റിച്ചാര്‍ഡ്‌ ഡോക്കിന്‍സിന്റെ പെരുന്നാള്‍ ട്വീറ്റ്‌!

  • Posted by Sanveer Ittoli
  • at 4:57 AM -
  • 0 comments

റിച്ചാര്‍ഡ്‌ ഡോക്കിന്‍സിന്റെ പെരുന്നാള്‍ ട്വീറ്റ്‌!


ഇന്ന്‌ ലോകത്ത്‌ ജീവിക്കുന്ന നിരീശ്വര ബുദ്ധിജീവികളില്‍ ഏറ്റവും പ്രസിദ്ധനാണ്‌ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌. എഴുപത്തി രണ്ടുകാരനായ ഈ ഓക്‌സ്‌ഫഡ്‌ പ്രൊഫസര്‍ ദൈവവിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ടെഴുതിയ `ദ ഗോഡ്‌ ഡെല്യൂഷന്‍' (2006) എന്ന കൃതി 2 മില്യന്‍ കോപ്പികളാണ്‌ വിറ്റുപോയത്‌. 39 ഭാഷകളില്‍ അതിനു പരിഭാഷയും പുറത്തിറങ്ങി. നിരീശ്വരവാദി മാത്രമല്ല, വര്‍ണവെറിയനായ വെള്ളക്കാരനായും ഇസ്‌ലാം വിരോധിയായുമൊക്കെ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌.
ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വ്‌ര്‍ ദിനത്തില്‍ ഡോക്കിന്‍സ്‌ ട്വിറ്ററില്‍ കുറിച്ച പ്രസ്‌താവന ലോകത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി: ``കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളെജ്‌ കരസ്ഥമാക്കിയിട്ടുള്ളതിനേക്കാള്‍ വളരെ കുറച്ച്‌ നൊബേല്‍ സമ്മാനങ്ങള്‍ മാത്രമേ മുസ്‌ലിംലോകത്ത്‌ ആകെക്കൂടി നേടാനായിട്ടുള്ളൂ. മധ്യകാലത്ത്‌ അവര്‍ കുറേയധികം നല്ല കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും'' -ഇതായിരുന്നു ആ ട്വീറ്റ്‌.
റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ഒരു നിരീശ്വരനായതുകൊണ്ടുതന്നെ, വിശ്വാസപരമായ കോണിലൂടെ ഈ പ്രസ്‌താവന വായിക്കപ്പെടുക സ്വാഭാവികം. അങ്ങനെ വരുമ്പോള്‍, പുരാതനകാലത്ത്‌ ഇസ്‌ലാമില്‍ ശാസ്‌ത്രാന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്ന പ്രവണതയുണ്ടായിരുന്നുവെങ്കിലും ആധുനിക കാലത്ത്‌ ചിന്തയ്‌ക്കും ശാസ്‌ത്രത്തിനും കടിഞ്ഞാണിടുന്ന വിശ്വാസ സംഹിതയായി ഇസ്‌ലാം സങ്കോചിച്ചിരിക്കുകയാണെന്ന്‌ പ്രസ്‌തുത പ്രസ്‌താവനയെ വായിക്കാം. കാലത്തിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ വികസിക്കാനുള്ള ഒരു ക്ഷമത ഇസ്‌ലാം മതത്തിനില്ലെന്നു സാരം. ലോകജനസംഖ്യയില്‍ 23 ശതമാനം വരുന്ന (1.62 ബില്ല്യന്‍) മുസ്‌ലിംകളെ കൊച്ചാക്കുകയല്ലാതെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‌ മറ്റൊരു ലക്ഷ്യവുമില്ലെന്ന്‌ ഒരു വിഭാഗം ആരോപിച്ചു. ഇസ്‌ലാം മതവിശ്വാസികളില്‍ ശാസ്‌ത്രജ്ഞന്മാര്‍ വളര്‍ന്നുവരാത്തതില്‍ നാസ്‌തികനായ ഡോക്കിന്‍സിന്‌ കുണ്‌ഠിതമുണ്ടാകേണ്ട കാര്യമില്ലല്ലോ!
നൊബേല്‍ സമ്മാനം ആരംഭിച്ച 1901 മുതല്‍ ഇതുവരെ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളെജുകളില്‍ 89 നൊബേല്‍ സമ്മാനജേതാക്കളുണ്ടായിട്ടുണ്ട്‌. ഫിസിക്‌സ്‌ (29), മെഡിസിന്‍ (26), കെമിസ്‌ട്രി (21), ഇക്കണോമിക്‌സ്‌ (9), സാഹിത്യം (2), സമാധാനം (2) എന്നീ വിഭാഗങ്ങളിലായാണ്‌ അവ. കേംബ്രിഡ്‌ജിന്‌ ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ നേടിക്കൊടുത്തത്‌ ട്രിനിറ്റി കോളേജാണ്‌, 32 എണ്ണം. എന്നാല്‍ ഒരു നൂറ്റാണ്ടിനിടെ മുസ്‌ലിം ലോകത്തിന്‌ മൊത്തം നേടാനായത്‌ വെറും 10 നൊബേല്‍ സമ്മാനങ്ങള്‍ മാത്രമാണ്‌. അതേസമയം ജനസംഖ്യയില്‍ വളരെ ചെറിയ (0.2%) ജൂത മതവിശ്വാസികളില്‍പെട്ട ഇരുന്നൂറിലധികം പേര്‍ നൊബേല്‍ സമ്മാനിതരായിട്ടുണ്ട്‌.
ഡോക്കിന്‍സിന്റെ താരതമ്യത്തെ ട്വിറ്ററില്‍ തന്നെ പലരും ചോദ്യംചെയ്‌തു. ഈ താരതമ്യം മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രമല്ല, ഹിന്ദു-ബുദ്ധ മതക്കാരുടെയും പല പൗരസ്‌ത്യ രാജ്യങ്ങളുടെയും കാര്യത്തിലും ശരിയാവുകയില്ലേ എന്നു ചിലര്‍ ചോദിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഒഴിച്ചുള്ള ഏതു രാജ്യത്തിനാണ്‌ ട്രിനിറ്റി കോളെജ്‌ നേടിയതിലുമേറെ നൊബേല്‍ സമ്മാനങ്ങള്‍ നേടാനായതെന്ന ചോദ്യം പ്രസക്തമാണ്‌. ആധുനിക കാലത്ത്‌ ജ്ഞാനോല്‌പാദനം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ കുത്തകയാകുന്നുണ്ട്‌ എന്ന ഉപവിമര്‍ശനവും ഇവിടെ ഉയര്‍ത്തപ്പെടാവുന്നതാണ്‌.
അതേസമയം, വിജ്ഞാനരംഗത്ത്‌ മുസ്‌ലിംകളുടെ ദയനീയമായ പതനത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ത്തിയത്‌ ഒരു അവിശ്വാസി ആണെങ്കിലും, ആ ചോദ്യത്തിലെ വാസ്‌തവികത ഉള്‍ക്കൊണ്ട്‌ പ്രതികരിക്കാന്‍ ധാരാളം മുസ്‌ലിംകള്‍ മുന്നോട്ടു വരികയുണ്ടായി. പാകിസ്‌താനിലെ പ്രശസ്‌ത പത്രമായ ഡോണ്‍ന്യൂസില്‍ വന്ന ലേഖനം, ഡോക്കിന്‍സിന്റെ ട്വീറ്റിനെ ഒരു ആത്മവിമര്‍ശനത്തിന്‌ പ്രേരിപ്പിക്കാന്‍ ഉപയുക്തമാക്കുകയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിനു ശേഷം, മുസ്‌ലിം ലോകത്ത്‌ ശാസ്‌ത്ര, സാങ്കേതിക, വിജ്ഞാന രംഗത്ത്‌ എടുത്തു പറയാവുന്ന യാതൊരു നേട്ടവുമുണ്ടായിട്ടില്ലെങ്കില്‍ അതിന്റെ കാരണമെന്തെന്ന്‌ സ്വയം വിലയിരുത്തേണ്ടതാണെന്ന്‌ ലേഖകന്‍ ഇര്‍ഫാന്‍ ഹുസൈന്‍ എഴുതി.
തങ്ങളുടെ പതനത്തിന്‌ മറ്റുള്ളവരെ കുറ്റപ്പെടുത്തി കാലം കഴിക്കുന്നതില്‍ അര്‍ഥമില്ല. തങ്ങളുടെ എല്ലാ തകര്‍ച്ചയുടെയും ഉത്തരവാദി പാശ്ചാത്യരാണെന്ന ഒഴികഴിവ്‌ മതിയാക്കിയേ തീരൂ. പാശ്ചാത്യമായത്‌ എല്ലാം അസ്വീകാര്യമാണെന്ന മുന്‍വിധിയാണ്‌, ആധുനിക വിദ്യാഭ്യാസത്തില്‍ നിന്ന്‌ മുസ്‌ലിംകളെ വിദൂരസ്ഥമാക്കിയത്‌. അച്ചടിയന്ത്രം കണ്ടുപിടിച്ചപ്പോള്‍, അത്‌ പാശ്ചാത്യരുടെ കണ്ടു പിടുത്തമെന്ന്‌ ആക്ഷേപിച്ച്‌ ഉസ്‌മാനിയ കാലത്ത്‌ അതിനെ നിരസിച്ച ഒരു കഥയുണ്ട്‌. അതു മുതലിങ്ങോളം പാശ്ചാത്യ വിരോധത്തിന്റെ പേരില്‍ ആധുനികതയോടുള്ള വിരോധം നാം കൊണ്ടുനടക്കുന്നു. ആധുനിക വിദ്യാഭ്യാസം നല്‌കുന്നു എന്നാരോപിച്ച്‌ അടുത്തിടെ, നൈജീരിയയില്‍ `ബോക്കോ ഹറാം' എന്ന സംഘടന സ്‌കൂള്‍ അടിച്ചുതകര്‍ത്തതും താലിബാന്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ തോക്കു ചൂണ്ടുന്നതും അദ്ദേഹം എടുത്തുകാട്ടുന്നു.
തുര്‍ക്കി എഴുത്തുകാരനായ മുസ്‌തഫ അഖ്‌യലും ഡോക്കിന്‍സ്‌ വിമര്‍ശനത്തെ പോസിറ്റീവായാണ്‌ എടുത്തത്‌. ആധുനിക മുസ്‌ലിംകളുടെ അടഞ്ഞ മനസ്സാണ്‌ ഈ പതനത്തിന്‌ കാരണമെന്നും, ഗ്രീക്ക്‌-പേര്‍ഷ്യന്‍-ഇന്ത്യന്‍ നാഗരികതകളുടെ വൈജ്ഞാനിക നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ വെമ്പല്‍ കാട്ടിയ മുന്‍ഗാമികളായ മുസ്‌ലിംകളുടെ മാതൃക കൈവിട്ട അന്ധമായ പിന്‍വലിയല്‍ അതിന്റെ പ്രതിഫലനമാണെന്നും ഹുര്‍റിയത്ത്‌ ഡയ്‌ലിയില്‍ അദ്ദേഹം എഴുതുന്നു. പത്രപ്രവര്‍ത്തകനായ ജാവേദ്‌ ഹസന്‍, പാകിസ്‌താനിലെ ദ ന്യൂസ്‌ ഡോട്ട്‌കോമില്‍ എഴുതിയ കോളത്തില്‍, മുസ്‌ലിംകളുടെ ശാസ്‌ത്രവൈമുഖ്യത്തിന്റെ വേരുകള്‍ തേടാന്‍ ശ്രമിക്കുന്നുണ്ട്‌. യുവാക്കളെ ചോദ്യം ചോദിക്കുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയും സംശയത്തെയും അന്വേഷണത്തെയും ഭയക്കുകയും ചെയ്യുന്ന സംസ്‌കാരം മുസ്‌ലിം വീടുകളിലും ക്ലാസ്‌മുറികളിലും വളര്‍ത്തിയതാണ്‌ അവരുടെ ശാസ്‌ത്രാന്വേഷണ വിമുഖതയുടെ നാരായവേര്‌. സന്ദേഹിയുടെ മനസ്സില്‍ നിന്നാണ്‌ ശാസ്‌ത്രത്വരയും കണ്ടുപിടുത്തവും ഉണരുന്നത്‌. മാത്രമല്ല, പൗരസ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമര്‍ത്തപ്പെട്ട രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ എങ്ങനെ പുതിയ ആശയങ്ങള്‍ പിറവിയെടുക്കും- അദ്ദേഹം ചോദിക്കുന്നു.
റിച്ചാര്‍ഡ്‌ ഡോക്കിന്‍സിന്റെ ഉദ്ദേശ്യമെന്താകട്ടെ, എട്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ പെരുന്നാള്‍ ട്വീറ്റ്‌ മുസ്‌ലിംകള്‍ക്കിടയില്‍ ക്രിയാത്മകമായ ഇത്തരം ചിന്തകള്‍ ഉണര്‍ത്തിവിടാന്‍ കാരണമായി. നമ്മുടെ മുസ്‌ലിം ഭരണാധികാരികളും നേതാക്കളും അത്‌ ശ്രദ്ധിച്ചിരുന്നോ ആവോ! 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: