പ്രവാചകജീവിതം അനുഭവിപ്പിച്ച്‌ മദീന

  • Posted by Sanveer Ittoli
  • at 9:04 AM -
  • 0 comments

പ്രവാചകജീവിതം അനുഭവിപ്പിച്ച്‌ മദീന




- മദീനത്തുര്‍റസൂല്‍-2 -

ടി ടി എ റസാഖ്‌



`സ്വര്‍ഗപ്പൂന്തോപ്പുകളിലൊരു പൂന്തോപ്പ്‌' (റൗദാശരീഫ്‌) എന്ന്‌ നബി(സ) വിശേഷിപ്പിച്ച കൊച്ചു ചത്വരം മസ്‌ജിദുന്നബവിയില്‍ സദാ ജനസമൃദ്ധമായ പുണ്യപ്രദേശമാണ്‌. നബി(സ)യുടെ ഖബ്‌ര്‍ സ്ഥിതിചെയ്യുന്ന മുറിയുടെയും നബിയുടെ മിന്‍ബറിന്റെയും ഇടക്കുള്ള കൊച്ചു ചത്വരമാണ്‌ യഥാര്‍ഥത്തില്‍ റൗദാശരീഫ്‌. എന്നാല്‍ റൗദാശരീഫ്‌ എന്ന്‌ പലരും പറയാറുള്ളത്‌ നബിയുടെ ഖബ്‌റിനെ പരാമര്‍ശിച്ചുകൊണ്ടാണ്‌. `എന്റെ വീടിനും മിന്‍ബറിനും ഇടയ്‌ക്കുള്ള ഭാഗം സ്വര്‍ഗ പൂന്തോപ്പുകളിലൊന്നാണ്‌' എന്ന ഹദീസ്‌ ആ ഭാഗത്ത്‌ മുകളിലായി അലങ്കരിച്ചെഴുതിയിട്ടുണ്ട്‌. നബിയുടെ കാലത്തെ പള്ളിയുടെ ഏറ്റവും മുമ്പിലെ ഭാഗവും ഇതായിരുന്നു.
ഇന്നത്തെ മിഹ്‌റാബ്‌ കുറേക്കൂടി മുമ്പോട്ട്‌ നീങ്ങിയാണല്ലോ കാണപ്പെടുന്നത്‌. ഇബാദത്തുകള്‍ക്ക്‌ പ്രത്യേകം പുണ്യമുള്ള സ്ഥലമാണ്‌ റൗദാശരീഫ്‌. അവിടെ രണ്ട്‌ റക്‌അത്ത്‌ സുന്നത്തെങ്കിലും നമസ്‌കരിക്കാന്‍ ജനങ്ങള്‍ ഊഴം കാത്തിരിക്കുക പതിവാണ്‌. എന്നാല്‍ `അമിത ഭക്തിപ്രിയരായി ചിലര്‍' ദീര്‍ഘനേരം അവിടെ തന്നെ കുത്തിയിരിക്കുന്നതുകൊണ്ട്‌ പലപ്പോഴും അങ്ങോട്ടുള്ള പ്രവേശനം ശ്രമകരമാണ്‌. മറ്റുള്ളവരെ അന്യായമായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ പുണ്യം ചോര്‍ന്നുപോകുകയാണെന്നാലോചിക്കുന്നില്ല. ചിലപ്പോള്‍ പോലീസുകാരുടെ സഹായംതേടിയാണ്‌ ഈ വാശിക്കാരെ നീക്കുന്നത്‌. ഹറമൈനികളില്‍ പല സ്ഥലങ്ങളിലും സമാനമായ അനുഭവങ്ങളുണ്ടാവാറുണ്ട്‌. അവിടെ നിയോഗിക്കപ്പെട്ട പോലീസുകാര്‍ വളരെ സൗമ്യമായി ഇടപെടാന്‍ പരിശീലിക്കപ്പെട്ടവരാണ്‌. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ അവര്‍ക്ക്‌ ശൗര്യം പോരാ എന്ന്‌ നമുക്ക്‌ തോന്നിപ്പോവുക സ്വാഭാവികം മാത്രം.


ചരിത്രം ജീവിക്കുന്ന മസ്‌ജിദുന്നബവി


നബി(സ) ഒരു ഈന്തപ്പനയുടെ തൂണില്‍ ചാരിനിന്നായിരുന്നു ഒരു കാലത്ത്‌ ഖുതുബ നിര്‍വഹിച്ചിരുന്നത്‌. പിന്നീട്‌ ചെറിയ മൂന്ന്‌ പടികളുള്ള ഒരു പ്രസംഗപീഠം (മിന്‍ബര്‍) നിര്‍മിക്കപ്പെട്ടു. ഖലീഫമാരുടെ കാലത്ത്‌ നബിയോടുള്ള ആദരസൂചകമായി നബി(സ) ഇരുന്ന പടിയുടെ താഴെയായിട്ടായിരുന്നു ഖലീഫമാര്‍ ഇരുന്നത്‌.
റൗദാശരീഫിലുള്ള ഇന്നത്തെ മിന്‍ബര്‍ സ്വാര്‍ണാലംകൃതമാണ്‌. അതിന്നടുത്തു നിന്ന്‌ നമസ്‌കരിക്കുന്നവരുടെ മുമ്പില്‍ `ഹാദാ മുസ്വല്ല നബി' എന്നെഴുതിയ നബിയുടെ മിഹ്‌റാബിന്റെ സ്ഥാനം കാണാം. ഇന്നത്തെ രീതിയിലുള്ള വളച്ചുണ്ടാക്കിയ മിഹ്‌റാബുകള്‍ അന്നുണ്ടായിരുന്നില്ല. നബി(സ)യുടെ മുസ്വല്ലയില്‍ അത്തരമൊന്ന്‌ ആദ്യമായി നിര്‍മിച്ചത്‌ ഉമറിബ്‌നി അബ്‌ദില്‍അസീസ്‌(റ) ആയിരുന്നു. അതാണിന്ന്‌ മിഹ്‌റാബുന്നബി എന്നറിയപ്പെടുന്നത്‌. ഇന്നത്തെ ഇമാമിന്റെ സ്ഥാനം (മിഹ്‌റാബ്‌) മിഹ്‌റാബുന്നബിയുടെ ഭാഗത്തുനിന്ന്‌ നാലു വരിയോളം മുന്നിലാണ്‌. നബിയുടെ മിഹ്‌റാബിന്‌ സമീപത്തുള്ള ഒരേ നിരയിലുള്ള ഉസ്‌തുവാനകളില്‍ (തൂണുകള്‍) നബിയുടെ കാലത്തെ പള്ളിയുടെ അതിരുകള്‍ സൂചിപ്പിച്ചുകൊണ്ട്‌ `ഹാദാ ഹദ്ദ്‌ മസ്‌ജിദ്‌ റസൂലുല്ലാഹ്‌' എന്നും എഴുതിയത്‌ കാണാം.
ഇന്ന്‌ പള്ളിയില്‍ റൗദയുടെ ഭാഗത്തുള്ള സുപ്രധാനമായ ചില മാര്‍ബിള്‍ തൂണുകള്‍ (ഉസ്‌തുവാനകള്‍) നബിയുടെ കാലത്തെ തൂണുകള്‍ നിന്നിരുന്ന അതേ സ്ഥാനത്ത്‌ തന്നെയാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ഓരോ ഉസ്‌തുവാനയ്‌ക്കും നബിയുടെ കാലത്തോളം നീളുന്ന ചരിത്രം പറയാനുണ്ട്‌. ഖുതുബ നിര്‍വഹിക്കുമ്പോള്‍ നബി(സ) ചാരി നിന്നിരുന്ന ഈന്തപ്പനത്തടിയുടെ സ്ഥാനത്തുള്ള തൂണില്‍ `ഉസ്‌തുവാനതുല്‍ മുഖല്ലഖ' എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ തൂണില്‍ സ്വഹാബികള്‍ സുഗന്ധം പൂശാറുള്ളതുകൊണ്ടായിരുന്നുവത്രെ ആ പേര്‍ നല്‌കപ്പെട്ടത്‌. ഉസ്‌താവനതു ആഇശ, ഉസ്‌താവനതു തൗബ (അബൂലുബാബയുടെ(റ) പശ്ചാത്താപവുമായി ബന്ധപ്പെട്ട തൂണ്‍), ഉസ്‌തുവാനത്തുസ്സരീര്‍ എന്നിങ്ങനെ റൗദയില്‍ നബിയുടെ കാലത്ത്‌ അറിയപ്പെട്ട പേരുകളില്‍ തന്നെ ഇന്നും അറിയപ്പെടുകയും അതേ സ്ഥാനത്ത്‌ തന്നെ പടുക്കപ്പെടുകയും ചെയ്‌തവയാണ്‌ പ്രധാനപ്പെട്ട തൂണുകളെല്ലാം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടവയായതുകൊണ്ട്‌ ചരിത്രത്തിലിടം തേടിയവയുമാണ്‌. പള്ളിയില്‍ `അസ്‌ഹാബുസ്സുഫ'ക്കാരുടെ വാസസ്ഥലം ഇന്നത്തെ ബാബുന്നിസാഇന്റെ (പ്രാവചകഭവനത്തിന്റെ പിന്‍ഭാഗത്ത്‌) വലതു ഭാഗത്തായിരുന്നു എന്നാണ്‌ പ്രബലമായ അഭിപ്രായം. അതിന്റെ അടയാളങ്ങളൊന്നും ഇന്ന്‌ അവശേഷിക്കുന്നില്ല.


ഭാഷയും പഠനവും


ഭക്തിയുടെയും പുണ്യത്തിന്റെയും മാത്രമല്ല, അറിവിന്റെയും പഠനത്തിന്റെയും കേന്ദ്രം കൂടിയാണ്‌ മസ്‌ജിദുന്നബവി. രാത്രികാലങ്ങളില്‍ ഖുര്‍ആന്‍, ഹദീസ്‌, പാരായണ നിയമങ്ങള്‍ എല്ലാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒന്നിലധികം ഹല്‍ഖകള്‍ (പണ്ഡിത വൃത്തങ്ങള്‍) രണ്ട്‌ ഹറമുകളിലും പല ഭാഗത്തായി കാണാം. കൊച്ചുകുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന പ്രത്യേക ഹല്‍ഖകള്‍ വളരെ ഹൃദ്യമായ കാഴ്‌ചാനുഭവമാണ്‌. കൂട്ടത്തില്‍ ഇറാനിയെപ്പോലെ തോന്നിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ പാരായണം കേട്ടപ്പോള്‍ ഒന്ന്‌ പരിചയപ്പെടാന്‍ തോന്നി. `മിന്‍ വൈന്‍ ഇന്‍ത' എന്ന്‌ ചോദിച്ചപ്പോള്‍ ഞാന്‍ തുര്‍ക്കിയില്‍ നിന്നാണെന്നായിരുന്നു കുട്ടിയുടെ മറുപടി.
ഇത്രയും കൊച്ചു തുര്‍ക്കിക്കുട്ടി എങ്ങനെ അറബി പഠിച്ചു എന്ന്‌ ഞാനത്ഭുതപ്പെട്ടില്ല. കാരണം സുഊദിയില്‍, പ്രത്യേകിച്ചും മക്ക, മദീന ഭാഗങ്ങളില്‍ എവിടെ നോക്കിയാലും തുര്‍ക്കികളെ കാണാം. പിന്നെ മസ്‌രികളെയും. ജോലിയും കച്ചവടവും പഠനവുമായി ബന്ധപ്പെട്ട്‌ ധാരാളം തുര്‍ക്കികള്‍ ഇവിടെ താമസക്കാരാണ്‌. നാനൂറ്‌ വര്‍ഷത്തോളം ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനവും തുര്‍ക്കിയായിരുന്നല്ലോ.
സുഊദി സംസാരഭാഷയില്‍ വലിയ തര്‍ക്കിഷ്‌ സ്വാധീനമുള്ളതായി ഒരു സുഊദി സഹപ്രവര്‍ത്തകന്‍ ഒരിക്കലെനിക്ക്‌ വിവരിച്ചു തന്നതോര്‍ക്കുന്നു. `ഐവ', `ഖലാസ്‌', `തമാം', `അസ്‌കരി' തുടങ്ങി സംസാരഭാഷയില്‍ ധാരാളം പദങ്ങള്‍ തര്‍ക്കിഷ്‌ ആണത്രെ. അതുകൊണ്ടാവാം, ശുദ്ധ അറബിയും (അല്‍ഫുസ്‌ഹ) സ്‌പോക്കണ്‍ അറബിയും ഏറെ വ്യത്യസ്‌തമായിട്ടാണ്‌ നമുക്കനുഭവപ്പെടുന്നത്‌. മറ്റു ഭാഷകളിലും ഈ സവിഷേത കാണാമെങ്കിലും ഇത്ര വലിയ ശൈലീ വ്യത്യാസം മറ്റേതെങ്കിലും ഭാഷയ്‌ക്കുണ്ടോ എന്നറിയില്ല. ക്ലാസ്‌ മുറിയില്‍ നമ്മുടെ ബിരുദ വിഷയങ്ങളോടൊപ്പം `സാദാ ഇന്ത്യന്‍ ഇംഗ്ലീഷ്‌' പരിചയിച്ച ആള്‍ക്കാര്‍ക്കും ഇംഗ്ലീഷുകാരുമായി (Native Speakers) ആശയ വിനിമയം നടത്താന്‍ വലിയ പ്രയാസമൊന്നും കാണാറില്ല എന്നാണനുഭവം. അറബി സംസാരശൈലി അങ്ങനെയല്ല. എളുപ്പം വഴങ്ങുന്നതാണെങ്കിലും അറബി ബിരുദധാരികള്‍ക്കുപോലും അത്‌ വേറെ തന്നെ സംസാരിച്ചു പരിചയിക്കേണ്ട ഒരു രീതിയാണ്‌ (പി മുഹമ്മദ്‌ കുട്ടശ്ശേരി തന്റെ ഹജ്ജ്‌ യാത്രാനുഭവം എഴുതിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചതായോര്‍ക്കുന്നു)
എന്നാല്‍ സാഹിത്യം, പ്രഭാഷണങ്ങള്‍, പത്രങ്ങള്‍, ഖുതുബ തുടങ്ങിയ മേഖലകളിലെല്ലാം കലര്‍പ്പില്ലാത്ത അറബിഭാഷ തന്നെയാണുപയോഗിക്കപ്പെടുന്നത്‌. ദിനപത്രങ്ങളില്‍ അപൂര്‍വമായി ചില ഇംഗ്ലീഷ്‌ സ്വാധീനം കാണാമെങ്കിലും (ഉദാ: സ്‌ത്രതീജിയ, മനൂവരാത്‌, ബര്‍ലമാന്‍, ലിബറാലിയ്യൂന്‍...) തലക്കെട്ടുകളിലും ഉള്ളടക്കത്തിലുമുള്ള പദസമ്പത്ത്‌ പരിശോധിക്കുമ്പോള്‍ ഖുര്‍ആന്‍ തന്നെയാണ്‌ അറബിഭാഷയുടെ മുഖ്യ ചാലകശക്തി എന്നെളുപ്പം മനസ്സിലാവും. 1400-ല്‍ പരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥം ഇന്നും ഒരു ഭാഷാ നിലവാരത്തിന്റെ അളവുകോലായി പരിഗണിക്കപ്പെടുന്നു എന്നത്‌ മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത തന്നെയാണ്‌.
അറബ്‌ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്ന പ്രവാസി സമൂഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവര്‍ പോലുമറിയാതെ അറബി സംസാരശൈലിയില്‍ പ്രാവീണ്യം നേടിയിരിക്കും. എന്നാല്‍ അറബി ഒരു കോളെജ്‌ നിലവാരത്തിലെങ്കിലും പഠിച്ചിട്ടില്ലാത്തവര്‍ക്ക്‌, അവര്‍ ദീര്‍ഘകാലം ഇവിടെ ജോലി ചെയ്യുന്നവരായിട്ടും, അറബി പത്രങ്ങളോ, എഴുത്ത്‌ കുത്തുകളോ ഖുതുബകള്‍ പോലുമോ മനസ്സിലാക്കാനാവുന്നില്ല എന്നത്‌ പരാമര്‍ശമര്‍ഹിക്കുന്ന കാര്യമാണ്‌. ജോലിത്തിരക്കും പിരിമുറുക്കവും നിറഞ്ഞ പ്രവാസ സാഹചര്യം നിലനില്‌ക്കെ അറബി ഒരു ഭാഷ എന്ന നിലക്ക്‌ പഠിച്ചെടുക്കുക എളുപ്പമല്ല. പ്രത്യേകിച്ചും സുഊദിയില്‍ അത്തരം സൗകര്യങ്ങള്‍ പരിമിതവുമാണ്‌. 
എന്നാല്‍ പ്രവാസികള്‍ ആവേശത്തോടെ പങ്കെടുക്കുന്ന ഖുര്‍ആന്‍ ലേണിംഗ്‌ സെഷനുകളും മറ്റു ക്ലാസുകളും സുഊദിയില്‍ കുറവല്ല. ഖുര്‍ആന്‍ അര്‍ഥവും പദങ്ങളും പഠിക്കുന്നതോടൊപ്പം അറബി ഒരു ഭാഷ എന്ന നിലക്ക്‌ പഠിക്കുകയും പരിശീലിക്കുകയും ചെയ്യാന്‍ കഴിയുകയാണെങ്കില്‍ അതൊരു അസുലഭ സൗഭാഗ്യമായിരിക്കും. പ്രത്യേകിച്ചും അറബികള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഏറെ ഫലപ്രദവുമായിരിക്കും. കൂടാതെ വെബ്‌സൈറ്റുകള്‍, സോഫ്‌റ്റ്‌വെയറുകള്‍, മദീന യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്‌ദുര്‍റഹീം ഭാഷാ പഠനത്തിനായി തയ്യാറാക്കിയ പുസ്‌തകങ്ങള്‍, ഈ പുസ്‌തകങ്ങളെ അവലംബിച്ചുകൊണ്ട്‌ ഡോ. ആസിഫ്‌ സാബ്‌ കാനഡയില്‍ വെച്ചു നടത്തിയ അത്യന്തം ഹൃദ്യമായ പഠനക്ലാസുകളുടെ വീഡിയോ ഫയലുകള്‍... അങ്ങനെ താല്‌പര്യമുള്ളവര്‍ക്ക്‌ ധാരാളം പഠന സാമഗ്രികള്‍ ഇന്ന്‌ ലഭ്യമാണ്‌. ബൈലക്‌സ്‌ പോലുള്ള ഇന്റര്‍നെറ്റ്‌ ക്ലാസ്‌റൂമുകളും ഇക്കാര്യത്തില്‍ ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. സംഗീതവും ടി വി, വീഡിയോ വിനോദങ്ങളും മാറ്റി വയ്‌ക്കാന്‍ തയാറുള്ളവര്‍ക്ക്‌ ഒഴിവുസമയവും കണ്ടെത്താനാവുന്നതേ ഉള്ളൂ.


ലൈബ്രറി


മസ്‌ജിദുന്നബവിയിലെ ഒന്നാംനിലയില്‍ വിശാലമായ ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അധിക സന്ദര്‍ശകര്‍ക്കും അറിയില്ല. ആധുനികവും പൗരാണികവുമായ ഗ്രന്ഥങ്ങളുടെ അമൂല്യശേഖരമാണത്‌. ഡി വി ഡികളുമായി ലൈബ്രറി കൗണ്ടറില്‍ ബന്ധപ്പെട്ടാല്‍ ഗ്രന്ഥങ്ങളുടെ സോഫ്‌റ്റ്‌കോപ്പികള്‍ സൗജന്യമായി പകര്‍ത്തിതരും. ഹറമൈനികളിലെ ഖുതുബകളുടെ സോഫ്‌റ്റ്‌കോപ്പികളും ആവശ്യക്കാര്‍ക്ക്‌ ലഭിക്കും. മറ്റൊരു വശത്ത്‌ സ്‌ത്രീകള്‍ക്കും ലൈബ്രറി സൗകര്യമൊരുക്കിയിട്ടുണ്ട്‌. നമസ്‌കാര സമയങ്ങളിലൊഴികെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലധികവും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. സന്ദര്‍ശകര്‍ക്ക്‌ മാത്രമല്ല, വായനാതല്‌പരരായ പ്രവാസികള്‍ക്കുപോലും ഇത്തരം സൗകര്യങ്ങളെക്കുറിച്ച്‌ വേണ്ടത്ര അറിയില്ലെന്ന്‌ അവിടെ കയറി ഇറങ്ങുമ്പോഴൊക്കെ നമ്മള്‍ സംശയിച്ചുപോകും. പള്ളിയോടനുബന്ധിച്ച്‌ പൗരാണിക വസ്‌തുക്കളുടെ ഒരു മ്യൂസിയവും കാണാം. എന്നാല്‍ യാതൊരു തിരുശേഷിപ്പുകളും ഇവിടെ കാണാന്‍ കഴിയില്ല. മാത്രമല്ല, നബിയുടെ തിരുശേഷിപ്പുകള്‍ ഇന്ന്‌ ലോകത്തെവിടെയെങ്കിലും ഉള്ളതായി വിശ്വാസയോഗ്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ്‌ സുഊദി പണ്ഡിത നിലപാട്‌.


ബഖീഉല്‍ ഗര്‍ഖദ്‌


മസ്‌ജിദുന്നബവി കഴിഞ്ഞാല്‍ മദീയില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന പൗരാണിക ചരിത്രപ്രദേശമാണ്‌ ബഖീഉല്‍ ഗര്‍ഖദ്‌. പള്ളിയുടെ കിഴക്കേ മുറ്റത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ പൗരാണിക ശ്‌മശാനത്തില്‍ പതിനായിരത്തോളം സ്വഹാബികള്‍ അന്ത്യവിശ്രമം കൊള്ളുന്നു. `മഖ്‌ബറതു ബഖീഉല്‍ ഗര്‍ഖദി'നെ ഇന്ന്‌ `ജന്നതുല്‍ ബഖീഅ്‌' എന്ന്‌ വിളിച്ചുവരുന്നുണ്ടെങ്കിലും അവിടെ ചൂണ്ടുപലകയില്‍ രേഖപ്പെടുത്തിയത്‌ `ബഖീഉല്‍ ഗര്‍ഖദ്‌' എന്നാണ്‌. ഹദീസുകളിലും ഈ പേര്‍ തന്നെയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. `ബഖീഅ്‌' എന്നാല്‍ പരന്ന സ്ഥലം എന്നാണര്‍ഥം. `ഗര്‍ഖദ്‌' എന്നാല്‍ അവിടെ മുമ്പ്‌ കാലത്ത്‌ ധാരാളമായി കണ്ടുവന്നിരുന്ന ഒരിനം മുള്‍ച്ചെടിയെ സൂചിപ്പിക്കുന്നു. പലപ്പോഴും രാത്രികളില്‍ നബി(സ) അവിടെ പോയി ഏകാന്തനായിരുന്ന്‌ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഖദീജ(റ) ഒഴികെയുള്ള നബി(സ)യുടെ ഭാര്യമാര്‍, നബിയുടെ അഞ്ച്‌ മക്കള്‍, ഖലീഫ ഉസ്‌മാന്‍(റ), ഖാലിദുബ്‌നി വലീദ്‌ തുടങ്ങിയ സ്വഹാബി പ്രമുഖര്‍, ത്വാബിഉകള്‍, പണ്ഡിതന്മാര്‍, കര്‍മശാസ്‌ത്ര പടുക്കള്‍ തുടങ്ങി ഇത്രയധികം മഹദ്‌വ്യക്തിത്വങ്ങള്‍ മറമാടപ്പെട്ട മറ്റൊരു സ്ഥലം ഭൂമുഖത്തുണ്ടാവുകയില്ല.
നിര്‍മിതികളോ ഉറൂസുകളോ നേര്‍ച്ചപ്പെട്ടികളോ ജന്മദിനാഘോഷങ്ങളോ ഇല്ലാതെ നബിയും സ്വഹാബികളും ആ ഖബ്‌റുകളെ ഏതുപോലെ ഉപേക്ഷിച്ചുപോയോ അതേ രൂപത്തില്‍ അവ ഇന്നും നിലനില്‍ക്കുന്നു എന്ന്‌ കാണുമ്പോള്‍ മനസ്സ്‌ നിറയാത്ത മുവഹ്‌ഹിദുകളുണ്ടാവില്ല. അടുത്ത കാലത്ത്‌ (ഏതാണ്ട്‌ 200 വര്‍ഷങ്ങള്‍ക്കപ്പുറം) ശീഅകളും തുര്‍ക്കികളും ബഖീഇല്‍ നിര്‍മിച്ച നിര്‍മിതികളും ഖുബ്ബകളും പിന്നീട്‌ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റപ്പെടുകയായിരുന്നു. ഇന്നും പല ശീഅ വിഭാഗങ്ങളും പ്രത്യേകിച്ചും ഇറാനികളായ, ഖുബൂരി ചിന്താഗതിക്കാരും അതിനെ 'Wahabi Demolition' എന്നാക്ഷേപിച്ചുകൊണ്ട്‌ വിലാപകാല്യം തന്നെ രചിച്ചിട്ടുണ്ട്‌. ഈ നിര്‍മിതികള്‍ എങ്ങനെയും പുനസ്ഥാപിക്കുക എന്നത്‌ ഇറാനീ ശീഅകളുടെ രഹസ്യ അജണ്ടകളില്‍ പെട്ടതാണ്‌.
ബഖീഇലെ ഖബ്‌റുകള്‍ ആരുടേതെല്ലാമാണെന്ന്‌ തിരിച്ചറിയുക സാധ്യമല്ല. അവിടെ നിയോഗിക്കപ്പെട്ട പോലീസുകാരോടോ മതകാര്യവകുപ്പിലെ പണ്ഡിതന്മാരാടോ ചോദിച്ചാല്‍ `അല്ലാഹുവാണെ.. എനിക്കറിയില്ല' എന്നായിരിക്കും മറുപടി. ഇറാനികളും തുര്‍ക്കികളുമായ യാത്രാ സംഘങ്ങളിലെ പല മുദീറന്മാരും ഇതാ ഉസ്‌മാന്റെ(റ) ഖബ്‌ര്‍, അതാ ഫാത്വിമ(റ)യുടെ ഖബ്‌ര്‍ എന്നിങ്ങനെ ഖബ്‌റുകളെ ചൂണ്ടി പറഞ്ഞുകൊടുക്കുന്നത്‌ കാണാം. ഖബ്‌റുകളെ അടയാളപ്പെടുത്തി പറയുന്ന കൊച്ചുകൃതികളും പരസരത്ത്‌ വാങ്ങാന്‍ കിട്ടും. എന്നാല്‍ ഇതെല്ലാം തെളിവില്ലാത്ത ഊഹങ്ങള്‍ മാത്രമാണെന്നാണ്‌ പണ്ഡിതന്മാരുടെ പക്ഷം. അവിടെ നിന്ന്‌ മണ്ണുവാരാന്‍ ശ്രമിക്കുന്നവരെയും അവരോട്‌ പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്നവരെയും പിന്തിരിപ്പിക്കാനും ഉപദേശിക്കാനും ചുമതലയേല്‍പിക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ പലപ്പോഴും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ സാഹസപ്പെടുന്നത്‌ കാണാം. അതോടൊപ്പം ദൂരെ മാറിനിന്ന്‌ പുറത്തെ വേലിക്കെട്ടില്‍ മുഖമമര്‍ത്തി കരഞ്ഞുകൊണ്ടിരിക്കുന്ന ധാരാളം പുരുഷന്മാരെയും ബഖീഇന്റെ പരിസരത്ത്‌ കാണാം.
ബഖീഇല്‍ മറവ്‌ ചെയ്യപ്പെട്ടത്‌ പതിനായിരത്തോളം സ്വഹാബികളാണ്‌ എന്നാണ്‌ ചരിത്രം പറയുന്നത്‌. നബി(സ)യുടെ കൂടെ ഹജ്ജതുല്‍ വദാഇല്‍ ഒരു ലക്ഷത്തോളം സ്വഹാബികള്‍ പങ്കെടുത്തിരുന്നു എന്നാണ്‌ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്‌. അപ്പോള്‍ പിന്നെ ബാക്കിയുള്ള സ്വഹാബിമാര്‍ എവിടെയായിരിക്കും മറമാടപ്പെട്ടത്‌? ധാരാളം സ്വഹാബികള്‍ യുദ്ധത്തിനും ഭരണ നിര്‍വഹണത്തിനുമെന്നപോലെ മതപ്രബോധനത്തിന്‌ വേണ്ടിയും ദൂരദേശങ്ങളിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു. ആ മഹത്‌ത്യാഗത്തിന്റെ ഫലമായിട്ടാണ്‌ ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം അതിവേഗം പ്രവാചകവിയോഗത്തിനു ശേഷം ഏറെ കഴിയുന്നതിനു മുമ്പുതന്നെ ഇസ്‌ലാം വേരുപിടിച്ചത്‌. ലോകത്തിന്റെ ചരിത്രഗതി തന്നെ മാറ്റിയെഴുതിയ മതസന്ദേശമെന്ന്‌ മൈക്കല്‍ എച്ച്‌ ഹാര്‍ട്ട്‌ വിശേഷിപ്പിച്ച വിശ്വാസദര്‍ശനത്തിന്റെ ജീവിക്കുന്ന മാതൃകകളായി ആ അപൂര്‍വ സഞ്ചാരികള്‍ തങ്ങളുടെ ദൗത്യയാത്ര ആരംഭിച്ച വിശുദ്ധ നഗരിയുടെ ഹൃദയമുറ്റത്തേക്ക്‌ തീര്‍ഥാടക പ്രവാഹമായി തിരിച്ചൊഴുകുകയാണിന്ന്‌ മുസ്‌ലിം ഉമ്മത്ത്‌. കാരണം മദീന ഒരു സാധാരണ ഭൂമിയല്ല. ഇസ്‌ലാമിക ചരിത്ര സ്‌മരണകളുടെ ജൈവീക ശേഖരമാണ്‌.


മറ്റു ചില ചരിത്രപ്രദേശങ്ങള്‍


ഭക്തിയില്‍ അടിത്തറയിടപ്പെട്ട ആരാധനാലയം (തൗബ 108) എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇസ്‌ലാമിലെ ആദ്യത്തെ പള്ളിക്ക്‌ നബിയും സ്വഹാബികളും തറയിട്ടത്‌ മസ്‌ജിദുന്നബവിയില്‍ നിന്ന്‌ രണ്ട്‌ നാഴിക മാത്രം അകലെയുള്ള ഖുബാ ഗ്രാമത്തിലായിരുന്നു. ഹിജ്‌റ വേളയില്‍ നബി(സ) മദീനയില്‍ ആദ്യമിറങ്ങി വിശ്രമിച്ച പ്രദേശവും ഖുബാ താഴ്‌വരയാണ്‌. മസ്‌ജിദു ഖുബായില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക്‌ ഒരു ഉംറയുടെ പ്രതിഫലമാണ്‌. നബി(സ) പൊളിച്ചു മാറ്റിയ കപടവിശ്വാസികളുടെ പള്ളി മസ്‌ജിദു ദിറാറും ഇതിനടുത്തായിരുന്നു.
നബി(സ) മദീനയിലായിരിക്കേ ഒന്നര വര്‍ഷത്തോളം ബൈതുല്‍ മുഖദ്ദസിലേക്ക്‌ തിരിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്‌. ഒരിക്കല്‍ ദുഹ്‌ര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കേ കഅ്‌ബയിലേക്ക്‌ തിരിഞ്ഞ്‌ നമസ്‌കരിക്കാന്‍ ഉത്തരവുണ്ടാവുകയും നമസ്‌കാരത്തില്‍ തന്നെ നബിയും കൂടെയുള്ളവരും കഅ്‌ബയിലേക്ക്‌ തിരിഞ്ഞുനില്‍ക്കുകയും ചെയ്‌തു. പ്രസിദ്ധമായ ഈ ചരിത്രസംഭവത്തിന്‌ സാക്ഷിയായ മസ്‌ജിദ്‌ ഖിബ്‌ലതൈന്‍ തിരക്കൊഴിയാത്ത സന്ദര്‍ശക ലക്ഷ്യങ്ങളിലൊന്നാണ്‌. ബൈതുല്‍ മുഖദ്ദസ്‌ ഭാഗത്തേക്കുള്ള മിഹ്‌റാബ്‌ ഇന്നവിടെയില്ല. എന്നാല്‍ ഒരു പ്രവേശന കവാടത്തില്‍ പഴയ മിഹ്‌റാബിന്റെ ദിശ സൂചിപ്പിക്കുന്ന ചിത്രം കണ്ടതായി ഓര്‍ക്കുന്നു. ഖുബായുടെയും ഖിബ്‌ലതൈനിയുടെയും പ്രദേശങ്ങള്‍ മദീനായില്‍ താരതമ്യേന വെള്ളവും പച്ചപ്പും കൂടുതലുള്ള പ്രദേശം കൂടിയാണ്‌.
അങ്ങനെ മദീനയുടെ ചരിത്ര വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. ഉഹ്‌ദിന്റെയും ഖന്‍ദഖിന്റെയും ചരിത്രഭൂമികള്‍ കാണാതെ മദീനാ സന്ദര്‍ശകര്‍ മടങ്ങാറില്ല. (മദീനയില്‍ നിന്ന്‌ 130 കി.മീ. അകലെ കിടക്കുന്ന ബദ്‌ര്‍ അനാചാര പ്രിയരുടെ ശല്യപ്രവര്‍ത്തനങ്ങള്‍ മൂലം പ്രവേശ നിരോധിത മേഖലയാണിന്ന്‌). മദീനയുടെ വടക്ക്‌ മസ്‌ജിദുന്നബവിയോടടുത്ത്‌ കിടക്കുന്ന സല്‍അ്‌ പര്‍വത താഴ്‌വരയിലാണ്‌ ഖന്‍ദഖ്‌ യുദ്ധം നടന്നത്‌. ജബലുസ്സല്‍അ്‌ പിന്നിലായി വരുന്ന രീതിയില്‍ മുസ്‌ലിം സൈന്യവും മുമ്പില്‍ ശത്രു സൈന്യവും; അവര്‍ക്കിടയില്‍ ഏകദേശം 3 കി.മീറ്റര്‍ നീളത്തില്‍ വളയാകൃതിയില്‍ തീര്‍ത്ത കിടങ്ങ്‌ പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസിയുടെ(റ) യുദ്ധതന്ത്രമായിരുന്നു. മദീനയുടെ കിഴക്ക്‌ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ കുന്നും പാറകളും പ്രതിരോധം തീര്‍ത്തപ്പോള്‍ സല്‍അ്‌ മേഖല ഒഴിഞ്ഞുകിടക്കുകയായിരുന്നു. അവിടെയാണ്‌ കിടങ്ങ്‌ കുഴിക്കപ്പെട്ടത്‌.
കിടങ്ങിന്റെ അടയാളങ്ങളൊന്നും ഇന്നില്ല. പ്രകൃതി താണ്ഡവങ്ങള്‍ക്കിടെ ആ ത്യാഗസ്‌മൃതികള്‍ തേഞ്ഞുമാഞ്ഞ്‌ പോവുകയും റോഡും നഗരവും വികസിച്ച്‌ വരികയും ചെയ്‌തുവെങ്കിലും ഒരിക്കലും മായാത്ത ഖന്‍ദഖിന്റെ ഓര്‍മകളുമായാണ്‌ സന്ദര്‍ശകര്‍ അവിടെയെത്തുന്നത്‌. സല്‍അ്‌ പര്‍വതത്തിന്‌ മുകളില്‍ വിപുലീകരിക്കപ്പെട്ട മസ്‌ജിദ്‌ ഫത്‌ഹ്‌ സ്ഥിതി ചെയ്യുന്നു. ഖന്‍ദഖ്‌ യുദ്ധവേളയില്‍ (അഹ്‌സാബ്‌ യുദ്ധം) നബി(സ)ക്ക്‌ ദിവ്യസന്ദേശം ലഭിച്ചതും അന്ന്‌ ശത്രുക്കള്‍ക്കെതിരെ നബി(സ) പ്രാര്‍ഥിച്ചതും ഇവിടെ വെച്ചായിരുന്നു. ഖന്‍ദഖിന്റെ ഭാഗം മസ്‌ജിദുസ്സബ്‌അ്‌ (ഏഴ്‌ പള്ളികള്‍) എന്നറിയപ്പെടുന്നുണ്ട്‌. അവിടെ ആറ്‌ കൊച്ചു പള്ളികള്‍ (മസ്‌ജിദ്‌ സല്‍മാന്‍ അല്‍ഫാരിസി, മസ്‌ജിദു അലി, മസ്‌ജിദ്‌ ഉമര്‍, മസ്‌ജിദ്‌ അബൂബക്കര്‍, മസ്‌ജിദ്‌ സഅദ്‌, മസ്‌ജിദ്‌ ഫതഹ്‌ എന്നിവയോടൊപ്പം മസ്‌ജിദ്‌ ഖിബ്‌ലതൈനിയും ചേര്‍ത്ത്‌ ഏഴ്‌ പള്ളികള്‍) ഉണ്ടായിരുന്നതില്‍ മസ്‌ജിദ്‌ ഫതഹ്‌ ഒഴികെയുള്ളവ പൊളിച്ചുമാറ്റപ്പെട്ടു. അവ നബിയുടെ കാലത്തുള്ളവയാണെന്ന ധാരണയില്‍ വന്‍ സന്ദര്‍ശകപ്രവാഹവും അനുബന്ധാചാരങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അവയുടെ പൗരാണികതയില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്‌. (ഡോ.മുഹമ്മദ്‌ ഇല്‍യാസിന്റെ History of Madina Munawara കാണുക)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: