ഹജ്ജും ഉംറയും തീര്‍ത്ഥാടനം പോലൊരു പാരായണം
- പുസ്‌തകപരിചയം -
പി ടി കുഞ്ഞാലി
വീണ്ടും ഒരു ഹജ്ജ് കാലമെത്തുന്നു. ആയിരത്താണ്ടുകള്‍ക്കപ്പുറം ഇബ്‌റാഹിം നബി ചെയ്‌ത വിളംബരത്തെ പുണര്‍ന്ന് വിശ്വാസികള്‍ ദൈവഗേഹത്തിലേക്കൊഴുകുകയായി. ഓരോ വിശ്വാസിയും ചെറുപ്പം മുതല്‍ക്കേ കനവു കാണുന്ന പുണ്യ തീര്‍ത്ഥാടനം. സര്‍വ പാപങ്ങളും കഴുകി നവജാത ശിശുവിന്റെ പരിശുദ്ധി വാഗ്‌ദാനം നല്‍കുന്ന ആരാധന കര്‍മം.
ഹജ്ജിന്റെ ദാര്‍ശനികവും കര്‍മശാസ്‌ത്ര പരവുമായ വശങ്ങള്‍ വിവരിക്കുന്ന നിരവധി പുസ്‌തകങ്ങള്‍ ഇതിനകം പ്രസാധനം ചെയ്‌തുകഴിഞ്ഞിട്ടുണ്ട്. കെ എം മൗലവിയുടെ കൈഫിയ്യത്തുല്‍ ഹജ്ജ് എന്ന അറബി മലയാള പുസ്‌തകം തൊട്ടു നിരവധി കൃതികള്‍ ഈ ശ്രേണിയിലുണ്ട്. അതില്‍ ഓരോന്നിനും അതിന്റേതായ നിയോഗങ്ങളുണ്ട്. മലയാളത്തില്‍ വിരചിതമായ ഹജ്ജുരചനകളില്‍ വ്യത്യാസമായ ഒന്നാണ് ഹസ്സന്‍ ചെറൂപ്പയുടെ ഹജ്ജ് ഉംറ മക്കയും മലയാളിപ്പെരുമയും. ഒരു കൊളാഷ് മാതൃകയിലാണ് ഗ്രന്ഥം വികസിക്കുന്നത്. ഹജ്ജിന്റെയും പുണ്യമക്കയുടെയും ആദിപുരാതന ചരിത്രവും ഹറമിന്റെ പുതുകാല വികസനപദ്ധതികളുമെല്ലാം കടന്നുവരുന്നു.
ഹജ്ജിനു എങ്ങനെ ഒരുങ്ങണം, എന്തു കരുതണം, മനസ്സും വചസ്സും എങ്ങനെ തയ്യാറാക്കണം തുടങ്ങിയ പ്രായോഗിക കാര്യങ്ങള്‍ വിട്ടു കളഞ്ഞിട്ടില്ല. ഏതു യാത്രയും ക്ലേശപൂര്‍ണ്ണമാണ്. ഹാജിക്ക് പക്ഷേ എത്ര ദുര്‍ഘടസഞ്ചാര പഥങ്ങളും മലര്‍ തല്‍പമാണ്. ഇത് വിശ്വാസത്തിന്റെ ഒരു തലമാണ്. ആദിമധ്യാന്തമുള്ള ജീവിത സഞ്ചാരത്തിന്റെ ഒരു സൂക്ഷ്‌മാവിഷ്‌കാരമാണ് സത്യത്തില്‍ ഹജ്ജ്. സ്വര്‍ഗത്തില്‍ നിന്നുള്ള ആദമിന്റെ മടക്കം; വേര്‍പാടിന്റെ വേദനകള്‍; പാപബോധത്തിന്റെ വിങ്ങലുകള്‍; വീണ്ടുമുള്ള കണ്ടെത്തലുകള്‍ ഇതിന്റെയൊക്കെ മിന്നായങ്ങളെ വിശുദ്ധ ഹജ്ജുമായി മനോഹരമായി കണ്ണിചേര്‍ക്കുന്നു.
സ്വഫ, മര്‍വ, അറഫ, മുസ്‌ദലിഫ, മിന, ഉഹദ്, ഹിറ, ഖുബ തുടങ്ങി ഹജ്ജുമായും പുണ്യറസൂലിന്റെ ജീവിതവുമായും ചേര്‍ന്ന്‌നില്‍ക്കുന്ന പ്രദേശങ്ങളുടെ ചരിത്രം സാമാന്യം വിശദമായി തന്നെ ചേര്‍ത്തിട്ടുണ്ട്. മക്കയിലെ മലയാളിപ്പെരുമ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയാണ്. പ്രാചീനമായ കപ്പലോട്ടക്കാലത്തേ മലയാളിക്ക് അറേബ്യയുമായി ഹൃദയബന്ധമുണ്ട്. തെളിയിക്കപ്പെട്ട ചരിത്രമല്ലെങ്കില്‍ പോലും മക്കയിലേക്കുള്ള പെരുമാളിന്റെ യാത്ര വെറും കെട്ടുകഥയാകാന്‍ തരമില്ല . അന്നു തൊട്ടേ മലയാളത്തിനു പുണ്യനാടുകളുമായി ആത്മബന്ധമുണ്ട്. ഈ ഹൃദയപ്പൊരുത്തം വര്‍ത്തമാനത്തിലേക്ക് വികസിക്കുന്നത് ഗ്രന്ഥകാരന്‍ വിസ്‌തരിക്കുന്നു.പുസ്‌തകത്തിലെ മറ്റൊരു പ്രധാന അധ്യായമാണ് `മദീന സിയാറ'. ഹിജ്‌റക്കു ശേഷം റസൂല്‍ വെറും പത്തു വര്‍ഷം കൊണ്ടു ഉഴുതുമറിച്ച പ്രവാചകന്റെ സ്വന്തം നഗരിയാണ് മദീന. അവിടെ തന്റെ ആത്മസഖാക്കളുടെ ചാരത്ത് റസൂലിന്റെ കബറിടം. കാതങ്ങള്‍ താണ്ടിയെത്തുന്ന ഹാജി അതിനടുത്തു നിന്നു ഗദ്‌ഗദത്തോടെ പ്രവാചകനും തിരുസഖാക്കള്‍ക്കും ദൈവരക്ഷ നേരുന്ന സ്‌നിഗ്‌ധ സന്ദര്‍ഭം. അപ്പോള്‍ ഹാജി അനുഭവിക്കുന്ന ആത്മനിര്‍വൃതി. കാല്‍പ്പനികമായ സൗന്ദര്യത്തോടെയാണ് ഇത്തരം രംഗങ്ങള്‍ വര്‍ണിക്കുന്നത്.
പണ്ഡിതനായ പത്രപ്രവര്‍ത്തകനാണ് ഹസന്‍ ചെറൂപ്പ. വര്‍ഷങ്ങളായി അദ്ദേഹം വിശുദ്ധഭൂമിയില്‍ തീര്‍ത്ഥാടക ലക്ഷങ്ങളെ അഭിമുഖീകരിക്കുന്നു. അവരുടെ ത്യാഗം, സമര്‍പ്പണം, സന്നിഗ്‌ധതകള്‍, പാരവശ്യങ്ങള്‍, ആത്മഹര്‍ഷങ്ങള്‍, പ്രതീക്ഷകള്‍ ഇതിന്റെയൊക്കെ സാന്ദ്രത പാകപ്പെടുത്തിയ പരിസ്ഥിതിയിലാണ് അദ്ദേഹം ഉംറയും ഹജ്ജും പഠിച്ചെഴുതുന്നത്. അതുകൊണ്ടാകാം ഈ പുസ്‌തകം പാഠാവതരണ കാര്‍ക്കശ്യത്തിലേക്ക് വഴുതുന്നതേയില്ല. പകരം ഹജ്ജിന്റെ ചരിത്രഗാംഭീര്യത്തില്‍ നിന്നു അനുഷ്‌ഠാന ലാളിത്യത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ്. ആദമിന്റെ പ്രായശ്ചിത്തം, ഇബ്‌റാഹിമിന്റെ ദീര്‍ഘ ദുര്‍ഘട സഞ്ചാരം, ഹാജറിന്റെ ദിവ്യസഹനം, ഇസ്‌മാഈലിന്റെ സമര്‍പ്പണം, അന്ത്യ പ്രവാചകന്റെ നിയോഗം, പീഡാനുഭവം, പലായനം എന്നിങ്ങനെ മാനവ ചരിത്രപഥത്തിലെ നിരവധി സന്ധികളിലേക്ക് വായനക്കാരനെ ഉദ്വേഗത്തോടെ കൂട്ടിക്കൊണ്ടു പോകുന്ന ഉത്തമമായ ഒരു രചന. ഇ ടി മുഹമ്മദ് ബഷീറിന്റെയാണ് പ്രൗഢമായ അവതാരിക.
ഉചിത മലയാള പദങ്ങള്‍ സുലഭമായിരിക്കെ തന്നെ ഹസ്സന്‍ ധാരാളമായി ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ലായിരുന്നു. ഇത് വായനയെ വിഘ്‌നപ്പെടുത്തും. അതുപോലെ ചിത്രങ്ങളിലും എഴുത്തില്‍ തന്നെയും നിറച്ച രാജവാഴ്‌ചയുടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാമായിരുന്നു. കോഴിക്കോട്ടെ വചനം ബുക്‌സ് പ്രസാധനം നിര്‍വഹിച്ച ഹജജ് ഉംറ ;മക്കയും മലയാളിപ്പെരുമയും ഒരു പഠന ഗ്രന്ഥവും ഹാജിമാര്‍ക്ക് ഒരു കൈപുസ്‌തകവും ആയിത്തീരുന്നു.
0 comments: