മദീനത്തുര്‍റസൂല്‍ തിരുനബിയുടെ നഗരി

  • Posted by Sanveer Ittoli
  • at 8:25 PM -
  • 0 comments

മദീനത്തുര്‍റസൂല്‍ തിരുനബിയുടെ നഗരി






ടി ടി എ റസാഖ്‌



വിശ്വാസിയുടെ മനം നിറയുന്ന കാഴ്‌ചയാണെന്നും മദീന. പ്രത്യേകിച്ചും പ്രവാസകാലത്ത്‌ ഇടയ്‌ക്കിടെ നടത്തുന്ന മക്ക-മദീന യാത്രകള്‍ ആകുലതകള്‍ നിറഞ്ഞ ജീവിതത്തിരക്കുകളില്‍ വലിയ ആശ്വാസവും സമാധാനവുമാണ്‌. യാത്രാസംഘങ്ങള്‍ അധികവും മദീനയോടടുക്കുന്നത്‌ സുബ്‌ഹിയോടടുത്ത സമയത്തായിരിക്കും. അലങ്കാര ദീപങ്ങളുടെ വെള്ളിവെളിച്ചത്തില്‍ ഏറെ ദൂരെ നിന്ന്‌ തന്നെ മദീനാ പള്ളിയും മിനാരങ്ങളും ദൃശ്യമായി തുടങ്ങും. മസ്‌ജിദുല്‍ഹറം ഒഴികെയുള്ള പള്ളികളെക്കാള്‍ നൂറ്‌ മടങ്ങ്‌ പുണ്യം വാഗ്‌ദാനം ചെയ്യപ്പെട്ട പ്രവാചകന്റെ പള്ളിയിലേക്ക്‌ നിരന്തരം ഒഴുകുന്ന തീര്‍ഥാടക സംഘങ്ങളാല്‍ ധന്യമാണ്‌ മദീനയെന്നും.
ഇസ്‌ലാമിക ചരിത്രത്തിലെ നിസ്‌തുലമായ ചരിത്രസാക്ഷ്യങ്ങളാണ്‌ അവിടെ വിശ്വാസികളെ കാത്തിരിക്കുന്നത്‌. ത്യാഗപൂര്‍ണമായ പ്രവാചകജീവിതത്തിലെ നേര്‍ക്കാഴ്‌ചകളാണ്‌ മദീന. അതുകൊണ്ടുതന്നെ നിറഞ്ഞ ഭക്തിയോടും ക്ഷമയോടും ധൃതപാദരായി മദീനയെ ലക്ഷ്യംവെച്ച്‌ നീങ്ങുന്ന സഞ്ചാരദൃശ്യങ്ങളാണവിടെയെല്ലാം. മക്കയോട്‌ വിടപറയുമ്പോള്‍ തിരിഞ്ഞുനിന്ന്‌ മക്കയെ നോക്കി നബി(സ) പറഞ്ഞു: നീ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമിയാണ്‌. എനിക്കും നീ ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമി തന്നെ. ബഹുദൈവാരാധകര്‍ എന്നെ ഇവിടെ നിന്ന്‌ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ടുപോവുമായിരുന്നില്ല.
മക്കയെപോലെ നബി(സ) മദീനയെയും സ്‌നേഹിച്ചു. മദീനയില്‍ പ്രവേശിക്കുമ്പോള്‍ നബി(സ) സന്തോഷത്താല്‍ തന്റെ കുതിരയെ വേഗത്തിലോടിക്കാറുണ്ടായിരുന്നുവെന്ന്‌ വിവരിക്കപ്പെട്ടിട്ടുണ്ട്‌. `ഇബ്‌റാഹീം നബി(അ) മക്കയെ പവിത്രമാക്കിയ പോലെ ഞാന്‍ മദീനയെയും പവിത്രമാക്കുന്നു' എന്ന്‌ പ്രഖ്യാപിച്ചു. അവിടുത്തെ `മുദ്ദിലും' `സ്വാഇലും' (അളവുപാത്രങ്ങള്‍ -സമൃദ്ധിയെ സൂചിപ്പിച്ചുകൊണ്ട്‌) അനുഗ്രഹം ചൊരിയേണമേ എന്ന്‌ പ്രാര്‍ഥിച്ചു. തബൂക്ക്‌ യുദ്ധം കഴിഞ്ഞ്‌ കഠിനമായ ചൂടും ദാഹവും സഹിച്ച്‌ മടങ്ങുന്ന പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ ആശ്വാസത്തോടെ പറഞ്ഞു: `ഇതാ ത്വാബ (മദീനയുടെ മറ്റൊരു പേര്‌; ത്വാബ, ത്വീബ്‌ എന്നൊക്കെ മദീന അറിയപ്പെടുന്നു). അതാ ഉഹ്‌ദ്‌ മല. അത്‌ നമ്മെയും നാം ഉഹ്‌ദിനെയും സ്‌നേഹിക്കുന്നു.' (ബുഖാരി)
അഗ്നിപര്‍വത ലാവകള്‍ കുത്തിയൊലിച്ചുണ്ടായ മണ്ണും കലര്‍പ്പുകളും മലകളാല്‍ ചുറ്റപ്പെട്ട കൊച്ചുതാഴ്‌വരകളുമാണ്‌ മദീനയുടെ പ്രകൃതിഭംഗി. ഉഹ്‌ദ്‌ മലയോളം പ്രസിദ്ധമാണ്‌ അഖീഖ്‌ താഴ്‌വരകളും ഐനുസര്‍ഖ പോലുള്ള പൗരാണിക ജലസ്രോതസ്സുകളും. താരതമ്യേന ഫലഭൂയിഷ്‌ഠമായ മണ്ണും ജലസാന്നിധ്യവുമുള്ള പ്രദേശവും കൂടിയാണ്‌ മദീന.
പുരാതനകാലത്ത്‌ മക്കക്കാര്‍ കച്ചവടത്തിലേക്ക്‌ തിരിഞ്ഞപ്പോള്‍ മദീന കൃഷിയില്‍ പേരുകേട്ട പ്രദേശമായിരുന്നു. എല്ലാ കാലത്തും മദീന ലക്ഷ്യമാക്കി യാത്രാസംഘങ്ങള്‍ എത്തിക്കൊണ്ടിരുന്നു. നൂഹ്‌ നബിയുടെ കാലത്തെ പ്രളയത്തിനു ശേഷം ബാബിലോണിയയില്‍ നിന്നും ഫലസ്‌തീനില്‍ നിന്നും യമനില്‍നിന്നുമെല്ലാം ജനങ്ങള്‍ പലപ്പോഴായി ഇവിടെ കുടിയേറിയതായാണ്‌ ചരിത്രം. നൂഹ്‌ നബി(അ)യുടെ പുത്രന്‍ സാമിന്റെ പുത്രന്‍ ഇറമിന്റെ സന്താനപരമ്പരയില്‍ അബീല്‍ ഗോത്രത്തില്‍ പെട്ട യഥ്‌രിബിന്റെ നേതൃത്വത്തിലായിരുന്നുവത്രെ ആദ്യ കുടിയേറ്റം. അതുകൊണ്ട്‌ മദീന യഥ്‌രിബ്‌ എന്നാണ്‌ ആദ്യം അറിയപ്പെട്ടത്‌. ഖുര്‍ആനും ഈ പേര്‍ ഉപയോഗിച്ചതായി കാണാം. എന്നാല്‍ യഥ്‌രിബ്‌ എന്ന പേര്‍ നബി(സ) നിരുത്സാഹപ്പെടുത്തുകയും തന്റെ പട്ടണത്തിന്‌ മദീന (മദീനത്തുര്‍റസൂല്‍) എന്ന്‌ പേരുവിളിക്കാന്‍ ഉപദേശിക്കുകയും ചെയ്‌തു. ഖുര്‍ആനില്‍ നാലുതവണ `മദീന' എന്ന്‌ പ്രയോഗിച്ചതായി കാണാം. (തൗബ 101,102, അഹ്‌സാബ്‌ 60, മുനാഫിഖൂന്‍ 8)
നബി(സ)യുടെ പ്രഗത്ഭനായ യുവശിഷ്യന്‍ മിസ്‌അബിബ്‌നി ഉമൈര്‍ മദീനയിലെത്തുന്നതോടെ തുടങ്ങുന്നു മദീനയുടെ സുവര്‍ണ ചരിത്രം. ആ ചരിത്രസംഭവങ്ങള്‍ക്ക്‌ നിശ്ശബ്‌ദ സാക്ഷിയായി ഇന്നും ജീവിക്കുന്ന കുന്നും മലകളും താഴ്‌വരകളും പുണ്യഗേഹങ്ങളും സന്ദര്‍ശകരെ സംബന്ധിച്ചേടത്തോളം മനസ്സ്‌ നിറയുന്ന കാഴ്‌ചകളാണ്‌. മദീനയില്‍ ചരിത്രം ജീവിക്കുകയാണ്‌. മിസ്‌അബ്‌(റ) മദീനയിലെത്തുന്നത്‌ തന്റെ 22-ാം വയസ്സിലാണ്‌. അദ്ദേഹം പാകപ്പെടുത്തിയ മദീനയുടെ പച്ചപ്പിലേക്ക്‌ അനന്തമായ ഗിരിനിരകളുടെ ദുര്‍ഘടപാതകള്‍ താണ്ടി നബിയും വിശ്വാസികളും നടത്തിയ പലായന യാത്രയുടെ ഓര്‍മകള്‍ മക്കയില്‍ നിന്ന്‌ മദീന വരെ സഞ്ചാരികളെ അനുയാത്ര ചെയ്യും. കാലത്തിനോ കാലാവസ്ഥയ്‌ക്കോ മാറ്റാന്‍ കഴിയാത്ത സവിശേഷമാണാ ഭൂപ്രകൃതി. പട്ടണങ്ങള്‍ക്കും സൂക്കുകള്‍ക്കുമപ്പുറം മദീനയെ നോക്കിക്കാണുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത്‌ വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകാഗമനത്തെ കാത്തുകാത്തിരുന്ന മദീനക്കാര്‍ അവിടുത്തെ സ്വീകരിക്കാനായി പാടിക്കൊണ്ടിരുന്ന `ത്വലഅല്‍ ബദ്‌റു'വിന്റെ ഓര്‍മകളാണ്‌. ചരിത്രഗതി തിരുത്തിയെഴുതിയ ഹിജ്‌റയുടെ സാക്ഷ്യഭൂമിയിലിരുന്ന്‌ പ്രവാചകജീവിതം ഓര്‍ത്തെടുക്കുന്നത്‌ വൈകാരികമായ അനുഭവമാണ്‌.
മസ്‌ജിദുന്നബവി സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ വിശ്വാസികള്‍ മദീന സന്ദര്‍ശിക്കുന്നത്‌. എന്നാല്‍ ചിലരെങ്കിലും നബിയുടെയും സ്വഹാബികളുടെയും ഖബര്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ യാത്ര ചെയ്യാറുള്ളത്‌. ഇക്കാര്യത്തില്‍ പ്രത്യേക പുണ്യം സ്ഥിരപ്പെട്ടതായി തെളിവുകളില്ല എന്നാണ്‌ പ്രമുഖ സുഊദി പണ്ഡിത്മാരുടെ നിലപാട്‌. മസ്‌ജിദുന്നബവിയെ ഉദ്ദേശിച്ച്‌ യാത്ര ചെയ്യുകയും മദീനയില്‍ എത്തിയശേഷം നബി(സ)ക്കും സ്വഹാബികള്‍ക്കും സലാം പറയുകയും ചെയ്യുക എന്നതാണ്‌ പുണ്യകരം. (കൂടുതല്‍ തെളിവുകള്‍ക്ക്‌ ശൈഖ്‌ ഇബ്‌നുബാസിന്റെ ഹജ്ജ്‌-ഉംറ സിയാറത്‌ എന്ന കൃതി കാണുക)
നബി(സ) തന്റെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത്‌ ഈത്തപ്പനത്തടികളും പനംപട്ടകളുമുപയോഗിച്ച്‌ നിര്‍മിച്ച കൊച്ചുപള്ളി ഇന്ന്‌ ആറ്‌ ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക്‌ ഒരുമിച്ചിരിക്കാവുന്ന വിശാലമായ സമുച്ചയമാണ്‌. മേത്തരം മാര്‍ബിളും ഗ്രാനൈറ്റും കൊണ്ടലങ്കരിച്ച മുറ്റവും പള്ളിയകവും, ആകാശത്തിലേക്ക്‌ തുറക്കുന്ന മേല്‍പുരകള്‍, നൂറു മീറ്ററിലധികം തലയെടുത്ത്‌ നില്‍ക്കുന്ന സുവര്‍ണ സ്‌പര്‍ശിയായ മിനാരങ്ങള്‍, കൊടുംചൂടില്‍ നിന്ന്‌ ഇടക്കിടെ വിരിഞ്ഞുവരുന്ന ടെഫ്‌ളോണ്‍ കുടകള്‍, അത്യാകര്‍ഷകമായ അറബി കാലിഗ്രാഫിയില്‍ തീര്‍ത്ത ചുമരലങ്കാരങ്ങളും കൊത്തുപണികളും, ചരിത്രം പറയുന്ന ഉസ്‌തുവാനകള്‍ (തൂണുകള്‍), നബിയും രണ്ട്‌ ഖലീഫമാരും അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധമുറി, തൊട്ടടുത്തായി സ്വര്‍ഗപൂങ്കാവനങ്ങളിലൊന്ന്‌ (റൗദാ ശരീഫ്‌) എന്ന്‌ നബി(സ) വിശേഷിപ്പിച്ച പുണ്യചത്വരം, മ്യൂസിയവും വിശാലമായ ലൈബ്രറിയും.... അങ്ങനെ 1400 വര്‍ഷങ്ങള്‍ക്കപ്പുറം ഭക്തിയിലും പുണ്യത്തിലും പടുത്ത ദൈവികഭവനം ഇന്നൊരു വിസ്‌മയക്കാഴ്‌ചയാണ്‌. സുഊദി ഗവണ്‍മെന്റിന്റെ രണ്ട്‌ ഘട്ടങ്ങളായി നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്‌. ഇന്നിപ്പോള്‍ മൂന്നാംഘട്ട വികസന പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു. അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ പതിനാറ്‌ ലക്ഷത്തോളം പേര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ആംബുലന്‍സ്‌ ഹെലിപാഡ്‌ പോലുള്ള ആധുനിക സന്നാഹങ്ങളുമടങ്ങിയ വന്‍ വികസനമാണ്‌ ലക്ഷ്യമിടുന്നത്‌.

നബിയുടെ ഖബ്‌ര്‍

പള്ളിയില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രം നബി(സ)യും ഖലീഫ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരും അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധമുറിയാണെന്ന്‌ പറയേണ്ടതില്ലല്ലോ. പള്ളിക്ക്‌ പുറത്ത്‌ കിഴക്കുവശത്തായി ആഇശ(റ)ക്ക്‌ വേണ്ടി നിര്‍മിച്ച കൊച്ചു മുറിയിലായിരുന്നു നബിയും ഖലീഫമാരും മറമാടപ്പെട്ടത്‌. ചതുരാകാരമായ ഈ മുറിക്ക്‌ ചുറ്റും പിന്നീട്‌ പഞ്ചകോണാകൃതിയില്‍ മറ്റൊരു ഭിത്തി നിര്‍മിക്കപ്പെട്ടു. നമസ്‌കാരം ഖബ്‌റുകള്‍ക്കഭിമുഖമായി വരാതിരിക്കാനാണ്‌ സ്വഫ്‌ഫുകള്‍ ഖബ്‌റുകള്‍ക്കഭിമുഖമായി വരുന്ന ഭാഗത്തെ ഭിത്തിക്ക്‌ കോണാകൃതിയുണ്ടാക്കിയത്‌.
ഹിജ്‌റ 91-ല്‍ ഉമറിബ്‌നി അബ്‌ദില്‍അസീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇപ്രകാരം ചെയ്‌തത്‌. പിന്നീട്‌ ഈ ഭിത്തികള്‍ക്ക്‌ ചുറ്റും മരപ്പലകകള്‍ ഉപയോഗിച്ച്‌ വേലി നിര്‍മിച്ച്‌ ബലിഷ്‌ഠമാക്കി. ഹിജ്‌റ 870-880 കാലഘട്ടത്തില്‍ ഈ ഭാഗം കത്തി നശിച്ചപ്പോള്‍ സുല്‍ത്താന്‍ ഖയ്‌തുബായ്‌ ഈയവും പിച്ചളയും ഉപയോഗിച്ച്‌ വിശുദ്ധമുറിയുടെ മതിലുകള്‍ക്ക്‌ ചുറ്റും ഇന്ന്‌ നാം കാണുന്ന തരത്തിലുള്ള ഗ്രില്‍സ്‌ നിര്‍മിച്ചു സുരക്ഷയൊരുക്കി. അതോടൊപ്പം പഴകി വിള്ളലുകള്‍ വീണ ഉള്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും ചെയ്‌തു. ഇതാണ്‌ ഇന്ന്‌ വിശുദ്ധ മുറി (വിശുദ്ധ മഖ്‌സൂറ) എന്നറിയപ്പെടുന്നത്‌.
ഹിജ്‌റ 91-നു ശേഷം ഏതാനും വ്യക്തികള്‍ക്ക്‌ നബി(സ)യുടെ ഖബ്‌ര്‍ നേരിട്ട്‌ കാണാനവസരം ലഭിച്ച ഏക സന്ദര്‍ഭമായിരുന്നു ഇത്‌. ഈ അവസരത്തില്‍ മുറിക്കുള്ളില്‍ കടന്ന്‌ മൂന്ന്‌ ഖബ്‌റുകളും ദര്‍ശിക്കാന്‍ ഭാഗ്യംലഭിച്ച വിഖ്യാത പണ്ഡിതന്‍ അല്ലാമാ സംഹൂദിയുടെ വാക്കുകള്‍ ചരിത്രകാരന്‍ ഡോ. ഇംതിയാസ്‌ അഹ്‌മദ്‌ ഇപ്രകാരം ഉദ്ധരിക്കുന്നു: ``ഞാന്‍ മുറിയില്‍ കടന്നപ്പോള്‍ മുമ്പൊന്നും അനുഭവിക്കാത്ത ഒരു സുഗന്ധം എനിക്കനുഭവപ്പെട്ടു. ഞാന്‍ സലാം പറഞ്ഞു. പിന്നെ ഖബ്‌റുകളുടെ അവസ്ഥ എന്താണെന്ന്‌ ഞാന്‍ ശ്രദ്ധിച്ചു. അത്‌ മറ്റുള്ളവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍വേണ്ടി. ഖബ്‌റുകള്‍ മൂന്നും ഏകദേശം ഭൂമിയുടെ അതേ നിരപ്പിലായിരുന്നു. ഒരു ഭാഗത്ത്‌ ചെറിയ ഒരു മണ്‍കൂന ഉയര്‍ന്നു കാണപ്പെട്ടു. അത്‌ ഉമറിന്റെ(റ) ഖബ്‌റായിരിക്കാം. ഖബ്‌റുകള്‍ എല്ലാം വെറും മണ്ണുകൊണ്ടായിരുന്നു മൂടിയത്‌. (ഹിജ്‌റ 878-ല്‍ ഈ സംഭവം നടന്നതായാണ്‌ സംഹൂദി തന്റെ വഫാ ഉല്‍ വിഫായില്‍ ഉദ്ധരിക്കുന്നത്‌).
ഏകദേശം 550 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ഈ സംഭവം ഒഴിച്ചാല്‍ കഴിഞ്ഞ 1300-ല്‍ പരം വര്‍ഷമായി ഈ ഖബ്‌റുകള്‍ ആരും കാണുകയോ ചിത്രീകരിക്കുകയോ ചെയ്‌തതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നബിയുടെ മഖ്‌ബറ എന്ന പേരില്‍ ഇന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ ഏതോ ഖബ്‌ര്‍ പൂജകരുടെ ഭാവനകള്‍ മാത്രമാണ്‌. (അവ തുര്‍ക്കിയിലെ ശിര്‍ക്കന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവയാണെന്നു പറയപ്പെടുന്നു). വാതിലോ ജനലുകളോ മാത്രമല്ല ദര്‍ശനസാധ്യമായ സുഷിരങ്ങള്‍ പോലുമില്ലാതെ ഗ്രില്‍സിനുള്ളില്‍ ബലിഷ്‌ഠമായ രണ്ട്‌ അറകള്‍ക്ക്‌ അകത്തായി സ്ഥിതി ചെയ്യുന്ന നബി(സ)യുടെ ഖബ്‌റിടത്തില്‍ നിന്ന്‌ മണ്ണും ചന്ദനപ്പൊടിയും കൊണ്ടുവരുന്നു എന്ന കള്ളക്കഥ ഈയിടെ പ്രചരിക്കപ്പെട്ടത്‌ നമ്മുടെ നാടിലാണല്ലോ.
ഒന്നിലധികം തവണ വിശുദ്ധ മുറി തുരന്ന്‌ മയ്യിത്തുകള്‍ മോഷ്‌ടിച്ച്‌ കൊണ്ടുപോവാന്‍ ശ്രമങ്ങള്‍ നടന്നതായി ചരിത്രകൃതികളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്‌. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഹിജ്‌റ 557-ല്‍ സുല്‍ത്താന്‍ മഹ്‌മൂദ്‌ ബിന്‍ സങ്കി എന്ന സിറിയന്‍ രാജാവ്‌ വിശുദ്ധ മുറിക്ക്‌ ചുറ്റും ആഴത്തില്‍ കിടങ്ങ്‌ കീറി ഈയം ഉരുക്കി ഒഴിച്ച്‌ ഭൂഗര്‍ഭ മതില്‍ നിര്‍മിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ മസ്‌ജിദുന്നബവിയില്‍ ബാബു ജിബ്‌രീലിനടുത്ത്‌ കാണപ്പെടുന്ന ഉയര്‍ന്ന തിട്ട തദാവശ്യാര്‍ഥം നിര്‍മിച്ച ഈയപ്പുരയുടെ ഭാഗമായിരുന്നു എന്ന്‌ പറയപ്പെടുന്നു. (ഇത്‌ സംബന്ധമായി ഇബ്‌നു നജ്ജാര്‍ എഴുതിയ താരീഖ്‌ ബാഗ്‌ദാദിയുടെ അനുബന്ധം അത്താരീഖ്‌, ഇമാം ത്വബ്‌രിയുടെ അര്‍റിയാദ്‌ നദ്‌റ പോലുള്ള കൃതികളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌)

പച്ച ഖുബ്ബ

നബി(സ)യുടെ മുറിക്ക്‌ മുകളില്‍ ഇന്ന്‌ കാണപ്പെടുന്ന പച്ച ഖുബ്ബ നിര്‍മിച്ചത്‌ സ്വഹാബികളോ സച്ചരിതരായ ഉത്തമ നൂറ്റാണ്ടുകാരോ അല്ല. ഹിജ്‌റ 678-ല്‍ സുല്‍ത്താന്‍ ഖലാവൂന്‍ അസ്വാലിഹിയാണത്രെ അത്‌ നിര്‍മിച്ചത്‌. ഒരിക്കല്‍ തീ തിന്നുപോയ ഈ ഖുബ്ബ സുല്‍ത്താന്‍ ഖൈതുബായുടെ കാലത്ത്‌ പുനര്‍നിര്‍മിക്കപ്പെട്ടു. എ ഡി 1837-ല്‍ സുല്‍ത്താന്‍ അബ്‌ദുല്‍ഹമീദിന്റെ കാലത്താണതിന്‌ പച്ച പൂശിയത്‌. പണ്ടുകാലത്ത്‌ പള്ളിയും വിശുദ്ധ മുറിയും അടുത്തടുത്തായി രണ്ട്‌ മേല്‍പുരയ്‌ക്ക്‌ കീഴിലായിരുന്നു. മണ്ണും മരവും മറ്റു സാമഗ്രികളുമുപയോഗിച്ചുള്ള മേല്‍പുരകള്‍ പൊട്ടിപ്പൊളിയുകയും തകര്‍ന്നുവീഴുകയും അന്ന്‌ പതിവായിരുന്നു. എന്നാല്‍ ഖുബ്ബാകാരമായ നിര്‍മിതി താരതമ്യേന ഉറപ്പും ബലവുമുള്ള നിര്‍മാണ വിദ്യയായിട്ടാണറിയപ്പെട്ടത്‌.
റോമക്കാര്‍ അവരുടെ ചര്‍ച്ചുകള്‍, അമ്പലങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവക്കെല്ലാം ഇത്‌ വ്യാപകമായി ഉപയോഗിച്ചുവന്നിരുന്നു. വഴിയേ മുസ്‌ലിംകളും ഈ രീതി അനുകരിക്കാന്‍ തുടങ്ങി. വിശുദ്ധ മുറിയുടെ ബലഹീനമായ മേല്‍പുര മാറ്റി ബലപ്പെടുത്തുകയും ഭംഗി വരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ്‌ ഖുബ്ബാകാര മേല്‍പ്പുര നിര്‍മിക്കപ്പെട്ടത്‌. എന്നാല്‍ പതുക്കെ ഇത്‌ സൗന്ദര്യത്തിന്റെയും ബലത്തിന്റെയുമെന്ന പോലെ ഭക്തിയുടെയും പുണ്യത്തിന്റെയും ചിഹ്‌നങ്ങളായി ചിലര്‍ കാണാന്‍ തുടങ്ങി. അങ്ങനെ ഖബ്‌റുകള്‍ക്ക്‌ വലിയ ബഹുമാനം നല്‍കുന്നതിനായി അവയ്‌ക്ക്‌ മുകളില്‍ ഖുബ്ബകള്‍ നിര്‍മിക്കാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ ഖബ്‌ര്‍ കെട്ടിപ്പൊക്കുന്നത്‌ നബി(സ) ശക്തമായി വിലക്കിയതിനാല്‍ ഖബ്‌റിന്മേലുള്ള എല്ലാതരം നിര്‍മിതികളില്‍നിന്നും സ്വഹാബികളുടെ കാലഘട്ടത്തിലും ഉത്തമനൂറ്റാണ്ടുകളിലും പിന്നീടും മുസ്‌ലിംലോകം വിട്ടുനില്‍ക്കുകയായിരുന്നു.
വിശുദ്ധ മുറിയുടെ മേല്‍പുരയായി നിര്‍മിക്കപ്പെട്ട പച്ച ഖുബ്ബയുടെ കാര്യത്തിലും ഇതേ നിലപാട്‌ തന്നെയാണ്‌ പണ്ഡിതലോകം സ്വീകരിച്ചത്‌. പ്രശസ്‌ത പണ്ഡിതന്‍ അസ്സാന്‍ആനിയുടെ അഭിപ്രായത്തില്‍ ഈ ഖുബ്ബ എട്ട്‌ നൂറ്റാണ്ടായി നിലനിന്നു എന്നത്‌ ഖബ്‌റുകള്‍ക്ക്‌ മേല്‍ ഖുബ്ബകളുണ്ടാക്കുന്നതിനുള്ള നിയമാനുമതിയല്ല. പണ്ഡിതന്മാര്‍ അതിനെക്കുറിച്ച്‌ നിശ്ശബ്‌ദരായിരിക്കുന്നു എന്നത്‌ അതിനുള്ള അംഗീകാരവുമല്ല. യഥാര്‍ഥത്തില്‍ മുസ്‌ലിം ഭരണാധികാരികള്‍ അതിനെ നബിയുടെയും സ്വഹാബികളുടെയും കാലത്തുള്ള അതിന്റെ ആദിമരൂപത്തിലേക്ക്‌ പുനസ്ഥാപിക്കുകയാണ്‌ വേണ്ടത്‌. ഈ പ്രവൃത്തി വലിയ ഫിത്‌നകള്‍ക്ക്‌ വഴിവയ്‌ക്കുമെന്ന്‌ ഭയപ്പെടുന്ന പക്ഷം അതില്‍നിന്ന്‌ പിന്തിരിയുകയും അനുകൂല സാഹചര്യത്തില്‍ മാത്രം അത്‌ നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ്‌ ഈ വിഷയവുമായി ബന്ധപ്പെട്ട തെളിവുകളെ വിലയിരുത്തിയ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. (കൂടുതല്‍ തെളിവുകള്‍ക്ക്‌ ഇമാം മുഹമ്മദ്‌ ഇബ്‌നു ഇസ്‌മാഈല്‍ അസ്സന്‍ആനിയുടെ തത്‌ഫീറുല്‍ ഇഅ്‌തികാദ്‌..., ലജ്‌ന ദാഇമയുടെ ഫത്‌വകള്‍ നമ്പര്‍:9/83,84, 2:264,265 എന്നിവയും ശൈഖ്‌ ഉസൈമീന്‍ നല്‍കിയ ബന്ധപ്പെട്ട ഫത്‌വകളും പരിശോധിക്കുക).

വിശുദ്ധ മുറിയും പള്ളിയും

മദീനാ പള്ളി പല ഘട്ടങ്ങളായി വികസിച്ചപ്പോള്‍ പള്ളിയുടെ നാല്‌ പാടുമുണ്ടായിരുന്ന സ്വഹാബീ ഭവനങ്ങളെല്ലാം പൊളിച്ച്‌ പള്ളിയോട്‌ ചേര്‍ക്കപ്പെട്ടു. പള്ളിയുടെ കിഴക്കുഭാഗത്തായി കിടന്നിരുന്ന പ്രവാചക പത്‌നിമാരുടെ ഒന്‍പത്‌ ഭവനങ്ങളില്‍ ആഇശ(റ)യുടെ മുറി ഒഴികെയുള്ള മുറികളും ഇക്കൂട്ടത്തില്‍പെടുന്നു. ഹുജുറാത്‌ എന്നാണ്‌ ഈ വീടുകള്‍ അറിയപ്പെട്ടത്‌. ഖുര്‍ആനും ഇപ്രകാരം പ്രയോഗിച്ചിട്ടുണ്ട്‌. അവയെല്ലാം കൊച്ചുകൂരകളും ഒറ്റ മുറികളുമായിരുന്നു. നബിയുടെ അന്ത്യവിശ്രമഗേഹമായി പരിണമിച്ച ആഇശ(റ)യുടെ മുറി പള്ളിയോട്‌ ചേര്‍ക്കപ്പെട്ടത്‌ ഖലീഫ മാലിക്‌ ബിന്‍ വലീദിന്റെ ഉത്തരവ്‌ പ്രകാരമായിരുന്നു. വിശുദ്ധ മുറി പള്ളിയോട്‌ ചേര്‍ക്കാനുള്ള ഉത്തരവ്‌ കൈപറ്റിയ അന്നത്തെ മദീനാ ഗവര്‍ണറായിരുന്ന ഉമറിബ്‌നി അബ്‌ദുല്‍അസീസ്‌ സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം താന്‍ ചെയ്യുകയോ എന്നാശങ്കിച്ചു നിന്നു. അപ്പോള്‍ വീണ്ടും വന്നു ആജ്ഞാസ്വരത്തിലുള്ള ഖലീഫയുടെ ഉത്തരവ്‌. തുടര്‍ന്ന്‌ നബിയുടെ മുറിക്ക്‌ ചുറ്റും പഞ്ചകോണാകൃതിയിലുള്ള മറ്റൊരു മതില്‍കെട്ടി വേര്‍തിരിച്ച്‌ പള്ളിയോട്‌ ചേര്‍ത്തുനിര്‍ത്തുകയാണദ്ദേഹം ചെയ്‌തത്‌. (കൂടുതല്‍ വിവരണങ്ങള്‍ക്ക്‌ ശൈഖ്‌ ഇബ്‌നുബാസിന്റെ പള്ളിക്കുള്ളിലെ ഖബര്‍ വിഷയത്തിലുള്ള ഫത്‌വ കാണുക)
അത്‌ വീണ്ടും ഗ്രില്‍സ്‌ ഭിത്തികളും കര്‍ട്ടനുമിട്ട്‌ വേര്‍തിരിക്കപ്പെട്ട നിലയിലാണിന്ന്‌ നാം കാണുന്നത്‌. ഗ്രില്‍സിലെ മൂന്ന്‌ സുഷിരങ്ങളിലൂടെ ജിജ്ഞാസയോടെ എത്തിനോക്കിയും സുഷിരങ്ങള്‍ക്കപ്പുറത്തേക്ക്‌ ദര്‍ശനമാഗ്രഹിച്ചും നബിക്കും സ്വഹാബികള്‍ക്കും സലാം പറഞ്ഞുകൊണ്ട്‌ നിശ്ശബ്‌ദം നീങ്ങുന്ന വിശ്വാസികളുടെ തിരക്കൊഴിയാത്ത പാതയാണിന്ന്‌ ബാബുല്‍ ബഖീഅ്‌. ഈ മൂന്ന്‌ സുഷിരങ്ങള്‍ മൂന്ന്‌ ഖബ്‌റുകളുടെ സ്ഥാനം സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിനപ്പുറം കനത്ത ചുമരും കര്‍ട്ടനുമല്ലാതെ യാതൊന്നും ദൃശ്യമാവുകയില്ല. ``സത്യവിശ്വാസികളേ, പ്രവാചകന്റെ ശബ്‌ദത്തിന്‌ മീതെ നിങ്ങള്‍ നിങ്ങളുടെ ശബ്‌ദം ഉയര്‍ത്തരുത്‌'' (വി.ഖു 49:2) എന്ന്‌ അവിടെ മുകളില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. ആദ്യം നബി(സ)ക്കും പിന്നീട്‌ അബൂബക്കര്‍ സിദ്ദീഖ്‌(റ), ഉമറുബ്‌നുല്‍ ഖത്വാബ്‌(റ) എന്നിവര്‍ക്കും സലാം പറയുക എന്നതാണ്‌ ഇവിടെ അനുവദനീയമായ പുണ്യകര്‍മം. അതിന്റെ സ്ഥാനം സൂചിപ്പിക്കുന്ന ഫലകങ്ങളും അവിടെയുണ്ട്‌.
പള്ളിയില്‍ നിയോഗിക്കപ്പെട്ട മതകാര്യവകുപ്പിലെ പണ്ഡിതന്മാരും പോലീസുകാരും ഇവിടെ അത്യാചാരങ്ങളൊന്നും അനുവദിക്കുകയില്ല. എന്നാല്‍ വിദേശികളില്‍ ചിലര്‍ പ്രത്യേകിച്ചും ഇന്ത്യ, പാകിസ്‌താന്‍ പോലുള്ള നാടുകളില്‍ നിന്ന്‌ വരുന്നവര്‍, വിശുദ്ധ മുറിക്കഭിമുഖമായി നിന്ന്‌ പ്രാര്‍ഥിക്കുന്നത്‌ കാണാറുണ്ട്‌. പണ്ഡിതന്മാരും പോലീസുകാരും അവരെ സൗമ്യമായി ഉപദേശിക്കുകയും ഖിബ്‌ലയിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനിന്ന്‌ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്‌ ഇവിടെ ഒരു അപൂര്‍വ കാഴ്‌ചയല്ല.
(തുടരും)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: