ഹദീസ്‌ സംശോധനയുടെ തത്വങ്ങള്‍

  • Posted by Sanveer Ittoli
  • at 9:41 AM -
  • 0 comments
ഹദീസ്‌ സംശോധനയുടെ തത്വങ്ങള്‍

- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-12 -
എ അബ്‌ദുല്‍ഹമീദ്‌ മദീനി

ഒരു റിപ്പോര്‍ട്ടറില്‍ നിന്നോ ഒന്നിലധികം റിപ്പോര്‍ട്ടര്‍മാരില്‍ നിന്നോ ഉദ്ധരിച്ച ഹദീസിന്റെ സനദിലോ മത്‌നിലോ (പരമ്പരകളിലോ പദങ്ങളിലോ) വ്യത്യാസം ഉണ്ടാവുന്ന ഹദീസുകളാണ്‌ മുദ്വ്‌ത്വറബായ ഹദീസ്‌ എന്ന്‌ അറിയപ്പെടുന്നത്‌. അതില്‍ ഒന്നിന്‌ മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‌കാന്‍ കഴിയാതെ വരും. മുദ്വ്‌ത്വറബായ ഹദീസുകളെ ദുര്‍ബല ഹദീസുകളുടെ കൂട്ടത്തിലാണ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇത്തരം ഹദീസുകള്‍ പ്രമാണമായി സ്വീകരിക്കാന്‍ പറ്റില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
നബി(സ)ക്കു സിഹ്‌ര്‍ ബാധിച്ചുവെന്ന ബുഖാരിയിലെ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച ഹിശാം താബിഉകളുടെ കൂട്ടത്തില്‍ പ്രഗത്ഭനല്ല, നബി(സ) വഫാതായി അര നൂറ്റാണ്ട്‌ കഴിഞ്ഞാണ്‌ ഹിശാമിന്റെ ജനനം. ഹിജ്‌റ ഏഴാം വര്‍ഷത്തില്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ച്‌ ആറുമാസം വകതിരിവില്ലാതെ കഴിച്ചുകൂട്ടിയെങ്കില്‍ ആ സംഭവം സ്വഹാബിമാരും പ്രഗത്ഭരായ താബിഉകളും റിപ്പോര്‍ട്ടു ചെയ്യുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. നബി(സ)ക്ക്‌ ഭയാനകരമായ സിഹ്‌ര്‍ ബാധിച്ചു എന്ന്‌ ഞാന്‍ പറഞ്ഞത്‌ ബുഖാരിയിലെ 5765-ാം നമ്പര്‍ ഹദീസില്‍ വന്ന വസ്‌തുതയാണ്‌, സുഫ്‌യാന്‍ പറഞ്ഞു: ഇങ്ങനെയെങ്കില്‍ സിഹ്‌റിന്റെ കൂട്ടത്തില്‍ കൂടുതല്‍ കഠിനമായ ഇനമാണ്‌ നബിയെ ബാധിച്ചത്‌.
കൂടാതെ ഹിശാമിന്‌ പല ന്യൂനതകളുമുണ്ട്‌. അദ്ദേഹം സര്‍വ സമ്മതനായ റിപ്പോര്‍ട്ടറല്ല. അദ്ദേഹം തദ്‌ലീസ്‌ ചെയ്യാറുണ്ടെന്ന്‌ ഫത്‌ഹുല്‍ബാരിയില്‍ പറയുന്നു. ഹിശാമിബ്‌നി ഉര്‍വതിബ്‌നി സുബൈറിബ്‌നില്‍ അവാമുല്‍ ഖുറശി താബിഉകളില്‍ രണ്ടാംനിരയില്‍ പെട്ടയാളാണ്‌. അദ്ദേഹം ദൃഢതയുള്ള വ്യക്തിയായിരുന്നു എന്ന്‌ എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, പ്രായമായപ്പോള്‍ തന്റെ മനപ്പാഠത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. മൂന്നാമതും അദ്ദേഹം ഇറാഖില്‍ വന്നപ്പോള്‍ താന്‍ ഹദീസ്‌ പഠിച്ചവരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ മാറ്റങ്ങള്‍ സംഭവിച്ചു. യഅ്‌ഖൂബിബ്‌നി ശൈബ പറഞ്ഞു: ഹിശാം വിശ്വസ്‌തനും ദൃഢതയുള്ള വ്യക്തിയുമായിരുന്നു. ഇറാഖില്‍ വന്നതിന്നു ശേഷമാണ്‌ (പണ്ഡിതന്മാര്‍) അദ്ദേഹത്തിന്റെ ഹദീസിനെ നിഷേധിച്ചത്‌. കാരണം (ഇറാഖില്‍ വന്ന ശേഷം) തന്റെ പിതാവില്‍ നിന്ന്‌ വളരെ വ്യാപകമായി അദ്ദേഹം ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ തന്റെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അദ്ദേഹത്തെ പറ്റി നമ്മുടെ അഭിപ്രായം അദ്ദേഹം പിതാവില്‍ നിന്ന്‌ കേട്ടതല്ലാതെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ അശ്രദ്ധ നിമിത്തം പിതാവല്ലാത്തവരില്‍ നിന്ന്‌ കേട്ടതെല്ലാം പിതാവിന്റെ പേരില്‍ വ്യാപകമായി റിപ്പോര്‍ട്ടുചെയ്‌തു. ഇബ്‌നുഹജറുല്‍ അസ്‌ഖലാനി പറഞ്ഞു: ഇതാണ്‌ തദ്‌ലീസ്‌ എന്ന്‌ പറയുന്നത്‌ (മുഖദ്ദിമതു ഫത്‌ഹുല്‍ബാരി 702). അപ്പോള്‍ ഹിശാം തദ്‌ലീസ്‌ ചെയ്യുന്ന ആളാണെന്നു സ്ഥിരപ്പെട്ടു.

എന്താണ്‌ തദ്‌ലീസ്‌

തദ്‌ലീസ്‌ എന്നാല്‍ തന്റെ കാലഘട്ടത്തില്‍ ജീവിച്ചവരില്‍ നിന്ന്‌ താന്‍ കേള്‍ക്കാത്തത്‌ അവരില്‍ നിന്നു കേട്ടു എന്ന്‌ തോന്നിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതാണ്‌. അതിനാല്‍ നബി(സ)ക്ക്‌ സിഹ്‌റ്‌ പറ്റി എന്ന ഹദീസ്‌ മേല്‍പറഞ്ഞ ഹിശാമില്‍ നിന്നാണ്‌ എല്ലാവരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. (മറ്റു റിപ്പോര്‍ട്ടുകള്‍ ഇതിനെക്കാള്‍ ദുര്‍ബലമാണ്‌). ഹിശാമാണെങ്കില്‍ തദ്‌ലീസ്‌ ചെയ്യുന്ന വ്യക്തിയുമാണ്‌. ഇതനുസരിച്ചു പ്രസ്‌തുത ഹദീസിന്‌ മുദല്ലസായ ഹദീസ്‌ എന്നാണ്‌ പറയുക. അതിനു പുറമെ ഈ ഹദീസ്‌ മുദ്വ്‌തറബ്‌ ആണെന്ന്‌ നാം മുമ്പ്‌ വിവരിച്ചിട്ടുണ്ട്‌. ഇങ്ങനെ രണ്ടു തരത്തിലുള്ള ബലഹീനത നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസിനുള്ളതു കൊണ്ട്‌ അത്‌ പ്രമാണമായി സ്വീകരിക്കാന്‍ പറ്റുകയില്ല.
സ്വഹീഹ്‌ മുസ്‌ലിമിന്റെ മുഖവുരയില്‍ ഇമാം നവവി പറയുന്നു: ഒരു വിഭാഗം പണ്ഡിതന്മാര്‍ പറഞ്ഞു: ഈ തദ്‌ലീസ്‌ ആരില്‍ നിന്ന്‌ സ്ഥിരപ്പെട്ടോ അദ്ദേഹം ആക്ഷേപിക്കപ്പെട്ട വ്യക്തിയാണ്‌. അയാള്‍ നേര്‍ക്കുനേരെ കേട്ടു എന്ന്‌ പറഞ്ഞാലും അയാളുടെ റിപ്പോര്‍ട്ട്‌ ഒരു വിഷയത്തിലും ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല. (മുഖദ്ദിമത്‌ മുസ്‌ലിം 58)
ഇമാം ശാഫിഇ(റ) അര്‍രിസാല എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരാള്‍ ഒറ്റ പ്രാവശ്യം തദ്‌ലീസ്‌ ചെയ്‌തു എന്ന്‌ അറിഞ്ഞാല്‍ അയാളുടെ റിപ്പോര്‍ട്ടില്‍ അയാളുടെ നഗ്നത വെളിവായി.'' (അര്‍രിസാല 1:378). അദ്ദേഹം വീണ്ടും പറയുന്നു: മുദല്ലസല്ലെങ്കില്‍ ഇന്ന ആള്‍ ഇന്ന ആളില്‍ നിന്ന്‌ എന്ന നിലക്ക്‌ റിപ്പോര്‍ട്ട്‌ചെയ്‌ത ഹദീസ്‌ ഞാന്‍ സ്വീകരിക്കും. (അര്‍രിസാല 1:369)
അബൂബക്കര്‍ റാസി അല്‍ജസ്വാസ്‌ പറയുന്നു: ``തീര്‍ച്ചയായും അഅ്‌മശ്‌, സൗരീ, ഹിശാം മുതലായവര്‍ ഹദീസ്‌ തദ്‌ലീസ്‌ ചെയ്യുന്നവരായിരുന്നു. ശുഅ്‌ബ പറഞ്ഞു: വ്യഭിചരിക്കലാണ്‌ തദ്‌ലീസ്‌ ചെയ്യുന്നതിനെക്കാള്‍ എനിക്കേറ്റവും ഇഷ്‌ടം.'' (അല്‍ഫുസൂലുഫില്‍ ഉസൂല്‍ 3:189)
മുദല്ലസായ ഹദീസുകള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ഇസ്‌ലാമിലെ നിദാന ശാസ്‌ത്ര പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ചിലത്‌ മാത്രമാണ്‌ നാം കണ്ടത്‌. ഇമാം ശാഫിഈ മുതല്‍ നവവി വരെയുള്ള പണ്ഡിതന്മാരും മറ്റു ആധുനിക പണ്ഡിതന്മാരും പറഞ്ഞത്‌ ഒന്നു തന്നെയാണ്‌. വേറെയും നിബന്ധനകള്‍ ഉണ്ട്‌. അവയില്‍ ചിലത്‌:
വിശ്വസ്‌തനായ ഒരാള്‍ പരമ്പര ചേര്‍ന്നുവന്ന ഒരു ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ (സ്വീകരിക്കണമെന്നില്ല) താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആ റിപ്പോര്‍ട്ട്‌ തള്ളപ്പെടും. 1) ബുദ്ധിപരമായി അനിവാര്യമായ തത്വത്തിന്നെതിരെ ഹദീസ്‌ വന്നാല്‍ അത്‌ തള്ളപ്പെടേണ്ടതാണ്‌. 2) ഖുര്‍ആനിന്റെ വ്യക്തമായ തത്വത്തിന്‌ അല്ലെങ്കില്‍ മുതവാതിറായ ഹദീസിന്റെ തത്വത്തിന്ന്‌ എതിരായി വന്നാല്‍, ആ ഹദീസിന്‌ അടിത്തറ ഇല്ലെന്ന്‌ മനസ്സിലാക്കണം. 3) ഇജ്‌മാഇന്നെതിരെ ഹദീസ്‌ വന്നാലും അതിന്‌ അസ്‌ല്‌ ഇല്ല എന്ന്‌ മനസ്സിലാക്കാം. 4) ജനങ്ങള്‍ എല്ലാം മൊത്തമായി അറിയുന്ന ഒരു കാര്യം ഒരാള്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അത്‌ സ്വീകരിക്കാന്‍ പാടില്ല. (അല്‍ഫഖീഹ്‌ വല്‍ മുതഫഖീഹ്‌ 1:345, ഖത്തീബുല്‍ ബഗ്‌ദാദി)
ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പരിശോധന നടത്തിയാല്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വീകരിക്കേണ്ടതില്ല എന്ന്‌ നിസ്സംശയം പറയാം. പരമ്പര ചേര്‍ന്നുവന്ന ഹദീസാണെങ്കിലും ഖുര്‍ആനിനെതിരാണെങ്കില്‍ സ്വീകരിക്കാന്‍ പാടില്ലെന്ന നിദാന ശാസ്‌ത്ര തത്വമനുസരിച്ച്‌ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ നമുക്ക്‌ വിലയിരുത്താം. അല്ലാഹു പറയുന്നു: ``നീ പറയുന്നതവര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നതെന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം, അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍ പിന്‍തുടരുന്നതെന്ന്‌ (നിന്നെ പരിഹസിച്ചുകൊണ്ട്‌) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക്‌ നല്ലവണ്ണം അറിയാം). നബിയേ നോക്കൂ. എങ്ങനെയാണവര്‍ നിനക്ക്‌ ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ (രക്ഷയുടെ) ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധ്യമല്ല. (17:47-48)
അമാനി മൗലവിയുടെ തഫ്‌സീറില്‍ പറയുന്നു: ``മുശ്‌രിക്കുകള്‍ ചിലപ്പോള്‍ നബി(സ) ഖുര്‍ആന്‍ ഓതുന്നത്‌ രഹസ്യമായി ചെവിയോര്‍ത്തുകൊണ്ടിരിക്കും. കാര്യം ഗ്രഹിക്കാനോ സത്യം മനസ്സിലാക്കാനോ വേണ്ടിയല്ല. പരിഹാസത്തിനും നിഷേധത്തിനും വല്ല മാര്‍ഗവും കണ്ടെത്താന്‍ വേണ്ടി മാത്രം. പിന്നീട്‌ ഇവന്‌ ആരോ മാരണം ചെയ്‌തിരിക്കുകയാണ്‌. ഇവന്റെ ബുദ്ധി ഭ്രമിച്ചിരിക്കുന്നു. ഇവനെ പിന്‍പറ്റുന്നതിന്റെ അര്‍ഥം ഭ്രാന്തനെ പിന്‍പറ്റുക എന്നാണ്‌ എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യും. ഇവരുടെ ഈ ഗൂഢ പ്രവര്‍ത്തനങ്ങളും അതിനവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളുമൊക്കെ അല്ലാഹുവിന്‌ നന്നായറിയാം. നബി(സ)യെ പറ്റി മാരണം ബാധിച്ചവന്‍, ഗണിതക്കാരന്‍, ഭ്രാന്തന്‍, മാരണക്കാരന്‍, കവി എന്നിങ്ങനെ പലതും പറയാറുള്ളതിനെപ്പറ്റിയാണ്‌ രണ്ടാമത്തെ വചനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. (3:1816)
അപ്പോള്‍ നബി(സ)യെ പറ്റി മേല്‍പറഞ്ഞ വിശേഷണങ്ങള്‍ എല്ലാം അപവാദ പ്രചാരണങ്ങളും കളവുമാണെന്ന്‌ സ്ഥിരപ്പെട്ടു. പിന്നെ മേല്‌പറഞ്ഞ വിശേഷണങ്ങളില്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിതനാണ്‌ എന്നുള്ളത്‌ മാത്രം ശരിയും മറ്റുള്ളതെല്ലാം തെറ്റും എന്നാണോ മനസ്സിലാക്കേണ്ടത്‌? നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന്‌ ശത്രുക്കള്‍ പറഞ്ഞാല്‍ തെറ്റും മിത്രങ്ങള്‍ പറഞ്ഞാല്‍ ശരിയും. ഈ വിവേചനമാണ്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌. അല്ലാഹു പറയുന്നു: ``നബിയേ നോക്കൂ. എങ്ങനെയാണവര്‍ നിനക്കുപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ (രക്ഷയുടെ) ഒരു മാര്‍ഗവും പ്രാപിക്കാന്‍ കഴിയുകയില്ല.'' (17:48)
മക്കാ മുശ്‌രിക്കുകള്‍ മുഹമ്മദ്‌ നബി(സ) മാരണം ബാധിച്ചവരാണെന്ന്‌ ഉപമിച്ചു പറഞ്ഞതുകൊണ്ട്‌ അവര്‍ പിഴച്ചുപോയി എന്നും അവര്‍ക്ക്‌ ദുന്‍യാവിലും ആഖിറത്തിലും രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്ന്‌ ഖുര്‍ആന്‍ പറഞ്ഞത്‌ നാം മറക്കരുത്‌. ഇതേ ആശയം സൂറതുഫുര്‍ഖാനിലും പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും നബി(സ)ക്ക്‌ സിഹര്‍ ബാധിച്ചു എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി നമ്മുടെ പണ്ഡിതന്മാര്‍ വാദപ്രതിവാദവും സംവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്‌.
`ജനങ്ങളില്‍ നിന്ന്‌ നിന്നെ അല്ലാഹു സംരക്ഷിക്കു'മെന്ന്‌ ഖുര്‍ആന്‍ പറഞ്ഞശേഷം ബനൂസുറയ്‌ഖ്‌ കുടുംബത്തില്‍ പെട്ട ഒരാള്‍, യഹൂദികള്‍ക്ക്‌ വേണ്ടി നബി(സ)യുടെ വാര്‍ന്നെടുത്ത മുടിയും ചീര്‍പ്പും ഈത്തപ്പനയുടെ ആണ്‍കുലയും ഉപയോഗിച്ചു സിഹ്‌ര്‍ ചെയ്‌തപ്പോള്‍ നബി(സ)ക്ക്‌ ആറ്‌ മാസത്തോളം ബുദ്ധിഭ്രമം ബാധിച്ചെങ്കില്‍ മേല്‍പറഞ്ഞ സംരക്ഷണത്തിന്‌ പിന്നെ എന്തര്‍ഥമാണുള്ളത്‌? ശാരീരിക പീഡനങ്ങള്‍ ഒരു പരിധിവരെ പ്രവാചകന്മാര്‍ക്കും ഉണ്ടാവാം. പക്ഷെ, മാനസികമായും ബുദ്ധിപരമായും ഒരു പ്രവാചകനെ തളര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല. മേല്‍പറഞ്ഞ കാര്യങ്ങള്‍ കൊണ്ട്‌ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ തല്‍ക്കാലം നമുക്ക്‌ തവഖുഫ്‌ ചെയ്യാം (മാറ്റിവെക്കാം). ഇത്‌ ഹദീസ്‌ നിഷേധമല്ല. ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാരോട്‌ ഏകോപിച്ചുള്ള അഭിപ്രായം സ്വീകരിക്കലാണ്‌.
ഇമാം സുയൂത്വി തദ്‌രീബ്‌ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുല്‍ ജൗസിയുടെ അഭിപ്രായം ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഒരു ഹദീസ്‌ ബുദ്ധിക്കോ ഖുര്‍ആന്റെ തത്വത്തിനോ ഇസ്‌ലാമിലെ അടിസ്ഥാന കാര്യങ്ങള്‍ക്കോ എതിരായാല്‍ ആ ഹദീസ്‌ മനുഷ്യനിര്‍മിതമാണെന്ന്‌ മനസ്സിലാക്കുക. അതു പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായമാണ്‌ ഏറ്റവും നല്ലത്‌. (ഫത്‌ഹുല്‍മുഗീസ്‌, ഇബ്‌നുല്‍ ഖയ്യിം 114)
``(ഹദീസ്‌ സ്വഹീഹ്‌ അല്ല എന്നറിയിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്‌) ഹദീസ്‌ ഖുര്‍ആന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക്‌, അല്ലെങ്കില്‍ മുതവാതിറായ ഹദീസിന്‌, അല്ലെങ്കില്‍ ഖണ്ഡിതമായ ഇജ്‌മാഇന്‌, അല്ലെങ്കില്‍ തെളിഞ്ഞ ബുദ്ധിക്ക്‌ എതിരായിവരിക എന്നത്‌.'' (നുഖ്‌ബത്തുല്‍ ഫിക്‌ര്‍ 85, അസ്‌ഖലാനി)
ഒരു ഹദീസ്‌ സ്വഹീഹ്‌ ആകണമെങ്കില്‍ മേല്‍പറഞ്ഞ ന്യൂനതകള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ നബിക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസില്‍ മേല്‍പറഞ്ഞ ന്യൂനതകളുണ്ട്‌. പുറമെ ഹദീസിന്റെ പരമ്പരയും വാചകങ്ങളും (സനദും മത്‌നും) രണ്ടും സ്വഹീഹ്‌ ആവേണ്ടതുണ്ട്‌. ഹദീസിന്റെ പരമ്പര (സനദ്‌) സ്വഹീഹായതുകൊണ്ട്‌ ഹദീസിന്റെ വചനങ്ങള്‍ (മത്‌ന്‌) ശരിയായിക്കൊള്ളണമെന്നില്ല. ഇബ്‌നുജഹര്‍ പറയുന്നു: ഒരു ഹദീസിന്റെ പരമ്പര (സനദ്‌) ശരിയായതുകൊണ്ട്‌ അതിന്റെ വാചകം (മത്‌ന്‌) ശരിയാവണമെന്നില്ല. (അല്‍ഫതാവല്‍ ഹദീസിയ്യ 141)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: