മാറാന്‍ മടിക്കാതെ ഇസ്‌ലാമിക ആനുകാലികങ്ങള്‍

  • Posted by Sanveer Ittoli
  • at 8:56 AM -
  • 0 comments

മാറാന്‍ മടിക്കാതെ ഇസ്‌ലാമിക ആനുകാലികങ്ങള്‍


വി എസ്‌ എം കബീര്‍


മലയാളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ആനുകാലികങ്ങള്‍ കാലാനുസൃതം മാറിക്കൊണ്ടിരിക്കുന്നു. അവയുടെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്യുന്നു.
ലോകം അതിവേഗം മാറുകയാണ്‌. ഇന്ന്‌ പുതുമയോടെയും കൗതുകത്തോടെയും നാം കൊണ്ടുനടക്കുന്നവ നാളെ പാഴ്‌വസ്‌തുക്കളായി മാറുന്നു. ചവറുകളാണല്ലോ മനുഷ്യനെ ഇന്ന്‌ ഏറ്റവുമധികം അലട്ടുന്നത്‌. ഇവയെല്ലാം എവിടെക്കൊണ്ടുപോയി തള്ളും എന്ന ആലോചന ഉത്തരമില്ലാതെ നീളുകയാണ്‌. മാറ്റങ്ങളുടെ ഗതിവേഗമാണ്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.
മൂന്നാം ലോകരാജ്യങ്ങളിലെ കുഗ്രാമങ്ങളെപ്പോലും `മൂന്നാം തലമുറ' സാങ്കേതിക സംവിധാനങ്ങളില്‍ കീഴടക്കിക്കഴിഞ്ഞു. സ്വപ്‌നലോകത്തിനുമപ്പുറമെന്ന്‌ നാം നിനച്ചിരുന്നവ വിരല്‍തുമ്പില്‍ വിരിയുന്ന വിസ്‌മയകാലമാണിത്‌. ആഗ്രഹങ്ങള്‍ കുതിരപ്പുറത്തേറിയിരുന്ന പഴയകാലമല്ലിത്‌. അതിരുകളില്ലാത്ത ആഗ്രഹങ്ങളെ താലോലിക്കുന്ന പുതുകാലമാണ്‌. ഭൂമിവാസം മടുത്ത മനുഷ്യര്‍ ചൊവ്വാ കുടിയേറ്റത്തിനായി പേരു നല്‍കി അക്ഷമരായി കാത്തിരിക്കുകയാണ്‌. 2022-ല്‍ നടന്നേക്കാവുന്ന ചൊവ്വാ വാസത്തിന്‌ മൂന്നാം ലോക രാജ്യമായ ഇന്ത്യയില്‍ നിന്നുമാത്രം 1800 പേര്‍ അപേക്ഷിച്ചിരിക്കുകയാണ്‌. അഥവാ, ആഗ്രഹങ്ങള്‍ ഭൂമിയുടെ അതിരുകളെപ്പോലും ഭേദിച്ചിരിക്കുന്നുവെന്ന്‌.
സര്‍വ മേഖലകളും അടിമുടി മാറുമ്പോള്‍ മാധ്യമങ്ങളും പരിവര്‍ത്തന പാതയില്‍ മുന്നില്‍ നടക്കുകയാണ്‌. വിവരങ്ങള്‍ ഉടനടി അറിയിക്കുകയല്ല, അപ്പപ്പോള്‍ തന്നെ കൈമാറുകയാണ്‌ മാധ്യമങ്ങള്‍. സംഭവിച്ചത്‌ എന്ത്‌ എന്നറിയാനല്ല, സംഭവിക്കാനിരിക്കുന്നതെന്ത്‌ എന്നറിയാനാണ്‌ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌. അതുകൊണ്ടാണല്ലോ വാര്‍ത്തകളില്‍ `മൂന്നാംകണ്ണ്‌' എന്നും `ആറാമിന്ദ്രിയം' എന്നും മാധ്യമങ്ങള്‍ സ്വയം പരിചയപ്പെടുത്തുന്നത്‌. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെല്ലാം ഈ മത്സരവേദിയില്‍ സജീവമാണ്‌.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഒരുപക്ഷേ ഏറ്റവുമധികം മാറ്റങ്ങള്‍ക്ക്‌ വിധേയമായത്‌ മാധ്യമരംഗമാകും. അതും ദൃശ്യമാധ്യമങ്ങള്‍. ഇവയുടെ ഇടിച്ചുകയറ്റത്തില്‍ വായനയും അച്ചടിയും മരിച്ചു എന്നുപോലും പ്രചാരണമുണ്ടായി. ഇതുപക്ഷേ, വെറും വാക്കായിരുന്നു. മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌, സാങ്കേതികത്തികവോടെ അച്ചടി മാധ്യമങ്ങള്‍ തലയുയര്‍ത്തിത്തന്നെ നിന്നു. ഒന്ന്‌ മറ്റൊന്നിന്റെ ശത്രുവല്ല, മറിച്ച്‌ സഹയാത്രികരാണ്‌ എന്ന തിരിച്ചറിവാണ്‌ ഇക്കാര്യത്തിലുണ്ടാവേണ്ടത്‌. ചാനലുകളും പത്രങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഇതര പ്രസിദ്ധീകരണങ്ങളും സമൂഹത്തിന്‌ ആവശ്യമാണ്‌. പുതിയ പത്രങ്ങളും ചാനലുകളും നാള്‍ക്കുനാള്‍ പിറവിയെടുക്കുന്നത്‌ ഇതുകൊണ്ടാണല്ലോ.
ഇന്ത്യയില്‍ പല മേന്മകള്‍കൊണ്ടും സവിശേഷ പദവിയലങ്കരിക്കുന്ന സംസ്ഥാനമാണ്‌ കേരളം. പ്രബുദ്ധതയും സാക്ഷരതയും തന്നെയാണ്‌ ഇതില്‍ പ്രധാനം. പത്രപ്രസിദ്ധീകരണങ്ങള്‍, കേരളത്തിന്റെ ജനസംഖ്യ നോക്കുമ്പോള്‍ ഇവിടെ താരതമ്യേന അധികമാണ്‌. പത്രം വായിക്കുന്നവരുടെ എണ്ണം പറഞ്ഞല്ല, വായിക്കുന്ന പത്രങ്ങളുടെ എണ്ണം പറഞ്ഞാണ്‌ നാം അഭിമാനിക്കാറുള്ളത്‌. മലയാള അച്ചടി മാധ്യമ പരമ്പരയില്‍ മുതുമുത്തശ്ശിമാര്‍ മുതല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ വരെയുണ്ട്‌. അകാലചരമമടഞ്ഞവയും ഉയിര്‍ത്തെഴുന്നേറ്റവയും ഈ ശ്രേണിയിലുണ്ട്‌. കാലത്തോടൊപ്പം മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌, കെട്ടും മട്ടും മാറ്റി, സാങ്കേതികത്തികവണിഞ്ഞ്‌ ഇവയെല്ലാം വായനാപ്രേമികളുടെ അക്ഷരദാഹം തീര്‍ത്തുകൊണ്ടിരിക്കുന്നു. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, പാരിസ്ഥിതിക സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എല്ലാം തങ്ങളുടെ നയനിലപാടുകളും ആശയാദര്‍ശങ്ങളും പ്രചരിപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള ജിഹ്വകളാണ്‌ ഈ മാധ്യമങ്ങളെല്ലാം. നിറവും മണവും ഗുണവുമെല്ലാം ഇവയുടേത്‌ വിഭിന്നമാവും. പ്രസാധകരുടെ വീക്ഷണങ്ങള്‍ക്കനുസരിച്ച്‌ അക്ഷരങ്ങളും അര്‍ഥങ്ങളും ആശയങ്ങളും ചിലപ്പോള്‍ നിറങ്ങളും വരെ മറിയെന്നും വരാം.

കേരള മുസ്‌ലിംകളും പത്രങ്ങളും

കേരളത്തില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകള്‍ പത്രപ്രസിദ്ധീകരണരംഗത്തും സജീവമാണ്‌. 25 ശതമാനത്തിലധികമാണ്‌ മുസ്‌ലിംകള്‍. 90 ലക്ഷത്തോളം വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍ മത-രാഷ്‌ട്രീയ-വിദ്യാഭ്യാസ സംഘടനകള്‍ ധാരാളമുണ്ട്‌. ഇവയ്‌ക്കെല്ലാം സ്വന്തമായി ജിഹ്വകളുമുണ്ട്‌.
1847-ല്‍ തലശ്ശേരിയില്‍ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയ രാജ്യസമാചാരമാണ്‌ കേരളത്തിലെ ആദ്യപത്രം. എന്നാല്‍ ഇന്ന്‌, കേരളത്തില്‍ ഏറ്റവം കൂടുതല്‍ പത്രപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്ന മുസ്‌ലിംകള്‍ ഒന്നര നൂറ്റാണ്ടു മുമ്പു തന്നെ ഇതിന്‌ തുടക്കം കുറിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌, മുസ്‌ലിം നവോത്ഥാന പ്രസ്ഥാനക്കാര്‍.
1880-ല്‍ സനാഉല്ല മക്‌തി തങ്ങള്‍ സത്യപ്രകാശം എന്ന പേരിലും 1890-ല്‍ പരോപകാരം എന്ന പേരിലും ഓരോ മാസികകള്‍ പുറത്തിറക്കിയിരുന്നു. 1905-ലാണ്‌ വക്കം മൗലവിയുടെ പ്രസിദ്ധമായ സ്വദേശാഭിമാനി പത്രം അച്ചടി തുടങ്ങിയത്‌. മുസ്‌ലിം സമുദായ ഉദ്ധാരണത്തിനു മാത്രമായി മുസ്‌ലിം, അല്‍ഇസ്‌ലാം എന്നീ ആനുകാലികങ്ങളും മൗലവി പുറത്തിറക്കി. അറബിയിലും മലയാളത്തിലും അറബി മലയാളത്തിലുമായി ഒറ്റയ്‌ക്കും കൂട്ടായും നിരവധി പ്രസിദ്ധീകരണങ്ങള്‍ വെളിച്ചംകണ്ടു.
അല്‍അമീന്‍, അല്‍മുര്‍ശിദ്‌, അല്‍മനാര്‍, അല്‍ഇസ്‌ലാഹ്‌... എന്നിങ്ങനെ അത്‌ നീണ്ടുപോകുന്നു. ഇതില്‍ പലതും സ്ഥാപകരുടെ മരണത്തോടെയോ പിന്‍വാങ്ങലോടെയോ അസ്‌തമിച്ചു. അല്‍മനാര്‍ പോലെ ചുരുക്കം ചിലതു മാത്രം കാലത്തെ അതിജീവിക്കുകയും ചെയ്‌തു. സമസ്‌തയുടെ അല്‍ബയാനും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനവും ഇതില്‍ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്‌.
കാലം വീണ്ടും മാറി. മുസ്‌ലിം സംഘടനകള്‍ വര്‍ധിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാംസ്‌കാരിക രംഗത്തും പുതിയ സംഘങ്ങള്‍ പിറവികൊണ്ടു. ഭിന്നിപ്പും പിളര്‍പ്പും സംഘടനാ വര്‍ധനക്ക്‌ നിമിത്തമാവുകയും ചെയ്‌തു. സ്വാഭാവികമായി സംഘടനാ വര്‍ധനക്കൊപ്പം പത്രപ്രസിദ്ധീകരണങ്ങളും വര്‍ധിച്ചു.
ഒന്നിലധികം പിളര്‍പ്പിലൂടെ സമസ്‌ത പല സംഘങ്ങളായി. ഭിന്നത മൂലം മുജാഹിദ്‌ പ്രസ്ഥാനവും രണ്ടായി പിളര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ്‌ ജമാഅത്ത്‌ തുടങ്ങിയവയും പ്രബോധനവീഥിയിലുണ്ട്‌. ഇവയ്‌ക്കെല്ലാം ആശയപ്രചാരണത്തിനായി മുഖപത്രങ്ങളുമുണ്ട്‌. 
പണ്ഡിതര്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക്‌ പ്രത്യേകം ഘടകങ്ങള്‍ രൂപീകരിച്ചാണ്‌ പൊതുവെ മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ഈ ഘടകങ്ങളെയെല്ലാം സംയോജിപ്പിക്കുന്നതാണ്‌ മാതൃസംഘടന. ഇവയില്‍ മിക്ക ഘടകങ്ങള്‍ക്കും സ്വന്തമായി പ്രസിദ്ധീകരണങ്ങളുമുണ്ട്‌. കേരളത്തിലെ മുസ്‌ലിം മതസംഘടനകളുടേതായി മാത്രം 40-ലധികം പ്രസിദ്ധീകരണങ്ങളുണ്ടാകും. ഇവയില്‍ ഭൂരിഭാഗവും നാല്‌ മുഖ്യധാരാ സംഘടനകളുടേതാണ്‌. പഠനഗവേഷണങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന അത്തൗഹീദ്‌, ബോധനം കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള പുടവ, ആരാമം, പൂങ്കാവനം, സന്തുഷ്‌ട കുടുംബം ബാലപ്രസിദ്ധീകരണങ്ങള്‍, അധ്യാപകര്‍ക്കായുള്ള മാഗസിനുകള്‍ എന്നിവ ഇതില്‍പെടും.
ഐ എസ്‌ എം മുഖപത്രമായ ശബാബ്‌, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനം, എസ്‌ കെ എസ്‌ എസ്‌ എഫിന്റെ സത്യധാര, എസ്‌ എസ്‌ എഫിന്റെ രിസാല, തേജസ്‌ എന്നിവയാണ്‌ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ വായിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍. സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍, അവയുടെ പ്രവര്‍ത്തന മികവുകള്‍ എന്നിവ പുറംലോകത്തോട്‌ പറയാനും ഇസ്‌ലാമിക സന്ദേശം തങ്ങളുടെ വാക്കുകളിലൂടെ മറ്റുള്ളവര്‍ക്ക്‌ കൈമാറാനുമുള്ള മാധ്യമമാണ്‌ മുഖപത്രങ്ങള്‍. ഇതോടൊപ്പം സംഘടനക്കപ്പുറത്തും പുറംലോകത്തുമുള്ള സംഭവവികാസങ്ങള്‍, ആശയസംവാദങ്ങള്‍ എന്നിവ പ്രവര്‍ത്തകരിലെത്തിക്കുക എന്ന ധര്‍മവും പ്രസിദ്ധീകരണങ്ങള്‍ നിര്‍വഹിക്കുന്നു.

വായിക്കപ്പെടാത്ത അക്ഷരക്കൂട്ടങ്ങള്‍

എഴുത്തും വായനയും ആഹ്വാനം ചെയ്‌തുകൊണ്ട്‌ അവതരണം ആരംഭിച്ച വിശുദ്ധ വേദത്തിന്റെ വക്താക്കള്‍ അക്ഷരങ്ങളെ വെറുത്തതിന്‌ ചരിത്രപരമായ കാരണങ്ങള്‍ കണ്ടെത്തിയേക്കാം. ഈ സമുദായത്തെ അക്ഷരം പഠിപ്പിക്കാനും അതിന്റെ ഉപാസകരാക്കി പരിവര്‍ത്തിപ്പിക്കാനും കുറെ സുമനസ്സുകള്‍ സമര്‍പ്പിച്ചത്‌ അവരുടെ ജീവിതം തന്നെയായിരുന്നു. ആ ജീവിതങ്ങള്‍ സാര്‍ഥകമായി. മലയാളി മുസ്‌ലിംകളില്‍ ഇന്ന്‌ വായനയുടെ വസന്തം പൂത്തുലഞ്ഞുനില്‌ക്കുകയാണ്‌.
ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ പലതിനും പ്രയോഗക്ഷമം പോലുമല്ലാത്ത കര്‍മശാസ്‌ത്ര പ്രശ്‌നങ്ങള്‍ വിവരിച്ച്‌ എഴുതി നിറച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. വരണ്ടുണങ്ങിയതും ചിതലരിച്ചതുമായ ചര്‍ച്ചകള്‍ക്കായി പുറങ്ങള്‍ നീക്കിവെച്ചു അക്കാലത്ത്‌. ആര്‍ക്കുവേണ്ടിയെന്നോ എന്തിനുവേണ്ടിയെന്നോ തിരിച്ചറിയാതെ ഖണ്ഡന-മണ്ഡനങ്ങള്‍ ഖണ്‌ഠശ പ്രസിദ്ധീകരിക്കപ്പെട്ടു. പരിഹാസ്യജനകമായ പംക്തികളും മാന്യത തീണ്ടാത്ത കോളങ്ങളും ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനംപിടിച്ചു. ഇതെല്ലാം കൊണ്ടു തന്നെ ഇവകളുടെ വായന ന്യൂനാല്‍ ന്യൂനപക്ഷത്തിലൊതുങ്ങി. ആരാലും ഗൗനിക്കപ്പെടാതെ ഇവ പള്ളിവരാന്തകളില്‍ മുഷിഞ്ഞുകിടന്നു. നേതൃത്വങ്ങളുടെ അടിച്ചേല്‌പനകളാല്‍ പേരിനു മാത്രം വില്‌പനക്ക്‌ വെക്കപ്പെട്ടു. മതവും വിഭാഗീയതയും സംഘടനാ പക്ഷപാതിത്വവും ലഹരിയായി കൊണ്ടുനടക്കുന്നവരുടെ കൈപ്പുസ്‌തകങ്ങളായി തരംതാഴ്‌ന്നു ഇവ.
പക്ഷേ, പത്ര നടത്തിപ്പുകാരറിയാതെ, അനുവാചകര്‍ മാറി. നിഷ്‌ഫല ചര്‍ച്ചകള്‍ മാറ്റിവെച്ച്‌ ജീവിതഗന്ധിയായ കാര്യങ്ങള്‍ ഉള്ളടക്കത്തില്‍ വേണമെന്നത്‌ തിരിച്ചറിഞ്ഞത്‌ അങ്ങനെയായിരുന്നു. സംഘടനാ മുഖപത്രം കേവലം സംഘടനയും സംഘടനാ പ്രവര്‍ത്തകരും തമ്മിലുള്ള രഹസ്യഇടപാട്‌ മാത്രമാവരുതെന്നും പ്രതിയോഗികളായ ഇതര സംഘടനകളെ കടിച്ചുകീറാനും ഒതുക്കിയിരുത്താനുമുള്ള മാധ്യമമായിക്കൂടെന്നും സംഘടനാ നേതൃത്വങ്ങള്‍ മനസ്സിലാക്കി. എഴുത്തും വായനയും പഠിക്കരുതെന്ന്‌ ശഠിച്ചിരുന്ന തലമുറയുടെ പിന്‍മുറക്കാര്‍ വായനക്ക്‌ അതിരിടുന്ന പ്രവണതയാണ്‌ കാണിച്ചിരുന്നത്‌. ഏത്‌ വായിക്കണമെന്നും ആരോട്‌ സംസാരിക്കണമെന്നും അണികള്‍ക്ക്‌ തിട്ടൂരം നല്‍കിയിരുന്നു യാഥാസ്ഥിതിക നേതൃത്വം. തിട്ടൂരം ലംഘിച്ച്‌ ഒളിഞ്ഞിരുന്നും മറച്ചുപിടിച്ചും വായിക്കുകയും തിരുവായ്‌ക്ക്‌ എതിര്‍വായാവുകയും ചെയ്‌തവരെ തങ്ങളുടെ വലയത്തില്‍നിന്ന്‌ പുറത്താക്കുകയും ചെയ്‌തു.
അതിരും വിലക്കും പഴങ്കഥയായി. എഴുത്തും വായനയും സ്വതന്ത്രവുമായി. ഇന്റര്‍നെറ്റിന്റെ രംഗപ്രവേശം ഇതിന്‌ ആക്കം കൂട്ടി. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും എഴുത്തിനും വായനക്കും അതിരില്ലാത്ത അവസരങ്ങള്‍ തുറന്നിട്ടു. ഇതോടെ നമ്മുടെ നേതൃത്വങ്ങള്‍ അജണ്ടകള്‍ മാറ്റിയെഴുതി.

പുതുമുഖങ്ങളുമായി മുഖപത്രങ്ങള്‍

മുഖപത്രങ്ങള്‍ പുതുമോടിയണിഞ്ഞു. ഉള്ളടക്കങ്ങള്‍ അടിമുടി മാറി. വിഷയങ്ങളും അവതരണരീതികളും മാറി. എഴുത്തുകാര്‍ പോലും പുതുമുഖങ്ങളായി. മലയാളിയുടെ വായനാ സംസ്‌കാരത്തില്‍ ഇസ്‌ലാമിക പരിച്ഛേദം കൊണ്ടുവരാനും മലയാളികള്‍ക്ക്‌ ഇസ്‌ലാമിനെ വായിക്കാനും കഴിയാവുന്നവയായി യാഥാസ്ഥിതിക പ്രസിദ്ധീകരണങ്ങള്‍പോലും മാറി. തങ്ങളുടെ മുഖപത്രങ്ങള്‍ക്ക്‌ ജനകീയതയും പൊതു സ്വീകാര്യതയും വേണമെന്ന്‌ നേതൃത്വം സ്വയം ഉള്‍ക്കൊള്ളുകയും അണികളെ അത്‌ തെര്യപ്പെടുത്തുകയും ചെയ്‌തു. മുസ്‌ലിംകളുടേതും മുസ്‌ലിംകളോട്‌ സംസാരിക്കുന്നവരുടേതുമാണ്‌ തങ്ങളുടെ മുഖപത്രമെന്ന്‌ നേതൃത്വങ്ങള്‍ അവകാശപ്പെടുന്നിടം വരെയെത്തി കാര്യങ്ങള്‍. നടേ പറഞ്ഞ മുഖ്യധാരാ സംഘടനകളുടെ പ്രധാന ജിഹ്വകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ഇക്കാര്യം വ്യക്തമാവും.
കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ഥി വിഭാഗക്കാരുടെ മുഖപത്രം രിസാല വാരികയുടെ ഒരു ലക്കമെടുക്കാം. ഈ ലക്കത്തിലെ കവര്‍‌സ്റ്റോറി ഐ പി എല്‍ ക്രിക്കറ്റ്‌ വാതുവെപ്പുമായി ബന്ധപ്പെട്ട ലേഖനമാണ്‌. `ഒത്തുകളി അത്ഭുതങ്ങള്‍ സംഭവിക്കില്ല.' എഴുതിയത്‌ രാജീവ്‌ ശങ്കരന്‍. ഇതേ വിഷയത്തില്‍ `കളിക്കളങ്ങളിലെ കളി' എന്ന മറ്റൊരു ലേഖനമുണ്ട്‌. `പെരുന്നയില്‍ രാപ്പാര്‍ക്കുന്നവര്‍' എന്നതാണ്‌ മറ്റൊരു കവര്‍‌സ്റ്റോറി. പിന്നെ കെ ഇ എന്നിന്റെ ഒരു കുറിപ്പും. ഈ ലക്കത്തില്‍ നല്‍കിയ ഫോട്ടോകള്‍ ഇനി പറയുന്നവരുടേതാണ്‌: മോഡി, രാഹുല്‍ഗാന്ധി, ശ്രീശാന്ത്‌, ഉമ്മന്‍ചാണ്ടി, സുകുമാരന്‍ നായര്‍, രമേശ്‌ ചെന്നിത്തല, കെ എം മാണി, പി സി ജോര്‍ജ്‌, കെ സി ജോസഫ്‌, ഗണേശ്‌ കുമാര്‍.... പിന്നെ ക്രിക്കറ്റ്‌ ബോളും നോട്ടുകെട്ടുകളും. ഉള്ളടക്കത്തിന്റെ 50 ശതമാനത്തിലേറെ വരും ഇപ്പറഞ്ഞവ.
തേജസ്‌ ദൈ്വവാരിക രിസാലയെ ഒരടി പിന്നിലാക്കുംവിധമാണ്‌ ഉള്ളടക്കമൊരുക്കുന്നത്‌. ഒരു ലക്കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: കമല്‍ഹാസന്റെ വിവാദ സിനിമയുടെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ലക്കത്തിന്റെ കവര്‍‌സ്റ്റോറി `അമേരിക്കന്‍ ദാസ്യത്തിന്റെ വിശ്വരൂപം.' കെ കെ ബാബുരാജിന്റെ `ഭ്രമകല്‌പനകളും ആവിഷ്‌കാര സ്വാതന്ത്ര്യവും' എന്ന മറ്റൊരു ലേഖനവും ഇവ്വിഷയകമായി കൊടുത്തിരിക്കുന്നു. സി ആര്‍ നീലകണ്‌ഠന്റെ `സി പി എം തോല്‌ക്കുന്ന സമരങ്ങള്‍' എന്‍ എം പിയേഴ്‌സന്റെ `അകം പുകയുന്ന സി പി എം' `സുകുമാരന്‍ നായരും കേരള ഞണ്ടുകളും' `പരശുരാമന്‍ വീണ്ടും മഴുവെറിയുന്നു' തുടങ്ങിയവയാണ്‌ മറ്റു ലേഖനങ്ങള്‍. പിന്നെ ഒരു നോവലും; ജലയുദ്ധം. ആര്യാടന്‍ ഷൗക്കത്ത്‌ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ ചിരിച്ചുനില്‌ക്കുന്ന ചിത്രങ്ങളും പേജ്‌ വിന്യാസത്തില്‍ കടന്നുവരുന്നു. 
സമസ്‌ത ഇ കെ വിഭാഗം വിദ്യാര്‍ഥി സംഘടനയുടെ മുഖപത്രമായ സത്യധാര ഇതില്‍നിന്ന്‌ ഭിന്നമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. രാഷ്‌ട്രീയ സാമൂഹിക നിരീക്ഷണങ്ങള്‍ക്കോ പൊതുവായ വിഷയങ്ങള്‍ക്കോ ഒരു പരിധിവരെ പേജുകള്‍ നല്‍കാറില്ല. അതേസമയം സമ്മര്‍ദ രാഷ്‌ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ ചിലപ്പോള്‍ എമ്പാടും സ്ഥലമനുവദിക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇ കെ - എ പി സുന്നീ വിഭാഗീയതയും, മുജാഹിദ്‌ വിരുദ്ധതയും അക്ഷരക്കൂട്ടങ്ങളായി സത്യധാരയില്‍ നിറയാറുണ്ട്‌. 
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനം വാരികക്ക്‌ ചില ഇഷ്‌ടവിഷയങ്ങളും എഴുത്തുകാരുമുണ്ട്‌. വിദേശ മുസ്‌ലിംരാജ്യങ്ങളിലെ രാഷ്‌ട്രീയ മാറ്റങ്ങളും അവയുടെ വിശകലനങ്ങളും ഇതില്‍ വിഭവങ്ങളാവുന്നു. റാഷിദ്‌ ഗനൂഷിയും ഫഹ്‌മി ഹുവൈദിയും മറ്റും ലേഖകരാവുന്നു. ഈയിടെ ഇറങ്ങിയ ഒരു ലക്കം ഇങ്ങനെ: `പാകിസ്‌താന്‍ ജനാധിപത്യത്തിലേക്ക്‌ വലുതാവുന്നു', `ജനാധിപത്യത്തിന്റെ വിജയം ഫെഡറലിസത്തിന്റെ പരാജയം', `മലേഷ്യന്‍ തെരഞ്ഞെടുപ്പ്‌: പ്രതിപക്ഷത്തിന്‌ ചുവട്‌ പിഴച്ചതെങ്ങനെ?', `ക്രിക്കറ്റ്‌ ലഹരിയുടെ ഐ പി എല്‍ ചൂതാട്ടങ്ങള്‍' `പരല്‍മീന്‍ മാത്രമാണ്‌ ശ്രീശാന്ത്‌' പിന്നെ സ്ഥിരം പംക്തികളും. കാവിരാഷ്‌ട്രീയവും മോഡിയുടെ ഗുജറാത്തും മഅ്‌ദിനിയും പിന്നെ അമേരിക്കന്‍ സാമ്രാജ്യത്വവും തരംപോലെ വിഷയങ്ങളോ കവര്‍‌സ്റ്റോറികളോ ആയി എത്തുന്നു. 

ഉള്ളടക്കം നിലവിടുന്നുവോ?

ഇസ്‌ലാമിക സംഘനടകളുടെ പ്രധാന ചുമതല ഇസ്‌ലാമിക പ്രബോധനമായിരിക്കണമല്ലോ. ഖുര്‍ആനും ഹദീസും ചരിത്രവും സമഞ്‌ജസമായി ചേരുമ്പോള്‍ മാത്രമേ ഇസ്‌ലാമിക സന്ദേശം മുഗ്‌ദമാവുകയുള്ളൂ. ഇവ അറിയാത്തവരിലേക്ക്‌ എത്തിക്കലാണുതാനും ദഅ്‌വത്ത്‌. പ്രബോധന ബാധ്യതയുള്ള സംഘടനകളുടെ നാവായി വര്‍ത്തിക്കേണ്ട മുഖപത്രങ്ങള്‍ ഇക്കാര്യത്തില്‍ എവിടെ നില്‌ക്കുന്നുവെന്ന ആലോചന പ്രസക്തമാവുന്നു ഇവിടെ.
ഖുര്‍ആന്‍ ഹദീസ്‌ പഠനങ്ങള്‍ക്കും ചരിത്ര-കര്‍മശാസ്‌ത്ര പാഠങ്ങള്‍ക്കും എത്രത്തോളം പേജുകള്‍ ഇവ മാറ്റിവെക്കുന്നുണ്ട്‌? രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പാരിസ്ഥിതിക രംഗങ്ങളിലെ ഖുര്‍ആനിക വീക്ഷണം എത്രമാത്രം വെളിച്ചം കാണുന്നുണ്ട്‌? സമകാലിക പ്രതിസന്ധികള്‍ക്കുള്ള ഇസ്‌ലാമിക മറുപടികള്‍ ആരും വായിക്കാത്ത പ്രസിദ്ധീകരണങ്ങള്‍ക്കായി മാറ്റിവെക്കപ്പെടുന്നുണ്ടോ?
ചുരുക്കത്തില്‍, മുഖപത്രങ്ങളുടെ മുഖം മിനുക്കില്‍ അതിരുവിടുന്നുവോ എന്ന്‌ സന്ദേഹിക്കണം. മാതൃഭൂമി, കലാകൗമുദി, മാധ്യമം, മലയാളം, പച്ചക്കുതിര, തുടങ്ങിയവയോട്‌ മത്സരിക്കുമ്പോഴാണ്‌ ഇവ നിലമറക്കുന്നത്‌. വായനക്കാരുടെ പിന്നാലെ എഴുത്തുകാരും പത്രാധിപരും നടക്കുന്നത്‌ വിപണിവല്‍കൃത പത്രപ്രവര്‍ത്തന വഴിയിലാണ്‌.
അനുവാചകരെ ചില നിലപാടുകളിലേക്ക്‌ എത്തിക്കുന്ന സോദ്ദേശ്യ പത്രപ്രവര്‍ത്തനമാണ്‌ മതസംഘടനകളുടെ മുഖപത്രങ്ങള്‍ക്ക്‌ വേണ്ടത്‌. മുഖപത്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുമ്പോഴുള്ള വാക്‌ചാതുരി ഉള്ളടക്കമൊരുക്കുമ്പോള്‍ മറന്നുപോകുന്നുവെന്നതാണ്‌ നേര്‌.

കാലത്തോടൊപ്പം ശബാബ്‌

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ശബ്‌ദമാണ്‌ ശബാബ്‌. 1975-ല്‍ ദൈ്വവാരികയായി തുടങ്ങി. 1985-ല്‍ വാരികയായി മാറിയ ശബാബ്‌ മൂന്നര ദശാബ്‌ദം പിന്നിടുമ്പോള്‍ ഇതിനകം ഏറെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ടാബ്ലോയിഡില്‍ നിന്ന്‌ പുസ്‌തകരൂപത്തിലേക്ക്‌ മാറിയപ്പോള്‍ ഉള്ളും പുറവും മനോഹരമായി. ഖുര്‍ആന്‍ പഠനത്തിനും ഹദീസ്‌ ചരിത്രപംക്തികള്‍ക്കും വീക്ഷണവ്യത്യാസങ്ങളുടെ വിശകലനങ്ങള്‍ക്കും ശബാബ്‌ പേജുകള്‍ നീക്കിവെക്കുന്നു. വിശകലനങ്ങളില്‍ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തുന്നുമുണ്ട്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും യഥോചിതം മറുപടി നല്‍കാനും ശ്രമിക്കുന്നു. കാലത്തിനനുസരിച്ച മാറ്റങ്ങളില്‍ അനിവാര്യമായും ഒഴിവാക്കപ്പെടേണ്ട ചിലത്‌ ഒഴിവായതോടെ ശബാബിന്റെ നിലവാരം ഉയര്‍ന്നുവെന്ന്‌ നിരീക്ഷിക്കുന്നവരുമുണ്ട്‌. ഇത്‌ ശരിയാവാം.
ശബാബിന്റെ മാറ്റങ്ങളില്‍ പ്രധാനം മണ്ണിനോടും മനുഷ്യനോടും ജീവിതപരിസരങ്ങളോടും അത്‌ കൂടുതല്‍ അടുത്തുവെന്നതാണ്‌. ഈയിടെ വന്ന ചില കവര്‍‌സ്റ്റോറികള്‍ അത്‌ വെളിവാക്കുന്നു. `ഇസ്‌ലാമിലെ ഹരിത ദൈവശാസ്‌ത്രം', `കൃഷി ഒരു പുണ്യകര്‍മമാണ്‌; ജീവധര്‍മമാണ്‌', `ജലവര്‍ഷം',`തിരുത്തപ്പെടണം കരിക്കുലവും ക്ലാസ്‌ മുറികളും' തുടങ്ങിയവ ചില ഉദാഹരണങ്ങള്‍.
രാഷ്‌ട്രീയാതിപ്രസരത്തില്‍ മറ്റു പല പ്രസിദ്ധീകരണങ്ങളും മറന്നുപോകുന്ന ഇത്തരം ജീവഗന്ധിയായ വിഷയങ്ങള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നത്‌ വേറിട്ട പ്രയാണം തന്നെയാണ്‌. ഒരു സുന്നീ പണ്ഡിതന്‍ ശബാബിന്‌ അഭിമുഖം നല്‍കിയെന്നതും അത്‌ കവര്‍‌സ്റ്റോറിയാക്കിയതും മാറ്റമാണ്‌. ചുമതല മറക്കാതെ പ്രബോധന പാതയില്‍ മാറ്റങ്ങളുള്‍ക്കൊണ്ട്‌ മുന്നേറുക പ്രയാസമാണ്‌. കൂട്ടത്തിലൊന്നാവുകയല്ല; വേറിട്ട ഒന്നാവുകയാണല്ലോ വേണ്ടത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: