അറബികളെ നികൃഷ്‌ടരാക്കുന്നവര്‍ മലബാര്‍ ചരിത്രം വായിച്ചിട്ടുണ്ടോ?
- സംഭാഷണം -
പരപ്പില്‍ മമ്മത് കോയ /സുഫ്‌യാന്‍
`ബിരുദങ്ങളില്ലാത്ത ചരിത്രകാരന്‍' എന്നാണ് എം ജി എസ് മമ്മത് കോയയെ വിശേഷിപ്പിച്ചിട്ടുള്ളത്. നാട്യങ്ങളില്ലാത്ത ചരിത്രാന്വേഷകന്‍. കോഴിക്കോട് എം എം ഹൈസ്‌കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് ടെക്‌നിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗള്‍ഫ്‌ന്യൂസ്, ഗള്‍ഫ് വോയ്‌സ്, നിരീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്‌തിരുന്നു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയും 2001 ല്‍ വിരമിക്കുകയും ചെയ്‌തു.
കോഴിക്കോടിന്റെ ചരിത്രം തേടി അലഞ്ഞ അപൂര്‍വം വ്യക്തികളില്‍ ജ്വലിച്ചു നില്‌ക്കുന്ന പ്രഭയാണ് മമ്മത് കോയ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ `കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം' ഇന്ന് ചരിത്ര വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും പ്രധാന അവലംബമാണ്. അദ്ദേഹം തന്റെ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത്, പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വെള്ളിയാങ്കല്ല് തുരുത്തില്‍ പോര്‍ച്ചുഗീസ് പടയാളികള്‍ ക്രൂരമായി വധിച്ച ആയിശക്കാണ്. ആയിശയുടെ ചരിത്രം ഇന്നും അപൂര്‍ണമാണ്. ദുരന്ത നായികയായ `ആയിശ' ഇതിവൃത്തമായി പോര്‍ച്ചുഗല്‍ സാഹിത്യത്തെ സമ്പന്നമാക്കിയ ഒരു ദു:ഖകാവ്യമുണ്ട്. അതിനെ വീണ്ടെടുക്കാന്‍ പല വിധേന മമ്മത്‌കോയ ശ്രമിച്ചിരുന്നു. ഇന്നും ശ്രമം തുടരുന്നു. ചരിത്രാന്വേഷണത്തിന്റെ വാതിലുകള്‍ ഇനിയും തുറക്കാനുണ്ടെന്നാണ്, നാം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലാത്ത ആയിശക്കുവേണ്ടി പുസ്‌തകം സമര്‍പ്പിക്കുന്നതിലൂടെ മമ്മത് കോയ ഓര്‍മപ്പെടുത്തുന്നത്.
കേരളത്തിലേക്കുള്ള അറബികളുടെ വരവ്, സ്വാധീനം, ചരിത്രത്തില്‍ എന്നും സ്‌മരിക്കപ്പെടുന്ന സഹിഷ്‌ണുതയുടെ പാഠങ്ങള്‍, മുസ്‌ലിം സാമൂഹ്യ ജീവിതം തുടങ്ങിയവയെക്കുറിച്ച് പരപ്പില്‍ മമ്മത് കോയ സംസാരിക്കുന്നു.
അറബികളും അറബ് സ്വാധീനവും ഇടക്കിടെ വിവാദമാകാറുണ്ട്. കേരളത്തിലേക്കുള്ള അറബികളുടെ വരവ്, സ്വാധീനം, സംഭാവനകള്‍ തുടങ്ങിയ പലതും ഏറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മലബാറിലെ മുസ്‌ലിംകളുടെ ചരിത്രം അറബികളോട് കടപ്പെട്ടിരിക്കുന്നത് എങ്ങനെയൊക്കെയാണ്?
പ്രവാചകന്റെ കാലത്തിനു മുമ്പേ അറേബ്യയുമായി കച്ചവടബന്ധം നിലനിന്നിരുന്ന തുറമുഖ നഗരമാണ് കോഴിക്കോട്. ലോക ചരിത്രത്തില്‍ അതിന് പ്രത്യേക സ്ഥാനമുണ്ട്. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കയില്‍ പോയി എന്നൊക്കെ ചരിത്രമുണ്ടല്ലോ? ഒരു പെരുമാള്‍ മക്കത്തു പോയെന്ന സംഭവത്തിന് പ്രബലമായ തെളിവുകള്‍ ലഭിക്കുമ്പോള്‍ ഇല്ലെന്ന വാദത്തിന് ബലഹീനമായ തെളിവുകളേയുള്ളൂ. എം ജി എസ് എന്നോട് പറഞ്ഞത് നിങ്ങള്‍ നല്‌കിയത്ര തെളിവുകള്‍ ചേരമാന്റെ കാര്യത്തില്‍ ആരും നല്‍കിയിട്ടില്ല എന്നാണ്. ചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഒമാനിലെ കലാഹാറ്റ്, കറയ്യാറ്റ് തുടങ്ങിയ തുറമുഖങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്കും, മലയാളി തീരത്തെ മറ്റു തുറമുഖങ്ങളിലേക്കും അറബികളായ കച്ചവടക്കാര്‍ വന്നിരുന്നു. അവരില്‍ നിന്നാണ് പ്രവാചകനെക്കുറിച്ചും ഇസ്‌ലാം മതത്തെക്കുറിച്ചും ബാണപ്പെരുമാളിന് വിവരം ലഭിക്കുന്നത്. പക്ഷേ, നമ്മുടെ ചരിത്രകാരന്മാര്‍ക്ക് ഏതെങ്കിലും വസ്‌തുതകളെ അതറിയുന്ന കേന്ദ്രങ്ങളില്‍ ചെന്ന് തന്നെ അന്വേഷിക്കണമെന്ന് തോന്നാറില്ലല്ലോ? അതുകൊണ്ടാണ് ളുഫാറിലെ ചേരമാന്‍ പെരുമാളിന്റെ ഖബര്‍ അവിടെയില്ലെന്ന് ബ്രിട്ടീഷ് റസിഡന്റ് വഴിയുള്ള അന്വേഷണത്തിലൂടെ തീര്‍ച്ചപ്പെടുത്തിയത്!. അവിടെ ചെന്ന് നേരിട്ട് അന്വേഷിക്കാനുള്ള ഗവേഷണ പാടവമാണുണ്ടാവേണ്ടത്. നമുക്ക് ചരിത്രകാരന്മാര്‍ ധാരാളമുണ്ട്, ചരിത്രാന്വേഷകരില്ല.
കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്‌ലിംകളുടെ സാംസ്‌കാരിക പശ്ചാത്തലം ഏതെല്ലാം ഘടകങ്ങളുടെ മിശ്രിതമാണ്? അറബികള്‍ മാത്രമല്ലല്ലോ ഇവിടെ വന്നിട്ടുള്ളത്.
വാസ്‌കോഡഗാമ കോഴിക്കോട്ടെത്തിയപ്പോള്‍ സ്‌പാനിഷ് സംസാരിക്കുന്ന ഒരാളെ കണ്ടുവെന്നും അയാളോട് സംസാരിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതും തദ്ദേശീയനായ ഒരു മുസ്‌ലിമാണ്. സ്‌പെയിനില്‍ നിന്നൊക്കെ ഇവിടേക്ക് പല ആവശ്യങ്ങള്‍ക്കായി പലരും എത്തുകയും താമസമാക്കുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്നെ അറബ് സംസ്‌കാരം മാത്രമാണ് ഇവിടുത്തെ മുസ്‌ലിംകളില്‍ ശേഷിച്ചതെന്ന് പറയാനാവില്ല. പോര്‍ച്ചുഗീസുകാരുടെയും മറ്റു പലരുടെയും സ്വാധീനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അറബികളെ പ്രത്യേകമായി തന്നെ കേരളത്തില്‍ സ്വീകരിച്ചിരുന്നു. അവര്‍ക്ക് വ്യാപാരാവശ്യങ്ങള്‍ക്കായി സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്. അറബികളില്‍ ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ച സംസ്‌കാരികമായ മൂല്യങ്ങളും സ്വഭാവ സവിശേഷതകളുമാണ് അതിനു കാരണം. സാമൂതിരിയെ പോലുള്ളവര്‍ അറബികള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‌കിയിരുന്നത്. നായര്‍ യുവതികളെ അവര്‍ക്കു വിവാഹം കഴിപ്പിച്ചു കൊടുത്തതും സാമൂതിരിയാണ്. സാമൂതിരിയുടെ വിശാല മനസ്‌കതയും സഹിഷ്‌ണുതയും ഇവിടുത്തെ സാമുദായിക മൈത്രിക്ക് വലിയ കാരണമായിട്ടുണ്ട്. സാമൂതിരിയുടെ പ്രിയപ്പെട്ട പ്രജകളായിരുന്നു മുസ്‌ലിംകള്‍.
`സാമൂതിരിയുടെ പ്രിയപ്പെട്ട പ്രജകള്‍' എന്ന പേരില്‍ ഒരധ്യായം തന്നെ താങ്കളുടെ പുസ്‌തകത്തിലുണ്ട്.
അന്നത്തെ മുസ്‌ലിംകളുടെ സംസ്‌കാരത്തെ സ്വീകരിക്കാന്‍ അമുസ്‌ലിംകള്‍ വരെ തയ്യാറായിരുന്നു. ഖുറാസാനിലെ രാജാവിന്റെ കത്തുമായി അബ്‌ദുറസാഖ് സാമൂതിരിയെ ക്ഷണിക്കുന്നത് ഇസ്‌ലാമിലേക്കാണല്ലോ? ഒരു രാജാവിന്റെ അടുക്കല്‍ ചെന്ന് നേരിട്ട് മതം പ്രബോധനം ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എത്രമാത്രം സഹിഷ്‌ണുതാപരമായിരുന്നു അക്കാലം എന്നൂഹിക്കാന്‍ സാധിക്കും. റസാഖിന്റെ ക്ഷണത്തില്‍ സാമൂതിരി കോപിച്ചില്ല, ഞാന്‍ പഠിക്കട്ടെ എന്നാണ് പ്രതികരിച്ചത്. അനേകം പള്ളികള്‍ക്ക് സ്ഥലവും പള്ളി തന്നെയും നിര്‍മിച്ചു കൊടുത്ത സാമൂതിരിയുടെ രാജ്യത്ത് ഇന്നത്തെ സ്ഥിതി എന്താണ്? സാമുദായിക ധ്രുവീകരണം ഏറെ അധികരിച്ചിരിക്കുന്നു.
അറബികളും സാമൂതിരിയും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു? നേരത്തെ പറഞ്ഞ ഖുറാസാന്‍കാരനായ സഞ്ചാരി ആബ്‌ദുറസാഖാണ് സാമൂതിരിയെ വിദേശങ്ങളില്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇടയാക്കിയത്. ഇതേക്കുറിച്ച് ഒന്നുകൂടി?
മത പ്രചാരണവും കച്ചവടവും ഒന്നിപ്പിച്ച് അറബികള്‍ കോഴിക്കോടിന്റെ തീരത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കി. അറബികള്‍ക്ക് പള്ളി പണിയാനും നായര്‍ സ്‌ത്രീകളെ വിവാഹം ചെയ്യാനുമുള്ള അനുവാദം സാമൂതിരി നല്‌കി. നിരവധി വ്യാപാരാനുകൂല്യങ്ങള്‍ കൂടി നല്‌കി, ഇന്ത്യയില്‍ മറ്റൊരു തുറമുഖത്തേക്കും ആകര്‍ഷിക്കപ്പെടാതെ ഇവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിച്ചു.
സാമൂതിരിയുടെ ഈ ഔദാര്യം അറബ് നാടുകളില്‍ പ്രസിദ്ധമായി. കൂടുതല്‍ കച്ചവട സംഘങ്ങള്‍ ഇവിടെയെത്തി. ദീര്‍ഘകാലം ഇവിടെ കഴിയേണ്ടി വരുന്നതിനാല്‍, പല കോവിലകങ്ങളില്‍ നിന്നും സ്‌ത്രീകളെ അറബികളുടെ ഭാര്യമാരാവാന്‍ സാമൂതിരി അനുവദിച്ചു. അറബികള്‍ മുഖേന ചൈന, പേര്‍ഷ്യ, ഈജിപ്‌ത്, യൂറോപ്പ് എന്നിവിടങ്ങളിലും സാമൂതിരിയുടെ പ്രശസ്‌തി ചെന്നെത്തി. സാമൂതിരിയുടെ സമ്പത്തും പ്രശസ്‌തിയും അധികരിച്ചതിനു പിന്നില്‍ അറബികളും മുസ്‌ലിം പ്രമാണികളുമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. പുറം രാജ്യങ്ങളുമായി കച്ചവടം നടത്തുന്നതിനുള്ള പരിപൂര്‍ണ അവകാശം (Exclusive Monopoly) മുസ്‌ലിംകള്‍ക്ക് നല്‌കി. അതുകൊണ്ടാണ് മുസ്‌ലിംകളെ, സാമൂതിരിയുടെ പ്രിയപ്പെട്ട പ്രജകള്‍ എന്നു ഞാന്‍ വിശേഷിപ്പിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ ഒത്താശ ചെയ്‌തത് സാമൂതിരിയാണെന്ന് നേരത്തെ പറഞ്ഞല്ലോ. മുസ്‌ലിംകള്‍ക്കിടയില്‍ ഖാസിയെ നിശ്ചയിച്ചിരുന്നതും സാമൂതിരി തന്നെയാണ്. അന്ന് വെള്ളിയാഴ്‌ച പള്ളിയില്‍ പോകാത്ത മുസ്‌ലിംകള്‍ക്ക് പിഴ ശിക്ഷ നല്‌കിയിരുന്നു.
ചരിത്രത്തില്‍, വളരെ ഉദാത്തമായ സാമുദായിക ബന്ധങ്ങളും സഹിഷ്‌ണുതയും കാണാമെങ്കിലും വര്‍ഗീയതയും മതവൈരവും വളര്‍ത്താനാണ് പലപ്പോഴും ചരിത്രം ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണത്തിന് ടിപ്പുവിന്റെ ചരിത്രം അത് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണല്ലോ?
എത്രകാലം മുസ്‌ലിംകള്‍ ഈ രാജ്യം ഭരിച്ചിട്ടുണ്ട്. അതിനിടയില്‍ ഒരിക്കല്‍ പോലും തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ ക്ഷേത്ര ധ്വംസനം നടന്നതായി കാണാന്‍ കഴിയില്ല. ടിപ്പുവിന്റെ ചരിത്രം ഏറെ വികൃതമാക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജൈന്‍സ് ടെംപിള്‍ എന്‍ എം നമ്പൂതിരിയുട കൂടെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ഒരു വാതില്‍ അടച്ചിട്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ടിപ്പുവിന്റെ പടയോട്ടത്തിന്റെ അന്ന് അടച്ചിട്ടതാണീ വാതില്‍ എന്നായിരുന്നു അന്വേഷിച്ചപ്പോഴുള്ള മറുപടി. അങ്ങനെയെങ്കില്‍ ടിപ്പു ഈ ക്ഷേത്രത്തിന് സ്വത്ത് എഴുതി വെച്ചതായി രേഖയുണ്ടല്ലോ എന്ന് നമ്പൂതിരി പറഞ്ഞു. സത്യത്തില്‍ ഇതെല്ലാം വളരെ വികലമാക്കപ്പെട്ട ചരിത്രങ്ങളാണ്. ഹൈദരലിയുടെ കാലത്ത് തിരുന്നാവായയില്‍ ക്ഷേത്രം അക്രമിച്ചുവെന്നത് സത്യമാണ്. പക്ഷേ, അത് അന്നാട്ടിലെ ഹിന്ദുക്കളായ അധകൃതരുടെ അഭ്യര്‍ഥന പ്രകാരം ബിംബങ്ങള്‍ക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന സ്വര്‍ണവും മറ്റുമെല്ലാം പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. തകര്‍ത്തു കളയുക എന്ന ഉദ്ദേശ്യത്തിലുള്ള ക്ഷേത്ര ധ്വംസനം ഒന്നും നടന്നിട്ടില്ലെന്നു വേണം കരുതാന്‍.
കോഴിക്കോട്ടെ മുസ്‌ലിം സാമൂഹ്യ ജീവിതത്തില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന ഒന്നാണല്ലോ കോയമാര്‍. എന്താണതിന്റെ ചരിത്രം.
കോഴിക്കോട് തുറമുഖത്തിന്റെ അധികാരം കൈയാളിയിരുന്ന മുസ്‌ലിംകള്‍ക്ക് നല്‌കിയിരുന്ന സ്ഥാനപ്പേരാണ് ഷാബന്തര്‍ കോജ. പേര്‍ഷ്യന്‍ ഭാഷയില്‍ ഷാ എന്നാല്‍ രാജാവെന്നും ബന്തര്‍ എന്നാല്‍ തുറമുഖമെന്നുമാണ്. ഷാബന്തര്‍ കോജ, കാലാന്തരത്തില്‍ ഷാബന്തര്‍ കോയ ആയി മാറി. കോജ എന്നാല്‍ അറിവുള്ളവര്‍ എന്നാണര്‍ഥം. വിദേശ വ്യാപാരികളുടെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതും അവരുടെ ചരക്കുകള്‍ക്ക് സംരക്ഷണം നല്‌കുന്നതും കോയമാരുടെ ചുമതല ആയിരുന്നു. തുറമുഖത്ത് മാത്രമല്ല, കോഴിക്കോട്ടങ്ങാടിയുടെ മൊത്തം മേല്‍ക്കോയ്‌മയും അവര്‍ക്കായിരുന്നു. മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍ എന്ന സ്ഥാനം, രാജാവിന്റെ വലതു ഭാഗത്ത് നില്‍ക്കാനുള്ള അധികാരം തുടങ്ങിയ വിശിഷ്‌ട പദവികള്‍ അന്ന് അവര്‍ക്കുണ്ടായിരുന്നു. 1350 ല്‍ വള്ളാട്ടിരി സ്വരൂപത്തോട് യുദ്ധം ചെയ്‌ത് തിരുന്നാവായ പിടിച്ചടക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷനായി വാഴാന്‍ സാമൂതിരിയെ സഹായിച്ചത് കോഴിക്കോട്ടെ കോയമാരും അവരുടെ മുസ്‌ലിം പടയാളികളുമാണ്.
അറബികളിലേക്കു തന്നെ തിരിച്ചുവരാം. മലബാറിന്റെ ചരിത്രത്തില്‍ അറബികള്‍ക്ക് വലിയ സ്ഥാനവും ആദരവുമുണ്ടെങ്കിലും ഇപ്പോള്‍ പല രൂപത്തില്‍ അറബികള്‍ മോശമായാണ് ചിത്രീകരിക്കപ്പെടുന്നത്.
അത് ഏറെക്കുറെ ശരിയാണ്. നമ്മുടെ നാട്ടില്‍ പല വിദേശികളും വന്നിട്ടുണ്ടെങ്കിലും ഒരു രാജാവ് തന്നെ ഏറെ സഹായങ്ങളും ആനുകൂല്യങ്ങളും ചെയ്‌തുകൊടുത്തിട്ടുണ്ടാവുക അറബികള്‍ക്കായിരിക്കും. നമ്മുടെ സംസ്‌കാരത്തില്‍ പല വിദേശ രാജ്യങ്ങളിലെ മൂല്യങ്ങളും ധാര്‍മികതയും കടമെടുത്തിട്ടുണ്ടെങ്കിലും, അറബികളില്‍ നിന്ന് അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ സ്വാധീനങ്ങളുണ്ടായിട്ടുള്ളത്. അതിനു കാരണം അറബികളുടെ സ്വഭാവ വൈശിഷ്‌ട്യം തന്നെയാണ്. ഇപ്പോള്‍ മാത്രമല്ല, പലപ്പോഴും ചരിത്രത്തില്‍ അറബികളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്.
പക്ഷേ, പല നിഗമനങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീടാണ് തെളിയുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇബ്‌നു മാജിദിനെക്കുറിച്ചുള്ള ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടത്. ഷാര്‍ജ ഭരണാധികാരികൂടിയായ സുല്‍ത്താന്‍ മുഹമ്മദ് കാസിമാണ്, ഇബ്‌നുമാജിദ് അല്ല വാസ്‌കോ ഡ ഗാമക്ക് കേരളത്തിലേക്കു വഴി കാണിച്ചതെന്ന് ഗാമയുടെ ഡയറി തന്നെ ഉപയോഗപ്പെടുത്തി തെളിയിച്ചത്. വര്‍ഷങ്ങളായി ഇബ്‌നു മാജിദ് എന്ന അറബി പൗരന്റെ മേല്‍ പഴിചാരിയിരുന്ന കുറ്റമാണ് ഇതോടെ ഇല്ലാതാകുന്നത്.
കേരളത്തില്‍ നിന്ന് നിരവധി വിദേശികള്‍ വിവാഹം കഴിച്ചിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. എന്നാല്‍ അറബികളുമായി നടത്തുന്ന വിവാഹം പലപ്പോഴും വിവാദമാകാറുണ്ടല്ലോ?
അതൊരു പുതിയ പ്രവണതയായാണ് എനിക്ക് തോന്നുന്നത്. കാരണം കോഴിക്കോടിന്റെ പൂര്‍വിക ചരിത്രം പരിശോധിച്ചാല്‍ നിരവധി അറബിക്കല്യാണങ്ങള്‍ കാണാന്‍ സാധിക്കും. അന്നതൊരു അനിവാര്യതയായിരുന്നു. അത്തരം കല്യാണങ്ങള്‍ സ്വാഭാവികവുമായിരുന്നു. മലബാറിലെ എത്രയോ കുടുംബങ്ങള്‍ സമ്പന്നത കൈവരിച്ചതിനു പിന്നില്‍ ഇത്തരം കല്യാണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് അറബികള്‍ സമ്പന്നതയുടെ ഉത്തുംഗതയിലാണ്. എല്ലാവരും അവരെ തേടിപ്പോവുകയാണ്. മുമ്പ് സമ്പന്നതയുടെ തീരം തേടിയായിരുന്നു അവരുടെ യാത്ര. അങ്ങനെയാണല്ലോ കോഴിക്കോട്ടും എത്തുന്നത്. പക്ഷേ, ഇന്ന്‌് അറബിക്കല്യാണങ്ങളുടെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പലരും ഇവിടെ വന്ന് വിവാഹിതരായിട്ടുണ്ട്.
യോഗയും കളരിയും പഠിക്കാന്‍ വന്ന നിരവധി ഇംഗ്ലീഷുകാരും ജര്‍മന്‍കാരും ഇവിടെ നിന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഇനി വിവാഹ മോചനമാണ് പ്രശ്‌നമെങ്കില്‍, ആര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത്? 1981 ല്‍ മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വം വിവാഹമോചനം അധികരിക്കുന്നതിന് കാരണമാകുന്നുവെന്ന് ഇ എം എസ് വിമര്‍ശനമുന്നയിച്ചപ്പോള്‍ അതിനു മറുപടിയായി വന്ന ഒരു ലേഖനം ഞാന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമേരിക്കയുടെ ആരോഗ്യവകുപ്പ് പുറത്തുവിട്ട വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ഇറ്റലി, ജപ്പാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്റ്, ചെക്കോസ്ലാവാക്യ, സ്വീഡന്‍, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളിലാണ് വിവാഹമോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത്. ഒരൊറ്റ മുസ്‌ലിം രാജ്യം പോലും ആ ലിസ്റ്റിലില്ല. മതനിഷേധികളുടെ നാടായ അന്നത്തെ സോവിയറ്റ് യൂണിയനാണ് ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്; ഒമ്പത് ലക്ഷം വിവാഹ മോചനങ്ങള്‍! ഇത് 81ലെ സ്ഥിതിയാണ്. പുതിയ കാലത്ത് അത് എത്രത്തോളമായിരിക്കുമെന്ന് ഊഹിച്ചാല്‍ മതി.
ഇപ്പോള്‍ അറബികള്‍ക്കെതിരില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ദുഷ്‌പ്രചാരണങ്ങളുടെ കാരണമെന്തായിരിക്കാം? വ്യത്യസ്‌ത സമുദായങ്ങള്‍ക്കിടയില്‍ പൊതു ഇടങ്ങള്‍ ഇല്ലാത്തതായിരിക്കുമോ പ്രശ്‌നത്തിന്റെ കാതല്‍?
നാം നമ്മിലേക്ക് തന്നെ കൂടുതല്‍ കുടുസ്സായിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വൈവിധ്യങ്ങളായ സാംസ്‌കാരിക ധാരകളെ മതവിശ്വാസത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന ധാരണ പോലുമില്ലാത്ത ചില നിലപാടുകള്‍ നമുക്ക് അപകടം ചെയ്യും.
പോർച്ചുഗൽ സാഹിത്യത്തിലെ മികച്ച ദുഃഖകാവ്യമായ "ആയിശ" യെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ അത്യാവശ്യമാണ്.
ആയിശ എന്ന ദുഃഖ കാവ്യ കൃതിയെ കുറിച്ചും രചയിതാവിനെ കുറിച്ചും വിശദമായി അറിയാൻ താൽപര്യപ്പെടുന്നു
മറുപടിഇല്ലാതാക്കൂ