ശബാബ് കത്തുകള്‍ 2013_sept_20

  • Posted by Sanveer Ittoli
  • at 9:23 AM -
  • 0 comments

ശബാബ് കത്തുകള്‍ 2013_sept_20





സിഹ്‌ര്‍: ശബാബ്‌ നിലപാട്‌ സ്വാഭാവികം

ശബാബ്‌ പ്രസിദ്ധീകരിച്ചുവരുന്ന അബ്‌ദുല്‍ ഹമീദ്‌ മദീനിയുടെ ഹദീസുകളുടെ സ്വീകാര്യത സംബന്ധിച്ച ലേഖനങ്ങള്‍ വായിച്ചു. പഠനാര്‍ഹമായ ആ ലേഖനങ്ങള്‍ ഹദീസ്‌ സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ പണ്ഡിതന്മാരിലും പൊതുജനങ്ങളിലും നിലനില്‌ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാന്‍ പര്യാപ്‌തമാണ്‌. നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധയെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസിനെ വിശകലനം ചെയ്യുന്നതിലും ഖുര്‍ആനെതിരായ ഹദീസുകള്‍ തള്ളുന്നത്‌ സംബന്ധിച്ചും ലേഖകന്‍ ധീരമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. `നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധ' എന്നത്‌ സ്വീകാര്യമല്ലെന്ന കാരണത്താല്‍ സംഘടന വിടേണ്ടി വന്ന ഒരാളാണ്‌ ഞാന്‍. ശബാബിനും മദീനിക്കും അഭിനന്ദനങ്ങള്‍.
അബ്‌ദുര്‍റഹ്‌മാന്‍ ഇരിവേറ്റി


ആശാറാം ബാപ്പുവും വ്യാജകേശവും


കപട ആത്മീയക്കെതിരെ സര്‍ക്കാറുകള്‍ ആര്‍ജവമുള്ള നിലപാടുകള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമെന്ന പരസ്യവുമായി കടന്നുവരുന്ന ആശ്രമങ്ങളും ആലയങ്ങളും അവനെ നയിക്കുന്നത്‌ തീരാദുരിതത്തിലേക്കാണ്‌. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‌കാന്‍ ബാധ്യതയുള്ള സര്‍ക്കാറുകള്‍ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ധാബോല്‍ക്കറുടെ മരണത്തെ തുടര്‍ന്ന്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പാസ്സാക്കിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബില്ല്‌ അഭിനന്ദനാര്‍ഹമാണ്‌. എന്നാല്‍ കേവലം മൂന്ന്‌ മാസം തടവോ ആയിരം രൂപ പിഴ അടച്ചോ രക്ഷപ്പെടാവുന്ന `നിസാര കുറ്റമായി' അതിനെ കണ്ടുകൂടാ. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും മഹാരാഷ്‌ട്ര സര്‍ക്കാറിന്റെ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയുള്ള ബില്ലിന്‌ സമാനമായത്‌ ആലോചിക്കുന്നുണ്ടെങ്കിലും കടുത്ത ശിക്ഷ നിര്‍ണയിക്കാന്‍ തയ്യാറല്ല. കോടികള്‍ തട്ടിയും കൊലപാതകത്തിലൂടെയും നിലനില്‌പു ഭദ്രമാക്കുന്ന ഇത്തരം ആള്‍ദൈവങ്ങള്‍ രാജ്യസുരക്ഷയ്‌ക്ക്‌ തന്നെ ഭീഷണിയാണ്‌. ലൈഗിക പീഡനക്കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പുവിന്റെ അവസ്ഥയും ഇതുതന്നെയാണ്‌. പെണ്‍കുട്ടികളെ കാമകേളികള്‍ക്ക്‌ ഉപയോഗിക്കുകയും എതിര്‍ക്കുന്നവരെ കൊന്നുകളയുകയും ചെയ്യുക എന്നത്‌ ആശാറാമിന്റെ സ്ഥിരം പരിപാടിയാണെന്ന്‌ നാട്ടുകാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. എന്നാല്‍ അവര്‍ക്കെതിരെ നടപടിക്കൊരുങ്ങുമ്പോള്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള സംഘ്‌ പരിവാര്‍ ശ്രമം തിരിച്ചറിയണം. എന്നാല്‍ സമാനമായ ആത്മീയ ചൂഷണങ്ങള്‍ കേരളത്തിലുമുണ്ടെന്നതാണ്‌ വസ്‌തുത. ഈയിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യാജകേശം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ആശാറാം ബാപ്പുജിയെ അറസ്റ്റ്‌ ചെയ്‌തത്‌ ന്യായീകരിക്കുമ്പോഴും സ്വന്തം സമുദായത്തില്‍ ആത്മീയ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കാര്യമായി പ്രതികരിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കാരണം മറ്റൊരു രൂപത്തില്‍ അവരും ആത്മീയ ചൂഷണത്തിന്റെ അപ്പോസ്‌തലന്മാരാണ്‌. വ്യാജകേശം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവുകളായി സ്വീകരിച്ച്‌ ചൂഷണത്തിന്റെ നിയമപരിധിയില്‍ അത്തരക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. റിയല്‍ എസ്റ്റേറ്റിന്റെയും സോളാറിന്റെയും പേരുപറഞ്ഞ്‌ ജനങ്ങളുടെ പണം തട്ടുന്ന അതേ കുറ്റം അല്ലെങ്കില്‍ അതിനേക്കാള്‍ തീവ്രമാണ്‌ മതത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍. എന്നാല്‍ സോളാര്‍-മാഫിയ കേസുകള്‍ക്ക്‌ ലഭിക്കുന്ന അത്ര ഗൗരവം പോലും ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കും കോടികളുടെ ഇടപാടിനും ലഭിക്കുന്നല്ല എന്നത്‌ ഖേദകരമാണ്‌. ഏഴോ എട്ടോ കോടിയാണ്‌ സോളാര്‍ വിവാദമെങ്കില്‍ വ്യാജ കേശത്തിന്റെ പേരില്‍ നടന്നത്‌ നാല്‌പതിലേറെ കോടികളുടെ തട്ടിപ്പാണ്‌.
മുഹമ്മദ്‌ നസീര്‍ ഫറോക്ക്‌
- വായനാനുഭവം -


വിപ്ലവകരമായ മാറ്റങ്ങള്‍

ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌
കേരളത്തിലെ മികച്ച ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിലൊന്നായി മാറാന്‍ ശബാബിനു സാധിച്ചിട്ടുണ്ട്‌. ലോക ഇസ്‌ലാമിക ചലനങ്ങളെ കേരളീയ സമൂഹത്തില്‍ പരിചയപ്പെടുത്തുന്നതിലും ആനുകാലിക സംഭവങ്ങളെ ഇസ്‌ലാമിക വീക്ഷണത്തില്‍ വിശകലനം ചെയ്യുന്നതിലും സമീപകാലത്ത്‌ ശബാബ്‌ സ്വീകരിക്കുന്ന നിലപാട്‌ സന്തോഷകരമാണ്‌. കേരളത്തിലേത്‌ പോലെയുള്ള ബഹുസ്വര സമൂഹത്തില്‍ വ്യത്യസ്‌ത ജനവിഭാഗങ്ങളോടുള്ള ആരോഗ്യകരമായ സഹവാസത്തിന്‌ മുസ്‌ലിംകളെ സജ്ജരാക്കുന്നതിനുള്ള ശ്രമവും ശ്ലാഘനീയമാണ്‌. കേരളത്തിലെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-രാഷ്‌ട്രീയ പാരിസ്ഥിതിക പ്രശ്‌നങ്ങളോട്‌ രചനാത്മകമായി സംവദിക്കാനും ശബാബ്‌ ശ്രമിച്ചുവരുന്നുണ്ട്‌. അന്ധവിശ്വാസാനാചാരങ്ങള്‍ക്കും സാംസ്‌കാരിക ജീര്‍ണതകള്‍ക്കും രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കുമെതിരെ കരുത്തുറ്റ സമീപനം സ്വീകരിക്കാനും ഇസ്‌ലാമിന്റെ വിമോചനപരത വിളംബരം ചെയ്യാനും ശബാബിന്‌ ഇനിയും സാധിക്കട്ടെ.


ഗവേഷണപഠനങ്ങള്‍ വേണം

പ്രൊഫ. എ പി അബ്‌ദുല്‍വഹാബ്‌
ടാബ്ലോയിഡ്‌ രൂപത്തില്‍ നിന്നുള്ള ശബാബിന്റെ മാറ്റം ഏറെ രചനാത്മകമാണ്‌. കേവലം വായിച്ച്‌ ഒഴിവാക്കപ്പെടുന്നതല്ലല്ലോ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍. സൂക്ഷിച്ചുവെക്കാനും ഗൗരവകരമായ വായനക്കും മാഗസിന്‍ രൂപമാണ്‌ നല്ലത്‌. മുമ്പുകാലത്ത്‌ അധികം വായനക്കാര്‍ക്കും താല്‌പര്യമില്ലാത്ത വിഷയങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വ്യത്യസ്‌ത വായനക്കാരെ ഉള്‍ക്കൊള്ളാന്‍ ശബാബിനു കഴിയുന്നുണ്ട്‌. സംഘടനപരമായ വിമര്‍ശങ്ങളും വ്യാഖ്യാനങ്ങളും പ്രസ്ഥാന പ്രവര്‍ത്തകരല്ലാത്തവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്‌. അവസാന പേജില്‍ ഉണ്ടാകാറുള്ള ഫീഡ്‌ബാക്ക്‌ ശ്രദ്ധേയവും കാലികവുമാണ്‌. ഇന്ന്‌ പല തരത്തിലുള്ള വായനക്കാര്‍ സമൂഹത്തിലുണ്ട്‌. ഡീപ്‌ റീഡേര്‍സ്‌ എന്നൊരു വിഭാഗത്തിന്‌ റഫറന്‍സ്‌ ഉള്‍പ്പെടുത്തിയുള്ള മൗലികമായ ഗവേഷണ രചനകള്‍ ഏറെ ഗുണം ചെയ്യും. അത്തരക്കാര്‍ക്കുവേണ്ടി റഫറന്‍സ്‌ ഓറിയന്റഡ്‌ ആയിട്ടുള്ള ലേഖനങ്ങള്‍ ഒന്നെങ്കിലും ഉള്‍പ്പെടുത്തിയാല്‍ ഏറെ നല്ലതാണ്‌.


വായനാ സംസ്‌കാരം തിരിച്ചുപിടിക്കണം

ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി
വായന എന്നും പുത്തന്‍ സംസ്‌കാരത്തെയും പുത്തന്‍ ആശയങ്ങളെയും ത്രസിപ്പിക്കുന്ന ഒന്നാണ്‌. എന്നാല്‍ എല്ലാവരും ഇന്ന്‌ നല്ല തിരക്കുള്ളവരായിരിക്കുന്നു. അതുകൊണ്ട്‌ തന്നെ വായന കൃത്യമായി ആരിലും നടക്കുന്നില്ലെന്ന്‌ പറയുന്നതോടൊപ്പം വായിച്ച കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ അവസരവും തുച്ഛമായിരിക്കുന്നു.
എന്റെ അനുഭവം തന്നെ 1960 മുതല്‍ നന്നായി വായിച്ചിരുന്ന എനിക്ക്‌ ഇന്ന്‌ തീരേ വായിക്കുവാനുള്ള സമയം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇന്ന്‌ വായിക്കുന്നത്‌ തന്നെ വിഷയാടിസ്ഥാനത്തിലായിരിക്കുന്നുവെന്ന സത്യവും അറിയിക്കട്ടെ. പ്രസംഗത്തിനും ഡിബേറ്റുകള്‍ക്കും ഏത്‌ വിഷയമാണെന്ന്‌ അറിയിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും ഇന്റര്‍നെറ്റുമാണ്‌ എന്റെ അവലംബം. അത്‌ തന്നെ പൂര്‍ണ്ണമായും റഫര്‍ ചെയ്യാനുള്ള സമയം പോലും പലപ്പോഴും കിട്ടാറുമില്ല. എന്നാലും 1960 മുതലുള്ള നാല്‍പത്‌ വര്‍ഷവും നന്നായി വായിച്ച്‌ അത്‌ പല പ്രസംഗങ്ങളിലും ഉദ്ധരണികളായി വെച്ചുകൊണ്ടുള്ള ഒരു പ്രസംഗ കല തന്നെ ഞാന്‍ രൂപപ്പെടുത്തിയിരുന്നു. 
പല സുഹൃത്തുക്കളോടും വായനയെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തപ്പോള്‍ അവരുടെയും വായനാ ശീലം കുറഞ്ഞിരിക്കുകയോ അല്ലെങ്കില്‍ ആ ശീലം അസ്‌തമിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന്‌ അവര്‍ സമ്മതിക്കുന്നുണ്ട്‌. പക്ഷേ, പല പുസ്‌തക പ്രസിദ്ധീകരണാലയങ്ങളോടും ചോദിക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന വായനക്കാര്‍ കുറഞ്ഞിട്ടില്ലെന്നും എന്നാല്‍ കാലോചിതമായി വര്‍ദ്ധനവാണുണ്ടായതെന്നും അവര്‍ സമ്മതിക്കുന്നു. ഏതായാലൂം ഒരു കാര്യം ഉറപ്പാണ്‌. വായന മരിച്ചിട്ടില്ല. അസ്‌തമിക്കാറായോ എന്നാണ്‌ ഇനി ചര്‍ച്ച ചെയ്യേണ്ടത്‌. ഏതായാലും ഈ സന്ദര്‍ഭത്തില്‍ ശബാബ്‌ പോലുള്ള വാരികക്ക്‌ വായനക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു. ശബാബില്‍ മികച്ച ലേഖനങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ എനിക്ക്‌ തുടര്‍ വായന സാധ്യമാകുന്നില്ലെങ്കിലും കിട്ടുന്ന ലക്കങ്ങളൊക്കെ വളരെ താല്‍പര്യത്തോടെ തന്നെയാണ്‌ വായിക്കുന്നത്‌. വായന എന്ന സംസ്‌കാരത്തെ അസ്‌തമിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ലെന്ന്‌ ഓരോരുത്തരും പ്രതിജ്ഞ ചെയ്യുക.


അന്തസ്സോടെ തളരാത്ത യൗവനം

വളരെയേറെ ദുര്‍ഘടമായ വഴികള്‍ താണ്ടിക്കടന്നു ശബാബ്‌ നടത്തിയ യാത്രയില്‍ അതിന്റെ അണിയറ ശില്‌പികളായി നിലകൊണ്ടവര്‍ക്ക്‌ ഓട്ടേറെ കയ്‌പേറിയ അനുഭവങ്ങളുണ്ടാകും. നിഷ്‌കളങ്കരായ ത്യാഗികളെ അല്ലാഹു കയ്യൊഴിയുകയില്ലെന്നതിനു നല്ലൊരു തെളിവാണ്‌ ശബാബ്‌. അത്‌ ഇന്ന്‌ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികയായി പരിലസിക്കുകയാണ്‌. തുടക്കത്തിലെ ശബാബും ഇന്നത്തെ ശബാബും താരതമ്യം നടത്തിയാല്‍ തിളക്കമാര്‍ന്ന അതിന്റെ കുതിപ്പ്‌ കാണാനാകും.
പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലെ റീഡിംഗ്‌കോര്‍ണര്‍ മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്നതായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ വായനയില്‍ ഒരിക്കലും ഇടമുറിയാതെ, ഒന്നൊഴിയാതെ വായിക്കാറുള്ളത്‌ ശബാബ്‌ മാത്രമാണ്‌. മറ്റുള്ളവയെല്ലാം ഇടക്കുവച്ചു കിട്ടാതായാല്‍ തേടി നടക്കാറില്ല. ഈയൊരു ആത്മബന്ധം ജീവിതാനുഭൂതിയായി കാത്തുസൂക്ഷിക്കുന്നു. 1975ല്‍ ശബാബ്‌ തുടങ്ങാന്‍ പ്രഖ്യാപനം നടത്തിയത്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ നിറഞ്ഞസദസ്സിനെ സാക്ഷിനിര്‍ത്തിയാണ്‌. അന്നു ഞാന്‍ മദീനത്തുല്‍ ഉലൂമിലെ ഫൈനല്‍ ക്ലാസ്സിലാണ്‌. പിന്നീട്‌ മോങ്ങം അന്‍വാറുല്‍ ഇസ്ലാമില്‍ അധ്യാപകനായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴാണ്‌ എന്തെങ്കിലും എഴുതണമെന്ന തോന്നല്‍ ഉണ്ടായത്‌. പലരും പ്രോത്സാഹിപ്പിച്ചു. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി, അബൂബക്കര്‍ കാരക്കുന്ന്‌, മുഹമ്മദ്‌ കുട്ടശ്ശേരി മൗലവി, എം ഐ തങ്ങള്‍, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ മുതലായവരുടെ നിര്‍ദേശങ്ങള്‍ ഈ രംഗത്തു വിലപ്പെട്ടത്‌ തന്നെയാണ്‌.
ചില സംഘടനകള്‍ അവരുടെ മുഖപത്രമാണെന്നു പറയാന്‍ ധൈര്യം കാണിക്കാതെ അവര്‍ക്ക്‌ പറയാനുള്ള അസംബന്ധങ്ങള്‍ എഴുതി വാദകോലാഹലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഐ എസ്‌ എമ്മിന്റെ മുഖപത്രമായി ചങ്കൂറ്റത്തോടെ ഇസ്ലാഹീ ആദര്‍ശപ്രചാരത്തില്‍ ഊന്നല്‍ നല്‍കിയ ശബാബിന്റെ പത്രധര്‍മമാണ്‌ ശരിയെന്നു കാലം തെളിയിച്ചു. സാധരണക്കാരായ ശരാശരി വായനക്കാരന്‍ മുതല്‍ ഉയര്‍ന്ന ബുദ്ധിജീവികള്‍ വരെ ശബാബിനെ ഉള്‍കൊള്ളുന്നു എന്നത്‌ ഒരാദര്‍ശ പ്രസിദ്ധീകരണത്തിനുള്ള സ്വീകാര്യത തന്നെയാണ്‌.
അബ്ദുല്‍അലി മദനി 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: