ഖുര്‍ആനിന്റെ പൊതുതത്വത്തിന് എതിരാകുന്ന ഹദീസുകള്‍
ഇസ്‌ലാമിലെ പ്രമാണങ്ങള്‍-13 -
എ അബ്‌ദുല്‍ഹമീദ് മദീനി
വിശുദ്ധ ഖുര്‍ആന്റെ പൊതു തത്വത്തിന് എതിരാണെന്നറിഞ്ഞപ്പോള്‍ പരമ്പര ശരിയായിട്ടും ഖുലഫാഉര്‍റാശിദുകളില്‍ പെട്ടവരും മറ്റു സ്വഹാബിമാരും ഇമാമുകളും ഹദീസ് തള്ളിക്കളഞ്ഞ ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉമറുല്‍ ഫാറൂഖ്(റ) ബുഖാരി രിവായത്തു ചെയ്‌ത ഫാത്വിമ ബിന്‍ത് ഖൈസിന്റെ ഹദീസിനെ തള്ളിക്കളയുന്നു. ഹദീസിന്റെ പരമ്പര ശരിയായിട്ടും വിശുദ്ധ ഖുര്‍ആന്റെ പൊതു തത്വത്തിന് എതിരായതുകൊണ്ടാണ് ഉമര്‍(റ) ഈ ഹദീസ് തള്ളിക്കളഞ്ഞത്.
മൂന്നു പ്രാവശ്യം വിവാഹമോചനം ചെയ്യപ്പെട്ട സ്‌ത്രീക്ക് (ഇദ്ദകാലത്ത്) താമസവും ചെലവും കൊടുക്കണമെന്ന് ഉമറുബ്‌നുല്‍ ഖത്വാബ് വിധിച്ചു. അപ്പോള്‍ മൂന്നു പ്രാവശ്യം വിവാഹമോചനം ചെയ്യപ്പെട്ട തനിക്ക് നബി (സ) താമസവും ചെലവും നല്‌കിയില്ലെന്ന് ഫാത്വിമബിന്‍ത് ഖൈസിന്റെ ഹദീസ് ഉമറിന്റെ(റ) ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഒരു മഹതിയുടെ വാക്കുകേട്ട് അല്ലാഹുവിന്റെ കിതാബും നമ്മുടെ നബിയുടെ സുന്നത്തും നാം ഉപേക്ഷിക്കുകയില്ല. ആ സ്‌ത്രീ കാര്യം മനസ്സിലാക്കിയ ശേഷം മറന്നതായിരിക്കാം. അല്ലാഹുവിന്റെ കിതാബിലുള്ളത് (വിവാഹമോചനം ചെയ്യപ്പെട്ട) സ്‌ത്രീയെ അവരുടെ വീടുകളില്‍ നിന്ന് നിങ്ങള്‍ പുറത്താക്കരുത്. ``അവര്‍ സ്വയം പുറത്തുപോവുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തി ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ ആരെങ്കിലും ലംഘിച്ചാല്‍ അവന്‍ അവനോട് തന്നെ അന്യായം ചെയ്‌തിരിക്കുന്നു.'' (65:1)
ഇവിടെ ഖലീഫ ഉമര്‍(റ), മൂന്നു പ്രാവശ്യം വിവാഹമോചനം ചെയ്യപ്പെട്ട സ്‌ത്രീക്ക് ഇദ്ദ കാലം താമസവും ചെലവും ഇല്ല എന്ന് പറയുന്നത് ഖുര്‍ആനിന്റെ പൊതു തത്വത്തിന് എതിരാണന്നദ്ദേഹം മനസ്സിലാക്കിയപ്പോള്‍ ഫാത്വിമ ബിന്‍തു ഖൈസിന്റെ സ്വഹീഹായ ഹദീസിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ആരും അദ്ദേഹത്തെ ഹദീസ് നിഷേധി എന്ന് മുദ്രകുത്തിയില്ല.
ഇമാം മാലിക്(റ) നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്ന ഹദീസ് തള്ളിക്കളഞ്ഞു. അതിന് കാരണം പറഞ്ഞത് പ്രസ്‌തുത ഹദീസ് ഖുര്‍ആന്റെ പൊതുവായ കല്‌നപക്ക് എതിരാണെന്നാണ്. ``നായ നിങ്ങളുടെ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകുക. അതില്‍ ഒന്ന് ശുദ്ധമായ മണ്ണുകൊണ്ടായിരിക്കണം.'' (ബുഖാരി, മുസ്‌ലിം)
ഈ ഹദീസ് ഖുര്‍ആന്റെ പൊതുതത്വത്തിന് എതിരായതുകൊണ്ട് ഇമാമു ദാറുല്‍ഹിജറ എന്ന പേരില്‍ പ്രസിദ്ധനായ മാലിക്ക്(റ) ഇത് തള്ളിക്കളഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു: വേട്ടനായ പിടിച്ചുകൊണ്ടുവന്നതിനെ തിന്നാം എന്ന ഖുര്‍ആനിന്റെ പൊതുവായ നിര്‍ദേശത്തിന് ഈ ഹദീസ് എതിരായതുകൊണ്ട് അത് സ്വീകര്യമല്ല. നായ പിടിച്ചുകൊണ്ടുവന്നത് തിന്നാമെങ്കില്‍ പിന്നെ അത് തലയിട്ടത് ഏഴു പ്രാവശ്യം കഴുകണമെന്നങ്ങനെ പറയും?
``തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് നിന്നോടവര്‍ ചോദിക്കുന്നു. പറയുക: നല്ല വസ്‌തുക്കളെല്ലാം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‌കിയ വിദ്യ ഉപയോഗിച്ചു നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുക്കുന്ന ഏതെങ്കിലും വേട്ട മൃഗം നിങ്ങള്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാണ്. (5:4)
ഇമാം അബൂഹനീഫ(റ)യും പ്രസ്‌തുത ഹദീസനുസരിച്ച് പ്രവൃത്തിക്കുന്നില്ല. മൂന്ന് പ്രാവശ്യം കഴുകിയാല്‍ മതി എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. അതിന്ന് കാരണം മേല്‍ പറഞ്ഞ ഹദീസിന്റെ റിപ്പോര്‍ട്ടറായ അബൂഹുറയ്‌റ മൂന്ന് പ്രാവശ്യം കഴുകിയാല്‍ മതി എന്ന് ഫത്‌വ കൊടുത്തിട്ടുണ്ട് എന്നതാണ്. (ഫത്‌ഹുല്‍ബാരി 1:515)
ഹനഫീ മദ്‌ഹബിന്റെ ഉസൂലനുസരിച്ചു ഹദീസ് റിപ്പോര്‍ട്ട് ചെയ്‌ത റാവി, പ്രസ്‌തുത റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിച്ചാല്‍ പിന്നെ ആ ഹദീസ് ഹനഫി മദ്‌ഹബില്‍ സ്വീകരിക്കാറില്ല. മരണപ്പെട്ട വ്യക്തിയുടെ കുടംബക്കാര്‍ കരഞ്ഞാല്‍ ആ മയ്യിത്തിനെ ശിക്ഷിക്കും എന്ന ഹദീസ് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട പൊതു തത്വത്തിന്ന് എതിരായതുകൊണ്ട് ആഇശ(റ) തള്ളിക്കളഞ്ഞു. `ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല.' (അന്‍ആം 164, അല്‍ഇസ്വ്‌റാഅ് 15, സുമര്‍ 7, നജ്‌മ് 38)
നോമ്പ് ബാധ്യതയുള്ള ഒരാള്‍ മരിച്ചാല്‍ ആ നോമ്പ് മരിച്ചയാളുടെ വലിയ്യ് നോറ്റുവീട്ടണമെന്ന ഹദീസ് ഇമാം മാലിക് സ്വീകരിച്ചില്ല. ഒരു മഹതി റസൂലിന്റെ(സ) അടുത്തു വന്നു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഉമ്മ മരിച്ചു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് വീട്ടാനുണ്ടായിരുന്നു നബി(സ) പറഞ്ഞു: നിന്റെ ഉമ്മാക്ക് കടബാധ്യതയുണ്ടെങ്കില്‍ നീ അതു വീട്ടേണ്ടതല്ലേ? സ്‌ത്രീ പറഞ്ഞു: അതെ, ഞാന്‍ വീട്ടണം. എന്നാല്‍ അല്ലാഹുവിന്റെ കടമാണ് ആദ്യം വീട്ടേണ്ടത്.
ഇമാം മാലിക് പറഞ്ഞു: ഈ ഹദീസ് ഹജ്ജിന്റെ വിഷയത്തില്‍ വന്നതാണ്. നോമ്പിന്റെ കാര്യത്തിലല്ല. (ഒരു മാസത്തെ നോമ്പുണ്ടെന്ന് പറഞ്ഞത്) നേര്‍ച്ച നോമ്പാണ്, സാധാരണ ഫര്‍ദ്വ് നോമ്പല്ല. ഇക്കാരണത്താല്‍ ഇമാം മാലിക് ഈ ഹദീസുകളെല്ലാം തള്ളിക്കളഞ്ഞു. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല. മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്ന ഖുര്‍ആന്‍ വചനമാണ്. (ഇമാം മാലിക്, അബൂസുഹ്‌റ പേജ് 301)
അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്‌ത് ഇമാം ബുഖാരി ഉദ്ധരിച്ച കറവ മൃഗങ്ങളെ അകിടുകെട്ടി വില്‌ക്കുന്ന ഹദീസിനെ ഇമാം അബൂഹനീഫയും ഇമാം മാലിക്കും തള്ളിക്കളഞ്ഞു. ഹദീസ് ഇങ്ങനെയാണ്: ആടിനെയോ ഒട്ടകത്തെയോ നിങ്ങള്‍ അവിടുകെട്ടി വില്‌ക്കരുത്. അകിടുകെട്ടിയ മൃഗത്തെ ഒരാള്‍ വാങ്ങിയാല്‍ അതിനെ കറന്നുനോക്കി (നിശ്ചിത അളവില്‍ പാല്‍ ഇല്ലെങ്കില്‍) ഉള്ളതില്‍ തൃപ്‌തിപ്പെട്ടു (മുന്നോട്ട് പോകാം.) അയാള്‍ ഉദ്ദേശിച്ചാല്‍ ആ മൃഗത്തെയും ഒരു സ്വാഅ് (രണ്ടുകിലോ) ഈത്തപ്പഴവും കൂടി തിരിച്ചുകൊടുത്തു (ആ കച്ചവടം ഒഴിയാം.)
ഇതിനെ പറ്റി അബൂഹനീഫയും മാലിക്കും(റ) പറയുന്നത് ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിന് എതിരാണ് എന്നാണ്. ഒരു വസ്‌തു നശിപ്പിച്ചാല്‍ അതുപോലെയുള്ളത് കൊടുക്കണം. അല്ലെങ്കില്‍ അതിന്റെ വില കൊടുക്കണം. (ആ മൃഗത്തെ കറന്നെടുത്ത പാലിന് പകരം രണ്ടു കിലോ ഈത്തപ്പഴം കൊടുക്കണമെന്ന് പറയുന്നത് ഖിയാസ് എന്ന അടിസ്ഥാന തത്വത്തിന് എതിരാണ്). അതിനാല്‍ രണ്ടു മഹാന്മാരും ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത ഹദീസ് തള്ളിക്കളഞ്ഞു. (ഇമാം അബൂഹനീഫ, അബൂസുഹ്‌റ 285)
ലോകത്ത് ഇന്നുവരെ ആരും ഇമാം മാലികിനെയോ അബൂഹനീഫയെയോ ആഇശ(റ), ഉമറുബ്‌നുല്‍ ഖത്വാബ്(റ) എന്നിവരെയോ ഹദീസ് നിഷേധികളാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ചിലര്‍ മതിയായ കാരണങ്ങളാല്‍ ചില ഹദീസുകള്‍ മാറ്റിവെച്ചതിന്റെ പേരില്‍ അവരെ ഹദീസ് നിഷേധികളായി മുദ്രകുത്തുന്നു. അതും വിശുദ്ധ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് എതിരെ വന്ന ഹദീസിനെ മാറ്റിവെച്ചതിന്റെ പേരില്‍.
എന്നാല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്‍ ജന. സെക്രട്ടറി കെ പി മുഹമ്മദ് മൗലവി പറയുന്നു: ``ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും അതിലെ ആശയം ഖുര്‍ആന്റെ വ്യക്തമായ പ്രസ്‌താവനക്കെതിരായി വരുമ്പോള്‍ ആ ഹദീസ് തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.'' (അത്തവസ്സുല്‍)
അദ്ദേഹത്തിന്റെ ഈ പുസ്‌തകം വളരെ കൊല്ലങ്ങള്‍ക്കു മുമ്പ് കെ എന്‍ എം പ്രസിദ്ധീകരിച്ചതാണ്. തുടര്‍ന്ന് അതിന്റെ പല പതിപ്പുകളും ഇറങ്ങി. ആരും അദ്ദേഹത്തെ ഹദീസ് നിഷേധി എന്ന് ആക്ഷേപിച്ചില്ല. പിന്നെ എന്തിനാണ് അതേ ആശയം പ്രായോഗിക തലത്തില്‍ വരുത്തിയവരെ ഹദീസ് നിഷേധിയായി മുദ്രകുത്തുന്നത്? യഥാര്‍ഥത്തില്‍ ഹദീസ് നിഷേധി സ്വാര്‍ഥതാല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മതിയായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ, പണ്ഡിതന്മാര്‍ക്കു യാതൊരഭിപ്രായ വ്യത്യാസവും ഇല്ലാത്ത ഏറ്റവും സ്വഹീഹായ ഹദീസുകള്‍ ദുര്‍വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്‌തുകൊണ്ട് ഹദീസിന്റെ ആശയത്തിന്നെതിരായ തത്വങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി ശ്രമിക്കുന്നവരാണ്.
ഒരു ലക്ഷത്തില്‍പരം സ്വഹാബിമാര്‍ സാക്ഷ്യംവഹിച്ച നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഅ് തന്നെ നമുക്ക് പരിശോധിക്കാം. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ എല്ലാവരും ഒരുപോലെ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രസിദ്ധമായ സംഭവമാണ് ക്രിസ്‌താബ്‌ദം 632-ലെ ഹജ്ജതുല്‍ വിദാഇലെ അറഫാ ദിനം. അത് ദുല്‍ഹിജ്ജ ഒമ്പത് വെള്ളിയാഴ്‌ച ആയിരുന്നു. ഈ വിഷയത്തില്‍ ഇജ്‌മാഅ് ഉണ്ടായതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ബുഖാരി ഒരു ന്യൂനതയും ഇല്ലാത്ത മൂന്ന് ഹദീസുകള്‍ ഈ വിഷയത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കാണുക: ത്വാരിഖുബ്‌നു ശിഹാബ് ഉമറുബ്‌നുല്‍ ഖത്വാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ജൂതന്‍ ഉമറിനോട്(റ) പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്യുന്ന വേദഗ്രന്ഥത്തില്‍ ഒരു വാക്യമുണ്ട്. ജൂതരായ ഞങ്ങള്‍ക്കാണ് ആ വാക്യം അവതരിച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാള്‍ ദിനമായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏത് വാക്യമാണത്?
അയാള്‍ പറഞ്ഞു: ഇന്നേ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കി തന്നിരിക്കുന്നു എന്നതാണ് ആ വാക്യം. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അല്ലാഹുവില്‍ നിന്ന് അവതരിച്ച ദിവസവും സ്ഥലവും ഞങ്ങള്‍ക്ക് നന്നായി അറിയാം. നബി(സ) വെള്ളിയാഴ്‌ച ദിവസം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് പ്രസ്‌തുത ആയത്ത് അവതരിച്ചത്. (ബുഖാരി 45). (ബുഖാരി ഉദ്ധരിച്ച മറ്റ് രണ്ട് ഹദീസുകളുടെ നമ്പര്‍ 7268, 4606)
മേല്‍പറഞ്ഞ ഒരു ന്യൂനതയും ഇല്ലാത്ത സ്വഹീഹായ ഹദീസുകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഇലെ അറഫാദിവസം വ്യാഴാഴ്‌ചയാണെന്ന് വരുത്താന്‍ ചിലര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കാരണം എന്താണെന്നല്ലേ. കറുത്തവാവ് അടിസ്ഥാനമാക്കിയുള്ള മാസനിര്‍ണയം മുസ്‌ലിംകളുടെ ഇടയില്‍ നടപ്പില്‍ വരുത്തുന്നത് ന്യായീകരിക്കാന്‍ വേണ്ടി.
എന്നാല്‍ നബി(സ)യുടെ ഹജ്ജതുല്‍ വിദാഅ് നടന്നത് ക്രിസ്‌താബ്‌ദം 632 മാര്‍ച്ച് ആറിനാണ്. 632 ഫെബ്രുവരി 25ന് ചൊവ്വാഴ്‌ച ആഗോള സമയം 20.51-ന് ന്യൂമൂണ്‍ (കറുത്തവാവ്) സംഭവിക്കുന്നു. അതിനാല്‍ അവരുടെ സിദ്ധാന്തപ്രകാരം ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്‌ചയായി വരുന്നു. ഇതനുസരിച്ച് അറഫാദിനം ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയാണ് വരേണ്ടത്. എന്നാല്‍ നബി(സ) ഒരുലക്ഷത്തില്‍ പരം സ്വഹാബിമാരെ സാക്ഷിനിര്‍ത്തി അറഫയില്‍ സമ്മേളിച്ചത് ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച ആയിരുന്നു. അപ്പോള്‍ ന്യൂമൂണ്‍ (കറുത്തവാവ്) കലണ്ടര്‍ മുഹമ്മദ് നബി(സ) സ്വീകരിച്ചില്ലെന്ന് വ്യക്തം. നബി(സ)യുടെയും സ്വഹാബിമാരുടെയും ഹജ്ജ് യാത്രയില്‍ ദുല്‍ഖഅ്‌ദ 29-ന് ബുധനാഴ്‌ച മാസപ്പിറവി കാണുകയും ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്‌ച ആയിര പ്രഖ്യാപിക്കുകയും ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച അറഫയില്‍ സമ്മേളിക്കുകയും ചെയ്‌തു.
ഇബ്‌നുഹസം പറഞ്ഞു: തീര്‍ച്ചയായും നബി(സ)യുടെ ഹജ്ജിന്റെ വര്‍ഷം ദുല്‍ഹിജ്ജ ആരംഭിച്ചത് വ്യാഴാഴ്‌ച ആയിരുന്നു. അറഫാദിവസം വെള്ളിയാഴ്‌ചയും. വീണ്ടും അദ്ദേഹം പറഞ്ഞു: ഇബ്‌നു ഉമര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: തീര്‍ച്ചയായും നബി(സ)യുടെ അറഫ ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച ആയിരുന്നു. ദുല്‍ഹിജ്ജ മാസം ആരംഭിച്ചത് ബുധനാഴ്‌ച അസ്‌തമിച്ച വ്യാഴാഴ്‌ച രാത്രി മുതലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അപ്പോള്‍ ദുല്‍ഖഅ്‌ദ മാസത്തെ അവസാന ദിവസം ബുധനാഴ്‌ച ആയിരുന്നു. (സാദുല്‍മആദ് ഇബ്‌നുല്‍ഖയ്യിം 2/102)
0 comments: