൃഗാല തന്ത്രം
ഇതിനോട്‌ ഇറാന്‍ എപ്രകാരം പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വരും നാളുകളില്‍ രൂപപ്പെടുന്ന അറബ്‌ രാഷ്‌ട്രീയത്തിന്റെ ഗതി. പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച്‌ സിറിയയെയും ഇറാനെയും കുത്തിനോവിക്കാന്‍ അമേരിക്കയും മടിക്കില്ല.
സുന്നി ശിയാ സംജ്ഞകള്‍ ഇസ്‌ലാമിക ചരിത്രത്തിലെ ആദര്‍ശ, വീക്ഷണ വൈജാത്യത്തിന്റെ സൃഷ്‌ടിയായിരുന്നുവെങ്കിലും അത്‌ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടത്‌ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായിരുന്നു. അസ്‌പൃശ്യതകളുടെ ഭിന്ന ധ്രുവങ്ങളില്‍ ഈ വീക്ഷണ വൈജാത്യത്തിന്റെ ഇരുപുറങ്ങളെ വലിച്ചുകെട്ടുന്നതില്‍ ആദ്യം വിജയിച്ചത്‌ ജൂതവിഭാഗങ്ങളായിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ സമര്‍ഥമായി ഏറ്റെടുത്തിരിക്കുന്നത്‌ അമേരിക്കയാണ്‌. രാഷ്‌ട്രീയവും മതപരവുമായി മുസ്‌ലിംകളെ വിഭജിക്കാനുള്ള സമകാലിക സാധ്യതകളില്‍ സുപ്രധാനമായ സ്ഥാനം സുന്നി-ശിആ തര്‍ക്കങ്ങള്‍ക്കാണെന്ന്‌ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ സ്വയം പാഴാക്കിയതാണ്‌ മുസ്‌ലിം ലോകത്തിന്റെ ദൗര്‍ഭാഗ്യം.
തങ്ങളെ വേര്‍തിരിക്കുന്ന അദൃശ്യശക്തികള്‍ക്കെതിരെ പ്രതികരിക്കാനാകാതെ നിസ്സഹായരാകുകയാണ്‌ മുസ്‌ലിം രാഷ്‌ട്രങ്ങള്‍. തങ്ങളെ ദുര്‍ബലരാക്കുന്ന ഈ ദുഷ്‌ട അച്ചുതണ്ടിനെ എതിരിടാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധ്യമാകാത്തിടത്തോളം കാലം സുന്നി-ശിയാ വേര്‍തിരിവിന്റെ രാഷ്‌ട്രീയ സാധ്യതകളെ ഇസ്‌ലാം വിരോധികള്‍ ഉപയോഗിച്ചു കൊണ്ടേയിരിക്കും.
ഇന്നല്ലെങ്കില്‍ നാളെ ബശ്ശാര്‍ ഭരണകൂടം വീഴുകതന്നെ ചെയ്യുമെന്ന ഘട്ടത്തിലാണ്‌ യൂ എസിന്റെ രംഗപ്രവേശം. തങ്ങളുടെ സാന്നിധ്യമില്ലാത്ത വിപ്ലവം തങ്ങളുടെ സാമ്രാജ്യത്വ താല്‌പര്യങ്ങള്‍ക്ക്‌ ക്ഷീണം ചെയ്യുമെന്ന്‌, ഈജിപ്‌തും തുനീഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കക്ക്‌ ബോധ്യമാക്കിക്കൊടുത്തിട്ടുണ്ട്‌. ബശ്ശാറിന്റെ എതിര്‍ പക്ഷത്ത്‌ നിലയുറപ്പിച്ച വിവിധ ഇസ്‌ലാമിക ഗ്രൂപ്പുകളെ, സിറിയന്‍ ഇടപെടലിലൂടെ ബശ്ശാര്‍ പക്ഷപാതികളാക്കി മാറ്റാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. `മറുപക്ഷത്ത്‌ അമേരിക്കയെങ്കില്‍ ബശ്ശാറിനെ പിന്തുണയ്‌ക്കുന്നു'വെന്ന നിലപാടിലേക്ക്‌ മുസ്‌ലിം ഗ്രൂപ്പുകളെ മാറ്റുകവഴി മുസ്‌ലിം ലോകത്ത്‌, വിശിഷ്യാ അറബ്‌ ലോകത്ത്‌ ധ്രുവീകരണം സാധ്യമാക്കാന്‍ അമേരിക്കക്ക്‌ എളുപ്പത്തില്‍ കഴിഞ്ഞേക്കും. അതിന്റെ ലാഞ്‌ജനകള്‍ വെളിവാകുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയെങ്കില്‍ സിറിയയെ കാത്തിരിക്കുന്നത്‌ കൂടുതല്‍ ഭീകരമായ ദിനരാത്രങ്ങളായിരിക്കും. മാത്രമല്ല, ഈജിപ്‌തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ പുന:സ്ഥാപന പ്രക്ഷോഭത്തില്‍ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്കിതൊരു നല്ല അവസരമാണെന്നും അവര്‍ക്കറിയാം. ചുരുക്കത്തില്‍ ഒരു വെടിക്ക്‌ ഒരുപാട്‌ പക്ഷികളെ സിറിയയില്‍ നിന്ന്‌ പിടിച്ച അര നൂറ്റാണ്ട്‌ മുമ്പത്തെ ചരിത്രം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ പുതിയ സംഭവങ്ങളെ വേദിയാക്കാമെന്ന്‌ യു എസ്‌ മനസ്സിലാക്കുന്നു.
ഇതിനിടയിലാണ്‌ ബശ്ശാറുല്‍ അസദ്‌ പ്രക്ഷോഭകാരികള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്‌. രാസായുധം പ്രയോഗിച്ചത്‌ വിമതരാണെന്ന വാദഗതികളും അമേരിക്കന്‍ സാന്നിധ്യം സ്ഥാപിക്കാനുള്ള ഗൂഢാലോചനാവെടിയാണെന്ന വാദഗതികളും ചിലയിടങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവരുന്നുണ്ട്‌. എന്തൊക്കെയായാലും ഒരു ജനത നിരാകരിക്കുന്ന ഭരണാധികാരികളും ഭരണസംവിധാനങ്ങളും മാറുകതന്നെ വേണം. സ്വന്തം ജനതയെ അക്രമണത്തിലൂടെ ചതച്ചരയ്‌ക്കുകയും തീമഴയായ്‌ അവര്‍ക്ക്‌മീതെ പെയ്‌തിറങ്ങുകയും അവരെ കശാപ്പ്‌ നടത്തുകയും ചെയ്യുന്നവര്‍ എന്തിന്റെ പേരിലായിരുന്നാലും തുടരാന്‍ പാടില്ല. തങ്ങളുടെ മതകീയ വീക്ഷണങ്ങളുടെ വിടവിനിടയില്‍ പറ്റിപ്പിടിച്ച്‌ വളരുന്ന ഇത്തിള്‍ ഭീമന്മാരെയും അവരുടെ താല്‌പര്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം കാലം ഇവരൊക്കെ തീര്‍ക്കുന്ന വലയങ്ങള്‍ക്കുള്ളില്‍ ഭ്രമണം ചെയ്യാനായിരിക്കും മുസ്‌ലിം ജനതയുടെ വിധി.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: