മുടങ്ങാതെ മുപ്പത്തെട്ട്‌ വര്‍ഷം

  • Posted by Sanveer Ittoli
  • at 4:34 AM -
  • 0 comments

മുടങ്ങാതെ മുപ്പത്തെട്ട്‌ വര്‍ഷം


- ഞാനും ശബാബും -

പി മുഹമ്മദ്‌ കുട്ടശ്ശേരി


ജീവിതയാത്രയില്‍ എഴുപത്തേഴ്‌ വര്‍ഷം പിന്നിട്ട ഞാന്‍ കഴിഞ്ഞ മുപ്പത്തെട്ടാണ്ടും ശബാബിന്റെ സഹയാത്രികനായാണ്‌ സഞ്ചരിച്ചത്‌. 1975 ജനവരി 2 നായിരുന്നുവല്ലോ ശബാബിന്റെ തിരുപ്പിറവി. `മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌' എന്നൊരു പഴമൊഴിയുണ്ട്‌ മലയാളത്തില്‍. ഇസ്വ്‌ലാഹി കുടുംബത്തില്‍ അധികം എഴുത്തുകാരില്ലാത്ത കാലം. ശബാബിന്റെ ഒന്നാമത്തെ ലക്കത്തിലെ മുഖലേഖനം എന്റേത്‌. `ഇസ്വ്‌ലാഹി രംഗത്ത്‌ ആദര്‍ശ നിഷ്‌ഠമായ ധീരയുവത്വത്തിന്റെ മുന്നേറ്റം'- ഈ സൗഭാഗ്യലബ്‌ധിയില്‍ ഞാന്‍ ഇന്നും അഭിമാനം കൊള്ളുന്നു.
കഴിഞ്ഞ നാല്‌ പതിറ്റാണ്ടിനിടക്ക്‌ ശബാബ്‌ എന്റെ എത്രയോ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ആത്മകഥാ സ്‌പര്‍ശിയായ `ഓര്‍മയുടെ ഓളങ്ങള്‍' എനിക്കെന്നപോലെ വായനക്കാര്‍ക്കും ആസ്വാദ്യകരമായ വിരുന്നായി. എന്നാല്‍ എല്ലാ സത്യവും തുറന്നുപറയാന്‍ പാടില്ലെന്നാണല്ലോ വെപ്പ്‌. ഇത്‌ ലംഘിച്ചു ഞാന്‍ ശബാബില്‍ ചില സത്യങ്ങള്‍ തുറന്നെഴുതി. അത്‌ ആയുധമാക്കി ചില സഹോദരന്മാര്‍ വിമര്‍ശന ശരങ്ങള്‍ എയ്‌തുവിട്ടു ആക്രമിച്ചു. എന്നാല്‍ വ്യക്തിഹത്യ ലക്ഷ്യംവെച്ച്‌ എറിയുന്ന വിലകുറഞ്ഞ വാക്കുകള്‍ക്ക്‌ മറുപടി പറഞ്ഞ്‌ സമയം കളയാന്‍ പോകാറില്ല. മൗനം കൊണ്ട്‌ പ്രതിരോധിച്ചു. തങ്ങളുടെ വിമര്‍ശനത്തില്‍ ഞാന്‍ അലിഞ്ഞില്ലാതാകുമെന്ന്‌ അവര്‍ കണക്കുകൂട്ടി. അല്ല മോഹിച്ചു. പക്ഷേ, സംഭവിച്ചത്‌ മറിച്ചാണ്‌.
1975-ലെ ഒന്നാം ലക്കം ശബാബും 2013 ലെ ഈ ലക്കവും തമ്മില്‍ എന്തുമാത്രം അന്തരം! ശബാബ്‌ കാലത്തിനൊത്ത പരിഷ്‌കരണങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പ്രയാണം നടത്തുകയായിരുന്നു. ഒരു യുവജന പ്രസ്ഥാനത്തിന്റെ മുഖപത്രവും മതവാരികയും എന്നതിലുപരി വിവിധ വിജ്ഞാനങ്ങളും ചിന്തകളും സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പത്രമായി ശബാബ്‌ വികസിച്ചിരിക്കുന്നു. ലോകത്ത്‌ എന്തൊരു പുതിയ പ്രശ്‌നമുണ്ടായാലും അതിലെ മുസ്‌ലിം കാഴ്‌ചപ്പാട്‌ ശബാബ്‌ പ്രകാശിപ്പിക്കുന്നു. പ്രസ്ഥാന ബന്ധമില്ലാത്ത പൊതു സമൂഹത്തില്‍ പെട്ട നിരവധി വായനക്കാര്‍ ഇന്ന്‌ ശബാബിനുണ്ട്‌. ഒരു വിഷയത്തില്‍ ശബാബ്‌ എന്ത്‌ പറയുന്നുവെന്ന്‌ ആകാംക്ഷയോടെ ഉറ്റു നോക്കുന്നവരാണ്‌ പലരും.
ഒരു പത്രത്തിന്റെ വീക്ഷണവും രീതിയും നിര്‍ണയിക്കുന്നതില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പത്രാധിപരുടെ കാഴ്‌ചപ്പാട്‌ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. അവര്‍ പരന്ന വായനാനുഭവവും ഇന്റര്‍നെറ്റിലൂടെയുള്ള ഇടമുറിയാത്ത ലോകസമ്പര്‍ക്കവും മുഖേന ധാരാളം അറിവും ആധുനിക വീക്ഷണവും നേടിയിരിക്കണം. രൂപത്തിലും ഉള്ളടക്കത്തിലുമെല്ലാം കൂടുതല്‍ സൗന്ദര്യവും ആകര്‍ഷണീയതയും ആധുനികതയും ആര്‍ജിച്ചിട്ടുള്ള പുതിയ ശബാബിനു പിന്നില്‍ മികച്ച ഒരു പത്രാധിപ സമിതിയുടെ കൂട്ടായ്‌മ തീര്‍ച്ചയായും ഉണ്ടാകും. സ്വന്തം വിദ്യാര്‍ഥി കഠിന പ്രയത്‌നത്തിലൂടെ ഉന്നതി പ്രാപിക്കുമ്പോള്‍ ഒരധ്യാപകനുണ്ടാകുന്ന ആത്മനിര്‍വൃതിയും അഭിമാനവുമാണ്‌ ശബാബിന്റെ ഉയര്‍ച്ചയില്‍ ഞാന്‍ അനുഭവിക്കുന്നത്‌. ശബാബ്‌ പത്രകുടുംബത്തിലെ അംഗങ്ങളും എഴുത്തുകാരും നടത്തിപ്പുകാരായ ഐ എസ്‌ എമ്മും മുകളിലും താഴെയുമുള്ള കുറേ പ്രസ്ഥാന ഘടകങ്ങളുമെല്ലാം ശബാബിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
പ്രായം ഏറുംതോറും എഴുത്ത്‌ കുറയുകയല്ല, കൂടുകയാണ്‌. അതുകൊണ്ടുതന്നെ ശബാബില്‍ പതിവായി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. എങ്കിലും പത്രാധിപര്‍ ആവശ്യപ്പെടുമ്പോള്‍ എന്ത്‌ തടസ്സമുണ്ടെങ്കിലും ശബാബിന്‌ മുന്‍ഗണന നല്‌കും. എന്നോടുള്ള സ്‌നേഹം കാരണമാകാം ബുദ്ധിമുട്ട്‌ കുറയ്‌ക്കാന്‍ ശബാബ്‌ ശ്രദ്ധിക്കാറുണ്ടെന്നു മാത്രം.
ശബാബിന്റെ നിത്യയൗവനവും ഊര്‍ജസ്വലതയും അതേപടി നിലനിര്‍ത്താന്‍ എഴുത്തുകാര്‍ക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കും വായനക്കാര്‍ക്കും വരിക്കാര്‍ക്കുമെല്ലാം ബാധ്യതയുണ്ട്‌. ഇസ്‌ലാമിക ചിന്തയില്‍ നവചൈതന്യം പ്രസരിപ്പിച്ചും സമൂഹത്തിന്റെ ബുദ്ധിപരവും ആദര്‍ശപരവുമായ പരിപോഷണത്തിനാവശ്യമായ വിഭവങ്ങള്‍ കാഴ്‌ച വെച്ചും ശബാബിന്‌ അതിന്റെ ജൈത്രയാത്ര തുടരാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: