ഒരു സഹയാത്രികന്റെ നിര്‍വൃതി

  • Posted by Sanveer Ittoli
  • at 5:34 AM -
  • 0 comments

ഒരു സഹയാത്രികന്റെ നിര്‍വൃതി


- ശബാബും ഞാനും -

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്‌ ശബാബ്‌. എന്റെ വീട്‌ ശബാബ്‌ മയമാണ്‌. ബൈന്റ്‌ ചെയ്‌തുവെച്ച ശബാബ്‌ ശേഖരമാണെന്റെ വായനാമുറിയിലെ ഷെല്‍ഫ്‌ നിറയെ. സൂക്ഷിക്കാനുള്ള ആദ്യകാല അസൗകര്യങ്ങള്‍ കാരണം ഒട്ടേറെ കോപ്പികള്‍ ചിതലെടുത്തുപോയത്‌ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കോപ്പികള്‍ സൂക്ഷിക്കേണ്ടത്‌ അനിവാര്യതയില്ലാത്ത ഒരു കാലത്താണ്‌ നാമിപ്പോള്‍ എത്തിനില്‌ക്കുന്നത്‌.
1975-ല്‍ ശബാബിന്റെ പ്രസീദ്ധീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ അരീക്കോട്‌ സുല്ലമുസ്സലാം അറബിക്കോളജില്‍ അഫ്‌ദലുല്‍ ഉലമ വിദ്യാര്‍ഥിയാണ്‌. 35 പൈസ വിലയുള്ള (അങ്ങനെയാണെന്നാണോര്‍മ) ടാബ്ലോയ്‌ഡ്‌ പാക്ഷികമായിരുന്ന ശബാബിന്റെ എന്റെ നാട്ടിലെ വിതരണച്ചുമതല എനിക്കായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ശബാബിന്റെ ഓരോ വരിയും വിടാതെ വായിക്കുന്ന വാര്‍ധക്യത്തിലെത്തിയ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ ഇന്നും എന്റെ നാട്ടിലുണ്ട്‌.
ഇസ്വ്‌ലാഹി ആദര്‍ശ പ്രചാരണരംഗത്ത്‌ 1950-ല്‍ ആരംഭിച്ച അല്‍മനാര്‍ മാസിക മാത്രം നിലനിന്നിരുന്ന കാലം. ഇസ്‌ലാമിക പ്രസിദ്ധീകരണ രംഗത്ത്‌ ജമാഅത്തെ ഇസ്‌ലാമി ആധിപത്യം പുലര്‍ത്തിയിരുന്ന സാഹചര്യം. ഇന്ന്‌ ഏതാണ്ട്‌ കൈയൊഴിച്ച മതരാഷ്‌ട്രവാദത്തിന്റെ സൈദ്ധാന്തികാടിത്തറയായ `ഇബാദത്ത്‌ ചര്‍ച്ച' യില്‍ ജമാഅത്തെ ഇസ്‌ലാമി ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന അവസരം. കെ കെ മുഹമ്മദ്‌ സുല്ലമി, മനുഷ്യരെപ്പറ്റി അല്ലാഹു പരാമര്‍ശിച്ച `ഖലീഫ' എന്ന പദത്തിന്റെ വിശകലനം നടത്തിയ ലേഖനത്തിന്‌, ജമാഅത്ത്‌ വാരികയും അല്‍മനാര്‍ മാസികയും തമ്മില്‍ നടന്ന സംവാദം ഇന്നും ഓര്‍ക്കുന്നു. മാസത്തില്‍ നാലുവട്ടം മുഴങ്ങിക്കേട്ട എതിര്‍ ശബ്‌ദത്തിന്‌ മാസത്തിലൊരിക്കല്‍ മറുപടി പറയുന്ന പരിമിതിയില്‍ വിഷമിച്ച ഞങ്ങള്‍ വായനക്കാര്‍, `നമുക്കൊരു വാരിക' ഉണ്ടായെങ്കില്‍ എന്ന്‌ തീവ്രമായി ആഗ്രഹിച്ച വേളയിലാണ്‌ പാക്ഷികമായിട്ടെങ്കിലും `ശബാബ്‌' രംഗപ്രവേശം ചെയ്യുന്നത്‌. കടുത്ത വേനലില്‍ പെയ്‌ത ആശ്വാസമഴ.
ആദര്‍ശപ്രചാരണരംഗത്ത്‌ ഏറെ കുതിച്ചു മുന്നോട്ടുനീങ്ങിയ ശബാബ്‌ ഇസ്വ്‌ലാഹീ യുവജന പ്രസ്ഥാനമായ ഐ എസ്‌ എമ്മിന്റെ മുഖപത്രം എന്നതിലുപരി പ്രസ്ഥാനത്തിന്റെ ജിഹ്വയായി മാറി. രണ്ടാഴ്‌ചയിലൊരിക്കല്‍ (പാക്ഷികം) എന്നത്‌ അപര്യാപ്‌തം. പക്ഷേ അതു തന്നെ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം. കാലാകാലങ്ങളില്‍ ഐ എസ്‌ എം സാരഥ്യം വഹിച്ചവര്‍ ശബാബ്‌ പിടിച്ചുനിര്‍ത്താന്‍ പാടുപെട്ടത്‌ കൂടെ നിന്നവര്‍ക്കറിയാം. ഡോ. കുഞ്ഞഹമ്മദുകുട്ടി, കെ വി മൂസാ സുല്ലമി മുതലായവര്‍ പ്രസാധന രംഗത്തും വിഭവസമാഹരണത്തിലും അര്‍പ്പിച്ച ആദ്യകാല ത്യാഗ പരിശ്രമങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ക്കാവില്ല. (സര്‍വശക്തന്‍ അവര്‍ക്ക്‌ അര്‍ഹമായ പ്രതിഫലം നല്‌കട്ടെ.) പാക്ഷികത്തില്‍ നിന്ന്‌ വാരികയിലേക്കും ടാബ്ലോയിഡില്‍ നിന്ന്‌ മാഗസിന്‍ രൂപത്തിലേക്കും മാറിവന്ന ശബാബ്‌ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരിക എന്ന നിലയിലേക്ക്‌ ഉയര്‍ന്നുവന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും ത്യാഗമര്‍പ്പിച്ച നിരവധി പേരുണ്ട്‌.
ബാലാരിഷ്‌ടതകളില്‍ ഉഴറുകയായിരുന്ന ശബാബിന്‌ ആദരണീയനായ ഉമര്‍ മൗലവി സ്വന്തം പ്രസ്സ്‌ (സല്‍സബീല്‍) സംഭാവന നല്‌കിയത്‌ ഒരു വലിയ കുതിപ്പായിരുന്നു. കോഴിക്കോട്‌ ആനി ഹാള്‍ റോഡിലുള്ള മുജാഹിദ്‌ സെന്ററിന്റെ ഇടുങ്ങിയ മുറിയില്‍ നിന്ന്‌ കോഴിക്കോട്‌ സംഗീത്‌ ബില്‍ഡിംഗിലെ വാടക മുറിയിലേക്കും പിന്നീട്‌ ഐ എസ്‌ എമ്മിന്റെ ഓഫീസ്‌ സമുച്ചയമായ മര്‍കസുദ്ദഅ്‌വയുടെ സൗകര്യപ്രദമായ കേന്ദ്രത്തിലേക്കും മാറിയത്‌ ശബാബിന്റെ ഭൗതിക വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു. ചെറിയമുണ്ടം അബ്‌ദുര്‍റസാഖിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന (അന്നും ഇന്നും) ശബാബിന്റെ മുഖ്യപത്രാധിപസ്ഥാനത്ത്‌ ചിന്തകനും എഴുത്തുകാരനും പണ്ഡിതനുമായ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി എത്തിച്ചേര്‍ന്നതും അകക്കാമ്പിന്റെ കുതിപ്പിനും നിലവാര മെച്ചത്തിനും മൂസ വാണിമേല്‍, സീതി കെ വയലാര്‍, ഇ കെ മായിന്‍ മാസ്റ്റര്‍, അബൂബക്കര്‍ കാരക്കുന്ന്‌, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ സഹായികളായും സഹപത്രാധിപരായും ആയി എത്തിയതും ഡസ്‌ക്‌ ധന്യമാക്കാനും കൂടുതല്‍ വായനക്കാരെ സൃഷ്‌ടിക്കാനും കാരണമായി. 
ഐ എസ്‌ എമ്മിന്റെ എക്കാലത്തെയും പ്രധാന അജണ്ടയായി ശബാബ്‌ പരിഗണിക്കപ്പെട്ടതിനാല്‍ `ശബാബി'ന്റെ നിത്യയൗവനം സാര്‍ഥകമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. തുടക്കം മുതല്‍ എല്ലാ കാലത്തും പ്രഗത്ഭരോടൊത്ത്‌ ശബാബിന്റെ അണിയറയില്‍ ഒരു സഹയാത്രികനായി പ്രവര്‍ത്തിച്ച ഈ ലേഖകന്‌ ശബാബ്‌ ജീവിതത്തിന്റെ ഒരു ഭാഗമാണ്‌.
1975-ലാണെന്നു തോന്നുന്നു, വിദ്യാര്‍ഥിയായിരിക്കെ ശബാബിലേക്ക്‌ ഈ ലേഖകന്‍ അയച്ച ഒരു കുറിപ്പ്‌ പ്രസിദ്ധീകരിക്കുകയും കൂടെ ഒരു പോസ്റ്റ്‌ കാര്‍ഡില്‍ എനിക്ക്‌ ഒരു മറുകുറിപ്പയയ്‌ക്കുകയും ചെയ്‌ത ചെറിയമുണ്ടം അബ്‌ദുര്‍റസാഖ്‌ മൗലവിയുടെ, `കാമ്പുള്ളത്‌ ഇനിയും എഴുതണം' എന്ന ഒറ്റവാക്യ പ്രേരണയാകാം, ഒരുപക്ഷെ തുടര്‍ന്നും എഴുതാന്‍ വീര്യം പകര്‍ന്നത്‌. ശബാബ്‌ ആയിരം പ്രതി വായിച്ച്‌, എഴുതിയവരെ വിളിച്ച്‌ അഭിനന്ദിച്ചും പോരായ്‌മകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചും കൂടെ നടന്ന ആ വലിയ മനുഷ്യന്‍ - കെ പി മുഹമ്മദ്‌ മൗലവി - ശബാബിന്റെ ധൈഷണിക വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചു. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരും എഴുത്തുകാരും തങ്ങളുടെ ചിന്തകള്‍ കൊണ്ട്‌ കേരള മുസ്‌ലിംകളെ ധന്യമാക്കുന്നതിന്‌ മാധ്യമമായി വര്‍ത്തിച്ചത്‌ ശബാബായിരുന്നു. `മുസ്‌ലിം ഇഷ്യൂസ്‌' വരുമ്പോള്‍ ശബാബ്‌ എന്തു പറയുന്നു എന്ന്‌ കേരളം കാതോര്‍ക്കുന്ന അവസ്ഥയിലേക്ക്‌ ഇന്ന്‌ എത്തിച്ചേര്‍ന്നിരിക്കുന്നു. ശ്രദ്ധേയമായ കവര്‍‌സ്റ്റോറികള്‍, പഠനാര്‍ഹമായ വിശകലനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പോരാട്ടങ്ങള്‍, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വരുന്ന ആസൂത്രിതമായ ആക്രമണങ്ങള്‍ ധൈഷണികമായും സൈദ്ധാന്തികമായും ചെറുക്കല്‍, സര്‍വോപരി ഇസ്വ്‌ലാഹീ ആദര്‍ശത്തനിമയുടെ നേര്‍ക്കാഴ്‌ചകള്‍ തുടങ്ങിയവയിലൂടെ ജൈത്രയാത്ര തുടരുകയാണ്‌ ശബാബ്‌. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തില്‍ നിന്നുതന്നെ ചിലര്‍ ആദര്‍ശപരമായി വഴിതിരിഞ്ഞു നടന്നപ്പോള്‍ പ്രസ്ഥാനത്തിന്റെ ആദര്‍ശവും തുടക്കം മുതല്‍ തന്നെ ശബാബ്‌ ഉയര്‍ത്തിപ്പിടിച്ച നയനിലപാടുകളും വീഴ്‌ചയില്ലാതെ കൈമുതലാക്കി നീങ്ങാന്‍ ശബാബ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
വിവര സാങ്കേതികത വികസിക്കുകയും സോഷ്യല്‍ മീഡിയ രംഗം കൈയടക്കുകയും ചെയ്‌തെങ്കിലും `ഇഖ്‌റഇ'ന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌, പ്രബോധനത്തിന്റെ രാജരഥ്യയില്‍ ഓണ്‍ലൈന്‍ പതിപ്പും വിദേശപ്പതിപ്പുമായി സധീരം മുന്നോട്ടു നീങ്ങുന്ന ശബാബി (യുവത്വം) ന്റെ നിത്യയൗവനം കാത്തുസൂക്ഷിക്കാന്‍ വിദ്യാസമ്പന്നരായ ആദര്‍ശയുവത്വം ആത്മാര്‍ഥമായി രംഗത്തിറങ്ങണം. നാലുപതിറ്റാണ്ടോളം പ്രക്ഷുബ്‌ധ കേരളത്തില്‍ നിറഞ്ഞുനിന്ന ശബാബിന്റെ ദൗത്യം -വിശ്വാസ ജീര്‍ണതകള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കുമെതിരെ നിലകൊള്ളുക എന്ന ഉത്തരവാദിത്തം- പൂര്‍വോപരി നിര്‍വഹിക്കാന്‍ ശബാബിനും ഐ എസ്‌ എമ്മിനും സാധിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: