ജിന്ന്‌ മനുഷ്യനെ കൊല്ലുമെന്ന്‌!

  • Posted by Sanveer Ittoli
  • at 9:17 AM -
  • 0 comments

ജിന്ന്‌ മനുഷ്യനെ കൊല്ലുമെന്ന്‌!



- നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


ജിന്ന്‌, സിഹ്‌ര്‍, കണ്ണേറ്‌, റുഖ്‌യ: ശറഇയ്യ ഒരു പ്രാമാണിക പഠനം' എന്ന പുസ്‌തകത്തില്‍ കെ കെ സകരിയ്യ സ്വലാഹി ഇപ്രകാരം ഒരു അധ്യായം തന്നെ നല്‌കി പിശാച്‌ മനുഷ്യനെ വധിക്കുമെന്ന്‌ സമര്‍ഥിക്കുന്നു. ഇദ്ദേഹം എഴുതുന്നത്‌ കാണുക:
``തലക്കെട്ട്‌ കാണുമ്പോള്‍ ചിലര്‍ ഞെട്ടിയെന്ന്‌ വരും. പക്ഷേ, ഹദീസ്‌ ശ്രദ്ധിച്ച്‌ വായിച്ചാല്‍ ഞെട്ടല്‍ മാറിക്കൊള്ളും. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച 2236-ാം നമ്പര്‍ ഹദീസിന്റെ ചുരുക്ക സാരം ഇവിടെ എഴുതാം: നബി(സ)യുടെ കൂടെ ഖന്‍ദക്ക്‌ യുദ്ധത്തിന്‌ സ്വഹാബികളുടെ കൂട്ടത്തില്‍ പുതുതായി വിവാഹം കഴിച്ച ഒരു യുവാവുണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ റസൂല്‍ (സ)യെ സമീപിച്ച്‌ വിവരമറിയിച്ചു. `അല്ലാഹുവിന്റെ ദൂതരേ! അദ്ദേഹത്തെ വീണ്ടും ജീവിപ്പിക്കാന്‍ നിങ്ങള്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചാലും.' അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ കൂട്ടുകാരനുവേണ്ടി പാപമോചനം തേടുക. പിന്നീട്‌ റസൂല്‍(സ) പറഞ്ഞു: മദീനയില്‍ കുറെ ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. അതിനാല്‍ അവയില്‍ വല്ലതിനെയും നിങ്ങള്‍ വീട്ടിനകത്ത്‌ കണ്ടാല്‍ അവയോട്‌ പുറത്തുപോകണമെന്ന്‌ മൂന്ന്‌ ദിവസം താക്കീത്‌ നല്‌കണം. പിന്നെയും അവ നിങ്ങളുടെ മുമ്പില്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവയെ കൊല്ലുക. കാരണം അതു ശൈത്വാനാണ്‌.
ഇവിടെ സര്‍പ്പാകാരം പ്രാപിച്ച്‌ സ്വഹാബിയുടെ വീട്ടില്‍ വന്ന ജിന്നുമായി സ്വഹാബി സംഘട്ടനത്തിലേര്‍പ്പെടുന്നതും യുവസ്വഹാബിയെ ജിന്ന്‌ വധിച്ചുകളഞ്ഞതുമാണ്‌ ഇമാം മുസ്‌ലിം രിവായത്തു ചെയ്‌ത പ്രബലമായ ഹദീസില്‍ നാം കാണുന്നത്‌. ഇനിയും ജിന്നിന്‌ വസ്‌വാസിനപ്പുറം ഒന്നും കഴിയില്ലെന്ന്‌ വാദിക്കുന്നവര്‍ സ്വഹീഹായ നിരവധി ഹദീസുകളെ നിഷേധിക്കുന്ന ഹദീസ്‌ നിഷേധിയായി മാറുകയല്ലാതെ സലഫീ പാതയില്‍ ഉറച്ചുനില്‌ക്കാന്‍ അത്തരക്കാര്‍ക്ക്‌ സാധ്യമല്ല.'' (പേ 64,65).
ഇദ്ദേഹം തന്നെയാണ്‌ യഥാര്‍ഥ ഹദീസ്‌ നിഷേധിയെന്ന്‌ ഇദ്ദേഹം സ്വയം സമ്മതിക്കുന്നത്‌ ശ്രദ്ധിക്കുക: ജിന്നും സിഹ്‌റും: മടവൂരികളുടെ ദുഷ്‌പ്രചാരണവും എന്ന പുസ്‌തകത്തിലെ പ്രസ്‌തവനകള്‍ നോക്കുക: ``മദീനയില്‍ നബി(സ)യുടെ കാലത്ത്‌ ഏതാനും ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ചു. അവര്‍ പാമ്പ്‌ രൂപത്തില്‍ നിങ്ങളുടെ വീട്ടില്‍ വരുമെന്നും അതിനാല്‍ വീട്ടിനകത്തു കാണപ്പെടുന്ന അസാധാരണയിനം പാമ്പുകളെ നിങ്ങള്‍ കൊല്ലാതെ മൂന്നു ദിവസം (ഒരു റിപ്പോര്‍ട്ടില്‍ മൂന്ന്‌ തവണ) ഉപദ്രവിക്കാതെ വീടുവിട്ട്‌ പോകണമെന്ന്‌ താക്കീത്‌ ചെയ്യണമെന്നും എന്നിട്ടും പോയില്ലെങ്കില്‍ കൊല്ലണമെന്ന്‌ നബി(സ) അന്ന്‌ സ്വഹാബികളോട്‌ പറഞ്ഞതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇത്‌ അന്നത്തെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രം ബാധകമായതാണ്‌. അഥവാ ഇന്ന്‌ ബാധകമല്ല എന്നാണ്‌ ശര്‍ഹു മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ നവവി(റ) പറഞ്ഞിട്ടുള്ളത്‌. എങ്കിലും ഇങ്ങനെയൊരു ഹദീസ്‌ ഉണ്ടോ എന്ന്‌ ചോദിച്ചവരോട്‌ പ്രസംഗശേഷം ഒരാള്‍ അതേ എന്ന്‌ പറഞ്ഞതാണ്‌ സുല്ലമി കെ എന്‍ എമ്മിന്റെ വാദം ഇതാണെന്ന്‌ സ്ഥാപിക്കാന്‍ തെളിവാക്കിയിരിക്കുന്നത്‌! വല്ലാത്തൊരു ദുര്‍വ്യാഖ്യാനം തന്നെ. വിഷമുള്ളതെന്ന്‌ ബോധ്യപ്പെട്ടതും പ്രത്യേക വരയും കുറിയുമായി നമുക്ക്‌ പരിചയപ്പെട്ടതുമായ പാമ്പുകളെ എവിടെ വെച്ചും കൊല്ലാമെന്ന്‌ ഹദീസ്‌ ഉയര്‍ത്തിക്കാട്ടി സുല്ലമി ഈ ഹദീസിനെ ക്രൂരമായി പരിഹസിക്കുന്നുണ്ട്‌. സുല്ലമീ... അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല.
പക്ഷേ, ഇതുകൊണ്ടു മദീനയില്‍ അന്നുണ്ടായ ഒരു സംഭവത്തില്‍ ജിന്നുകള്‍ പാമ്പ്‌ രൂപത്തില്‍ വീട്ടില്‍ വരുമെന്ന്‌ നബി(സ) പറഞ്ഞത്‌ മൂടിവെക്കേണ്ട ആവശ്യമെന്ത്‌? കെ എന്‍ എമ്മിന്‌ മാത്രം ഇതില്‍ ഒരു പ്രത്യേക വാദവും ഇല്ലതാനും. മാത്രമല്ല എല്ലാ വീട്ടിലും എക്കാലത്തും ജിന്നുകള്‍ ഇപ്രകാരം പാമ്പായി വരാമെന്ന്‌ നബി(സ) ഖണ്ഡിതമായി വ്യക്തമാക്കാത്ത സ്ഥിതിക്ക്‌ നവവി(റ) പറഞ്ഞതുതന്നെയാണ്‌ ശരിയായ വ്യാഖ്യാനം. എന്നിട്ടും കെ എന്‍ എമ്മിനെ തോല്‌പിക്കാന്‍ ബഹുജന മധ്യത്തില്‍ അത്‌ പ്രചരിപ്പിക്കുന്നവരും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടട്ടെ.'' (പേജ്‌ 14,15).
ഇങ്ങനെ ഒരു ഹദീസ്‌ ഉണ്ടോ എന്ന്‌ ചോദിച്ചവരോട്‌ പ്രസംഗശേഷം ഒരാള്‍ അതെ എന്ന്‌ പറഞ്ഞതല്ല നാം പുതിയ പുസ്‌തകത്തില്‍ കാണുന്നതും. പ്രത്യുത പിശാചിന്‌ മനുഷ്യനെ വധിക്കുവാന്‍ സാധിക്കുമെന്ന്‌ സ്ഥാപിക്കുവാന്‍ ഇദ്ദേഹം ഈ പുസ്‌തകത്തില്‍ ഉദ്ധരിച്ചതാണ്‌. ഹദീസിനെ ഞാന്‍ പുച്ഛിച്ചു എന്നതു ഇദ്ദേഹത്തിന്റെ ജല്‌പനം മാത്രമാണ്‌. ഞാന്‍ എഴുതിയതു എന്താണെന്ന്‌ വ്യക്തമായി ഗ്രഹിക്കാന്‍ ജിന്ന്‌, പിശാച്‌, സിഹ്‌റ്‌ പുസ്‌തകത്തിന്റെ പേജ്‌ 85 നോക്കുക.
ഇമാം നവവി(റ) പറഞ്ഞതാണ്‌ ശരിയായ വ്യാഖ്യാനമെന്ന്‌ എഴുതിയ പുരോഹിതനാണ്‌ ഇപ്പോള്‍ എഴുതിയ പുസ്‌തകത്തില്‍ ഒരധ്യായം തന്നെ നല്‌കി ആ വ്യാഖ്യാനത്തെ പുച്ഛിച്ചു തള്ളുന്നത്‌. ഇയാള്‍ എഴുതുന്നതും പ്രസംഗിക്കുന്നതുമെല്ലാം പരസ്‌പരം വൈരുധ്യം നിറഞ്ഞതാണ്‌. ഈ കുട്ടിക്ക്‌ മാനസികമായി ചില കുഴപ്പങ്ങളുണ്ടെന്ന്‌ പല പ്രാവശ്യം എനിക്ക്‌ ബോധ്യപ്പെട്ടതാണ്‌. ഇദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നവര്‍ക്ക്‌ ഇതു മനസ്സിലാകാന്‍ സാധിക്കാത്തതിലാണ്‌ എനിക്കുള്ള വലിയ ദു:ഖവും സങ്കടവും.
പിശാചിന്‌ മനുഷ്യനെ വധിക്കാന്‍ സാധിക്കുമെന്ന്‌ മുസ്‌ലിമിന്റെ ഹദീസ്‌ ഉദ്ധരിച്ച്‌ ഇപ്പോള്‍ ഇദ്ദേഹം ജല്‌പിക്കുന്നത്‌. ഇവിടെയും ചില ചിന്താശകലങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‌കട്ടെ.
1. ജിന്നും സിഹ്‌റും: മടവൂരികളുടെ ദുഷ്‌പ്രചരണവും എന്ന ഗ്രന്ഥത്തില്‍ ഇയാള്‍ എഴുതിയ അഭിപ്രായത്തില്‍ എന്തുകൊണ്ട്‌ മാറ്റംവരുത്തി? താന്‍ കെ എന്‍ എമ്മിനെ ഇനി പിന്തുണയ്‌ക്കേണ്ടതില്ല എന്ന വിചാരമാണോ?
2. ശര്‍ഹു മുസ്‌ലിമില്‍ ഇമാം നവവി(റ) ഹദീസിനെ വ്യാഖ്യാനിച്ചത്‌ ശരിയാണെന്ന വാദത്തെ ഇപ്പോള്‍ ഇയാള്‍ അംഗീകരിക്കുന്നുണ്ടോ?
3. പിശാച്‌ പൂജകരുമായി നബി(സ) പല യുദ്ധങ്ങള്‍ നടത്തി. ഏതെങ്കിലും യുദ്ധത്തിലോ യുദ്ധത്തിന്‌ പുറത്തുവെച്ചോ ഇവര്‍ പിശാചിനെ കീഴ്‌പ്പെടുത്തി വല്ല മുസ്‌ലിമിനെയും വധിച്ച സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടോ?
4. ഒരു മുറിയില്‍ പുറത്തുനിന്ന്‌ ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കാത്തവിധം രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ മറ്റവനെ വധിച്ച്‌ പിശാച്‌ വന്ന്‌ വധിച്ചതാണെന്ന്‌ അയാള്‍ വാദിച്ചാല്‍ അയാളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കാമോ?
5. പിശാചിന്‌ മനുഷ്യനെ കൊല്ലുവാന്‍ സാധിക്കുമെന്ന ജല്‌പനപ്രകാരം സകല കൊലയാളികള്‍ക്കും ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കുകയില്ലേ?
6. ഈ ജല്‌പന പ്രകാരം സാഹചര്യത്തെളിവുകള്‍ തീരെ ഇല്ലാതെയാവുകയില്ലേ?
7. നബി(സ)യെ വധിക്കാന്‍ വേണ്ടി മുശ്‌രിക്കുകള്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ നബി(സ)യുടെ വീടു വളഞ്ഞു. ഈ വിഡ്‌ഢിത്തം എന്തിന്‌ ചെയ്‌തു? പിശാചിനെ കീഴ്‌പ്പെടുത്തി നബി(സ) യെ വധിക്കാന്‍ അവര്‍ക്ക്‌ ഉപയോഗപ്പെടുത്താമായിരുന്നില്ലേ?
8. മനുഷ്യനെ വധിക്കാന്‍ മാത്രമാണോ പിശാചിന്‌ സാധിക്കുക? മറ്റു ജീവികളെ വധിക്കാന്‍ സാധിക്കുമോ? കൊതുകിനെ കൊല്ലാന്‍ സാധിക്കുമോ?
9. ഒരു കുട്ടിയെ ഒരാള്‍ വധിച്ചു. പിശാച്‌ എന്റെ രൂപത്തില്‍ വന്നു വധിച്ചതാണെന്ന്‌ അയാള്‍ വാദിച്ചാല്‍ ഈ വാദത്തെ ജിന്നുവാദികള്‍ പോലും അംഗീകരിക്കുമോ?
10. ഹദീസുകളെ വ്യാഖ്യാനിക്കുന്നത്‌ ഹദീസ്‌ നിഷേധവും ഹദീസിനെ പുച്ഛിക്കലും ദുര്‍വ്യാഖ്യാനം ചെയ്യലുമാണോ? ഇമാം നവവി(റ) ഹദീസ്‌ നിഷേധിയാണോ?
11. ജിന്നും സിഹ്‌റും മടവൂരികളുടെ ദുഷ്‌പ്രചരണവും എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ക്ക്‌ ഇപ്പോള്‍ നിലനില്‌പ്‌ ഉണ്ടോ?
12. ഖുബൂരികള്‍ ഉദ്ധരിക്കുന്ന പല ഹദീസുകളെയും ഇയാള്‍ തന്നെ പുച്ഛിച്ച്‌ തള്ളുകയുണ്ടായി. മുജാഹിദുകള്‍ പൊതുവെ ഉദ്ധരിക്കുന്ന ധാരാളം ഹദീസുകളെയും ഇദ്ദേഹം അല്‍മനാര്‍ മാസികയില്‍ പുച്ഛിച്ചുതള്ളി. ചില ഹദീസുകള്‍ പരമ്പര സ്വഹീഹാണെങ്കിലും ബുദ്ധിക്ക്‌ എതിരാണെന്ന്‌ പറഞ്ഞു തള്ളി. ഇതു ഹദീസ്‌ നിഷേധമല്ലേ? അതോ, സുല്ലമിക്ക്‌ മാത്രമേ ഇത്‌ ബാധകമാവുകയുള്ളൂ!! 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: