ഇമാം ശാവലിയ്യുല്ല അദ്ദഹ്‌ലവി ഇസ്‌ലാമിക ചിന്താവിഹായസ്സിലെ ഇന്ത്യന്‍ നക്ഷത്രം

  • Posted by Sanveer Ittoli
  • at 9:08 AM -
  • 0 comments

ഇമാം ശാവലിയ്യുല്ല അദ്ദഹ്‌ലവി ഇസ്‌ലാമിക ചിന്താവിഹായസ്സിലെ ഇന്ത്യന്‍ നക്ഷത്രം




എം എം നദ്‌വി



ദഹ്‌ലവിയുടെ ജനനം ഹി. 1114 ശവ്വാല്‍ 4-ാം ന്‌ ബുധനാഴ്‌ച (ക്രി. 1702)യായിരുന്നു. ഡല്‍ഹിയുടെ സമീപം മുസഫര്‍ ജില്ലയിലെ ഫുല്‍ത്‌ ഗ്രാമത്തിലാണ്‌ ആ സൂര്യന്‍ ഉദിച്ചത്‌. പണ്ഡിതവര്യനായിരുന്ന ശാ അബ്‌ദുര്‍റഹീമിന്റെയും ശൈഖ്‌ മുഹമ്മദ്‌ ഫുല്‍തിയുടെ പുത്രി ഖൈറുന്നിസയുടെയും രണ്ടു മക്കളില്‍ ആദ്യപുത്രനായിരുന്നു അദ്ദേഹം. ശാ അബ്‌ദുര്‍റഹീമിന്റെ ആദ്യ വിവാഹത്തിലെ ഏക പുത്രന്‍ യുവാവായപ്പോള്‍ മരണപ്പെട്ടുപോയി. ആ മനോവേദനയില്‍ കഴിയുമ്പോള്‍ ഉടലെടുത്ത ചിന്തയിലെ രണ്ടാം വിവാഹമാണ്‌ ശാ വലിയ്യുല്ലയുടെ വരവിനു കാരണമായത്‌.


വംശപരമ്പര


ഇമാം ശാവലിയ്യുല്ലയുടെ വംശാവലി അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്താബില്‍ ചെന്നു ചേരുന്നു. പിതൃവംശസൂചിക ഇപ്രകാരമാണ്‌: ശാഅബ്‌ദുര്‍റഹീം, ശഹീദുദ്ദീന്‍ വജീഹുദ്ദീന്‍, മുഅദ്ദം, മന്‍സൂര്‍, അഹ്‌മദ്‌, മഹ്‌മൂദ്‌, ഖിവാമുദ്ദീന്‍ ഉര്‍ഫ്‌ ഖാസീക്വാദിന്‍, ഖാദീ ഖാസിം, ഖാദീകബീര്‍ ഉര്‍ഫ്‌ഖാദീകദ:, അബ്‌ദുല്‍ മലിക്‌, ഖുത്വുബുദ്ദീന്‍ കമാലുദ്ദീന്‍, ശംസുദ്ദീന്‍ മുഫ്‌തി, ശേര്‍മാലിക്‌, മുഹമ്മദ്‌ അത്വാമലിക്‌, അബുല്‍ ഫത്‌ഹ്‌ മലിക്‌, ഉമര്‍ ഹാകിം മലിക്‌, ആദില്‍ മലിക്‌, ഫാറൂഖ്‌, ജബര്‍ ജീസ്‌, അഹ്‌മദ്‌ മുഹമ്മദ്‌ ശഹര്‍യാന്‍, ഉഥ്‌മാന്‍, മാഹാന്‍, ഹുമയൂണ്‍, ഖുറൈശ്‌, സുലൈമാന്‍, അഫ്‌ഫാന്‍, അബ്‌ദുല്ലാ മുഹമ്മദ്‌, അബ്‌ദുല്ലാഹിബ്‌ന്‍ ഉമറുബ്‌ന്‍ ഖത്താബ്‌(റ). ശാ വലിയ്യുല്ലാഹി(റ)യുടെ മുപ്പതാമത്തെ പിതാമഹനാണ്‌ അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്താബ്‌.
ഈ വംശപരമ്പരയിലെ പതിമൂന്നാമത്തെ പിതാമഹന്‍ ശംസുദ്ദീന്‍ മുഫ്‌തിയാണ്‌ ആദ്യമായി ഇന്ത്യയിലെത്തിയത്‌. അദ്ദേഹം റുഹ്‌തകില്‍ താമസം തുടങ്ങിയത്‌ ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആകാനാണ്‌ സാധ്യത. അന്ന്‌ താര്‍ത്താരികളുടെ ആക്രമണഫലമായി മുസ്‌ലിം ലോകത്തിന്റെ പൗരസ്‌ത്യനാടുകളായ ഇറാഖ്‌, ഇറാന്‍, തുര്‍ക്കി മുതലായ ഭൂപ്രദേശങ്ങള്‍ മുഴുവനും കൊള്ളയും കവര്‍ച്ചയും ചെയ്യപ്പെട്ടു. സര്‍വനാശത്തിന്‌ വിധേയമായ ആ നഗരങ്ങളില്‍ നിന്ന്‌ ധാരാളം വിദ്യാസമ്പന്നരും മാന്യമായ ജീവിതം നയിച്ചിരുന്നവരും ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്തു. അവര്‍ കൊള്ളയും കൊലയും നടത്തിയില്ലെന്ന്‌ മാത്രമല്ല കാലക്രമത്തില്‍ ഈ നാടിനെ ലോകോത്തര സംസ്‌കാരത്തിന്റെ കേന്ദ്രമാക്കി ഉയര്‍ത്തി. വിജ്ഞാനത്തിനും ഹൃദയസംസ്‌കരണത്തിനും ദൈവബോധത്തിനും ഉതകുന്ന വര്‍ണാഭമായ ഭവനങ്ങള്‍ സ്ഥാപിച്ചു. അവിടെ ശാന്തമായ അന്തരീക്ഷത്തില്‍ സൃഷ്‌ട്യുന്മുഖമായ കലയും സാഹിത്യവും ഗവേഷണവും കൂടിച്ചേരാന്‍ അവസരമൊരുക്കി.
പൗരസ്‌ത്യഭാഗത്തേക്കു വരുന്നവരെല്ലാം ഡല്‍ഹിയിലെത്തുന്നതിന്‌ മുമ്പ്‌ ഇറങ്ങിത്താമസിക്കുന്ന ഒരു ഇടത്താവളമായിരുന്നു റുഹ്‌തക്‌. ഇസ്‌ലാമിക പ്രബോധകരും മറുനാട്ടില്‍ നിന്നുവരുന്ന സൈന്യവും പട്ടാളവുമെല്ലാം അവിടെ തങ്ങിയിരുന്നു. റുഹ്‌തക്‌ വെളിച്ചം പകര്‍ന്ന ഖുറൈശികളില്‍ ആദ്യ വ്യക്തി ശംസുദ്ദീന്‍ മുഫ്‌തിയാണ്‌. കാലാന്തരത്തില്‍ അവിടം പണ്ഡിതന്മാരെ കൊണ്ടും പൗരമുഖ്യരെ കൊണ്ടും നിറഞ്ഞു. നഗരത്തിന്റെ ഭരണവും കോടതിയും ആസൂത്രണവുമെല്ലാം മുസ്‌ലിംകളുടെ കൈകളിലായിരുന്നു.
ശാ വലിയ്യുല്ലയുടെ പിതാമഹന്മാരധികവും ചരിത്രം സൃഷ്‌ടിച്ചവരാണ്‌. അവരില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഉമറുല്‍ ഫാറൂഖിന്റെ(റ) രക്തം പൈതൃകമായി പ്രവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ പിതാമഹനായിരുന്ന മുഅദ്ദമിന്‌ കേവലം പന്ത്രണ്ടു വയസ്സു മാത്രമുണ്ടായിരുന്നപ്പോള്‍ നടന്ന ഒരു സംഭവം പുത്രന്‍ അബ്‌ദുര്‍റഹീം രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഒരിക്കല്‍ മുഅദ്ദമിന്റെ പിതാവ്‌ മന്‍സൂറും മറ്റൊരു രാജാവുമായി ഒരു യുദ്ധം നടന്നു. ആ യുദ്ധത്തില്‍ സൈന്യത്തിന്റെ വലതുഭാഗനേതാവായിരുന്നു പന്ത്രണ്ടുകാരനായ മുഅദ്ദം. ഈ പദത്തിന്റെ അര്‍ഥ (മഹാവീരന്‍) വുമായി നൂറുശതമാനം യോജിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. യുദ്ധത്തിന്റെ മൂര്‍ധന്യദശയില്‍ ആരോ മുഅദ്ദമിനോടു പറഞ്ഞു: ``പിതാവും വധിക്കപ്പെട്ടു; ഇസ്‌ലാമിക സൈന്യം പരാജയപ്പെട്ടു.'' ഇതു കേള്‍ക്കേണ്ട താമസം തന്റെ മുമ്പിലുള്ള പടനിരകളെ ഭേദിച്ച്‌ രാജാവ്‌ കയറിയിരുന്ന ആനയുടെ സമീപമെത്തി. തടുക്കാന്‍ വന്ന ഒരു യോദ്ധാവിനെ തന്റെ വാളിനിരയാക്കി. അതോടെ മറ്റു അംഗരക്ഷകര്‍ മുഅദ്ദമിനെ ബന്ധിക്കാന്‍ മുന്നോട്ടു വന്നു വലയം ചെയ്‌തു. രംഗം കണ്ട്‌ രാജാവ്‌ അവരോട്‌ മാറിനില്‌ക്കാന്‍ ആവശ്യപ്പെട്ടു. ബാലനായ ആ യോദ്ധാവിന്റെ പ്രകടനം രാജാവില്‍ അത്ഭുതമുളവാക്കി. അദ്ദേഹം കുട്ടിയുടെ രണ്ടു കൈകളും പിടിച്ച്‌ വാത്സല്യത്തോടെ ചോദിച്ചു: `എന്താ ഇത്രയധികം കോപാകുലനാകാന്‍ കാരണം?' ``എന്റെ പിതാവ്‌ വധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു എതിര്‍കക്ഷിയുടെ നായകനെ വധിക്കണം. ഒന്നുകില്‍ അയാളെ വധിക്കുക; അല്ലെങ്കില്‍ ഞാന്‍ മരിക്കുക; ഇതാണെന്റെ തീരുമാനം.'' കുട്ടിയുടെ മറുപടി കേട്ട രാജാവ്‌ പിതാവ്‌ കൊല്ലപ്പെട്ടില്ലെന്ന കാര്യം അറിയിച്ചു സാന്ത്വനപ്പെടുത്തി. അവന്റെ അസാധാരണ ധീരതയും രണപാടവവും കണക്കിലെടുത്ത്‌ യുദ്ധം അവസാനിപ്പിച്ച്‌, ഇരു വിഭാഗവും സന്ധിയിലായി.


വിദ്യാഭ്യാസം


നാലു വയസ്സും നാലു മാസവും കഴിഞ്ഞപ്പോള്‍ ശാവലിയ്യുല്ലയെ എലിമന്ററി സ്‌കൂളില്‍ ചേര്‍ത്തു. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കിക്കൊണ്ട്‌ തന്റെ അസാധാരണമായ ബുദ്ധിശക്തി ലോകത്തെ അറിയിച്ചു. സഹചരന്മാരില്‍ നിന്ന്‌ വേറിട്ട ഒരു അത്ഭുതമാവാന്‍ തനിക്കു കഴിയുമെന്ന പല അടയാളങ്ങളും അവനില്‍ കാണപ്പെട്ടു. ഇതേ വര്‍ഷം തന്നെ അറബി, ഫാര്‍സീ ഭാഷാപഠനം തുടങ്ങി. അക്കാലത്തെ ഗുരുകുലത്തിലെ പാഠ്യപദ്ധതിയനുസരിച്ച്‌ `കാഫിയ' പൂര്‍ത്തിയാക്കി. പതിനാലാം വയസ്സില്‍ വലിയ വലിയ പണ്ഡിന്മാര്‍ വായിച്ചു മനസ്സിലാക്കുന്ന `ബൈദ്വാവി'യെന്ന ഗ്രന്ഥത്തിന്റെ പകുതി പൂര്‍ത്തിയാക്കി. പതിനഞ്ചാം വയസ്സില്‍ ഇന്ത്യയില്‍ അന്ന്‌ നിലവിലുണ്ടായിരുന്ന ഭൗതികമത വിദ്യാഭ്യാസത്തിന്റെ കോഴ്‌സും പൂര്‍ണമാക്കി. തന്റെ മകന്റെ അന്യാദൃശമായ വൈദൂഷ്യത്തിലും ധിഷണാവിലാസത്തിലും സന്തുഷ്‌ടനായ പിതാവ്‌ ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വലിയ സല്‍ക്കാര പാര്‍ട്ടിയൊരുക്കി. പതിനാറാമത്തെ വയസ്സില്‍ ബുഖാരി, മിശ്‌കാത്‌, ശമാഇലുത്തിര്‍മിദി, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലെ മദാരിക്‌, ബൈദ്വാവിയുടെ ശേഷിച്ച ഭാഗങ്ങള്‍, കര്‍മശാസ്‌ത്രത്തില്‍ ശറഹ്‌ വിഖായ, ഹിദായ കൂടാതെ തര്‍ക്കശാസ്‌ത്രം നിദാനശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, വൈദ്യശാസ്‌ത്രം, തത്വശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ അതിനു നിശ്ചയിക്കപ്പെട്ട ഗ്രന്ഥങ്ങളും ക്ഷേത്ര ഗണിത പ്രബന്ധങ്ങള്‍ പഠിച്ച്‌ അതാതു വിഷയങ്ങളില്‍ വ്യുല്‍പത്തി നേടി. ഇത്ര ചെറുപ്രായത്തില്‍ ഈ വിഷയങ്ങളെല്ലാം പഠിക്കുകയും മനപ്പാഠമാക്കുകയും ചെയ്‌തു എന്ന്‌ കേള്‍ക്കുമ്പോഴാണ്‌ ശാ വലിയ്യുല്ലയുടെ മനീഷ നമ്മെ ഞെട്ടിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ പതിനെട്ട്‌ വയസ്സായപ്പോഴേക്കും മതവിഷയങ്ങളിലും അറബി-ഫാര്‍സി-ഉര്‍ദു ഭാഷകളിലും ഭൗതിക വിഷയങ്ങളിലും ആഴത്തിലും പരപ്പിലും അഗ്രേസരത്വം കൈവന്ന ഒരു നിഷ്‌ണാതനായി അദ്ദേഹം ഉയര്‍ന്നു.


ദാമ്പത്യവും സന്താനങ്ങളും


അക്കാലത്തെ സാമൂഹ്യ സമ്പ്രദായമനുസരിച്ച്‌ ശാഅബ്‌ദുര്‍റഹീം തന്റെ മകന്‍ ശാവലിയ്യുല്ലയെക്കൊണ്ട്‌ 14-ാം വയസ്സില്‍ വിവാഹം നടത്തിച്ചു. ഭാര്യാസഹോദരന്‍ ഉബൈദുല്ലാ ഫുല്‍തിയുടെ മകളായിരുന്നു സഹധര്‍മിണി. ഈ വിവാഹത്തില്‍ ശാവലിയ്യുല്ലാഹിക്ക്‌ മുഹമ്മദ്‌ എന്ന പുത്രന്‍ ജനിച്ചു. അങ്ങനെ അബൂമുഹമ്മദ്‌ (മുഹമ്മദിന്റെ പിതാവ്‌) എന്ന വിശേഷണത്തില്‍ അദ്ദേഹം അറിയപ്പെട്ടു. മുഹമ്മദിന്റെ മാതാവിന്റെ മരണശേഷം ശാവലിയ്യുല്ല മറ്റൊരു വിവാഹം കഴിച്ചു. സയ്യിദ്‌ സനാഉല്ലാ സോണിപത്തിയുടെ മകള്‍ ബീവിയായിരുന്നു വധു. ഈ ദാമ്പത്യബന്ധത്തിലാണ്‌ പ്രബോധന പാണ്ഡിത്യ രംഗത്തെ പ്രസിദ്ധരായ മക്കള്‍ ജനിച്ചത്‌. ശാഅബ്‌ദുല്‍ അസീസ്‌, ശാറഫീഉദ്ദീന്‍, ശാഅബ്‌ദുല്‍ ഖാദിര്‍, ശാ അബ്‌ദുല്‍ഗനി എന്നിങ്ങനെ നാല്‌ ആണ്‍മക്കളും അമതുല്‍ അസീസ്‌ എന്ന ഒരു മകളും. ആദ്യം പറഞ്ഞ മൂന്ന്‌ ആണ്‍മക്കളും ഇസ്‌ലാമിക വിജ്ഞാനരംഗത്ത്‌ അറിയപ്പെട്ട മഹാപണ്ഡിതന്മാരാണ്‌. മൂത്ത പുത്രന്‍ ശാ അബ്‌ദുല്‍അസീസ്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഹദീസ്‌ വിജ്ഞാനീയ പ്രചരണ മാര്‍ഗത്തില്‍ പിതാവിന്റെ പാത പിന്തുടര്‍ന്നു.
ശാ അബ്‌ദുല്‍ഗനി തന്റെ ജ്യേഷ്‌ഠ സഹോദരങ്ങളെപ്പോലെ അറിയപ്പെട്ട പണ്ഡിതനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രന്‍ ശാ മുഹമ്മദ്‌ ഇസ്‌മാഈല്‍ ശഹീദ്‌ പിതാമഹന്റെ പ്രതിരൂപമായി പണ്ഡിതലോകത്ത്‌ പ്രശോഭിച്ചു. അതോടൊപ്പം സയ്യിദ്‌ അഹ്‌മദ്‌ ശഹീദിന്റെ കൂടെ ബാലാക്കോട്ട്‌ പോര്‍ക്കളത്തില്‍ ബ്രിട്ടീഷ്‌ -സിക്ക്‌ ബാന്ധവത്തിനെതിരെ നടന്ന യുദ്ധത്തില്‍ ബലിദാതാവായി. ശാവലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കാലശേഷം ഇന്ത്യാ ഭൂഖണ്ഡത്തിലുണ്ടായ പ്രബോധന പ്രവര്‍ത്തനങ്ങളുടെയും ഇസ്‌ലാമിക വൈജ്ഞാനിക പ്രചരണത്തിന്റെയും പ്രത്യേകിച്ചും ഹദീസ്‌ വിജ്ഞാനീയം -മുഴുവന്‍ കൈവഴികളും ഏതെങ്കിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആ മഹാനില്‍ ചെന്നുചേരുന്നതായി നമുക്കു കാണാം. കേവലം കഴിഞ്ഞകാല പണ്ഡിതന്മാരുടെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ നിന്ന്‌ കിട്ടുന്നതെന്താണോ അതുകൊണ്ട്‌ തൃപ്‌തിപ്പെട്ടു കഴിഞ്ഞുകൂടിയാല്‍ മതിയെന്ന അവസ്ഥ ശാ വലിയ്യുല്ലയുടെ കര്‍മഫലമായി തിരുത്തപ്പെട്ടു. അതില്‍ പുത്ര-പൗത്രന്മാരുടെ പങ്കുമുണ്ടായി.


മീമാംസകന്‍


ഖാണ്ഡഹാര്‍ മുതല്‍ ആസ്സാം വരെയും നേപ്പാളിലെ തിബത്തു മുതല്‍ മലബാര്‍ വരെയും നീണ്ടു പരന്നുകിടന്ന മുഗള്‍ സാമ്രാജ്യം മഹാനായ മാതൃകാ ഭരണാധികാരി സുല്‍ത്താന്‍ ഔറംഗസീബ്‌ ആലംഗീര്‍ ചക്രവര്‍ത്തിയുടെ നിര്യാണത്തോടെ കുത്തഴിഞ്ഞ പുസ്‌തകത്താളുകള്‍ പോലെയായി. ഹി. 1118 ദുല്‍ഖഅദ 28-നായിരുന്നു (ക്രി. 1707 ഫെ. 19) ഔറംഗസേബിന്റെ മരണം. ഹി. 1114-ല്‍ ജനിച്ച ശാവലിയ്യുല്ലക്ക്‌ നാലു വയസ്സു പ്രായം. പിന്നീടു വളര്‍ന്നുവരുന്ന അദ്ദേഹം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത്‌ സ്വസ്ഥമല്ലാത്ത, കലുഷിതമായ സ്വന്തം നാടിന്റെ മുഖവും അവസ്ഥയുമാണ്‌. ക്രി. 1707 മുതല്‍ 1757 വരെയുള്ള 50 വര്‍ഷത്തിനിടയില്‍ പത്തു ഭരണാധികാരികള്‍ ഡല്‍ഹി സിംഹാസനത്തില്‍ ഉപവിഷ്‌ഠരായി. അവരില്‍ ആറു പേരും വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്‌തു. ആഭ്യന്തര കലഹങ്ങളാല്‍ ഛിദ്രമായ ഇന്ത്യയെ കച്ചവടക്കാരായി വന്ന ഇംഗ്ലീഷുകാര്‍ കീഴടക്കി. ഈ സ്ഥിതിവിശേഷങ്ങള്‍ക്കെല്ലാം ശാവലിയ്യുല്ലാ നേരിട്ടു സാക്ഷിയാകുന്നു. അദ്ദേഹം ജീവിച്ച 62 വയസ്സില്‍ 50 കൊല്ലവും നേരില്‍ കാണുന്നത്‌ മുന്നൂറു കൊല്ലക്കാലം സുശക്തവും സുഭദ്രവുമായി നിലനിന്ന ഒരു ലോകോത്തര സാമ്രാജ്യത്തിന്റെ അന്ത്യമാണ്‌. മുഗള്‍ സാമ്രാജ്യം ക്ഷയിച്ചതോടെ നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള പരസ്‌പര കലഹം. അവരെ തമ്മിലടിപ്പിച്ച്‌ രാജ്യം വെട്ടിവിഴുങ്ങാനുള്ള പറങ്കികളുടെ കുതന്ത്രം. അദ്ദേഹത്തിന്റെ ഹൃദയവേദന അസഹ്യമായി.
ഈ സാഹചര്യത്തില്‍ അസാധാരണമായ ബുദ്ധിവൈഭവവും മനോധര്‍മവിലാസവും പരിഷ്‌കൃതവിഷയവും ഉല്‌പതിഷ്‌ണുത്വവും ഇസ്‌ലാമിക പാണ്ഡിത്യവും ഇതര ലോകവിവരങ്ങളുമെല്ലാം കൈവന്ന ഒരു ബഹുമുഖ പ്രതിഭക്കു നിര്‍വഹിക്കാന്‍ കഴിയുന്ന ദൗത്യം അതെല്ലാം ഒത്തിണങ്ങിയ അദ്ദേഹം ഏറ്റെടുത്തു. അങ്ങനെയാണ്‌ അദ്ദേഹത്തില്‍ `ഫക്കുകുല്ലിനിദാം' എന്ന പ്രസ്ഥാനചിന്ത ഉടലെടുത്തത്‌. എല്ലാ വ്യവസ്ഥയെയും പൊളിച്ചെഴുതി രോഗങ്ങള്‍ക്കു സമ്പൂര്‍ണ പരിഹാരം എന്നതായിരുന്നു ആ പ്രസ്ഥാനം ലക്ഷ്യം വെച്ചത്‌. സ്വന്തം നാട്ടിലെ രക്തനാടകങ്ങളുടെ ശോകാവസ്ഥയില്‍ അസ്വസ്ഥനായി ശാവലിയ്യുല്ല രംഗത്തെത്തി. മതവിഷയങ്ങളില്‍ ആധികാരിക `മുഫ്‌തി'യും, പാഠശാലയില്‍ മാതൃകാധ്യാപകനും, യോഗ്യനായ പണ്ഡിതനും, രാഷ്‌ട്രീയ മീമാംസകനുമായ ആ മഹാപുരുഷന്‍ ഇന്ത്യാ രാജ്യത്തിന്റെ മോചനത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ ഗാഢമായി ചിന്തിച്ചു. അങ്ങനെ സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലും ജാതിമതങ്ങള്‍ക്കതീതമായി ഇമാം ശാവലിയ്യുല്ലാ നേതൃത്വം കൊടുത്തു. മര്‍ഹൂം ഇ മൊയ്‌തു മൗലവി എഴുതുന്നു: ``മുസ്‌ലിംകളോടെന്നപോലെ ഇതര മതക്കാരുമായും അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി. അവരിലും വിപ്ലവബോധം ജനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. മൗലാനാ ഉബൈദുല്ലാ സിന്ധി ഇങ്ങനെ പറയുന്നു: ഹസ്രത്ത്‌ ശാ സാഹിബ്‌ ഹൈന്ദവ യുവാക്കളില്‍ വിപ്ലവ സ്‌പിരിറ്റ്‌ ജനിപ്പിക്കേണ്ടതിന്‌ ഭഗവത്‌ഗീതയിലെ ഉപദേശങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ നാട്ടിലെ ഭരണം മിക്കവാറും മുസ്‌ലിം അധീനത്തിലായതുകൊണ്ട്‌ മുസ്‌ലിം യുവാക്കളുമായിട്ടായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ അടുപ്പം...'' (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും, പു. 52)


ഹജ്ജുയാത്രയും ഹറമൈനി ക്ലാസ്സുകളും


ഹജ്ജ്‌ നിര്‍വഹിക്കാനും മക്കാ, മദീന സന്ദര്‍ശിക്കാനും ശാവലിയ്യുല്ലാഹി(റ) തന്റെ 20-ാമത്തെ വയസ്സു മുതല്‍ ശ്രമിച്ചു. പക്ഷേ, ഒട്ടകപ്പുറത്തും, കപ്പലിലുമെല്ലാം മാസങ്ങളോളം നീണ്ടുനില്‌ക്കുന്ന യാത്രയും കൊള്ളക്കാരെയും കവര്‍ച്ചക്കാരെയും നേരിടുന്ന പ്രയാസവും ഏതൊരാളെയും അലട്ടുന്ന വിഷയമായിരുന്നു. ഈ അവസ്ഥയില്‍ ഹജ്ജുയാത്ര എങ്ങനെ നിര്‍വഹിക്കുമെന്നത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടി. അവസാനം 1143-ല്‍ സൂറത്തില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗം ജിദ്ദയിലേക്കു പുറപ്പെട്ടു. 45 ദിവസത്തെ ത്യാഗ നിര്‍ഭരമായ യാത്രയുടെ ഒടുവില്‍ മക്കാ പുണ്യനഗരിയിലെത്തി. അന്ന്‌ അദ്ദേഹത്തിന്‌ 29 വയസ്സായിരുന്നു. മക്കയിലെത്തിയ ശാവലിയ്യുല്ലാഹി(റ)യോട്‌ ഹറമിലെ ഹനഫീ മുസ്വല്ലയില്‍ ക്ലാസ്സെടുക്കാന്‍ അവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും ക്ഷണിച്ചു. അതദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. ആ വര്‍ഷത്തെ ഹജ്ജ്‌ കഴിഞ്ഞ ഉടനെ മദീനയിലേക്കു പുറപ്പെട്ടു. പിറ്റേ വര്‍ഷം ഹജ്ജുവരെ ഒരു വര്‍ഷം അദ്ദേഹം മദീന മുനവ്വിറയില്‍ കഴിച്ചുകൂട്ടി. ലോകപ്രശസ്‌ത ഹദീസ്‌ പണ്ഡിതനായ അബൂത്വാഹിര്‍ മുഹമ്മദുബ്‌നു ഇബ്‌റാഹീമുല്‍ മദനിയുമായി ഒരു വര്‍ഷക്കാലം ആദാന പ്രദാനങ്ങളിലൂടെ ഹദീസുപഠനവും ചര്‍ച്ചയും നടന്നു. അടുത്ത വര്‍ഷം ഹജ്ജിന്റെ നാളുകളില്‍ അദ്ദേഹം മക്കയില്‍ മടങ്ങിയെത്തി വീണ്ടും ഹജ്ജ്‌ നിര്‍വഹിച്ചു. ഹി. 1445 റജബ്‌ 10-ന്‌ ജുമുഅ ദിവസം ഡല്‍ഹിയിലെത്തി ബന്ധുമിത്രാദികളെ ആലിംഗനം ചെയ്‌തു. അദ്ദേഹം ഹജ്ജ്‌ യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു വര്‍ഷം പൂര്‍ത്തിയാകാന്‍ കേവലം രണ്ടര മാസമേയുണ്ടായിരുന്നുള്ളൂ.
ഹറമൈനിയിലേക്കുള്ള യാത്രയും അബൂത്വാഹിര്‍ മദനിയുമായുള്ള കൂടിക്കാഴ്‌ചയും ശാവലിയ്യുല്ലയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തമായ ബോധം നല്‌കി. അന്ധമായ `തഖ്‌ലീദും' വികലമായ `ത്വരീഖത്തു'കളും സമൂഹത്തെ നയിച്ചിരുന്ന ഒരു കാലത്ത്‌, അതിന്നിടയില്‍ ജനിച്ചുവളര്‍ന്ന ശാവലിയ്യുല്ലാഹ്‌ സാഹിബിന്‌ മക്കയിലെയും മദീനയിലെയും പണ്ഡിതന്മാരുമായുള്ള സമ്പര്‍ക്കം പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാനും ചിന്തിക്കാനും അവസരം നല്‍കി. `ഹദീസ്‌' പറ്റെ അവഗണിച്ചുകൊണ്ട്‌ `ഫിഖ്‌ഹ്‌' മാത്രം സ്വീകരിക്കുന്ന സരണിയും, ഫിഖ്‌ഹ്‌ പറ്റേ അവഗണിച്ചുകൊണ്ട്‌ ഹദീസ്‌ മത്രം സ്വീകരിക്കുന്ന സരണിയും അദ്ദേഹം വേണ്ടെന്നുവെച്ചു. പകരം ഹദീസ്‌ വിജ്ഞാനീയങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു ഫിഖ്‌ഹാണ്‌ നമുക്കാവശ്യം എന്ന മാര്‍ഗത്തില്‍ ശാവലിയ്യുല്ലാ സാഹിബ്‌ ഈ യാത്രക്കുശേഷം എത്തിച്ചേര്‍ന്നു. ഈ മാറ്റം അദ്ദേഹം തന്റെ കൃതികളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിപ്പിച്ചു.


ഹറമൈന്‍ യാത്രയുടെ മുമ്പും പിമ്പും


ശാ വലിയ്യുല്ലാ തന്റെ 30-ാമത്തെ വയസ്സിലാണ്‌ ഹജ്ജിനും മദീനാ സിയാറത്തിനും പുറപ്പെട്ടത്‌. അദ്ദേഹം പരിശുദ്ധ ഹജ്ജും മദീനാ സിയാറതും നടത്തിയശേഷം ഇരുഹറമുകളില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ച ആത്മീയ വെളിച്ചവും വൈജ്ഞാനിക നേട്ടവും പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. ഇക്കാര്യം മൗലാനാ അബുല്‍ഹസന്‍ അലി നദ്‌വി വിവരിക്കുന്നത്‌ നോക്കുക:
``ഹറമൈന്‍ ശരീഫൈനിയിലെ അത്യുന്നത വൈജ്ഞാനിക നേതൃത്വത്തില്‍ വിരാജിച്ചിരുന്ന ഹദീസ്‌ മഹാപണ്ഡിതനായിരുന്നു ശൈഖ്‌ അബൂതാഹിറുല്‍ കുര്‍ദി അല്‍മദനി. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ആദ്യ ഇന്ത്യന്‍ പൗരനാണ്‌ ശാവലിയ്യുല്ലാഹിദ്ദഹ്‌ലവി. ശൈഖ്‌ അബൂത്വാഹിര്‍ മദനിയുടെ വ്യക്തിത്വം, ആത്മീയ പൂര്‍ണത, വിശാലവീക്ഷണം, വിശാല ഹൃദയമെല്ലാം അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഹറമൈനിയിലെ തന്റെ ഗുരുനാഥന്മാരെ പരിചയപ്പെടുത്തുന്ന സ്ഥലത്ത്‌ ഹനഫീ-മാലികീ മദ്‌ഹബില്‍ പെട്ട ഓരോരുത്തരെ മാത്രമാണ്‌ പറയുന്നത്‌. ബാക്കി എല്ലാ മുഹദ്ദിസുകളും പണ്ഡിതന്മാരും യമന്‍, കുര്‍ദിസ്ഥാന്‍ തുടങ്ങിയ നാടുകളിലെ ശാഫിഈ മദ്‌ഹബുകാരായ മുഹദ്ദിസുകളാണ്‌. ഈ നിലക്ക്‌ കാലങ്ങളായി ചരിത്രപരവും ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയവും നാഗരികവുമായ കാരണങ്ങളാല്‍ മറ്റു പണ്ഡിതന്മാര്‍ക്ക്‌ ലഭ്യമാകാതിരുന്ന അവസരം അദ്ദേഹത്തിനു കിട്ടി. ശാഫിഈ, ഹന്‍ബലീ, മാലികീ കര്‍മശാസ്‌ത്രങ്ങളും അതിന്റെ നിദാനശാസ്‌ത്രങ്ങളും അടിസ്ഥാന തത്വങ്ങളും അദ്ദേഹം അതിന്റെ തന്നെ പണ്ഡിതന്മാരില്‍ നിന്ന്‌ നേരിട്ട്‌ മനസ്സിലാക്കി. നാല്‌ കര്‍മശാസ്‌ത്ര മദ്‌ഹബുകളെക്കുറിച്ചും ആഴത്തില്‍ താരതമ്യപഠനം നടത്തി.
ഔപചാരിക വിദ്യാഭ്യാസാനന്തരം പന്ത്രണ്ട്‌ വര്‍ഷക്കാലം അധ്യാപകജോലി നിര്‍വഹിച്ചശേഷമായിരുന്നു ഈ യാത്രയും പഠനവും. സ്രഷ്‌ടാവ്‌ തന്റെ പ്രകൃതത്തില്‍ നിക്ഷിപ്‌തമാക്കിയിരുന്ന ഐക്യബോധവും ഹൃദയവിശാലതയും വ്യത്യസ്‌ത വീക്ഷണങ്ങളെ സംയോജിപ്പിച്ചു ജീവിക്കാനുള്ള മനോഭാവവും ആരിഫ്‌ റൂമിയുടെ വസ്വിയ്യത്‌ പ്രാവര്‍ത്തികമാക്കണമെന്ന അഭിവാഞ്‌ഛയും എന്നും നഷ്‌ടപ്പെടാതെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഹിജാസിലേക്കു പറപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ ഫിഖ്‌ഹ്‌, ഹദീസ്‌ എന്നിങ്ങനെ രണ്ട്‌ ചേരിതിരിവിനെ സംയോജിപ്പിച്ച്‌ മുമ്പോട്ടുപോകണമെന്ന ചിന്താഗതിയിലായിരുന്നു. ഹദീസിനെ അവഗണിച്ച്‌ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ മാത്രം സ്വീകരിക്കുന്നതിനെക്കാള്‍ പ്രാധാന്യം ഹദീസിന്റെ അടിസ്ഥാനത്തില്‍ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുന്നതിന്‌ കൊടുക്കണം.'' (താരീഖ്‌ ദഅ്‌വത്തെ അസീമത്‌ വാ.5, പുറം 199)
``ഇജ്‌തിഹാദ്‌, തഖ്‌ലീദ്‌ വിഷയത്തില്‍ അദ്ദേഹം തെരഞ്ഞെടുത്തതും പ്രഖ്യാപിച്ചതുമായ മാര്‍ഗം ഏതാണോ അതുതന്നെയാണ്‌ ഇസ്‌ലാമിക ശരീഅത്തിന്റെ സ്‌പിരിറ്റിനോട്‌ കൂടുതല്‍ അടുത്തത്‌. ആ വിഷയത്തില്‍ ആദ്യനൂറ്റാണ്ടിന്റെ പ്രവര്‍ത്തനത്തോട്‌ ഏറ്റവും യോജിച്ചതും അതുതന്നെ. മനുഷ്യപ്രകൃതിയോട്‌ ഒട്ടിനില്‍ക്കുന്നതും പ്രവൃത്തിപഥത്തോട്‌ താദാത്മ്യം പ്രാപിക്കുന്നതും അതാണ്‌. മുസ്‌ലിംകള്‍ തങ്ങളുടെ മതപരമായ ജീവിതവും ആരാധനാകര്‍മങ്ങളും അതാതു കാലങ്ങളില്‍ പുതുതായുണ്ടാകുന്ന പ്രശ്‌നങ്ങളോടുള്ള സമീപനവുമെല്ലാം ഇജ്‌തിഹാദിലൂടെയാണോ തഖ്‌ലീദിലൂടെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന വിഷയം നാലാം നൂറ്റാണ്ടിന്‌ മുമ്പെങ്ങനെ പരിഹരിച്ചു? ഇക്കാര്യം ഇമാം ശാവലിയ്യുല്ലാ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ `ഹികായതുഹാലിന്നാസി ഖബ്‌ലല്‍ മിഅതിര്‍റാബിഅ വ ബഅ്‌ദഹാ' എന്ന അധ്യായത്തില്‍ വിശദമായി വിവരിക്കുന്നു.'' (മേല്‍പുസ്‌തകം വാ. 5, പുറം 205). ഹജ്ജ്‌ യാത്രയ്‌ക്കുശേഷം അദ്ദേഹത്തില്‍ വന്ന മാറ്റത്തെ അല്ലെങ്കില്‍ മുമ്പ്‌ തന്റെ മനസ്സിലുണ്ടായിരുന്ന കാര്യത്തിന്റെ തുറന്ന പ്രഖ്യാപനത്തെ അബുല്‍ഹസന്‍ അലി നദ്‌വിയുടെ വാക്കുകളില്‍ നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. ശാവലിയ്യുല്ലാ(റ)യുടെ `അല്‍ഖൗലുല്‍ജമീല്‍ ഫീ ബയാനി സവാഇസ്സബീല്‍' എന്ന പുസ്‌തകം നിരൂപണം ചെയ്‌തുകൊണ്ട്‌ അദ്ദേഹം എഴുതുന്നു:
``ഈ പുസ്‌തകം വായിക്കുമ്പോള്‍ ശാവലിയ്യുല്ലാ സാഹിബിന്റെ പ്രസിദ്ധമായ ഇതര കൃതികളിലുള്ളതുപോലെ ഹദീസ്‌ അനുധാവന ചിന്തയും ഗവേഷണപാടവവും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, അദ്ദേഹം തന്നെ തൗഹീദിനെക്കുറിച്ച്‌ പണ്ഡിതോചിതവും പരിഷ്‌കരണോന്മുഖവുമായ രീതിയില്‍ എഴുതിയ അഭിപ്രായങ്ങളോട്‌ ആ കൃതിയില്‍ പറഞ്ഞ പല കാര്യങ്ങളും യോജിക്കുന്നുമില്ല. ഉദാഹരണത്തിന്‌ ഹി. 1290-ല്‍ ഈജിപ്‌തിലെ `മത്‌ബഉല്‍ജമീല'യില്‍ അച്ചടിച്ച ഉപരിസൂചിത കൃതിയുടെ 39-ാം പേജില്‍ ഇങ്ങനെ കാണാം: ``അസ്‌മാഉ അസ്വ്‌ഹാബില്‍ കഹ്‌ഫി അമാനുന്‍ മിനല്‍ ഗര്‍ഖി വല്‍ഹര്‍ഖി വന്നഹബി വശ്ശര്‍ഖി''. അര്‍ഥം: `(വീടുകളിലോ കടകളിലോ) അസ്‌ഹാബുല്‍ കഹ്‌ഫിന്റെ പേരുകളെഴുതിത്തൂക്കിയാല്‍ അവിടെ ജലക്ഷാമം, ജലപ്രളയം, അഗ്നിനാശം, കവര്‍ച്ച എന്നിവയില്‍ നിന്ന്‌ രക്ഷകിട്ടും'. ഇതിനുശേഷം അദ്ദേഹം അവരുടെ പേരുകളും ആ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്‌. സ്വീകാര്യമായ ഹദീസുകളിലോ പ്രമാണങ്ങളിലെവിടെയെങ്കിലുമോ ഇത്‌ വന്നിട്ടില്ല. അതുകൊണ്ട്‌ ഈ കൃതി ഹി.1143-45ലെ ഹജ്ജ്‌ യാത്രക്കും ആ യാത്രയില്‍ അദ്ദേഹത്തിനു ലഭിച്ച വെളിച്ചത്തിനും മുമ്പ്‌ എഴുതപ്പെട്ടതാണ്‌. മാത്രമല്ല, ഈ കൃതിയില്‍ തസ്വവ്വുഫ്‌ ശൈഖുമാരുടെ പേരുകള്‍ പറയുന്നേടത്ത്‌ തന്റെ ഏറ്റവും വലിയ ഹബീബും മുറബ്ബിയുമായ ശൈഖ്‌ അബൂതാഹിര്‍ മദനിയുടെ പേര്‌ പറയുന്നുമില്ല.
അതേസമയം, `അല്‍ജുസ്‌ഉല്ലത്വീഫു ഫീ തര്‍ജമത്തില്‍ അബ്‌ദിദ്ദഈഫി' എന്ന തന്റെ കൃതിയില്‍ ശാ സാഹിബ്‌ തുറന്നെഴുതുന്നത്‌ കാണുക: `വ ലബിസ്‌തുല്‍ ഖിര്‍ഖതസ്സൂഫിയ്യ: അനിശ്ശൈഖി അബീത്വാഹിറില്‍ മദനി-റഹിമഹുല്ലാ-വ ലഅല്ലഹാ ഹാലിയതുന്‍ ലി ഖിറഖിസ്സൂഫിയ്യതി കുല്ലിഹാ''. (അര്‍ഥം: `അബൂത്വാഹിറില്‍ മദനിയില്‍ നിന്ന്‌ ഞാന്‍ സ്വീകരിച്ച സ്വൂഫി വസ്‌ത്രം മറ്റുള്ള മുഴുവന്‍ വസ്‌ത്രങ്ങളെയും മറികടക്കുന്നതായിരുന്നു''. ഈ ഗ്രന്ഥം ഹജ്ജ്‌ യാത്രക്കു ശേഷമുള്ളതാണെന്ന്‌ ഡോ. മദ്‌ഹര്‍ബഖാനിയുടെ അഭിപ്രായത്തെ മൗലാനാ നദ്‌വി അടിക്കുറിപ്പ്‌ നല്‍കി ഖണ്ഡിക്കുകയും ചെയ്യുന്നു. (താരീഖ്‌ ദഅ്‌വത്തെ അസീമത്‌, വാ.5, പു.209)
ചെറുതും വലുതുമായ നിരവധി കൃതികള്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍അദ്ദേഹം രചിച്ചു. അതില്‍ മാസ്റ്റര്‍ പീസ്‌ കൃതിയായ `ഹുജ്ജതുല്ലാഹില്‍ ബാലിഗ' മുതല്‍ 53 ഗ്രന്ഥങ്ങളെ മൗലാനാ നദ്‌വി `താരീഖ്‌ ദഅ്‌വത്തോ അസ്വീമതി'ന്റെ അഞ്ചാം ഭാഗത്തില്‍ ചേര്‍ക്കുകയും നിരൂപണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. മൗലാനാ ഖീദീ മുഹമ്മദ്‌ അസ്‌ലം സൈഫ്‌ തന്റെ `തഹ്‌രീകെ അഹ്‌ലെ ഹദീസ്‌ താരീഖ്‌ കെ ആയ്‌നേ മേ' എന്ന കൃതിയില്‍ പ്രധാനപ്പെട്ട 40 കൃതികളുടെ പേരുകള്‍ ചേര്‍ത്തിരിക്കുന്നു. അല്ലാമാ ഇബ്‌റാഹീം സിയാലക്കോട്ടി തന്റെ താരീഖെ അഹ്‌ലെ ഹദീസില്‍: ശാ വലിയ്യുല്ലാ സാഹിബിന്റെ അറബി, പേര്‍ഷ്യന്‍ കൃതികള്‍ ഇരുന്നൂറോളം വരും. അതില്‍ അധികവും പുനപ്രസിദ്ധീകരണമില്ലാതെ നിലച്ചുപോയി.


വേര്‍പാടിന്റെ ഗാനം


ഒരു ഹ്രസ്വ കാലബന്ധത്തിനു ശേഷം ശാ വലിയ്യുല്ലാ(റ) വിട പറഞ്ഞപ്പോള്‍ അബൂത്വാഹിര്‍ മദനി അദ്ദേഹത്തോട്‌ പറഞ്ഞു:
`നസീതു കുല്ല ത്വരീഖിന്‍
കുന്‍തു അഅ്‌രിഫുഹു
ഇല്ലാ ത്വരീഖന്‍ യുഅദ്ദീനീ
ലിറബ്‌ഇകും'
അര്‍ഥം: ഞാന്‍ പരിചയപ്പെട്ട മുഴുവന്‍ വഴികളും മറന്നുപോയി; താങ്കളുടെ വീട്ടിലേക്കുള്ള വഴി ഒഴികെ.' ശൈഖ്‌ അബൂതാഹിറിന്റെ പ്രസിദ്ധമായ മറ്റൊരു വാക്കുണ്ട്‌. `ശൈഖ്‌ വലിയ്യുല്ലാഹിദ്ദഹ്‌ലവി എന്നില്‍ നിന്ന്‌ ഹദീസിന്റെ പരമ്പര (സനദ്‌) പഠിച്ചു; ഞാന്‍ അദ്ദേഹത്തില്‍ നിന്ന്‌ ഹദീസിന്റെ ആത്മാവ്‌ ഉള്‍ക്കൊണ്ടു'.
ഹി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ (ക്രി.18) കര്‍മസാക്ഷിയായി അറുപത്തിരണ്ട്‌ വര്‍ഷം ജീവിച്ച ശാ വലിയ്യുല്ലാ ഇംഗ്ലീഷുകാരുടെ കരാളഹസ്‌തങ്ങളില്‍ അമര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ ജനതക്ക്‌ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തതോടൊപ്പം ഇസ്‌ലാമിക വിജ്ഞാന ശേഖരത്തിലേക്ക്‌ കാലാതിവര്‍ത്തികളായ അമൂല്യഗ്രന്ഥങ്ങളും സംഭാവന ചെയ്‌തു. തന്റെ ജീവിതവും ചിന്താസരണിയും മദ്‌റസ റഹീമിയ്യയും പുത്ര-പൗത്രരും വരും തലമുറക്കും ദിശാബോധം നല്‍കുന്ന രീതിയില്‍ വിട്ടേച്ചുകൊണ്ട്‌ ആ യുഗപുരുഷന്‍ ഹി.1176 (ക്രി..1762 ആഗസ്‌ത്‌ 21) മുഹര്‍റം 29-ന്‌ ബുധനാഴ്‌ച ഇഹലോകവാസം വെടിഞ്ഞു. ഡല്‍ഹി ഗെയ്‌റ്റിന്‌ പരിസരത്തെ കുടുംബ ശ്‌മശാനത്തില്‍ ആ ഭൗതിക ശരീരം അടക്കം ചെയ്‌തു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: