ഉഹ്‌ദും ഉഹ്‌ദിലെ തൗഹീദ് പ്രഭാഷണവും
- മദീനത്തുര്‍റസൂല്‍-3 -
ടി ടി എ റസാഖ്
ഉഹ്‌ദ് അതിന്റെ പൗരാണിക ഗാംഭീര്യം കാത്ത് ഇന്നും തലയുയര്‍ത്തി നില്‍ക്കുക തന്നെയാണ്. `ഉഹ്‌ദ് നമ്മെ സ്‌നേഹിക്കുന്നു, നാം ഉഹ്‌ദിനെയും' എന്ന് നബി സ്‌നേഹിച്ചു പറഞ്ഞ മലനിരയാണ് ഉഹ്‌ദ്.
മദീനാ ഹറമിന്റെ അതിര്‍ത്തിയില്‍ `ഷൗറിന്' മുമ്പിലായി നീണ്ടുകിടക്കുന്ന ഉഹ്‌ദ് സുഊദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ മലകളിലൊന്നാണ്. മദീനയുടെ മിക്കവാറും ഏത് ഭാഗത്തുനിന്ന് നോക്കിയാലും ഉഹ്‌ദ് മല ദൃശ്യമാകും. മദീനയോടടുക്കുമ്പോഴും മദീനയില്‍ നിന്ന് വിട പറയുമ്പോഴും ഉഹ്‌ദിന്റെ പശ്ചാത്തല ഗാംഭീര്യത്തില്‍ ഏറെനേരം മദീന നമ്മോടൊപ്പമുണ്ടാവും.
ശാന്തിതേടി മദീനയിലെത്തിയ നബിയും അനുചരന്മാരും അതിദാരുണമായ പരീക്ഷണ പാഠങ്ങള്‍ക്ക് വിധേയമായ യുദ്ധ സംഭവങ്ങള്‍ക്ക് സാക്ഷിയായി ഹറമിന്റെ അതിരുകള്‍ക്ക് സമീപം ചുവന്ന് നീണ്ടുകിടക്കുന്ന ഉഹ്‌ദ് പര്‍വതം തനിമയും തലയെടുപ്പുമുള്ള ചരിത്ര ദൃശ്യങ്ങളിലൊന്നാണ്. ഉഹ്‌ദ് മലമ്പ്രദേശത്തെ യുദ്ധം നടന്ന ഖനാത് താഴ്‌വരയും ആ ചരിത്രവും ഹൃദയത്തില്‍ സൂക്ഷിക്കാത്തവരായി ആരുണ്ട്?
നബി(സ) അമ്പെയ്‌ത്തുകാരെ നിര്‍ത്തിയ ജബലുര്‍റുമാത്തിന്റെയും (ജബലു ഐനൈന്‍ എന്നാണ് ശരിയായ പേര്‍) ഉഹ്‌ദ് മലയുടെയും ഇടയ്‌ക്കുള്ള താഴ്‌വര പ്രദേശത്ത്, ഉഹ്‌ദ് മല പിന്നിലായി വരുന്ന രീതിയില്‍ നില്‍ക്കുന്ന ഒരു നിരീക്ഷകന് ഇരു സൈനിക നിരകളുടെയും പശ്ചാത്തലത്തില്‍ അമ്പെയ്‌ത്തുകാര്‍ക്കുണ്ടായിരുന്ന യുദ്ധതന്ത്രപരമായ പ്രാധാന്യം ഊഹിച്ചെടുക്കാന്‍ കഴിയും. ജബലുര്‍റുമാത്തില്‍ കയറി ചിലര്‍ കല്ലും മണ്ണും വാരി പൊതിഞ്ഞു കൊണ്ടുപോകുന്നു. കൂടാതെ ഉസ്‌മാനീ കാലഘട്ടത്തില്‍ അവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നതായി പറയപ്പെടുന്നു. തല്‍ഫലമായി ജബലുര്‍റുമാത്ത് ഇന്നൊരു കൊച്ചു കുന്നായി മാറിക്കഴിഞ്ഞു എന്നാണറബികള്‍ പറയുന്നത്. കുട്ടികളെയും പിടിച്ച് ജിജ്ഞാസയോടെ അതിന്റെ മുകളില്‍ കയറുമ്പോള്‍ മലക്ക് പിന്നിലൂടെ ഖാലിദിന്റെ കുതിരപ്പട ഇരച്ചുകയറി വരുന്നതും അബ്‌ദുല്ലാഹിബ്‌നു ജുബൈര്‍(റ) അടക്കം അവിടെ ബാക്കിയായ കൊച്ചു സംഘത്തെ അരിഞ്ഞുവീഴ്‌ത്തുന്നതും കണ്‍മുമ്പിലെന്നപോലെ ഓര്‍മകളില്‍ നടുക്കമായനുഭവപ്പെടുന്നു. എതിര്‍വശത്തായി ഉഹ്‌ദ് മലയില്‍ ഏകദേശം ഒരു കിലോമീറ്റര്‍ അകലെ മുറിവേറ്റ് പരിക്ഷീണനായ നബി(സ) യുദ്ധാനന്തരം വിശ്രമിച്ച ഗുഹയും നമസ്‌കരിച്ച സ്ഥലവും കാണാന്‍ പലരും മല കയറുന്നത് കാണാം.
എന്നാല്‍ ഈ ഗുഹയ്‌ക്കടുത്ത് നബി എത്തിയതായി പ്രാമാണികമായ യാതൊരു രേഖയും ഇല്ല എന്നതാണ് പണ്ഡിതനിലപാട്. അവിടെ കയറി എത്തുന്നത് ശ്രമകരമായ ജോലിയാണ്. വിദേശികളായ സന്ദര്‍ശകര്‍ മറ്റു ചരിത്രപ്രദേശങ്ങളിലെന്നപോലെ അവിടെയും പുണ്യത്തിന്റെ പേരില്‍ പല പുത്തനാചാരങ്ങളും പതിവാക്കിയിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് ബന്ധപ്പെട്ട സുഊദി ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രസ്‌തുത ഗുഹാമുഖം കോണ്‍ക്രീറ്റ് ചെയ്‌ത് അടച്ചുകളഞ്ഞിരിക്കുന്നു. (വിശദ വിവരങ്ങള്‍ക്ക് saudi gazett 1.9.2012, Arab news 23.1.2006, 6.7.2012 എന്നിവ കാണുക). എന്നാല്‍ സുഊദി ടൂറിസം വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് മദീനാ ഗവര്‍ണര്‍ (ഖാലിദ് ത്വാഹിര്‍) അത് പിന്നീട് തുറന്നുകൊടുക്കുകയും അനാചാരങ്ങള്‍ക്കെതിരെ അവിടെ ഒരു പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ഉത്തരവിടുകയും ചെയ്‌തു.
ശുഹദാ ഉഹ്‌ദ്
ഉഹ്‌ദിനും ജബലുര്‍റുമാത്തിനും ഇടയ്‌ക്കുള്ള മൈതാനിയില്‍ ഇരുമ്പ് വേലിക്കകത്തായാണ് രക്തസാക്ഷികളുടെ ഖബ്‌റുകള്‍. ഉഹ്‌ദില്‍ രക്തസാക്ഷികളായ എഴുപത് പേരും ഇവിടെയാണോ മറമാടപ്പെട്ടത് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഹംസ(റ), മുസ്‌അബുബ്‌നു ഉമൈര്‍(റ), അബ്‌ദുല്ലാഹിബ്‌നു ജഹ്‌ശ്(റ) എന്നിവരുടെ ഖബ്‌റുകള്‍ ഇവിടെ തന്നെയുണ്ട്. ഉഹ്‌ദിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സാക്ഷ്യങ്ങളും ഇവതന്നെ. ബാക്കിയുള്ള ശുഹദാക്കളെയും ഈ വേലിക്കകത്ത് താഴ്‌ഭാഗത്ത് അടയളപ്പെടുത്തിയ ഭൂമിയില്‍ ഒരുമിച്ച് മറമാടി എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട അഭിപ്രായം. എന്നാല്‍ രക്തസാക്ഷികളില്‍ ചിലരെ ബഖീഇല്‍ മറമാടിയതായുള്ള അഭിപ്രായവും കാണാം. ഏതായാലും ഖുബ്ബകളോ അലങ്കാരങ്ങളോ ഇല്ലാതെ നബി(സ)യുടെ കാലത്ത് അവ ഏതുപോലെ നിലനിന്നുവോ അതേ രീതിയില്‍ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം സന്തോഷകരമായ കാഴ്‌ചയാണ്. ഉറൂസ് പൂരങ്ങളോ സ്വലാത്ത് വകകളുടെ വാണിജ്യപ്പെട്ടികളോ ഇല്ലാതെ ആ ധീരയോദ്ധാക്കള്‍ ശാന്തമായുറങ്ങുന്നു.
നബി(സ)യുടെയും അബൂബക്‌റിന്റെയും(റ), ഉമറിന്റെയും(റ) അന്ത്യവിശ്രമഗേഹം ഉള്‍ക്കൊള്ളുന്ന ഹറം ശരീഫ്, പതിനായിരത്തോളം സ്വഹാബികള്‍ മറമാടപ്പെട്ട ബഖീഉല്‍ ഗര്‍ഖദ്, ബദ്‌റും ഉഹ്‌ദും ഖന്‍ദഖും അങ്ങനെ മുസ്‌ലിംകള്‍ക്ക് മറക്കാനാവാത്ത ചരിത്ര സാക്ഷ്യങ്ങളെല്ലാം ഇത്തരം ഉറൂസ് അനാചാരങ്ങളില്‍ നിന്നും നേര്‍ച്ച വാണിജ്യങ്ങളില്‍ നിന്നും ഇന്നുവരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത്, മഖ്‌ബറ വ്യവസായമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നാം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക ദൈവിക കാവല്‍ അല്ലാതെ മറ്റെന്താണ്? ഇവിടെ ഏതെങ്കിലും ഓരത്തൊരു നേര്‍ച്ചപ്പെട്ടിയെങ്കിലും വെച്ചിരുന്നുവെങ്കില്‍ വരവായി ഒഴുകുന്ന സമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാനാവുമോ?! പ്രത്യേകിച്ചും പുണ്യപുരുഷന്മാരെന്ന പേരില്‍ ആരാധനാ മൂര്‍ത്തികള്‍ വാഴുന്ന ഇന്ത്യ, പാകിസ്‌താന്‍, തുര്‍ക്കി, ഇറാന്‍ പോലുള്ള നാട്ടുകാര്‍ക്ക് ഇത് വലിയ അത്ഭുതവും ആശങ്കയുമാണ്. മസ്‌ജിദുന്നബവിയില്‍ റൗദക്കടുത്തായി എഴുതിവെച്ച ഒരു ഹദീസ് ഈ അവസരത്തിലോര്‍മയിലെത്തുകയാണ്. ``പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങിയെത്തുന്നതുപോലെ വിശ്വാസം (ഈമാന്‍) മദീനയിലേക്ക് മടങ്ങും.'' (ബുഖാരി)
ഉഹ്‌ദിലെ മര്യാദകള്‍
ഉഹ്‌ദില്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട മര്യാദകള്‍ അവിടെ അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ വലിയ ബില്‍ബോര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ താഴെ പറയുന്നു:
1). ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നത് പരലോകത്തെ ഓര്‍മിക്കാനാണ്. ഞാന്‍ മുമ്പ് നിങ്ങള്‍ക്ക് ഖബ്‌ര്‍ സന്ദര്‍ശനം വിരോധിച്ചിരുന്നു. നിങ്ങള്‍ ഇനി അത് സന്ദര്‍ശിച്ചുകൊള്ളുക. തീര്‍ച്ചയായും അത് നിങ്ങളെ പരലോകം ഓര്‍മപ്പെടുത്തും. (ഹദീസ്)
2). മരിച്ചവരോട് പ്രാര്‍ഥിക്കുന്നതും അവരോട് സഹായം തേടുന്നതും അവരെ ഇടയാളരാക്കുന്നതും അവരോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും അനുവദനീയമല്ല. അവരുടെ അനുഗ്രഹം കാംക്ഷിച്ചുകൊണ്ട് ഖബ്‌റുകള്‍ക്ക് മുകളില്‍ തടവാനും പാടില്ല.
3). നിങ്ങളുടെ വിഷമങ്ങള്‍ നീക്കാനും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തിയാല്‍ അവനല്ലാതെ അത് നീക്കം ചെയ്യാന്‍ കഴിയുകയില്ല. (വി.ഖു. 6:17). നബി(സ) പറഞ്ഞു: നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. സഹായതേട്ടം നടത്തുകയാണെങ്കില്‍ അവനോട് മാത്രം സഹായം തേടുക. (ഹദീസ്)
4). പുണ്യം ഉദ്ദേശിച്ചുകൊണ്ട് ഉഹ്‌ദ് മലയിലോ അമ്പെയ്‌ത്തുകാരുടെ മലയിലോ (ജബല്‍ ഐനൈന്‍) കയറരുത്. അവിടെ നിന്നൊന്നും കല്ലും മണ്ണും ശേഖരിക്കുകയും അരുത്.
അത്യപൂര്‍വമായ ചില വിജ്ഞാനകുതുകികളല്ലാതെ സഞ്ചാരികളധികവും ഇതൊന്നും വായിക്കാന്‍ ശ്രമിക്കാറില്ല.
ഉഹ്‌ദ് മലയുടെ തണല്‍ പരിസരത്ത് നിന്ന് മടങ്ങുമ്പോള്‍ ചരിത്ര സ്‌മരണകളില്‍ ലയിച്ചിരുന്ന് പോവാത്തവരായി ആരുണ്ട്? ഉഹ്‌ദിലെ പരാജയത്തിനുശേഷം ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ ശത്രുവിനെ അവരുടെ താവളത്തില്‍തന്നെ കീഴ്‌പ്പെടുത്തുകയും തങ്ങള്‍ ഒരിക്കല്‍ ആട്ടിയോടിക്കപ്പെട്ട മക്കയുടെ മണ്ണില്‍ ഐതിഹാസിക വിജയം നേടുകയും ചെയ്‌ത പ്രവാചകചരിത്രം ഉഹ്‌ദ് പശ്ചാത്തലത്തില്‍ വീണ്ടും വീണ്ടും ഓര്‍മയില്‍ തെളിയും.
വഴിയോരക്കാഴ്‌ചകള്‍
പക്ഷേ, നൂറ്റാണ്ടുകള്‍ക്കപ്പുറം നമ്മുടെ പൂര്‍വഗാമികള്‍ രണഭൂമികളിലും കഠിന പ്രദേശങ്ങളിലും കാഴ്‌ചവെച്ച ത്യാഗപരിശ്രമങ്ങളെവിടെ, ഇന്നീ ശാന്തിതീരത്ത് കഴ്‌ചകള്‍ കാണാനെത്തിയ അലസ സഞ്ചാരികളുടെ കേവല സ്‌മരണകളെവിടെ? ടൂറിസവും കച്ചവടവും വീഡിയോ ചിത്രീകരണങ്ങളും ഫോട്ടോ ഗ്രാഫിയുമെല്ലാമായി ഉഹ്‌ദിലേക്കെന്നല്ല ചരിത്രപ്രദേശങ്ങളിലേക്കെല്ലാം ജനം ഒഴുകിയെത്തുകയാണ്. സൂക്കുകളിലും വഴിവാണിഭങ്ങളിലും ജനം തിക്കിത്തിരക്കുകയാണ്. ഉഹ്‌ദ് മൈതാനിയിലെ വഴിയോരക്കാഴ്‌ചകളില്‍ സന്ദര്‍ശകര്‍ക്കേറെ ഇഷ്‌ടം കാരക്കകച്ചവടക്കാരെയാണെന്ന് തോന്നുന്നു. പത്ത് പതിനഞ്ചിനം കാരക്കകളെങ്കിലും വില്‍പനക്കുണ്ടാവും.
മദീന മേത്തരം കാരക്കയുടെ നാടാണ്. സുഡാനികളും മിസ്‌രി (ഈജിപ്‌ത്)കളുമാണ് കച്ചവടക്കാരിലധികവും. അജ്‌വ, സൂക്കരി, സാഫാവി, മിസ്‌ക്കാനി, അന്‍ബറ, ഹല്‍വ എന്നിങ്ങനെ പലപേരും വിളിച്ച് അവര്‍ കാരക്കയെ പരിചയപ്പെടുത്തും. സുക്കരി ഇനങ്ങളും അജ്‌വയും ഏറെ ജനപ്രീതി നേടിയവയാണ്. അജ്‌വയ്‌ക്ക് വില പേശുമ്പോള്‍ മിസ്‌രിക്കുട്ടികള്‍ `ശീല്‍ അജ്‌വ, ബൈദൈന്‍ മാഫിസ്സിഹ്‌റ്' (അജ്‌വ എടുത്തോളൂ, പിന്നെ സിഹ്‌റിനെ പേടിക്കേണ്ട) എന്ന് അജ്‌വയെക്കുറിച്ചുള്ള ഹദീസ് സൂചിപ്പിച്ചുകൊണ്ട് അനറബികള്‍ സംസാരിക്കുന്ന അറബി ശൈലിയില്‍ നമ്മെ കയ്യിലെടുക്കാന്‍ ശ്രമിക്കും. അജ്‌വ തംറുന്‍ മുബാറക (അനുഗൃഹീതമായ) എന്നാണറബികള്‍ തന്നെ പറയാറുള്ളത്. അത് തന്നെ വിലകൂടിയതും കുറഞ്ഞതുമായ പലയിനങ്ങളുമുണ്ട്. ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട അജ്‌വ ഇന്ന് ലഭ്യമാണോ അല്ലേ എന്നുള്ള തര്‍ക്കങ്ങളുമുണ്ട്.
മദീന നബി(സ)യുടെ കാലത്തുതന്നെ മുന്തിയ ഇനം കാരക്കകള്‍ക്ക് പ്രസിദ്ധമാണ്. സൂക്കുതംറിന്‍ (കാരയ്‌ക്ക മാര്‍ക്കറ്റ്) പോയാല്‍ കാരക്കയിനങ്ങളെടുത്ത് വെച്ച് അവയുടെ നിറവും രുചി വൈവിധ്യങ്ങളും വര്‍ണിച്ചുകൊണ്ട് നമ്മെ സ്വീകരിക്കുന്ന മലയാളി കച്ചവടക്കാരെയും കാണാം. അങ്ങനെ മദീനയുടെ മധുരവും പൈതൃകവും എഴുതിയാല്‍ തീരുന്നതല്ല. മലകള്‍, താഴ്‌വരകള്‍, തോട്ടങ്ങള്‍, അരുവികള്‍, കിണറുകള്‍, സഖീഫകള്‍, ഹര്‍റാതുകള്‍ (ചരല്‍പ്രദേശം), ഥനിയ്യാത്തുകള്‍ (ചവിട്ടുവഴികള്‍) തുടങ്ങി ചെറുതും വലുതുമായ ചരിത്രശേഷിപ്പുകള്‍ വിവരിച്ചും അടയാളപ്പെടുത്തിയും എഴുതപ്പെട്ട നിരവധി രചനകള്‍ ഇന്ന് ലഭ്യമാണ്. ഹറമൈനികള്‍ സന്ദര്‍ശിക്കാന്‍ പോവുന്നവര്‍ അത്തരം കൊച്ചുകൃതികളെങ്കിലും വായിച്ച് മനസ്സിലാക്കുന്നത് ചരിത്രസംഭവങ്ങളെ അടുത്തറിയാനും സ്‌മരണകളുടെ തീരത്തിരുന്ന് എന്നെന്നും വായിക്കാവുന്ന ഓര്‍മപുസ്‌തകവുമായി മടങ്ങിവരാനും നമുക്ക് സഹായകമാവും.
പഠനതല്‌പരരായ സന്ദര്‍ശകര്‍ക്കായി മദീനയില്‍ പല ഭാഗത്തുമുള്ള മതകാര്യ വകുപ്പിന്റെ ഓഫീസുകളില്‍ മലയാളത്തിലും മറ്റു പല ഭാഷകളിലുമുള്ള പുസ്‌തകങ്ങളും സിഡികളും സൗജന്യമായി ലഭിക്കും. ഉഹ്‌ദ് മൈതാനിയിലും ഇത്തരമൊരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്കായി അവിടെ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയില്‍ നിരന്തരം മുഴങ്ങുന്ന ഒരു കൊച്ചു തൗഹീദ് പ്രഭാഷണവുമുണ്ട്. നബിയും സ്വഹാബികളും തങ്ങളുടെ ദൗത്യപാതയില്‍ ഈ മലയടിവാരത്തില്‍ ഏതൊരു ദൗത്യ നിര്‍വഹണത്തിനായി ഒരുമുച്ചുകൂടിയോ ആ ദൗത്യ സന്ദേശം മനോഹരമായ അറബി ശൈലിയില്‍ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന ആ കൊച്ചുപ്രഭാഷണം യുദ്ധ ഭൂമിയുടെ വൈകാരിക പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാണ്.
(പ്രസ്‌തുത പ്രഭാഷണത്തിന്റെ നേര്‍പരിഭാഷ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.)
0 comments: