ജസീറയെ എഴുതിത്തള്ളരുത് ഫീഡ് ബാക് എമ്മാര്‍
ജസീറയ്‌ക്കു ഭ്രാന്താണ്, കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന ക്രൂരയാണ്, കുടുംബത്തില്‍ ഒതുങ്ങാതെ ഒരുമ്പെട്ടിറങ്ങിയവള്‍- തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു മുന്നില്‍ കെട്ടിമറച്ച പന്തലില്‍ ആഴ്‌ചകളായി സമരം തുടരുന്ന കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി നീരൊഴുക്കാംചാലില്‍ ജസീറയ്‌ക്കു പലരും പതിച്ചുനല്‌കിയ വിശേഷണങ്ങള്‍ ഇങ്ങനയൊക്കെയാണ്. രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി സെക്രട്ടറിയേറ്റു പടിക്കല്‍ നടക്കുന്ന പതിവുസമരത്തില്‍ നിന്നു ഭിന്നമായി ജീവിക്കുന്ന ഭൂമിയുടെയും സഹജീവികളുടെയും സുരക്ഷ തേടി ഒരു സ്‌ത്രീ നടത്തുന്ന പോരാട്ടത്തെ നമ്മുടെ സമൂഹത്തിന് പെട്ടെന്ന് മനസ്സിലാകാത്തതില്‍ അതിശയിക്കാനില്ല.
റേച്ചല്‍ കാര്‍സന്റെ സൈലന്റ് സ്‌പ്രിംഗോ മസനോബു ഫുക്കുവാക്കയുടെ ഒറ്റ വൈക്കോല്‍ വിപ്ലവമോ വായിച്ചുപഠിച്ച ഒരു പരിസ്ഥിതി പണ്ഡിതയൊന്നുമല്ല, ജസീറ. സാമാന്യാര്‍ഥത്തില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകപോലുമല്ല. വെറും ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സാധാരണ വീട്ടമ്മയാണവര്‍. ഓട്ടോ ഡ്രൈവര്‍. മദ്‌റസാധ്യാപകന്റെ ഭാര്യ. ജസീറയെ അസ്വസ്ഥമാക്കുന്നത്, പുതിയങ്ങാടി കടപ്പുറത്തെ കുടിലില്‍ നിന്ന് ദിനേന സാക്ഷ്യംവഹിക്കുന്ന കാഴ്‌ചയാണ്. തലച്ചുമടായും ടിപ്പറുകളിലും മണല്‍ കടത്തിക്കൊണ്ടുപോകുക വഴി, കടല്‍ത്തീരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ കടലോര മണല്‍ വാരുന്നതാണ് കടല്‍ ക്ഷോഭത്തിനും തീരം തകരുന്നതിനും കാരണമെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് ജീവിതാനുഭവം തന്നെ ധാരാളമായിരുന്നു.
തീരത്തെ മണല്‍വാരല്‍ തടയാന്‍ ജസീറ സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. മണല്‍ കടത്താന്‍ വരുന്നവരെ സൗമ്യമായി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. വീടിനു നേരെ ആക്രമണവും ഭീഷണിയുമായിരുന്നു അതിനു കിട്ടിയ പ്രതിഫലം. പൊലീസും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജസീറയുടെ ആവശ്യം കണ്ടില്ലെന്നു നടിച്ചു. അങ്ങനെ 2013 ജൂണ്‍ 14 മുതല്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങി. സമരത്തിന്റെ നാലാം നാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വന്ന് അവരെ പൊലീസ് അകമ്പടിയോടെ തലശ്ശേരി മഹിളാമന്ദിരത്തില്‍ കൊണ്ടുപോയി. മുലകുടി മാറാത്ത കുട്ടിയെ സമരരംഗത്തിറക്കി എന്ന കുറ്റമാണ് ചൈല്‍ഡ് ലൈന്‍ ആരോപിച്ചത്! നൊന്തുപെറ്റ തന്റെ കുഞ്ഞുങ്ങളെ നോക്കാന്‍ ചൈല്‍ഡ് ലൈന്‍ പഠിപ്പിക്കേണ്ടെന്ന് ജസീറ പറഞ്ഞു. മൂന്നാം ദിവസം, മന്ദിരത്തില്‍ നിന്ന് വിട്ടയച്ചപ്പോള്‍ അവര്‍ നേരെ ചെന്നത് സ്റ്റേഷനു മുന്നിലെ സമരപ്പന്തലിലേക്കു തന്നെ. ഗത്യന്തരമില്ലാതെ, മണല്‍ വാരല്‍ തടയാന്‍ കടല്‍ത്തീരത്ത് സ്ഥിരം പാറാവ് ചെക്ക്‌പോസ്റ്റ് ഏര്‍പ്പെടുത്താമെന്ന് കലക്‌ടറുടെ നിര്‍ദേശപ്രകാരം ഉറപ്പു നല്‌കി. അതോടെ തല്‌ക്കാലം സമരം നിര്‍ത്തി.
ആ ഉറപ്പു ഒരു കബളിപ്പിക്കല്‍ മാത്രമായിരുന്നു. മണല്‍ മാഫിയയുടെ സമ്മര്‍ദത്തില്‍ കലക്‌ടറുടെ ഉറപ്പ് അലിഞ്ഞില്ലാതായി. ജൂലൈ 11 മുതല്‍ ജസീറ സമരം കണ്ണൂര്‍ കലക്‌ടറേറ്റില്‍ പുനരാരംഭിച്ചു. ബലം പ്രയോഗിച്ച് അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ തുടര്‍ന്നു. ഇതോടെ പരിസ്ഥിതി പ്രവര്‍ത്തകരും ചില സാമൂഹിക പ്രവര്‍ത്തകരും ജസീറയ്‌ക്കു പിന്തുണ നല്‌കി. മാധ്യമങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയായി. പരിഹാരം മാത്രമുണ്ടായില്ല. പോരാട്ടത്തില്‍ തളരാതെ, ജസീറ തിരുവനന്തപുരത്തേക്കു വണ്ടികയറി. ഇതെഴുതുമ്പോഴും സെക്രട്ടറിയേറ്റിനു മുന്നില്‍ ചെറിയ മകനും രണ്ടു കുട്ടികള്‍ക്കുമൊപ്പം സമരം തുടരുകയാണവര്‍. ഇതിനിടെ ജസീറയെ കണ്ട മുഖ്യമന്ത്രി `ഒക്കെ ശരിയാക്കാം' എന്ന ഒഴുക്കന്‍ മട്ടിലുള്ള സമാധാനമാണു നല്‌കിയത്. എന്നാല്‍, തീരദേശ മണല്‍ ഖനനം കര്‍ശനമായി തടയുമെന്ന രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ വീട്ടിലേക്കില്ലെന്നാണ് ജസീറയുടെ നിലപാട്.
കേരളത്തില്‍ 580 കി.മീറ്റര്‍ കടലോരമുണ്ട്. അതില്‍ 440 കി.മീറ്ററും ഭീഷണിയുടെ നിഴലിലാണിപ്പോള്‍. അടുത്തിടെ, ചില സ്ഥലങ്ങളില്‍ 5 കി. മീറ്ററോളം കടലെടുത്തിരിക്കുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കടല്‍ക്ഷോഭവും സുനാമിയുമൊക്കെ അതിന്റെ പ്രത്യാഘാതങ്ങളാണ്. വമ്പിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ വിഷയത്തെ സര്‍ക്കാര്‍ വേണ്ടവിധം ഗൗരവത്തിലെടുക്കുന്നില്ല. പശ്ചിമ ഘട്ടത്തിലെ മലകള്‍ തകര്‍ത്ത പാറകൊണ്ട് വന്ന് കടല്‍ഭിത്തി നിര്‍മിക്കുകയാണ് സര്‍ക്കാര്‍ കാണുന്ന പ്രതിവിധി. അതാകട്ടെ, അതിലേറെ പരിസ്ഥിതി ദ്രോഹമാണുതാനും.
അനധികൃതവും നിയമവിരുദ്ധവുമായ പ്രകൃതി ചൂഷണത്തെ എതിര്‍ക്കുന്നതിനെ, പരിസ്ഥിതി മൗലികവാദമായി എഴുതിത്തള്ളുകയാണ് പലരും. ഇതു ശരിയല്ല. വീടും കെട്ടിടങ്ങളും നിര്‍മിക്കാന്‍ ആവശ്യമായ കല്ലും മണലും മറ്റു വിഭവങ്ങളും പ്രകൃതിയില്‍ നിന്നു തന്നെ കിട്ടിയിട്ടു വേണം. അതാരും നിഷേധിക്കുന്നില്ല. എന്നാല്‍, പ്രകൃതിയുടെ താളം തകര്‍ക്കുന്ന, ലാഭക്കൊതിയിലൂന്നിയ അനിയന്ത്രിതമായ കയ്യേറ്റമാണ് ഇന്ന് നടക്കുന്നത്. ജനങ്ങള്‍ക്ക് ആഹാരത്തിന് പൊതുവിതരണ സമ്പ്രദായങ്ങള്‍ ഉള്ളപോലെ പാര്‍പ്പിടത്തിനും സര്‍ക്കാര്‍ നിയന്ത്രണസംവിധാനങ്ങള്‍ ഉണ്ടാക്കണം. മാഫിയയെ നേരിടാന്‍ അതാണു മാര്‍ഗം.
മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ നമ്മുടെ ആവാസ വ്യവസ്ഥ തകരാതെ കാക്കണം. ആ ബാധ്യത മനുഷ്യസമുദായത്തിന്റേതാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റു പടിക്കല്‍ കൈക്കുഞ്ഞിനെയും കൊണ്ട് രാപ്പകല്‍ സമരം നടത്തുന്ന ജസീറ എന്ന പര്‍ദാധാരിണി, രാഷ്‌ട്രീയ നേതാക്കളും ശാസ്‌ത്ര പടുക്കളും ബോധപൂര്‍വം മറക്കുന്ന ആ മഹാപാഠമാണ് ലോകത്തോട് വിളിച്ചുപറയുന്നത്.
0 comments: